സ്മിത പ്രകാശ്

പ്രണയോപനിഷത്തിലെ
​കൈയ്യക്ഷരങ്ങൾ

ഇടയ്‌ക്കൊക്കെ മുടിയൊരു ഭാരം തന്നെയായി തോന്നിയിട്ടുമുണ്ട്. പരിപാലനം വലിയൊരു പ്രശ്‌നമാണല്ലോ. ആണിനും പെണ്ണിനും തുല്യനീതി തുല്യാവകാശം എന്നൊക്കെയുള്ള പൊളിറ്റിക്കൽ കറക്​ട്​നെസ്സുകളുടെ കാലത്ത് കേശപരിപാലനത്തിനുകൂടി സമയം കണ്ടെത്തേണ്ട ബാധ്യത സ്ത്രീയ്ക്ക് ഒരു ജെൻഡർ ഇഷ്യൂ പോലുമാകുന്നുണ്ട്.

രു ബഷീറിയൻ ഇമേജറി പോലെ ജീവിതം സുന്ദരവും സുരഭിലവുമായി പൊയ്‌ക്കൊണ്ടിരുന്ന കാലത്താണ് ഹൃദയമിടിപ്പിൽ പെട്ടെന്നൊരു താളംതെറ്റൽ. ആശുപത്രിയും മരുന്നുമായി കഴിഞ്ഞ ദിവസങ്ങളിൽ മനസ് വല്ലാതെയുലഞ്ഞു. സ്വപ്നങ്ങൾ ചിതറിപ്പോകുന്നുവെന്ന തോന്നലിൽ രണ്ടാഴ്ച. മരുന്നുമായുള്ള സഹവാസം നീണ്ടേക്കുമെന്ന ഭയാശങ്കയിൽ മെല്ലെമെല്ലെയാണ് ഓഫീസിലേയ്ക്കും പൊതുവിടങ്ങളിലേയ്ക്കും മടങ്ങിയത്. മനസ്സിൽ മഴയിരുട്ട് പടരുമ്പോഴെല്ലാം എന്റെ നീളൻമുടി വെട്ടിക്കുറച്ച് പ്രതിഷേധിക്കുക അല്ലെങ്കിൽ സ്വയം നവീകരിക്കുക എന്നൊരു ശീലം മുൻപെപ്പോഴോ ഞാൻ തുടങ്ങിയിരുന്നു. പതിവുതെറ്റിക്കാതെ മുടി തോളറ്റം മുറിച്ച്, മറ്റൊരാളായെന്ന ഭാവത്തിലേയ്ക്ക് ഞാൻ കൂടുവിട്ടുകൂടുമാറി! കണ്ടവരൊക്കെ ‘അയ്യോ...' എന്നു ഞെട്ടി മുടിയെക്കുറിച്ച് കൂടുതൽ ചോദിച്ചു, രോഗദിനങ്ങൾ പലരുമോർത്തില്ല. കണ്ണാടിയിലെന്നെ കാണുമ്പോൾ കണ്ണിനുതാഴെ നീലിക്കുന്ന സങ്കടം ഞാൻ പോലും കണ്ടില്ല. പകരം, പാതിവഴിയിൽ മുറിഞ്ഞപോലെ, ലെയർ കട്ടിന്റെ ശ്രദ്ധാപൂർവമായ അശ്രദ്ധയിൽ ചിതറിക്കിടന്ന മുടിയിഴകൾ മാത്രം ശ്രദ്ധിച്ചു. ഞാൻ എന്നെത്തന്നെ പണ്ടത്തേക്കാളേറെ പ്രണയാർദ്രമായി നോക്കി. മുടിയെന്നും പ്രണയത്തിന്റെ അടയാളവാക്കായിരുന്നല്ലോ.

മുടി എല്ലാവർക്കും ആഗ്രഹിച്ചത്ര വളരുന്നില്ല. അതിനാൽ പലരും മറ്റാരുടെയെങ്കിലും മുടിയെ സ്വന്തമെന്നപോലെ സ്‌നേഹിക്കലാണ് പതിവ്. അതിനാൽത്തന്നെ ചുമ്മാതൊന്ന് തുമ്പുമുറിച്ചാൽപോലും പലരോട് കാരണം ബോധിപ്പിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ ഓരോ തവണ മുടി മുറിക്കുമ്പോഴും എന്നിൽ നിന്നൊരു വലിയ ഇരുട്ടിനെ പറിച്ചെറിയുംപോലെ ഞാൻ ആനന്ദിച്ചിരുന്നു. അതെന്ത് മനോവികാരമാണെന്ന് ഇന്നേവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുമില്ല. പക്ഷേ നീണ്ടിടതൂർന്ന മുടി എന്നിലൊരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല, മാത്രമല്ല അരയോളം നീണ്ടുകിടന്ന മുടിയിഴകളെ ഞാൻ അഗാധമായി സ്‌നേഹിക്കുകയും ചെയ്തിരുന്നു. ഞാനും, എന്നോടൊപ്പം മറ്റുള്ളവരും എന്റെ പഴയ മുടിയെക്കുറിച്ച് നിരന്തരമോർത്ത് നെടുവീർപ്പിട്ടുകൊണ്ടിരുന്നു. പിന്നീടങ്ങോട്ട് കാലാകാലങ്ങളിൽ കൃത്യമായി നീളംകുറച്ച് ഞാൻ നീണ്ടമുടിയോടുള്ള എന്റെ ഗൃഹാതുരത്വം ചോരാതെ സൂക്ഷിച്ചു. അത്രയേറെ ഇഷ്ടമുണ്ടായിട്ടും സ്വന്തമാക്കാൻ ശ്രമിക്കാത്ത ഒരവസ്ഥ!
കയ്യോന്നിയും ബ്രഹ്മിയും നീലയമരിയും സമൂലം ചേർന്നൊരു കാച്ചെണ്ണ പണ്ടുമുതലേ സൗജന്യമായി കിട്ടിപ്പോന്നിരുന്നതിന്റെ അഹങ്കാരത്തിൽ, തഴച്ചുനീണ്ട മുടിയുമായി ഞാൻ കുറേക്കാലം നടന്നിരുന്നു. കുഞ്ഞമ്മയും അമ്മയുടെ കൂട്ടുകാരിയും മാറിമാറി ആ പച്ചയാർന്ന സ്‌നേഹം കുപ്പികളിലാക്കിയയച്ചു. പിന്നീടെപ്പോഴോ എണ്ണയുടെ വരവുനിലച്ചപ്പോൾ, ഞങ്ങൾ വീട്ടിലത് സ്വയമുണ്ടാക്കാൻ തുടങ്ങി.

അക്കാലങ്ങളിൽ മുടിയെ ഇത്രത്തോളം സ്‌നേഹിച്ചിരുന്നോ എന്ന് പറയാൻവയ്യ. ‘നിന്റെ മുടി... നിന്റെ മുടി' എന്ന് മിടിക്കുന്ന ആരാധകഹൃദയങ്ങൾ കാറ്റിൽപ്പറക്കുന്ന നീലത്തിളക്കമുള്ള ഇഴകളെ കാമിക്കുന്നത് കാണാതെയല്ല. പക്ഷെ നിഷ്‌കളങ്കമായും സത്യസന്ധമായും എനിക്കന്നതിന്റെ വിലയറിയില്ലായിരുന്നു!
പിന്നീട് ജോലിയുടെ ഭാഗമായി കേരളം വിട്ടതോടെയാണ് വെള്ളം ഒരു വില്ലനാകുന്നതും, മുടിയെ കാത്തുരക്ഷിക്കേണ്ട ചുമതലയുള്ള ഒരു ‘വിജയ്' കഥാപാത്രമായി ഞാൻ മാറുന്നതും! കയ്യോന്നിമണമുള്ള കാച്ചെണ്ണ ആഴ്ചയിലൊരിക്കൽ രണ്ടുമണിക്കൂറോളം തേച്ചുപിടിപ്പിച്ച് ഞാൻ എന്റെ രക്ഷാദൗത്യത്തിൽ മുന്നോട്ടുപോയി! പലപ്പോഴും മുടിയിലൊരു നുള്ളോളമെങ്കിലും വെട്ടിക്കുറച്ചാൽ ചുറ്റുമുള്ളവരോടെല്ലാം കാരണം ബോധിപ്പിക്കേണ്ട ഒരു ഗതികേടും നേരിടേണ്ടിവന്നിട്ടുണ്ട്.

മുടി എല്ലാവർക്കും ആഗ്രഹിച്ചതുപോലെ വളരുന്നില്ല. അതിനാൽ പലരും മറ്റാരുടെയെങ്കിലും മുടിയെ സ്വന്തമെന്നപോലെ സ്‌നേഹിക്കലാണ് പതിവ്. അതിനാൽത്തന്നെ ചുമ്മാതൊന്ന് തുമ്പുമുറിച്ചാൽപോലും പലരോടും കാരണം ബോധിപ്പിക്കേണ്ടതുണ്ട്. ‘എന്റെ മുടി, എന്റെ സ്വാതന്ത്ര്യം, എനിക്കു തോന്നുമ്പം വെട്ടും' എന്നൊക്കെ ധാർഷ്ട്യം പറയാമെങ്കിലും പലപ്പോഴും അത്തരം ചോദ്യംചെയ്യലുകളെ ചിരികൊണ്ട് നേരിടുകയാണ് പതിവ്.
ഉള്ളവന് ഇല്ലാത്തവന്റെ ദുഃഖം ഇടയ്‌ക്കൊക്കെ മനസ്സിലാകും ഹേ.

കാര്യമിങ്ങനൊക്കെയാണെങ്കിലും ഇടയ്‌ക്കൊക്കെ മുടിയൊരു ഭാരം തന്നെയായി തോന്നിയിട്ടുമുണ്ട്. പരിപാലനം വലിയൊരു പ്രശ്‌നമാണല്ലോ. ആണിനും പെണ്ണിനും തുല്യനീതി തുല്യാവകാശം എന്നൊക്കെയുള്ള പൊളിറ്റിക്കൽ കറക്​ട്നെസ്സുകളുടെ കാലത്ത് കേശപരിപാലനത്തിനുകൂടി (സാമൂഹികമായ മറ്റുപല അനിവാര്യതകൾക്കുമൊപ്പം) സമയം കണ്ടെത്തേണ്ട ബാധ്യത സ്ത്രീയ്ക്ക് ഒരു ജെൻഡർ ഇഷ്യൂ പോലുമാകുന്നുണ്ട്.

മുടി നീട്ടിവളർത്തിയ പുരുഷന്മാരെയും വെട്ടിയൊതുക്കിയ സ്ത്രീകളെയും കണ്ടിട്ടുണ്ട്. ഒരു നിയമം തെറ്റിക്കുന്നതിന്റെ സംതൃപ്തി ചിലർക്കെങ്കിലുമുണ്ട്. അതൊരു വലിയ വിഷയമായി തോന്നാത്തവരുമുണ്ട്.

പുരുഷനും സ്ത്രീയ്ക്കും ഒരുപോലെയല്ലല്ലോ മുടി സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീയ്ക്ക് നീണ്ടിടതൂർന്നും പുരുഷനത് വെട്ടിയൊതുക്കിയും. ലോകത്തുള്ള മിക്ക സമൂഹങ്ങളും അതങ്ങനെത്തന്ന വിഭാവനം ചെയ്യുന്നു. അതങ്ങനെ തന്നെ വേണോ, മറിച്ചായാലെന്താ കുഴപ്പം എന്നൊക്കെ ഇടയ്ക്കൊന്ന് ചർച്ചചെയ്യാം. ഒരുപക്ഷെ അതിപുരാതനമായ ഒരുകാലത്ത് ഇങ്ങനെയൊരു വേർതിരിവ് ഉണ്ടായിരുന്നിരിക്കില്ല. സർവ മനുഷ്യരും മുടിവെട്ടാനാകും എന്ന് മനസ്സിലാകാതെ നീണ്ട ജടയുമായി നടന്നിട്ടുണ്ടാവണം. സാമൂഹിക കല്പനകൾ ആധുനിക മനുഷ്യന്റെ നിർമിതികളാവണമല്ലോ. കുറച്ചുപേരെങ്കിലും ഈ വിഭജനരേഖകൾക്കതീതരായി മുടി വളർത്തുകയോ മുറിച്ചുകളയുകയോ ചെയ്യുന്നുണ്ട്. സമൂഹം ഇതുകണ്ട് വെറുതേ ചുമ്മാതങ്ങ് വൃണപ്പെടാത്തിടത്തോളം കാലം, അല്ലെങ്കിൽ കാഴ്ചയുടെയോ ബാഹ്യരൂപത്തിന്റെയോ വ്യാകരണങ്ങൾകൊണ്ട് ലോകമതിനെ ഭേദ്യം ചെയ്യാത്തിടത്തോളം കാലം വളർത്താനും മുറിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന് സമ്പൂർണമായിരിക്കും. ഇനി അഥവാ ഹനിക്കപ്പെട്ടാൽ ആ സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധം ചെയ്യാനുള്ള അവകാശം നമുക്കുണ്ടുതാനും!

മുടി നീട്ടിവളർത്തിയ പുരുഷന്മാരെയും വെട്ടിയൊതുക്കിയ സ്ത്രീകളെയും കണ്ടിട്ടുണ്ട്. ഒരു നിയമം തെറ്റിക്കുന്നതിന്റെ സംതൃപ്തി ചിലർക്കെങ്കിലുമുണ്ട്. അതൊരു വലിയ വിഷയമായി തോന്നാത്തവരുമുണ്ട്. എങ്ങനെയായാലും ചുറ്റുമുള്ളവർക്ക് അതിൽ ആധിയോ വ്യാധിയോ ഉണ്ടാകേണ്ട ആവശ്യമില്ലല്ലോ. ഒരിക്കൽ വളരെയടുപ്പമുള്ള ഒരു ആൺസുഹൃത്ത് മുടിനീട്ടിത്തുടങ്ങി. വേണ്ടായിരുന്നു. പഴയതാണ് നല്ലതെന്ന് തുറന്നുപറഞ്ഞു. അതദ്ദേഹത്തിന് ഇഷ്ടമായില്ല എന്നുമാത്രമല്ല അത്​ തന്റെ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുകയും എന്നെ പുരോഗമനവിരുദ്ധ എന്ന് മുദ്രകുത്തുകയും ചെയ്തു. അന്നാണ് ശരിക്കും മുടി പുരോഗമനത്തിന്റെ ഭാഗമാണോ എന്നൊരു ചർച്ച സ്വയം നടത്തിയത്.

മുടിവളർത്തലും വെട്ടലുമൊക്കെ യാഥാസ്​ഥിതികതക്കെതിരെയുള്ള വാളെടുക്കൽ കൂടിയാണ് എന്നിരിക്കിലും അത് ഓരോ വ്യക്തിയുടെയും മുഖത്തിനിണങ്ങുന്നതാവുക എന്നതുതന്നെയാണ് പ്രധാനം.
അന്നൊരു ലോക്ക്‌ഡൗൺ കാലത്ത്, ട്രെയിനിൽ കയറാൻ ഭയമുണ്ടായിരുന്ന സമയത്ത്, കാറെടുത്ത് മലപ്പുറത്തുന്ന് തിരുവനന്തപുരം വരെ പോയിവന്നു. ആ യാത്രയിൽ ഒരിടത്തും പുറത്തിറങ്ങരുതെന്ന് ആദ്യം തന്നെ മനസ്സിനെ പരുവപ്പെടുത്തിയിരുന്നു. പക്ഷെ ഒരേയൊരു ആഗ്രഹം മാത്രം, നീണ്ടകര പാലത്തിൽ ഇറങ്ങിനിന്ന് അഷ്ടമുടി കടലിൽ ലയിക്കുന്നത് കാണണം!

പണ്ട് ഹൈസ്‌കൂൾ ക്ലാസ്സുകളിലൊന്നിൽ മലയാളം അധ്യാപിക പറഞ്ഞൊരു കാവ്യബിംബം അന്നുമുതലേ മനസ്സിൽ കിടന്ന് പൊടിപിടിക്കുന്നുണ്ടായിരുന്നു. ‘ഉണ്ണുനീലി സന്ദേശ’ത്തിലെ ഏതോ കഥാസന്ദർഭത്തിൽ നീണ്ടകരയിലെ ഒരു തുടുത്ത സന്ധ്യയ്ക്ക് അഷ്ടമുടിക്കുമേലെ ചന്ദ്രനും പടിഞ്ഞാറൻ കടലിനുമീതെ അസ്തമന സൂര്യനും മുഖാമുഖം നോക്കിനിന്നെന്ന ഒരു ഭാഗം. ‘ഉണ്ണുനീലി' അതിനുമുൻപോ പിൻപോ വായിച്ചിട്ടില്ല! പക്ഷെ അഷ്ടമുടിക്കുമേലെയുള്ള ആ സംഗമം മനസ്സിൽനിന്നു മാഞ്ഞില്ല! അങ്ങനെയാണ് തിരിച്ച്​ മലപ്പുറത്തേക്ക് മടങ്ങുംവഴി ആ ആഗ്രഹം സഫലീകരിച്ചത്! ഇടമുള്ളിടത്ത് കാറൊതുക്കി ഞങ്ങൾ പാലത്തിലേക്ക് നടന്നുകയറി. കാറ്റിന്റെ ഹുങ്കാരം... എവിടെയെങ്കിലും പിടിച്ചില്ലെങ്കിൽ പറന്ന് കടലാഴത്തിലേയ്ക്ക് പോകുമെന്ന് തോന്നി. അത്രയേറെ ശക്തമായ കാറ്റ്. പാലത്തിന്റെ പകുതിയോളം ചെന്ന് അഷ്ടമുടിക്ക് അഭിമുഖമായിനിന്നു. കറുത്തുനീലിച്ച കായൽപ്പെണ്ണിനെ കണ്ടതോടെ സൂര്യനും ചന്ദ്രനും കടലും പാലവും മനസ്സിൽനിന്ന് പോയിരുന്നു.

മുടിക്കെപ്പോഴും ഒരു കാല്പനിക സൗന്ദര്യമുണ്ട്. കാമത്തിന്റെയും ലൈംഗികതയുടെയും പ്രണയത്തിന്റെയും നിഴൽഛായയുണ്ട്. അതുകൊണ്ടു തന്നെയാവാം മതങ്ങളും മുടിയുടെ കാര്യത്തിൽ അനാവശ്യമായ ചില കടുംപിടുത്തങ്ങൾ നടത്താൻ കാലാകാലങ്ങളിൽ ശ്രമിക്കുന്നത്.

അഷ്ടമുടി... അഷ്ടമുടി മാത്രം!
കരിനീലമുടിച്ചുരുളായി കടലിലേയ്ക്ക് പടരുന്ന സ്‌ത്രൈണഭാവം.
ആ മുടിച്ചുരുൾ കണ്ടുഭയന്നാവണം, കടലിന്റെ ഉള്ളംപിടച്ച് ചേറുനിറം പരന്നിരുന്നു. കടലുമായി ചേരുന്നിടത്ത് പെട്ടെന്നുകലരാതെ മടിച്ചുമടിച്ച് ...
ഒടുവിലവൾ മുടിച്ചുരുളുകൾ വിടർത്തി കടലിലേയ്ക്ക് ലയിച്ചുകിടന്നു...
താണ്ടേണ്ട ദൂരമോർത്ത് അവളുടെ അഷ്ടഭംഗികൾ കണ്ടുമതിയാവാതെ മടങ്ങി.

പിന്നീടതിനെക്കുറിച്ചെഴുതിയപ്പോൾ സൂര്യചന്ദ്രന്മാരുടെ സംഗമത്തെക്കുറിച്ചല്ല, കായൽപെണ്ണിന്റെ നിഗൂഢമായ മുടിക്കറുപ്പിനെക്കുറിച്ചാണ് ഓർത്തതത്രയും!
ആ അലസകാമിനിയുടെ വന്യവും വശ്യവുമായ ഭംഗിയെക്കുറിച്ചാണ് എഴുതിയതത്രയും! മുടിക്കെപ്പോഴും ഒരു കാല്പനിക സൗന്ദര്യമുണ്ട്. കാമത്തിന്റെയും ലൈംഗികതയുടെയും പ്രണയത്തിന്റെയും നിഴൽഛായയുണ്ട്. പുഷ്പഗന്ധങ്ങളൊളിപ്പിച്ച മധുരോദാരതയുണ്ട്!
​അത് പുരുഷനായാലും സ്ത്രീയ്ക്കായാലും അങ്ങനെതന്നെ.
അതുകൊണ്ടുതന്നെയാവാം മതങ്ങളും മുടിയുടെ കാര്യത്തിൽ അനാവശ്യമായ ചില കടുംപിടുത്തങ്ങൾ നടത്താൻ കാലാകാലങ്ങളിൽ ശ്രമിക്കുന്നത്. മതങ്ങളെ സംബന്ധിച്ച് പ്രണയവും ലൈംഗികതയും അവിശുദ്ധരായി ഇന്നും പടിക്കുപുറത്തുതന്നെ നിൽക്കുകയാണല്ലോ.

വയലാർ പാടിയതിങ്ങനെയാണ്: ‘പ്രണയോപനിഷത്തിലെ കൈയ്യക്ഷരങ്ങൾ, നിൻ നുണക്കുഴിപ്പൂമൂടും കുറുനിരകൾ, കാറ്റുവന്നവയുടെ രചനാഭംഗികൾ മാറ്റുവാൻ നീയെന്തിനനുവദിച്ചു...'
അത് കാമുകന്റെ മാത്രം അവകാശമെന്ന് വ്യംഗ്യം!
മനോഹരമായ സങ്കൽപമാണ്! പിന്നെയും ഒരുപാടൊരുപാടുണ്ട്...

പക്ഷേ എനിക്കെപ്പോഴും നെഞ്ചിൽ പൂമ്പാറ്റപ്പറക്കലുണ്ടാക്കുന്നത് വൈരമുത്തുവിന്റെ ഈ വരികളാണ്, ‘എൻകൂന്തൽ ദേവൻ തൂങ്കും പള്ളിയറയാ അറയാ...'
ഇതിലും സുന്ദരമായി മുടിയുടെ കാല്പനികഭംഗിയെ എങ്ങനെ അടയാളപ്പെടുത്താനാണ്! ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സ്​മിത പ്രകാശ്​

സംഗീതം, യാത്ര, എഴുത്ത്​ എന്നീ മേഖലകളിൽ താൽപര്യം. അഗർത്തല വിമാനത്താവളത്തിൽ കമ്യൂണിക്കേഷൻ, നാവിഗേഷൻ ആൻറ്​ സർവൈലൻസ്​ ഡിപ്പാർട്ടുമെൻറിൽ എഞ്ചിനീയർ (മാനേജർ).

Comments