ജന്ഡർ സ്റ്റീരിയോ ടൈപ്പുകൾ അവസാനിപ്പിക്കാം, വായിക്കണം ഈ കൈപുസ്തകം

‘‘നമ്മുടെയൊക്കെ ചിന്തകളിൽ ജന്റർ സ്‌റ്റീരിയോടൈപ്പ്, തിരിച്ചറിയാനാവാത്ത വിധം കലർന്ന് കിടക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഉപയോഗിക്കുന്ന വാക്കുകളിലും പ്രയോഗങ്ങളിലും, പ്രവർത്തികളിലുമൊക്കെ അത് നമ്മൾ അറിയാതെ വന്നു പോകുന്നുണ്ട്. സാമൂഹികമായ, സാംസ്കാരികമായ സാഹചര്യങ്ങൾക്കനുസരിച്ചുള്ള രൂപപ്പെടലാണ് അതിനു കാരണം. ഒഴിവാക്കണമെന്നാഗ്രഹിച്ചാലും അത് എന്താണെന്ന് തിരിച്ചറിയുകപോലും ചെയ്യാത്ത വിധത്തിൽ ഉൾച്ചേർന്നിരിക്കുന്ന ബോധങ്ങൾ. പൂർണമായും ശരിയാണെന്നു തന്നെ കരുതി പ്രയോഗിക്കുന്ന തെറ്റുകൾ.’’ എങ്ങനെയാണ് സ്ത്രീകളെക്കുറിച്ചുള്ള, ഹാനികരമാവുന്ന ജന്റർ സ്റ്റീരിയോടൈപ്പുകൾ, മുഴുവൻ കോടതി വ്യവഹാരങ്ങളിലും, അത് ജുഡീഷ്യലായ തീരുമാനമായാലും രേഖകളായാലും ഒഴിവാക്കുക എന്നതു സംബന്ധിച്ച സുപ്രീം കോടതി പുറത്തിറക്കിയ കൈപ്പുസ്തകത്തിൻറെ സമഗ്ര വിശകലനം.

ജൻഡർ സ്റ്റീരിയോ ടൈപ്പുകൾ, അഥവാ ജന്റർ വാർപ്പു മാതൃകകൾ നീതിന്യായ - നിയമ സംവിധാനങ്ങളുടെ എല്ലാത്തരം ഇടപെടൽ - നടപ്പാക്കൽ പ്രക്രിയകളിൽ നിന്നും ഒഴിവാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സുപ്രീം കോടതി പുറത്തിറക്കിയ കൈപ്പുസ്തകം ജനാധിപത്യ ഇന്ത്യ ചർച്ച ചെയ്തു കൊണ്ടേയിരിക്കേണ്ട ഒന്നാണ്. വാർപ്പു മാതൃക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇതാണ്, പൊതുബോധത്തിൽ - അത് വ്യക്തിതലം മുതൽ സമൂഹത്തിലെ എല്ലാത്തരം സ്ഥാപനവത്കരിക്കപ്പെട്ടതും അല്ലാത്തതുമായ ചിന്താപദ്ധതികളിലൂടെയും ഘടനകളിലൂടെയും കടന്ന് പോയി; നീതിന്യായ വ്യവസ്ഥയിലുൾപ്പെടെ തെറ്റായി സ്ഥാപിക്കപ്പെട്ട, അല്ലെങ്കിൽ സ്ഥിരീകരിക്കപ്പെട്ട, സ്ത്രീകളെക്കുറിച്ചുള്ള മുൻവിധികളാണ്. അതിനെ തകർത്തുകളയൽ ശ്രമകരമായ ഒരു രാഷ്ട്രീയ- സാമൂഹ്യ ദൗത്യമായി തിരിച്ചറിയേണ്ടതുണ്ട്. ആ ദൗത്യം ഏറ്റെടുത്തു കൊണ്ട് ഇന്ത്യൻ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ മുൻകൈ ആഗോള ഫെമിനിസ്റ്റ് സമരചരിത്രങ്ങളുടെ വഴിയിലെ നിർണ്ണായക ഘട്ടമാണ്. ഇന്ത്യയിൽ നോക്കുകയാണെങ്കിൽ എല്ലാക്കാലത്തും പിതൃമേധാവിത്ത ഘടനയിൽ അഭിരമിച്ചിരുന്ന, അഭിരമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധമായ സാമൂഹ്യ ഘടനയിലെ വിപ്ലവകരമായ പൊളിച്ചെഴുത്തിന് ശേഷിയുള്ള ഒരു ഇടപെടൽ. ജന്റർസ്റ്റീരിയോടൈപ്പ് എന്ന പ്രയോഗത്തിന്റെ എല്ലാ ആശയാർത്ഥങ്ങളും ഉൾക്കൊള്ളുന്ന മലയാളം പ്രയോഗം കിട്ടാത്തതിനാൽ ജന്റർ സ്റ്റീരിയോടൈപ്പ് എന്നു തന്നെ തുടർന്നും ഉപയോഗിക്കാമെന്ന് കരുതുന്നു.

ഈ കൈപ്പുസ്തകത്തിന്റെ ആ മുഖക്കുറിപ്പ് എഴുതിയിരിക്കുന്നത്, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ആണ്. അതിലദ്ദേഹം ഇങ്ങനെ പ്രത്യാശിക്കുന്നു : "സ്ത്രീകളെക്കുറിച്ചുള്ള ദോഷകരമായ തോന്നലുകളിൽ നിന്ന് നിയമ യുക്തികളും നിയമ എഴുത്തുകളും വിമോചിതമാവാൻ ഇന്ത്യയിൽ നിയമ കാര്യം തൊഴിലാക്കിയ എല്ലാവരും ഈ കൈപ്പുസ്തകം വായിക്കുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു."

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

എങ്ങനെയാണ് സ്ത്രീകളെക്കുറിച്ചുള്ള, ഹാനികരമാവുന്ന ജന്റർ സ്റ്റീരിയോടൈപ്പുകൾ, മുഴുവൻ കോടതി വ്യവഹാരങ്ങളിലും, അത് ജുഡീഷ്യലായ തീരുമാനമായാലും രേഖകളായാലും ഒഴിവാക്കുക എന്നതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങളാണ് ഈ കൈപ്പുസ്തകം വിശദവും സമഗ്രവുമായി നൽകിയിരിക്കുന്നത്.

നമ്മുടെയൊക്കെ ചിന്തകളിൽ ഈ ജന്റർ സ്‌റ്റീരിയോടൈപ്പ് തിരിച്ചറിയാനാവാത്ത വിധം കലർന്ന് കിടക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഉപയോഗിക്കുന്ന വാക്കുകളിലും പ്രയോഗങ്ങളിലും, പ്രവർത്തികളിലുമൊക്കെ അത് നമ്മൾ അറിയാതെ വന്നു പോകുന്നുണ്ട്. സാമൂഹികമായ, സാംസ്കാരികമായ സാഹചര്യങ്ങൾക്കനുസരിച്ചുള്ള രൂപപ്പെടലാണ് അതിനു കാരണം. ഒഴിവാക്കണമെന്നാഗ്രഹിച്ചാലും അത് എന്താണെന്ന് തിരിച്ചറിയുകപോലും ചെയ്യാത്ത വിധത്തിൽ ഉൾച്ചേർന്നിരിക്കുന്ന ബോധങ്ങൾ. പൂർണമായും ശരിയാണെന്നു തന്നെ കരുതി പ്രയോഗിക്കുന്ന തെറ്റുകൾ. ഈ ബോധത്തെ അതിന്റെ വേരിൽത്തന്നെ തിരുത്തിക്കാനുള്ള ശ്രമമാണ് ഈ കൈപ്പുസ്തകം. 

കോടതിയ്ക്കു മുന്നിലെത്തുന്ന കേസുകളിൽ, തീരുമാനമെടുക്കുമ്പോഴും വിധികൾ എഴുതുമ്പോഴും ജന്റർ സ്റ്റീരിയോടൈപ്പുകൾ ജഡ്ജിമാരുടെ ബോധത്തെ നിയന്ത്രിക്കാനോ ഭരിക്കാനോ തുടങ്ങിയാൽ അതൊരിക്കലും നിയമത്തിന്റെ പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നടപ്പാക്കലിലേക്ക് എത്തില്ല. നിയമത്തിനു മേൽ ജുഡീഷ്യൽ ഓഫീസർമാരുടെ തെറ്റായ, ആന്തരികവത്കരിക്കപ്പെട്ട ബോധങ്ങൾ സ്വാധീനം ചെലുത്തുകയും അത് സ്ത്രീകൾക്കെതിരായ മുൻ വിധികളിലും  വിവേചനത്തിലും കലാശിക്കുകയും ചെയ്യും. 

മൂന്ന് കാര്യങ്ങളാണ് ജന്റർ സ്റ്റീരിയോടൈപുകളെ തിരിച്ചറിയാനും ഒഴിവാക്കാനുമായി ജഡ്ജിമാരോട് കൈപുസ്തം നിർദ്ദേശിക്കുന്നത്.

ഒന്നാമത്തേതാണ് ഏറ്റവും പ്രധാനവും അടിസ്ഥാനപരവുമായ ഭാഗം. ജന്റർ സ്റ്റീരിയോടൈപ്പ് പ്രോത്സാഹിപ്പിക്കുന്ന ഭാഷയെ തിരിച്ചറിയുക എന്നതാണത്. വ്യവഹാരഭാഷയിലും നിയമ ഭാഷയിലും സ്ഥിരമായും തെറ്റായും പ്രയോഗിക്കപ്പെടുന്ന വാക്കുകളെയും പ്രയോഗങ്ങളെയും തിരിച്ചറിഞ്ഞ് അതിന് പകരം ശരിയായ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കാൻ ജുഡീഷ്യൽ ഓഫീസർമാർ തുടങ്ങുക എന്നതാണത്.

രണ്ടാമത്തേത്, ഇത്തരം ഭാഷ രൂപപ്പെട്ടതിനു പിന്നിലെ പൊതുബോധവും ശീലങ്ങളും അതിന്റെ ആവർത്തന ക്രമവും മനസ്സിലാക്കി എന്തുകൊണ്ട് അവ തെറ്റാവുന്നു എന്നതിനുമേൽ സംവാദങ്ങൾ നടത്തുക.

മൂന്നാമതായി, സുപ്രീം കോടതി ജന്റർസ്റ്റീരിയോ ടൈപ്പുകളെ തള്ളിക്കളഞ്ഞു കൊണ്ട് നടത്തിയിട്ടുള്ള അന്തിമ വിധികൾ പ്രത്യേകമായി ശ്രദ്ധയിൽ കൊണ്ടുവരികയും ജന്റർ സ്റ്റീരിയോടൈപ്പുകളെ തള്ളിക്കളയുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങളായി ഉപയോഗിക്കുകയും ചെയ്യുക.

കോടതി വ്യവഹാരങ്ങളിൽ സാധാരണ ഉപയോഗിച്ചു വന്നിരുന്ന വാക്കുകളും പ്രയോഗങ്ങളും ഈ കൈപ്പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ജന്റർ സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഉപയോഗിക്കേണ്ട പദപ്രയോഗങ്ങൾ നിർദ്ദേശിച്ചിട്ടുമുണ്ട്. ഇംഗ്ലീഷിലാണ്. പലതിനും തത്തുല്യമായ മലയാള പദങ്ങൾ ഉണ്ട്. പക്ഷേ ചിലതിനെങ്കിലും ആശയത്തെ പൂർണമായി ഉൾക്കൊള്ളുന്ന മലയാള പദങ്ങൾ ഉണ്ടോ എന്ന് സംശയമാണ്.

Career Woman, chaste woman, Easy Virtue, Fallen Woman, Harlot, Indian Women/Western Woman, Seductress, Slut, Whore, Woman of loose morals/ promiscuous woman, wanton woman തുടങ്ങിയ വിശേഷണ പദങ്ങളെല്ലാം Woman/ സ്ത്രീ എന്ന ഒറ്റ വാക്കുകൊണ്ട് പകരം വെച്ചിട്ടുണ്ട്. ഇതൊരു വിപ്ലവകരമായ മാറ്റമാണ്. മേൽപ്പറഞ്ഞ സ്ത്രീവിശേഷണങ്ങൾക്കൊന്നും തുല്യമായ പുരുഷ വിശേഷണങ്ങൾ ഇല്ല എന്നതുകൊണ്ട് മാത്രമല്ല അത് വിപ്ലവകരമാകുന്നത്. ഈ സ്റ്റീരിയോടൈപ്പ് വിശേഷണങ്ങളെ കയ്യൊഴിയുക വഴി സ്ത്രീകൾക്ക് സാമൂഹിക ഘടന പണിതു കൊടുത്തിരിക്കുന്ന പലതരം കൂടുകളുടെ പൊളിക്കലാണ് നടക്കുന്നത്. ഹൗസ് വൈഫിനെ ഹോം മേക്കർ എന്ന് തിരുത്തുന്നുണ്ട്. അതൊരു ഉഭയലിംഗ പദമായി മാറ്റിയിരിക്കുന്നുന്നു. കുടുംബത്തിന്റെ കേന്ദ്ര സ്ഥാനം ലിംഗാധിഷ്ഠിതമല്ലാതാക്കി മാറ്റുന്നതോടെ കുടുംബത്തിനകത്തെ അധികാര കേന്ദ്രം വാക്പ്രയോഗങ്ങളിലെങ്കിലും പുരുഷനിൽ മാത്രമല്ലാതായി മാറുകയും തുല്യതയുടെ ആശയത്തിലേക്ക് വരാൻ ശ്രമിക്കുകയും ചെയ്യുന്നു.

Unwed Mother- അവിവാഹിതയായ അമ്മ എന്നതിനെ Mother- അമ്മ എന്ന് നടത്തിയ തിരുത്തൽ ഗംഭീരമാണ്. ഒരു സ്ത്രീയുടെ വിവാഹ നില അവരുടെ അമ്മയാകാനുള്ള അവകാശത്തെ ബാധിക്കുന്നില്ല എന്ന് വരുന്നത്, അത് അപ്രകാരം നിയമപരമായി രേഖപ്പെടുന്നത്, അതിനനുസരിച്ച് എല്ലാത്തരം സംവിധാനങ്ങളും തിരുത്തപ്പെടുന്നത് ചരിത്രപരമാണ്. വിവാഹം എന്ന സ്ഥാപനത്തിനകത്തേക്ക് ശരീര സ്വാതന്ത്ര്യങ്ങളേയും ചോദനകളേയും ചുരുക്കാതിരിക്കൽ എന്ന വിമോചന മൂല്യവും അമ്മയാവുക എന്ന തീരുമാനം ആത്യന്തികമായി സ്ത്രീയുടേതായിരിക്കുക എന്ന രാഷ്ട്രീയവും ഈ ഒറ്റത്തിരുത്തലിൽ ഉണ്ട്. അത് പ്രസവിക്കാൻ മാത്രല്ല പ്രസവിക്കാതിരിക്കാനുളള അവകാശം കൂടി ഉൾച്ചേർന്ന പ്രയോഗമാണ്.  ശരീരത്തിനും ലൈംഗികതയ്ക്കും മേലുള്ള സ്വയം നിർണയാവകാശം സ്ത്രീയ്ക്ക് കൈവരുക എന്ന ആശയം കാലത്തിന്റെ മുന്നോട്ടു പോക്കിനെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാണ്.

സ്റ്റീരിയോടൈപ്പ് എന്താണ് എന്ന് വിശദമായിത്തന്നെ ഇതിൽ പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് സ്റ്റീരിയോടൈപ്പുകൾ സമൂഹത്തിൽ പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നത്, നിയമ സംവിധാനങ്ങളിലെ തീരുമാനങ്ങളിൽ, വിധികളിൽ എന്തു തരം പ്രത്യാഘാതമാണ് അതുണ്ടാക്കുന്നത്? വ്യത്യസ്ത തരം സ്റ്റീരിയോടൈപ്പുകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ.

ഒരു വ്യക്തിയെക്കുറിച്ച് അല്ലെങ്കിൽ ഒരു കാര്യത്തെക്കുറിച്ച് നമ്മൾ രൂപപ്പെടുത്തിയെടുത്തിട്ടുള്ള തെറ്റായ ആശയം അഥവാ ധാരണയാണ് സ്റ്റീരിയോടൈപ്പ്. അത് മിക്കവാറും ആ വ്യക്തി ഉൾപ്പെട്ട, ജന്മനാൽത്തന്നെ ഉൾപ്പെട്ട ഒരു വിഭാഗത്തെ അഥവാ സംഘത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ആ പ്രത്യേക സാമൂഹ്യ സംഘത്തിൽപെട്ടയാളുകൾക്ക് ചില പ്രത്യേക സ്വഭാവ സവിശേഷതകൾ, ലക്ഷണങ്ങൾ ഉണ്ടായിരിക്കും എന്ന തെറ്റായ തോന്നലോ വിശ്വാസമോ ആണ് സ്റ്റീരിയോ ടൈപ്പ്.

കൈപ്പുസ്തകത്തിൽ പറയുന്ന ഉദാഹരണമെടുത്താൽ ലോകത്തെ മറ്റു പല രാജ്യങ്ങളിലുമുള്ള ആളുകൾ ഇന്ത്യാക്കാരെക്കുറിച്ച് കരുതുന്നതെന്താണെന്നോ? എല്ലാ ഇന്ത്യാക്കാരും ശാസ്ത്രത്തിലും ഗണിതത്തിലും ഗംഭീര കക്ഷികളാണെന്ന്. അതേ പോലെ ഇന്ത്യയ്ക്കകത്തുള്ള മനുഷ്യർ എന്താണ് വിശ്വസിക്കുകയും  കരുതുകയും ചെയ്യുന്നതെന്നോ? ചില പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ കാണാൻ ഒരു പ്രത്യേക രീതിയിലാണുള്ളത്, പ്രത്യേക തരം ഭക്ഷണമാണ് കഴിക്കുക എന്നൊക്കെയാണ് ആ വിശ്വാസം. അതായത് ദേശം, പ്രദേശം, ജാതി, ലിംഗം, ശാരീരിക വെല്ലുവിളികൾ, ലൈംഗികത, തൊലിനിറം, കാണാൻ എങ്ങനെയിരിക്കുന്നു, വംശം തുടങ്ങിയ കാര്യങ്ങളുടേയൊക്കെ അടിസ്ഥാനത്തിൽ ഓരോരുത്തരും ഓരോ സ്റ്റീരിയോടൈപ്പ് തോന്നൽ അഥവാ തെറ്റായ തോന്നൽ, വിശ്വാസം ഉണ്ടാക്കി വെച്ചിരിക്കുന്നു.

ഉപബോധ മനസ്സിലെ വിശ്വാസങ്ങളായാണ് മിക്കപ്പോഴും ഇത് സ്ഥാനപ്പെട്ട് കിടക്കുന്നത്. ആളുകളുമായി ഇടപെടുമ്പോൾ ഇത്തരം പ്രയോഗങ്ങൾ നാം നടത്തുന്നത് പലപ്പോഴും അത് ഉദ്ദേശിച്ചു കൊണ്ടായിരിക്കില്ല. നാം ഇടപെടുന്ന ആളുകളെ മറ്റു സമാനതകളില്ലാത്ത ഒരാളായി കാണുന്നതിൽ നിന്ന്, ഇത്തരം  വിശ്വാസങ്ങൾ നമ്മെ വഴി മാറ്റുകയും തെറ്റായ തോന്നലുകളിലേക്കും മനസ്സിലാക്കലുകളിലേക്കും തീരുമാനങ്ങളിലേക്കും നയിക്കുകയും ചെയ്യും. അത് ഏറ്റവും സൂക്ഷ്മാർത്ഥത്തിൽ ഏതൊക്കെ സാഹചര്യത്തിൽ, എവിടെയൊക്കെ പ്രതിഫലിപ്പിക്കുമെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? തൊഴിലിടത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പൊതുവിടങ്ങങ്ങളിൽ ഒക്കെ അത് കാണാം. ഒരു തൊഴിലിടത്തിലാണെങ്കിൽ സ്റ്റേഷനറി വാങ്ങുക, ഓഫീസ് പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സ്ത്രീകളെ അങ്ങ് ഏൽപ്പിക്കും. സ്ത്രീകളാണല്ലോ അത് ചെയ്യേണ്ടത് എന്ന തോന്നലിൽ. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണെങ്കിൽ അടിച്ചമർത്തപ്പെട്ട ജാതികളിൽപ്പെട്ട, മർദ്ദിതരായ ജാതികളിൽപ്പെട്ട വിദ്യാർത്ഥികൾ അടിച്ചമർത്തിയിരുന്നവരും മർദ്ദകരുമായ ജാതികളിൽപ്പെട്ട വിദ്യാർത്ഥികളോളം സമർത്ഥരല്ല എന്ന് ഒരു പൊതുബോധം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇതൊരു സ്റ്റീരിയോടൈപ്പാണ്. ഇത് മർദ്ദിത ജാതികളിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. ഈ സ്റ്റീരിയോടൈപ്പിന്റെ അധിക ബാധ്യത വിദ്യാർത്ഥികൾക്കുമേൽ വരും. പരീക്ഷകൾ നന്നായി ചെയ്യാൻ പറ്റിയില്ലെങ്കിൽ അത് ആ വിദ്യാർത്ഥികളുടെ ജാതിയെക്കുറിച്ച് നിലനിൽക്കുന്ന തെറ്റായ ധാരണകളെ കൂടുതൽ ഉറപ്പിക്കും എന്ന ബോധ്യവും അധിക ബാധ്യതയായി, സമ്മർദ്ദമായി ഈ വിദ്യാർത്ഥികളിൽ ഉണ്ടാവും.

ജുഡീഷ്യൽ തീരുമാനങ്ങളിൽ ഈ സ്റ്റീരിയോടൈപ്പ് എന്തു തരം പ്രത്യാഘാതമാണുണ്ടാക്കുക എന്നാലോചിച്ചിട്ടുണ്ടോ? മറ്റേതൊരു വ്യക്തിയേയും പോലെ ഉപബോധ മനസ്സിലെ  വിശ്വാസക്കുടുക്കിൽ പെട്ടിരിക്കുന്ന മനുഷ്യർ തന്നെയാണ് കോടതി ജഡ്ജിമാരും. വ്യക്തികളെക്കുറിച്ച്, സാമൂഹിക വിഭാഗങ്ങളെക്കുറിച്ച്,  നിർമിച്ചു വെച്ചിട്ടുണ്ട മുൻധാരണകൾ, മുൻവിധികൾ, എല്ലാം വിധിപ്രസ്താവത്തെ, തീരുമാനങ്ങളെ ബാധിക്കുകയാണെങ്കിൽ അത് എത്രമാത്രം ദോഷകരമായാണ് സാമൂഹ്യ ശരീരത്തെ ബാധിക്കുക എന്നാലോചിക്കൂ. ചില സന്ദർഭങ്ങളിൽ, എടുത്ത തീരുമാനങ്ങൾ നിയമപരമായും നീതിയായും ശരിയായിരിക്കുക തന്നെ ചെയ്യും. പക്ഷേ അപ്പോഴും അതിലേക്ക് വിശദീകരിച്ച്, വ്യാഖ്യാനിച്ച് എത്തിപ്പെട്ട വഴികളിൽ ഇത്തരം ജന്റർ സ്റ്റീരിയോടൈപ്പുകൾ കിടക്കുന്നുണ്ടാവും. 

നിയമം തുല്യമായും പക്ഷപാതരഹിതമായും ഓരോ വ്യക്തിയിലും നടപ്പാകണം എന്ന ഭരണഘടനാ തത്വം അവിടെ അട്ടിമറിക്കപ്പെടുന്നു. സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനെ വ്യക്തികൾ ഉൾപ്പെടുന്ന സംഘങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിവെച്ചിരിക്കുന്ന ബോധ്യങ്ങൾ തെറ്റായി സ്വാധീനിക്കുന്നു.

സാമ്പത്തിക ശേഷി കുറഞ്ഞ, വരുമാനം കുറഞ്ഞ പശ്ചാത്തലമുള്ള മനുഷ്യർ വിശ്വസിക്കാൻ കഴിയാത്തവരും കുറ്റകൃത്യത്തിലേർപ്പെടാൻ സാധ്യതയുള്ളവരുമാണെന്ന തെറ്റായ പൊതുബോധം ക്രൂരവും അങ്ങേയറ്റം ദോഷകരവുമായ ഒരു സ്‌റ്റീരിയോടൈപ്പാണ്. ഒരു ജഡ്ജി ഈ സ്റ്റീരിയോടൈപ്പ് ബോധം കൊണ്ടു നടക്കുന്നയാളാണെങ്കിൽ അതിന്റെ പ്രത്യാഘാതം ഭീതിതമാം വിധം വലുതുമായിരിക്കും. ജഡ്ജിമാരുടെ സ്റ്റീരിയോടൈപ്പ് ബാധ നീതിനിർവ്വഹണ രംഗത്ത് അധാർമികതയുടെ വലയം തീർക്കുകയും ചെയ്യും.

ചില ജന്റർസ്റ്റീരിയോടൈപ്പുകൾ ഏതൊക്കെയാണ് എന്നും അവ എന്തുകൊണ്ട് തെറ്റാവുന്നു എന്നും അറിയുന്നത് നമ്മുടെ ബോധ്യങ്ങളെ മാറ്റാൻ സഹായിച്ചേക്കും. സ്റ്റീരിയോടൈപ്പ് എന്താണെന്നും അതെങ്ങനെ തിരുത്തണമെന്നും കൈപ്പുസ്തകം ഓരോന്നായി വിശദമാക്കുന്നുണ്ട്.

സ്ത്രീകൾ അത്യധികം വൈകാരികതയുള്ളവരും യുക്തിസഹമല്ലാതെ ചിന്തിക്കുന്നവരും തീരുമാനങ്ങളെടുക്കാൻ ശേഷിയില്ലാത്തവരുമാണ്. 

തെറ്റായ ധരണയാണിത്.

ഒരു വ്യക്തിയുടെ ജന്റർ അയാളുടെ യുക്തിചിന്തയെ ഒരു തരത്തിലും നിർണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

എല്ലാ സ്ത്രീകളും എല്ലാ പുരുഷൻമാരേക്കാളും ശാരീരികമായി ശേഷി കുറഞ്ഞവരാണ്. മറ്റൊരു സ്റ്റീരിയോടൈപ്പ്.

സ്ത്രീകളും പുരുഷന്മാരും ശാരീരികമായി വ്യത്യസ്തരായിരിക്കുമ്പോഴും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരേക്കാളും ദുർബലരാണ് എന്ന വാദം തെറ്റാണ്. ഒരു വ്യക്തിയുടെ ശക്തി, ശാരീരികക്ഷമത, അവരുടെ ജന്ററിനെ മാത്രം ആശ്രയിച്ചല്ല രൂപപ്പെടുന്നത്. തൊഴിൽ, ജനിതകം, പോഷകാഹാരം, ശാരീരികമായ പ്രവർത്തനങ്ങൾ എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.

സ്ത്രീകൾ ഊഷ്മതയുള്ളവരും കരുണയുള്ളവരും ആർദ്രതയുള്ളവരുമാണ്. അങ്ങനെയല്ല.

ആർദ്രത എന്നുള്ളത് നമ്മൾ ആർജ്ജിച്ചെടുക്കുന്ന സ്വഭാവ സവിശേഷതയാണ്. ഇത് ഓരോ വ്യക്തിയ്ക്കും വ്യത്യസ്തവുമായിരിക്കും. ഏത് ജന്ററിലും പെട്ട വ്യക്തി, ദയയുള്ള വ്യക്തി ആവുകയോ ആവാതിരിക്കുകയോ ചെയ്യാം. അതിന് ആൺ, പെൺ, ലൈംഗിക ന്യൂനപക്ഷം എന്ന വ്യത്യാസമൊന്നുമില്ല.

അവിവാഹിതരായ സ്ത്രീകൾ, യുവാക്കളായ സ്ത്രീകൾ, സ്വന്തം ജീവിതം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കാൻ പ്രാപ്തരല്ല.

വിവാഹ നില, ഒരു വ്യക്തിയുടെ തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല. പക്ഷേ ചില കാര്യങ്ങൾക്ക് നിയമപരമായ പ്രായപരിധിയുണ്ട്. വിവാഹം കഴിക്കുന്നതിന്, മദ്യപാനത്തിന് ഒക്കെ. പക്ഷേ അത് തീരുമാനമെടുക്കാനുള്ള ശേഷിയും വിവാഹവുമായി ബന്ധപ്പെട്ടതല്ല.

മർദ്ദിത വിഭാഗത്തിൽ പെട്ട, അരികുവത്കരിക്കപ്പെട്ട സംഘങ്ങളിലുൾപ്പെടുന്ന സ്ത്രീകൾക്ക് ലോക വിവരമില്ല, ധാരണകളില്ല.

ഒരു വ്യക്തി ഉൾപ്പെടുന്ന സമുദായമല്ല വ്യക്തിയുടെ ലോകത്തെക്കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്തുന്നത്.

എല്ലാ സ്ത്രീകളും കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആഗ്രഹിക്കുന്നവരാണ്.

അങ്ങനെയല്ല. എല്ലാ സ്ത്രീകളും കുഞ്ഞുങ്ങളുണ്ടാവാൻ ആഗ്രഹിക്കുന്നവരല്ല. ഒരു രക്ഷാകർത്താവാവാനുള്ള തീരുമാനം  വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ആ തീരുമാനം വ്യക്തി എടുക്കുന്നതിനു പിന്നിൽ വ്യത്യസ്തമായ പലവിധ കാരണങ്ങളുണ്ടാവുകയും ചെയ്യും.

കേരളത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയ ഹാദിയ കേസിൽ കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ, എന്തുകൊണ്ട് തെറ്റാവുന്നു എന്ന് അതിലെ ജന്റർ സ്റ്റീരിയോടൈപ്പിന്റെ പ്രതിഫലനത്തെ വെച്ച് കൈപ്പുസ്തകത്തിൽ റഫറൻസായി നൽകിയിട്ടുണ്ട്.  24 വയസ്സുള്ള സ്ത്രീ ദുർബലയും പലതരം ചൂഷണങ്ങൾക്ക് വിധേയയാവാൻ സാധ്യതയുള്ളവളുമാണെന്നും ആ പ്രായത്തിലുള്ള ഒരു സ്ത്രീയുടെ ക്ഷേമം രക്ഷാകർത്താക്കളുടെ ന്യായാധികാരത്തിലാണ് എന്നുമായിരുന്നു ഹൈക്കോടതി പരാമർശം. സുപ്രീം കോടതി അത് തിരുത്തിയത് ഇപ്രകാരമാണ് : " ഹാദിയ പ്രായപൂർത്തിയായ ഒരാളും സ്വയം തീരുമാനമെടുക്കാൻ ശേഷിയുള്ള ആളുമാണ് എന്ന വസ്തുത ഹൈക്കോടതി കാണാതെ പോവുന്നു. സ്വന്തം ജീവിതം സ്വന്തം ആഗ്രഹത്തിനനുസരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള  ഹാദിയയുടെ അവകാശം ഇന്ത്യൻ ഭരണഘടന അവർക്കു നൽകുന്നുണ്ട്."

ഹാദിയ

ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള ജോലികൾ സംബന്ധിച്ച സ്റ്റീരിയോ ടൈപ്പും സംവാദ വിഷയമാക്കേണ്ടതുണ്ട്. വ്യക്തിബോധവും പൊതുബോധവും തെറ്റായ ഒരു പാട് വിശ്വാസങ്ങൾ എന്തൊക്കെ ജോലികൾ ആരൊക്കെ ചെയ്യണം എന്നത് സംബന്ധിച്ച സാമൂഹിക നിർമിതികൾ വഴി ഉണ്ടാക്കി വെച്ചിട്ടുണ്ട്. 

സ്ത്രീകളാണ് കുട്ടികളെ വളർത്തൽ, ഭക്ഷണമുണ്ടാക്കൽ തുടങ്ങിയ ജോലികളിലും മറ്റുള്ളവരെ പരിപാലിക്കുന്നതിലും മികച്ചു നിൽക്കുക എന്നതൊരു തെറ്റായ ധാരണയാണ്.

എല്ലാ ലിംഗത്തിലും പെട്ട മനുഷ്യരും മറ്റു മനുഷ്യരെ പരിപാലിക്കുന്നതിന് തുല്യ കഴിവുള്ളവരാണ്. പലപ്പോഴും ചെറിയ പ്രായത്തിൽത്തന്നെ സാമൂഹികമായ പരുവപ്പെടലിന്റെ ഭാഗമായി സ്ത്രീകൾ മറ്റുള്ളവരുടെ പരിപാലനം നിർബന്ധപൂർവ്വം ഏറ്റെടുക്കേണ്ട തരത്തിലാണ് സാമൂഹിക പൊതുബോധം പ്രവർത്തിക്കുന്നത്. ഈ സ്റ്റീരിയോടൈപ്പ് കാരണം, കുട്ടികളുടേയും പ്രായമായവരുടേയും പരിപാലനം ഏറ്റെടുത്ത് സ്ത്രീകൾക്ക് സ്വന്തം തൊഴിൽ സാധ്യതക വേണ്ടെന്ന് വെക്കേണ്ടിയും വരാറുണ്ട്.

എല്ലാ വീട്ടു ജോലികളും സ്ത്രീകൾ ചെയ്യേണ്ടതാണ്.

എല്ലാ ജന്ററിലും പെട്ട മനുഷ്യർ വീട്ടു ജോലികൾ ചെയ്യാൻ തുല്യമായി പ്രാപ്തരാണ്. പക്ഷേ പൊതുവേ പുരുഷന്മാർ ധരിച്ചു വെച്ചിരിക്കുന്നത് എന്താണെന്നോ? സ്ത്രീകൾക്കു മാത്രമേ വീട്ടുജോലികൾ ചെയ്യാൻ പ്രാപ്തിയുള്ളൂ എന്ന്. അതൊരു സൗകര്യ പൂർണമായ സ്റ്റീരിയോടൈപ്പാണ്

സ്ത്രീകൾ ഭർത്താവിന്റെ മാതാപിതാക്കളെ പരിപാലിക്കണം.

പ്രായമായവരെ പരിപാലിക്കേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാ ലിംഗത്തിലും പെട്ടവരിലും  തുല്യമായി നിക്ഷിപ്തമാണ്. അത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല.

വീടിനു പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ കുട്ടികളെ നോക്കുന്നവരല്ല.

ഇതൊരു ക്രൂരമായ പൊതുബോധമാണ്. ഒരു സ്ത്രീ പുറത്തു ജോലിചെയ്യുന്നു എന്നതിന് സ്നേഹവുമായോ കരുതലുമായോ ഒരു ബന്ധവുമില്ല. പുരുഷൻമാരും സ്ത്രീകളും എല്ലാ ലിംഗത്തിലും പെട്ടവരും പുറത്ത് ജോലി ചെയ്യുകയും കുട്ടികളോട് സ്നേഹവും കരുതലും ഉള്ളവരുമാണ്. അത് സ്ത്രീകളാവുമ്പോൾ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല.

അമ്മമാരായ സ്ത്രീകൾ തൊഴിലിൽ, തൊഴിലിടത്തിൽ കാര്യക്ഷമത കുറഞ്ഞവരായിരിക്കും, എന്തുകൊണ്ട്? കുട്ടികളുടെ കാര്യങ്ങളാൽ വ്യാകുലതയുള്ളവരാവുന്നതു കൊണ്ട്.

തെറ്റാണത്. കുട്ടികളെ വളർത്തലും ഓഫീസ് ജോലിയും ചെയ്യുന്ന, ഇരട്ട ജോലി ചെയ്യുന്ന ഒരു സ്ത്രീ കാര്യക്ഷമത കുറഞ്ഞ ആളാണ് എന്നത് ജന്റർ സ്റ്റീരിയോടൈപ്പാണ്.

വീടിനു പുറത്ത് ജോലി ചെയ്യാത്ത സ്ത്രീകൾ വീട്ടു ചെലവിലേക്ക് ഓഹരി നൽകുകയോ പങ്കെടുക്കുകയോ ചെയ്യുന്നില്ല, അഥവാ ഭർത്താവിന്റെ സംഭാവനയുമായി താരതമ്യം ചെയ്യുമ്പോൾ അത് തുലോം കുറവാണ്.

കൂലിയില്ലാത്ത വീട്ടുജോലിയാണ് യഥാർത്ഥത്തിൽ ഹോം മേക്കേഴ്സ് ആയ സ്ത്രീകൾ ചെയ്യുന്നത്. പാചകവും വൃത്തിയാക്കലും തുണി കഴുകലും വീട്ടുകാര്യവും വീട്ടുസാമ്പത്തികം നോക്കലും കുട്ടികളേയും മുതിർന്നവരേയും പരിപാലിക്കലും തുടങ്ങി വീടുമായി ബന്ധപ്പെട്ട എല്ലാം. ഈ കൂലിയില്ലാ പണി, വീടുകളുടെ ജീവിത നിലവാരത്തിലേക്ക് മാത്രമല്ല സാമ്പത്തിക ബജറ്റിലേക്കും സംഭാവന ചെയ്യുന്ന പരിപാടിയാണ്. അതായത് ഹോം മേക്കേഴ്സ് ആയ സ്ത്രീകളുടെ സംഭാവന, പുരുഷന്മാരുടേതിന് തുല്യമായതോ അതിനേക്കാൾ എത്രയോ വലുതോ ആണ്. പക്ഷേ ഈ സ്റ്റീരിയോ ടൈപ്പ് ബോധം സ്ത്രീകളുടെ അധ്വാനത്തെ വില കുറച്ചു കാണുന്നു. പുരുഷ ബോധം ഈ ജോലികൾക്ക് തീരെ കുറഞ്ഞ വിലയാണിടുന്നത്.

സ്ത്രീകൾ, പുരുഷൻമാരോട് വിധേയത്വമുള്ളവരും ശ്രേണിയിൽ താഴെയുള്ളവരുമായിരിക്കണം.

ഈ തോന്നൽ വൻ അബദ്ധമാണ്. ഇന്ത്യൻ ഭരണഘടന എല്ലാ ലിംഗത്തിലും ഉൾപ്പെട്ട വ്യക്തികൾക്ക് തുല്യമായ അവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. സ്ത്രീകൾ പുരുഷന്മാർക്ക് താഴെയുള്ളവരോ ആർക്കെങ്കിലും വിധേയപ്പെട്ടിരിക്കേണ്ടവരോ അല്ല.

ലൈംഗികതയും ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട സ്റ്റീരിയോടൈപ്പുകൾ എത്ര ആഴത്തിലാണ് വേരാഴ്ത്തിക്കിടക്കുന്നത് എന്ന് പപരിശോധിച്ചു നോക്കാം. കൈപ്പുസ്തകത്തിൽ ഈ ഭാഗം സമഗ്രമായി പരിശോധിക്കുന്നുണ്ട്.

"പരമ്പരാഗത " മെന്ന് കരുതാത്ത വേഷം ധരിച്ച സ്ത്രീകൾ പുരുഷൻമാരുമായി ലൈംഗിക ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരാണ്. ഒരു പുരുഷൻ അത്തരത്തിലൊരു സ്ത്രീയെ തൊട്ടാൽ, അത് ആ സ്ത്രീയുടെ കുഴപ്പമാണ്. ഇതാണ് സ്റ്റീരിയോടൈപ്പ്. മണ്ടത്തരം, തെറ്റ്.

യാഥാർത്ഥ്യം ഇതാണ്. ഒരു സ്ത്രീയുടെ വസ്ത്രധാരണം ഒരിക്കലും അവൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയുമല്ല, അവളെ തൊടാനുള്ള ക്ഷണവുമല്ല. സ്ത്രീകൾ വാക്കുകൾ കൊണ്ട് ആശയവിനിമയം നടത്താൻ, പ്രാപ്തരാണ്. എന്ത് വസ്ത്രം ധരിക്കണം എന്നത് സ്ത്രീകളുടെ ആത്മപ്രകാശനത്തിന്റെ കൂടി ഭാഗമാണ്. എന്നാലത് ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ഉയർത്തുന്നില്ല. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ, ഒരു പുരുഷൻ സ്ത്രീയെ തൊട്ടതിന് ശേഷം ആ പ്രവർത്തിയെ പ്രതിരോധിക്കാനായി സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ച്, അതൊരു ക്ഷണമായിരുന്നു എന്ന് പറയുന്നത് അനുവദിക്കാനാവില്ല.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കഷ്ണകുമാർ സിവിക് ചന്ദ്രൻ എന്ന ലൈംഗികാക്രമണ കേസിൽ കുറ്റാരോപിതനായ ആൾക്ക് ജാമ്യം അനുവദിച്ച് നൽകിയ ഉത്തരവിലെ പരാമർശങ്ങൾ, സുപ്രീം കോടതി കൈപ്പുസ്തകത്തിൽ റഫർ ചെയ്യുന്നുണ്ട്. അതിജീവിതയുടെ വേഷമാണ് പ്രകോപനമുണ്ടാക്കിയത് എന്ന സിവിക് ചന്ദ്രന്റെ വാദം ജന്റർ സ്റ്റീരിയോടൈപ്പിന്റെ ഉദാഹരണമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സ്ത്രീകൾ പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരാണ്. ഒരു പുരുഷൻ, മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സ്ത്രീയെ തൊടുന്നത് സ്ത്രീയുടെ കുറ്റമാണ്. മറ്റൊരു സ്റ്റീരിയോടൈപ്പ് .

യാഥാർത്ഥ്യം പക്ഷേ അങ്ങനെയല്ല.

സ്ത്രീകൾ മറ്റെല്ലാ മനുഷ്യരെയും പോലെ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് വിനോദത്തിനു വേണ്ടിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടായിരിക്കും. അത് പക്ഷേ സ്ത്രീകളുടെ ലൈംഗിക ചോദനയുടെ പ്രകാശന സൂചകമല്ല. എന്നു വെച്ചാൽ ഒരു സ്ത്രീയുടെ സമ്മതമില്ലാതെ, ഒരു പുരുഷൻ സ്ത്രീയെ തൊട്ടതിന് ശേഷം ആ പ്രവർത്തിയെ പ്രതിരോധിക്കാനായി സ്ത്രീയുടെ മദ്യപാനത്തെയും - പുകവലിയെയും കുറിച്ച്, അതൊരു ക്ഷണമായിരുന്നു എന്ന് പറയുന്നത് അനുവദിക്കാനാവില്ല.

മറ്റൊരു സ്റ്റീരിയോടൈപ്പ് ഇതാണ് : അപരിചിതരായ ആളുകളാണ്, പുരുഷൻമാരാണ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നതെന്ന്.

അങ്ങനെയല്ല വാസ്തവം. സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നതും ലൈംഗികാക്രമണം നേരിടുന്നതും അവർക്ക് പരിചയമുള്ള വ്യക്തികളിൽ നിന്നാണ്. സഹപ്രവർത്തകർ, തൊഴിലുടമ, തൊഴിലാളി, അയൽക്കാർ, കുടുംബത്തിലുള്ളവർ സുഹൃത്ത്, മുൻപത്തെയോ ഇപ്പോഴത്തേയോ പങ്കാളി, അധ്യാപകർ, പരിചയക്കാർ തുടങ്ങിയവരാലാണ് കൂടുതലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നത്.

ലൈംഗികാക്രമണം നേരിട്ട, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ എപ്പോഴും കരഞ്ഞു കൊണ്ടിരിക്കും ഡിപ്രഷനും ആത്മഹത്യാപ്രവണതയുള്ളവരുമായിരിക്കും. ഈ രീതിയിലല്ല, ആക്രമിക്കപ്പെട്ട സ്ത്രീ പെരുമാറുന്നത് എങ്കിൽ, സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് നുണ പറയുകയാണ്.

ഈ സ്റ്റീരിയോടൈപ്പ് തെറ്റാവുന്നതിന്റെ കാരണങ്ങൾ ഇതാണ്: ഓരോ മനുഷ്യരും വ്യത്യസ്തമായ രീതിയിലാണ് ട്രോമാറ്റിക് ആയ സന്ദർഭങ്ങളോടും സാഹചര്യങ്ങളോടും സംഭവങ്ങളോടും പ്രതികരിക്കുന്നത്. ഉദാഹരണമായി പങ്കാളിയുടെ മരണത്തിൽ ഒരാൾ പരസ്യമായി, കരഞ്ഞെന്നു വരാം. സമാനമായ സന്ദർഭത്തിൽ മറ്റൊരാൾ ഒരു വികാരവും പ്രകടിപ്പിച്ചില്ലെന്നും വരാം. അതുപോലെത്തന്നെയാണ് ബലാത്സംഗം ചെയ്യപ്പെടുകയോ ലൈംഗികമായി ആക്രമിക്കപ്പെടുകയോ ചെയ്ത ഒരു സ്ത്രീയുടെ പ്രതികരണവും. അതവരുടെ വ്യക്തിപരമായ സ്വഭാവ സവിശേഷതകളെ ആശ്രയിച്ചിരിക്കും.  ഇര അല്ലെങ്കിൽ അതിജീവിതയുടെ പെരുമാറ്റത്തിന് 'ശരി' അല്ലെങ്കിൽ  'ഉചിത് മായ  പെരുമാറ്റ രീതി ഇല്ല.

ബലാത്സംഗവും ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് എത്രയോ സ്റ്റീരിയോടൈപ്പുകൾ ഇനിയുമുണ്ട്.

റേപ്പിസ്റ്റുമായി, അക്രമിയുമായി, ആക്രമിക്കപ്പെട്ട സ്ത്രീ സംഭവത്തിനു ശേഷം മിണ്ടില്ല, അങ്ങനെ മിണ്ടിയാൽ പരാതി വ്യാജമായിരിക്കും. ആക്രമണം നടന്ന ഉടനെ ഇര പരാതിപ്പെടും, കുറേക്കഴിഞ്ഞാണ് പരാതിപ്പെടുന്നതെങ്കിൽ നുണ പറയുന്നതായിരിക്കും.

ഇരയുടെ / അതിജീവിതയുടെ സാഹചര്യങ്ങൾ മനസ്സിലാക്കാതെയുള്ള പൊതുബോധ നിർമിതിയാണത്. മിയ്ക്കപ്പോഴും അക്രമി അടുത്തയാളായിരിക്കും. സ്ത്രീയ്ക്കു മേൽ അധികാരപ്രയോഗം നടത്താൻ ശേഷിയുള്ള സ്ഥാനത്തുള്ളയാൾ. അതു കൊണ്ടു തന്നെ സാമൂഹ്യ സാഹചര്യങ്ങൾ അക്രമിയുമായി ഇടപെടാനുള്ള സമ്മർദ്ദമുണ്ടാക്കുന്നതായിരിക്കും. കുടുംബത്തിൽ നിന്നുൾപ്പെടെ പിന്തുണ കിട്ടാത്തതും പ്രത്യാഘാതങ്ങളെക്കുറിച്ചോർത്തുള്ള ഭയവും ഇരയെ പെട്ടെന്ന് പരാതിപ്പെടുന്നതിൽ നിന്ന് പിന്തിരിപ്പിക്കും. ആക്രമിക്കപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് പരാതി നൽകുന്നതിന് വേണ്ട ധൈര്യമാർജ്ജിക്കാൻ എടുക്കുന്ന സമയമുണ്ട്. അപമാനിക്കപ്പെട്ടു എന്ന തോന്നലിൽ നിന്ന് ആക്രമണത്തെക്കുറിച്ച് പുറത്തു പറയാനായി തയ്യാറെടുക്കുന്ന സമയം. പരാതിപ്പെടാൻ സ്വയം സന്നദ്ധമാവുന്ന സമയം. ഇതെല്ലാം ചേർന്നാണ് പരാതിയിലേക്കുള്ള കാലതാമസമുണ്ടാവുന്നത്. അത് സ്ത്രീ നുണ പറയുന്നതു കൊണ്ടല്ല.

ലൈംഗികാക്രമണക്കേസുകളിൽ പ്രബലമായ സ്റ്റീരിയോടൈപ്പാണ് സവർണ സമുദായങ്ങളിൽ പെട്ട പുരുഷന്മാർ മർദ്ദിത വിഭാഗത്തിലെ സ്ത്രീകളുമായി ലൈംഗികമായി ഇടപെടില്ല എന്നത്. സ്ത്രീ നുണ പറയുകയാണെന്ന് സ്ഥാപിച്ചെടുക്കലാണ് ലക്ഷ്യം.

പക്ഷേ റേപ്പും ലൈംഗികാക്രമണവും സവർണ്ണ സമുദായങ്ങൾ സാമൂഹിക നിയന്ത്രണത്തിനുള്ള ഉപകരണമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്നത് ചരിത്രപരമായി സാധുതയുള്ള വസ്തുതയാണ്. അത് ജാതിശ്രേണി നിലനിർത്തുന്നതിനുള്ള ഉപകരണം കൂടിയാണ്. അവിടെയാണ് കോടതികൾ പോലും ഈ ജന്റർസ്റ്റീരിയോടൈപ്പ് കൊണ്ടു നടക്കുന്നത്.

ദേശീയ ശ്രദ്ധയിൽ വന്ന, 1992 ലെ ഭൻവാരിദേവി കേസ്, കൈപ്പുസ്തകത്തിൽ എടുത്തു പറയുന്നുണ്ട്. തൊഴിലിടത്തിലെ ലൈംഗികാക്രമണങ്ങൾ സംബന്ധിച്ച വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കാരണമായ കേസാണിത്. രാജസ്ഥാനിൽ ബാലവിവാഹത്തിനെതിരെ പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകയായ ഭൻവാരി ദേവിയെ ഗ്രാമത്തിലെ സവർണ്ണ സമുദായത്തിൽപ്പെട്ടയാളുകൾ കൂട്ടബലാസംഗം ചെയ്തു. അന്ന് വിചാരണക്കോടതി കുറ്റവാളികളെ വെറുതെ വിട്ടുകൊണ്ട് അക്രമികൾക്കനുകൂലമായി നടത്തിയ പരാമർശങ്ങളാണ് എത്രമാത്രം ക്രൂരമാണ് ജഡ്ജിമാരുടെ പോലും ജന്റർ സ്‌റ്റീരിയോടൈപ്പ് ബോധം എന്ന് കാണിക്കാനാണ് ഈ കേസ് ഹാൻഡ് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഭൻവാരിദേവി

ആ പരാമർശങ്ങൾ ഇവയാണ്: 1. സവർണ്ണ സമുദായാംഗങ്ങൾ മർദ്ദിത വിഭാഗത്തിൽപ്പെട്ടവരെ ബലാത്സംഗം ചെയ്യില്ല. 2. ഒരു കൂട്ടബലാത്സംഗത്തിൽ വ്യത്യസ്ത സമുദായാംഗങ്ങൾ പങ്കെടുക്കില്ല. 3. 60-70 വയസ്സുള്ളവർ കൂട്ടബലാത്സംഗത്തിൽ പങ്കെടുക്കില്ല. 4. ഭർത്താവിന്റെ മുന്നിൽ വെച്ച് ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നത് നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്.

കേസ് സുപ്രീം കോടതിയിൽ എത്തുകയും തുടർന്ന് വിശാഖ ഗൈഡ്ലൈൻസിലേക്ക് നിയമം പുരോഗമിക്കുകയും ചെയ്തത് ചരിത്രം.

പുരുഷൻമാർക്ക് ലൈംഗികത്തൊഴിലാളികളെ ബലാത്സംഗം ചെയ്യാൻ സാധിക്കില്ല.

അംഗപരിമിതരല്ലാത്ത പുരുഷന്മാർ അംഗപരിമിതരായ സ്ത്രീകളെ ബലാൽ സംഗം ചെയ്യുകയോ ലൈംഗികമായി ആക്രമിക്കുകയോ ചെയ്യില്ല.

ബലാത്സംഗം അതിജീവിതയുടേയും കുടുംബത്തിന്റേയും അഭിമാനത്തെ തകർക്കുന്നു. റേപ്പിസ്റ്റ് ഇരയെ വിവാഹം ചെയ്താൽ ആ അഭിമാനം പുന:സ്ഥാപിക്കപ്പെടുന്നു.

സ്ത്രീകൾ ബലാത്സംഗത്തെക്കുറിച്ചും ലൈംഗികാക്രമണത്തെക്കുറിച്ചും എളുപ്പത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്.

പുരുഷന്മാർ നടത്തുന്ന ലൈംഗികമായ മുൻ കൈകളോട് സ്ത്രീകൾ പറയുന്ന  നോ (No) നാണം കൊണ്ടാണ്, അത് യഥാർത്ഥത്തിൽ Yes ഉം ഒരു ക്ഷണവുമാണ്.

പുരുഷൻമാർക്ക് ലൈംഗിക ചോദനകളെ അടക്കിനിർത്താനാവില്ല.

മുൻപ് ലൈംഗിക ബന്ധങ്ങൾ ഉണ്ടായിട്ടുള്ള സ്ത്രീകളെ അവരുടെ 'സദാചാര ബോധം ' ദുർബലമായതു കൊണ്ടും ' മോശം സ്വഭാവമായതു കൊണ്ടും ബലാത്സംഗം ചെയ്യാനാവില്ല.

യുവാക്കൾ പാശ്ചാത്യ സംസ്കാരം പിന്തുടരുന്നതു കൊണ്ട് കാഷ്വലായ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുകയും അത് ലൈംഗികാക്രമണങ്ങളുടെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

'നല്ല' സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നതിനേക്കാൾ തെരഞ്ഞെടുക്കുക മരണമായിരിക്കും.

ബലാത്സംഗം ചെയ്യപ്പെട്ട ഇന്ത്യൻ സ്ത്രീകൾ പശ്ചാത്യ രാജ്യങ്ങളിലേയോ മറ്റു രാജ്യങ്ങളിലേയോ സ്ത്രീകളേപ്പോലെയല്ല പെരുമാറുക.

ട്രാൻസ്ജന്റർ വ്യക്തികളെ ബലാത്സംഗം ചെയ്യാൻ കഴിയില്ല.

ആക്രമിക്കപ്പെടുന്ന സ്ത്രീ നിലവിളിക്കുകയോ അക്രമിയെ തിരിച്ച് ആക്രമിക്കുകയോ ശരീരത്തിൽ മുറിവുകൾ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്ന പക്ഷം ആ സ്ത്രീ റേപ്പ് ചെയ്യപ്പെട്ടിട്ടില്ല.

ഈ പറഞ്ഞതെല്ലാം ജന്റർ സ്റ്റീരിയോടൈപ്പുകൾക്കുള്ള ഉദാഹരണങ്ങളാണ്.

മുൻവിധികളാണ്, പൂർണമായും തെറ്റായ ധാരണകളാണ്. നിയമസംവിധാനത്തിൽ, പൊലീസ് സ്റ്റേഷൻ മുതൽ സുപ്രീംകോടതി ജഡ്ജിയുടെ വരെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള,  ഉപബോധ മനസ്സിൽ നിന്ന് മായ്ചു കളയേണ്ട ധാരണകൾ. ജന്റർ സ്റ്റീരിയോടൈപ്പുകളെ, പാട്രിയാർക്കൽ ബോധങ്ങളെ തിരുത്തിക്കൊണ്ട് സുപ്രീം കോടതി പല കാലങ്ങളിലായി നടത്തിയിട്ടുള്ള സുപ്രധാന വിധികൾ ഇതിൽ റഫറൻസായി കൊടുത്തിട്ടുണ്ട്.

ജന്റർ സ്റ്റീരിയോടൈപ്പുകൾ, മറികടക്കാൻ സാധിക്കുന്ന ബോധ്യങ്ങൾ തന്നെയാണ്. അതിന് നിരന്തരമായ ശ്രമങ്ങൾ വേണമെന്ന് മാത്രം. കോടതി വ്യവഹാരങ്ങളെ ഉദ്ദേശിച്ചാണ് ഈ കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എങ്കിലും മാധ്യമങ്ങൾ ഇതിനെ തങ്ങളുടെ സ്റ്റൈൽ ബുക്കിന്റെ ഭാഗമാക്കി വികസിപ്പിക്കേണ്ടതുണ്ട്. നിയമവ്യവഹാരഭാഷയിലെ പ്രയോഗങ്ങളുടെ തിരുത്തൽ മാധ്യമ ഭാഷയിലേക്ക് കൂടുതൽ സ്വാധീനശേഷിയോടെ കൊണ്ടുവരാൻ പറ്റും. സ്കൂൾ തലം മുതലുള്ള അക്കാദമിക് വ്യവഹാര ഭാഷയിലും ജന്റർ സ്റ്റീരിയോടൈപ്പുകൾ ഉപേക്ഷിക്കപ്പെടണം. നിരന്തരം പ്രയോഗിക്കപ്പെടുമ്പോൾ സംസാരഭാഷയിൽ അത് ശീലമായിത്തുടങ്ങും. ക്രമേണ അത് ചിന്തയിലും ആശയത്തിലും പ്രത്യയ ശാസ്ത്രത്തിലും രാഷ്ട്രീയമായി പ്രതിഫലിക്കാൻ തുടങ്ങും. നിർബന്ധിതമായി നടപ്പാക്കേണ്ട തിരുത്തൽ എന്ന നിലയിൽത്തന്നെയാണ് സുപ്രീം കോടതി കൈപ്പുസ്തകത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ച, പിതൃകേന്ദ്രീകൃത വ്യവസ്ഥയിലധിഷ്ഠിതമായ, സ്ത്രീവിരുദ്ധമായ ബോധങ്ങൾ പുരുഷൻമാർ മാത്രം കൊണ്ടു നടക്കുന്ന ഒന്നല്ല. വലിയ വിഭാഗം സ്ത്രീകളും ഈ ബോധത്തിന്റെ അടിമകൾ തന്നെയാണ്. അതിനെക്കൂടി പിടിച്ചു കുലുക്കുന്ന രീതിയിലായിരിക്കണം ഈ ചുവട് വെയ്പ് സമൂഹത്തിൽ പ്രതിഫലിക്കേണ്ടത്. അത് കൈപ്പുസ്തകം ഒരു പരിശോധനാ പുസ്തകം മാത്രമായി നിലനിന്നാൽ സാധിക്കില്ല. അതിന്റെ രാഷ്ട്രീയം വീടുകളിൽ, കൂട്ടായ്മകളിൽ പൊതുസമൂഹത്തിൽ നിരന്തര ചർച്ചയിൽ വരികയും തിരുത്തൽ ശക്തിയായി സമര രൂപങ്ങളായി മാറുകയും വേണം. സ്ത്രീകളെ അമ്മയും ദേവിയുമായൊക്കെ ആരാധിച്ച് പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ വലതു പക്ഷ ആശയ പ്രചരണത്തിന്റെ രാഷ്ട്രീയ ഭരണകൂട കാലാവസ്ഥയിലാണ് സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും നിയമപരമായിത്തന്നെ സ്ഥാപിക്കപ്പെടുന്ന ഒരു നീക്കം സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാവുന്നത്. സ്വതന്ത്ര്യ മതേതര ജനാധിപത്യ രാജ്യത്ത്, അത് ചരിത്രപരമാണ് വിപ്ലവകരമാണ്. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയം അത് ആവശ്യപ്പെടുന്നുണ്ട്.

Click to Download Handbook

Comments