ഹരിതയിലെ സ്ത്രീകൾ സംസാരിക്കുന്ന ഭാഷ മുസ്ലീം ലീഗിലെ പുരുഷൻമാർക്ക്, എന്നു വെച്ചാൽ മുസ്ലീം ലീഗിന് മനസ്സിലായിട്ടുണ്ടാവുമോ?
ഉണ്ടാവില്ല, ഇനിയുണ്ടാവാനും സാധ്യതയില്ല. ആ ഭാഷയിലെ വാക്കുകളുടെ ആശയങ്ങൾക്ക് മുസ്ലീം ലീഗിലും ഹരിതയിലും രണ്ട് അർത്ഥങ്ങളാണ്. ഒരേ വാക്കുകൾക്ക് രണ്ട് തരം ആശയങ്ങളുള്ള നിഘണ്ടുക്കൾ കൈവശമുള്ള രണ്ട് തരം മനുഷ്യരുടെ കൂട്ടം. ജൻഡർ എന്ന് ഹരിതയിലെ നജ്മ തബ്ഷീറ പറയുമ്പോൾ മുസ്ലീം ലീഗിൽ പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കത് മനസ്സിലാവും എന്ന് കരുതാനാവില്ല. ഞങ്ങളുടെ മുറിവേറ്റ സ്വത്വം എന്ന് ഹരിത ആവർത്തിക്കുമ്പോൾ സ്ത്രീകളുടെ സ്വത്വമോ എന്ന് അന്തം വിടുന്നുണ്ടാവണം സാദിഖലി ശിഹാബ് തങ്ങൾ.
ആത്മാഭിമാനം എന്ന് പറയുമ്പോൾ, ശ്ശെടാ കൂട്ടക്ഷരമുള്ള ഈ വാക്ക് എങ്ങനെ വായിക്കും എന്ന് കൺഫ്യൂഷനടിക്കുന്നുണ്ടാവും എം.എസ്.എഫിലെ യുവ നേതാക്കൾ.
അശ്ലീല പരാമർശം നടത്തിയ മുസ്ലീം ലീഗ് നേതാവ് പി.കെ. നവാസിനെതിരെ ഹരിത നേതാക്കൾ പാർട്ടിയിലെ എല്ലാ പ്രധാനപ്പെട്ടനേതാക്കൾക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയെക്കുറിച്ച് നിരന്തരം ഫോളോ അപ്പ് ചെയ്തിട്ടും പരിഹാരം ആവശ്യപ്പെട്ടിട്ടും ഒന്നും സംഭവിക്കാതിരുന്നപ്പോൾ 50 ദിവസം കഴിഞ്ഞ്, പരാതി സംസ്ഥാന വനിതാ കമ്മീഷന് കൈമാറി. വിഷയം പൊതു സമൂഹത്തിൽ വലിയ ചർച്ചയായി. സമൂഹമാധ്യമങ്ങളിൽ ഈ സ്ത്രീകൾക്കെതിരെ സൈബർ അറ്റാക്ക് നടന്നു. വെർബൽ റേപ്പ് നടന്നു. പാർട്ടിയ്ക്കുള്ളിൽത്തന്നെ പരിഹാസങ്ങളും നടപടികളും നേരിട്ടു. പരാതിപ്പെട്ട കമ്മറ്റി തന്നെ പിരിച്ചുവിട്ടു, മുസ്ലീം ലീഗ് നേതൃത്വം.
ഹരിത അംഗങ്ങൾ പരാതി ഉന്നയിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ എന്നിവർ ഇപ്പോഴും അതേ അധികാര സ്ഥാനങ്ങളിൽ തുടരുന്നു.
പി.കെ നവാസിന്റെ ഫേസ്ബുക്ക് ഖേദ പ്രകടനം കോമഡിയാണ്. അതിങ്ങനെ:
'ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തിൽ പങ്കെടുത്തസഹപ്രവർത്തകരിൽ ആർക്കെങ്കിലും
ഏതെങ്കിലും തരത്തിൽ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.'
അതെ, സ്ത്രീകൾക്കെതിരെ നടത്തിയ പരാമർശം അശ്ലീലമാണെന്നും അത് തെറ്റാണെന്നും തോന്നാത്ത ആ ആൺ ബോധത്തെയാണ് ഹരിത ചോദ്യം ചെയ്തത്.
പി.കെ. ഫിറോസിനെ അറിയില്ലേ? മുസ്ലീം ലീഗിന്റെ പുരോഗമന മുഖം! പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെ ലീഗ് വക്താവ്. അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു:
"സമീപകാലത്ത് ഹരിതയിലും എം.എസ്.എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികൾക്കിടയിലുണ്ടായ പ്രശ്‌നങ്ങൾ എന്ന നിലക്കാണ് പാർട്ടി കണ്ടത്. പാർട്ടിക്ക് പുറത്തേക്ക് പ്രശ്‌നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂർവ്വം ചർച്ച നടത്തി പ്രശ്‌നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്.'
കുട്ടികളെന്ന് വാത്സല്യപ്പെട്ടാൽ പുറത്തു വിടാതെ സംരക്ഷിക്കാമല്ലോ, സ്ത്രീകളല്ലേ? സങ്കടകരമാണ് കാര്യങ്ങൾ വിവേകത്തോടെയാണ് ഹരിത നേതാക്കൾ അതെല്ലാം നേരിട്ടത്. സ്ത്രീകൾക്കുമേൽ എല്ലാക്കാലവും ആരോപിക്കുന്ന ദുർബലത കൊണ്ടോ നിസ്സഹായത കൊണ്ടോ അല്ല, ഉടൻ പ്രതികരണങ്ങളിലേക്കും വൈകാരിക പ്രകടനങ്ങളിലേക്കും ഹരിത നേതാക്കൾ കടക്കാതിരുന്നത്. ഉന്നയിക്കുന്ന വിഷയത്തിൻമേൽ ആ സ്ത്രീകൾക്ക് അത്രയേറെ ക്ലാരിറ്റിയുണ്ടായിരുന്നു. അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ബോധ്യങ്ങളിൽ അവർക്ക് നിശ്ചയങ്ങളുണ്ടായിരുന്നു.
സ്ത്രീകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന്, വിസിബിലിറ്റിയ്ക്ക്, ശബ്ദങ്ങൾക്ക് എന്നും മതപരമായും പ്രത്യയശാസ്ത്രപരമായും വിലക്കുണ്ടായിരുന്ന ഒരു പാർട്ടിയിലാണ് ഒരു സംഘം സ്ത്രീകളായ പൊളിറ്റീഷ്യൻസ്, തങ്ങളുടെ രാഷ്ട്രീയ ആശയങ്ങളെ അവതരിപ്പിച്ചത്. അത് മുസ്ലീം ലീഗിലെ പുരുഷൻമാർ സ്വീകരിച്ചില്ല. സ്വീകരിക്കുകയുമില്ല. എന്നിട്ടും ഹരിതയിലെ സ്ത്രീകൾ അത് ഉന്നയിച്ചു, പ്രഖ്യാപിച്ചു എന്നത് അതിഗംഭീരമായ തുടക്കമാണ്. രാഷ്ട്രീയ പാർട്ടികളിൽ നിലനിൽക്കുന്ന ജെൻറർ ഡിവൈഡിന്റെ രാഷ്ട്രീയം പുറത്തു പറയാൻ കേരളത്തിൽ ആദ്യം ധൈര്യം കാണിച്ചത് മുസ്ലീം ലീഗിലെ സ്ത്രീകളാണ് എന്നതിന് ചരിത്രപരമായ കൗതുകം കൂടിയുണ്ട്.
കോൺഗ്രസ്സിലായിരുന്നെങ്കിലോ? സി.പി.എമ്മിലായിരുന്നെങ്കിലോ? ബി.ജെ.പി.യിലായിരുന്നെങ്കിലോ? ഹരിത നേതാക്കൾ ഇന്ന് നടത്തിയ പോലൊരു പത്ര സമ്മേളനം നടക്കുമായിരുന്നോ? സാധ്യതയില്ല. പാർട്ടി വിധേയത്വത്തിന്റെ ഫത്വകൾ ലംഘിക്കാൻ ധൈര്യമുള്ള പ്രവർത്തകർ ഈ പാർട്ടികളിൽ ഉണ്ടായിരുന്നുവെങ്കിൽ കേരളത്തിന്റെ നിയമസഭയിൽ സ്ത്രീകളുടെ എണ്ണം എത്രയോ കൂടിയേനെ. പാർട്ടി നേതൃത്വങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം ഇതൊന്നുമായിരിക്കില്ല. കാരണങ്ങൾ പലതുമുണ്ടാവാം. പക്ഷേ അത് സംഭവിച്ചിട്ടില്ല.
ഹരിതയിലെ സ്ത്രീകളുടെ ഭാഷ കേട്ട് ഞെട്ടിയവർ എല്ലാ മതത്തിലും രാഷ്ട്രീയ പാർട്ടികളിലും ഉണ്ട്. കന്യാസ്ത്രീ മഠങ്ങളുടെ വാതിലുകളും പള്ളിമേടകളും തകർത്ത് പുറത്തിറങ്ങുന്ന ബുദ്ധിമതികളായ സ്ത്രീകളെ പൂട്ടാനാണ് ബിഷപ്പുമാർ നാർക്കോട്ടിക് ജിഹാദ് ആരോപിക്കുന്നത്. ലൗ ജിഹാദ് ആരോപിക്കുന്ന ഹൈന്ദവ തീവ്രവാദികളും ഭയപ്പെടുന്നത് ബുദ്ധിയുള്ള സ്ത്രീകളെത്തന്നെയാണ്.
മതവും രാഷ്ട്രീയ പാർട്ടികളും അവരുടെ ടെക്സ്റ്റ് ബുക്കുകൾ തിരുത്താൻ തയ്യാറായിരിക്കുകയാണ് നല്ലത്. ആത്മാഭിമാനം, സ്വത്വം, സ്വാതന്ത്ര്യം അവകാശം നിലനിൽപ്പ് ഏജൻസി തുടങ്ങിയ വാക്കുകളോട് ജന്റർ എന്ന ആശയം ചേർത്ത് വെച്ചേ തീരൂ ഇനിയുള്ള കാലം.