താര രഹസ്യങ്ങൾക്ക് സർക്കാർ കാവൽ

The sky is full of mysteries; with twinkling stars and the beautiful moon. But scientific investigation revealed that stars do not twinkle nor does the moon look beautiful. The study therefore, cautious: Do not trust what you see, even Salt looks like Sugar.

സ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ ആദ്യ വാചകങ്ങളാണിത്.

സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ടുണ്ടാക്കാൻ സംസ്ഥാന സർക്കാർ, പിണറായി വിജയൻ സർക്കാരൻ്റെ ആദ്യ ടേമിൽ, 2017ൽ ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്നു. ഇതിൻ്റെ പശ്ചാത്തലം നമുക്കറിയാം 2017- ൽ സിനിമയിലെ നടിയ്ക്കു നേരെ ക്രൂരമായ ലൈംഗികാക്രമണമുണ്ടാവുന്നു. പൊതു സമൂഹത്തിൽ അതിനെതിരെ വലിയ പ്രതികരണങ്ങൾ ഉണ്ടാവുന്നു. തുടർന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ ഒരു സംഘം വിമെൻ ഇൻ സിനിമാ കളക്ടീവ് (WCC) എന്ന സംഘടന രൂപീകരിക്കുന്നു.

സ്ത്രീകളുടെ തുല്യനീതി എന്ന രാഷ്ട്രീയ വിഷയത്തെ മുൻനിർത്തി ജനാധിപത്യ കൂട്ടായ്മകളും ഡബ്ല്യു.സി.സിയും നിരന്തരം ഉന്നയിച്ച ആവശ്യങ്ങൾക്കൊടുവിലാണ് 2017 നവംബർ 16 ന് സർക്കാർ കമ്മറ്റി രൂപീകരിച്ചത്. ജസ്റ്റിസ് ഹേമ അധ്യക്ഷയും അഭിനേത്രി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായ കമ്മറ്റി 2019 ഡിസംബർ 31 ന് പഠന നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിന് നൽകുന്നു. ശേഷം നാലര വർഷം നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ പല പല കാരണങ്ങൾ പറഞ്ഞ് റിപ്പോർട്ട് പുറത്തുവിടാതെയിരിക്കുന്നു. തുടർന്ന് മാധ്യമങ്ങളുൾപ്പെടെ വിവരാവകാശ കമ്മീഷന് അപേക്ഷ നൽകിയതിനെത്തുടർന്ന് വിവരാവകാശകമ്മീഷൻ നിർദ്ദേശപ്രകാരം റിപ്പോർട്ട് പുറത്തു വിടാൻ നിർബന്ധിതമാവുന്നു.

ഇന്നലെ, 2024 ആഗസ്റ്റ് 19 ന്, റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൻ്റെ പൂർണരൂപമല്ല. വ്യക്തികളുടെ ഐഡൻ്റിറ്റി തിരിച്ചറിയുന്ന തരം പരാമർശങ്ങളുള്ള ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. ഇത്രയും ആമുഖം.
സിനിമയിലെ സ്ത്രീകളെന്നാൽ സിനിമയെന്ന തൊഴിലിടത്തിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളും ഉൾപ്പെടും. അഭിനയിക്കുന്നവരും സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടെ. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മലയാള സിനിമയെന്ന തൊഴിൽ വ്യവസായ മേഖല, പ്രശസ്തിയും പണവും വിനോദവും സമ്മേളിക്കുന്ന ലോകത്തെത്തന്നെ ഏറ്റവും ജനകീയമായ കലാമേഖലയുടെ കേരള ബ്രാഞ്ച്, എത്രത്തോളം നീചവും വംശീയവുമായാണ് സ്ത്രീകളോട് ഇടപ്പെടുന്നത് എന്ന് കാണിച്ചു തരുന്നു. നഗ്നമായ തൊഴിൽ ചൂഷണം, ലൈംഗികമായി ഉപയോഗപ്പെടുത്തൽ, ലൈംഗികമായി ഉപയോഗിക്കാൻ അനുവദിച്ചില്ലെങ്കിലുള്ള തൊഴിൽ നിഷേധം, അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശത്തേയും പരിഗണിക്കാതെയുള്ള പെരുമാറ്റം, വേതനത്തിലെ ഭീമമായ അന്തരം തുടങ്ങി ഒരു പുരുഷാധിപത്യ സംവിധാനം സ്ത്രീയെ ഉപയോഗപ്പെടുത്തുന്നതിൻ്റെ എല്ലാതരം സാധ്യതകളും ഒരൊറ്റത്തൊഴിലിടത്തിൽ നടപ്പാക്കുന്ന ക്രൂരകലയുടെ സിനിമ. നമ്മൾ തിയറ്ററിൽ കാണുന്ന സിനിമയെ, അതിൻ്റെ രാഷ്ട്രീയത്തെ, സീൻ ബൈ സീൻ വെച്ചും പ്രമേയത്തിൻ്റെയും വാക്കുകളുടെയും ദൃശ്യത്തിൻ്റെയും രാഷ്ട്രീയ ശരികളുടെ മാനദണ്ഡങ്ങൾ വെച്ചും വിലയിരുത്തുകയും വിമർശിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുമ്പോൾ അതുത്പാദിപ്പിക്കപ്പെടുന്ന പരിസരം, അതിൻ്റെ ഫാക്ടറി, അതിൻ്റെ സ്റ്റുഡിയോ, അതിൻ്റെ കലാ പ്രഭവകേന്ദ്രം എത്ര മാത്രം മനുഷ്യത്വ വിരുദ്ധമാണ് എന്ന് അന്വേഷിച്ച് കണ്ടെത്തി തയ്യാറാക്കിയ ഒരു റിപ്പോർട്ട് നമ്മൾ വായിച്ചറിയുകയാണ്. ഒരു പക്ഷേ നമ്മളൊക്കെയും സിനിമയിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്ന് പലരാൽ അറിഞ്ഞിട്ടുണ്ട്. കഥകളായും സംഭവങ്ങളായും പരദൂഷണമായും ഇക്കിളിക്കഥകളായും പരസ്യവും രഹസ്യവുമായി കേട്ടിട്ടുണ്ട്.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. അത് സമഗ്രമോ പൂർണമോ അല്ല. അതിലെ നിർദ്ദേശങ്ങൾ പൊതുസ്വഭാവം പുലർത്തുന്നവയുമാണ്. എന്നിട്ടും ആ മഞ്ഞുലയുടെ അറ്റം മാത്രം കണ്ട് നമ്മൾ അത്ഭുതപ്പെടുകയും അസ്വസ്ഥരാവുകയും ചെയ്യുന്നു.
ലൈംഗികമായും ആക്രമിക്കപ്പെടുകയും തൊഴിൽ നിഷേധിക്കപ്പെടുകയും തൊഴിലിടത്തിൽ വിവേചനം അനുഭവിക്കേണ്ടി വരികയും അപമാനിക്കപ്പെടേണ്ടി വരികയും ചെയ്യുന്ന സ്ത്രീകളോട് ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് കേട്ടോ എന്ന് വാക്കാൽ വൈകാരികമായും കാവ്യാത്മകമായും പറയാൻ വളരെ എളുപ്പമാണ്. സർക്കാർ അത് പറഞ്ഞിട്ടുമുണ്ട്. എന്നിട്ട്? എന്നിട്ടൊന്നുമില്ല, പറഞ്ഞു. അത്ര തന്നെ. ഇക്കാലമത്രയും സർക്കാർ കസ്റ്റഡിയിലിരുന്ന റിപ്പോർട്ട് പുറത്തുവിടാൻ ഒരു രാഷ്ട്രീയകക്ഷികളും യുവജന സംഘടനകളും വനിതാ സംഘടനകളും സർക്കാരിൽ വലിയ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തിയില്ല എന്നും ഓർക്കണം. സിനിമാ മേഖലയും സിനിമാ താരങ്ങളും ആർക്കും വിമർശിക്കാനോ പിണക്കാനോ സാധിക്കാത്ത സാംസ്കാരിക ബിംബങ്ങൾ കൂടിയാണല്ലോ!.
നാലര വർഷം, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല, തെളിവുകളുടെ അടിസ്ഥാനത്തിൽ എത്രയോ സ്ത്രീകൾ കമ്മീഷനു മുന്നിൽ നൽകിയ തെളിവുകളുടെയും മൊഴികളുടേയും പിൻബലത്തിൽ തയ്യാറാക്കിയ സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ എന്ത് നടപടിയാണ് എടുത്തത്?. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അതിവിദഗ്ധമായും കലാപരമായും അത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
2020- ലെ വിവരാവകാശ കമ്മീഷനും ജസ്റ്റിസ് കെ. ഹേമ തന്നെയും രഹസ്യ സ്വഭാവം പരിഗണിച്ച് റിപ്പോർട്ട് പുറത്തു വിടരുതെന്ന് പറഞ്ഞിരുന്നുവെന്നാണ് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറയുന്നത്. രഹസ്യസ്വഭാവമുള്ളതിനാൽ രഹസ്യമാക്കി വെച്ചുവത്രേ! വായിച്ചില്ലത്രേ. ഒരു രഹസ്യത്തോട് മന്ത്രി പുലർത്തുന്ന സത്യസന്ധതയുടെ ഉഗ്രാണം. പൊതുസമൂഹത്തിന് ലഭ്യമാക്കാത്ത ഭാഗങ്ങളുൾപ്പെടെ, അക്രമികളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന ഭാഗങ്ങളുൾപ്പെടെയുള്ള റിപ്പോർട്ട് സർക്കാർ വായിച്ചിട്ടില്ല പോലും. പിന്നെ ആർക്ക് വായിക്കാനാണ് കമ്മറ്റി റിപ്പോർട്ടുണ്ടാക്കിയത്? സംസ്ഥാന ഇൻഫർമേഷൻ ഓഫീസറുടെ കയ്യിൽ സീൽ ചെയ്ത രൂപത്തിലുണ്ടായിരുന്ന റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയത് ആരു വായിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്?. ആക്രമിക്കപ്പെട്ടവരുടെ ഐഡൻ്റിറ്റി രഹസ്യമാക്കി സൂക്ഷിക്കുക എന്ന മര്യാദ പാലിക്കുന്നതിനർത്ഥം ആക്രമിച്ചവരുടെ ഐഡൻ്റിറ്റിയും രഹസ്യമാക്കി വെക്കലാണ് എന്ന കൗശല സമവാക്യം ആരെ സംരക്ഷിക്കാനാണ് സർക്കാർ ഉണ്ടാക്കിയെടുത്തത്. ഒരു വലിയ കോസിനു വേണ്ടിയുണ്ടാക്കപ്പെട്ട ഒരു കമ്മറ്റി പണവും ഊർജ്ജവും സമയവും ചെലവഴിച്ച് ഉണ്ടാക്കിയ റിപ്പോർട്ട് സർക്കാരിന് രഹസ്യമാക്കി വെക്കാനാണോ ഉണ്ടാക്കിയത്?.

എന്നു മാത്രമല്ല ചില ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് ലഘൂകരിക്കാനും മന്ത്രിയും മന്ത്രി പ്രതിനിധീകരിക്കുന്ന സർക്കാരും ശ്രമിക്കുകയും ചെയ്തു. ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി തീർപ്പിലെത്തുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്?.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന സിനിമാ മേഖലയിലെ മാഫിയാ സംഘവും സർക്കാരിൻ്റെ ഉന്നത നേതൃത്വവും തമ്മിലുള്ള ബാന്ധവം തന്നെയാണ് രഹസ്യങ്ങളോട് ഒരു സർക്കാർ സംവിധാനം പുലർത്തുന്ന വ്യാജമായ സത്യസന്ധതയുടെ അടിസ്ഥാനം.
കുറ്റകൃത്യം നടന്നുവെന്ന് അറിഞ്ഞാൽ നിയമനടപടികൾ എടുക്കണമെന്നിരിക്കേ, അതാണ് ചെയ്യേണ്ടത് എന്നിരിക്കേ അത് രഹസ്യമാണ് എന്ന് ഒരു സർക്കാർ അസംബന്ധമായി വാദിക്കുമ്പോൾ അത് ആരെ സംരക്ഷിക്കാൻ വേണ്ടിയാണ് എന്ന് വ്യക്തം. സർക്കാരിൻ്റെ സാംസ്കാരികോത്സവങ്ങളുടെ മുഖമായി എപ്പോഴും സിനിമാതാരങ്ങൾ നിരന്നുനിൽക്കുമ്പോൾ ആ വിനോദ വ്യവസായ ലോകത്തെ അധോലോക മാഫിയയെ സർക്കാർ കണ്ടില്ലെന്ന് നടിക്കുക തന്നെ ചെയ്യും. സിനിമാ സംഘടനകളെയും അന്താരാഷ്ട്ര ദേശീയ സിനിമാ പ്രഗത്ഭരേയും ഉൾപ്പെടുത്തി കോൺക്ലേവ് നടത്തുമെന്നാണ് സാംസ്കാരിക മന്ത്രി പറയുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 24 നിർദ്ദേശങ്ങളും നടപ്പാക്കുമെന്ന് പറയുന്നുമുണ്ട്. നല്ല കാര്യം. പക്ഷേ ചോദ്യം അതല്ല, റിപ്പോർട്ടിൽ പരാമർശിക്കുന്ന അക്രമികൾക്കും ചൂഷകർക്കും ചുങ്കക്കാർക്കുമെതിരെ ഇടതുപക്ഷ സർക്കാർ എന്ത് നടപടിയെടുക്കും എന്നതാണ്. ചോദ്യം നിയമപരമാണ്. രഹസ്യം കൊണ്ട് മറച്ച് പിടിക്കാനല്ല. സ്ത്രീകൾ എന്തനുഭവിക്കുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. കുറ്റവാളികൾ ഉണ്ട് എന്നും. ആര് എന്നും കമ്മീഷൻ പറഞ്ഞിട്ടുണ്ട്. വേണ്ടത് നിയമ നടപടികളാണ്.
ഇതൊരു സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. ചൂഷണ സാധ്യതകൾ താരതമ്യേന കൂടുതലുള്ള ആവാസവ്യവസ്ഥയാണ് എന്നേ വ്യത്യാസമുള്ളൂ. സ്ത്രീകൾ ജീവിത സാഹചര്യങ്ങളിൽ എത്തിപ്പെടുന്ന ദുർബലാവസ്ഥകളെ സന്ദർഭം മുതലെടുത്ത് ലൈംഗികമായും അല്ലാതെയും തങ്ങൾക്കനൂലമായി മാറ്റാൻ കലാപരമായി ശേഷിയുള്ളവരാണ് ശരാശരി പുരുഷനും അവർക്ക് ആധിപത്യമുള്ള സിസ്റ്റവും. ഹേമ കമ്മറ്റി റിപ്പോർട്ടിനോടുള്ള പ്രതികരണങ്ങളിൽ ഭൂരിപക്ഷവും ഈ സിസ്റ്റത്തിൻ്റെ ആധിപത്യാശയ രാഷ്ട്രീയം പിൻപറ്റുന്നവരാണ്. കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഇനി മുതൽ സിസ്റ്റം നന്നായാൽ മതിയെന്ന് അവർ പ്രതീക്ഷയോടെ പറയുന്നുണ്ട്. അതിൽ സ്ത്രീകളെ, ഞങ്ങളൊപ്പമുണ്ട് കേട്ടോ എന്ന് സമാധാനിപ്പിച്ച ഭരണകൂടവുമുണ്ട്. ഹേമാ കമ്മറ്റി രൂപീകരണം തീർച്ചയായും പ്രത്യാശ നിറഞ്ഞതും രാഷ്ട്രീയ ശരിയുമുള്ള നീക്കമായിരുന്നു. പക്ഷേ അതിലെ കണ്ടെത്തലുകളോട് സർക്കാരും സിനിമാമേഖലയും പുലർത്തുന്ന നീക്കം നിരാശ നിറഞ്ഞതും അരാഷ്ട്രീയവും ജനാധിപത്യ പുരോഗമന രാഷ്ട്രീയ ബോധത്തിന് ചേരാത്തതുമാണ്. വനിതാ സംഘടനകളും ഫെമിനിസ്റ്റ് രാഷ്ട്രീയമുള്ള സംഘടനകളും പൊതു സമൂഹവും ഒന്നിച്ചു നിന്നേ മതിയാവൂ. ഇനിയാണ് തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാവുക എന്ന് ഡബ്ല്യു.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിക്കപ്പെട്ടവരുടേയും അപമാനിക്കപ്പെട്ടവരുടേയും ഓർമകൾക്ക് എന്തായാലും ഭരണകൂടത്തെപ്പോലെ രഹസ്യങ്ങളോട് സത്യസന്ധമാവാൻ കഴിയില്ല.

അനുഭവങ്ങളോടും ഓർമകളോടും സത്യസന്ധമായിരിക്കുന്നവരും അവകാശ ബോധമുള്ളവരുമാണ് ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ രാഷ്ട്രീയമായി കലഹിക്കുക.

Comments