ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥികൾ സമരത്തിലാണ്. ക്ലാസ്‌റൂം, ഹോസ്റ്റൽ, ഭക്ഷണം, കുടിവെള്ളം, വാഹനസൗകര്യം തുടങ്ങി അടിസ്ഥാനാവശ്യങ്ങൾ പോലും ലഭ്യമാക്കാതെ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മെറിറ്റിൽ അഡ്മിഷൻ നേടിയ ഈ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വലിയ മോഹങ്ങളുമായി പഠിക്കാനെത്തിയ വിദ്യാർത്ഥികളോട് മനുഷ്യത്വവിരുദ്ധമായ സമീപനമാണ് കോളേജ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ സൗകര്യം ഒരുക്കിയില്ല എന്നതിനോടൊപ്പം തന്നെ വിദ്യാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന സ്വകാര്യ ഹോസ്റ്റലാകട്ടെ അമിത ഫീസ് ഈടാക്കി അനാരോഗ്യമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് കെട്ടിടം പോലും സ്വന്തമായി ഇല്ലായെന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വിദ്യാർത്ഥികളുമായി അധികാരികൾ നടത്തിയ ചർച്ചയിൽ മൂന്ന് മാസത്തിനുള്ളിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇനിയും ഈ പ്രശ്‌നം നീട്ടികൊണ്ടുപോകാതെ വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ന്യായമായ ആവശ്യത്തിന് പരിഹാരം കണ്ടെത്തണം.