കെ. അനിൽകുമാറിന്റെ ശരിയും സി.പി.എമ്മിന്റെയും മതയാഥാസ്ഥിതികതയുടെയും ശരികേടുകളും

തട്ടമിടുവിക്കാൻ വന്നാൽ വേണ്ടെന്ന് പറയാൻ ത്രാണിയുള്ള പെൺകുട്ടികളെ മലപ്പുറത്തുണ്ടാക്കുന്നതിൽ ഇടതുപക്ഷപ്രസ്ഥാനത്തിന് പങ്കുണ്ടെന്ന് അനിൽകുമാർ പറഞ്ഞാൽ ചരിത്രപരമായി അതിൽ ശരികേടില്ല. കുറേക്കൂടി സൂക്ഷ്മമായി നോക്കിയാൽ ആ പങ്ക് പലതരം രാഷ്ട്രീയ,സാമൂഹ്യ ധാരകളുടെ ഒപ്പമുള്ള ഒന്നാണെന്ന് മാത്രം. അതൊരു കുറവുമല്ല. എന്നാൽ ഇതിനെ വളഞ്ഞിട്ടാക്രമിക്കാൻ മതവർഗീയവാദികൾ രംഗത്തുവരുന്നതിനു മുമ്പുതന്നെ അത്തരത്തിലൊരു ആക്രമണം തുടങ്ങിവെച്ചത് സി.പി.എമ്മിന്റെ 'പുത്തൻവർഗ' ഗുണഭോക്താക്കളിലൊരാളായ കെ.ടി. ജലീലിലാണ്. അതിലയാൾക്ക് കൂട്ടുനിന്നത് സി പി എമ്മിന്റെ കേരളത്തിൽ നിന്നുള്ള ഏക ലോക്സഭാംഗമായ ആരിഫാണ്.

മുസ്‍ലിം സ്ത്രീകളുടെ 'തട്ടം' അല്ലെങ്കിൽ മതശാസിതമായ വസ്ത്രധാരണത്തെക്കുറിച്ച് എപ്പോഴൊക്കെ പൊതുമണ്ഡലത്തിൽ ചർച്ചകളുയർന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിനെക്കുറിച്ച് മിണ്ടരുതെന്ന ഇസ്‍ലാമിക മതയാഥാസ്ഥിതിക ശാഠ്യം കൊമ്പും കുലുക്കി വന്നിട്ടുണ്ട്. അതിനെ തരിമ്പും വകവെച്ചുകൊടുക്കാതെ അത്തരം ചർച്ചകളെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ഒരു ആധുനിക, മതേതര, ജനാധിപത്യ സമൂഹത്തിനു ചെയ്യാനുള്ളത്. സി.പി.എം സംസ്ഥാന സമിതി അംഗമായ കെ. അനിൽകുമാർ ഒരു യുക്തിവാദ സംഘത്തിന്റെ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ വളരെ ചെറിയൊരു ഭാഗമെടുത്തുകൊണ്ടാണ് ഇപ്പോഴത്തെ ഇസ്ലാമിക യാഥാസ്ഥിതികരുടെ ആക്രമണം. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ മാത്രമല്ല സകല മനുഷ്യാവകാശങ്ങളിലും കടുത്ത സ്ത്രീവിരുദ്ധതയും അതുവഴിത്തന്നെ പൊതുവായ ജനാധ്യപത്യവിരുദ്ധതയും പുലർത്തുന്ന മതഘടനയാണ് ഇസ്ലാമിന്റേത്. ലോകത്തിലെ എല്ലാ മതങ്ങളും അവയുടെ ഉള്ളടക്കത്തിൽ ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ജനാധിപത്യ രാഷ്ട്രീയസമരങ്ങൾ ഒരു സമൂഹത്തിൽശക്തിപ്രാപിക്കുകയും അതുവഴി മനുഷ്യരുടെ ജീവിതബോധ്യങ്ങളിൽ പുത്തൻ സ്വാതന്ത്ര്യചിന്തകളും രാഷ്ട്രീയവും ഉരുത്തിരിയുകയും പടരുകയും ചെയ്യുമ്പോൾ സ്വാഭാവികമായും മതങ്ങളുടെ നീരാളിപ്പിടിത്തം അയഞ്ഞുതുടങ്ങും. ഇത് നാഗരികതകളുടെ വികാസചരിത്രത്തിൽ മതാധിപത്യത്തിനോടുള്ള ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഏറ്റുമുട്ടലുകളുടെ ചരിത്രം കൂടിയാണ്.

ഹിജാബ് (ശിരോവസ്ത്രം) ധരിക്കാത്തതിന് ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാനിലെ മതധാർമിക പൊലീസ് (Garsht -e -Ershad ) മഹ്‌സ അമിനി എന്ന 22-കാരിയായ കുർദിഷ് യുവതിയെ മർദ്ദിച്ചുകൊന്നതിനെത്തുടർന്ന് (സെപ്റ്റംബർ 16, 2022) ഇറാനിലാകെ ഇസ്ലാമിക ഭരണകൂടത്തിനും അതിന്റെ പൗരോഹിത്യ ഭീകരതയ്ക്കുമെതിരെ സ്ത്രീകളുടെ വൻ പങ്കാളിത്തത്തോടെ നടന്ന ബഹുജന പ്രക്ഷോഭത്തിന് ഒരു വർഷം തികഞ്ഞ സമയത്താണ് കേരളത്തിൽ 'മുസ്‍ലിം പെണ്ണുങ്ങളുടെ തട്ടത്തിൽ തൊടാൻ ആരെടാ' എന്ന ആക്രോശവും ഉയരുന്നത് എന്നതൊരു ചേർത്തുവായന വേണ്ട സംഗതിയാണ്.

ഇറാനിലെ മഹ്‌സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധിത്തിൽ നിന്ന് / Photo : Wikimedia Commons

ലോകത്തെല്ലായിടത്തും മതയാഥാസ്ഥിതികത്വത്തിനും ഇസ്ലാമിക മതശാസനകൾക്കും അതിന്റെ സ്ത്രീവിരുദ്ധതയ്ക്കും ഒരു ഭാഷയേ ഉള്ളൂ. അതിനു ബദലായി മതേതര, ജനാധിപത്യ രാഷ്ട്രീയഭാഷ ശക്തമാവുമ്പോൾ പത്തിതാഴ്ത്തി കിടക്കുന്ന വിഷപ്പാമ്പാണ് മതയാഥാസ്ഥിതികത്വവും മതരാഷ്ട്രീയവും. ഒത്തുവരുന്ന അവസരം, അതേറ്റവും സൂക്ഷ്മവും ചെറുതുമാണെങ്കിൽക്കൂടി വിഷം തുപ്പാൻ സദാസജ്ജമായൊരു ജനിതക ഘടനയാണതിന്റേത്.

ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ നടുവിൽ മുടി മുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീവിരുദ്ധ ഇസ്ലാമിക മതഭീകരതയ്‌ക്കെതിരായ അതിധീരമായ പ്രതിഷേധമാണ് ഇറാനിൽ ഉയർന്നത്. അതിനുമുമ്പും പല പ്രതിഷേധങ്ങളും കുറഞ്ഞ തോതിലാണെങ്കിലും ഇറാനിൽ സ്ത്രീകൾ നടത്തിയിട്ടുണ്ട് (White Wednesdays, My Stealthy Freedom). ഒരു വർഷം കഴിയുമ്പോൾ ഇറാനിൽ ഈ ഇസ്ലാമിക മതഭരണകൂട വിരുദ്ധ സമരങ്ങൾ ഭരണകൂട അടിച്ചമർത്തലിൽ പതിഞ്ഞുപോയെങ്കിലും അത് വീണ്ടും ആളിപ്പിടിക്കാവുന്നൊരു ചരിത്രകാലത്തിലേക്ക് കാത്തുനിൽക്കാൻ പാകത്തിൽ അവിടെ കനലായി നീറുന്നുണ്ട്. രാഷ്ട്രീയാധികാരമുള്ള മതഭരണകൂടങ്ങളെയും അവയുടെ മനുഷ്യാവകാശലംഘനങ്ങളെയും എങ്ങനെ ചെറുത്തുതോൽപ്പിക്കണം എന്നതും അത്തരം ഭരണകൂടങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് എങ്ങനെയാണ് ഒരു മതേതര, ജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കുകയെന്നതും ഇന്നത്തെ ആഗോള-ഭൗമ രാഷ്ട്രീയ കാലാവസ്ഥയിൽ അതീവ ദുഷ്‌കരമായൊരു ആഭ്യന്തര വെല്ലുവിളിയാണ്.

'My Stealthy Freedom' കാമ്പയിനിൽ നിന്ന്. / Photo: My Stealthy Freedom, Fb

ഇസ്ലാമിക മതനിയമങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് എന്നതിന്റെ പ്രത്യക്ഷമായ ഹിംസാദൃശ്യങ്ങളാണ് ലോകത്തെവിടെയുമുള്ള ഇസ്ലാമിക മതശാസിത ഭരണകൂടങ്ങളുള്ള രാജ്യങ്ങളിൽ കാണാനാകുന്നത്. പ്രശ്നം ഇസ്ലാമിക ഭരണകൂടത്തിന്റേതു മാത്രമല്ല, ഇസ്ലാമിക മതനിയമങ്ങളുടേതുകൂടിയാണ്. അടിസ്ഥാനപരമായി അതിലുള്ള സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമാണ് പ്രശ്നം. എല്ലാ മതങ്ങളിലും ഏറിയും കുറഞ്ഞും ഇതുണ്ട്. എന്നാൽ മതങ്ങൾ രാഷ്ട്രീയാധികാരം കയ്യാളുന്നതോടെ അത് അതിഭീകരമായ തരത്തിൽ സമൂഹത്തെ അടിച്ചമർത്തുന്നതിലേക്കും സമൂഹത്തിന്റെ സ്വാഭാവിക വികാസത്തെ തടസപ്പെടുത്തന്നതിലേക്കും നയിക്കും. മതനിയമങ്ങൾ മറികടക്കുകയും തകർക്കുകയും ചെയ്യാതെ ഈ കടുംകെട്ടിനെ മറികടക്കാനാകില്ല. അതായത്, മതഭരണകൂടങ്ങൾക്കുകീഴിൽ ജനാധിപത്യവും സ്ത്രീസ്വാതന്ത്ര്യവും കേവലം ഔദാര്യങ്ങളായി അവശേഷിക്കും.

പാശ്ചാത്യ ആധുനികതയും പാശ്ചാത്യ വസ്ത്രധാരണരീതിയും കൊളോണിയൽ ആധുനികതയും അതിന്റെ അനുബന്ധ സാമൂഹ്യ - ലാവണ്യബോധവുമാണ് ഹിജാബ് അടക്കമുള്ള ഇസ്ലാമിക സ്ത്രീവസ്ത്രധാരണാ നിബന്ധനകളെ സ്ത്രീവിരുദ്ധമാക്കി ചിത്രീകരിക്കുന്നത് എന്നൊരു വാദം ശക്തമാണ്. ഇതിലെ ഒരു ഭാഗം ശരിയാണ്. അതായത്, യൂറോകേന്ദ്രീകൃതമായ രാഷ്ട്രീയ- സാമൂഹ്യ- ലാവണ്യ ബോധങ്ങൾ ലോകത്തെമ്പാടും മാനകങ്ങളായി മാറ്റുന്ന പ്രശ്നം ചരിത്രപരമായിത്തന്നെ വലിയ സംവാദങ്ങളും സംഘർഷങ്ങളും ന്യായമായും ജനിപ്പിക്കുന്നതാണ്. എന്നാൽ മതപരമായ, പൗരോഹിത്യ മേൽനോട്ടത്തിലുള്ള, സ്ത്രീകളെ പുരുഷനുകീഴിലെ രണ്ടാംകിട മനുഷ്യരായിക്കാണുന്ന ആശയ, നിയമ ലോകമാണ് ഇസ്ലാമിന്റേത് എന്നതുകൊണ്ട് യൂറോ കേന്ദ്രീകൃത ലോകചിന്തയുടെ പരിമിതികളിൽ ചാരി അതിന് തങ്ങളുടെ സ്ത്രീവിരുദ്ധതയിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇസ്ലാമിക നിയമസംഹിതയിൽ ('ശരിയ') സ്ത്രീകളെ പ്രതിപാദിക്കുന്ന മിക്കയിടത്തും എങ്ങനെയാണ് സ്ത്രീകളെ രണ്ടാംകിട മനുഷ്യരാക്കുന്നത് എന്ന് കാണാൻ കഴിയും. അതായത്, എത്രയൊക്കെ കഷ്ടപ്പെട്ട് ഇസ്ലാമിലെ സ്ത്രീയെ വീണ്ടെടുക്കാൻ ശ്രമിച്ചാലും ആത്യന്തികമായി രണ്ടു സ്ത്രീകളുടെ മൊഴി ഒരു പുരുഷന്റെ മൊഴിക്ക് തുല്യമാകുന്നേയുള്ളു എന്ന തരം ന്യായവിചാരങ്ങളുടെ ജനാധിപത്യവിരുദ്ധതയിലും സ്ത്രീവിരുദ്ധതയിലും തട്ടി മുടന്തിവീണുകൊണ്ടിരിക്കും.

സ്വതന്ത്രമായ തെരഞ്ഞെടുപ്പല്ല മതത്തിനുള്ളിലെ സ്ത്രീകളുടേത്. മതത്തിന്റെ നിബന്ധനകൾ സ്വാഭാവികമായ ഒന്നാണെന്ന മട്ടിൽ സ്വീകരിക്കുന്ന തരത്തിലേക്ക് പാകപ്പെടുന്നതുകൊണ്ടാണ് മഹാ ഭൂരിഭാഗം സ്ത്രീകളും ഇതിനെ അനുസരിക്കുന്നത്. ഇത്തരം മതശാസനകളിൽ നിന്ന് പുറത്തുവരിക എന്നത് എത്രമാത്രം കലുഷിതമായ സാമൂഹ്യജീവിതത്തിലേക്കാണ് തങ്ങളെ എടുത്തെറിയുക എന്ന അനുഭവധാരണ കണ്ടും കേട്ടും ഉള്ളതുകൊണ്ടുതന്നെ ഭൂരിപക്ഷം മനുഷ്യരും അത്തരമൊരു ഏറ്റുമുട്ടൽ ഒഴിവാക്കുകയാണ് ചെയ്യുക. എങ്ങനെയാണോ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനുകീഴിൽ ഭൂരിപക്ഷം ജനങ്ങളും ഏറെക്കാലം അടിച്ചമർത്തലുകളെ നേരിട്ട് വെല്ലുവിളിക്കാതെ ഒതുങ്ങി ജീവിച്ചുപോകാൻ ശ്രമിക്കുന്നത്, ഏതാണ്ടതേ ഭയമാണ് മതത്തിനുള്ളിലെ സ്ത്രീജീവിതങ്ങളുടെ എതിർപ്പുരാഹിത്യത്തിലും കാണാൻ കഴിയുക.

എന്നുമാത്രമല്ല ദൈവം, പരലോകം എന്നിവയൊക്കെയുമായി ബന്ധിപ്പിക്കുന്നതുകൊണ്ടും നൂറ്റാണ്ടുകളുടെ പ്രയോഗപ്പഴക്കമുള്ളതുകൊണ്ടും ഇത്തരം ആശയങ്ങളെ തങ്ങളുടെ തെരഞ്ഞെടുപ്പായി വ്യാഖ്യാനിക്കാനും വാദിക്കാനും അതിന്റെ ഇരകൾത്തന്നെ മുന്നോട്ടുവരുന്നതും ചരിത്രത്തിൽ പുതുമയല്ല. സതി സമ്പ്രദായം നിരോധിക്കുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ആത്മാർത്ഥമായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് സ്ത്രീകളെയും നമ്മൾ കണ്ടതാണ്. സതി നിരോധനത്തിനെതിരെയും ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുമൊക്കെ ഉയർന്ന വാദങ്ങൾ സമാനമാണ്. ഭാരതീയ ഹിന്ദു മതധാർമികതയുടെ മുകളിൽ പാശ്ചാത്യ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പാശ്ചാത്യ ആധുനികതയുടേയും കടന്നുകയറ്റമാണ് എന്നാണ് പൊതുവാദം. അതുകൊണ്ടാണ് ഭരണഘടനാധാർമികത എന്ന മതേതര ഭരണഘടന പ്രമാണമല്ല ശബരിമല വിഷയത്തിൽ പരിഗണിക്കേണ്ടതെന്നും സ്മൃതി, ശ്രുതി, വൈദിക പൗരോഹിത്യ പണ്ഡിതന്മാരാണ് അക്കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും വാദം വന്നത്. കൊളോണിയൽ ആധുനികതയുമായുള്ള തർക്കം നിലനിൽക്കുമ്പോഴും മതയാഥാസ്ഥിതികതയുടെ ജനാധിപത്യ വിരുദ്ധതയേയും സ്ത്രീവിരുദ്ധതയെയും അതുമായി കൂട്ടിക്കെട്ടുന്നത് ആത്മഹത്യാപരമാണ്.

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമല പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പി. പ്രവർത്തകർ

വസ്ത്രധാരണരീതികൾ ലോകമെമ്പാടും പലതരം സ്വാധീനങ്ങളിലൂടെയാണ് വികസിച്ചുവന്നിട്ടുള്ളത്. അതിലൊന്നുമാത്രമാണ് മതം. ഓരോ ഭൂപ്രദേശത്തെയും കാലാവസ്ഥ, ആ നാടുകളുടെ പുറംലോക ബന്ധം, കൊളോണിയൽ അധിനിവേശങ്ങൾ, സാംസ്‌കാരിക മുന്നേറ്റങ്ങൾ അങ്ങനെയങ്ങനെ നിരവധി ഘടകങ്ങൾ അതിലുണ്ട്. അതുകൊണ്ടുതന്നെ ഒരു ആഗോള പൊതുമാനകം വസ്ത്രധാരണത്തിനുണ്ടാകേണ്ട കാര്യമൊന്നുമില്ല. തലയിൽ തട്ടമിടുന്ന വസ്ത്രധാരണരീതി പ്രാകൃതമാകുന്നുമില്ല. എന്നാല് , മതത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഭാഗമായി സ്ത്രീകൾ ശരീരഭാഗങ്ങൾ മറയ്ക്കണമെന്നും മുടി പുറത്തുകാണരുതെന്നും ശരീരഭാഗങ്ങളും അഴകളവുകളും പുറത്തുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നുമൊക്കെ നിബന്ധനകൾ പുറപ്പെടുവിക്കുമ്പോൾ അത് സാംസ്‌കാരിക- സാമൂഹ്യ വൈവിധ്യത്തിന്റെ ഭാഗമായി അംഗീകരിക്കേണ്ടതില്ല. തകർത്തുകളയേണ്ട മതപൗരോഹിത്യത്തിന്റെയും പുരുഷാധിപത്യ സമൂഹത്തിന്റെയും കോട്ടവാതിലുകളിലെ കൂറ്റൻ താഴുകളായാണ് അവയെ കാണേണ്ടത്.

ഇസ്ലാമിക മതരാഷ്ട്രീയത്തിന് രാഷ്ട്രീയാധികാരവും ഭരണകൂടനിയന്ത്രണവുമില്ലാത്ത സമൂഹങ്ങളിലും ഒരു മതസമൂഹം എന്ന നിലയിൽ മുസ്‍ലിം സ്ത്രീകളെ അതിഹീനമായ, സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഇസ്ലാമിക മതനിയമത്തിനുള്ളിലെ രണ്ടാംകിട മനുഷ്യജീവികളാക്കി കൊണ്ടുനടക്കാൻ മതയാഥാസ്ഥിതികത്വം കർക്കശമായ ശ്രദ്ധ പുലർത്തും. സാമാന്യമായി മതേതരസമൂഹത്തിന്റെ രാഷ്ട്രീയധാരകൾക്കൊപ്പം നിൽക്കുന്നു എന്ന് കരുതുന്നവർപ്പോലും ഇസ്ലാമിനുള്ളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പ്രശനം ചർച്ചാവിഷയമാകുമ്പോൾ വളരെവേഗം 'മുസ്‍ലിം മതപുരുഷന്മാരായി' രൂപം മാറുന്നത് സർവ്വസാധാരണ കാഴ്ചയാണ്. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ അധികാരഘടനയ്ക്കൊപ്പം ദൈവത്തിന്റെ കയ്യൊപ്പുള്ള മതശാസനങ്ങൾ കൂടിച്ചേരുമ്പോൾസ്ത്രീകൾ അതിഭീകരമായ അടിച്ചമർത്തലാണ് നേരിടേണ്ടിവരുന്നത്.

Photo: Aslan Arfa, UNICEF

കേരളത്തിന്റെ പൊതുസമൂഹത്തിൽ നാനാവിധ സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായാണ് പരിമിതവും ദുർബ്ബലവുമായ രീതിയിലാണെങ്കിലും സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയ വിമോചന പ്രക്രിയ നടന്നിട്ടുള്ളത്. സ്ത്രീകളുടെത് മാത്രമായ ഒരു വിമോചന രാഷ്ട്രീയം ഉണ്ടാകില്ല എന്നതുപോലെത്തന്നെയാണ് സ്ത്രീകളെ രണ്ടാംകിട മനുഷ്യരായി നിലനിർത്തുന്നൊരു സാമൂഹ്യ,രാഷ്ട്രീയാധികാര ഘടനയിൽ ജനാധിപത്യം സാധ്യമാകാത്തതും. മുഴുവൻ മനുഷ്യരും സമത്വാധിഷിഠിതമായ, ചൂഷണമുക്തമായ ഒരു സാമൂഹ്യപ്രക്രിയയിൽ പങ്കാളികളും നടത്തിപ്പുകാരുമാകുന്ന ഒരു സമൂഹത്തിലാണ് ഏതുതരം ജനവിഭാഗങ്ങൾക്കും തങ്ങളുടെ ജനാധിപത്യ ജീവിതം സാധ്യമാവുകയുള്ളൂ. എന്നാൽ അതിലേക്കുള്ള പോരാട്ടത്തിൽ നിലവിലെ സമൂഹത്തിൽ സവിശേഷസ്വഭാവമുള്ള വിവേചനങ്ങൾക്കെതിരെയും ബഹുതല ചൂഷണങ്ങൾക്കെതിരെയുമുള്ള സമരങ്ങൾ പൊതുസമരങ്ങൾക്കൊപ്പവും എന്നാൽ തനതായ രാഷ്ട്രീയ പരിപാടികളുണ്ടാക്കിയും നടത്തേണ്ടിവരും. പുരുഷാധിപത്യ സമൂഹത്തിലെയും മതയാഥാസ്ഥിതികതയുടെയും അടിച്ചമർത്തലുകൾക്കെതിരായ സമരം പൊതു ജനാധിപത്യ സമരത്തിന്റെയും ചൂഷണവിരുദ്ധ പോരാട്ടത്തിന്റെയും ഭാഗമായിരിക്കുമ്പോഴും അതിന്റെ പ്രത്യക്ഷമായ ചൂഷണവും അടിച്ചമർത്തലും അനുഭവിക്കുന്നവർ എന്ന നിലയിൽ സവിശേഷമായ സമരരൂപങ്ങളുടെയും സംഘടനാരൂപങ്ങളുടെയും ആവശ്യകത സ്ത്രീകൾക്കുണ്ട്. അത് വിശാലമായ ജനാധിപത്യസമരത്തിന്റെ ഉള്ളിലുള്ള പുരുഷാധിപത്യ ഘടനകൾക്കും പ്രവണതകൾക്കും അധികാരബോധത്തിനും എതിരെക്കൂടി നടത്തേണ്ടതുണ്ട് എന്നതുകൊണ്ട് അതൊട്ടും ചെറിയ വെല്ലുവിളിയുമല്ല.

അനിൽകുമാറിന്റെ പരമാർശത്തെത്തുടർന്നുണ്ടായ വിവാദത്തിൽ സി.പി.എം അടങ്ങുന്ന മുഖ്യധാരാ ഇടതുപക്ഷവും, അതിനുള്ളിൽ നിൽക്കുന്ന പോഷകസംഘടനകളെപ്പോലെ പ്രവർത്തിക്കുന്ന അഥവാ ചുരുങ്ങിപ്പോകുന്ന സ്ത്രീസംഘങ്ങളും അനുവർത്തിക്കുന്ന ഒഴിഞ്ഞുമാറലും മതയാഥാസ്ഥിതികതയും ഇസ്ലാമിക രാഷ്ട്രീയവും ആവശ്യപ്പെടുന്ന നിലപാടുകൾക്ക് മുന്നിലുള്ള വിധേയത്വവും സ്ത്രീവിമോചന രാഷ്ട്രീയത്തിന്റെ എതിർപക്ഷത്താണ് നിൽക്കുന്നത്. വാസ്തവത്തിൽ അനിൽകുമാർ പറഞ്ഞത് അടർത്തിയെടുത്ത ഒന്നായി നോക്കിയാൽപ്പോലും അതിലത്ര കുഴപ്പമൊന്നുമില്ല. മതജീർണതകളുടെ സാമൂഹ്യനിയന്ത്രണങ്ങളിൽ നിന്നും സ്ത്രീകൾ പുറത്തുവരുന്നത് പല രീതിയിലാണ്. മതത്തിനുള്ളിലുള്ള പരിഷ്‌ക്കരണ ശ്രമങ്ങൾ, അതിനുവേണ്ടിയുണ്ടാകുന്ന പ്രസ്ഥാനങ്ങൾ, സ്ത്രീകളുടെ തന്നെ മുൻകയ്യിൽ അതിനുവേണ്ടി നടക്കുന്ന ശ്രമങ്ങൾ എന്നിവയിലൂടെയാണ്. എന്നാൽ ഇതിനെ സാധ്യമാക്കുന്നതും ഇതിനുപുറത്ത് ഇതിലേക്ക് നയിക്കുന്നതും പൊതുസമൂഹത്തിലുണ്ടാകുന്ന രാഷ്ട്രീയ, സാമൂഹ്യ മുന്നേറ്റങ്ങളാണ്. അത്തരത്തിൽ നോക്കിയാൽ കേരളത്തിലെ മത,സാമുദായിക പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ ചരിത്രധാരയിലുടനീളം ഈ ബാഹ്യസമ്മർദ്ദം കാണാം. കൊളോണിയൽ ആധുനികതയുടെ രൂപത്തിലും ദേശീയ സ്വാത്യന്ത്ര്യ സമരത്തിന്റെ രൂപത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരങ്ങളുടെയും ലോകവീക്ഷണത്തിന്റെയുമൊക്കെ രൂപത്തിലുമായി കേരളത്തിൽ ഇത് സാധ്യമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള കാറ്റിൽ നിന്നും തങ്ങളുടെ സ്വാധീനമേഖലകളെ സംരക്ഷിച്ചുനിർത്താൻ മതമേധാവികൾ ശ്രമിച്ചിട്ടുമുണ്ട്. അതുകൊണ്ട് തട്ടമിടുവിക്കാൻ വന്നാൽ വേണ്ടെന്ന് പറയാൻ ത്രാണിയുള്ള പെൺകുട്ടികളെ മലപ്പുറത്തുണ്ടാക്കുന്നതിൽ ഇടതുപക്ഷപ്രസ്ഥാനത്തിന് പങ്കുണ്ടെന്ന് അനിൽകുമാർ പറഞ്ഞാൽ ചരിത്രപരമായി അതിൽ ശരികേടില്ല. കുറേക്കൂടി സൂക്ഷ്മമായി നോക്കിയാൽ ആ പങ്ക് പലതരം രാഷ്ട്രീയ,സാമൂഹ്യ ധാരകളുടെ ഒപ്പമുള്ള ഒന്നാണെന്ന് മാത്രം. അതൊരു കുറവുമല്ല.

എന്നാൽ, ഇത്തരമൊരു പരാമർശത്തെ വളഞ്ഞിട്ടാക്രമിക്കാൻ മതവർഗീയവാദികൾ രംഗത്തുവരുന്നതിനു മുമ്പുതന്നെ അത്തരത്തിലൊരു ആക്രമണം തുടങ്ങിവെച്ചത് സി.പി.എമ്മിന്റെ 'പുത്തൻവർഗ' ഗുണഭോക്താക്കളിലൊരാളായ മുൻ മന്ത്രിയും മുൻ മുസ്‍ലിം ലീഗുകാരനും കൂടിയായ കെ.ടി. ജലീലിലാണ്. അതിലയാൾക്ക് കൂട്ടുനിന്നത് സി പി എമ്മിന്റെ കേരളത്തിൽ നിന്നുള്ള ഏക ലോക്‌സഭാംഗമായ ആരിഫാണ്. എത്ര പെട്ടന്നാണ് സി പി എമ്മിലെ മുസ്ലീങ്ങളായ തങ്ങൾ ഇക്കാര്യത്തിൽ ചാടിയിറങ്ങണം എന്ന് ആരിഫിന് തോന്നിയത് എന്ന് കാണുമ്പോൾ എത്ര ആഴത്തിലാണ് സ്വത്വവാദരാഷ്ട്രീയത്തിന്റെയും ഒപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അവസരവാദ ചാർച്ചകളുടെയും രോഗാണുക്കൾ സി പി എമ്മിനെ ആസകലം ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാൻ കഴിയും.

സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയാധികാരത്തിനും സ്ത്രീവിമോചന രാഷ്ട്രീയത്തിനും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതിയിലും ഇന്ന് ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഇടമുണ്ട്. അത് അത്തരത്തിലൊരു രീതിയിൽ അറിയുന്നതിന് മുമ്പുതന്നെ കേരളത്തിൽ സ്ത്രീവിമോചന സമരങ്ങൾ നടന്നിട്ടുമുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ജാതി-ജന്മി വ്യവസ്ഥക്കെതിരെയുള്ള സമരങ്ങളിൽ കാതൽപോലുറച്ചുനിന്ന, സനാതന ഹിന്ദുമതം മനുഷ്യരായി കണക്കാക്കാതിരുന്ന പതിനായിരക്കണക്കിന് സ്ത്രീകൾ ഈ സ്ത്രീവിമോചനപ്പോരാട്ടത്തിനെ നയിച്ചവരാണ്. മറക്കുടയും ഘോഷയും കളഞ്ഞ നമ്പൂതിരി സ്ത്രീ ഹിന്ദു ജാതിവ്യവസ്ഥയിലെ മനുഷ്യത്വരഹിതമായ സ്ത്രീകളുടെ ജീവിതാവസ്ഥകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു, ഒപ്പം സ്ത്രീകളുടെ വിമോചനപ്പോരാട്ടമെന്ന പൊതുസമരത്തിന്റെ ഭാഗമായിരുന്നു. അതുതന്നെയാണ് തട്ടം കളയുന്ന മുസ്ലിം സ്ത്രീയും ഇസ്ലാമിനുള്ളിൽ ചെയ്യുന്നത്.

പൊതുസമൂഹത്തിന് ഇടപെടാൻ പാടില്ലാത്ത ഒന്നാണ് ഇസ്ലാം എന്നും അതിനെക്കുറിച്ചുള്ള ചർച്ചകളുമെന്ന് വരുത്തിത്തീർക്കുന്നത് വാസ്തവത്തിൽ ഇസ്ലാമിക രാഷ്ട്രീയക്കാരെയും മതയാഥാസ്ഥിതിക നേതൃത്വത്തെയും അതിനൊപ്പം സംഘപരിവാറിന്റെ മുസ്ലീങ്ങളെ അപരവത്ക്കരിക്കാനുള്ള ശ്രമങ്ങളെയുമാണ് സഹായിക്കുക. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും സംസാരിക്കുമ്പോൾ മുസ്ലിം സ്ത്രീയുടെ കാര്യം മുസ്ലീങ്ങളും ഇസ്ലാമിക പൗരോഹിത്യവും ഇസ്ലാമിക രാഷ്ട്രീയക്കാരും വല്ലാതെ സമ്മർദ്ദം വന്നാൽ മുസ്ലിം സ്ത്രീകളും പറഞ്ഞോളുമെന്നും വേറെയാരും അതിലിടപെടാൻ പാടില്ലായെന്നൊക്കെയുള്ള ഭീഷണികളെ വകവെക്കാൻ ഒരു ജനാധിപത്യസമൂഹം തയ്യാറായിക്കൂട. മതങ്ങളും അവയുടെ ജീർണ്ണബോധവും അതിന്റെ ഘടനാപരമായ അടിച്ചമർത്തലുകൾക്കുള്ളിൽ നരകിക്കുന്ന മനുഷ്യരും അതാത് മതങ്ങളുടെ ആഭ്യന്തര പ്രശ്നമല്ല, അത് മതത്തിനു പുറത്തുള്ള വിശാലമായ മാനവസങ്കല്പത്തിലൂന്നിയ ജനാധിപത്യ രാഷ്ട്രീയത്തിന് മാറ്റിനിർത്താൻ കഴിയാത്ത സാമൂഹ്യ സംഘർഷങ്ങളാണ്.

'തട്ടത്തിൽ തൊടണ്ട' എന്ന് വിളിച്ചു പറയുന്ന സ്ത്രീകളെ മുസ്ലിം മത യാഥാസ്ഥിതികത്വത്തിനും ഇസ്ലാമിക രാഷ്ട്രീയക്കാർക്കും ഇറക്കാൻ കഴിയുന്നുണ്ട്. എക്കാലത്തും, ഇത്തരത്തിൽ വിമോചന രാഷ്ട്രീയത്തെ ഞങ്ങൾക്ക് വേണ്ട എന്ന് പറയുന്ന കുങ്കിയാനകളെ ഇറക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അത് സ്വാഭാവികമാണ്. കേരളത്തിലെ ഇസ്ലാമിക മതയാഥാസ്ഥിതികത്വം വളരെ കൗശലത്തോടെ നേടിയെടുത്ത ഒരിടം എന്ന് പറയുന്നത്, ആധുനിക ജനാധിപത്യ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന്റെ ഭാഗമായുള്ള വിദ്യാഭ്യാസപ്രക്രിയയയിൽ മൂലധനശക്തിയുപയോഗിച്ചുകൊണ്ട് ഒരിടം വളരെ സുഗമമായി ഉണ്ടാക്കിയെടുക്കുകയും അവിടെ തങ്ങളുടെ മതവാർപ്പുമാതൃകയിൽ ഈ ഭൗതികവിദ്യാഭ്യാസത്തെ കടത്തിവിടുകയും ചെയ്തു എന്നതാണ്. അങ്ങനെയാണ് ഇസ്ലാമിക മതജീവിതത്തിന്റെ ജീര്ണതയ്ക്കുളിൽ നിന്നും പുറത്തുകടക്കാൻ നിന്നിരുന്ന ഒരു തലമുറയെ സ്വത്വവാദരാഷ്ട്രീയത്തിന്റെയും ഇസ്ലാമിക മതജീർണതയുടെയും മതബദ്ധജീവിതത്തിന്റെയും ഉള്ളിൽവീണ്ടും തളച്ചിടാൻ അവർക്കായത്. ഇത് വാസ്തവത്തിൽ കേരളീയ സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനെക്കുറിച്ച് കുറച്ചു പള്ളിക്കമ്മറ്റിക്കാരും ഇസ്ലാമിക രാഷ്ട്രീയക്കാരും മാത്രം ചർച്ച ചെയ്താൽ മതിയെന്ന് പറഞ്ഞാൽ അതൊന്നും വകവെക്കേണ്ടതില്ല.

എന്നാൽ അത്തരത്തിലുള്ള ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കുന്നു എന്നതാണ് സി പി എം ചെയ്യുന്നത്. മതവിരോധമോ നിരീശ്വരവാദം പ്രചരിപ്പിക്കലോ ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു അടിയന്തിര രാഷ്ട്രീയ ചുമതലയല്ല. ദൈവവിശ്വാസവും മതബോധവുമെല്ലാം നിലവിലെ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയിലെ അധികാരഘടനയുടെ ഭാഗമായി കാണേണ്ട കാര്യങ്ങളാണ്. അതിൽ മതത്തിനെ മാത്രമായെടുത്ത് ഒറ്റതിരിഞ്ഞു തോൽപ്പിക്കൽ കേവല യുക്തിവാദത്തിന്റെ അജണ്ടയാകും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയല്ല. എന്നാൽ മതത്തിനുള്ളിൽ നടക്കേണ്ട, മതം ഒരു ഘടന എന്ന നിലയിൽ ശക്തിപ്പെടുത്തുന്ന ഈ ചൂഷണഘടനയിൽ, അതിന്റെ പല തട്ടുകളിൽ നടക്കേണ്ട സമരങ്ങളെ, മതജീർണ്ണതക്കെതിരായി പൊതുസമൂഹത്തിൽ നിന്നും ഉയർന്നുവരേണ്ട സമരങ്ങളെ, മതഘടനകളിൽ പൊതുവിലും ഓരോ മതത്തിനുള്ളിലും സവിശേഷമായുമുള്ള സ്ത്രീവിരുദ്ധമായ രീതികൾക്കെതിരായ സമരങ്ങളെ എല്ലാ തരത്തിലും പിന്തുണയ്ക്കുകയും അവയ്ക്ക് ആശയപരവും സമരരൂപത്തിലുമുള്ള നേതൃപരമായ ദാർഢ്യവും നൽകുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിപാടിയാണ്. കാരണം ചൂഷണവ്യവസ്ഥയുടെ എല്ലാ എടുപ്പുകെട്ടുകളേയും നിരന്തരം ഉലയ്ക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം.

അത്തരത്തിൽ ഈ വിഷയത്തെ കേരളത്തിൽ സി പി എമ്മിന് സമീപിക്കാൻ കഴിയാത്തതിൽ അത്ഭുതമില്ല. കാരണം അത് ചൂഷണത്തിന്റെ ഈ ബൃഹദാഖ്യാനത്തിനൊപ്പമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നു അതിന്റെ നേതൃത്വം. പൊതുസമൂഹത്തിനെ പരമാവധി സമരരഹിതവും സംഘർഷരഹിതവുമാക്കി നിർത്തുക എന്ന അധീശഭരണവർഗ്ഗതന്ത്രം സി പി എമ്മിനും സ്വീകാര്യമാകുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് ആ പ്രശ്‌നത്തിൽ ഇനി അഭിപ്രായമൊന്നും പറയേണ്ടതില്ലെന്നും അത് തീർന്നെന്നും വിപ്ലവ യുവജന സംഘടനാ എന്ന് സ്വയം വിളിക്കുന്ന സി പി എം പോഷക സംഘടനയുടെ നേതാവ് സി പി എം രാജ്യസഭാംഗം കൂടിയായ എ.എ. റഹീം വലിയ രാഷ്ട്രീയചാതുര്യമെന്ന മട്ടിൽ പറയുന്നത്. പുരോഗമന രാഷ്ട്രീയനിലപാടുകൾക്കൊപ്പം നിന്ന്, അവയ്ക്ക് വേണ്ടി സമരം ചെയ്ത്, സ്വന്തം ജീവിതം കൊണ്ട് മതയാഥാസ്ഥിതികത്വത്തോട് പോരാടിയവരും ഇപ്പോഴും പോരാടുന്നവരുമായ സി പി എമ്മിലും DYFI-യിലുമൊക്കെയുള്ള അസംഖ്യം സ്ത്രീകളെയും, മതനിയമങ്ങൾ തങ്ങളിൽ നിന്നും തട്ടിയെടുത്ത സ്വതന്ത്രജീവിതത്തിന്റെ ലോകങ്ങളിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന അനേകായിരം സ്ത്രീകളുടെ രാഷ്ട്രീയത്തോടും രാഷ്ട്രീയസാധ്യതകളോടുമാണ് കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് യുവജന നേതാവ് 'ആ വിഷയം ഇനി ചർച്ച ചെയ്യണ്ടതില്ല' ഏന് പറയുന്നത്. സമരം ആദരിക്കാനുള്ള ചരിത്രം മാത്രമാക്കുകയും ദാനം ഒരു വിപ്ലവരാഷ്ട്രീയമായി ആഘോഷിക്കുകയും ചെയ്യുന്ന നേതൃത്വം ഇതിൽക്കൂടുതലൊന്നും പറയില്ല.

Photo : Muhammed Fasil

ഇന്ത്യയിൽ നിലനിൽക്കുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയാധികാരം എല്ലാവിധ ജനാധിപത്യ രാഷ്ട്രീയത്തിനെതിരെയും നടത്തുന്ന വേട്ട അനുദിനം രൂക്ഷമാവുകയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രപദ്ധതിയുടെ അവിഭാജ്യഘടകമായ ന്യൂനപക്ഷ വിരുദ്ധതയും അതിൽത്തന്നെ മുസ്ലിം എന്ന ശത്രുനിർമ്മാണവും മുസ്ലീങ്ങളെ പൗരന്മായിപ്പോലും കണക്കാക്കാൻ വിസമ്മതിക്കുന്ന രാഷ്ട്രീയാക്രമണവും ഇന്ത്യയിലുണ്ട്. കർണ്ണാടകത്തിൽ ഹിജാബ് ധരിച്ച കുട്ടികളെ സ്‌കൂളിൽ അനുവദിക്കില്ലെന്ന മുൻ ബി ജെ പി സർക്കാർ തീരുമാനം അത്തരത്തിലുള്ള രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. മതസ്വാതന്ത്ര്യം എന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ഒന്നാണ്. വസ്ത്രസ്വാതന്ത്ര്യം അതേത് മതബോധത്തിന്റെ ഭാഗമായാലും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷ മതങ്ങളുടെയും മതസ്വാതന്ത്ര്യത്തിനെതിരായ സംഘപരിവാറിന്റെ ആക്രമണത്തെ ചെറുക്കാൻ ജനാധിപത്യ മതേതര രാഷ്ട്രീയം മുന്നിലുണ്ട്. അതേ സമയം ഫാഷിസ്റ്റ് വിരുദ്ധ സമരമെന്നത് വിശാലമായ ജനാധിപത്യ രാഷ്ട്രീയത്തിന് വേണ്ടിയുള്ള സമരമാണ്. ആ സമരത്തിൽ ഒരുതരത്തിലുള്ള സങ്കുചിത മതവർഗീയതയ്ക്കും ഇടമില്ല. മതജീർണ്ണതകളിൽ ജീവിതം തളച്ചിടേണ്ടിവരുന്ന സ്ത്രീകളോട് നമുക്കിനി ഫാഷിസത്തെ തോൽപ്പിച്ചതിന് ശേഷം ഈ വിഷയം ചർച്ച ചെയ്യാം എന്ന് പറയേണ്ട കാര്യവുമില്ല. കാരണം സ്ത്രീവിരുദ്ധമായ മതനിയമങ്ങളുടെ നടത്തിപ്പുകാർ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിലെ സഖ്യകക്ഷികളല്ല. അതുകൊണ്ടാണ് തട്ടം പ്രശ്‌നത്തിൽ സി പി എമ്മിനെ ആക്രമിക്കുന്ന മുസ്ലിം ലീഗിലെ നേതാവായ പി എം എ സലാം സി പി എമ്മിന്റെ മതവിദ്വേഷത്തിന് ഉദാഹരണമായി ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ എടുത്തുകാട്ടുന്നത്. അതായത്, സ്ത്രീവിരുദ്ധതയിലും സ്ത്രീകൾക്ക് മതത്തിനുള്ളിൽ രണ്ടാംകിട നില മാത്രം നൽകുന്നതിലും ഏറെ അനായാസമായാണ് മുസ്ലിം രാഷ്ട്രീയക്കാരും ഇസ്ലാമിക വർഗീയവാദികളും സംഘപരിവാറിനെ സഖ്യകക്ഷിയാക്കുന്നത്.

ഇസ്ലാമിക മതരാഷ്ട്രീയത്തോടോ മതയാഥാസ്ഥിതികത്വത്തോടോ സന്ധിചെയ്ത് നടത്തേണ്ട ഒന്നല്ല ഫാഷിസ്റ്റ് വിരുദ്ധസമരം. ജനാധിപത്യ സമൂഹത്തിനുവേണ്ടിയുള്ള സമരമാണത്. സമഗ്രാധിപത്യ ഭരണകൂടത്തിനെതിരായ സമരമാണത്. മനുഷ്യർക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനും ചിന്തിക്കാനും അഭിപ്രായം പറയാനും തങ്ങൾക്ക് നിർണ്ണയാവകാശമില്ലാത്ത അധികാരഘടനകളെ അനുസരിക്കാൻ ബാധ്യതയില്ലാത്തതുമായ ഒരു സമൂഹത്തിനുവേണ്ടിയുള്ള സമരമാണത്. ആ സമരത്തിൽ മുസ്ലിം സ്ത്രീകളുടെ കാര്യം മാത്രം മിണ്ടരുതെന്ന് പറഞ്ഞാൽ നടപ്പില്ല. സ്ത്രീകൾകൂടിയുള്ള ജനാധിപത്യത്തിനാണ് സമരം. അല്ലാതെ മറ കെട്ടി പൊതിഞ്ഞുസൂക്ഷിച്ച വെറും വസ്തുക്കളായി സ്ത്രീകളെക്കൊണ്ടിരുത്തി അതിൽ നിന്നും കുങ്കിയാനകളെക്കൊണ്ട് ചിന്നം വിളിപ്പിക്കുന്ന മതസമ്മേളനമല്ല ജനാധിപത്യ രാഷ്ട്രീയവും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ സമരവും. അതുകൊണ്ട് തട്ടമിടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സംശയങ്ങളില്ലാതെ നിലകൊള്ളുമ്പോളും തട്ടമിടാൻ പറയുന്നത് ഒരു പുരുഷാധികാര മതഘടനയുടെ അടിച്ചമർത്തലാണെന്നും അതുകൊണ്ട് തട്ടം വലിച്ചെറിയുക എന്നത് വിമോചനകരമായ ഒരു പരിപാടിയാണെന്നും സന്ദേഹരഹിതമായി പറയുന്നതിനെയാണ് ഇടതുപക്ഷ രാഷ്ട്രീയം, ജനാധിപത്യ രാഷ്ട്രീയം, സ്ത്രീ വിമോചന രാഷ്ട്രീയം എന്നൊക്കെ പറയുന്നത്.

Comments