കേരളത്തിൽ വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും ട്രാൻജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു ശതമാനം സംവരണം നൽകണമെന്ന നിർദ്ദേശവുമായി കേരള പിന്നാക്ക വിഭാഗ കമീഷൻ. യോഗ്യതയുള്ള ട്രാൻസ് വ്യക്തികൾക്ക് അവർ ഉൾപ്പെടുന്ന ജാതികളുടെ സംവരണ ക്വാട്ടയിൽ അവസരം നൽകുക എന്നതാണ് നിർദ്ദേശം. പട്ടികജാതി- പട്ടികവർഗ- പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട യോഗ്യരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അതത് ജാതിവിഭാഗങ്ങളിൽ സംവരണം നൽകുക, ജാതിവിവരങ്ങൾ ലഭ്യമല്ലാത്ത ഉദ്യോഗാർഥികളെയും മുന്നാക്ക സമുദായത്തിൽപ്പെട്ടവരെയും പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ശുപാർശകളാണ് കമീഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ക്രീമിലെയർ (Creamy Layer) വ്യവസ്ഥ ബാധകമല്ല. സാമ്പത്തികവും സാമൂഹികവുമായി മുന്നാക്കം നിൽക്കുന്നതിനാൽ സർക്കാർ നൽകുന്ന വിദ്യാഭ്യാസപരവും തൊഴിൽ പരവുമായ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ക്രീമിലെയർ. ഇന്ത്യയിൽ ആദ്യമായി ട്രാൻസ് വ്യക്തികൾക്ക് ഒരു ശതമാനം ഹൊറിസോണ്ടൽ സംവരണം നടപ്പിലാക്കിയ സംസ്ഥാനം കർണാടകയാണ്, 2021-ൽ.
വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ ട്രാൻസ് വ്യക്തികൾക്ക് ഹൊറിസോണ്ടൽ റിസർവേഷൻ (Horizontal Reservation) നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാറിനോട് അടുത്തിടെ ഉത്തരവിട്ടിരുന്നു. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം ട്രാൻസ് വ്യക്തിയെ ഒ.ബി.സി വിഭാഗത്തിൽ പരിഗണിക്കുമെന്ന 2015-ലെ തമിഴ്‌നാട് സർക്കാറിന്റെ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയ കരട് നയരേഖയിൽ ട്രാൻസ് വ്യക്തികൾക്ക് ഒരു ശതമാനം ഹൊറിസോണ്ടൽ റിസർവേഷന് ശുപാർശ ചെയ്യുന്നുണ്ട്. അതോടൊപ്പം മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ട്രാൻസ്, ഇന്റർസെക്സ് വ്യക്തികളെ ഉൾപ്പെടുത്താനും കരട് ശുപാർശ ചെയ്യുന്നു.
നഴ്‌സിംഗ് വിദ്യാഭ്യാസ മേഖലയിൽ ട്രാൻസ്‌ജെൻഡർ സംവരണം ഉറപ്പുവരുവരുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. ബി.എസ്.സി നഴ്സിംഗ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിംഗ് കോഴ്സിൽ ഒരു സീറ്റുമായിരുന്നു കേരള സർക്കാർ നടപ്പിലാക്കിയ സംവരണം. എന്നാൽ അന്ന് വിദ്യാഭ്യാസ മേഖലയിൽ മാത്രമായിരുന്നു സംവരണം അനുവദിച്ചിരുന്നത്.
2017-ൽ എറണാകുളം സ്വദേശിനിയായ ട്രാൻസ് യുവതി പി.എസ്.സി മത്സരപരീക്ഷകളിൽ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൾക്ക് സംവരണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ട്രാന്‍സ്‌ജെന്റര്‍സ്ത്രീകൾക്ക് പി.എസ്.സി പരീക്ഷകളിൽ സ്ത്രീവിഭാഗത്തിൽ തൊഴിൽ തേടാം എന്ന ഉത്തരവുണ്ടായിരുന്നു.
2015-ൽ ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. അന്നു മുതൽ ട്രാന്‍സ് വ്യക്തികളുടെ സംവരണം കേരളത്തിൽ ചർച്ചാവിഷയമാണ്. ട്രാൻസ് വ്യക്തികൾക്ക് ഒ.ബി.സി കാറ്റഗറിയില്‍ പെടുത്തി സംവരണം നല്‍കാം എന്ന നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും പട്ടികജാതി- വര്‍ഗ വിഭാഗക്കാരായ ട്രാന്‍സ്‌ജെന്‍ഡേഴ്സിന് ഇത് ബാധകമാക്കാനാകില്ല എന്ന പ്രശ്‌നമുയര്‍ന്നുവന്നു. അതിനുപകരം എല്ലാ ജാതി- മത വിഭാഗത്തില്‍പെട്ട ട്രാന്‍സ് വ്യക്തികളെയും തുല്യരായി പരിഗണിച്ച് സംവരണം നടപ്പാക്കണമെന്ന വാദമാണ് ട്രാന്‍സ് ആക്റ്റിവിസ്റ്റുകള്‍ ഉയര്‍ത്തിയത്.
നാഷണൽ ലീഗൽ സർവ്വീസ് അതോറിറ്റി ഓഫ് ഇന്ത്യ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2014-ൽ ഇന്ത്യയിലെ ട്രാൻസ് വ്യക്തികൾക്ക് സംവരണത്തിനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പൊതുനിമനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനകാര്യത്തിലും ട്രാൻസ് വ്യക്തികൾക്ക് സംവരണം നൽകാൻ നിർദ്ദേശിച്ച കോടതി, ട്രാൻസ് വ്യക്തികളെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്ക വിഭാഗമായി പരിഗണിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് നിർദ്ദേശിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശം പാലിക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാന വ്യവസ്ഥയായ ഹൊറിസോണ്ടല്‍ സംവരണക്കാര്യത്തില്‍ പലതരം എതിര്‍വാദങ്ങള്‍ ഉയര്‍ത്തപ്പെട്ടു. 2014-ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നുകാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍, ട്രാന്‍സ് വ്യക്തികള്‍ക്ക് പ്രത്യേക സംവരണം നല്‍കാനാകില്ല എന്ന നിലപാടാണ് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
2023-ൽ സർക്കാർ ജോലികളിൽ ട്രാൻസ് വ്യക്തികൾക്ക് സംവരണം നൽകാൻ സാധിക്കില്ലെന്ന് മഹാരാഷ്ട്ര അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ വിധിച്ചിരുന്നു. ട്രാൻസ്‌ജെൻഡേഴ്‌സിനെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരായി അംഗീകരിച്ച 2014-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകർ പ്രത്യേക സംവരണം ആവശ്യപ്പെട്ടത്. നിലവിലുള്ള സംവരണ പരിധികളുടെ ദുരുപയോഗസാധ്യത ചൂണ്ടിക്കാട്ടിയ സംസ്ഥാനം സംവരണത്തെ അന്ന് എതിർത്തത്.