സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹേമ കമ്മിറ്റി

സിനിമയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളുടെയും അധിക്ഷേപങ്ങളുടെയും സ്വഭാവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹേമ കമ്മിറ്റി. ഇന്ത്യൻ പീനൽ കോഡിൽ പറയുന്ന തരത്തിലുള്ള, തൊഴിലിടങ്ങളിലെ സ്ത്രീപീഡനത്തിനു സമാനമായ കുറ്റകൃത്യങ്ങൾ സിനിമാമേഖലയിൽ അര​ങ്ങേറുന്നു. മലയാള സിനിമയിൽ 15 നടന്മാരുടെ ‘പവർ ഗ്രൂപ്പ്’- ഹേമ കമ്മിറ്റി റിപ്പോർട്ടി​ലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.

News Desk

സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്നത് ഞെട്ടിക്കുന്ന ലൈംഗികാതിക്രമങ്ങളെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇന്ന് പുറത്തുവിട്ട 290 പേജുള്ള റിപ്പോർട്ടിലാണ്, ഇന്ത്യൻ പീനൽ കോഡിൽ പറയുന്ന തരത്തിലുള്ള, തൊഴിലിടങ്ങളിലെ സ്ത്രീപീഡനത്തിനു സമാനമായ കുറ്റകൃത്യങ്ങൾ സിനിമാമേഖലയിൽ അര​ങ്ങേറുന്നുവെന്ന നടുക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.

‘തിളങ്ങുന്ന താരങ്ങളും മനോഹാരിയായ ചന്ദ്രനുമുള്ള ആകാശം ദുരൂഹതകൾ നിറഞ്ഞതാണ്’ എന്ന അർഥഗർഭമായ വാചകത്തോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങുന്നത്; ‘‘എന്നാൽ, ശാസ്ത്രീയ അന്വേഷണം വ്യക്തമാക്കുന്നത്, താരങ്ങൾക്ക് അത്ര തിളക്കമില്ല എന്നും ചന്ദ്രന് അത്ര സൗന്ദര്യമില്ല എന്നുമാണ്. അതുകൊണ്ട് ഈ പഠനം മുന്നറിയിപ്പുനൽകുന്നു, നിങ്ങൾ കാണുന്നതിനെ വിശ്വസിക്കാതിരിക്കുക, ഉപ്പു പോലും പഞ്ചസാരയാണെന്ന് തോന്നിപ്പിക്കും’’.

മലയാള സിനിമാ മേഖലയെ അടിമുടി അടക്കിഭരിക്കുന്നത് ആണധികാരമേൽ​ക്കോയ്മയുടെ സ്റ്റാർഡം ആണെന്ന വ്യക്തമായ സൂചനയാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ ഉടനീളമുള്ളത്.

റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:

തങ്ങൾ താമസിക്കുന്ന മുറികളുടെ വാതിലിൽ ബലം പ്രയോഗിച്ച് തുടർച്ചയായി മുട്ടിക്കൊണ്ടിരിക്കുന്നത് പതിവാണെന്ന് നിരവധി സ്ത്രീകൾ വെളിപ്പെടുത്തി. പല സന്ദർഭങ്ങളിലും, വാതിൽ പൊളിച്ച് പുരുഷന്മാർഅകത്തുകയറുമോ എന്നുപോലും പേടിച്ചിരുന്നിട്ടുണ്ട്. തങ്ങൾക്കൊപ്പം വീട്ടിൽനിന്നോ മറ്റോ ആരെയെങ്കിലും ഒപ്പം കൂടെക്കൊണ്ടുവരാത്തവർ തൊഴിലിടങ്ങളിൽ സുരക്ഷിതരല്ല എന്ന് നിരവധി സ്ത്രീകൾ പറഞ്ഞു.

അധ്യാപികയോ ക്ലർക്കോ എഞ്ചിനീയറോ ഡോക്ടറോ പോലെ മറ്റേതെങ്കിലും തൊഴിലെടുക്കുന്നവർക്ക് ഇത്തരം പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നില്ല. അവർക്ക് ലൈംഗികാതിക്രമങ്ങളിൽനിന്ന് രക്ഷപ്പെടാൻ മാതാപിതാക്കളെ കൂടി തൊഴിലിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരുന്നില്ല. മറ്റു മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് കഴിവ് തെളിയിച്ചാൽ മതി. എന്നാൽ, സിനിമയിൽ ഇതിൽനിന്ന് ഏറെ ഭിന്നമായ ബന്ധങ്ങളാണ് നിലനിൽക്കുന്നത്.

സിനിമയിലെ സ്ത്രീകൾക്ക് തനിച്ച് തൊഴിലിടങ്ങളിലേക്കുപോകാൻ പേടിയാണ്. കാരണം, സിനിമയിലുള്ളവരുടെ നോട്ടം സെക്‌സിലേക്കുമാത്രമാണ്. ‘അവസരം വേണമെങ്കിൽ വഴങ്ങണം’ എന്നു പറയും. അല്ലാത്തവർക്ക് അവസരം നിഷേധിക്കും. ലൈംഗികമായി സമ്മതം പ്രകടിപ്പിക്കാൻ നിർബന്ധിതരാകുന്നവർക്കുമാത്രം നല്ല ഭക്ഷണം പോലും നൽകുന്ന സ്ഥിതിയുണ്ട്. നിർബന്ധിച്ച് ചിത്രീകരിച്ച നഗ്നതാ ദൃശ്യങ്ങൾ നശിപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ സംഭവം ഒരു വ്യക്തി ചൂണ്ടിക്കാട്ടി. അതിക്രമം കാട്ടിയവരിൽ പലരും ഉന്നതരാണ്. തങ്ങൾ നേരിട്ട ഇത്തരം അനുഭവങ്ങൾ തെളിവു സഹിതം നിരവധി പേർ കമ്മിറ്റിക്ക് നൽകിയ മൊഴിയിലുണ്ട്.

സ്ത്രീകളുടെ സോഷ്യൽ മീഡിയ വാളുകളിൽ പുരുഷലിംഗത്തിന്റെ പടം പോസ്റ്റു ചെയ്ത്, റേപ്പ് ഭീഷണി ഉയർത്താറുണ്ട്. സിനിമയിലെ അനുഭവങ്ങൾ തുറന്നു പറയുന്നത് ജീവൻ പണയം വച്ചാണെന്ന് മൊഴി നൽകിയവർ കമ്മറ്റിയെ അറിയിച്ചു.

കമ്മിറ്റിക്കുമുന്നിൽ വെളിപ്പെടുത്തപ്പെട്ട, സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ, ഇന്ത്യൻ പീനൽ കോഡിലെ, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയുന്ന വകുപ്പുപ്രകാരമുള്ള കുറ്റകൃത്യമാണെങ്കിലും സിനിമയിൽ ഇത്തരം പീഡനങ്ങൾ നേരിടുന്നവർ നിശ്ശബ്ദമായി എല്ലാം സഹിക്കുകയാണ്. പരാതിപ്പെട്ടാൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പേടിയാണിതിന് കാരണം.

ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് കോടതിയിലോ പോലീസിനോ മുമ്പാകെ പരാതി ഉന്നയിച്ചാൽ ജീവന് ഭീഷണിയുൾപ്പെടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ജീവന് ഭീഷണിയുണ്ടാകുന്നത് ഇരകൾക്കെതിരെ മാത്രമല്ല, അവരുടെ അടുത്ത കുടുംബാംഗങ്ങൾ പോലും അപകടത്തിലാകും. പരാതി പറയാൻ വായ തുറന്നാൽ എന്ത് നേരിടേണ്ടിവരുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല. പരാതിയുടെ അടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം തുടങ്ങും.

സ്ത്രീകളെ ആക്രമിക്കാൻ സോഷ്യൽ മീഡിയയിൽ അശ്ലീലകരമായ ഭാഷ ഉപയോഗിക്കുന്നുവെന്ന് സാക്ഷികൾ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയ രേഖകളിലുണ്ട്. അശ്ലീല ചിത്രങ്ങളും പോർണോഗ്രാഫിക് ചിത്രങ്ങളും അശ്ലീല കമന്റുകളോടെ പോസ്റ്റ് ചെയ്യുന്നു. ഇത് ട്രോളുകളായും വാട്‌സ്ആപ്പ് സന്ദേശങ്ങളായും പ്രചരിപ്പിക്കുകയും ചെയ്യും. സ്ത്രീകളായ കലാകാരരുടെ സോഷ്യൽ മീഡിയ വാളുകളിൽ പുരുഷലിംഗത്തിന്റെ പടം പോസ്റ്റു ചെയ്ത്, റേപ്പ് ഭീഷണി പോലും ഉയർത്താറുണ്ട്. സിനിമയിലെ അനുഭവങ്ങൾ തുറന്നു പറയുന്നത് ജീവൻ പണയം വച്ചാണെന്ന് മൊഴി നൽകിയവർ കമ്മറ്റിയെ അറിയിച്ചു. ആരോപണ വിധേയർ പലരും വളരെ സ്വാധീനമുള്ളവരാണ്.

അതിക്രമം നേരിട്ട ഒരു നടിക്ക് പിറ്റേന്ന്, അതിക്രമം നടത്തിയ ആളിനൊപ്പം ഭാര്യയായി അഭിനയിക്കണ്ടി വന്നു. അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് എടുക്കേണ്ടിവന്നു. ഇതിന്റെ പേരിൽ സംവിധായകൻ അവരെ ആക്ഷേപിച്ചു.

സിനിമയിൽ, ഈ പറയുന്നപോലെ വളരെ മോശം സാഹചര്യമാണുള്ളതെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾ പൊലീസിൽ പരാതിപ്പെടുന്നില്ല എന്ന് കമ്മിറ്റിക്കുമുന്നിലെത്തിയ പല പുരുഷന്മാരും ചോദിക്കുകയുണ്ടായി. അതിക്രമത്തിനിരയായ ഒരോളോട് പൊലീസ് സ്‌റ്റേഷനിൽ നേരിട്ടുപോയി പരാതി നൽകാനോ അല്ലെങ്കിൽ പരാതി എഴുതി നൽകാനോ ആവശ്യപ്പെട്ടിരുന്നതായി, കമ്മിറ്റിയോട് ഈയൊരു ചോദ്യം ചോദിച്ച നടന്മാരിൽ ഒരാളോട് പറഞ്ഞിരുന്നു. ഇത്തരമൊരു പരാതി നൽകിയാലുള്ള പ്രത്യാഘാതം ഊഹിക്കാവുന്നതേയുള്ളൂ എന്ന് കമ്മിറ്റി ആ നടനോട് പറഞ്ഞു.

ലൈംഗികാതിക്രമമുണ്ടായാലുടൻ ഒരു സ്ത്രീയും സാധാരണഗതിയിൽ പൊലീസിൽ പരാതി നൽകാറില്ല. ഇതിന് പലവിധ കാരണങ്ങളുണ്ട്. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചും സാഹചര്യം വ്യത്യസ്തമല്ല. സാധാരണ സ്ത്രീകളേക്കാൾ സിനിമയിലെ സ്ത്രീകൾ ഇതിന് മടിക്കും. കാരണം, പ്രശസ്തരായതിനാൽ, സൈബർ അറ്റാക്ക് അടക്കമുള്ള പലതരം ആക്രമണങ്ങൾക്ക് അവർക്ക് വിധേയരാകേണ്ടിവരും.

പരാതിപ്പെട്ടാൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പേടിയാണ് പലർക്കും. ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട്  കോടതിയിലോ പോലീസിനോ മുമ്പാകെ പരാതി ഉന്നയിച്ചാൽ ജീവന് ഭീഷണിയുൾപ്പെടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
പരാതിപ്പെട്ടാൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പേടിയാണ് പലർക്കും. ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് കോടതിയിലോ പോലീസിനോ മുമ്പാകെ പരാതി ഉന്നയിച്ചാൽ ജീവന് ഭീഷണിയുൾപ്പെടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

എന്തുകൊണ്ട് സ്ത്രീകൾ പൊലീസിൽ പോകുന്നില്ല എന്നു ചോദിച്ച പുരുഷന്മാർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്. അവരുടെ സ്വന്തം കുടുംബത്തിൽ തന്നെയുള്ള ഏതെങ്കിലും സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമമുണ്ടായാൽ അവർ പോലും ഉടൻ പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ പോകില്ല. അതുകൊണ്ട്, 'എന്തുകൊണ്ട് ആക്രമിക്കപ്പെട്ട സ്ത്രീകൾ പരാതിപ്പെടുന്നില്ല' എന്ന പുരുഷന്മാരുടെ ചോദ്യം യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.

സ്ത്രീകളെ ​ലൈംഗികവസ്തുവായി മാത്രമാണ് കാണുന്നത്. കരാറിന് വിരുദ്ധമായി നഗ്നത പ്രദർശിപ്പിക്കാൻ നിർബന്ധിക്കപ്പെടുന്നു. പരാതി പറഞ്ഞാൽ അവർ തുടച്ചുനീക്കപ്പെടും. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. ഐ.സി.സിയെപ്പോലും വിലക്കെടുക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് രക്ഷയില്ല. രാത്രി വൈകിയാൽ ഇവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ആരുമില്ല. കിടന്നുറങ്ങാൻ സ്ഥലം നൽകുന്നില്ല. മിക്ക സെറ്റുകളിലും ജൂനിയർ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ല. ടോയ്‌ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. സിനിമാസെറ്റുകളിൽ ഇടനിലക്കാരാണ് ഭരണം.

അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാൻ താരങ്ങളടക്കം ഉണ്ട്. സിനിമയിലെ പ്രധാനികളിൽ പലരും​ വേട്ടക്കാരാണ്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നു.

ലൈംഗികാതിക്രമവുമായോ മറ്റോ പരാതിപ്പെട്ടാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കമ്മിറ്റിയുമായി സംസാരിച്ച നിരവധി പേർ പറഞ്ഞു. സംഭവം കോടതിയിലേക്കോ പൊലീസിലേക്കോ കൊണ്ടുപോയാൽ ജീവനുവരെ ഭീഷണിയുണ്ടാകും.

ആക്രമിക്കപ്പെട്ടവർക്കെതിരെ മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കെതിരെ പോലും ഭീഷണിയുണ്ടാകുമെന്ന് ഒരു നടി വെളിപ്പെടുത്തി. അധികൃതർക്കുമുന്നിൽ പരാതിപ്പെട്ടാൽ എന്താണ് സംഭവിക്കുക എന്ന് പറയാൻ പോലുമാകാത്ത സ്ഥിതിയാണ്. പരാതിപ്പെട്ടതിന്റെ അടുത്ത ദിവസം മുതൽ സോഷ്യൽ മീഡിയ ആക്രമണം തുടങ്ങും. വനിതാ നിർമാതാക്കാൾ നടന്മാരാൽ അപമാനിക്കപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.

സ്വന്തം അനുഭവങ്ങൾ തുറന്നുപറഞ്ഞാൽ തങ്ങൾക്കുമാത്രമല്ല ബന്ധുക്കൾക്കുപോലും അത് അപകടം ചെയ്യുമെന്ന് ചിലർ കമ്മിറ്റിയോട് പറഞ്ഞു. കാരണം, അതിക്രമം ചെയ്യുന്നവർ വളരെ സ്വാധീനശേഷിയുള്ളവരാണ്. സിനിമ നിയന്ത്രിക്കുന്നത് ക്രിമിനലുകളും മാഫിയ സംഘവും. മലയാള സിനിമ ഏതാനും പേരുടെ കൈകളിലാണ്.

അതിക്രമം നേരിട്ട ഒരു നടിക്ക് പിറ്റേന്ന്, അതിക്രമം നടത്തിയ ആളിനൊപ്പം ഭാര്യയായി അഭിനയിക്കണ്ടി വന്നു. അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകേണ്ടി വന്നു. ഇതിന്റെ പേരിൽ സംവിധായകൻ ആക്ഷേപിച്ചു.

ആലിംഗന സീനിന് പലതവണ റീ​ ടേക് വരെ എടുപ്പിച്ചു. അനുസരിക്കാത്തവരെ ഇത്തരം സീനുകൾക്ക് നിർബന്ധിച്ചു. ‘കാസ്റ്റിങ് കൗച്ചി’നെക്കുറിച്ച് പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരം.

അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാൻ താരങ്ങളടക്കം ഉണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നു. സ്ത്രീകളോട് പ്രാകൃതയുഗത്തിലെ സമീപനമാണ്. നടിമാർ പണമുണ്ടാക്കാൻ വരുന്നവരാണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്.

റമ്യൂണറേഷൻ, ലൈംഗികാതിക്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാൻ ഫലപ്രദമായ വേദികളില്ല. ഇത് വൻ ചൂഷണത്തിനിടയാക്കുന്നു.

പ്രതിഫലത്തിനായി യാചിക്കേണ്ടിവന്നതായി ഒരു സ്ത്രീ വെളിപ്പെടുത്തി. കരാറുണ്ടായിരുന്നില്ല. പ്രതിഫലം ചോദിച്ചാൽ ശല്യക്കാരിയായി മുദ്രകുത്തും. അടുത്ത സിനിമയിൽനിന്ന് ഒഴിവാക്കുകയും ചെയ്യും.

നൽകാമെന്നു പറഞ്ഞ പ്രതിഫലം നൽകാത്ത നിരവധി സംഭവങ്ങളുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ പത്തിലൊരു ഭാഗം മാത്രം നൽകി കബളിപ്പിച്ചിട്ടുള്ളതായി പലരും പറഞ്ഞു. തുടർച്ചയായി ആവശ്യപ്പെട്ടാൽ മാത്രമാണ് പ്രതിഫലം നൽകുക. എഴുതിയ കരാറോ മറ്റോ ഇല്ലാത്തതിനാൽ നടപടിയെടുക്കാനും കഴിയില്ല. പ്രതിഫലത്തിനായി യാചിക്കേണ്ടിവന്നതായി ഒരു സ്ത്രീ വെളിപ്പെടുത്തി. കരാറുണ്ടായിരുന്നില്ല. പ്രതിഫലം ചോദിച്ചാൽ ശല്യക്കാരിയായി മുദ്രകുത്തും. അടുത്ത സിനിമയിൽനിന്ന് ഒഴിവാക്കുകയും ചെയ്യും.

ഹെയർ സ്‌റ്റൈലിസ്റ്റുമാരുടെ കോൾ ഷീറ്റ് രാവിലെ ആറു മുതൽ രാത്രി 9.30വരെയാണ്. 15.5 മണിക്കൂർ ജോലി ചെയ്താൽ കിട്ടുക 1169 രൂപയാണ്. രാത്രി ജോലിക്ക് അഡീഷനലായി പകുതി ബത്ത കൂടി ലഭിക്കും. രാത്രി 12.30 മുതൽ പുലർച്ചെ രണ്ടു വരെ ജോലി ചെയ്താൽ വീണ്ടും പകുതി കൂടി ബത്തയായി ലഭിക്കും. എന്നാൽ, പുലർച്ചെ രണ്ടു മണിവരെ ജോലി ചെയ്താലും അധിക ബത്ത നിഷേധിക്കാൻ 1.55 വരെയാണ് ജോലി ചെയ്തത് എന്ന് വ്യാജരേഖയുണ്ടാക്കും.

ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും പ്രതിഫലത്തിന് നിയതമായ വ്യവസ്ഥയോ സുതാര്യമായ നടപടിക്രമങ്ങളോ ഇല്ല. ഒരേ പോലെയുള്ള ജോലിയാണെങ്കിലും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പ്രതിഫലം കുറവാണ്. ഒരു സിനിമയിൽ തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്ന നായികക്ക് നായകന്റെ പ്രതിഫലത്തേക്കാൾ പത്തിലൊരു ഭാഗം പ്രതിഫലമാണ് ലഭിക്കുക. അപൂർവം സിനിമകളിൽ നായികക്ക് നായകന് കൊടുക്കുന്നതിന്റെ മൂന്നിലൊന്ന് നൽകും.

തുല്യ വേതനം നൽകണമെന്ന കാര്യത്തിൽ കമ്മിറ്റിയിൽ ഭിന്നതയുണ്ടായി. ചിലർ തുല്യ വേതനത്തിനായി വാദിച്ചപ്പോൾ ചിലർ അത് നൽകാനാകില്ലെന്ന് വാദിച്ചു.

കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വസ്ത്രം മാറുന്നതിനുള്ള മുറികൾ എന്നിവ ലൊക്കേഷനുകളിൽ ഉണ്ടാകാറില്ല. കമ്മിറ്റിയുടെ മുന്നിലെത്തിയ മിക്ക സ്ത്രീകളും ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഓട്ട്‌ഡോർ ഷൂട്ട് നടത്തുമ്പോഴാണ് ഇത്തരം സൗകര്യങ്ങളുടെ അഭാവം. പല സ്ത്രീകളും കാടുകളിലും കുറ്റിച്ചെടികളുടെ ഇയിലും വലിയ മരങ്ങളുടെ മറവിലുമാണ് ഔട്ട് ഡോർ ഷൂട്ട് നടക്കുമ്പോൾ മൂത്രമൊഴിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ മറ്റ് വ്യക്തികളെ കൊണ്ട് തുണി മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട അവസ്ഥയുണ്ട്. സെറ്റുകളിൽ വെള്ളം ലഭ്യമാകാറില്ല.

ആർത്തവ സമയത്ത് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ആവശ്യത്തിന് വെള്ളമോ പാഡ് മാറാനോ സംസ്‌കരിക്കാനോ ഉള്ള സൗകര്യമോ ലൊക്കേഷനുകളിൽ ഉണ്ടാകാറില്ല. സിനിമയിലെ പല സ്ത്രീകൾക്കും കാലങ്ങളായി യൂറിനറി ഇൻഫെക്ഷനടക്കമുള്ള രോഗങ്ങളുണ്ട്. വെള്ളമില്ലാത്തതുകൊണ്ടുതന്നെ മൂത്രമൊഴിക്കാതെ മണിക്കൂറുകൾ പിടിച്ചുവെക്കുന്നതാണ് ഇത്തരം ഇൻഫെക്ഷനും ശാരീരികമായ ബുദ്ധിമുട്ടുകളുടെയും കാരണം. പ്രൊഡക്ഷൻ യൂണിറ്റിന്റെ ശുചിമുറിയിൽ പോകാൻ തന്നെ അനുവദിച്ചില്ലെന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റ് കമ്മിറ്റിയോട് പറഞ്ഞു.

ഷൂട്ടിങ് ലൊക്കേഷനുകളിൽ മറ്റ് വ്യക്തികളെ കൊണ്ട് തുണി മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട അവസ്ഥ. സെറ്റുകളിൽ വെള്ളം ലഭ്യമാകാറില്ല.

സിനിമാ നിർമാതാക്കൾ സിനിമയിലെ സ്ത്രീകൾക്കുവേണ്ടി കാരവൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ വിലകൂടിയ കാരവനുകൾ നായകനടീ നടന്മാർക്കുവേണ്ടി മാത്രമുള്ളതാണ്. നായകനടിമാർ പലപ്പോഴും മറ്റ് സ്ത്രീകളെ അവരുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കാറില്ല.

മലയാള സിനിമയിൽ 15 നടന്മാരുടെ ‘പവർ ഗ്രൂപ്പു’ണ്ട്.

‘അമ്മ’ എന്ന സംഘടന ജോലിസ്ഥലത്തിന്റെ നിർവചനത്തിനുകീഴിൽ വരുന്നതല്ല. ‘അമ്മ’യും അതിലെ അംഗങ്ങളും തമ്മിൽ തൊഴിലുടമ- ജീവനക്കാർ എന്നിങ്ങനെയുള്ള ബന്ധമില്ല. സംഘടന ഇതിനകം വനിതാ സെൽ പരാതി ഫോറം രൂപീകരിച്ചിട്ടുണ്ടെന്നും അത് പ്രവർത്തന ക്ഷമമാണെന്നും സംഘടന അവരുടെ എതിർ പ്രസ്താവനയിൽ പറയുന്നു. ‘അമ്മ’യിൽ അംഗങ്ങളല്ലാത്ത നിരവധി വ്യക്തികൾ സിനിമക്കുള്ളിൽ പ്രവർത്തിക്കുന്നതുകൊണ്ട് സംഘടനക്ക് എല്ലാവരുടെയും കാര്യത്തിൽ നിയന്ത്രണമില്ല. മലയാള സിനിമയിലെ നടീനടന്മാർക്കുവേണ്ടിയുള്ള സംഘടനയാണ് ‘അമ്മ’. എന്നാൽ ജോലിസ്ഥലത്ത് സ്ത്രീകളുടെ ലൈംഗീകാതിക്രമണങ്ങൾക്കെതിരെയുള്ള പരാതികൾ പരിഹരിക്കുന്നതിന് സംവിധാനങ്ങൾ രൂപീകരിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്, ‘അമ്മ’ എന്ന സംഘടനയുടേതല്ല.

ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും പ്രതിഫലത്തിന് നിയതമായ വ്യവസ്ഥയോ സുതാര്യമായ നടപടിക്രമങ്ങളോ ഇല്ല.
ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും പ്രതിഫലത്തിന് നിയതമായ വ്യവസ്ഥയോ സുതാര്യമായ നടപടിക്രമങ്ങളോ ഇല്ല.

നിയമപ്രകാരം ആഭ്യന്തര പരാതി സെൽ രൂപീകരിക്കുമ്പോൾ തൊഴിലാളികളും (സിനിമയില് പ്രവർത്തിക്കുന്നവർ) തൊഴിലുടമകളും തമ്മിൽ ബന്ധമുണ്ടായിരിക്കണമെന്ന് സർക്കാർ പറയുന്നു. ലൈംഗികാതിക്രമണങ്ങൾക്കെതിരെയുള്ള സെക്ഷൻ 6 പ്രകാരം 14 ജില്ലകളിലും ആഭ്യന്തര പരാതി കമ്മിറ്റികൾ രൂപീകരിക്കാത്ത സ്ഥാപനങ്ങളിൽ പ്രാദേശിക പരിഹാര കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. അത്തരത്തിൽ തൊഴിലുടമക്കെതിരെ ഉയരുന്ന പരാതികളിൽ സർക്കാർ നടപടിയെടുക്കുകം. കലക്ടർക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം. തൊഴിൽ നൽകുന്നയാൾക്കെതിരെ ഏതെങ്കിലും പരാതി ഉയർന്നാൽ, സെറ്റിൽ ആഭ്യന്തര പരാതി കമ്മിറ്റി ഇല്ലാത്ത സാഹചര്യത്തിൽ പ്രാദേശിക പരാതി സെല്ലിൽ പരാതി നൽകാം- കമ്മിറ്റി പറയുന്നു.

സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ചെയർപേഴ്‌സൺ ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ഹേമയാണ്. നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവരാണ് അംഗങ്ങൾ.

Comments