സ്ത്രീകള്‍ക്കും സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും സമൂഹത്തില്‍ ഇടവും ശബ്ദവും നല്‍കിയ കുടുംബശ്രീ അതിന്റെ 25 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതിരോധവും ആയുധവുമായി നിലകൊള്ളുന്ന കുടുംബശ്രീ നിരവധി മനുഷ്യരുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്.
സാമൂഹ്യ പൊതുബോധ നിര്‍മ്മിതിയുടെ ചട്ടക്കൂടില്‍ നിന്ന് പുറത്തുവരാന്‍ ഈ പദ്ധതി കേരളത്തിലെ സ്ത്രീകള്‍ക്ക് വലിയ തോതില്‍ സഹായകമാകുന്നു. വിദ്യാസമ്പന്നരായിട്ട് പോലും സ്വതന്ത്രമായി തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ട നിരവധി സ്ത്രീകള്‍ക്ക് അവസരമാകാന്‍ ഈ കാലയളവില്‍ കുടുംബശ്രീക്ക് കഴിഞ്ഞു. അത്തരത്തില്‍ സാമ്പത്തികവും സാമൂഹ്യവുമായ സ്ത്രീമുന്നേറ്റത്തിന് ഇന്ധനമായ കുടുംബശ്രീയുടെ വ്യവസായിക യൂണിറ്റാണ് കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ സ്ഥിതി ചെയ്യുന്ന അപ്പാരല്‍ പാര്‍ക്ക്.