ക്ലാസിനുമുന്നിൽ നിന്ന് ചുരിദാർ പൊക്കി പാന്റിന്റെ വള്ളി മുറുക്കി കെട്ടുന്ന പെൺപിള്ളേർ എന്നിലുണ്ടാക്കിയ ഷോക്ക് വലുതായിരുന്നു

ആരോഗ്യകരമായ സാമൂഹികബന്ധങ്ങൾ ഉരുവാക്കാനാകാത്തവിധം അതിനു മുൻപ് പഠിച്ചിരുന്ന സ്‌കൂളുകൾ എന്നെ ചുട്ടെടുത്ത ആ വാർപ്പുമാതൃകയെക്കുറിച്ചാണ് കേരളത്തിൽ ജൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വന്നപ്പോൾ ചിന്തിച്ചത്. ആണും പെണ്ണും ഒരേപോലെ വേഷം ധരിച്ച്​ ഒരുമിച്ചിരുന്ന് പഠിച്ചാൽ മാത്രം ലിംഗപദവി കൈവരികയില്ല. ജൻഡർ ബൈനറിയെ അഡ്രസ് ചെയ്യാനും ജൻഡർ ജസ്റ്റിസ് കൊണ്ടുവരാനുമുള്ള പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

21ാം നൂറ്റാണ്ടിൽ 22 കാരി മഹ്സ അമിനി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അതിദാരുണമായി കൊല്ലപ്പെടുന്നു. മറുവശം, ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്​ലിം പെൺകുട്ടികൾക്ക് വിദ്യാഭാസം നിഷേധിക്കുന്നു. എന്തുകൊണ്ടാണ് പെൺവേഷങ്ങൾ ഇത്ര കണ്ട് പ്രകോപനപരമാകുന്നത്. എന്തുകൊണ്ടാണ് ലിംഗപദവി പുരോഗമനങ്ങളെല്ലാം പെൺവേഷത്തിൽ തുടങ്ങുന്നത്?

പെൺവേഷങ്ങളോളം ആണധികാരസമൂഹത്തിന്റെ ശ്രദ്ധയർഹിക്കുന്ന മറ്റൊരു ഘടകമില്ല എന്നതാണ് വസ്തുത. പുരുഷന്റെ അടിവസ്ത്രത്തിന്റെ പരസ്യമായാലും ശ്രദ്ധ കിട്ടണമെങ്കിൽ ഒരു സ്ത്രീയുടെ അനിവാര്യത നമുക്ക് ബോധ്യമാണല്ലോ. പെണ്ണിന്റെ കാലു കാണുന്നത് വിവാദമാവുന്നതുപോലും അതുകൊണ്ടാണ്. അക്കാരണം കൊണ്ടുതന്നെ ചില സാഹചര്യങ്ങളിൽ, പെട്ടെന്നുള്ള അറ്റൻഷന്​രാഷ്ട്രീയ ആയുധമായിത്തന്നെ സ്ത്രീവേഷങ്ങൾ മാറുന്നതുകാണാം.

സ്‌കൂൾ വിദ്യാർത്ഥികളുടെ ജൻഡർ ന്യൂട്രൽ വേഷങ്ങളിലൂടെ സമൂഹത്തിന്റെ ഈ അറ്റൻഷൻ പ്രസ്തുത വിഷയത്തിൽ നമുക്ക് നേടാൻ കഴിഞ്ഞു, സത്യത്തിൽ അത്രയേ നേടാൻ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. പെൺകുട്ടികളുടെ വേഷം മാറിയതുകൊണ്ടോ സിംഗിൾ സെക്‌സ് സ്‌കൂളുകളെല്ലാം മിക്‌സഡ് ആക്കിയത് കൊണ്ടോ മാത്രം ലിംഗപദവി നേടിയെടുക്കാൻ കഴിയില്ല.

ഒമ്പതാം ക്ലാസിന്റെ പകുതിക്കുവെച്ചാണ് ആദ്യമായി പെൺപള്ളിക്കൂടത്തിൽ ചേരുന്നത്. ക്ലാസിനുമുന്നിൽ നിന്ന് ചുരിദാർ പൊക്കി പാന്റിന്റെ വള്ളി മുറുക്കി കെട്ടുന്ന പെൺപിള്ളേരും ‘ആരുടേലും കയ്യിൽ പാഡ്‌ണ്ടോ' എന്ന് വിളിച്ചു കൂവുന്നവരും എന്നിലുണ്ടാക്കിയ ഷോക്ക് വലുതായിരുന്നു. ഡെസ്‌കുകളിലും ടീച്ചറുടെ മേശപ്പുറത്തും കയറിയിരുന്ന് അന്താക്ഷരി കൂടിയായപ്പോൾ ലഞ്ച് ബ്രേക്ക് ഹരം പിടിച്ചു. ആകെക്കൂടെ പെൺസാമ്രാജ്യം. ആ വൈബ് പക്ഷെ എന്റെ കൈകാലുകളെയോ നാവിനെയോ ചലിപ്പിച്ചില്ല. അതിനുമുൻപ് പലയിടങ്ങളിൽ പഠിച്ചതെല്ലാം മിക്‌സഡ് സ്‌കൂളുകളിലായിരുന്നു. അവിടങ്ങളിൽ കണ്ടിഷൻഡായിപ്പോയ എന്റെ ശരീരം ചലനശേഷി നഷ്ടപ്പെട്ട്​ കൊതിയോടെ അവരുടെ അർമാദം നോക്കിയിരുന്നു. അവരിലൊരാളാവാൻ ഒരിക്കലും എനിക്ക് കഴിഞ്ഞില്ല.

പിന്നീട് ചെന്നൈ മെട്രോ സിറ്റിയിൽ ഹൃദയഭാഗത്തുതന്നെയുള്ള സ്‌കൂളിൽ ചേർത്തപ്പോഴും കൈകാലുകൾ കെട്ടിയിട്ട പോലെ നടന്നു. പ്രത്യേകിച്ച് ആൺകുട്ടികളോട് മിണ്ടുന്നതായിരുന്നു എന്റെ പ്രശ്‌നം.

ആരോഗ്യകരമായ സാമൂഹികബന്ധങ്ങൾ ഉരുവാക്കാനാകാത്തവിധം അതിനു മുൻപ് പഠിച്ചിരുന്ന സ്‌കൂളുകൾ എന്നെ ചുട്ടെടുത്ത ആ വാർപ്പുമാതൃകയെക്കുറിച്ചാണ് കേരളത്തിൽ ജൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വന്നപ്പോൾ ചിന്തിച്ചത്. ആണും പെണ്ണും ഒരേപോലെ വേഷം ധരിച്ച്​ ഒരുമിച്ചിരുന്ന് പഠിച്ചാൽ മാത്രം ലിംഗപദവി കൈവരികയില്ല. ജൻഡർ ബൈനറിയെ അഡ്രസ് ചെയ്യാനും ജൻഡർ ജസ്റ്റിസ് കൊണ്ടുവരാനുമുള്ള പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എന്നാൽ സിലബസിൽ ലൈംഗിക വിദ്യാഭാസം ഉൾച്ചേർത്തതുകൊണ്ടു മാത്രം കാര്യമില്ല. കാര്യാവബോധമില്ലാത്തവർ പുസ്തകത്തിന്റെ ആ ഭാഗം തുറക്കാനാവാത്തവിധം ഒട്ടിച്ചുവെക്കും. ലൈംഗിക വിദ്യാഭാസമെന്നാൽ അശ്ലീലമെന്ന് വിചാരിക്കുന്ന രാഷ്ട്രീയപ്രവർത്തകരുള്ളിടത്തു പ്രത്യേകിച്ചും. വാർത്തകൾ, ബാലസാഹിത്യങ്ങൾ, പരസ്യങ്ങൾ, സിനിമകൾ, മതപൗരോഹിത്യ പ്രഭാഷണങ്ങൾ തുടങ്ങിയ ദൃശ്യ- ശ്രവ്യ മാധ്യമങ്ങൾ എല്ലാം പുരുഷാധിപത്യ ആശയങ്ങളെ സമൂഹത്തിൽ ഇൻഫ്യൂസ് ചെയ്യുന്നുണ്ട്. ‘ചെമ്മീൻ ചാടിയാൽ ചട്ടിയോള' മെന്നു നിരന്തരം കുട്ടികളോട് അവ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

അതേസമയം, ബൈനറികളിലാണ് നമ്മുടെ ഭാഷ പോലും രൂപപ്പെട്ടിട്ടുള്ളത്. കവയിത്രി എന്ന വാക്കുതന്നെ ഉപേക്ഷിച്ച്​ കവിയെന്ന പൊതുവാക്ക് അംഗീകരിക്കപ്പെട്ടതുപോലെ, ഭാഷയിൽ പൊതുവിടങ്ങളും പൊതുപദങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഈയിടെ വന്ന നിർദ്ദോഷമെന്നു തോന്നുന്ന രണ്ടു പത്രവാർത്തകൾ നോക്കൂ, രണ്ടും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടതാണ്; നിയന്ത്രണം വിട്ട് വാവിട്ടു കരയുന്ന ‘സ്ത്രീ', നാലുവയസ്സുകാരിയായ മകൾ മരിച്ചിട്ടും കരയാതെ സങ്കടങ്ങൾ ഉള്ളിലൊതുക്കുന്ന
‘പുരുഷൻ'. ഈ ചിത്രങ്ങളെയാണ് മാറ്റി വരക്കേണ്ടത്.

ജൻഡർ ഇക്വിറ്റി/ ജസ്റ്റിസ് സംഭവിക്കണമെങ്കിൽ നമ്മുടെ സമൂഹം ചിന്തയിലും ഭാഷയിലും സംസാരത്തിലും കലയിലും മാറ്റം വരുത്തേണ്ടതുണ്ട്. സാംസ്‌കാരിക പ്രവർത്തകർ അതിനു ബോധപൂർവമായ ശ്രമം തന്നെ എടുക്കേണ്ടതുണ്ട് . രക്ഷിതാക്കളെ പ്രകോപിപ്പിച്ച്​ സ്‌കൂളുകൾക്കോ സ്‌കൂളുകൾക്കെതിരെ തിരിഞ്ഞുനിന്ന് രക്ഷിതാക്കൾക്കോ എവിടെയുമെത്താൻ കഴിയില്ല.

വേഷം മാത്രമല്ല, മാറേണ്ടത് മനോഭാവം കൂടിയാണ്.

Comments