രേഷ്​മ ഭരദ്വാജ്​

രേഷ്​മ കീഴ്​മേൽ മറിച്ചിട്ട ധാരണകൾ

കുടുംബത്തില്‍ എല്ലാവര്‍ക്കുമിടയില്‍ ജീവിക്കണമെങ്കില്‍, അവര്‍ അംഗീകരിക്കമെങ്കില്‍ ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും കുഞ്ഞിനെ വളര്‍ത്തുകയുമെല്ലാം വേണമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ, എന്റെ ശരീരവും ആരോഗ്യവും അവഗണിച്ച്​ മറ്റുള്ളവര്‍ക്കുവേണ്ടി അത് ചെയ്യേണ്ടതില്ലെന്ന് തീരുമാനമായി. ഷംഷാദ്​ ഹുസൈൻ കെ.ടി എഴുതുന്ന ‘മലപ്പുറം പെണ്ണിന്റെ ആത്മകഥ’ എന്ന പരമ്പര തുടരുന്നു.

കേരളത്തിലെ സെക്‌സ്‌വര്‍ക്കേഴ്‌സിന്റെ സംഘടന, അവരുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, തൃശൂരില്‍ നടത്തുന്ന ഒരു സെമിനാറിന് എനിക്ക് ക്ഷണമുണ്ടായിരുന്നു. സ്ത്രീ, കുടുംബം, സമൂഹം എന്നതായിരുന്നു വിഷയം. രേഷ്മയും വി.സി. ഹാരിസുമുണ്ടായിരുന്നു.

സെമിനാര്‍ നടക്കുന്ന കോമ്പൗണ്ടിലേക്ക് കടക്കുമ്പോള്‍ തന്നെ അതൊരു അല്‍ഭുതലോകം പോലെ തോന്നിച്ചു. കാഴ്ചകള്‍ കണ്ടുനടക്കാം; അത്രയും വര്‍ണാഭമായിരുന്നു അവിടം. വളരെ മോഡോണായി വസ്ത്രം ധരിച്ചവരും നൃത്തത്തിനൊരുങ്ങി നില്‍ക്കുന്നവരും ചില ഒത്തുചേരലിന്റെ ഹരങ്ങളുമെല്ലാം പലയിടത്തായി അരങ്ങേറുന്നു. ആകെയൊരു ഉത്സവപ്രതീതി. ഗേറ്റ് കടന്നാല്‍ ആദ്യം നമ്മള്‍ കാണുന്ന പോസ്റ്റര്‍ സെക്‌സ് ട്രാഫിക്കിങ്ങിനെതിരെയായിരുന്നു. അത്തരത്തില്‍ലൈംഗിക തൊഴിലിനെ സംബന്ധിച്ച സമൂഹത്തിന്റെ മുന്‍ധാരണകളെ തിരുത്തുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്ററുകളെല്ലാം.

വി.സി ഹാരിസ്

സ്‌റ്റേജിലിരിക്കുമ്പോഴും വളരെ രസകരമായ അനുഭവങ്ങളുണ്ടായിരുന്നു. ഗസ്റ്റായി എത്തിയവരുടെ പേരുകള്‍ വിളിക്കുമ്പോള്‍ ഞങ്ങളെ സ്വാഗതം ചെയ്യാനായി നല്ല ആര്‍ഭാടമായി വസ്ത്രം ധരിച്ച ആളുകള്‍ പൂക്കളുമായി വന്നിരുന്നു. അതില്‍ ചിലരെത്തുമ്പോള്‍ ആഹ്ലാദപ്രകടനങ്ങളും അഭിനന്ദനങ്ങളും കാണികള്‍ക്കിടയില്‍ നിന്നുയരും. രേഷ്മക്ക് പൂക്കള്‍ കൊണ്ടുവന്നപ്പോള്‍ വലിയ ആരവം തന്നെയുണ്ടായി. നിനക്കാണോ അവര്‍ക്കാണോ കൈയടി എന്ന് ഞാനവളെ കളിയാക്കിയപ്പോള്‍ ഞങ്ങളുടെ ജോഡിക്കാണ് ആ കൈയടി എന്നവള്‍ മറുപടിയും തന്നു.

രേഷ്മ എപ്പോഴും സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് അവള്‍ക്കാവശ്യമുള്ളവരുമായിട്ടില്ല, അവളെ ആവശ്യമുള്ളവരുമായിട്ടാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇത് അധികമാര്‍ക്കും ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിയല്ല.

സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. കാണികളിലുണ്ടായിരുന്ന പലരും സന്തോഷത്തോടെ രേഷ്മയെ വന്ന് കെട്ടിപ്പിടിച്ചു, കൈകൊടുത്ത് വിശേഷങ്ങള്‍ തിരക്കി. എല്ലാവരുടെയും മുഖത്ത് അവളെ കണ്ട സന്തോഷം നന്നായി കാണാനുണ്ടായിരുന്നു. രേഷ്മ ഗവേഷണത്തിനുവേണ്ടിയും വിവിധ പ്രൊജക്റ്റുകള്‍ക്കായും ഇവരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷെ, അവരൊന്നും ഗവേഷണത്തിലെ സ്‌പെസിമെനുകള്‍ മാത്രമായി മാറിയില്ല. അവരോടൊക്കെയും സൗഹൃദം കൂടി സ്ഥാപിച്ചാണ് അവളിറങ്ങിയത്. ഒരിക്കല്‍ രേഷ്മയോടൊപ്പം ഞാനും ഡാറ്റ കളക്ഷന് പോയിരുന്നു. അന്ന് സ്‌കൂള്‍ വിട്ടുവന്ന ഒരു കുട്ടി പൂരിപ്പിച്ചു നല്‍കേണ്ട ഒരു ഫോമും ചെറിയ സംഭാവന പിരിക്കലുമായിട്ടാണ് എത്തിയത്. ആ കുട്ടി ഇത് ചോദിച്ചപ്പോള്‍ തന്നെ രേഷ്മ ആ ഫോമുകള്‍ വാങ്ങുകയും അവള്‍ക്കുവേണ്ടി അതിലെ വലിയൊരു ഭാഗം അവിടെയിരുന്ന് ഞങ്ങളുടെ രണ്ടാളുടെയും പേരില്‍ പൂരിപ്പിച്ചുനല്‍കുകയും ചെയ്തു. അവള്‍ അങ്ങോട്ട് കൊടുക്കുന്നതുതന്നെയാണ് അവള്‍ക്ക് തിരിച്ചുകിട്ടിക്കൊണ്ടിരിക്കുന്നതെന്നും എനിക്ക് മനസ്സിലായി. രേഷ്മ എപ്പോഴും സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് അവള്‍ക്കാവശ്യമുള്ളവരുമായിട്ടില്ല, അവളെ ആവശ്യമുള്ളവരുമായിട്ടാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇത് അധികമാര്‍ക്കും ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിയല്ല. എന്നെയും അങ്ങനെയാകാം അവള്‍ തെരഞ്ഞെടുത്തത്.

രേഷ്മ ഭരദ്വാജ്‌

ഞാന്‍ അധ്യാപികമായി ജോലിയാരംഭിച്ചശേഷമാണ് ഗവേഷകയാകുന്നത്. കുറെ സംവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമൊടുവിലാണ്​, മലയാള വിഭാഗത്തില്‍ മലബാര്‍ കലാപത്തെക്കുറിച്ചുള്ള വാമൊഴി പാരമ്പര്യപഠനം നടത്താൻ അനുമതി കിട്ടിയത്​. വലിയ വിപ്ലവങ്ങളൊന്നും നടത്തേണ്ടിവന്നിട്ടില്ലെങ്കിലും എന്റെ പഠനങ്ങള്‍ക്ക് വലിയ സപ്പോര്‍ട്ടൊന്നും കുടുംബങ്ങളില്‍നിന്ന് കിട്ടിയിരുന്നില്ല. ഇനിയും പഠിക്യേ, കെട്ടിക്കേണ്ടേ എന്ന ചോദ്യങ്ങള്‍ നിരന്തരം കേട്ട് എം.എ പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ കല്യാണം നടന്നു.

അത് കഴിഞ്ഞും പഠനം തുടരാമെങ്കിലും വലിയ അക്കാദമിക് സാഹചര്യങ്ങളൊന്നും രണ്ടു വീടുകളിലുമില്ല. പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ ഉപ്പ എപ്പോഴും സപ്പോര്‍ട്ട് ചെയ്തു. അധിക വായനയ്ക്കും ഞാന്‍ പലപ്പോഴും പുസ്തകങ്ങള്‍ വാങ്ങേണ്ടിവന്നിരുന്നു. ഗവേഷണത്തിന് ചേര്‍ന്നപ്പോള്‍ തിരൂര്‍ സെന്ററിലെ ചെറിയ ലൈബ്രറിയും തുഞ്ചന്‍ പറമ്പിലെ സാഹിത്യ / ഭാഷാ പുസ്തകങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ലൈബ്രറിയുമാണ് എനിക്കു ചുറ്റുമുണ്ടായിരുന്നത്.

സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും സെക്‌സ് വര്‍ക്കിനെക്കുറിച്ചുമെല്ലാം ആദ്യമായി അവബോധം കിട്ടിയത് ജയശ്രീ ചേച്ചിയുടെ ക്ലാസില്‍നിന്നായിരുന്നു.

ആയിടക്കാണ് മലബാര്‍ കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാന്‍ രേഷ്മയും ദീപക്കും എന്നോടൊപ്പം ചേര്‍ന്നത്. ഞാന്‍ കണ്ട പ്രായമായ, നല്ല കഥകള്‍ പറയുന്ന ഉമ്മാമമാരെ ഞങ്ങള്‍ വീണ്ടും പോയി കണ്ടു. കഥകള്‍ കേട്ട് രേഷ്മക്ക് സന്തോഷമായി. അവള്‍ ഡോക്യുമെന്ററിക്ക് സ്‌ക്രിപ്റ്റും തയാറാക്കിക്കൊണ്ടിരുന്നു. അതിന്റെ ഭാഗമായി നിലമ്പൂര്‍ ഭാഗത്ത് ഞാനാദ്യമായി പോകുന്നത് അവരോടൊപ്പമായിരുന്നു. ആദ്യത്തെ ഫീല്‍ഡ് വര്‍ക്കെല്ലാം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. രേഷ്മ അന്ന് എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകയാണ്. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ആരുടെയൊക്കെയോ കൈമാറി മറിഞ്ഞ് എനിക്ക് രണ്ടു പുസ്തകങ്ങള്‍ കിട്ടി. വാമൊഴി പഠനത്തെ അവലംബിച്ച് വ്യത്യസ്ത മേഖലകളില്‍ നടന്ന പഠനങ്ങള്‍. ഒന്ന്, റഷ്യയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ (midwife) നടത്തിയ പഠനമായിരുന്നു. അതായത്, അത്രയും വൈവിധ്യമേറിയ പഠനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട് എന്നതിന്റെ സൂചനയും കൂടിയായിരുന്നു ഇത്. കുറച്ചു ദിവസത്തെ പരിചയം മാത്രമുണ്ടായിരുന്ന എനിക്കുവേണ്ടി പുസ്തകങ്ങള്‍ തെരഞ്ഞുകണ്ടുപിടിച്ച് ഇവിടെവരെ കൊണ്ടുവരുമ്പോള്‍ അവള്‍ക്കത് നിസ്സാര സംഗതിയായിരിക്കാം, എന്നാല്‍, എനിക്ക് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു അക്കാദമിക് സഹായം കിട്ടുന്നത്. ഞാന്‍ എത്തിപ്പിടിക്കേണ്ട മേഖല എത്ര വലുതാണെന്ന് ഇതെന്നെ ഓര്‍മിപ്പിച്ചു. പിന്നീട് പല ലൈബ്രറികളിലും ഞാന്‍ തന്നെ പോയിട്ടുണ്ട്. പല കൂട്ടുകാരും സഹായിച്ചിട്ടുമുണ്ട്. എങ്കിലും, ഒരു അക്കാദമിക പാശ്ചാത്തലവും സാഹചര്യവുമില്ലാതിരുന്ന എനിക്ക് ആ പുസ്തകത്തോടൊപ്പം തന്നെയുണ്ടായ അല്‍ഭുതം, അത് എത്തിക്കാൻ അവള്‍ കാണിച്ച വലിയ മനസ്സും കൂടിയായിരുന്നു. അവിടുന്നങ്ങോട്ട് പിന്നെ ഞങ്ങള്‍ ഒരുമിച്ചുകൂടി.

ഡോ. എ.കെ. ജയശ്രീ

ആദ്യമായി ജയശ്രീ ചേച്ചിയുടെ (ഡോ. എ.കെ. ജയശ്രീ) പ്രസന്റേഷന്‍ കേള്‍ക്കാന്‍ പോയതും രേഷ്മക്കൊപ്പമായിരുന്നു. രേഷ്മ ഇത്ര ആകാംക്ഷയോടെ കേള്‍ക്കാന്‍ പോകുന്നത് എന്താവാം എന്നാലോചിച്ചാണ് ഞാനും കൂടിയത്. അത് എന്നെത്തന്നെ അട്ടിമറിച്ചുകളഞ്ഞ ഒരു അവതരണമായിരുന്നു. സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും സെക്‌സ് വര്‍ക്കിനെക്കുറിച്ചുമെല്ലാം ആദ്യമായി അവബോധം കിട്ടിയത് ജയശ്രീ ചേച്ചിയുടെ ക്ലാസില്‍നിന്നായിരുന്നു. പിന്നീട് അവര്‍ കാലടിയില്‍ ഞങ്ങളുടെ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഇന്‍ സര്‍വീസ് കോഴ്‌സിലും ക്ലാസെടുക്കാനെത്തിയിരുന്നു. അന്ന് മെഡിക്കല്‍ എത്തിക്‌സിനെക്കുറിച്ചായിരുന്നു ക്ലാസ്. എയ്ഡ്‌സ് രോഗികളെ മുന്‍നിര്‍ത്തിയായിരുന്നു അവര്‍ അത് വിവരിച്ചത്. എയ്ഡ്‌സ് രോഗത്തെക്കുറിച്ചുമാത്രമല്ല, ലൈംഗികതയെക്കുറിച്ചുതന്നെയുള്ള സാമാന്യധാരണകളെയാകെ ആ ക്ലാസ് തകര്‍ത്തുകളഞ്ഞു. എന്നാലത് അംഗീകരിക്കാനാകാതെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നവരെ നേരിട്ട രീതിയും രസകരമായിരുന്നു. രോഷാകുലരായി, ഇപ്പോള്‍ അടിച്ചേക്കും എന്ന തോന്നലുണ്ടാക്കുന്ന തരത്തില്‍ നില്‍ക്കുന്നവരെ വളരെ ശാന്തമായി പോഡിയത്തില്‍നിന്ന് ഉത്തരം പറഞ്ഞ് തണുപ്പിക്കും. കാരണം, അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ അത്രക്ക് നമ്മെ ഉലച്ചുകളയുന്നതായിരുന്നു.

സ്വവര്‍ഗാനുരാഗവും ലൈംഗിക തൊഴിലുമെല്ലാം കേരളത്തിലാകമാനം ചര്‍ച്ചയായിരുന്ന കാലമായിരുന്നു. സാറാ ജോസഫ് അടക്കമുള്ള സ്ത്രീവാദത്തിന്റെ പ്രമുഖ ധാരയിലുള്ളവര്‍ ഇതിനെതിരെ ലേഖനങ്ങള്‍ എഴുതിയിരുന്നു.

സെക്ഷ്വാലിറ്റിയെക്കുറിച്ച് കോവളത്ത് നടന്ന വര്‍ക്കുഷോപ്പിലാണ് പിന്നീട് ഞാനും രേഷ്മയും ഒന്നിച്ച് പങ്കെടുത്തത്. സ്വവര്‍ഗാനുരാഗവും ലൈംഗിക തൊഴിലുമെല്ലാം കേരളത്തിലാകമാനം ചര്‍ച്ചയായിരുന്ന കാലമായിരുന്നു. സാറാ ജോസഫ് അടക്കമുള്ള സ്ത്രീവാദത്തിന്റെ പ്രമുഖ ധാരയിലുള്ളവര്‍ ഇതിനെതിരെ ലേഖനങ്ങള്‍ എഴുതിയിരുന്നു. ലൈംഗികത തൊഴിലായി കഴിഞ്ഞാല്‍ ആ മേഖലയിലെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനായിരിക്കും ശ്രമിക്കുക എന്നെല്ലാമായിരുന്നു സാറാ ജോസഫ് എഴുതിയിരുന്നത് എന്നാണോര്‍മ. അന്നത്തെ ചര്‍ച്ചയില്‍ രേഷ്മ പറഞ്ഞത്, അധ്യാപകര്‍ക്ക് സര്‍വീസ് കോഴ്‌സ് കൊടുക്കുന്നതുപോലെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാന്‍ സെക്‌സ് വര്‍ക്കേഴ്‌സിനും കോഴ്‌സുകള്‍ക്ക്​ അവസരമുണ്ടാക്കണമെന്നതായിരുന്നു. രേഷ്മയുടെ ചിന്തകള്‍ / നിലപാടുകള്‍ നിലനില്‍ക്കുന്ന സാമാന്യധാരണകള്‍ക്കപ്പുറമാണെന്നുമാത്രമല്ല, അതിനെ കീഴ്‌മേല്‍ മറിക്കുന്നതുപോലെയുമായിട്ടാണ് എനിക്കനുഭവപ്പെട്ടത്.

Photo: Unsplash

എന്റെ സാമൂഹിക ധാരണകളില്‍ മാത്രമല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളിലും അവള്‍ ഇടപെട്ട രീതി എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുള്ള ഒന്നാണ്. വിവാഹശേഷം ഏറെക്കാലം കഴിഞ്ഞാണ് ഞാന്‍ ഗര്‍ഭിണിയായത്. അതും പലതരം ചികിത്സകള്‍ക്കുശേഷം. പക്ഷെ, മൂന്നുമാസമായപ്പോഴേക്കും അബോര്‍ഷനായി. വളരെക്കാലത്തിനുശേഷമുണ്ടായതിനാലാകാം ഞാന്‍ ചെല്ലുന്ന എല്ലായിടത്തും അത്​ വാര്‍ത്തയായിരുന്നു. ബന്ധുക്കളെല്ലാം സാരമില്ല, ഇനിയും സാധ്യതയുണ്ടല്ലോ എന്നാശ്വസിപ്പിച്ചു. കൂടാതെ, ഗര്‍ഭിണിയാകും എന്നത് ഉറപ്പായല്ലോ എന്ന ആശ്വാസവാക്കും പറയും. ഇനി ചികിത്സിക്കേണ്ട രീതിയെക്കുറിച്ചുള്ള ഉപദേശങ്ങളും തന്നു. ഇതെല്ലാം കേട്ട് തലയാട്ടി തലയാട്ടി ഞാന്‍ ഒരു ബൊമ്മയായിക്കഴിയുന്നതിനിടക്കാണ് കാലടിയിലെത്തി രേഷ്മയെ കണ്ടത്. കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചത്, ‘നിനക്കിപ്പോള്‍ വേദനയും ബുദ്ധിമുട്ടും ഒന്നുമില്ലല്ലോ’ എന്നായിരുന്നു. ശരിയാണ്, ഇക്കാര്യം ആരും ഇതുവരെ ചോദിച്ചില്ലല്ലോ എന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു. അപ്പോഴാണ് ഞാന്‍ ശാരീരിക വേദനകളെക്കുറിച്ച് ആലോചിച്ചതുതന്നെ. അപ്പോഴേക്കും അതെല്ലാം ഒരുവിധം ഇല്ലാതായിക്കഴിഞ്ഞിരുന്നു. പിന്നീടവള്‍ ചോദിച്ചത്, എന്തിനാണ് കുട്ടികള്‍ എന്നായിരുന്നു. അത് എനിക്കും മനസ്സിലായിട്ടില്ലായിരുന്നു. ഈ ചോദ്യം ഞാന്‍ എന്നോട് കുറെ ചോദിച്ചിട്ടുള്ളതുതന്നെയായിരുന്നു.

പിന്നെയും പല പ്രാവശ്യം ഗര്‍ഭിണിയാകുകയും ജീവനുതന്നെ അപകടമായേക്കാവുന്ന അവസ്ഥയും വന്നിരുന്നു. അപ്പോഴെല്ലാം കുടുംബത്തിലെ വ്യസനങ്ങള്‍ക്കപ്പുറം എന്നെക്കുറിച്ചന്വേഷിക്കുന്ന രേഷ്മയെ ഞാനോര്‍ക്കും.

പക്ഷെ, രേഷ്​മയുടെ ചോദ്യം എന്റെ ആശയങ്ങള്‍ക്ക് കൃത്യത തന്നു. കുടുംബത്തില്‍ എല്ലാവര്‍ക്കുമിടയില്‍ ജീവിക്കണമെങ്കില്‍, അവര്‍ അംഗീകരിക്കമെങ്കില്‍ ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും കുഞ്ഞിനെ വളര്‍ത്തുകയുമെല്ലാം വേണമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ, എന്റെ ശരീരവും ആരോഗ്യവും അവഗണിച്ച്​ മറ്റുള്ളവര്‍ക്കുവേണ്ടി അത് ചെയ്യേണ്ടതില്ലെന്ന് തീരുമാനമായി. പിന്നെയും പല പ്രാവശ്യം ഗര്‍ഭിണിയാകുകയും ജീവനുതന്നെ അപകടമായേക്കാവുന്ന അവസ്ഥയും വന്നിരുന്നു. അപ്പോഴെല്ലാം കുടുംബത്തിലെ വ്യസനങ്ങള്‍ക്കപ്പുറം എന്നെക്കുറിച്ചന്വേഷിക്കുന്ന രേഷ്മയെ ഞാനോര്‍ക്കും. എന്നോടുള്ള കരുതല്‍ മാത്രമായിട്ടില്ല, മറ്റുള്ള വ്യക്തികളോടുള്ള എന്റെ സമീപനങ്ങളെ കൂടി നിര്‍ണയിച്ച ചില പാഠങ്ങള്‍ കൂടിയായിരുന്നു എനിക്ക് അവ.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments