ലെസ്ബിയനിസവും (Lesbianism) സോഡമിയും നിയമവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളാക്കി എം.ബി.ബി.എസ് പാഠ്യപദ്ധതി (M.B.B.S Syllabus) നവീകരിച്ചതിൽ പ്രതിഷേധം കനത്തതോടെ നാഷണൽ മെഡിക്കൽ കമ്മീഷൻ (National Medical Commission) പുതുക്കിയ കരിക്കുലം പിൻവലിച്ചു. ഇത് സംബന്ധിച്ച് പുതുക്കിയ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.
എൻ.എം.സിയുടെ നിർദേശപ്രകാരം പുതുക്കിയ മെഡിക്കൽ സിലബസിൽ ട്രാൻസ്വെസ്റ്റിസം, ഫെറ്റിഷിസം, സാഡിസം, നെക്രോഫോഗിയ, മസോക്കിസം, നക്രോഫീലിയ, എന്നീ ലൈംഗിക വൈകൃതങ്ങളുടെ ഭാഗമായാണ് LGBTQIA+ കമ്മ്യൂണിറ്റിയെയും ഉൾപ്പെടുത്തിയിരുന്നത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ക്വീർ ആക്ടിവിസ്റ്റുകളും കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
'എൻ.എം.സിയുടെ തീരുമാനം കാലഹരണപ്പെട്ടതും ക്വീറോഫോബിക്കും ആണ്.' എന്നാണ് വിഷയത്തിൽ പ്രതികരിക്കവേ ഡൽഹി യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസിലെയും ജി.ടി.ബി ഹോസ്പിറ്റലിലെയും ഫിസിയോളജി വിഭാഗം ഡയറക്ടർ പ്രൊഫസർ സതേന്ദ്ര സിംഗ് പ്രതികരിച്ചത്.
ഐ.പി.സി സെക്ഷൻ 377 റദ്ദാക്കിക്കൊണ്ട്, ഹോമോസെക്ഷ്വാലിറ്റി കുറ്റകരമല്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് സിലബസ് പുതുക്കാനുള്ള നാഷണൽ മെഡിക്കൽ കമ്മീഷന്റെ തീരുമാനം. അന്താരാഷ്ട്ര തലത്തിൽ മികച്ച പരിശീലനമായി വിശേഷിപ്പിക്കപ്പെടുന്ന ഫൗണ്ടേഷൻ കോഴ്സിൽ നിന്ന് ഭിന്നശേഷിക്കാർക്കായുള്ള ഏഴ് മണിക്കൂർ സമയം മെഡിക്കൽ കൗൺസിൽ ഒഴിവാക്കിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കഴിഞ്ഞ ദിവസം LGBTQIA+കമ്മ്യൂണിറ്റിക്ക് വേണ്ടി എൽ LGBTQIA+വെർട്ടിക്കൽ എന്ന പേരിൽ പുതിയൊരു സംഘടന രൂപീകരിച്ചിരുന്നു. ക്വീർ ആക്ടിവിസ്റ്റും ചരിത്രകാരനുമായ മരിയോ ഡ പെൻഹയ്ക്കാണ് (Mario da Penha) സംഘടനയുടെ അഖിലേന്ത്യ നേതൃത്വം. എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് കമ്മ്യൂണിറ്റിയെ ചേർത്തി പിടിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് വിഭാഗം പ്രതികരിച്ചു.