നേഹ ബോറ ഒരു നോൺ ബൈനറി വ്യക്തിയാണ്. ഇന്ത്യയിൽ ഇന്ന് ഏറ്റവും ശക്തമായി രാഷ്ട്രീയം പറയുന്ന, ഫാഷിസ്റ്റുകൾ ഏറ്റവും കൂടുതൽ ഭയക്കുന്ന നേഹ ബോറ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. നോൺ ബൈനറിയെന്ന പദം ചർച്ചയായത് നല്ല കാര്യമാണ്, ഒരു സംശയവുമില്ല. നേഹ, വളരെ സ്വാഭാവികമായി പറഞ്ഞ ഒരു കാര്യമാണിത്. എന്നാൽ ആ പറഞ്ഞതിൽ കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. ചോദിക്കപ്പെട്ട ചോദ്യവും അവരെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി കൊണ്ടായിരുന്നു. ഒരു നോൺ ബൈനറി വ്യക്തിത്വമാണെന്ന് വ്യക്തമാക്കിയിട്ടും നേഹയെക്കുറിച്ചുള്ള മാധ്യമവാർത്തകളിലും അഭിമുഖങ്ങളിലും അവരെ She അല്ലെങ്കിൽ Her എന്ന് അഭിസംബോധന ചെയ്യുന്നതിൽ പ്രശ്നം തോന്നുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. അതിന് നേഹ മറുപടി പറയുന്നത് ഇങ്ങനെയാണ് “ഓ… ഇത് സംഭവിക്കാവുന്ന കാര്യമാണ്. അവൾ എന്ന് വിളിച്ചവർ തന്നെ സംഭാഷണങ്ങളിൽ തിരുത്തി അവർ എന്ന് മാറ്റി പറയാറുമുണ്ട്. ഞാനതിൽ ഓക്കേയുമാണ്. ആളുകൾക്ക് ഇത്തരം വാക്കുകൾ മനസ്സിലാവാനും നോൺ ബൈനറി, ജെൻഡർ ക്വിയർ വ്യക്തികളെ ഉൾക്കൊള്ളാനുമൊക്കെ സമയം എടുക്കും. എന്നാൽ അവിടെയും കൃത്യമായ രാഷ്ട്രീയം നമ്മൾ പറഞ്ഞുകൊണ്ടേയിരിക്കണം. അതുകൊണ്ടാണ് എന്നെക്കുറിച്ചുള്ള ഒരു വാർത്തയുടെ തലക്കെട്ട് ‘Angriest Person’ എന്ന് തന്നെ നൽകണമെന്ന് ഞാൻ പറഞ്ഞത്. ഞാൻ ഒരു നോൺ ബൈനറി വ്യക്തിയായാണ് സ്വയം മനസ്സിലാക്കുന്നത്. ഗ്യാനേഷ് കുമാറിൻെറ രാജി പോലെത്തന്നെ ഇതും അടിമുടി രാഷ്ട്രീയം നിറഞ്ഞ കാര്യമാണ്. ആളുകൾക്ക് ഇതൊരു സ്വാഭാവിക കാര്യമായി തോന്നേണ്ടതുണ്ട്. അവർ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.”
അത്രയേ ഉള്ളൂ… നോൺ ബൈനറിയെന്ന് പറയുമ്പോൾ ആരുടെയും കണ്ണ് തള്ളേണ്ട. ആരും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ചമയ്ക്കേണ്ടതുമില്ല. ലിംഗസ്വത്വത്തിൻെറ കാര്യത്തിലും ലൈംഗിക സ്വത്വത്തിൻെറ കാര്യത്തിലും മനുഷ്യരിൽ പലതരം വ്യത്യാസങ്ങൾ ഉണ്ടാവുമെന്നത് സ്വാഭാവികമായ കാര്യമാണ്. അത് യാഥാർത്ഥ്യവുമാണ്. സ്ത്രീ - പുരുഷൻ എന്നീ ലിംഗസ്വത്വങ്ങൾ മാത്രമല്ല ഇവിടെയുള്ളത്. നോൺ ബൈനറി വ്യക്തികളായി സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഈ കള്ളികളിൽ ഒതുങ്ങാൻ ആഗ്രഹിക്കാത്തവരാണ്. അങ്ങനെ എത്രയെത്രയോ മനുഷ്യർ ഈ ലോകത്തുണ്ട്. അതിലൊരാൾ മാത്രമാണ് നേഹ ബോറയും. അവളെന്നോ അവനെന്നോ അല്ല, അവരെന്നാണ് അവർ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നത്. അതിന് ലൈംഗികസ്വത്വവുമായി ബന്ധമൊന്നും ഉണ്ടാവണമെന്നില്ല. നോൺ ബൈനറിയെന്നത് ഒരാൾ സ്വന്തം സ്വത്വം എങ്ങനെ തിരിച്ചറിയുന്നു എന്നുള്ളതാണ്. ജെൻഡർ ഐഡൻറിറ്റി അഥവാ ലിംഗ സ്വത്വം എന്ന വിശാലമായ സ്പെക്ട്രത്തിനകത്താണ് സ്ത്രീയും പുരുഷനും ട്രാൻസ് ജെൻഡറുമെല്ലാം വരുന്നത്. അജെൻഡർ, ജെൻഡർ ക്വിയർ എന്നിങ്ങനെ പലവിധ ലിംഗസ്വത്വങ്ങൾ. ആ വിശാലമായ കൂട്ടത്തിൽ ഉൾപ്പെടുന്ന മറ്റൊരു വിഭാഗമാണ് നോൺ ബൈനറി. മറ്റൊരു ജെൻഡർ ഐഡൻറിറ്റി. അത് സമൂഹം ഉൾക്കൊള്ളണമെന്ന വളരെ ലളിതമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം മാത്രമാണ് നേഹ നടത്തിയത്. നേഹയ്ക്ക് തന്നെ ഒരു സ്ത്രീ ആയി അടയാളപ്പെടുത്താൻ ആഗ്രഹമില്ല. നോൺ ബൈനറി വ്യക്തിയായാണ് തന്നെ അടയാളപ്പെടുത്തേണ്ടതെന്ന് മാത്രമാണ് അവർ പറഞ്ഞത്. അത് വളരെ ലളിതമാണ്, എന്നാൽ അതുപോലെ തന്നെ രാഷ്ട്രീയമൂർച്ചയുള്ളതുമാണ്.
പല കാര്യങ്ങളിലും ഉള്ളത് പോലെ ഇതിലും അവരുടെ വാക്കുകൾക്ക് ക്രിസ്റ്റൽ ക്ലാരിറ്റിയുണ്ട്. എന്നാൽ ഇത് വല്ലതും പറഞ്ഞാൽ ഇവിടെ പലർക്കും മനസ്സിലാവുമോ? പ്രത്യേകിച്ച് ഈ വാക്കിൽ ചാടിക്കേറി തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കുന്ന, സംഘപരിവാർ ഫാഷിസ്റ്റുകൾക്ക്? അവരെ പറഞ്ഞ് മനസ്സിലാക്കുകയെന്നത് അൽപം കടന്ന കയ്യാണ്. നേഹ ബോറ ട്രാൻസ് ജെൻഡറാണെന്നും അതെന്തോ മഹാപരാധമാണെന്നും പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ് സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകൾ. ട്രാൻസ് ജെൻഡർ വ്യക്തികൾ മറ്റൊരു ലിംഗസ്വത്വത്തിൽ ഉൾപ്പെടുന്നുവെന്നേയുള്ളൂ. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും അതിനിടയിൽ ക്ലാസ്സ് കിട്ടുന്നുണ്ട്. സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള, അതിന് വേണ്ടി ശബ്ദിക്കുന്ന നേഹ ബോറയെ പോലെയായിരിക്കണം തൻെറ മകളെന്ന് വിനീത് സോഷ്യൽ മീഡിയയിൽ മുമ്പ് എഴുതിയിരുന്നു. അതുകൊണ്ടാണിപ്പോൾ പുതിയ സാഹചര്യത്തിൽ വിനീതിനെതിരെയും തെറിവിളി വരുന്നത്. “വിനീത് ശ്രീനിവാസൻെറ ആഗ്രഹത്തിന് തിരിച്ചടി, താനൊരു സ്ത്രീയല്ലെന്ന് നേഹ ബോറ” എന്നൊക്കെയാണ് ചിലർ പടച്ചുവിടുന്നത്. ഇതിനൊക്കെ Open Air എന്ത് മറുപടി പറയും. തൽക്കാലം ഒന്നേ പറയാനുള്ളൂ… നിലപാടുകളിൽ നല്ല സ്ഫടിക വ്യക്തതയുള്ള, നേഹ ബോറയെ പോലുള്ള വ്യക്തികൾ തന്നെയാണ് പുതിയ കാലത്തെ മുന്നോട്ട് നയിക്കേണ്ടത്.
സ്ത്രീയും പുരുഷനും എന്നതിൽ മാത്രം മനുഷ്യരുടെ ലിംഗസ്വത്വം ഒതുങ്ങുന്നില്ലെന്നും ഓരോ വ്യക്തിക്കും സ്വന്തം സ്വത്വം നിർവചിക്കാനുള്ള അവകാശമുണ്ടെന്നും ഓർമിപ്പിക്കുകയാണ് നോൺ-ബൈനറി എന്ന ആശയം ചെയ്യുന്നത്. ലിംഗവൈവിധ്യത്തെ അംഗീകരിക്കുക എന്നത് കേവലം സഹിഷ്ണുതയുടെ പ്രശ്നമല്ല; അത് മനുഷ്യാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണ്. ഒരു വ്യക്തിയെ അവർ ആരാണെന്നതിന്റെ പേരിൽ വിവേചനത്തിന് വിധേയരാക്കാതെ, അവരുടെ സ്വത്വത്തെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് യഥാർത്ഥത്തിൽ ജനാധിപത്യപരവും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതുമായ സമൂഹം.
ഇതേ സാഹചര്യത്തിൽ മാധ്യമപ്രവർത്തകരോടും രാഷ്ട്രീയപ്രവർത്തകരോടും കൂടി രണ്ട് വാക്ക്. നേഹയുടെ ഈ പ്രസ്താവന, തുടങ്ങുന്നത് തന്നെ മാധ്യമങ്ങൾ തന്നെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് വിശദീകരിച്ച് കൊണ്ട് കൂടിയാണ്. അവളെന്ന് പറയരുതെന്നും അവരെന്ന് പറയണമെന്നും… സ്ത്രീയെന്ന് പറയരുതെന്നും വ്യക്തിയെന്ന് പറയണമെന്നും അവർ പറയുന്നു. അതവരുടെ തെരഞ്ഞെടുപ്പാണ്. അത്തരം തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക. പല സ്വത്വത്തിലുള്ള മനുഷ്യർ ഉൾപ്പെടുന്ന ആൾക്കൂട്ടത്തോട് സംസാരിക്കുമ്പോൾ ഇപ്പോഴും പൌരൻമാരേയെന്നും കലാകാരൻമാരേയെന്നും അഭിസംബോധന ചെയ്യുന്നവർ അത് തിരുത്തുക. പൌരനും പൌരയും ട്രാൻസ് ജെൻഡർ വ്യക്തികളും നോൺ ബൈനറി വ്യക്തികളുമെല്ലാം അടങ്ങിയിരിക്കുന്ന മനുഷ്യരാണ് നിങ്ങൾക്ക് മുന്നിലുള്ളത്. അവരെ എന്ന് മുതൽ പൗരരെന്നും കലാകാരരെന്നും പോലുള്ള ജെൻഡർ ന്യൂട്രൽ പദം കൊണ്ട് നമ്മൾ അഭിസംബോധന ചെയ്ത് തുടങ്ങും? ആ രാഷ്ട്രീയദൗത്യത്തിലേക്കുള്ള ചുവടുവെയ്പ് കൂടിയായി ഇത്തരം ചർച്ചകൾ മാറേണ്ടതുണ്ട്...
