സ്‌കൂൾ പഠന കാലത്ത് നിതിനാ മോൾ എന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു എന്നതിനേക്കാൾ ജൂനിയർ റെഡ് ക്രോസ്സിലെ സ്മാർട്ട് ആയ സഹപ്രവർത്തക ആയിരുന്നു.
ഈ കുറിപ്പ് പ്രധാനമായും നിതിനയെയോ നിതിനയുടെ മരണത്തെയോ കുറിച്ചല്ല. മറിച്ച് നിതിനക്ക് നേരിടേണ്ടി വന്ന ഒരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്ന ദുരനുഭവത്തെ നാം എങ്ങനെയാണ് മനസ്സിലാക്കിയതും നോക്കി കണ്ടതും എന്നതിനെക്കുറിച്ചാണ്.
എനിക്കിപ്പോഴും മനസ്സിലാകാത്തത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഒരു പെൺകുട്ടി കൊല്ലപ്പെട്ടുകഴിയുമ്പോൾ വിശദവിവരങ്ങൾ തിരക്കിയെത്തുന്ന പ്രമുഖ പ്രബുദ്ധ മാധ്യമ പ്രവർത്തകർ പോലും എന്തിനാണ് പെൺകുട്ടിയുടെ ജീവിതത്തിലേക്ക് സദാചാര കണ്ണെറിയുന്നത്? രണ്ട്, ചോരയുടെ ചൂട് മാറാത്ത സംഭവ സ്ഥലത്തു നിന്നും എങ്ങനെയാണ് ഒരു മാധ്യമ പ്രവർത്തകന് സംഭവം നടന്ന കോളേജിന്റെ മാഹാത്മ്യത്തെ കുറിച്ച് ഗൃഹാതുരനാവാൻ സാധിക്കുന്നത്?
ഇവിടെ പ്രശ്‌നം ഒരു സാമൂഹ്യജീവി തന്റെ സഹജീവിയുടെ ജീവൻ അപഹരിച്ചിരിക്കുന്നു എന്നതാണ്. അവർ തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം എന്തുമായിക്കൊള്ളട്ടെ, തെറ്റ് ആരുടെ പക്ഷത്തുമായിക്കൊള്ളട്ടെ പക്ഷേ, കൊലപാതകമല്ല അതിനൊന്നുമുള്ള പ്രതിവിധി എന്നതാണ് നാം ചർച്ച ചെയ്യേണ്ട കാര്യം. പകരം നമ്മുടെ സമൂഹവും മാധ്യമങ്ങളും അന്വേഷിക്കുന്നതെന്താണ്? അവർ തമ്മിലുള്ള ബന്ധത്തിന്റെ സദാചാര പ്രശ്‌നങ്ങളെപ്പറ്റി. കൊല്ലപ്പെട്ടയാളെ കുറിച്ചും കൊലപാതകിയെ കുറിച്ചും തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്. അത് നിലവിൽ നമ്മുടെ പൊതുസമൂഹം ചെയ്യുന്ന രീതിയിലല്ല വേണ്ടത് എന്ന് മാത്രം. പരദൂഷണവും മോറൽ പോലീസിങ്ങും അല്ല മാധ്യമ ധർമ്മം. നിങ്ങൾ വീണ്ടും വീണ്ടും രക്തസാക്ഷികളെയും കൊലപാതകികളെയും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
സഹപാഠിയുടെ കഴുത്തറുത്തു കൊല്ലാൻ പാകത്തിൽ പ്രതിയെ ക്രൂരനാക്കിയതിൽ അവൻ വളർന്ന സമൂഹത്തിനും അവനു ലഭിച്ച വിദ്യാഭ്യാസത്തിനും പങ്കില്ല എന്നാണോ നിങ്ങൾ കരുതുന്നത്?
ഞാൻ ഉന്നയിച്ച രണ്ടാമത്തെ പ്രശ്‌നം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്, പാലാ സെന്റ് തോമസ് കലാലയം പരിപൂർണ്ണ നന്മയുടെ വിളനിലമാണെന്ന് നിങ്ങൾ എന്തുകൊണ്ടാണ് കരുതുന്നത്? ഇതേ സംഭവം ഇവിടുത്തെ ഏതെങ്കിലും സാധാരണ ഗവണ്മെന്റ് കോളേജിലാണ് നടന്നിരുന്നതെങ്കിൽ നിങ്ങൾ സംഭവ സ്ഥലത്തിന്റെ കളങ്കപ്പെട്ടുപോയ മഹനീയതയെ കുറിച്ച് ഇത്രയേറെ ഉത്കണ്ഠാകുലരാകുമായിരുന്നോ? കർശനമായ അച്ചടക്കത്തിന്റെ കൂടുകൾ നിർമ്മിക്കുക സാമൂഹ്യ വിരുദ്ധരെയായിരിക്കും എന്ന് നാം ഇനി എന്നാണ് മനസ്സിലാക്കുക?
മാനസികാരോഗ്യം നമുക്ക് ഇനി എന്നാണ് പരിഗണിക്കേണ്ടുന്ന ഒരു വിഷയമായി മാറുക? പകയും പ്രണയവും തമ്മിലുള്ള വ്യത്യാസം പറഞ്ഞു പഠിപ്പിക്കാൻ കെല്പുള്ള സുഹൃത്തുക്കളായ അധ്യാപകവർഗ്ഗം വലിയ തോതിൽ വംശനാശ ഭീഷണി നേരിടുന്നത് തന്നെയാണ് നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങളിൽ ഒന്ന്.
സംസാരിച്ചാൽ തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ല എന്ന് നമ്മുടെ കുട്ടികൾ/യുവാക്കൾ പഠിക്കേണ്ടതുണ്ട്. ഇതൊരു നല്ല കുറിപ്പല്ലായിരിക്കാം. വൈകാരികമായിരിക്കാം. പക്ഷേ, ഇതിൽ സ്‌നേഹമുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്തിന്റെ പേരിലായാലും ഇനിയൊരു രക്തസാക്ഷി കൂടി/കൊലപാതകി കൂടി ഇവിടെ ഉണ്ടാവരുത്.
വ്യക്തിസ്വാതന്ത്ര്യം, ലൈംഗികവിദ്യാഭ്യാസം, മനഃശാസ്ത്ര പഠനം, സ്‌നേഹം എന്നിവയെ കുറിച്ചെല്ലാം ആവർത്തിച്ചാവർത്തിച്ച് നാം സംസാരിക്കേണ്ടിയിരിക്കുന്നു. അന്യന്റെ മൂക്കിൻതുമ്പ് വരെ മാത്രമേ നമ്മുടെ സ്വാതന്ത്ര്യത്തിന് പൂർണ സ്വാതന്ത്ര്യം ഉള്ളൂ എന്ന് നാം പ്രാക്ടീസ് ചെയ്യേണ്ടതുണ്ട്.
മാധ്യമങ്ങൾ പരദൂഷണകേന്ദ്രങ്ങൾ ആകരുത്. വിദ്യാലയങ്ങൾ/കലാലയങ്ങൾ തടവറകൾ ആകരുത്. അധ്യാപകർ സുഹൃത്തുക്കൾ ആകേണ്ടതുണ്ട്.
പ്രണയിക്കാനും പരാജയപ്പെടാനും പഠിക്കണം. സന്തോഷിക്കാനും കരയാനും പഠിക്കണം. ബഹുമാനപൂർവ്വം/സ്‌നേഹപൂർവ്വം അടുക്കാനും അകലാനും പഠിക്കണം. നാം അറിഞ്ഞതൊക്കെയും നിസ്സാരമെന്നും ഇനിയുമെത്രയോ അറിയാനിരിക്കുന്നു എന്നും തിരിച്ചറിയണം.
കേവലം പ്രശ്‌നപരിഹാര നിർദ്ദേശങ്ങൾക്കപ്പുറം ഇവയൊക്കെ എങ്ങനെ നടപ്പിൽ വരുത്താം എന്ന് നമ്മുടെ പോളിസി മേക്കർമാർ കൂടിയിരുന്നാലോചിക്കുകയും അവ പ്രായോഗികമാക്കുകയും ചെയ്യേണ്ടതുണ്ട്. പൊതുസമൂഹത്തെയൊന്നാകെ അതിൽ പങ്കാളികളാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ അംഗൻവാടികൾക്കും സർവ്വകലാശാലാ സ്ഥാപനങ്ങൾക്കും ഒരേ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.
ഇതൊക്കെ ആരോട് പറയാൻ അല്ലേ? ഇന്നത്തെ ഞെട്ടിക്കുന്ന വാർത്തയുടെ ആയുസ്സ് നാളത്തെ ഞെട്ടിക്കുന്ന വാർത്ത വരെ മാത്രമാണല്ലോ?