പുരുഷ ലൈംഗിക ഭാവനകളേയും ഭയങ്ങളെയും ഫാസിസം ഉപയോഗിക്കുന്നതെങ്ങനെ? സമകാലിക സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ഒരു അന്വേഷണം
‘തങ്ങൾ ആധിപത്യമുറപ്പിച്ച ജനതയുടെ വംശഗുണങ്ങളുടെ അടിത്തറ മാന്താൻ ജൂതൻ എന്നും ശ്രമിച്ചിട്ടുണ്ട്. ജർമൻ പെൺകുട്ടികൾക്കുമേൽ ജാരക്കണ്ണുകളുമായി പുളച്ചുനടക്കുന്ന കറുപ്പുമുടിക്കാരായ ജൂതച്ചെറുപ്പക്കാരെ ശ്രദ്ധിച്ചോളൂ. നിഷ്‌കളങ്കരായ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കാനും ആര്യരക്തം മലിനമാക്കാനുമാണവർ നടക്കുന്നത്.'- ഹിറ്റ്‌ലർ ( മെയിൻ കാംഫ്)
‘കമ്പിക്കഥകൾ' എന്നത് പുരുഷന്മാരെ ഏറെ ആകർഷിക്കുന്ന ഒരു പദമാണ്. എന്തുകൊണ്ടെന്നാൽ രതിയുമായി ബന്ധപ്പെട്ട ഫാന്റസി കഥകളെ സൂചിപ്പിക്കാൻ പൊതുവെ മലയാളികൾ ഉപയോഗിക്കുന്ന പദമാണത്. ഈ പദം ഇവിടെയുപയോഗിക്കാൻ കാരണം, കേരളത്തിൽ നടക്കുന്ന ‘ലവ് ജിഹാദ്’ ആരോപണങ്ങൾക്കു പിറകിൽ മലയാളി പുരുഷന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട ചില ഘടകങ്ങളും ഉൾച്ചേർന്നിരിക്കുന്നു എന്നതുകൊണ്ട് കൂടിയാണ്.
രതിയോടുള്ള ഭയം, ആത്മവിശ്വാസക്കുറവ്, അറിവില്ലായ്മ, തെറ്റായ ധാരണകൾ എന്നിവയെല്ലാം ഫാസിസ്റ്റുകളുടെ ലവ്ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ ആരോപണങ്ങൾ വിശ്വസിക്കാൻ പുരുഷനെ പ്രേരിപ്പിക്കുന്നു. അറബ് ലോകരാഷ്ടങ്ങളിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള ഫാന്റസി കഥകൾ മുതൽ മലയാളത്തിലെ ‘താത്ത കഥകൾ’ വരെ ഇവിടുത്തെ മുസ്‌ലിം സമൂഹത്തിന്റെ ലൈംഗികതയെ സംബന്ധിച്ച പൊതുബോധ ഭാവനകളെ ഊട്ടിയുറപ്പിക്കുന്നു. പുരുഷനെന്ന നിലയിൽ അവർ അത് ആസ്വദിക്കുമ്പോഴും ഒരു പുരുഷസമൂഹമെന്ന നിലയിൽ തങ്ങളുടെ ആൺകോയ്മയേയും വംശബോധത്തെയും അത് വെല്ലുവിളിക്കുകയാണെന്ന ചിന്ത അവരിൽ ഭയം ജനിപ്പിക്കുകയും ചെയ്യുന്നു.
പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും രതിയും ലഹരിയും പലപ്പോഴും ഒരുമിച്ചു ചേർക്കുന്ന പതിവ് മലയാളികൾക്കുണ്ട്. അതേ ഭാവനയിൽ നിന്നാണ് ‘നാർക്കോട്ടിക്ക് ജിഹാദും' രൂപപ്പെടുന്നത്.
മുസ്‌ലിം സമുദായത്തിലെ ആൺകോയ്മാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത തൃപ്പൂണിത്തുറ ഘർവാപ്പസി കേന്ദ്രങ്ങളിൽ നിരവധി സ്ത്രീകൾ പീഢനമേൽക്കേണ്ടി വന്ന സംഭവത്തിന് ലഭിക്കാതെ പോയത് ഇവിടുത്തെ പൊതുബോധം അത്രത്തോളം ഹിന്ദുത്വവത്കരിക്കപ്പെട്ടതു കൊണ്ട് കൂടിയാണ്.
വിജയിച്ച ‘ജിഹാദ്’
പുരുഷന്റെ ലൈംഗികത എന്നത് ആൾക്കൂട്ട ആക്രമണങ്ങൾ, വംശീയ കലാപങ്ങൾ തുടങ്ങി യുദ്ധങ്ങൾ വരെ സൃഷ്ടിക്കാൻ ഉതകുന്ന ഒന്നാണെന്ന് മനുഷ്യസമൂഹം കാലങ്ങൾക്കു മുൻപേ തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് ക്ലാസിക്കൽ ഫാസിസം അവരുടെ അനുയായികളെ നിർമിക്കുന്നതിലും അത് വിദഗ്ദമായി പ്രയോഗിച്ചിട്ടുണ്ട്. മുകളിൽ കൊടുത്ത ഹിറ്റ്‌ലറുടെ വാക്കുകൾ അതിന് ചെറിയൊരു ഉദാഹരണം മാത്രമാണ്. ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യ രീതി പിന്തുടരുന്ന ഇന്ത്യൻ ഫാസിസവും ന്യൂനപക്ഷങ്ങൾക്കെതിരെ ഇത്തരം പ്രചാരണ തന്ത്രങ്ങൾ ഉപയോഗിച്ചു വരുന്നു. അതുമാത്രമല്ല, ഹിന്ദുത്വ ചിന്താഗതി പുലർത്തുന്ന മറ്റു പാർട്ടികളോ വ്യക്തികളോ ഉന്നയിച്ച വിവാദങ്ങൾ തങ്ങളുടെ പ്രചരണങ്ങൾക്കുതകുന്നതാണെങ്കിൽ അതിവിദഗ്ദമായി അവരത് ഏറ്റെടുക്കുകയും ചെയ്യുന്നു. അതിലൂടെ അവർക്കനുകൂലമായി നിലനിൽക്കുന്ന ഹിന്ദുത്വ പൊതുബോധം കൂടുതൽ കൂടുതൽ അനുഗുണമാക്കാൻ അവർക്ക് സാധിക്കയും ചെയ്യുന്നു. മുസ്‌ലിം സമുദായത്തിലെ ആൺകോയ്മാ പ്രശ്‌നങ്ങൾ വരെ വലിയ വർഗീയ പ്രശ്‌നങ്ങളെന്ന പോലെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം പ്രചാരണങ്ങൾക്ക് കിട്ടുന്ന വലിയ സ്വീകാര്യത തൃപ്പൂണിത്തുറ ഘർവാപ്പസി കേന്ദ്രങ്ങളിൽ നിരവധി സ്ത്രീകൾ പീഢനമേൽക്കേണ്ടി വന്ന സംഭവത്തിന് ലഭിക്കാതെ പോയത് ഇവിടുത്തെ പൊതുബോധം അത്രത്തോളം ഹിന്ദുത്വവത്കരിക്കപ്പെട്ടതു കൊണ്ട് കൂടിയാണ്.
ഹിന്ദു സ്ത്രീകളെ മുസ്‌ലിം യുവാക്കൾ പ്രണയത്തിലൂടെ മയക്കി ഇസ്‌ലാമിലേക്ക് മതം മാറ്റുകയാണെന്ന ഇന്ത്യൻ ഫാസിസ്റ്റുകളുടെ ആരോപണങ്ങൾക്ക് സമീപകാലത്ത് വലിയ പ്രചാരമാണ് ലഭിച്ചത്. സംഘപരിവാറിന്റെ ഇത്തരം പ്രചാരണങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കേണ്ട ഇടതുപക്ഷവും ന്യൂനപക്ഷ സമുദായങ്ങൾ പോലും തോൽവി സമ്മതിച്ച് കീഴടങ്ങുന്ന കാഴ്ച നിരാശാജനകമാണ്. തോൽവി സമ്മതിക്കുക മാത്രമല്ല ആ പ്രചാരണങ്ങൾ അവർ ഏറ്റെടുക്കുകയും ചെയ്തു എന്നതിന് തെളിവാണ് നാർക്കോട്ടിക് ജിഹാദ് ആരോപണവും അതിനെത്തുടർന്നുണ്ടായ പ്രതികരണങ്ങളും. ഒരു നുണ പലതവണ ആവർത്തിച്ചാൽ സത്യമായിത്തീരുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഇവിടെ വിജയിച്ചത്.
മറ്റുള്ള സമുദായങ്ങളിലെ പുരുഷനെ മുഴുവൻ സ്ത്രീ വിരുദ്ധരായി മുദ്രകുത്തി സ്ത്രീകളെ ഞങ്ങൾ സംരക്ഷിക്കും എന്ന് ഉറപ്പിച്ചു പറയുന്ന വിപ്ലവ സവർണ പുരുഷനാണ് പാട്രിയാർക്കൽ ബോധം കൂടുതൽ പേറുന്നത് എന്നതാണ് വാസ്തവം.
വിപ്ലവ സവർണ പുരുഷന്റെ തനിനിറങ്ങൾ
ജീവിതനിലവാരം കൊണ്ട് അസംതൃപ്തരായ ജനതയുടെ മനസ്സിലേക്ക് ഒരു ശത്രുവിനെ സൃഷ്ടിച്ചു കൊണ്ടാണ് ഫാസിസം അവരുടെ പ്രവർത്തനമാരംഭിക്കുന്നത്. ആ ജനതക്കുമുകളിൽ ഒരു വാൾ പോലെ തൂങ്ങിക്കിടക്കുന്ന ശത്രു ഏതു നിമിഷവും പൊട്ടിവീണ് അവരുടെ ജീവിതം നശിപ്പിക്കുമെന്ന് ഫാസിസ്റ്റുകൾ ആദ്യം പ്രചരിപ്പിക്കുന്നു. അതോടൊപ്പം, അവരാഗ്രഹിക്കുന്ന സുഖലോലുപതയാർന്ന ജീവിതത്തിന് തടസ്സം നിൽക്കുന്നത് ഈ ശത്രുവിന്റെ ബുദ്ധിപരമായ തന്ത്രങ്ങളാണെന്നും ആ ജനതയെ വിശ്വസിപ്പിക്കുന്നു. അധികാരം, കച്ചവടം, പണം, ആഡംബര ജീവിതം എന്നിവയെല്ലാം ശത്രുക്കളുടെ കയ്യിലാണ് എന്ന് പ്രചരിപ്പിക്കലാണ് അടുത്ത ഘട്ടം. അതിനോടൊപ്പം തങ്ങളുടെ സ്ത്രീകളെ ആ ശത്രുക്കൾ വശീകരിച്ചു കൊണ്ടു പോകുകയാണെന്നും അവർ പറയും. അത് അവരുടെ വംശവർധനക്കാണെന്നും കൂട്ടിച്ചേർക്കും. അങ്ങനെയൊരു വംശവർദ്ധനയുണ്ടായാൽ ലോകം അവരുടെ ആധിപത്യത്തിലാകുമെന്ന ഭീതി പരത്തും.
‘ഓരോ ജീവിവർഗ്ഗത്തിനും അതിന്റേതായ ജീവപരിധി പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്. ഓരോ വംശവും ജീവിച്ചു പുലരേണ്ടതും പെറ്റുപെരുകേണ്ടതും അതിനുള്ളിൽ തന്നെയാണ്. ഏത് ജീവിയും അതേ വംശത്തിലുള്ള മറ്റൊരു ജീവിയുമായാണ് ഇണ ചേർക്കപ്പെടുന്നത്. കുരുവി കുരുവിയുമായി, ചുണ്ടെലി ചുണ്ടെലിയുമായി, പെരുച്ചാഴി പെരുച്ചാഴിയുമായി, ചെന്നായ ചെന്നായയുമായി' എന്ന ഹിറ്റ്‌ലറുടെ വാക്കുകളുടെ അതേ സ്വരവും താളവുമാണ് പാലാ ബിഷപ്പിന്റെ ‘നാർക്കോട്ടിക്ക് ജിഹാദ്’ വംശീയ പരാമർശത്തിലും പ്രതിധ്വനിച്ചത്.
ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടമുണ്ടാക്കുക മുതലായ ലക്ഷ്യങ്ങൾ നേടാനാണ് തങ്ങളുടെ വംശത്തിൽ പെട്ട പെൺകുട്ടികളെ പ്രണയിച്ചോ മറ്റുമാർഗ്ഗങ്ങളിലൂടെയോ ജിഹാദികൾ വശത്താക്കുന്നതെന്ന പാലാ ബിഷപ്പിന്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് ‘ഈഴവ ജിഹാദു'മായി ഫാദർ റോയ് കണ്ണൻചിറ മുന്നോട്ടു വരുന്നത്. ‘ഈഴവ ജിഹാദ്' വിവാദ പ്രസംഗത്തെ തുടർന്നാണ് എസ്.എൻ.ഡി.പി യോഗം സംസ്ഥാന സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ‘ക്രിസ്ത്യൻ ജിഹാദാ'ണ് നിലനിൽക്കുന്നതെന്ന് തിരിച്ചടിക്കുന്നത്. ഇവരെല്ലാം അടിസ്ഥാനപരമായി വംശീയ പരാമർശങ്ങൾക്കൊപ്പം സ്ത്രീ വിരുദ്ധത കൂടിയാണ് ഘോഷിക്കുന്നത്.
സ്ത്രീകൾ ദുർബലകളാണെന്നും അവർക്ക് വിശേഷ ബുദ്ധിയില്ലെന്നും അതുകൊണ്ടുതന്നെ അവരെ മയക്കുക എന്നത് നിഷ്പ്രയാസം സാധിക്കുന്ന ഒരു കാര്യമാണെന്നും അവർ സ്ഥാപിക്കുന്നു. ‘പൊന്നും പണവും പെണ്ണും'എന്നത് പണ്ടു മുതൽക്കേയുള്ള പ്രയോഗമാണ്. മയക്കുക, ഉപയോഗിക്കുക, കുട്ടികളെ ഉൽപാദിപ്പിക്കുക എന്നീ പുരുഷ നിർമിത ചിത്രത്തിലേക്ക് സ്ത്രീയെ ഒതുക്കാൻ ശ്രമിക്കുന്ന ആധുനിക മനുഷ്യരെന്നും പുരോഗമന മനുഷരെന്നും സ്വയം നടിക്കുന്നവർ ഉപയോഗിക്കുന്നതും ആ കേട്ടുകേൾവിയെ പിൻപറ്റുക എന്ന രീതിശാസ്ത്രമാണ്. സ്ത്രീകൾ നിരന്തരം സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന ബോധം മനുസ്മൃതി മുതൽ ആധുനിക പുരോഗമനവിപ്ലവകാരികൾ വരെ വിശ്വസിക്കുന്ന കാര്യമാണ്.
‘പിതാ രക്ഷതി കൗമാരേ...' എന്നു തുടങ്ങുന്ന മനുസ്മൃതി വാക്യത്തിന്റെ സ്ത്രീ വിരുദ്ധ ഭാവന തന്നെയാണ് ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമയിൽ ജലപീരങ്കിയുടെ മുന്നിൽ നിന്ന് നായികയെ നായകൻ രക്ഷിക്കുന്ന ദൃശ്യങ്ങൾ വരെ പിന്തുടരുന്നത്. തീയറ്ററുകളിൽ വലിയ കൈയ്യടി നേടിയ ഭാഗമായിരുന്നു അത്. ‘പൗരാണിക ഭാവനയിൽ വിരിഞ്ഞ' ദൃശ്യമായതു കൊണ്ടായിരിക്കാം അത്യാധുനിക ജലപീരങ്കിയുടെ ഫോഴ്‌സ് പോലും ഒരിഞ്ച് മോട്ടറിനോളം താഴ്ന്നു പോയത്. ഈ സംരക്ഷണ പരമ്പരകൾക്കുള്ളിൽ സ്ത്രീകളുടെ ശരീരം, അവരുടെ ലൈംഗികത എന്നിവയെ സംബന്ധിച്ച പുരുഷന്റെ ഭയം നിറഞ്ഞിരിക്കുന്നതായി കാണാം. ഈ സംരക്ഷണ ബോധമാണ് സദാചാര പൊലീസിംഗ് വരെയായി വളരുന്നത്. ‘സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത് ' എന്ന ‘കുമ്പളങ്ങി നൈറ്റ്‌സി'ലെ സംഭാഷണത്തോടെ തമാശയായി പരിണമിച്ചുവെങ്കിലും മലയാളി ലിബറൽ പുരുഷന്റെ വിപ്ലവ മനോഭാവം തന്നെയായിരുന്നു അത്. ഈ മനോഭാവം ഇപ്പോഴും പിൻപറ്റുന്നവരാണ് മലയാളി സവർണ ലിബറൽ പുരുഷന്മാർ. സ്വന്തം സമുദായത്തിലെയോ പാർട്ടിയിലെയോ സ്ത്രീകൾ തുറന്നു പറയുന്ന പുരുഷാധികാര പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ഇവർ ന്യൂനപക്ഷ സമുദായങ്ങളിലെയോ ദലിത് വിഭാഗത്തിലെയോ സ്ത്രീകൾ അതേ സമുദായത്തിലെ പുരുഷന്മാരാൽ ആക്രമിക്കപ്പെട്ടാൽ വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുകയും അവർക്കിടയിൽ വലിയ പാട്രിയാർക്കി നിലനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അതേ സ്ത്രീകൾ തന്നെ സവർണ ലിബറൽ പുരുഷനാൽ ആക്രമിക്കപ്പെട്ടാൽ അത് ആ സ്ത്രീകളുടെ പ്രശ്‌നമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
‘പെണ്ണേ നീ തീയാകുക, പെണ്ണേ നീ പറക്കുക’ എന്നൊക്കെ പറയുന്ന വിപ്ലവ പുരുഷൻ തീയാവലും പറക്കലുമെല്ലാം തന്റെ സംരക്ഷണത്തിലാവണം എന്നാഗ്രഹിക്കുന്നവരാണ്.
സമൂഹത്തിൽ നിലനിൽക്കുന്ന പാട്രിയാർക്കൽ ബോധത്തിനെതിരെ പലപ്പോഴായി സ്ത്രീകൾ പ്രതികരിക്കാറുണ്ട്. എന്നാൽ ന്യൂനപക്ഷ സമുദായങ്ങളിലെ പുരുഷന്മാർക്കെതിരെ സ്ത്രീകൾ ഇത്തരത്തിൽ പ്രതികരിക്കുമ്പോൾ അതുമാത്രം ഏറ്റെടുക്കാൻ ശ്രമിക്കുന്നവർ അതുവഴി കൂടുതൽ വംശീയ വിദ്വേഷം പടർത്താനാണ് ശ്രമിക്കുന്നത്. മറ്റുള്ള സമുദായങ്ങളിലെ പുരുഷനെ മുഴുവൻ സ്ത്രീ വിരുദ്ധരായി മുദ്രകുത്തി സ്ത്രീകളെ ഞങ്ങൾ സംരക്ഷിക്കും എന്ന് ഉറപ്പിച്ചു പറയുന്ന വിപ്ലവ സവർണ പുരുഷനാണ് ഈ പാട്രിയാർക്കൽ ബോധം കൂടുതൽ പേറുന്നത് എന്നതാണ് വാസ്തവം. പർദ്ദയ്ക്കും തട്ടത്തിനുമുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ നിസ്സഹായവസ്ഥയോർത്ത് പരിതപിച്ചിരുന്ന ഒരു കൂട്ടം വിപ്ലവ പുരുഷന്മാർക്കും പുരുഷ വീക്ഷണമുള്ള സ്ത്രീകൾക്കും മുന്നിലാണ് തട്ടമിട്ട പെൺകുട്ടികൾ തങ്ങളുടെ അവകാശ പോരാട്ടങ്ങളുമായി ഊർജ്ജസ്വലരായി നിറഞ്ഞുനിൽക്കുന്നത്.
സംസ്‌കാരമില്ലാത്തവർ, അറിവില്ലാത്തവർ, എന്നീ മുദ്രകൾ ചാർത്തി വരേണ്യ പൊതുബോധം അകറ്റി നിർത്തുന്ന മുസ്‌ലിം സമുദായത്തിൽ നിന്ന് 'ഹരിത' നേതാക്കൾ വ്യക്തതയോടെയും സ്പഷ്ടമായും തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കുമ്പോൾ അദ്ഭുതം കൂറുന്നതിനു പിന്നിലുള്ളതും ഇതേ സവർണ പുരുഷബോധമാണ്.
മുസ്‌ലിം സ്ത്രീകൾ അടുത്ത കാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വലിയ സാന്നിധ്യമായി വളർന്നത് സംഘപരിവാറിന്റെയും മറ്റു ഹിന്ദുത്വ പാർട്ടികളുടെയും പ്രചാരണത്തെ തകർക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം സ്ത്രീകൾക്കെതിരെയുള്ള സുള്ളി ഡീൽ ആക്രമണങ്ങൾ പോലും വിലയിരുത്തപ്പെടേണ്ടത്.
മുസ്‌ലിം സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ മൗനം
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അവരുടെ ഇനിയുള്ള ജീവിതത്തെ കുറിച്ചും വലിയ കരുതൽ കാണിക്കുന്നവരാണ് മലയാളി പുരുഷ സമൂഹം. അഫ്ഗാൻ ജയിലിൽ കഴിഞ്ഞിരുന്ന നിമിഷ എന്ന പെൺകുട്ടിയെ താലിബാൻ മോചിപ്പിച്ചെന്ന വാർത്തയ്ക്കു കീഴിൽ അശ്ലീല കമന്റുകളും തെറിവിളികളുമായി നിറയുന്നതും ഇതേ മലയാളി പുരുഷസമൂഹം തന്നെയാണ്. മുസ്‌ലിം പുരുഷന്മാരെ കുറിച്ചുള്ള മലയാളികളുടെ ഭാവനകൾ ഓരോ കമന്റിലും വായിച്ചെടുക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതിനെ തുടർന്നുണ്ടായ സംഭവങ്ങളിലും രാഷ്ട്രീയ ചർച്ചകളിലും പങ്കെടുത്ത മുസ്‌ലിം സ്ത്രീകളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കണമെന്നും അവർ താലിബാൻ അനുകൂലികളാൽ നിരന്തരം റേപ് ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്ന മലയാളി പുരുഷന്മാരുടെ പ്രതികരണങ്ങൾക്കും സോഷ്യൽ മീഡിയയിൽ കുറവൊന്നുമുണ്ടായിരുന്നില്ല. മുസ്‌ലിം സ്ത്രീകൾ ലൈംഗിക തൃഷ്ണ കൂടുതലുള്ളവരാണെന്നും അതുകൊണ്ടാണ് അവർക്ക് താലിബാനികളെ അനുകൂലിക്കാൻ സാധിക്കുന്നതെന്നുമുള്ള കമന്റുകൾ വരെ ഇക്കൂട്ടത്തിൽ കാണാം.
സ്ത്രീ വിരുദ്ധതയും വംശീയതയും കൂടിച്ചേർന്ന ഒരു മനോഭാവമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. തന്റെ സ്വത്വത്തിലോ ആശയത്തിലോ ഉറച്ചു നിൽക്കുന്ന സ്ത്രീക്കെതിരെ നിരന്തരം ബലാത്സംഗ ഭീഷണിയുയർത്തുന്ന പുരുഷന്മാരിലും ഇതേ ചിന്താഗതി തന്നെയാണ് നിലനിൽക്കുന്നത്. ബലാത്സംഗത്തിൽ ആക്രമണോത്സുകത, വെറുപ്പ്, പുച്ഛം, ഇരയുടെ വ്യക്തിത്വത്തെ തകർക്കാനും നശിപ്പിക്കാനുമുള്ള ത്വര എന്നീ വികാരങ്ങൾ നിലനിൽക്കുന്നതായി ‘സെക്ഷ്വൽ പൊളിറ്റിക്‌സ്' എന്ന ഗ്രന്ഥത്തിൽ കേറ്റ് മില്ലെറ്റ് സൂചിപ്പിക്കുന്നുണ്ട്.
മുസ്‌ലിം സമുദായം സ്ത്രീകളെ അടിമകളാക്കി വെയ്ക്കുന്നു എന്നത് മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പടർത്തുന്നതിനായി സംഘപരിവാറുകാർ ഉപയോഗിക്കുന്ന ടൂളുകളിലൊന്നാണ്. എന്നാൽ മുസ്‌ലിം സ്ത്രീകൾ അടുത്ത കാലത്ത് നടന്ന സമരങ്ങളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും വലിയ സാന്നിധ്യമായി വളർന്നതും സംഘപരിവാറിന്റെയും മറ്റു ഹിന്ദുത്വ പാർട്ടികളുടെയും പ്രചാരണത്തെ തകർക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം സ്ത്രീകൾക്കെതിരെയുള്ള സുള്ളി ഡീൽ ആക്രമണങ്ങൾ പോലും വിലയിരുത്തപ്പെടേണ്ടത്.
മുസ്‌ലിം പുരുഷന്മാരുടെ പാട്രിയാർക്കൽ പരാമർശങ്ങളിൽ പോലും വലിയ പ്രതിഷേധങ്ങളുയർത്തുന്നവരാണ് മലയാളി സമൂഹം. എന്നാൽ സംഘപരിവാർ മുസ്‌ലിം സ്ത്രീകൾക്കു നേരെ നടത്തുന്ന സ്ത്രീ വിരുദ്ധവും വംശീയവുമായ ആക്രമണങ്ങൾക്കെതിരെ തികഞ്ഞ മൗനവലംബിക്കുകയാണ് ഇവർ ചെയ്യാറുള്ളത്. ഹിന്ദുത്വ ചിന്താഗതിയ്ക്ക് വിധേയപ്പെട്ട ഈ പുരുഷ സമൂഹത്തെ പെട്ടെന്ന് തന്നെ പ്രകോപിപ്പിക്കാൻ ലവ്ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ ആരോപണങ്ങൾക്ക് സാധിക്കും. തന്റെ സമുദായത്തിലെ സ്ത്രീയെ അന്യ സമുദായത്തിലെ പുരുഷൻ വശീകരിച്ചു സ്വന്തമാക്കുന്നു എന്ന കഥ ഒരു പുരുഷനെ അക്രമോത്സുകനാക്കാൻ മാത്രം ശക്തിയുള്ളതാണ്. ഇതിഹാസങ്ങൾ മുതൽ ആഖ്യാനം ചെയ്യപ്പെട്ട ഈ കഥകൾ രാമരാജ്യം സ്ഥാപിക്കാൻ പ്രയത്‌നിക്കുന്ന സംഘപരിവാറിനും ഹിന്ദുത്വ വർഗ്ഗീയ വാദികൾക്കും ഉപയോഗിക്കാവുന്ന ഒന്നു തന്നെയാണ്. എന്നാൽ രാമായണത്തിലേയും ഡോൾസ് ഹൗസിലേയും ഇഷ്‌ക് സിനിമയിലേയും നായികമാരേ പോലെ ഈ സംരക്ഷണ കഥകളിൽ നിന്നും ഇറങ്ങിപ്പോകുന്ന നായികമാർ യാഥാർത്ഥ്യമാകുമ്പോൾ മാത്രമേ ഇത്തരം സ്ത്രീവിരുദ്ധ പ്രചരണങ്ങൾക്കെതിരെയുള്ള ക്രിയാത്മകമായ പ്രതികരണം സാധ്യമാവുകയുള്ളൂ.
സ്ത്രീയുടെ ജീവിതത്തിനുമുകളിൽ ഫാസിസം, പുരുഷ മേധാവിത്വം, ജാതീയത, ഉപഭോഗ സംസ്‌കാരം എന്നിവ അധികാരം ചെലുത്തുന്നു. ഈ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള സ്ത്രീകളുടെ മുന്നോട്ടു വരവിനെ പുരുഷ സമൂഹം വലിയ ആശങ്കയോടെ കാണുകയും അതിനെ മറികടക്കാൻ പുതിയ വഴികൾ അവർ നിരന്തരം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഈ വഴികളിലൂടെ അവരുടെ ആൺകോയ്മ അവർ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ലിംഗ രാഷ്ട്രീയം, സാമൂഹിക നീതി, പ്രണയം, ഫെമിനിസം തുടങ്ങിയവയെ സംബന്ധിച്ച ആശയ വ്യക്തതകൾ ഓരോരുത്തരും രൂപപ്പെടുത്തിയെടുക്കുക എന്നത് അനിവാര്യമായ കാര്യമാണ്. അതുവരെ പുരുഷന്റെ സ്ത്രീ വിരുദ്ധ ഭാവനകൾ പ്രണയ ലഹരി ജിഹാദ് കഥകളായി പടർന്നുകൊണ്ടിരിക്കും.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.