പായൽ ആര്യ; ആദ്യമായി അൻറാർട്ടിക്കയിലെത്തിയ വനിതാ സർവ്വേയർ സംസാരിക്കുന്നു

അന്റാർട്ടിക്കയിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമേ പല പര്യവേക്ഷണസംഘങ്ങളിലുമായി പോയിട്ടുള്ളൂ. ആദ്യമായി ആ ഭൂഖണ്ഡത്തിലെത്തുന്ന വനിതാ സർവ്വേയർ, സർവ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ പായൽ ആര്യ ആയിരുന്നു. ഇപ്പോൾ ജിയോഡെറ്റിക് ആൻറ്​ റിസർച്ച് വിഭാഗത്തിൽ സർവ്വേയറായി സർവ്വേ ഓഫ് ഇന്ത്യയുടെ ഡെറാഡൂൺ ഓഫീസിൽ ജോലി ചെയ്തുവരുന്ന പായൽ ആര്യയുമായി സി.എസ്. മീനാക്ഷി നടത്തിയ അഭിമുഖമാണിത്. സ്ത്രീകൾക്ക് നടന്നു കേറാനാവാത്ത ഭൂഖണ്ഡങ്ങളോ ജ്ഞാനമണ്ഡലങ്ങളോ ഈ ഭൂമിയിലില്ല എന്നത് വ്യക്തമാക്കിത്തരുന്നു, ഈ വനിതാ ദിനത്തിൽ പായൽ ആര്യയുടെ വാക്കുകൾ.

ന്ത്യ- അന്റാർട്ടിക്ക പ്രോഗ്രാം, കേന്ദ്ര ഭൗമ മന്ത്രാലയത്തിനു കീഴിൽ ഗോവയിൽ പ്രവർത്തിക്കുന്ന അന്റാർട്ടിക്കയേയും സമുദ്രത്തേയും കുറിച്ചുള്ള ഗവേഷണസ്ഥാപനമായ NCAOR (National Centre for Polar and Ocean Research) ന്റെ നിയന്ത്രണത്തിൽ നടക്കുന്ന ഒരു ബഹുവിഷയ, ബഹു സ്ഥാപന പരിപാടിയാണ്. ഇതിനകം ഇന്ത്യ നാൽപ്പതോളം ശാസ്ത്രപര്യവേക്ഷണ സംഘങ്ങളെ അന്റാർട്ടിക്കയിലേക്ക് അയച്ചുകഴിഞ്ഞു. അന്തരീക്ഷ സ്ഥിതി, ജൈവലോകം, ഭൗമശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, ജിയോളജി, കാലാവസ്ഥ, ഗ്ലേഷ്യോളജി തുടങ്ങിയ മണ്ഡലങ്ങളിൽ ഗവേഷണം നടത്തി മുന്നൂറിലധികം പഠനങ്ങൾ ഇന്ത്യക്കാരുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

1981ലാണ് ആദ്യ ഇന്ത്യൻ സംഘം അന്റാർട്ടിക്ക സന്ദർശിക്കുന്നത്.
1984 ലാണ് ആദ്യ ഇന്ത്യൻ സ്റ്റേഷനായ ദക്ഷിൺ ഗംഗോത്രി നിലവിൽ വരുന്നത്. അത് പൂർണമായും മഞ്ഞിൽ മുങ്ങിപ്പോയി. അതിനുമുൻപ് 1989ൽ രണ്ടാമത് ഇന്ത്യൻ സ്റ്റേഷനായ മൈത്രിയും 2012ൽ മൂന്നാം സ്റ്റേഷനായ ഭാരതിയും നിർമിക്കപ്പെട്ടു. മൈത്രിയുടെ സമീപത്ത് ‘പ്രിയദർശിനി' എന്നുപേരുള്ള ശുദ്ധജലതടാകം ഉണ്ടാക്കി. മഞ്ഞ് മൂടുന്നതിനനുസരിച്ച് ഹൈഡ്രോളിക് ജാക്ക് വെച്ച് ഉയർത്താവുന്ന രീതിയിലാണ് ഭാരതി സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.
പുനഃചംക്രമണം ചെയ്ത കപ്പലറകൾ (ship containers) കൊണ്ടാണ് ഭാരതി കെട്ടിപ്പടുത്തിരിക്കുന്നത്. ഭൗമപാളീ പഠനവും (Tectonics) ഭൂമിയുടെ ജിയോളജിക്കൽചരിത്രത്തിന്റെ (Geological history) പഠനവുമാണ് പ്രധാനമായും ഈ സ്റ്റേഷൻ ആധാരമാക്കി നടക്കുന്നത്. കോടിക്കണക്കിന് വർഷം മുൻപ് ഇന്ത്യയും അന്റാർട്ടിക്കയും പാഞ്ചിയ (Pangaea) എന്ന സൂപ്പർകോണ്ടിനെന്റിന്റെ ദക്ഷിണഭാഗത്ത് ഒന്നിച്ചു കിടന്ന ഭൂഖണ്ഡമായിരുന്നുവത്രെ. അതുകൊണ്ടു തന്നെ അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇന്ത്യയെ സംബന്ധിച്ച്, വിശേഷിച്ച് കാലാവസ്ഥാവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തിൽ പ്രധാനപ്പെട്ടതാണ്.

പായൽ ആര്യ അൻറാർട്ടിക്കയിൽ
പായൽ ആര്യ അൻറാർട്ടിക്കയിൽ

ശരാശരി രണ്ട് കിലോമീറ്ററിനടുത്ത് കനത്തിൽ മഞ്ഞ് മൂടിയ, -89 ഡിഗ്രി സെൽഷ്യസ് മുതൽ -10 ഡിഗ്രി സെൽഷ്യസ് വരെ റേഞ്ചിൽ താപവ്യതിയാനമുള്ള അന്റാർട്ടിക്കയിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമേ പല പര്യവേക്ഷണസംഘങ്ങളിലുമായിട്ട് പോയിട്ടുള്ളൂ. 1983ൽ ജിയോളജിസ്റ്റായ സുദീപ്ത സെൻ ഗുപ്ത, ബയോളജിസ്റ്റായ അദിതി പന്ത് എന്നിവർ അന്റാർട്ടിക്കയിലേക്കുള്ള സംഘത്തിന്റെ ഭാഗമായിരുന്നു. ആദ്യമായി ആ ഭൂഖണ്ഡത്തിലെത്തുന്ന വനിതാ സർവ്വേയർ, സർവ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ പായൽ ആര്യ ആയിരുന്നു. 2018ലാണ് പായൽ ആര്യ അന്റാർട്ടിക്കയിലേക്കുള്ള ശാസ്ത്രസംഘത്തിന്റെ ഭാഗമാകുന്നത്.
ഇപ്പോൾ ജിയോഡെറ്റിക് ആൻറ്​ റിസർച്ച് വിഭാഗത്തിൽ സർവ്വേയറായി സർവ്വേ ഓഫ് ഇന്ത്യയുടെ ഡെറാഡൂൺ ഓഫീസിൽ ജോലി ചെയ്തുവരുന്ന പായൽ ആര്യയുമായി ശാസ്ത്ര എഴുത്തുകാരിയും ഭൗമചാപം എന്ന പുസ്​തകത്തിന്റെ കർത്താവുമായ സി.എസ്. മീനാക്ഷി നടത്തിയ അഭിമുഖമാണിത്. സ്ത്രീകൾക്ക് നടന്നു കേറാനാവാത്ത ഭൂഖണ്ഡങ്ങളോ ജ്ഞാനമണ്ഡലങ്ങളോ ഈ ഭൂമിയിലില്ല എന്നത് വ്യക്തമാക്കിത്തരുന്നു പായൽ ആര്യയുടെ വാക്കുകൾ.

സി.എസ്. മീനാക്ഷി: എനിക്ക് വലിയ ആവേശം തോന്നുന്നു, ആദ്യമായി അന്റാർട്ടിക്ക സന്ദർശിച്ച വനിതാസർവ്വേയറെ കണ്ടുമുട്ടുമ്പോൾ. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷവുമുണ്ട്. ദയവായി സ്വയം പരിചയപ്പെടുത്തുക.

പായൽ ആര്യ: ജനിച്ചുവളർന്നത് മണിപ്പൂരിലാണ്. അച്ഛൻ പ്രേം പട്ടാളത്തിലെ മേജർ റാങ്കിലുള്ള ഒരുദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ വിരമിച്ചു. അമ്മ സുനിത ആര്യ. ഞങ്ങൾ സഹോദരർ അഞ്ചു പേരുണ്ട്. എനിക്ക് 3 ജ്യേഷ്ടന്മാരും ഒരു ജ്യേഷ്ടത്തിയുമുണ്ട്.

മണിപ്പൂർ സംസ്‌കാരത്തെപ്പറ്റി, ജീവിതരീതികളെപ്പറ്റി കൂടുതലായി അറിയാനാഗ്രഹമുണ്ട്. ഇറോം ശർമ്മിളയെപ്പോലെയുള്ള പെണ്ണുങ്ങളുടെ നാടാണല്ലൊ.

കിഴക്കേ ഇന്ത്യയിലെ സാംസ്‌ക്കാരികാന്തരീക്ഷം ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലുള്ളതിൽനിന്നും വ്യത്യസ്തമാണ്. കുടുംബത്തിലും പുറത്തും പുരുഷാധിപത്യമില്ല. ആൺകുട്ടികളേയും പെൺകുട്ടികളേയും തുല്യതയോടെയാണ് വളർത്തുന്നത്. പെണ്ണുങ്ങൾ ഒരു തരത്തിലും ബന്ധിതരല്ല. അവർ വീട്ടുകാര്യങ്ങൾ മാത്രമല്ല, സാമ്പത്തികകാര്യങ്ങളും നോക്കിനടത്തുന്നു. പെൺകുട്ടികളെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും തടയുന്നില്ല. എന്നെ വളർത്തിയത് സഹോദരന്മാരെ വളർത്തിയതു പോലെത്തന്നെയായിരുന്നു. മണിപ്പൂർ ജീവിതരീതികളിൽ വേറെയൊരു നല്ല കാര്യം എന്തെന്നുവെച്ചാൽ ആണായാലും പെണ്ണായാലും ചെറുപ്പത്തിലേ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നു എന്നതാണ്. 12ാം ക്ലാസ് കഴിഞ്ഞാൽ അധികം പേരും എന്തെങ്കിലും പണി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നു. അവരവരുടെ പോക്കറ്റ്മണി അവരവരുണ്ടാക്കണം. ഞാനും പ്ലസ് ടു കഴിഞ്ഞ് എന്റെ ചെലവിന്​ മാതാപിതാക്കളെ ആശ്രയിച്ചിട്ടില്ല. ട്യൂഷനെടുത്ത് പണം കണ്ടെത്തിയാണ് ഞാൻ ഡിഗ്രിയും പോസ്റ്റ് ഗ്രാഡുവേഷനും പൂർത്തിയാക്കിയത്.

പായൽ ആര്യ യാത്രക്കുമുമ്പ്​
പായൽ ആര്യ യാത്രക്കുമുമ്പ്​

താങ്കളുടെ വിദ്യാഭ്യാസം, ആഗ്രഹങ്ങൾ, ജീവിതലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച്?

മണിപ്പൂരിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഗണിതത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി സർവകലാശാലയിൽ നിന്നും പൂർത്തിയാക്കി. ചെറുപ്പം മുതലേ സാഹസിക പ്രവൃത്തികൾ ചെയ്യാൻ ഇഷ്ടമായിരുന്നു. അച്ഛൻ ആർമിയിലായിരുന്നുവെന്ന് പറഞ്ഞല്ലോ. എനിക്കും പഠനം കഴിഞ്ഞ് ആർമിയിൽ ചേരണമെന്നായിരുന്നു ആഗ്രഹം. ഞാനതിന്​ കോച്ചിങ്ങിനു പോയി. എസ്. എസ്. ബി (സശസ്ത്ര് സീമ ബൽ) യിൽ ആദ്യശ്രമത്തിൽത്തന്നെ സെലക്ഷൻ കിട്ടി. രണ്ടുപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നിർഭാഗ്യമെന്ന് പറയട്ടെ, ലിസ്റ്റിൽ ഞാൻ ഒൻപതാം സ്ഥാനത്തായിരുന്നു. എട്ട് സീറ്റേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ നിരാശപ്പെട്ടിരിക്കുമ്പോഴാണ് ‘സർവ്വേ ഓഫ് ഇന്ത്യ' സർവ്വേയർ പോസ്റ്റിന് ശാസ്ത്രബിരുദധാരികളെ വിളിക്കുന്നത്. മറ്റുചില പരീക്ഷകളുമെഴുതിയെങ്കിലും ‘സർവ്വേ ഓഫ് ഇന്ത്യ' യിലെ ജോലി ആകർഷകമായിത്തോന്നി. കാരണം സാഹസികവൃത്തികളിലേർപ്പെടണം എന്ന എന്റെ ആഗ്രഹം ഇവിടെയും സഫലമാകുമല്ലോ.

‘സർവ്വേ ഓഫ് ഇന്ത്യ' ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് പൊതുവെ ഒന്ന് വിവരിക്കാമോ? ‘സർവ്വേ ഓഫ് ഇന്ത്യ' യിൽ താങ്കളുടെ ജോലി ഏതു തരത്തിലുള്ളതായിരുന്നു?

പ്രധാനമായും 5 വിഭാഗങ്ങളാണ് ‘സർവ്വേ ഓഫ് ഇന്ത്യ' യ്ക്കുള്ളത്.
മറൈൻ വിങ്, സാറ്റ് ലൈറ്റ് വിങ്, ജിയോഫിസിക്കൽ വിങ്, ഹൈ പ്രിസിഷൻ ലെവലിംഗ് വിങ്, പ്രോജക്റ്റ് സർവ്വേ വിംഗ്.

ഞാൻ പോസ്റ്റ് ചെയ്യപ്പെട്ടത് മറൈൻ ജിയോഡസി വിങിലാണ്.
ജോലിയിൽ ചേർന്ന ആദ്യ രണ്ടു വർഷം ഹൈദ്രബാദിലുള്ള IISM (Indian Institute of Surveying and Mapping) എന്ന സർവ്വേ ഓഫ് ഇന്ത്യയുടെ പരിശീലനകേന്ദ്രത്തിൽ പരിശീലനം തന്നു. അവിടെ ആറു മാസമൊക്കെ സർവ്വേക്കായി കാട്ടിനുള്ളിൽ ടെന്റിൽ ജീവിക്കേണ്ടി വന്നിട്ടുണ്ട്.
ആഴവും തരംഗങ്ങളും വേലിയേറ്റിറക്കങ്ങളും തുടങ്ങി സമുദ്രങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന ടൈഡൽ സർവ്വേ വിഭാഗത്തിലാണ് തുടക്കത്തിൽ ജോലി ചെയ്തിരുന്നത്. ഇന്ത്യക്ക് 7500 കിലോമീറ്റർ നീണ്ടുകിടക്കുന്ന കടൽത്തീരമുണ്ട്. ജോലിസംബന്ധമായി ഗുജറാത്ത് മുതൽ വെസ്റ്റ് ബംഗാൾ വരെയുള്ള വിവിധ തുറമുഖങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സമുദ്രത്തിന്റെ ഏറ്റിറക്കങ്ങളെക്കുറിച്ച് നടത്തുന്ന പഠനവും പ്രവചനങ്ങളും ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, തുറമുഖകാര്യാലയങ്ങൾ, National Hydrographic Office, ഗവേഷകർ എന്നിവർക്കെല്ലാം പ്രയോജനപ്പെടുന്നു. എല്ലാ ഭൗതിക പ്രവൃത്തികൾക്കും ആവശ്യമായ, ശരാശരി കടൽ നിരപ്പിൽ നിന്നുള്ള ഉയരം (Height above MSL) നിർണയിക്കലാണ് ആണ് അതിലേറ്റവും പ്രധാനം.

പരിശീലനത്തിൽ
പരിശീലനത്തിൽ

താങ്കൾ എങ്ങിനെയാണ് അന്റാർട്ടിക്ക പര്യവേക്ഷണത്തിന്റെ ഭാഗമായത്?

ഇന്ത്യയിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന്​ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ ഒരു സംഘത്തിനെ ഓരോ വർഷവും ഇന്ത്യൻ സർക്കാർ അന്റാർട്ടിക്കയിലേക്ക് അയക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് ആവേശമായിരുന്നു. പക്ഷെ സാധാരണയായി സ്ത്രീകൾ അതിനപേക്ഷിക്കാറില്ല എന്നറിഞ്ഞ് കുറച്ച് നിരാശ തോന്നി. മാത്രമല്ല, പുതുതായി ജോലിക്കുചേർന്ന് പരിശീലനഘട്ടത്തിലുള്ളവരെ തിരഞ്ഞെടുക്കുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എക്‌സ്പീരിയൻസ് ഇല്ലല്ലൊ. പെണ്ണുങ്ങളിൽ ഞാൻ മാത്രമാണ് അപേക്ഷിച്ചത്. ബോർഡ് മീറ്റിംഗ് കൂടിയാണ് പര്യവേക്ഷാംഗങ്ങളെ തിരഞ്ഞെടുക്കുക. ഭാഗ്യമെന്ന് പറയട്ടെ, എനിക്ക് സെലക്ഷൻ കിട്ടി. ഒരേ സമയം ആനന്ദവും അത്ഭുതവും തോന്നി.

തിരഞ്ഞെടുത്തവരും അഭിനന്ദനമർഹിക്കുന്നുണ്ട് അല്ലേ? സ്ത്രീകൾ കൂടെയുള്ളത് ഭാരമായി കരുതുന്നവരാണല്ലൊ ഇന്നും നമ്മുടെ സമൂഹത്തിൽ അധികവുമുള്ളത്.

അതെ, എന്നിൽ വിശ്വാസമർപ്പിച്ച് തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. സെലക്ഷൻ കിട്ടിയപ്പോൾ എന്തു വില കൊടുത്തും പോകണമെന്നുറപ്പിച്ച് ഞാൻ തയ്യാറെടുക്കാൻ തുടങ്ങി. ശാരീരികക്ഷമത കൂട്ടാനും ഭാരം കുറയ്ക്കുവാനുമുള്ള വ്യായാമമുറകളും ഭക്ഷണക്രമീകരണങ്ങളും ആരംഭിച്ചു.

അന്റാർട്ടിക്ക പര്യവേക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സംഘത്തിൽ പായൽ ആര്യ
അന്റാർട്ടിക്ക പര്യവേക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സംഘത്തിൽ പായൽ ആര്യ

ഒളിമ്പിക്‌സിനൊക്കെ ഒരുങ്ങുന്നതു പോലെ, അല്ലേ? ബോഡി ട്രെയ്‌നറും ഡയറ്റീഷ്യനുമൊക്കെ ഉണ്ടായിരുന്നോ?

അതെ. ഇല്ല, ആർമി ഓഫീസറായ അച്ഛൻ തന്നെയാണ് എന്റെ പരിശീലനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഡങ്കൽ സിനിമയിലെന്ന പോലെ അല്ലേ?

(ചിരിക്കുന്നു) അതെയതെ. വ്യായാമക്രമങ്ങളെല്ലാം നിശ്ചയിച്ചത് അച്ഛൻ തന്നെയാണ്.

അമ്മ എന്തു ചെയ്യുന്നു? എങ്ങിനെയൊക്കെ അവർ താങ്കളെ പ്രോത്സാഹിപ്പിച്ചു?

അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബുദ്ധിമതിയായ സ്ത്രീയാണ്. ദിവസവും ഡിസ്‌കവറി ചാനൽ കാണുന്ന വ്യക്തിയാണ്. ബെയർ ഗ്രിൽസിന്റെ പരിപാടികൾ കാണുകയും കാണാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യും. (ബെയർ ഗ്രിൽസ് വ്യവസായിയും ടി. വി അവതാരകനും ആയ ഒരു ബ്രിട്ടീഷ് സാഹസികനായിരുന്നു). അദ്ദേഹം മഞ്ഞിൽ നടക്കുകയും ശരീരഭാരം ബാലൻസ് ചെയ്യുകയും ചെയ്യുന്ന വിധമെല്ലാം അമ്മ എനിക്ക് കാണിച്ചു തരും. അന്റാർട്ടിക്കയിൽ മഞ്ഞുപാളികളിൽ വീഴുമ്പോഴും മറ്റും എനിക്കിതൊക്കെ ഓർമ വന്നിരുന്നു. ഒരിയ്ക്കൽ അന്റാർട്ടിക്കയിൽ വെച്ച് മഞ്ഞിൽ പൂഴ്ന്നപ്പോൾ ഞാൻ കണ്ണടച്ച് അമ്മയുടെ നിർദ്ദേശങ്ങൾ ഓർമ്മിച്ചു. ‘spread your body weight, be calm, take a long breath and roll yourself to the safer side'. എന്റെ ഷൂ മഞ്ഞിലകപ്പെട്ടു പോയെങ്കിലും ഞാൻ രക്ഷപ്പെട്ടു.

ഇന്ത്യ- അന്റാർട്ടിക്ക പ്രോഗ്രാമിന്റെ ഭാഗമായുള്ള  റിസർച്ച്​ സ്​റ്റേഷൻ
ന്ത്യ- അന്റാർട്ടിക്ക പ്രോഗ്രാമിന്റെ ഭാഗമായുള്ള റിസർച്ച്​ സ്​റ്റേഷൻ

ഈ യാത്രയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ എന്താണ്?

ആദ്യഘട്ടം മെഡിക്കൽ ഫിറ്റ്‌നസ് പരീക്ഷയാണ്. ഡൽഹി ആൾ ഇൻഡ്യ മെഡിക്കൽ സയൻസിൽ വിശദമായ മെഡിക്കൽ പരിശോധനകൾ നടന്നു. അത് പാസ്സായി നേരെ പോയത് ഉത്തരാഖണ്ഡിലുള്ള ഔലിയിലെ പരിശീലനകേന്ദ്രത്തിലേക്കാണ്.

ഔലി ട്രെയ്‌നിംഗിനെക്കുറിച്ച് പറയൂ.

രണ്ടാം ഘട്ടം പരിശീലനവും പരീക്ഷകളും നടക്കുന്നത് ഹിൽ സ്റ്റേഷനായ ഔലിയിലെ pre Antarctic induction course ലാണ്. മലകയറ്റം പോലുള്ള സാഹസിക വൃത്തികൾക്ക് പുറമെ മഞ്ഞു മൂടിയ ദേശങ്ങളിൽ താമസിക്കുന്നതിനും അതിശൈത്യവുമായി പൊരുത്തപ്പെടുന്നതിനും നടത്തുന്ന പരിശീലനമാണിവിടെ നടക്കുന്നത്. മറ്റ് ടീമംഗങ്ങളെ പരിചയപ്പെടുന്നതും ഒന്നിച്ച് കാര്യങ്ങൾ ചെയ്യുന്നതും ഇവിടെയാണ്. ടീമംഗങ്ങൾ തമ്മിലുള്ള ബന്ധം, സംഘമായി പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധത എല്ലാം പരിശോധിക്കപ്പെടുന്നത് ഇവിടുന്നാണ്. മാനസികമായ പിരിമുറുക്കം, വിഷാദം എന്നിവയൊക്കെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും ഈ കേന്ദ്രത്തിലെ പരിശീലനത്തിൽ പഠിപ്പിക്കുന്നു. സഹകരണമനോഭാവമില്ലെങ്കിലോ, മല കയറുന്നതു പോലുള്ള സാഹസികവൃത്തികളിൽ പരാജയപ്പെട്ടാലോ നിങ്ങൾ തിരഞ്ഞെടുക്കപ്പെടില്ല.

അൻറാർട്ടിക്കയുടെ ദൃശ്യം
അൻറാർട്ടിക്കയുടെ ദൃശ്യം

ഇത് കേൾക്കുമ്പോൾ ബഹിരാകാശയാത്രികരുടെ പരിശീലനവും പരീക്ഷകളുമൊക്കെയാണ് മനസ്സിൽ വരുന്നത്. ടിം പീക്കിന്റെ Ask an Astronut എന്ന പുസ്തകത്തിൽ ബഹിരാകാശയാത്രികർക്ക് കൊടുക്കുന്ന മനഃശാസ്ത്രപരവും ശാരീരികവുമായ ട്രെയ്‌നിംഗിനെക്കുറിച്ച് പറയുന്നുണ്ട്. അത്തരം കഠിനമായ പരിശീലനങ്ങളുണ്ടായിരുന്നോ?

പരിശീലനങ്ങളുണ്ടായിരുന്നു. എന്നാൽ കഠിനമായ മാനസിക തയ്യാറെടുപ്പുകൾ ഒരു വർഷം മുഴുവനും ശൈത്യകാലമടക്കം അവിടെ ചെലവഴിക്കുന്നവർക്കു മാത്രമേയുള്ളൂ. ഞങ്ങൾ മൂന്നു മാസമേ , ശൈത്യം കുറവുള്ള കാലത്തേ അന്റാർട്ടിക്കയിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങൾക്ക് അത്തരം ടെസ്റ്റുകളുണ്ടായിരുന്നില്ല. ചില ചിത്രങ്ങൾ കാണിച്ച് കഥയെഴുതുക, ചില ചോദ്യാവലികൾക്ക് ഉത്തരമെഴുതുക എന്നീ ലഘുവായ പരീക്ഷകളേ ഉണ്ടായിരുന്നുള്ളൂ. ഔലിയിൽ നിന്ന് ഡിപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തി.

സർവ്വേ സംബന്ധമായ സാങ്കേതികകാര്യങ്ങളിൽ സവിശേഷമായ നൈപുണ്യപരിശീലനമുണ്ടായിരുന്നോ?

ഞങ്ങൾ ജോലിയുടെ ഭാഗമായി ചെയ്തിരുന്ന കോണ്ടൂർ സർവ്വേയും 1: 10,000 തോതിലുള്ള ഭൂപടനിർമ്മണവും തന്നെയാണ് അന്റാർട്ടിക്കയിലും ചെയ്യേണ്ടിയിരുന്നത്. കുറേ കാര്യങ്ങൾ, മുൻപ് അവിടെ പോയിരുന്നവരോട് സംസാരിച്ചു മനസ്സിലാക്കി. അവിടെ പോയ ഓരോരുത്തരോടും സംസാരിച്ച് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്തുകൂടാ എന്ന് ഞാൻ മനസ്സിലാക്കി.

ഗോവയിലെ തയ്യാറെടുപ്പുകൾ എങ്ങിനെയൊക്കെയായിരുന്നു?
പരിശീലനത്തിന്റെ അവസാനഘട്ടം ഗോവയിലെ NCAOR എന്ന സ്ഥാപനത്തിൽ നിന്നാണ്. നവംബറിലാണ് ഡെറാഡൂണിൽ നിന്ന് അവിടെയെത്തിയത്. 5 ദിവസത്തെ പരിശീലനപരിപാടിയായിരുന്നു. അവിടെ പ്രഥമശുശ്രൂഷയും ഫയർഫൈറ്റിംഗും പോലുള്ള കാര്യങ്ങൾ പഠിപ്പിച്ചുതന്നു. വിഷമഘട്ടങ്ങളെ എങ്ങിനെ തരണം ചെയ്യണമെന്ന സൈക്കോളജിക്കൽ ട്രെയ്‌നിംഗുമുണ്ടായിരുന്നു അവിടെ. ഏതു തരം വസ്ത്രങ്ങൾ ധരിക്കണം തുടങ്ങി ഓരോ ചെറിയ കാര്യങ്ങൾക്കും അവിടെ നിന്ന് നിർദ്ദേശങ്ങൾ തന്നു. കോളേജിൽ എൻ സി സി കാഡറ്റായിരുന്നതും സഹായകരമായിരുന്നു. ഏതു വൈഷമ്യങ്ങളേയും എതിരിടാനുള്ള മനോധൈര്യവും സന്നദ്ധതയും എനിക്കുണ്ടായിരുന്നു. അന്റാർട്ടിക്കയിലെ അതിശൈത്യത്തേയും കാറ്റിനേയും ചെറുത്തുനിൽക്കാനുള്ള പരിശീലനം ലഭിച്ചത് NCAORൽ നിന്നാണ്. ഞങ്ങൾ പോയ സമയത്ത് അവിടെ -10 ഡിഗ്രി സെൽ ഷ്യസ് ആയിരുന്നു താപനില.

ഏതു വർഷത്തിലായിരുന്നു എക്‌സ്‌പെഡിഷൻ? പോകുമ്പോൾ എത്ര പ്രായമുണ്ടായിരുന്നു? ആരൊക്കെയാണ് ടീമിലുണ്ടായിരുന്നത്? സംഘത്തിൽ വേറെ സ്ത്രീകൾ ഉണ്ടായിരുന്നോ?

2018 ഡിസംബർ 5 നാണ് ഞങ്ങൾ അന്റാർട്ടിക്കയിലെത്തിയത്. അന്ന് എനിക്ക് 28 വയസ്സായിരുന്നു. ISRO, NDRF, Metereology Department, Geological Survey of India തുടങ്ങീ പല ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞരുണ്ടായിരുന്നു. അതിനു പുറമെ ഡോക്ടർമാർ, നാവികസേനയിൽ നിന്നുമുള്ളവർ, പാചകവിദഗ്ദ്ധർ എന്നിവരുമുണ്ടായിരുന്നു. തുടക്കത്തിൽ ഞാൻ സംഘത്തിലെ ഏകസ്ത്രീയായിരുന്നു. ഞാനവിടെ ചെന്ന് രണ്ടു മാസം കഴിഞ്ഞ് വന്ന സംഘത്തിൽ ഐ.എസ്​.ആർ.ഒയിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞയുമുണ്ടായിരുന്നു.

അങ്ങോട്ടേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

മുംബൈ - ദുബായ് വഴി സൗത്താഫ്രിക്കയിൽ പോയി. സൗത്താഫ്രിക്കയിൽ കാലാവസ്ഥ അനുകൂലമായിരിക്കുമ്പോൾ മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ. 7 മണിക്കൂർ പറന്നാണ് അൻറാർട്ടിക്കയിലെത്തിയത്. അവിടെ റഷ്യക്കാർ നിർമ്മിച്ച ഒരു ചെറിയ വിമാനത്താവളമുണ്ട്. മഞ്ഞുള്ള പ്രതലങ്ങളിലെ നിർമാണത്തിൽ റഷ്യക്കാർ വിദഗ്ദ്ധരാണ്.

അൻാർട്ടിക്ക പര്യവേക്ഷണത്തിനിടെ
അൻാർട്ടിക്ക പര്യവേക്ഷണത്തിനിടെ

അവിടെയെത്തിയപ്പോൾ എന്തായിരുന്നു മനസ്സിലെ ചിന്തകളും വികാരങ്ങളും?

ഫ്‌ളൈറ്റിൽ സന്തോഷവതിയായിരുന്നു. എന്നാൽ അവിടെ എത്താറായപ്പോൾ കുറച്ച് ഭയം തോന്നി. മഞ്ഞിൽ ലാൻറ്​ ചെയ്യുമ്പോൾ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നൊരു ആശങ്ക മനസ്സിലുണ്ടായി. എന്നാൽ പ്രശ്‌നമൊന്നുമില്ലാതെ ലാൻറ് ചെയ്തപ്പോൾ സമാധാനമായി.
വിമാനത്തിൽ നിന്നിറങ്ങുമ്പോൾ എന്റെ സുഹൃത്തിനോട് ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു. ഇറങ്ങിയ ഉടൻ സ്വർഗത്തിലെത്തിയ പോലെ തോന്നി. ചുറ്റും മഞ്ഞ്. എവിടെ നോക്കിയാലും വെള്ളനിറം. മുഴുവൻ സമയവും കറുത്ത കണ്ണട ധരിക്കണമായിരുന്നു. 30 സെക്കൻറു പോലും കണ്ണട ഇല്ലാതെയിരുന്നാൽ, മഞ്ഞിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം കാഴ്ചയെ ബാധിക്കും. ഞങ്ങളിറങ്ങുമ്പോൾ ഇന്ത്യൻ പതാക വെച്ച വാഹനം അവിടെയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ലീഡർ ഞങ്ങളെ സ്വാഗതം ചെയ്തു. നമ്മുടെ രാജ്യത്തിന് പുറത്ത് ഇന്ത്യൻ പതാക കാണുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്.

അവിടുത്തെ രാപകലുകൾ എങ്ങനെയാണ്​?

അവിടെ സൂര്യോദയവും സൂര്യാസ്തമനവും അനുഭവപ്പെടില്ല. ആറു മാസം പകലും ആറു മാസം രാത്രിയുമാണ്. ഞങ്ങൾ പോയപ്പോൾ മുഴുവൻ സമയവും പകലായിരുന്നു. ആദ്യദിവസം മുഴുവനായും അനുഭവിക്കാനായി ഞാൻ മൂങ്ങയെപ്പോലെ ഉറങ്ങാതിരുന്നു. ഒരു രണ്ടു മണിക്ക് സൂര്യപ്രകാശത്തിൽ ചെറിയൊരു മങ്ങലുണ്ടായി. അതൊരഞ്ചു നിമിഷത്തേക്ക് മാത്രം.
ആദ്യദിവസം ഞങ്ങളെ സ്വാഗതം ചെയ്യാനായി വിരുന്നൊരുക്കിയിരുന്നു. അവിടെ ജീവിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ തന്നു.

ഭക്ഷണം, വെള്ളം ഒക്കെ എങ്ങിനെ സംഭരിക്കുന്നു?

വേനൽക്കാലത്ത് ആഫ്രിക്കയിൽ നിന്ന് പച്ചക്കറികളും ഭക്ഷണമുണ്ടാക്കാനാവശ്യമായ മറ്റ് സാധനങ്ങളും കൊണ്ടുവരും. വിദഗ്ദ്ധരായ ഇന്ത്യൻ പാചകക്കാരുണ്ട്. ദക്ഷിണേന്ത്യൻ ഭക്ഷണമടക്കം എന്തുവേണമെങ്കിലുമുണ്ടാക്കിത്തരും. ഭക്ഷണത്തിന്റെ ഗുണമേന്മയും വൈവിദ്ധ്യവും മികച്ചതായിരുന്നു. ഞാനന്നുവരെ രുചിക്കാത്ത പല ഭക്ഷണവും അവിടെ നിന്ന് കഴിയ്ക്കാനുള്ള അവസരമുണ്ടായി. ഞങ്ങളുടെ സ്റ്റേഷനായ മൈത്രിയ്ക്കടുത്ത് ഇന്ത്യക്കാരുണ്ടാക്കിയ ഒരു തടാകമുണ്ട്. അവിടെ നിന്ന് മഞ്ഞെടുത്തുരുക്കി അരിച്ച് ഹീറ്ററിൽ തിളപ്പിച്ച് ഉപയോഗിക്കും.

അവിടെ ചെയ്ത സർവ്വേയെപ്പറ്റി പറയാമോ?

കാലാവസ്ഥയുമായി പൊരുത്തപ്പെട്ടശേഷം ഞങ്ങൾ സർവ്വേ ജോലി ആരംഭിച്ചു. ഞങ്ങൾ രണ്ട് സർവ്വേയർമാരാണുണ്ടായിരുന്നത്. എന്റെ കൂടെയുണ്ടായിരുന്നത് ഓഫീസ് സർവ്വേയറായ സന്ദീപ് തോമർ ആയിരുന്നു. ഞങ്ങൾ തന്നെ പ്ലെയ്ൻ ടേബിളും മറ്റുപകരണങ്ങളും ചുമന്ന് നടന്നു. ബാഗിൽ ജി. പി. എസ് എപ്പോഴുമുണ്ടാകും. അവിടത്തെ വേനലായതുകൊണ്ട് മഞ്ഞുരുകുന്ന സമയമായിരുന്നു. അതുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഞങ്ങൾ നടന്നാണ് സർവ്വേ ചെയ്തത്. ഞങ്ങൾ റഷ്യക്കാരുടെ ക്യാമ്പിരുന്ന ഭാഗമാണ് സർവ്വേ ചെയ്തത്. നേരത്തെ പറഞ്ഞതു പോലെ കോണ്ടൂർ സർവ്വേ ചെയ്ത് 1:10,000 മാപ്പുകളുണ്ടാക്കി.

അന്റാർട്ടിക്കയിലുള്ള ഇന്ത്യൻ സ്റ്റേഷനുകളേതൊക്കെയാണ്?

രണ്ട് ഇന്ത്യൻ സ്റ്റേഷനുകളുണ്ട്. ഭാരതിയും മൈത്രിയും. മൈത്രിയിൽ ഹാൾ, മിനി ജിം, ടേബിൾ ടെന്നീസ് റൂം, മ്യൂസിക് റൂം എന്നിവയൊക്കെയുണ്ട്. 5 കിലോമീറ്ററകലെ റഷ്യൻ സ്റ്റേഷൻ ഉണ്ട്. ഭാരതിയിലാണ് കൂടുതൽ സൗകര്യങ്ങളുള്ളത്.

അവിടെയുള്ള ജീവിതത്തെക്കുറിച്ച് എന്തൊക്കെയാണ് പങ്കുവെക്കാനുള്ളത്?

ഞാൻ മൈത്രി സ്റ്റേഷനിലായിരുന്നു. 25 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട് അവിടെ. വേനലായതുകൊണ്ട് ഇടക്ക്​ പുറത്തുള്ള ചെറിയ കണ്ടെയ്‌നർ ക്യാമ്പുകളിലും താമസിക്കുമായിരുന്നു. അവിടെയും അത്യാവശ്യം മേശ, അലമാര തുടങ്ങിയവയൊക്കെയുണ്ടായിരുന്നു. സ്ലീപിങ് ബാഗിലാണ് ഉറക്കം. മൂന്നു പാളി വസ്ത്രം ധരിക്കും. സ്റ്റേഷനിൽ ഒരു ലീഡറുണ്ടാകും. അദ്ദേഹം പറയുന്നത് എല്ലാവരും അനുസരിക്കണം. അദ്ദേഹമാണ് ഓരോരുത്തർക്കും പണി വീതിച്ചു നൽകുക. ശാസ്ത്രജ്ഞരും ലീഡർ പറയുന്ന ജോലികൾ ചെയ്യണം. ആഴ്ച്ചയിലൊരു ദിവസം ജോലിക്ക് പോകാതെ സ്റ്റേഷൻ വൃത്തിയാക്കും., പാചകപ്പണിയിൽ സഹായിക്കും.
മൈത്രിയിലുള്ള മഹാരാജ ടോയ് ലറ്റ് വൃത്തിയാക്കുക വലിയ ഒരു വെല്ലുവിളിയായിരുന്നു. ഗള്ളിപ്പണി എന്നാണ് പറയുക. ടോയലറ്റുകളിൽ ഇൻസിനറേറ്ററുകളുണ്ട്. വിസർജ്ജ്യങ്ങളൊക്കെ നമ്മൾ തന്നെ അതിലിട്ട് കത്തിയ്ക്കണം. ചാരമാകുമ്പോൾ കാറ്റ് അത് വഴി വീശാതിരിക്കാൻ പ്രാർത്ഥിയ്ക്കണം ( ചിരി).

മഴയുണ്ടോ അവിടെ? എന്തൊക്കെ സസ്യങ്ങളും ജന്തുക്കളുമാണവിടെയുള്ളത്?

ഞാനുള്ളപ്പോൾ മഴ പെയ്തതേയില്ല. ചുറ്റും മഞ്ഞു മാത്രമാണുണ്ടായിരുന്നത്. മഞ്ഞുവീഴ്ച്ച അനുഭവിച്ചു. മണ്ണോ പൊടിയോ ഒന്നുമില്ല. മേലെ ആകാശം, താഴെ മഞ്ഞ്. ഏറ്റിറക്കങ്ങളില്ല. 10 കിലോമീറ്റർ അകലം വരെ കാണാൻ മാത്രം തെളിച്ചമുണ്ടായിരുന്നു. ഞാൻ ചെടികളൊന്നും കണ്ടില്ല. പെൻഗ്വിനേയും, സ്‌ക്ക്വ (squa) എന്നൊരു പക്ഷിയേയും കണ്ടു.

നാടുമായി ബന്ധപ്പെട്ടിരുന്നത്​ എങ്ങനെയാണ്​?

മൂന്നുമാസത്തേക്ക് ആകെ ആറ് മിനിറ്റാണ് ഫോണിൽ സംസാരിക്കുവാനനുവദിയ്ക്കപ്പെട്ട സമയം. 15 സെക്കന്റൊക്കെയാണ് ഓരോ പ്രാവശ്യവും അമ്മയോട് സംസാരിക്കുക. അമ്മയെ ഒരു ഹലോ മാത്രം പറയാൻ ഞാൻ പഠിപ്പിച്ചു. ലീഡറിന് മെയിൽ അയയ്ക്കാൻ സൗകര്യമുണ്ട്. അതുവഴി സന്ദേശങ്ങളയക്കാം.മൈത്രിയിൽ സിഗ്‌നൽ കിട്ടാത്ത പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ ഭാരതിയിലങ്ങിനെയില്ല.

താങ്കൾക്ക് അവിടെയുള്ളപ്പോൾ എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായോ? ആർത്തവം പോലുള്ള ശാരീരികാവസ്ഥകൾ എങ്ങനെ കൈകാര്യം ചെയ്തു?

ഇല്ല. ഒരു പ്രശ്‌നവുമുണ്ടായില്ല. എനിക്ക് തന്നെ അത്ഭുതം തോന്നിയ ഒരു കാര്യമായിരുന്നു അത്. കാരണം നാട്ടിലുള്ളപ്പോൾ അലർജിയും തുമ്മലുമൊക്കെ ഉള്ള ആളാണ് ഞാൻ. അമ്മയ്ക്കും അക്കാര്യത്തിലാശങ്കയുണ്ടായിരുന്നു. എന്നാൽ അവിടെയുള്ളപ്പോൾ എനിക്കൊരു ജലദോഷം പോലും വന്നില്ല. പൊടിയും രോഗാണുക്കളുമൊന്നുമില്ലാത്തതു കൊണ്ടാവാം.
ആർത്തവമൊന്നും എനിക്ക് ഒരിയ്ക്കലും ഒരു പ്രശ്‌നമായിരുന്നിട്ടില്ല. എന്തെങ്കിലും ശാരീരികാസ്വസ്ഥതകളുണ്ടായാലും മനസ്സിനെ വേറൊരു വഴിക്ക് തിരിച്ച് ഞാൻ പോസിറ്റീവായിരിക്കാൻ ശ്രമിക്കും. എപ്പോഴും പ്രസാദാത്മകത നിലനിറുത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് ഞാൻ.
അവിടെയുള്ളപ്പോൾ ഒരു വിനോദത്തിന്​ ഐസിൽ ഇഴുകിക്കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിയ്ക്കൽ ഉയരത്തിൽ നിന്ന് വീണ് എന്റെ ഇടതു മുട്ടിന് പരിക്ക് പറ്റി. പിന്നീട് സർവ്വേ ഉപകരണങ്ങളുമായി നടക്കാൻ പ്രയാസമായെങ്കിലും ഞാനത് ആരോടും പറയുകയോ ലീവെടുക്കുകയോ ചെയ്തില്ല. കാരണം ഞാനത്തരം എന്തെങ്കിലും വൈഷമ്യങ്ങൾ പറഞ്ഞാൽ പിന്നീട് പര്യവേക്ഷണത്തിന് വരാൻ തയ്യാറാകുന്ന പെണ്ണുങ്ങളെ അത് പ്രതികൂലമായി ബാധിക്കും. ഒരു സ്ത്രീയെ കൂടെ കൊണ്ടുവന്നത് ശരിയായില്ല എന്ന് കേൾക്കരുത് എന്നെനിക്ക് നിർബ്ബന്ധമുണ്ടായിരുന്നു. എന്നെ ദുർബ്ബലയായി എണ്ണരുത്, നിങ്ങളൊക്കെ ചുമക്കുന്ന ഭാരം എനിക്കും ചുമക്കാനാവും എന്ന് ഞാനെന്റെ സഹപ്രവർത്തകരോട് പറയാറുണ്ട്.

മാനസികവൈഷമ്യങ്ങളുണ്ടായോ? ബഹിരാകാശസഞ്ചാരി ടിം പീക് സ്‌പേസ് സ്റ്റേഷനിലായിരിക്കുമ്പോൾ ഭൂമിയിലുള്ള മഴ മിസ് ചെയ്തു എന്ന് പറഞ്ഞു. അതുപോലെ എന്തെങ്കിലും?

ഇല്ല, ഞാനൊന്നും മിസ് ചെയ്തില്ല. ശാരീരികവും മാനസികവുമായ സ്വസ്ഥത ഉണ്ടായിരുന്നു. പാട്ട് കേൾക്കുക വലിയൊരു ആശ്വാസമായിരുന്നു. നടക്കുമ്പോഴും സർവ്വേ ചെയ്യുമ്പോഴുമെല്ലാം ഇയർഫോണുണ്ടാകും ചെവിയിൽ.

ജോലിയില്ലാത്തപ്പോൾ എങ്ങിനെ സമയം ചെലവിടും അവിടെ?

സംഗീതം, നൃത്തം, ചിത്രം വരയ്ക്കൽ, എഴുത്ത്, പാഴ്​വസ്തുക്കൾ കൊണ്ടുള്ള കരകൗശലവിദ്യ തുടങ്ങീ നിരവധി ഒഴിവുസമയ താല്പര്യങ്ങളുള്ള ആളായതിനാൽ എനിയ്ക്കവിടെ വിരസത അനുഭവപ്പെട്ടേ ഇല്ല.
അവിടെ ദൊഡാബെട്ട, നന്ദാദേവി എന്നൊക്കെ പേരുള്ള കുറേ കുടിലുകളുണ്ട്. അക്കൂട്ടത്തിൽ പഴയ ഒരു മരക്കുടിലുണ്ടായിരുന്നു. മുപ്പത് കൊല്ലം മുൻപ് പെയിന്റ് ചെയ്ത ഒരു കുടിൽ. ഞാനവിടെ പെയിന്റിംഗുകൾ ചെയ്യാൻ തീരുമാനിച്ചു. അനുവാദം വാങ്ങി ഒഴിവുസമയങ്ങളിൽ അവിടെ പെയിന്റിംഗുകൾ ചെയ്തു. ലീഡർ എന്നെ ഒരുപാടഭിനന്ദിച്ചു. അവിടെ കാണാൻ ഏറ്റവും ഭംഗിയുള്ളിടം അതാണെന്നും അവിടെ എന്റെ പേരെഴുതിവെക്കുമെന്നും പറഞ്ഞു.

വേറെ എന്തെങ്കിലും കാര്യങ്ങൾ പങ്കുവെയ്ക്കാനുണ്ടോ?

ഉണ്ട്, റഷ്യക്കാരുമായുള്ള എന്റെ സൗഹാർദ്ദത്തെക്കുറിച്ച് പറയാം. റിപ്പബ്ലിക് ഡേ, പുതുവർഷദിനം തുടങ്ങിയ അവസരങ്ങളിൽ ഞങ്ങൾ റഷ്യക്കാരെക്കൂടി ക്ഷണിച്ച് പാർട്ടി നടത്തുകയും ആഘോഷിക്കുകയും ചെയ്യുമായിരുന്നു. അവർ ഞങ്ങളുമായി എല്ലാ കാര്യത്തിലും നന്നായി സഹകരിച്ചിരുന്നു. അതിൽ കുറച്ച് പ്രായമുള്ള , 60 വയസ്സൊക്കെ ആയിക്കാണണം, Urie എന്നു പേരുള്ള ഒരു റഷ്യൻ ഓഫീസറെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹം എന്നെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്. ഞാൻ ധരിച്ചിരുന്ന ഷൂ വലിയ ഭാരമുള്ളതായിരുന്നു. അതിനു പകരം അദ്ദേഹം എനിക്ക് പാകമാവുന്ന, ഭാരം കുറഞ്ഞ ഷൂ എടുത്തു തന്നു. അദ്ദേഹം തന്നെ അതെനിക്ക് ഇട്ടുതന്നു. എനിക്ക് അദ്ദേഹത്തോട് വലിയ അതിശയവും ആദരവും തോന്നി, ഇത്രയും വലിയ ഒരോഫീസർ ഷൂ ഇട്ടു തരിക എന്നൊക്കെ പറഞ്ഞാൽ! അദ്ദേഹം എന്റെ പ്രിയപ്പെട്ട ഒരോഫീസറായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഒരു ചിത്രം വരച്ച് സമ്മാനിച്ചു. അദ്ദേഹത്തിന് വലിയ സന്തോഷമായി. എനിക്ക് അവരുടെ രാജ്യത്ത് ജോലിയും സെൻറ്​ പീറ്റേഴ്‌സ് ബർഗ്ഗിൽ ഒരു വീടും വരെ വാഗ്ദാനം ചെയ്തു. പക്ഷെ ഇന്ത്യ എന്റെ പ്രിയപ്പെട്ട രാജ്യമാകയാൽ ഞാനാ ഓഫർ വിനയപൂർവ്വം നിരസിച്ചു.

അവസരം കിട്ടിയാൽ വീണ്ടും അന്റാർട്ടിക്കയിൽ പോകുമോ?

തീർച്ചയായും. പക്ഷെ ഇനി അവസരം കിട്ടുവാൻ പ്രയാസമായിരിക്കും. ഇപ്പോൾ സ്ത്രീകളുൾപ്പെടെ കുറെ പേർ അപേക്ഷിക്കുന്നുണ്ട്.


Summary: അന്റാർട്ടിക്കയിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമേ പല പര്യവേക്ഷണസംഘങ്ങളിലുമായി പോയിട്ടുള്ളൂ. ആദ്യമായി ആ ഭൂഖണ്ഡത്തിലെത്തുന്ന വനിതാ സർവ്വേയർ, സർവ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ പായൽ ആര്യ ആയിരുന്നു. ഇപ്പോൾ ജിയോഡെറ്റിക് ആൻറ്​ റിസർച്ച് വിഭാഗത്തിൽ സർവ്വേയറായി സർവ്വേ ഓഫ് ഇന്ത്യയുടെ ഡെറാഡൂൺ ഓഫീസിൽ ജോലി ചെയ്തുവരുന്ന പായൽ ആര്യയുമായി സി.എസ്. മീനാക്ഷി നടത്തിയ അഭിമുഖമാണിത്. സ്ത്രീകൾക്ക് നടന്നു കേറാനാവാത്ത ഭൂഖണ്ഡങ്ങളോ ജ്ഞാനമണ്ഡലങ്ങളോ ഈ ഭൂമിയിലില്ല എന്നത് വ്യക്തമാക്കിത്തരുന്നു, ഈ വനിതാ ദിനത്തിൽ പായൽ ആര്യയുടെ വാക്കുകൾ.


Comments