തന്റേതെന്നു കരുതുന്ന ഇടത്തെയാകെ വിഴുങ്ങുന്നതിനുയരുന്ന സർവവ്യാപിയായ ഭീകരതയ്‌ക്കെതിരെ ആഞ്ഞെറിയുന്ന കല്ലുകൾ; അവയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം നമുക്ക് അളക്കാവുന്നതിനുമപ്പുറമാണ്. വർത്തമാനകാലത്തെ പിന്നിലാക്കി സമയത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടവ അതിവേഗം സഞ്ചരിക്കുന്നു. കാലത്തിൽ അതിന്റെ സഞ്ചാരപഥങ്ങളെ കണ്ടറിയണമെങ്കിൽ ആഴത്തിൽ ചരിത്രബോധമുള്ള കാഴ്ചയുണ്ടായേ സാധ്യമാകൂ.
വെറുപ്പിന്റെ വിഷവാതകം പടർത്തിയെത്തുന്ന നൃശംസത - അതിന് രൂപങ്ങൾ പലത്. ഭീമാകാരമായ ടാങ്കറുകൾ, അധിനിവേശസേന അല്ലെങ്കിൽ ദൈവനാമങ്ങളലറുന്ന ആൾക്കൂട്ടം, ഏതുമാകാം. ഇവക്കെല്ലാം പിന്നിൽ അദൃശ്യമായി നിൽക്കുന്ന ഭരണകൂടവ്യവസ്ഥയും. ഈ യാഥാർഥ്യത്തിൽ ജീവിക്കാൻ, എഴുത്തിലൂടെ അതിജീവിക്കാൻ ശ്രമിക്കുന്ന ഏതൊരാളും ഏറ്റവും ശ്രദ്ധയോടെ സഞ്ചരിക്കേണ്ടതുണ്ട്. ലോകത്തെവിടെയും ഏറ്റവും നിസ്സഹായരായവരുടെ അമർഷം തുറക്കുന്ന വർഗ- വർണ - ലിംഗ- ജാതിമത പോർമുഖങ്ങളിലെല്ലാം അവരുടെ പ്രതിഷേധത്തിന്റെ സാന്ദ്രീകൃതരൂപമായി കവിത നിലയുറപ്പിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നു.
പ്രതിരോധം ഏറ്റവും ജൈവികമായ പ്രവർത്തനമാണ്. എഴുതുക എന്നതും അങ്ങനെ തന്നെ. ഏതൊരാളും സ്വകാര്യാനുഭവത്തോടും സാമൂഹികാനുഭവങ്ങളോടും സ്വാഭാവികമായി പ്രതികരിക്കുന്ന രീതികളിലൊന്നുമാത്രമാണ് എഴുതുക എന്നത്. സാഹിത്യപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് സമൂഹമനസ്സിൽ ലഭിക്കുന്ന സ്ഥാനം ചരിത്രത്തിൽ സർഗാത്മകതയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അറിവിൽനിന്നുമാണ്. മറ്റാരോ തൊടാനാഞ്ഞ ഒരു വാക്ക്, ഉള്ളിൽ കുടുങ്ങിപ്പോയ ഒരു നിലവിളി, എഴുതാൻ കൊതിച്ച സ്‌നേഹം, പറയാതടക്കിയ തെറി, നിവർന്നുനിൽക്കാനാഗ്രഹിക്കുന്ന ഒരു നോട്ടം - അവയ്‌ക്കെല്ലാം സഞ്ചരിക്കാൻ, ചരിത്രത്തിൽ ചവിട്ടിനിൽക്കാൻ; ആഞ്ഞെറിയുന്ന കല്ലാകാൻ ഒക്കെയുള്ള അനന്തമായ സാധ്യതകൾ.
ബ്രാഹ്മണിക ആണധികാര മനോഭാവത്തിന്റെ ജീർണതയെ കാൽപനിക തൊങ്ങലുകൾ പിടിപ്പിച്ച തലപ്പാവുകൾ കൊണ്ട് മൂടിവച്ചെഴുന്നെള്ളിക്കുന്ന വ്യവസ്ഥയ്ക്കാവശ്യം, സാംസ്‌കാരിക മഹിമയെന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന കെട്ടുകാഴ്ചകളെയാണ്.
എന്നാൽ, അതേസമയം ഈ വെല്ലുവിളിക്കെതിരെ പുറംതിരിഞ്ഞ് സ്വകാര്യ തുരുത്തുകളിൽ സ്വസ്ഥമായിരുന്ന് സൗന്ദര്യാത്മകതയിലും ഭാഷാലീലയിലും മാത്രം മുഴുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കല്ലിട്ട് രസിക്കുന്നതുപോലയേയുള്ളൂ. അങ്ങനെയുള്ള എഴുത്തുകൾ നിലവിലിരിക്കുന്ന വ്യവസ്ഥിതിയ്ക്ക് അലങ്കാരവുമാകുന്നുവെന്ന് മനസ്സിലാക്കാം. ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്ന ശ്രേണീകൃത വ്യവസ്ഥിതിയിൽ വരേണ്യസ്ഥാനം ലഭിക്കാനുതകുന്ന തരത്തിൽ സവിശേഷാധികാരം (Privilege) സിദ്ധിച്ചിട്ടുള്ള, അതാസ്വദിക്കാനാഗ്രഹിക്കുന്ന ഒരാൾക്കേ കഴിയൂ. അത്തരം വരേണ്യർക്ക് ജൈവബന്ധമില്ലാത്ത സൗകുമാര്യത്തെക്കുറിച്ചും സൗന്ദര്യാത്മകതയെക്കുറിച്ചും വാഴ്ത്തുപാട്ടുകൾ എഴുതിനിറയ്ക്കാനാകും. തെരുവിൽ നഗ്‌നമായലയുന്ന കവിതകൾ മനുഷ്യരുടെ ഹൃദയങ്ങളിൽ നിറയ്ക്കുന്ന സൗന്ദര്യത്തെക്കുറിച്ചോ അനുഭൂതിയെക്കുറിച്ചോ അവർക്ക് അറിവുണ്ടാകണമെന്നില്ല.
നമ്മുടെ കേരളീയസമൂഹത്തിൽ ഇപ്പോഴും എഴുത്തുകാരന് (സവർണപുരുഷ) ലഭിക്കുന്ന ഒരുതരം അപ്രമാദിത്വവും സ്വീകാര്യതയുമൊക്കെ ഇവിടെ ആഴത്തിൽ വേരോടിയിട്ടുള്ള ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നുമാണ്. അതിൽനിന്ന് പുറത്തുവരുന്ന ബ്രാഹ്മണിക ആണധികാര മനോഭാവത്തിന്റെ ജീർണതയെ കാൽപനിക തൊങ്ങലുകൾ പിടിപ്പിച്ച തലപ്പാവുകൾ കൊണ്ട് മൂടിവച്ചെഴുന്നെള്ളിക്കുന്ന വ്യവസ്ഥയ്ക്കാവശ്യം നിലവിലിരിക്കുന്ന ശ്രേണീകൃത അധികാരവ്യവസ്ഥയെയോ വളർന്നുവരുന്ന ഏകാധിപത്യത്തെയോ ചോദ്യംചെയ്യാനുള്ള നിലപാടുതറയില്ലാത്ത, സാംസ്‌കാരിക മഹിമയെന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന കെട്ടുകാഴ്ചകളെയാണ്. ഇത്തരമൊരു സമൂഹത്തിനേ ഒരേസമയം സ്ത്രീസ്വാതന്ത്ര്യവാദിയും പീഡകനുമാകാവുന്ന അല്ലെങ്കിൽ ഒരേ നാവുകൊണ്ട് സമരം ചെയ്യുന്ന ജനങ്ങൾക്ക് അഭിവാദ്യവും അവരെ അടിച്ചമർത്തുന്ന ഭരണകൂടത്തിന് ആശംസയും പറയാനാകുന്ന സാംസ്‌കാരിക നായകരെ ആവശ്യമുള്ളൂ.
ഏതുകാലത്തെയും മനുഷ്യരോട് സംവദിക്കുന്ന, നിരന്തരം നവീകരിക്കപ്പെടുന്ന സർഗാത്മകാനുഭവമാകാൻ, ചരിത്രബോധമുള്ള, സാംസ്‌കാരികമായ ഉൾക്കാഴ്ചയാകാൻ, കാലത്തിൽ സഞ്ചരിക്കുന്ന, തീപിടിച്ച കല്ലുകളാകാനുള്ള ശേഷി നേടുക എന്നത് എഴുത്തുകൾ എവിടെ, ആരോടൊപ്പം, എങ്ങനെ നിലയുറപ്പിക്കുന്നു എന്നതാണ് തീരുമാനിക്കുക. ഈ തിരിച്ചറിവിന്റെ സൗന്ദര്യമാണ് നമ്മുടെ എഴുത്തിനാവശ്യം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.