പ്രിയ ജോസഫ്

അമേരിക്കൻ
​കാഷ്വൽനെസ്

കോർപറേറ്റ് സംസ്‌ക്കാരത്തിൽനിന്ന് ഇന്ന് അമേരിയ്ക്ക ഒത്തിരി മാറിയിട്ടുണ്ട്. ഗൂഗിളും ഫേസ്ബുക്കും ഒക്കെ ഈ മാറ്റത്തിന് തുടക്കം കുറിച്ചവരാണ്.

‘കാപ്പിലെ പേരമ്മ' എന്ന് ഞങ്ങൾ കുട്ടികളെല്ലാം വിളിച്ചിരുന്ന എന്റെ വല്ല്യമ്മച്ചിയുടെ അനിയത്തിയുണ്ട്. തൊടുപുഴയിൽ 99.9 ശതമാനം നസ്രാണി സ്ത്രീകളും ചട്ടയും മുണ്ടും നേര്യതും മാത്രം ധരിച്ചിരുന്ന 1947 കാലഘട്ടത്തിൽ കാപ്പിലെ പേരമ്മ സാരിയാണുടുത്തിരുന്നത്. പേരമ്മ അന്നേ ഇത്ര പരിഷ്‌കാരിയോ എന്ന് ഞങ്ങളന്തം വിട്ടപ്പോഴാണ് പേരമ്മ സാരിയുടുത്തുതുടങ്ങിയ സാഹചര്യം മമ്മി വിശദമാക്കിയത്.

ചട്ടയും മുണ്ടും ഇടാതെ സാരിയുടുത്തുനടക്കണമെന്ന ആഗ്രഹം കല്യാണം കഴിഞ്ഞ അന്നുമുതൽ പേരപ്പൻ പേരമ്മയുടെ മുന്നിൽ വച്ചതാണ്. ചുറ്റുവട്ടത്തുകാണുന്ന സ്ത്രീകളെപോലെമാത്രം നടക്കാൻ ആഗ്രഹിച്ച, അവരിൽ നിന്ന് വ്യത്യസ്തയാകാൻ ആഗ്രഹിക്കാത്ത, ധൈര്യമില്ലാത്ത പേരമ്മയ്ക്ക് പേരപ്പന്റെ ആഗ്രഹം വല്യ കുരിശായി മാറി. ഒരുദിവസം പള്ളിയിൽ പോയിവരുമ്പോൾ പേരമ്മ കാണുന്നത്, മരയലമാരിയിൽ ചെമ്പകവും പുകയിലയും തിരുകി സൂക്ഷിച്ചിരുന്ന സകല ചട്ടയും മുണ്ടും അപ്രത്യക്ഷമായിരിക്കുന്നു. പകരം ആ സ്ഥാനത്ത് സാരിയും ബ്ലൗസുമിരിക്കുന്നു. പേരമ്മ കരഞ്ഞു, അരിശപ്പെട്ടു, രണ്ടുമൂന്നു ദിവസം ജലപാനം ചെയ്യാതെ നിരാഹാരസമരം നടത്തി. പേരപ്പൻ കുലുങ്ങിയില്ല. ചട്ടയും മുണ്ടും തിരികെവന്നില്ല. അങ്ങനെ ഇഷ്ടമില്ലാതെയാണെങ്കിലും, പേരമ്മ വല്യമ്മച്ചിയുടെ കുടുംബത്തിലെ ആദ്യ സാരിക്കാരിയായി. അന്നത് തൊടുപുഴയിൽ തന്നെ വല്യ സംഭവമായിരുന്നു.

കള്ളിച്ചെല്ലമ്മ സിനിമയിൽ ഷീല

തേങ്ങ പൊതിക്കുന്ന പാര പോലെ കൂർത്ത മാറിടവുമായി സിനിമാനടി ഷീലയെ കണ്ടപ്പോഴാണ് ഇതെങ്ങനെ എന്ന ചോദ്യവും അതുപോലെ വേണമെന്ന ആഗ്രഹവും ബോഡീസ്ധാരിയായ മമ്മിയുടെ മനസ്സിൽ ആദ്യമായി വന്നതെന്ന് മമ്മി പറഞ്ഞിട്ടുണ്ട്. പാലാ അൽഫോൺസാ കോളേജിൽ പ്രീഡിഗ്രിയ്ക്ക്​ പഠിയ്ക്കുമ്പോൾ കാഞ്ഞിരപ്പള്ളിക്കാരി റൂംമേറ്റാണ് ബ്രാ കാണിച്ച് ഷീലയുടെ കൂർത്ത മാറിടത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. അങ്ങനെ പ്രീഡിഗ്രിക്കു​പഠിയ്ക്കുമ്പോഴാണ് ബോഡീസ് ഉപേക്ഷിച്ച് മമ്മി ആദ്യമായി ബ്രാ ധരിച്ചത്. മൂന്ന് ബ്രായും വാങ്ങി വീട്ടിലെത്തിയ മമ്മിയ്ക്ക് വീട്ടിൽനിന്ന് കിട്ടിയ അടിയുടെ കണക്ക് മരിയ്ക്കുന്നതുവരെ മമ്മി പറയുമായിരുന്നു.

ഓരോ കുടുംബത്തിനും പറയാനുണ്ട് ഇതുപോലുള്ള, വസ്ത്രങ്ങളിലെ പൈനിയേഴ്‌സിന്റെ (pioneers) കഥകൾ.
ഞങ്ങളുടെ കുടുംബത്തിൽ-
ആദ്യമായി സാരിയുടുത്തവൾ,
ആദ്യമായി സ്ലീവ് ലെസ്​ ബ്ലൗസിട്ടവൾ,
ആദ്യമായി ജീൻസ് ധരിച്ചവൾ,
ആദ്യമായി ചുരിദാറിട്ടവൾ,
ആദ്യമായി പാന്റിട്ടയാൾ!

കാലാവസ്ഥയ്ക്കും സൗകര്യത്തിനും അനുസരിച്ച് വസ്ത്രം എങ്ങനെ ധരിക്കണമെന്നുള്ളതിൽ എനിയ്ക്ക് ബോധം വന്നത് അമേരിക്കയിൽ വന്നുകഴിഞ്ഞാണ്.

പേരമ്മ ഒരു അപവാദമാണെങ്കിലും, എന്റെ മമ്മിയുൾപ്പടെയുള്ള പലരും സ്വന്തം ഇഷ്ടങ്ങളുടെ വളരെ നേർത്ത അലകൾ വസ്ത്രങ്ങളിലൂടെ ഉണ്ടാക്കിയവരാണ്.
അങ്ങനെ നോക്കുമ്പോൾ ഇവിടെ വസ്ത്രം നിലവിലുള്ള അവസ്ഥയിൽ നിന്നുമാറി മറ്റുപലതിന്റെയും അടയാളമായി മാറുന്നതാണ് കാണുന്നത്.
സ്വാതന്ത്രത്തിന്റെ,
സൗകര്യത്തിന്റെ,
ആത്മവിശ്വാസത്തിന്റെ,
സാമ്പത്തികാഭിവൃദ്ധിയുടെ,
കൂസലില്ലായ്മയുടെ ഒക്കെ അടയാളങ്ങൾ.

അമേരിക്കയും ഒത്തിരി മാറി

കാലാവസ്ഥയ്ക്കും സൗകര്യത്തിനും അനുസരിച്ച് വസ്ത്രം എങ്ങനെ ധരിക്കണമെന്നുള്ളതിൽ എനിയ്ക്ക് ബോധം വന്നത് അമേരിക്കയിൽ വന്നുകഴിഞ്ഞാണ്. 97 -ൽ ഒരു ഫ്രോക്കുമിട്ട് ഷിക്കാഗോയിൽ കാലുകുത്തിയ ജീൻസ് വിരോധിയായ ഞാൻ അടുത്ത ദിവസം തന്നെ പോയി ജീൻസ് വാങ്ങിയത് ഇവിടുത്തെ കൊടുംതണുപ്പിൽ ഫ്രോക്കും സ്‌കേർട്ടും ഒട്ടും പ്രാക്റ്റിക്കലല്ലാ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.

പഴയ കോർപറേറ്റ് സംസ്‌കാരത്തിൽനിന്ന് ഇന്ന് അമേരിക്ക ഒത്തിരി മാറിയിട്ടുണ്ട്. / Photo : Unsplash.com

അന്നൊക്കെ ഐ.ടി. മേഖലയിൽ കൃത്യമായ ഡ്രസ്​ കോഡുണ്ടായിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ പുരുഷന്മാർക്ക് ഫോർമൽ പാൻറ്സും​ ഷർട്ടും റ്റൈയും. ഷർട്ടിനുതന്നെ ബിസിനസ്​ ഫോർമൽ, ബിസിനസ്​ കാഷ്വൽ എന്ന തരംതിരിവു വേറെ. സ്ത്രീകൾക്കും ഇങ്ങനെതന്നെ. വേൾഡ്ബാങ്കിൽ 1998-ൽ കണസൽട്ടന്റായി ഭർത്താവ്​ ജോലിചെയ്യുമ്പോൾ അവിടെ ത്രീപീസ് സ്യൂട്ട് വേണമെന്നത് നിർബന്ധമായിരുന്നു.

അന്നത്തെ കോർപറേറ്റ് സംസ്‌കാരത്തിൽനിന്ന് ഇന്ന് അമേരിക്ക ഒത്തിരി മാറിയിട്ടുണ്ട്. ഗൂഗിളും ഫേസ്ബുക്കും ഒക്കെ ഈ മാറ്റത്തിന് തുടക്കംകുറിച്ചവരാണ്. വസ്ത്രസ്വാതന്ത്ര്യം അമേരിക്കയിൽ ആവശ്യത്തിൽ കൂടുതലുണ്ടെങ്കിലും, സ്‌കൂളുകളിലും ജോലിസ്ഥലത്തും ഡ്രസ്​ കോഡുണ്ടെങ്കിൽ അത് കർശനമായി പാലിക്കേണ്ടതുണ്ട്.

പത്തുപന്ത്രണ്ട് ന്യൂഡ് ബീച്ചുള്ള നാടാണ് അമേരിക്ക. ഇവിടെ വളരുന്ന കുട്ടികൾക്കിതെല്ലാം സാധാരണയിലും സാധാരണമാണ്.

ഞെട്ടുന്നു, എന്റെ ഇന്ത്യൻ കണ്ണുകൾ

ഇവിടുത്തെ കുട്ടികൾ വസ്ത്രധാരണത്തിൽ പ്രകടിപ്പിക്കുന്ന കാഷ്വൽനെസ്​ എന്നെ ഒരേസമയം അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യാറുണ്ട്. ഒന്നോ രണ്ടോ സെറ്റ്​ പാൻറ്​സും മൂന്നാലു ടീഷർട്ടുമുണ്ടെങ്കിൽ നാലുവർഷത്തെ ഡിഗ്രിക്കാലം അവർ പുഷ്പംപോലെ തരണം ചെയ്യും. അത്രയ്ക്കും കാഷ്വൽ. വസ്ത്രത്തിന്റെ ഇറക്കമോ ഇറക്കക്കുറവോ, ക്ലീവേജിന്റെ ആഴമോ പരപ്പോ ഒന്നും ഇവരെ അലട്ടാറില്ല. ഇത് കാണുമ്പോൾ ഇപ്പോഴും അറിയാതെ ഞെട്ടുന്നത് എന്റെ ഇന്ത്യൻ കണ്ണുകളാണ്.

ഒന്നോ രണ്ടോ സെറ്റ്​ പാൻറ്​സും മൂന്നാലു ടീഷർട്ടുമുണ്ടെങ്കിൽ നാലുവർഷത്തെ ഡിഗ്രിക്കാലം അമേരിക്കയിലെ കുട്ടികൾ പുഷ്പംപോലെ തരണം ചെയ്യും. അത്രയ്ക്കും കാഷ്വൽ. / Photo : ctcl.org

പാർക്കിലും, ബീച്ചിലും, ഫിറ്റ്‌നസ്​ സെന്ററിലും, റോഡിലുമൊക്കെ സ്‌പോർട്സ്​ ബ്രായും ഷോർട്​സുമിട്ട്​ ഓടുന്ന സ്ത്രീകളെ ജനിച്ചപ്പോൾ മുതൽ കണ്ടുശീലിച്ച ഇവരുടെ കണ്ണുകൾക്ക് നഗ്‌നത കണ്ടാൽ യാതൊരു അമ്പരപ്പുമില്ല. വൺപീസ് അല്ലെങ്കിൽ ടു പീസ് സ്വിം സ്യൂട്ട്​ ഇട്ട്​ സ്വിമ്മിങ് പൂളിലോ വാട്ടർ പാർക്കിലോ മറ്റോ ഇറങ്ങുമ്പോൾ ശരീരത്തിന്റെ ഒരു ഭാഗത്തേയ്ക്കും പാളിവീഴുന്ന കണ്ണുകൾ അവർ കണ്ടുശീലിച്ചിട്ടേയില്ല. പത്തുപന്ത്രണ്ട് ന്യൂഡ് ബീച്ചുള്ള നാടാണ് അമേരിക്ക. ഇവിടെ വളരുന്ന കുട്ടികൾക്കിതെല്ലാം സാധാരണയിലും സാധാരണമാണ്. സ്ത്രീകളുടെ വസ്ത്രത്തിന്റെ നീളത്തിലും നീളക്കുറവിലും വിഷമിക്കുന്നതിനുപകരം നോട്ടത്തിലെ മര്യാദയെക്കുറിച്ചും മര്യാദകേടിനെക്കുറിച്ചും ബോധവത്കരിക്കുന്നതല്ലേ നല്ലതെന്നാണ് അവർ ചോദിയ്ക്കുന്നത്. നോട്ടത്തിലെ മര്യാദ എല്ലായിടത്തും പാലിക്കുന്ന അമേരിക്കക്കാർ അതിന്​ അവധി കൊടുത്ത് നോട്ടത്തെ പൂർണമായും അഴിച്ചുവിടുന്നത് ബാറിലായതുകൊണ്ട് അവിടെ അൽപം സെക്‌സി, ഫ്ലർട്ടി വസ്ത്രങ്ങളാണ് ഇവർ ധരിയ്ക്കുക.

ശവസംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കറുത്ത സ്യൂട്ടിട്ട്, കറുത്ത ഡ്രസിട്ട് ഇവിടെയുള്ളവർ അണിഞ്ഞൊരുങ്ങി വരുന്നതുകണ്ടാൽ നമുക്ക് മരിക്കാൻ കൊതിയാകും. / Photo : Wikimedia Commons

വസ്ത്രങ്ങളിലെ ഡെമോക്രസിയാണ് എനിയ്ക്കിവിടെ ഏറ്റവും ഇഷ്ടം തോന്നിയ മറ്റൊരു കാര്യം. കമ്പനി സി.ഇ.ഒ.യുടെ നെഞ്ചത്ത് മാത്രമല്ല എംബ്രോയിഡറി ചെയ്ത ആ ബ്രാൻഡ്​ നെയിം ലോഗോയുള്ളത്. മിനിമം വേതനക്കാരുടെ നെഞ്ചത്തും അതേ പ്രൗഢിയോടെ ആ ലോഗോ കാണാം.

ഇടാനുള്ള സുഖത്തിനും സൗകര്യത്തിനും പ്രാധാന്യം കൊടുക്കുമ്പോൾ തന്നെ, ഇവിടുത്തുകാർ വസ്ത്രങ്ങൾ കൊണ്ട് ആദരവ് പ്രകടിപ്പിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ട്.
ശവസംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കറുത്ത സ്യൂട്ടിട്ട്, കറുത്ത ഡ്രസിട്ട് ഇവിടെയുള്ളവർ അണിഞ്ഞൊരുങ്ങി വരുന്നതുകണ്ടാൽ നമുക്ക് മരിക്കാൻ കൊതിയാകും. അത്രയ്ക്ക് ടിപ്​ടോപ്പായിട്ടാണ് എല്ലാവരും നിൽക്കുന്നത്. മരിച്ചയാളോടുള്ള ആദരവാണത്!

ഓപറയും തിയേറ്റർ പരിപാടികളുമൊക്കെ കാണാൻ പോകുമ്പോൾ ഏറ്റവും മനോഹരമായ പാർട്ടി ഡ്രസിട്ട് പോകുന്നതിന് അവർ പറയുന്ന കാരണമിതാണ്. വർഷങ്ങളോളം പ്രാക്റ്റീസ് ചെയ്ത് പൂർണതയിലെത്തിയ ഒരു കലാരൂപം ആസ്വദിക്കാനാണ് നമ്മൾ പോകുന്നത്. ആ കലാകാരരെ ബഹുമാനിക്കണ്ടേ?

ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ ഇവിടുത്തുകാരിടുന്ന ‘സൺഡേ ബെസ്റ്റു’ണ്ട്. ദൈവത്തെ ആദരിക്കലാണത്. ഓഫീസിലിടാൻ, പാർട്ടികൾക്കിടാൻ, ജിമ്മിലിടാൻ, ബാറിലിടാൻ, മരിച്ച വീട്ടിലിടാൻ, ബീച്ചിലിടാൻ, ഓപറയ്ക്കിടാൻ - ഈ രീതിയിൽ ഇമിഗ്രൻറ്സ്​ വാർഡ്രോബിൽ വസ്ത്രങ്ങൾ തരംതിരിച്ചടുക്കിത്തുടങ്ങുമ്പോൾ ഇവർ അത്യാവശ്യം ‘അമേരിക്കനൈസ്ഡ്' ആയി എന്നുറപ്പിക്കാം.

വസ്ത്രങ്ങളിലെ ഡെമോക്രസിയാണ് എനിയ്ക്കിവിടെ ഏറ്റവും ഇഷ്ടം തോന്നിയ മറ്റൊരു കാര്യം. ആർക്കും എന്തും വാങ്ങിയ്ക്കാം. കമ്പനി സി.ഇ.ഒ.യുടെ നെഞ്ചത്ത് മാത്രമല്ല എംബ്രോയിഡറി ചെയ്ത ആ ബ്രാൻഡ്​ നെയിം ലോഗോയുള്ളത്. മിനിമം വേതനക്കാരുടെ നെഞ്ചത്തും അതേ പ്രൗഢിയോടെ ആ ലോഗോ കാണാം. ബ്രാൻഡ്​ നെയിം വസ്ത്രങ്ങൾ വളരെ കുറഞ്ഞ ചെലവിൽ കിട്ടുന്ന ധാരാളം കടകളുണ്ടിവിടെ. ജിം വസ്ത്രങ്ങളുടെ ബ്രാൻഡായ ലുലു ലെമണെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത് എന്റെ വീട് വൃത്തിയാക്കാൻ വരുന്ന മരിയ പറഞ്ഞാണ്. മരിയ ആ ബ്രാൻഡ് മാത്രമേ ഉപയോഗിക്കുള്ളുവത്രെ!

പത്തുപന്ത്രണ്ട് ന്യൂഡ് ബീച്ചുള്ള നാടാണ് അമേരിക്ക. / Photo : Wikimedia Commons

ഞാൻ ചെയ്യുന്ന ജോലി,
ഞാനുണ്ടാക്കുന്ന കാശ്,
ഇഷ്ടമുള്ളത് ഞാൻ വാങ്ങും
എന്ന്​ ഈ ‘ഞാൻ ലോകത്ത്' എല്ലാവർക്കും ബ്രാൻഡ്​ നെയിം വാങ്ങാമെന്നുള്ളതുകൊണ്ടുതന്നെ ഇവിടെ ഇതിലൊന്നും ആർക്കും യാതൊരു താത്പര്യവുമില്ല.

ജെൻഡർ ന്യൂട്രൽ ലോകം

മറിച്ച്, കേരളത്തിൽ വരുമ്പോഴാണ് ഷനേലിന്റെയും മൈക്കൾ കോഴ്‌സിന്റെയും ബാഗ് നോക്കി ആൾക്കാർ നമ്മളെ അളക്കുന്നത്. എല്ലാവർക്കും എല്ലാമുള്ള അമേരിക്കയിൽ ഇങ്ങനെയുള്ള അളക്കലും തൂക്കലും വളരെ കുറവാണ്.
മൂത്ത മകളെ ഗർഭിണിയായിരിക്കുമ്പോഴാണ് ജെൻഡർ ന്യൂട്രൽ നിറങ്ങളുടെയും ഉടുപ്പുകളുടെയും ഒരു വലിയ ലോകം ആലീസിന്റെ അത്ഭുതലോകം പോലെ മുന്നിൽ തുറന്നുവന്നത്. അന്നത്തേതിൽ നിന്ന് കാര്യങ്ങൾ ഒരുപാട് മുന്നോട്ടുവന്നിട്ടുണ്ട്. പിങ്ക് പെൺകുഞ്ഞുങ്ങൾക്ക്, നീല ആണുകുഞ്ഞുങ്ങൾക്ക് എന്നുള്ളതൊക്കെ പഴങ്കഥകളായി. കുഞ്ഞുങ്ങൾക്കുവേണ്ടി ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളുടെ ശേഖരം സെലീൻ ഡിയോൺ തുടങ്ങിയിട്ടുണ്ട്. സാറാ (Zara), ഗെസ്സ് (guess) തുടങ്ങിയ വസ്ത്രശ്രംഖലകളൊക്കെ ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളിറക്കുന്നുണ്ട്.

1938-ൽ സ്ലാക്ക്‌സിട്ട് കോടതിയിൽ വന്ന കിന്റർഗാർട്ടൻ ടീച്ചർ ഹെലൻ ഹൂലിക്കിന്റെ കഥ വായിക്കുമ്പോൾ കാലമെത്ര മുന്നോട്ടുപോയി എന്നോർക്കും.
രണ്ട് മോഷ്ടാക്കൾക്കെതിരെ സാക്ഷിപറയാൻ അവരെത്തിയത് പാന്റിട്ടാണ്. കോടതിയുടെ ശ്രദ്ധ മുഴുവൻ അവരുടെ പാൻറിലേയ്ക്കായി. സ്ലാക്ക്‌സിട്ടു എന്ന ഒറ്റ കാരണത്താൽ സാക്ഷിവിസ്താരം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയ ജഡ്ജി ഹെലനോട് അടുത്ത ദിവസം വരുമ്പോൾ ഡ്രസിടണമെന്ന് ആജ്ഞാപിച്ചു.
ഹെലന്റെ പ്രസ്താവന അന്ന് പത്രത്തിൽ വന്നത് ഇങ്ങനെയാണ്: ‘ഞാൻ എന്റെ അവകാശത്തിലുറച്ചുനിൽക്കുന്നു. എന്നോട് ഡ്രസിടാൻ ജഡ്​ജി പറഞ്ഞത് ഞാൻ അനുസരിക്കില്ല. കാരണം എനിയ്ക്ക് സ്ലാക്ക്‌സ് ഇടാനാണ് ഇഷ്ടം. അത് വളരെ സൗകര്യപ്രദമാണ്'

പിങ്ക് പെൺകുഞ്ഞുങ്ങൾക്ക്, നീല ആണുകുഞ്ഞുങ്ങൾക്ക് എന്നുള്ളതൊക്കെ പഴങ്കഥകളായി. കുഞ്ഞുങ്ങൾക്കുവേണ്ടി ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളുടെ ശേഖരം സെലീൻ ഡിയോൺ തുടങ്ങിയിട്ടുണ്ട്. / Photo : celinununu, Instagram

അത്രേയുള്ളൂ. ‘എനിയ്ക്കീ വസ്ത്രമാണിഷ്ടം, ഞാനിതേ ഇടൂ’ എന്നാരെങ്കിലും പറഞ്ഞാൽ അവിടെ തീർന്നോണം ആൾക്കാരുടെ വിധിക്കൽ. എറിയാൻ വച്ചിരിക്കുന്ന കല്ല് താഴെയിട്ടോണം.

പലതരം വികാരങ്ങളുടെ വീടുതന്നെയാണ് നമ്മൾ ധരിക്കുന്ന വസ്ത്രം.
അതുകൊണ്ടുതന്നെ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ പേരിൽ ആരെയും അപമാനിക്കാതെയിരിക്കാം,
അളക്കാതെയിരിക്കാം,
വിധിക്കാതെയിരിക്കാം,
അവഗണിക്കാതെയുമിരിക്കാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പ്രിയ ജോസഫ്‌

എഴുത്തുകാരി. AMR Technology Inc. കോ ഫൗണ്ടറും സി.ഇ.ഒയും. യു.എസിലെ ഇല്ലിനോയി സൗത്ത്​ ബാരിങ്​ടണിൽ താമസം

Comments