രാധാകൃഷ്‌ണൻറെ നാണംകെട്ട പ്രസ്‌ക്ലബ് സ്ഥാനാർ‌ഥിത്വം

കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയ്‌ക്കെതിരെ അതിക്രൂരമായ തരത്തിൽ സദാചാര ഗുണ്ടായിസം നടത്തി, ആ കുറ്റം സ്ഥാപനം നടത്തിയ അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ട ശേഷം, സ്ഥാപനം പുറത്താക്കിയ ഒരാൾക്ക്, ഒരു ജേണലിസ്റ്റിന്, എങ്ങനെയാണ് പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവുക?

തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്ന എം. രാധാകൃഷ്ണൻ എന്നയാൾ, കേരളകൗമുദിയിലെ പ്രൂഫ് റീഡറായിരുന്നയാൾ, അതേ സ്ഥാപനത്തിലെ മാഗസിൻ എഡിറ്ററായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം നടത്തിയതിന്റെ പേരിൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാൾകൂടിയാണ്. സാങ്കേതികമായോ ധാർമികമായോ മത്സരിക്കാൻ അവകാശമില്ലാത്ത ഇയാൾ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. അയാളെ പിന്തുണയ്ക്കാനും ആളുകളുണ്ടാവുന്നു. വിരോധാഭാസം എന്ന് തോന്നുമെങ്കിലും അയാൾ അധികാരത്തിനു വേണ്ടി നാണമില്ലാതെ മത്സരിക്കുകയാണ്.

2019 ലാണ് ഒടുവിൽ പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പ് നടന്നത്. 2019 നവംബറിലാണ് സഹപ്രവർത്തകയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി, രാധാക്ഷ്ണൻ എന്ന സദാചാരരോഗി തന്റെ ഒട്ടുമേ പരിഷ്കരിക്കപ്പെട്ടിട്ടില്ലാത്ത സാമൂഹിക ബോധത്തെ പ്രക്ഷേപണം ചെയ്തത്. കുട്ടികളുടെയും നാട്ടുകാരുടേയും മുന്നിൽ വെച്ച് ജേണലിസ്റ്റായ സഹപ്രവർത്തകയെ അപമാനിച്ചത്. പക്ഷേ രമ്യാ മുകുന്ദൻ എന്ന കേരളകൗമുദിയിലെ മാഗസിൻ എഡിറ്റർ തോൽക്കാൻ തയ്യാറല്ലായിരുന്നു. അപമാനിക്കപ്പെട്ടതിനെതിരെ ജോലി ചെയ്യുന്ന സ്ഥാപനത്തിലും പൊലീസിലും പ്രസ് ക്ലബ്ബിലും പരാതി നൽകി. സ്ഥാപനം രാധാകൃഷ്ണനെ പുറത്താക്കി. പൊലീസ് കേസെടുത്തു. രണ്ടു ദിവസം ജയിലിൽ കിടന്നു. എന്നിട്ടും അടുത്ത ഭരണ സമിതി വരുന്നതുവരെ സ്റ്റാറ്റസ് കോ മെയ്ന്റൻ ചെയ്യാമെന്ന കോടതിയുടെ പരാമർശത്തിൽത്തൂങ്ങി പ്രസ് ക്ലബ്ബിൽ അയാൾ തന്റെ ഏകാധിപത്യ ഭരണം തുടർന്നു, തുടരുന്നു. അക്ഷരാർത്ഥത്തിൽ ഇടിച്ചു കയറി കസേരയിലിരിക്കുന്നു.

എം. രാധാകൃഷ്ണന്റെ ഭരണനിർവ്വഹണം എല്ലാ പരിധികളും ലംഘിച്ചായിരുന്നു എന്നതിനും പ്രസ് ക്ലബ് സെക്രട്ടറി എന്ന പദവിയെ അയാൾ എത്രമാത്രം ദുരുപയോഗം ചെയ്തിരുന്നു എന്നതിനും ഉള്ള ഏറ്റവും പുതിയ തെളിവും ട്രൂ കോപ്പി പുറത്തുവിടുകയാണ്. രണ്ടായിരത്തി പത്തൊൻപതിൽ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയ്ക്ക് പ്രസ് ക്ലബ്ബിന്റെ ലെറ്റർ ഹെഡിൽ രാധാകൃഷ്ണൻ നൽകിയ കത്ത്. വിവരാവകാശ പ്രകാരം ലഭിച്ച കത്തിൽ രാധാകൃഷ്ണൻ എഴുതിയ വാചകങ്ങൾ ഇങ്ങനെ വായിക്കാം " ആർ. സി.സി. ദിവസ വേതന ജീവനക്കാരിൽ പത്ത് വർഷം പൂർത്തിയാക്കിയവരെ കഴിഞ്ഞ രണ്ട് സർക്കാരുകളും സ്ഥിരപ്പെടുത്തിയിരുന്നു. സ്ഥിര നിയമനം ആവശ്യപ്പെട്ട ജീവനക്കാരുടെ നിവേദനം ഇതാടൊപ്പമുണ്ട്. അനുഭാവപൂർണം പരിഗണിക്കണമെന്ന് താത്പര്യപ്പെടുന്നു."
ഇങ്ങനൊരു കത്തെഴുതാൻ പ്രസ് ക്ലബ്ബ് സെക്രട്ടറിയക്ക് എന്താണവകാശമെന്നോ അധികാരമെന്നോ ആവശ്യമെന്നോ ഇയാൾക്ക് ഇത്രയും തൊഴിലാളി സ്നേഹമോ എന്നും തോന്നുമ്പോഴാണ് യഥാർത്ഥ ട്വിസ്റ്റ്. സ്ഥിര നിയമനം ആവശ്യമുള്ള ജീവനക്കാരിലൊരാൾ ടിയാന്റെ ഭാര്യയാണ്.

മത്സരിക്കാൻ രാധാകൃഷ്ണന് സാങ്കേതികമായി സാധ്യമല്ല. കാരണം, " റഗുലർ അംഗത്തെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയാലും പുറത്താക്കൽ നടപടി അനുയോജ്യമായ ഫോറത്തിൽ ചോദ്യം ചെയ്തിട്ടുണ്ട് എങ്കിൽ കേസിൽ തീർപ്പ് ആകുന്നിടത്തോളം സമയം അംഗത്തിന് ക്ലബ്ബ് റഗുലർ അംഗമായി തുടരാം " എന്നാണ് പ്രസ് ക്ലബ്ബിന്റെ ബൈലോയിൽ പറയുന്നത്. എന്നാൽ തന്നെ പുറത്താക്കിയ നടപടിയെ രാധാകൃഷ്ണൻ ലേബർ കോർട്ടിലുൾപ്പെടെ ഒരു ഫോറത്തിലും ചോദ്യം ചെയ്തിട്ടില്ല എന്നാണ് കേരളകൗമുദി പറയുന്നത്. അതായത് ഇയാൾക്ക് മത്സരിക്കാനാവില്ല. എന്നിട്ടും ഇയാൾ മത്സരിക്കുന്നു. അതിനായി പലതരം നുണപ്രചാരണങ്ങളുടെ സങ്കീർണതകൾ സൃഷ്ടിക്കുന്നു. കോവിഡ് കാലത്ത് നൽകിയ ഭക്ഷണത്തിന്റേയും ഓണക്കാലത്ത് നൽകിയ കിറ്റിന്റേയും കണക്കുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു. നന്മ പടർത്താൻ മുതിർന്ന മാധ്യമ പ്രവർത്തകരെത്തന്നെ ഏർപ്പാടാക്കുന്നു.

സാങ്കേതികമായി സാധ്യമല്ലാത്ത ഒരു മത്സരത്തിന് എം.രാധാകൃഷ്ണനെ പ്രാപ്തനാക്കുന്നത് അയാളുടെ ഗുണ്ടാ രീതികളാണ്. അയാൾ വഴി നിർലോഭം ലഭിക്കുന്ന സൗജന്യങ്ങളുടെ പങ്കുപറ്റുമ്പോൾ കുറ്റബോധമോ നാണമോ തോന്നാത്ത സൗജന്യങ്ങളുടെ ആരാധകരായ ഒരു വിഭാഗം മാധ്യമ പ്രവർത്തകരാണ്. അയാൾ ചെയ്തതതും പ്രചരിപ്പിക്കുന്നതുമായ അപവാദ പ്രചാരണങ്ങളെ അതേപടി ആവർത്തിക്കുന്ന സിൽബന്തികളുടെ കൂട്ടമാണ്. സ്ത്രീ രാഷ്ട്രീയത്തെ പരിഹാസത്തോടെയും പുച്ഛത്തോടെയും മാത്രം കാണാൻ ശേഷിയുള്ള ഞരമ്പ് രോഗികളായ ഒളിഞ്ഞുനോട്ടക്കാരുടെ സംരക്ഷണ കവചമാണ്.

തീർന്നില്ല, പകപോക്കലിന്റെ വൃത്തികെട്ട രീതികൾ രാധാകൃഷ്ണൻ രമ്യയെ പിന്തുണച്ച എല്ലാ സ്ത്രീകൾക്കു നേരെയും തുടർച്ചയായി പ്രയോഗിച്ചിട്ടുണ്ട്. അശ്ലീല പ്രചാരണങ്ങൾ, മാനസികമായി തകർക്കാനുള്ള കള്ളക്കഥകളുടെ പ്രചാരണങ്ങൾ. കേസിൽ നിന്ന് പിൻമാറാൻ പലതരത്തിലുള്ള ശുപാർശകൾ ഇപ്പോഴും തുടരുന്നു. അയാൾ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന പാനലിൽ മാതൃഭൂമിയുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ഇങ്ങനൊരാൾക്കൊപ്പം മത്സരിക്കാൻ സ്ഥാപനത്തിൽ നിന്ന് രാജിവെയ്ക്കണമെന്ന് പറഞ്ഞ മാതൃഭൂമിയുടെ നിലപാട് പ്രശംസനീയമാണ്. പക്ഷേ ഇപ്പോഴും മലയാള മനോരമയുടേയും ജനയുഗത്തിന്റേയുണ്ടാക്കെ പ്രതിനിധികൾ രാധാകൃഷ്ണനൊപ്പം മത്സരിക്കുന്നു എന്നത് മാധ്യമ പ്രവർത്തകർക്കാകെ അപമാനമുണ്ടാക്കുന്ന ഒന്നാണ്. പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട വിഷയം എന്നതിലുപരി ഇതൊരു സാമൂഹ്യ പ്രശ്നമായി കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്.

തെരഞ്ഞെടുപ്പിൽ അയാൾ ജയിച്ചാലും തോറ്റാലും സദാചാര ഗുണ്ടായിസത്തിനെതിരെ നീതിയ്ക്ക് വേണ്ടി ഒരു സ്ത്രീയും ആത്മാഭിമാനമുള്ള ജേണലിസ്റ്റുകളും നടത്തുന്ന പോരാട്ടം തുടരുക തന്നെ ചെയ്യും.

Comments