രാധാകൃഷ്​ണൻ ചെയ്​ത ‘നന്മ’കളുടെ അർഥം തിരുവനന്തപുരം പ്രസ്​ ക്ലബ്​ തിരിച്ചറിയുമോ?

ഒക്‌ടോബർ 23ന് നടക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബ് ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ അർധരാത്രി വീട്ടിൽ കയറി ആക്രമിക്കുകയും സദാചാര ഗുണ്ടായിസം നടത്തുകയും ചെയ്ത കേസിലെ കുറ്റാരോപിതനായ എം. രാധാകൃഷ്ണനാണ്. കേസിൽ വിചാരണ നേരിടുന്ന രാധാകൃഷ്ണനെ കേരള കൗമുദി പിരിച്ചുവിട്ടെങ്കിലും ആ സ്ഥാപനത്തിന്റെ പേരിൽ തന്നെയാണ് ഇയാൾ മത്സരിക്കുന്നത്. പ്രസ് ക്ലബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെയിൽ ഗ്രൂപ്പിൽ, ഈ സംഭവത്തെ ന്യായീകരിച്ച് ദുഷ്പ്രചാരണം നടത്തി വിജയം ഉറപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ, സദാചാര ഗുണ്ടായിസത്തിനിരയായ രമ്യ മുകുന്ദൻ എഴുതുന്നു.

ഴിഞ്ഞ ജൂൺ 11 ന് മനോരമയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റിൽ, എം. രാധാകൃഷ്ണൻ 2019 നവംബർ 30 ന് പാറ്റൂരിൽ ഞാനും ഭർത്താവ് ബിനീഷ് തോമസും രണ്ടു മക്കളും താമസിച്ചു വന്നിരുന്ന വീട്ടിൽ രാത്രി വന്ന് അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ആ വാർത്തയിൽ രാധാകൃഷ്ണൻ എന്റെയും കുട്ടികളുടെയും മുന്നിൽ വച്ച് അയാൾ ഉപദ്രവിച്ച, അയാളുടെ സഹപ്രവർത്തകനെ വിളിച്ചത് ജാരൻ എന്നാണ്.

അതിനുശേഷം നടന്ന തിരുവനന്തപുരം പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി മീറ്റിംഗിൽ ഞാൻ എന്റെ മക്കളെ മയക്കിക്കിടത്തി അവിഹിതം നടത്തുവെന്നാണ് ഇപ്പോഴത്തെ പ്രസിഡൻറ്​ സ്ഥാനാർത്ഥി കൂടിയായ രാധാകൃഷ്ണൻ ആരോപിച്ചത്. എന്റെ വീട്ടിൽ നടത്തിയ അതിക്രമത്തിനിടെ എന്റെ സുഹൃത്തിനോട് രാധാകൃഷ്ണൻ ആവർത്തിച്ച് ചോദിച്ചത് കേരളകൗമുദിയിലെ തന്നെ മറ്റു രണ്ടു വനിതാ ജേർണലിസ്റ്റുകളെ വീട്ടിൽ കൊണ്ടാക്കുന്നത് നീയല്ലേടാ എന്നാണ്. വനിതാ മാധ്യമ പ്രവർത്തകരുടെ വ്യക്തിജീവിതത്തിൽ ഒളിഞ്ഞുനോക്കൽ എന്നു മുതലാണ് പ്രസ് ക്ലബ് ഭരിക്കുന്നവരുടെ ചുമതലയായത്?

‘രണ്ടു പേരുടെ നാണം മറയ്ക്കാൻ' എന്നാണ് സ്വന്തം മെയിലിൽ നിന്ന് 500 നടുത്ത് അംഗങ്ങളുള്ള മെയിൽ ഗ്രൂപ്പിൽ എന്റെയും എന്റെ കുഞ്ഞുങ്ങൾക്കുനേരെയും നടത്തിയ അതിക്രമത്തെ രാധാകൃഷ്ണൻ വിശേഷിപ്പിച്ചത്. എം. രാധാകൃഷ്ണന്റെ മകളേക്കാൾ ഒരു വയസ് കുറവുള്ള എന്റെ എട്ടുവയസുകാരിയായ മകളെ വിചാരണ ചെയ്യുമ്പോഴും യാതൊരു മനഃസാക്ഷിയും പഴയ സെക്രട്ടറിയും പുതിയ പ്രസിഡൻറ്​ സ്ഥാനാർത്ഥിയുമായ രാധാകൃഷ്ണനിൽ ഞാൻ കണ്ടിട്ടില്ല. മനഃസാക്ഷി പോയിട്ട് കണ്ടു പരിചയം പോലും കാണിച്ചിട്ടുമില്ല. അടിസ്ഥാന ക്രിമിനൽ സ്വഭാവം പുലർത്തുന്ന ഒരാൾക്ക് മാത്രമേ ഈ പ്രവൃത്തിയും വാക്കുകളും സാദ്ധ്യമാകൂ.

‘വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായിട്ടും ഞാൻ ഇതാ നിങ്ങൾക്കുവേണ്ടി മത്സരിക്കുന്നു' എന്ന് പറയുമ്പോൾ, രാധാകൃഷ്ണന് നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതൊന്നും അഭിമാന പോരാട്ടത്തിന്റെ ഭാഗമായി ഉണ്ടായതല്ല എന്നോർക്കണം. അധികാരം ഇല്ലെങ്കിൽ താനുണ്ടാകില്ല എന്ന മാനസികാവസ്ഥ കൊണ്ടാണ് എന്നുകൂടി ആ പ്രസ്താവനയ്‌ക്കൊപ്പം ചേർത്തു വായിക്കാൻ മറക്കരുത്. രാധാകൃഷ്ണന് അധികാരത്തോടുള്ള ആവേശം മത്സരിക്കാനിറങ്ങിയ കാലം മുതൽ കാണുന്നതുമാണ്. കള്ളങ്ങൾക്കുമേൽ കള്ളങ്ങൾ കൊണ്ട് പണിതതാണ് രാധാകൃഷ്ണൻ തന്റെ അധികാരം. ഇന്നല്ലെങ്കിൽ നാളെ അത് പൊളിഞ്ഞു വീഴുക തന്നെ ചെയ്യും. നൻമ തുടരാൻ കൂടെ നിൽക്കാൻ പറയുമ്പോൾ നന്മ എന്ന വാക്കിന്റെ അർത്ഥം എങ്കിലും രാധാകൃഷ്ണൻ അറിയണ്ടേ? ആരെങ്കിലും തനിക്കെതിരെ തിരിയുമ്പോൾ അല്ലെങ്കിൽ അങ്ങനെ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയം തോന്നി തുടങ്ങുമ്പോൾ കൂടെ നിൽക്കുന്നവരെ തീർക്കാൻ എം. രാധാകൃഷ്ണൻ തന്നെ ഇറങ്ങിത്തിരിക്കും. എന്റെ അനുഭവമാണ്.

എം. രാധാകൃഷ്‌ണ‌നെ കേരളകൗമുദിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ ഉത്തരവ്
എം. രാധാകൃഷ്‌ണ‌നെ കേരളകൗമുദിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ ഉത്തരവ്

നീതിപീഠത്തിലും നിയമവ്യവസ്ഥയിലും തന്നെയാണ് എന്റെ വിശ്വാസം. കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി അനുനയവും ഭീഷണിയുമായി രാധാകൃഷ്ണനുവേണ്ടി എന്റെയും ഭർത്താവിന്റെയും അടുത്തു വന്ന ശ്രമങ്ങളെ ചെറുത്ത് മുന്നോട്ട് പോകുന്നതും ആ വിശ്വാസം ഉള്ളതു കൊണ്ടുതന്നെയാണ്.
സ്ഥാപനമേധാവികളെ സമീപിച്ച് ഓഫീസിനുമുന്നിൽ സമരം നടത്തുമെന്ന ഭീഷണികളിലൂടെ ഗൺപോയിന്റിൽ നിർത്താൻ ശ്രമം നടത്തി എന്ന് തിരഞ്ഞെടുപ്പ് മെയിൽ ഗ്രൂപ്പിൽ പറയുന്നു. പിന്നീട് വന്ന മെയിലിൽ, കേസരി ആസ്ഥാനമായ പുളിമൂട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കാറെന്നും ആ ഗൂഢനീക്കത്തിന്റെ ഭാഗമല്ലെന്ന് വിശ്വസിച്ചുകൊള്ളാം എന്നും പറയുന്നു. തങ്ങളുടെ ജീവനക്കാർ രാധാകൃഷ്ണനൊപ്പം മത്സരിക്കരുതെന്ന മാതൃഭൂമിയുടെ നിലപാട് ആ സ്ഥാപനത്തിന്റെ സ്ത്രീപക്ഷ നിലപാടുകളുടെ തുടർച്ച മാത്രമാണ്. ഗൺപോയിന്റിൽ നടത്തിയ ഭീഷണിയിൽ പതറിപ്പോയി എന്നൊക്കെ പറയുമ്പോൾ ആ സ്ഥാപനത്തെയും ആത്മാഭിമാനമുള്ള അവിടെയുള്ള സ്ത്രീ ജീവനക്കാരുൾപ്പെടെയുമുള്ളവരെയാണ് രാധാകൃഷ്ണൻ അപമാനിക്കാൻ നോക്കുന്നത്.

കാലഘട്ടത്തിനനുസരിച്ച് മാധ്യമങ്ങളും അവയെ നയിക്കുന്നവരും പുതുക്കപ്പെടുമ്പോഴാണ് സ്ത്രീകളെ ആദരിക്കുന്ന നിലപാടുകൾ ഉണ്ടാകുന്നത്. രാധാകൃഷ്ണനെ പുറത്താക്കിയ കേരള കൗമുദിയുടെ നിലപാടും ആ ഔന്നത്യത്തിൽ നിന്നുകൊണ്ടു തന്നെയാണ്.
നേരത്തെ ജയ്ഹിന്ദ് ടി.വിയും സമാന നിലപാട് സ്വീകരിച്ചതാണ്. അത്തരം സ്ത്രീപക്ഷത്തു നിന്നുള്ള ഉറച്ച നിലപാടുകൾ ഭീഷണി പേടിച്ചാണ് എന്ന് കരുതാനും പ്രചരിപ്പിക്കാനും ഒരു ക്രിമിനൽ മനസ്സിനേ കഴിയൂ. ഞാൻ കാറിൽ കോഴിക്കോട്ടേക്ക് പോയി മാതൃഭൂമിയിൽ നേരിട്ട് പരാതി പറഞ്ഞെന്നാണ് കേരള കൗമുദി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രസ് ക്ലബ് അംഗങ്ങളെ രാധാകൃഷ്ണൻ വിളിച്ചറിയിച്ചത്, പ്രചരിപ്പിച്ചത്. അതു വിശ്വസിക്കുന്നവർ ക്രിമിനൽ പ്രവൃത്തികളിൽ തെറ്റു കാണാത്തവരുമാണ്.

അല്ലെങ്കിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങിയ ശ്രീകേഷ് തെളിയിക്കട്ടെ, കേസരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കാറിലെയും സത്യാഗ്രഹമിരിക്കുമെന്ന ഭീഷണിയിലെയും സത്യാവസ്ഥ. ജയിച്ച് നിലനിൽക്കാനുള്ള ശ്രമമൊക്കെ മനസിലാകും. പക്ഷേ അത് അസത്യം ആവർത്തിച്ചും കള്ളം പ്രചരിപ്പിച്ചും ആകരുത്. സ്വന്തം സ്ഥാപനത്തെ രാധാകൃഷ്ണൻ ഇങ്ങനെ ഇകഴ്ത്തുമ്പോഴും അതിന് എതിരെ നുണ പ്രചാരണം നടത്തുമ്പോഴും കൂട്ടു നിൽക്കുന്ന ശ്രീകേഷിന് തിരുത്താൻ കഴിയണമായിരുന്നു.

പിരിവ് നൽകാത്തവരെ ഭീഷണിപ്പെടുത്താനും സ്വന്തം വാർത്ത കൊടുക്കാത്തതിന്റെ പേരിൽ ആഹാരം കൊടുത്തതിന്റെ പോലും കണക്ക് മാധ്യമ പ്രവർത്തകരോട് പറയാനും രാധാകൃഷ്ണന്റെ ‘നന്മയ്ക്കേ' കഴിയൂ. അർഹരായവരുടെ മെംബർഷിപ്പ് റദ്ദ് ചെയ്ത് തനിക്ക് ആവശ്യമുള്ളവരെ തിരുകി കയറ്റാൻ മനസ് കാണിച്ചതും വല്ലാത്ത നന്മ തന്നെ!
അന്തസുള്ളവർ ഭരിച്ചിരുന്ന ഇടമാണ് പ്രസ് ക്ലബ്. അവരാരും എനിക്കു ശേഷം പ്രളയം എന്ന മട്ടിൽ അധികാരത്തിൽ തൂങ്ങി കിടക്കാൻ നെറികെട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. വീടുകൾ കയറി ഇറങ്ങാൻ സഹതാപം സൃഷ്ടിക്കാൻ നോക്കിയിട്ടില്ല. ക്രിമിനലിന് കുട പിടിക്കാൻ അല്ലല്ലോ പ്രസ് ക്ലബ് നിലനിൽക്കേണ്ടത്?

രാധാകൃഷ്ണന്റെ നൻമയുടെ കടുപ്പം രണ്ടുവർഷത്തോളമായി അനുഭവിക്കുന്നത് നന്നായി വേദനിച്ചിട്ടും സ്വസ്ഥത നഷ്ടപ്പെട്ടും അപമാനിക്കപ്പെട്ടും തന്നെയാണ്. ഒരു സ്ത്രീയോട് അതിക്രമം കാണിച്ചയാളല്ല അതിനെ അതിജീവിച്ച സ്ത്രീ തന്നെയാണ് ജീവിതാവസാനം വരെ ട്രോമയിലൂടെ കടന്നുപോകേണ്ടത്.


Summary: ഒക്‌ടോബർ 23ന് നടക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബ് ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ അർധരാത്രി വീട്ടിൽ കയറി ആക്രമിക്കുകയും സദാചാര ഗുണ്ടായിസം നടത്തുകയും ചെയ്ത കേസിലെ കുറ്റാരോപിതനായ എം. രാധാകൃഷ്ണനാണ്. കേസിൽ വിചാരണ നേരിടുന്ന രാധാകൃഷ്ണനെ കേരള കൗമുദി പിരിച്ചുവിട്ടെങ്കിലും ആ സ്ഥാപനത്തിന്റെ പേരിൽ തന്നെയാണ് ഇയാൾ മത്സരിക്കുന്നത്. പ്രസ് ക്ലബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെയിൽ ഗ്രൂപ്പിൽ, ഈ സംഭവത്തെ ന്യായീകരിച്ച് ദുഷ്പ്രചാരണം നടത്തി വിജയം ഉറപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ, സദാചാര ഗുണ്ടായിസത്തിനിരയായ രമ്യ മുകുന്ദൻ എഴുതുന്നു.


Comments