സുപ്രീം കോടതിയുടെ ഈ പുസ്തകം എല്ലാ ഇന്ത്യക്കാരുടെയും പാഠപുസ്തകമാവണം

ജൻഡർ സ്റ്റീരിയോ ടൈപ്പുകൾ, അഥവാ ജന്റർ വാർപ്പു മാതൃകകൾ നീതിന്യായ - നിയമ സംവിധാനങ്ങളുടെ എല്ലാത്തരം ഇടപെടൽ - നടപ്പാക്കൽ പ്രക്രിയകളിൽ നിന്നും ഒഴിവാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സുപ്രീം കോടതി പുറത്തിറക്കിയ കൈപ്പുസ്തകം ജനാധിപത്യ ഇന്ത്യ ചർച്ച ചെയ്തു കൊണ്ടേയിരിക്കേണ്ട ഒന്നാണ്. വാർപ്പു മാതൃക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇതാണ്, പൊതുബോധത്തിൽ - അത് വ്യക്തിതലം മുതൽ സമൂഹത്തിലെ എല്ലാത്തരം സ്ഥാപനവത്കരിക്കപ്പെട്ടതും അല്ലാത്തതുമായ ചിന്താപദ്ധതികളിലൂടെയും ഘടനകളിലൂടെയും കടന്ന് പോയി; നീതിന്യായ വ്യവസ്ഥയിലുൾപ്പെടെ തെറ്റായി സ്ഥാപിക്കപ്പെട്ട, അല്ലെങ്കിൽ സ്ഥിരീകരിക്കപ്പെട്ട, സ്ത്രീകളെക്കുറിച്ചുള്ള മുൻവിധികളാണ്. അതിനെ തകർത്തുകളയൽ ശ്രമകരമായ ഒരു രാഷ്ട്രീയ- സാമൂഹ്യ ദൗത്യമായി തിരിച്ചറിയേണ്ടതുണ്ട്. ആ ദൗത്യം ഏറ്റെടുത്തു കൊണ്ട് ഇന്ത്യൻ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ മുൻകൈ ആഗോള ഫെമിനിസ്റ്റ് സമരചരിത്രങ്ങളുടെ വഴിയിലെ നിർണ്ണായക ഘട്ടമാണ്. ഇന്ത്യയിൽ നോക്കുകയാണെങ്കിൽ എല്ലാക്കാലത്തും പിതൃമേധാവിത്ത ഘടനയിൽ അഭിരമിച്ചിരുന്ന, അഭിരമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധമായ സാമൂഹ്യ ഘടനയിലെ വിപ്ലവകരമായ പൊളിച്ചെഴുത്തിന് ശേഷിയുള്ള ഒരു ഇടപെടൽ.

Click to Download Handbook

Comments