'മുല' എന്നു കേട്ടപ്പോൾ കുട്ടി ചിരിച്ച വഷളൻ ചിരിയുടെ ഉത്തരവാദി നമ്മളാണ്, പ്രത്യേകിച്ച് അധ്യാപകർ

സെക്‌സ് എന്നും ജെൻഡർ എന്നും പറയുമ്പോൾ മാനങ്ങൾ വ്യത്യസ്തമാണ്; ആദ്യത്തേത് ജീവശാസ്ത്രപരവും രണ്ടാമത്തേത് സാംസ്‌കാരികവും. എന്നാൽ മലയാളത്തിലേയ്ക്ക് മാറുമ്പോൾ സെക്‌സ്, ജെൻഡർ എന്നീ രണ്ടു വാക്കുകളും മിക്കവാറും ലിംഗം തന്നെയായി ചുരുങ്ങുന്നു. ഈയൊരു ഭാഷാപരവും സാമൂഹികവുമായ ചുറ്റുപാടിൽനിന്നുകൊണ്ട് വിശാലമായ അർത്ഥത്തിൽ ചിന്തിയ്ക്കുമ്പോൾ സെക്‌സ് എജ്യുക്കേഷൻ ആണോ അതോ ജെൻഡർ എജ്യുക്കേഷൻ ആണോ നമ്മുടെ നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ അഭികാമ്യമായ പ്രയോഗവും രീതിയുമെന്ന് പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്.

ടയ്ക്കിടെ ഉയർന്നുവരുന്ന അപൂർവ്വം ചില പരാമർശങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കി അപ്രത്യക്ഷമാവുന്ന വിചിത്രമായ ഒരു പ്രതിഭാസം മാത്രമാണ് പലപ്പോഴും കേരളത്തിലെ (ഇന്ത്യയിലെ തന്നെയും) ലൈംഗിക വിദ്യാഭ്യാസചർച്ചകൾ. പുതിയ എന്തോ കൊണ്ടുവരാൻ പോകുന്നു എന്ന് വർഷങ്ങളായി നമ്മൾ നമ്മളോട് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ സാരം ഇതുവരെ അതിവിടെ നമുക്കിടയിലില്ല എന്നതാവുമോ?
നിലവിൽ ലൈംഗികവിദ്യാഭ്യാസമില്ലാത്ത ഒരു ജനതയാണ് ഇവിടെയുള്ളത് എന്നാവുമോ അതിനർത്ഥം? ചില വിദേശങ്ങളിലെങ്കിലും വളരെ ശാസ്ത്രീയമായി, ലിംഗപരമായ ഓറിയന്റേഷൻ, ലൈംഗിക ആരോഗ്യം, അവകാശം എന്നീ കാര്യങ്ങളിൽ ഊന്നൽ കൊടുത്തുകൊണ്ട് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതികളുടെ ഭാഗമാക്കി നടപ്പാക്കുന്നുണ്ട്.

ജർമനി പോലുള്ള രാജ്യങ്ങളിൽ ആരോഗ്യപ്രവർത്തകരെയും മനശാസ്ത്രജ്ഞരേയും പങ്കാളികളാക്കി നിരന്തരം ഘട്ടം ഘട്ടമായി നടത്തിവരുന്ന വിദ്യാഭ്യാസപദ്ധതികൾ നിലനിൽക്കുമ്പോൾ നമുക്കത് സാധാരണ ഒരൊറ്റ ക്ലാസുകൊണ്ട് തീരുന്ന പ്രഹസനമാണ്. ലൈംഗിക കുറ്റകൃത്യങ്ങൾ, ലൈംഗികാസമത്വം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പ്രശ്‌നങ്ങൾ, ലിംഗനീതിയുടെ വിഷയങ്ങൾ, ഉഭയസമ്മതപ്രക്രിയയിൽ (consent) വ്യക്തതയില്ലായ്മ എന്നീ ചില സുപ്രധാന കാര്യങ്ങളിലാണ് ഇവിടെ ലൈംഗിക വിദ്യാഭ്യാസത്തിന് പ്രസക്തിയുള്ളത്. വർധിച്ചുവരുന്ന ലൈംഗികാക്രമണ- സ്ത്രീപീഡന - സ്ത്രീധന- കൊലപാതക കേസുകൾ ഇനിയെങ്കിലും ആവർത്തിക്കാതിരിയ്ക്കണമെങ്കിൽ ലൈംഗികതയെ സംബന്ധിച്ച സൂക്ഷ്മമായ അവബോധം രൂപപ്പെടുത്തേണ്ടതുണ്ട്. അതിനുതകുന്ന
തരത്തിൽ കാര്യക്ഷമമായ ലൈംഗിക വിദ്യാഭ്യാസം സാർവത്രികമായി നടപ്പാക്കുക എന്ന അർത്ഥത്തിലാണ് പ്രസ്തുത പദ്ധതി നടപ്പിൽ വരുന്നതെങ്കിൽ ഇവിടെ അത് സ്വാഗതാർഹം തന്നെയാണ്.

പക്ഷേ ഇവിടെയൊരു ചോദ്യമുണ്ട്. നിലവിലെ പാഠ്യപദ്ധതിയിലോ സിലബസിലോ ലൈംഗിക വിദ്യാഭ്യാസം പ്രദാനം ചെയ്യാനുതകുന്ന യാതൊന്നും ഉൾക്കൊള്ളിച്ചിട്ടില്ല എന്ന് പൂർണമായും പറയാൻ കഴിയുമോ? ഭാഷയും സാഹിത്യവും സാമൂഹ്യശാസ്ത്രവും ജീവശാസ്ത്രവും കായികപഠനവുമൊക്കെ നിലവിൽ ഇത്തരം ആഖ്യാനങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്ന് തീർത്തുപറയാൻ കഴിയില്ലല്ലോ. അങ്ങനെയെങ്കിൽ വിവാദങ്ങൾക്കിടയിൽ നിന്നുകൊണ്ട് വളരെ പുതിയൊരു സമ്പ്രദായം അവതരിപ്പിയ്ക്കുന്നതിന് കാലാകാലങ്ങളായി ഇങ്ങനെ ഫലമില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണോ അതോ പകരം നിലവിലെ പാഠ്യ, അധ്യാപനസംവിധാനത്തിൽ ഒരു പൊളിച്ചെഴുത്താകുമോ ഉചിതം?

മതിയായ ഉള്ളടക്കമുള്ള ബോധന പ്രക്രിയയും അതിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുമുള്ള ചുറ്റുപാടിൽ തന്നെയാണ് കുട്ടികൾ പഠിയ്ക്കുന്നതെങ്കിലും എത്രമാത്രം ലൈംഗിക വിദ്യാഭ്യാസം അവർക്ക് സ്വായത്തമാക്കാൻ കഴിയുന്നുണ്ട് എന്ന ആവലാതി പ്രസക്തമല്ലേ?

"ലൈംഗികം' എന്ന വാക്കിന്റെ പൊതുവായ അർത്ഥം ലിംഗവുമായി ബന്ധപ്പെട്ടത് അഥവാ ലിംഗത്തെ സംബന്ധിച്ചത് എന്നൊക്കെയാണല്ലോ. പക്ഷേ എന്താണ് ഈ "ലിംഗം' എന്നതുകൊണ്ട് "ലൈംഗികവിദ്യാഭ്യാസ'മെന്ന ആശയത്തിൽ ഇവിടെ വിവക്ഷിയ്ക്കുന്നത്, അല്ലെങ്കിൽ വിവക്ഷിക്കപ്പെടേണ്ടത് എന്നത് അനിവാര്യമായ ആലോചനകൾക്ക് വിധേയമാവേണ്ടതാണ്. ഇംഗ്ലീഷിൽ സെക്‌സ് എന്നും ജെൻഡർ എന്നും പറയുമ്പോൾ മാനങ്ങൾ വ്യത്യസ്തമാണ്; ആദ്യത്തേത് ജീവശാസ്ത്രപരവും രണ്ടാമത്തേത് സാംസ്‌കാരികവും. എന്നാൽ മലയാളത്തിലേയ്ക്ക് മാറുമ്പോൾ സെക്‌സ്, ജെൻഡർ എന്നീ രണ്ടു വാക്കുകളും മിക്കവാറും ലിംഗം തന്നെയായി ചുരുങ്ങുന്നു. ഈയൊരു ഭാഷാപരവും സാമൂഹികവുമായ ചുറ്റുപാടിൽനിന്നുകൊണ്ട് വിശാലമായ അർത്ഥത്തിൽ ചിന്തിയ്ക്കുമ്പോൾ സെക്‌സ് എജ്യുക്കേഷൻ ആണോ അതോ ജെൻഡർ എജ്യുക്കേഷൻ ആണോ നമ്മുടെ നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ അഭികാമ്യമായ പ്രയോഗവും രീതിയുമെന്ന് പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്.

സ്‌കൂൾ തലം മുതൽ സെക്‌സ്, ജെൻഡർ എന്നീ സംജ്ഞകളിലൂടെ തീർച്ചയായും വിദ്യാർത്ഥികൾ കടന്നുപോവുന്ന തരത്തിലുള്ള പാഠ്യപദ്ധതിയുണ്ടാക്കുന്നതിന്റെ കൂടെ സയൻസിന്റെയും ഫിസിക്കൽ എഡ്യുക്കേഷന്റെയും അധ്യാപകർ മുതൽ ഭാഷയും സാമൂഹ്യപഠനവും കൈകാര്യം ചെയ്യുന്ന അധ്യാപകർ വരെ നിരന്തരം ക്രിയാത്മകവും പുരോഗമനപരവുമായി ഇടപെടേണ്ട വലിയൊരു പ്രക്രിയയും കൂടിയാണ് ഈ അർത്ഥത്തിൽ ലൈംഗിക വിദ്യാഭ്യാസമെന്നത്. ഈ കമ്മ്യൂണിറ്റിയിലേയ്ക്ക് ഒരു കൗൺസലിങ് സൈക്കോളജിസ്റ്റിനെ കൂടി ഉൾപെടുത്താൻ കഴിഞ്ഞെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. ഓരോ സ്‌കൂളിനും ഒരു കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് എന്ന ഒരാശയം പ്രസക്തമാണെന്ന് തോന്നുന്നു. കോളജ് വിദ്യാഭ്യാസവകുപ്പ് കേരളത്തിലെ മുഴുവൻ സർക്കാർ ആർട്‌സ് & സയൻസ് കോളജുകളിലും കഴിഞ്ഞ രണ്ട് വർഷമായി "ജീവനി' എന്ന പദ്ധതിയിലൂടെ ഇത്തരമൊരു ഉദ്യമം ഏറ്റെടുത്തത് എടുത്തു പറയേണ്ടതാണ്.

പ്രത്യേകമായി സെക്‌സ് എജ്യുക്കേഷൻ എന്ന തലക്കെട്ടിൽ പഠിപ്പിക്കേണ്ടതല്ല യഥാർത്ഥത്തിൽ ഇത്തരം ജൈവികവും സാംസ്‌ക്കാരികവുമായ ചിന്തകൾ. സ്വന്തം ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സ്വാഭാവികമായി ഒരു കുട്ടിയ്ക്കുണ്ടാവുന്ന വ്യക്തിപരമായ ഉത്ക്കണ്ഠയോടൊപ്പം പ്രധാനമാണ് ലിംഗസംബന്ധമായി ആ കുട്ടി അഭിമുഖീകരിയ്ക്കുന്ന സാമൂഹികമായ മിത്തുകളും. ഇതിൽ നിന്നൊക്കെ സമർത്ഥമായി എങ്ങനെ മാറി നിന്ന് സ്വതന്ത്രമനുഷ്യരായി വളരാനുള്ള ആർജ്ജവം കാണിക്കണം എന്ന് ചിന്തിക്കേണ്ടത് ഏറെ ആവശ്യമാണ്.

സാഹിത്യകൃതികളിലെ ലൈംഗികത വരുന്ന ഭാഗങ്ങൾ "സ്‌ക്കിപ്പ്' ചെയ്യുന്ന പ്രവണത ഇന്നുമുണ്ട്. കിട്ടിയ അവസരം മുതലെടുത്ത് ഇക്കിളിപ്പെടുത്തി വഷളത്തരം പറയുന്ന വേറൊരു വിഭാഗമുണ്ട്. ഈ രണ്ടിന്റെയും ഇടയിൽ നിന്ന് ഒരു ടെക്സ്റ്റിന്റെ സൗന്ദര്യശാസ്ത്രം ഉൾക്കൊണ്ട് വായന നടത്താനും വ്യാഖ്യാനിക്കാനും വിമർശിക്കാനുമൊക്കെ എല്ലാ അധ്യാപകർക്കും കഴിയണം/ Photo: East India Comedy

സെക്‌സ് എജ്യുക്കേഷൻ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് നഗ്‌നതയും ലൈംഗികബന്ധവും പോൺ വീഡിയോയുമൊക്കെ സ്മരിക്കുന്ന (അങ്ങനെ മനഃപൂർവ്വം ചെയ്യുന്നതല്ല, ട്യൂൺ ചെയ്യപ്പെട്ടതാണ്) ഒരു പൊതുബോധമാണ് ഇവിടെ മുഖ്യധാരയിലുള്ളത്. കാര്യം വളരെ വ്യത്യസ്തമാണ്; മുൻപേ സൂചിപ്പിച്ചപോലെ രണ്ട് തരത്തിൽ ഇത് അവതരിപ്പിക്കാം. ഒന്നാമതായി ആൺ പെൺ ശാരീരിക സാഹചര്യങ്ങൾ, ലൈംഗികത, പ്രത്യുൽപാദനവ്യവസ്ഥ എന്നീ കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി അറിയുന്നത് കൂടുതലും ബയോളജിയിലൂടെ തന്നെയാവണം. സെക്‌സ് എന്ന ജൈവീകത എന്താണെന്ന് വ്യക്തമായ ധാരണ ഉണ്ടാക്കാൻ ഇത് സഹായിയ്ക്കും. പ്രത്യുല്പാദന വ്യവസ്ഥയുടെ പാഠഭാഗം ചർച്ച ചെയ്യാതെ പേജ്മറിച്ചിട്ട് കടന്നു പോകുന്ന / സൂചനകൾ മാത്രം കഷ്ടപ്പെട്ട് പറഞ്ഞ് പോകുന്ന ബയോളജി അധ്യാപകർ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രസ്തുത പ്രക്രിയ നടക്കില്ല എന്ന് മാത്രമല്ല, അത് വല്ലാത്ത ആശയക്കുഴപ്പങ്ങളും സുഷ്ടിയ്ക്കും. അതേ സമയം, രണ്ടാമതായി, ഭാഷയും സാഹിത്യവും സാമൂഹ്യശാസ്ത്രവും ജെൻഡർ എന്ന സാമൂഹിക നിർമ്മിതിയിലൂടെ എങ്ങനെ ഒരാൾ കടന്നുപോകണമെന്നുള്ള അവഗാഹം കുട്ടികൾക്ക് കൊടുക്കുന്ന തരത്തിലുള്ള പാഠങ്ങൾ (texts) ഉല്പാദിപ്പിച്ച് വിതരണം നടത്തിക്കൊണ്ടിരിക്കണം. നൃത്തവും സംഗീതവും വരയും അഭ്യസിപ്പിക്കുമ്പോൾ സൗന്ദര്യ ശാസ്ത്ര സംബന്ധമായ ചർച്ചകളിൽ ലൈംഗികതയും കടന്നു വരണമല്ലോ. ആൺ പെൺ സൗഹൃദം, ബന്ധങ്ങൾ, ഇടപെടലുകൾ എന്നിങ്ങനെ പല വിഷയങ്ങളും ആഴത്തിൽ പഠിയ്ക്കാനും ആണധികാരത്തിന്റെ പ്രശ്‌നങ്ങൾ, സാമൂഹികമായ കടമൾ, തെരഞ്ഞെടുപ്പുകൾ, അന്ധവിശ്വാസങ്ങൾ, വിവേചനങ്ങൾ എന്നിവ വിമർശനാത്മകമായി വിലയിരുത്താനും കുട്ടികൾ പാകപ്പെട്ടാൽ അതവരുടെ പ്രായോഗിക ജീവിതത്തിനും ബൗദ്ധികമായ വളർച്ചയ്ക്കും മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ തർക്കമില്ല.

സാഹിത്യകൃതികളിലെ ലൈംഗികത വരുന്ന ഭാഗങ്ങൾ "സ്‌ക്കിപ്പ്' ചെയ്യുന്ന പ്രവണത ഇന്നുമുണ്ട്. കിട്ടിയ അവസരം മുതലെടുത്ത് ഇക്കിളിപ്പെടുത്തി വഷളത്തരം പറയുന്ന വേറൊരു വിഭാഗമുണ്ട്. ഈ രണ്ടിന്റെയും ഇടയിൽ നിന്ന് ഒരു ടെക്സ്റ്റിന്റെ സൗന്ദര്യശാസ്ത്രം ഉൾക്കൊണ്ട് വായന നടത്താനും വ്യാഖ്യാനിക്കാനും വിമർശിക്കാനുമൊക്കെ എല്ലാ അധ്യാപകർക്കും കഴിഞ്ഞെങ്കിൽ എത്ര നന്നായേനെ. കമ്പ്യൂട്ടർ സയൻസ് അധ്യാപകർക്കും ചെയ്യാനുണ്ട് ഒരുപാട് കാര്യങ്ങൾ. വിവരസാങ്കേതികവിദ്യ ഒരുപാട് പുരോഗമിച്ച ഈ കാലത്ത് ഇന്റർനെറ്റിന്റെ സാധ്യതകളോടൊപ്പം സൈബർ ബന്ധങ്ങളുടെ രീതിശാസ്ത്രത്തെക്കുറിച്ച് സംസാരിയ്ക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും അവർക്കെങ്ങനെ ഒഴിഞ്ഞു മാറാൻ കഴിയും? ലൈംഗികാരോഗ്യത്തെപ്പറ്റി സംവദിയ്ക്കാതെ ഒരു കായികാധ്യാപകന് എങ്ങനെ ജോലി ചെയ്‌തെന്ന് പറയാൻ കഴിയും? ദൈനംദിന സാമൂഹികപ്രശ്‌നങ്ങളെ (പ്രത്യേകിച്ച് ലിംഗനീതിയ്ക്ക് നിരക്കാത്ത വാർത്തകളെ) അഭിസംബോധന ചെയ്ത് സംസാരിയ്ക്കാനും അതുവഴി സ്വന്തം വിഷയത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുപോകാനും ഏത് വിഷയം പഠിപ്പിയ്ക്കുന്ന അധ്യാപകർക്കും ശ്രദ്ധിയ്ക്കാമല്ലോ. വാണിജ്യം, ചരിത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങി എല്ലാ വൈജ്ഞാനിക മണ്ഡലങ്ങളിലേയ്ക്കും പ്രസ്തുത ചിന്തകളെ ബന്ധിപ്പിയ്ക്കാവുന്നതാണല്ലോ. ആർത്തവം, സ്വയംഭോഗം, ലൈംഗികാകർഷണം, ആസ്വാദനം, സുരക്ഷിതത്വം, ഗർഭധാരണം, ഗർഭനിരോധനം എന്നിങ്ങനെയുള്ള വിഷയങ്ങളിലെ പക്വത കലർന്ന തുറന്ന ചർച്ചകൾ കുട്ടികൾക്ക് ഒരു ആരോഗ്യകരമായ സമീപനം ഉണ്ടാക്കിയെടുക്കും. ഇത്തരം അപഗ്രഥനങ്ങൾ സിലബസിനപ്പുറത്തെ വിശാലമായ ഒരു ലോകത്തെ കുട്ടിയ്ക്ക് പരിചയപ്പെടുത്താൻ ഉപകാരപ്രദമാണ്. കണ്ണിൽ കാന്നുന്ന എന്തിനേയും സൂക്ഷ്മമായി പരിശോധിയ്ക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നത് വലിയൊരു ഉദ്യമമാണ്. മാനവികതയും സർഗാത്മകതയും ശാസ്ത്രീയ അവബോധവും വളർത്തിയെടുക്കുന്നതോടെ യാഥാസ്ഥിതികത്വം വിട്ടുമാറാൻ തുടങ്ങുകയും ഉല്പതിഷ്ണുക്കളായ വ്യക്തികൾ രൂപപ്പെടുകയും ചെയ്യുന്നു.

"നിരത്തിൽ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകൾ,
മുല ചപ്പി വലിക്കുന്നു,
നരവർഗനവാതിഥി'
എന്ന അക്കിത്തത്തിന്റെ പ്രസിദ്ധമായ വരികൾ ഒരു പ്ലസ്ടു ട്യൂഷൻ ക്‌ളാസിൽ വെച്ച് ചൊല്ലിയപ്പോൾ "മുല' യെന്ന വാക്ക് കേട്ട് അടുത്തിരിക്കുന്നവനെ തോണ്ടി കുണുങ്ങിചിരിച്ച ഒരു കുട്ടിയെ ഓർമ വരുന്നു. ആ വഷളൻ ചിരിയുടെ ഉത്തരവാദി നമ്മൾ ഓരോരുത്തരും തന്നെയാണ്, പ്രത്യേകിച്ച് അധ്യാപകർ.

ഉന്നതവിദ്യാഭ്യാസരംഗത്ത് ഒരുപക്ഷേ ഇക്കാര്യം അല്പം കൂടി എളുപ്പമാവും. സാമാന്യം പക്വതയെത്തിയ കുട്ടികളുമായി പല "ഇസ'ങ്ങളും ചർച്ച ചെയ്യുന്നത് വഴി ജെൻഡർ നിർമ്മിച്ചെടുക്കുന്ന ആൺ/പെൺ ദ്വന്ദങ്ങളുടെ സാമൂഹികപ്രസക്തിയെക്കുറിച്ച് അവബോധമുണ്ടാക്കാം, പല ടെക്​സ്​റ്റുകൾ പരിചയപ്പെടുത്താം. അവർക്ക് സിഗ്മണ്ട് ഫ്രോയിഡിനെയും സൈമൻ ദെ ബോവിയറെയും ഡെസ്മണ്ട് മോറിസിനേയും പരിചയപ്പെടുത്താം, തിയറികളിലൂടെ സഞ്ചരിക്കാം. ഇതൊക്കെ ലൈംഗിക വിദ്യാഭ്യാസം തന്നെയല്ലേ? സിലബസും ടെക്സ്റ്റുകളും സമ്പന്നമാണ്, അല്പം അന്തർവൈജ്ഞാനിക സമീപനം അധ്യാപകർക്കുണ്ടെങ്കിൽ സ്വാഭാവികമായും ലൈംഗികതയെന്ന സ്ഥിരം "വിലക്ക്'(taboo) ആരോഗ്യകരമായ അന്തരീക്ഷത്തിൽ വിഷയത്തോട് ചേർത്ത് വെച്ച് ചർച്ച ചെയ്യാവുന്നതേയുള്ളൂ. ഫെമിനിസത്തെക്കുറിച്ചും LGBT ആഖ്യാനങ്ങളെകുറിച്ചും പറയുമ്പോൾ, ആചാരങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, മീഡിയയെ വായിക്കുമ്പോൾ, എന്ന് വേണ്ടാ എന്തിലും ഏതിലും ലിംഗം എന്ന പ്രശ്‌നം കയറിവരുന്നുണ്ട്. വളരെ പരിമിതമായ സിലബസിനുള്ളിൽതന്നെ തുറന്നിടാൻ പറ്റിയ വലിയ ജാലകങ്ങൾ കാണാം; അതുവഴി വെളിച്ചം കയറിവരുമ്പോഴാണ് പരീക്ഷയല്ല, സർട്ടിഫിക്കറ്റുമല്ല, ജീവിതത്തെ അറിയാനുള്ള ശ്രമമാണ് മുഖ്യമെന്ന് കുറച്ച് പേരെങ്കിലും തിരിച്ചറിയുന്നത്. സമൂഹത്തോടും അധ്യാപകർ ഗവേഷണബുദ്ധിയോടെ ഇതുപോലുള്ള മൗലികമായ ആലോചനകൾ പങ്കുവെയ്ക്കണമെന്നാണല്ലോ പൊതുവെ പറയാറുള്ളത്. എങ്ങനെ നോക്കിയാലും പലതരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വിദ്യാലയങ്ങളിൽ / ക്യാമ്പസുകളിൽ കൃത്യതയുള്ള ലൈംഗികബോധ്യങ്ങൾക്കും ഇടമുണ്ട്. എന്നാൽ ജെന്റർ സ്റ്റഡീസ് പോലുള്ള വകുപ്പുകൾ നമ്മുടെ സർവകലാശാലകളുടെ ഭാഗമായി മാറിയ സാഹചര്യത്തിൽപോലും ക്യാമ്പസുകൾ സൃഷ്ടിച്ചെടുക്കുന്ന സ്വത്വരാഷ്ട്രീയവാദികളിൽ ലിംഗത്തെ മറികടന്ന് ചിന്തിയ്ക്കാൻ പറ്റിയവർ എത്ര പേർ കാണും? എണ്ണമെടുക്കാൻ വിരലുകൾ മതിയാവും.

സയൻസിന്റെയും ഫിസിക്കൽ എഡ്യുക്കേഷന്റെയും അധ്യാപകർ മുതൽ ഭാഷയും സാമൂഹ്യപഠനവും കൈകാര്യം ചെയ്യുന്ന അധ്യാപകർ വരെ നിരന്തരം ക്രിയാത്മകവും പുരോഗമനപരവുമായി ഇടപെടേണ്ട വലിയൊരു പ്രക്രിയയും കൂടിയാണ് ഈ അർത്ഥത്തിൽ ലൈംഗിക വിദ്യാഭ്യാസമെന്നത്

ജൈവികമായ വാസന (instinct) എന്ന നിലയിൽ ലൈംഗികത ഭൂരിപക്ഷം ശരീരങ്ങളിലും ദാഹവും വിശപ്പും പോലെ നിലനിൽക്കുന്നുണ്ട്; പൊതുബോധം കരുതുന്നത് പോലെ ഒരു പരിധിയിലേറെ അത് പരിപോഷിപ്പിക്കേണ്ടതില്ല, അതൊന്നുമല്ല വിദ്യാഭ്യാസ പ്രക്രിയയിൽ ചെയ്യുന്നതും. മറിച്ച് ലൈംഗികത സംബന്ധിച്ച ചെറുപ്പം മുതലേയുള്ള ചില ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്; പല ബോധ്യങ്ങളും വികൃതമാവാതെ സൂക്ഷിക്കണമെങ്കിൽ അക്കാദമികമായ ഇടപെടൽ നല്ലതുമാണ്. ഒരുപക്ഷേ ഇവിടെയാവും ലൈംഗികതയുടെ സാംസ്‌ക്കാരികതലത്തിന് പ്രസക്തിയേറുന്നത്. ഏറെ സങ്കീർണവും പ്രശ്‌നവൽകൃതവുമായ ഒരു കാലത്ത് ലിംഗം എങ്ങനെ തരംതിരിവിന്റെയും അരികുവൽക്കരണത്തിന്റെയും മർദ്ദനത്തിന്റെയും കൊലയുടെയുമൊക്കെ ഏജൻസി ഏറ്റെടുക്കുന്നു എന്ന രാഷ്ട്രീയമായ അറിവാണ് വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കേണ്ടത്; അതുകൊണ്ടുതന്നെ ജെൻഡർ എജുക്കേഷൻ എന്ന ഒരു വ്യത്യസ്തമായ പ്രയോഗവും ആശയവും ആവും കൂടുതൽ അഭികാമ്യം. ലൈംഗികതയും അതിന്റെ ഘടനയും പ്രവർത്തനങ്ങളും അറിയുക എന്ന പ്രാഥമികമായ അറിവിനപ്പുറം കാലികപ്രസക്തിയുളള ഇൻക്ലുസിവ് ആയ ഒരു ലൈംഗിക വീക്ഷണം വിതരണം ചെയ്യാൻ പാഠ്യപദ്ധതികൾക്കും അധ്യാപനത്തിനും കഴിഞ്ഞാൽ അത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വലിയൊരു വിജയമായിരിയ്ക്കും. ലൈംഗികതയെ "മറ്റേത്', "മസാല' എന്നീ ഓമനപ്പേരുകളിൽ തമാശ പറയാനും പരിഹസിയ്ക്കാനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി പൊതുവേ സ്‌കൂൾ/കോളജ് ക്യാമ്പസുകളിൽ പരിഗണിയ്ക്കുന്നതിന് പകരം വൈജ്ഞാനികവും ക്രിയാത്മകവുമായ ഒരു വ്യവഹാരമായി അതിനെ രൂപാന്തരപ്പെടുത്തണം.

ലൈംഗിക വിദ്യാഭ്യാസം ഒരു കൂട്ടുത്തരവാദിത്തം കൂടിയാണ്. അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നാവരുത്. കുടുംബം, സമൂഹം, തൊഴിലിടങ്ങൾ, മാധ്യമങ്ങൾ, സർക്കാർ സംവിധാനങ്ങൾ, പൊതുമണ്ഡലങ്ങൾ എല്ലാം ഒരുപോലെ പിന്തുണയ്‌ക്കേണ്ട ഒരു സാംസ്‌ക്കാരിക ഉദ്യമമാണിത്; അതുകൊണ്ടുതന്നെ "പൊളിറ്റിക്കൽ കറക്റ്റ്‌നസി'ന്റെ ഒരു നീണ്ട നിര തന്നെ ഇക്കാര്യത്തിന് വേണ്ടിവരും, അതെങ്ങനെ സാധ്യമാകും എന്നതാണ് ഭരണകൂടം ചിന്തിക്കേണ്ടത്. കൂട്ടത്തിൽ ശരീരസംബന്ധമായ, ലൈംഗികാരോഗ്യപരമായ ചർച്ചകളെ എതിർക്കുന്ന യാഥാസ്ഥിതിക, മതമൗലികവാദികളെയും ശ്രദ്ധിക്കേണ്ടി വരും. കൂടുതൽ ഉത്തരവാദിത്തമുള്ള, ആരോഗ്യകരമായ ലൈംഗിക ധാരണകളിലേയ്ക്ക് കുട്ടികളെ എത്തിയ്ക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന ഉറച്ച ബോധ്യമുണ്ടെങ്കിൽ സധൈര്യം ആ ലക്ഷ്യം എവിടെയും പ്രഖ്യാപിയ്ക്കാം. മാറിയ നവമാധ്യമ സാഹചര്യത്തിൽ വളരെയെളുപ്പം ലഭ്യമാകുന്ന വികലമായ അറിവുകൾ കൗമാരക്കാരിലുണ്ടാക്കുന്ന അപകടങ്ങളെ തടയാൻ ഇതു തന്നെയാണ് മാർഗം എന്നിരിക്കേ ഇത്തരം ചർച്ചകൾ എങ്ങനെ അധ്യാപനത്തിൽ ഔചിത്യത്തോടെ ഉൾക്കൊള്ളിക്കാം എന്ന വെല്ലുവിളിയും നിലനിൽക്കുന്നു.

ജെന്റർ എഡ്യുക്കേഷൻ എന്നൊരു പുതിയ ആശയം കൂടുതൽ ഇൻക്ലൂസീവ് ആയിരിക്കും; കാരണം അത് മർദ്ദിതരുടെ വീക്ഷണത്തെ ഉൾക്കൊള്ളുന്ന ബോധനശാസ്ത്രത്തെ സ്വാംശീകരിയ്ക്കും. ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയർ അഭിപ്രായപ്പെടുന്നതുപോലെ അധ്യാപനം ഒരു ബാങ്കിങ് സംവിധാനം പോലെ പ്രവർത്തിയ്ക്കുകയും അധ്യാപകർ വെറും "നിക്ഷേപകർ' ആയി മാറുകയും ചെയ്യുന്ന ബോധന പ്രക്രിയ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല. ഇപ്പോൾ നടക്കുന്നതിനേക്കാൾ ചർച്ചകൾ നടക്കട്ടെ, അതിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാർത്ഥികളുമായി സംവദിയ്ക്കട്ടെ, അവരോക്കെയും കുട്ടികൾ തന്നെയും അധ്യാപനത്തിലേർപ്പെടുമ്പോൾ ലൈംഗിക വിജ്ഞാനം മാത്രമല്ല, ഒരു വിഷയവും മാറ്റിനിർത്തപ്പെടുത്തുക സാധ്യമല്ല.

Comments