ലൈംഗികാക്രമണ പരാതി: സ്‌കൂൾ ഓഫ് ഡ്രാമ അധ്യാപകൻ എസ്. സുനിൽ കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാർഥികൾ

അധ്യാപകന്റെ തുടർച്ചയായുള്ള ഫോൺകോളുകളും മെസേജുകളും കോളേജിലെ ഇയാളുടെ സാമീപ്യവും മാനസികസമ്മർദത്തിലാക്കിയപ്പോഴാണ് വിദ്യാർഥിനി ഫെബ്രുവരി 13-ന് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനിയെ ഈ അധ്യാപകൻ അവിടെ ചെന്നും മാനസികമായി സമ്മർദത്തിലാക്കി. വിദ്യാർഥിനിയുടെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്തുക്കളോട് 'അവൾക്ക് മാനസികപ്രശ്‌നമാണെന്നും അതിനാൽ പലതും പറയാൻ സാധ്യതയുണ്ടെന്നും' പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയുമാണ് അയാൾ ചെയ്തത്.

ധ്യാപകനിൽനിന്ന് ലൈംഗികാക്രമണം ഏൽക്കേണ്ടിവരികയും മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കാനാവാതെ ഒടുവിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സഹപാഠിയ്ക്ക് നീതി തേടി സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർഥികൾ നടത്തുന്ന സമരം മൂന്ന് ദിവസം പിന്നിടുന്നു. കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ സെന്ററിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാക്രമണം നടത്തിയ അധ്യാപകൻ ഡോ. എസ്. സുനിൽ കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. സുനിൽ കുമാറിനെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.

ഫെബ്രുവരി 25-നാണ് സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. നാടകം പഠിക്കാനെത്തിയ ഈ കുട്ടികൾ അധ്യാപകരുടെയും പൊലീസിന്റെയും സദാചാര നാടകങ്ങളിൽ സഹികെട്ടാണ് സമരരംഗത്തിറങ്ങിയത്. ഡ്രാമ വിഭാഗത്തിലെ പെൺകുട്ടികൾക്ക് മാത്രമായി മീറ്റിങ് വിളിക്കുകയും ഓരോരുത്തരെയായി വിളിച്ച് സദാചാരപ്രസംഗം നടത്തുകയും ചെയ്തതാണ് ഇപ്പോൾ സമരത്തിലേയ്ക്ക് നയിച്ചത്. മീറ്റിങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തോടെയാണ് ഡിപ്പാർട്ട്‌മെന്റിലെ മുഴുവൻ വിദ്യാർഥികളും അതിനേക്കാൾ ഗുരുതരമായ മറ്റ് പ്രശ്‌നങ്ങൾ അറിയുന്നതും ശക്തമായി പ്രതിഷേധിക്കാൻ തീരുമാനിക്കുന്നതും.

മുൻപ് ഒരിക്കൽ പരാതി പറഞ്ഞപ്പോൾ അധ്യാപകർ സ്വീകരിച്ച മനോഭാവം കാരണം വിദ്യാർഥിനിയ്ക്ക് താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥ തുറന്നുപറയാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിളെ മാത്രമായി മീറ്റിങ്ങിന് വിളിച്ചത് ചോദ്യം ചെയ്യുന്നതിനിടെ ഈ വിദ്യാർഥിനി തന്റെ പരാതി തുറന്നുപറയുകയായിരുന്നു. മലയാളം തിയേറ്റർ ഹിസ്റ്ററി ക്ലാസെടുക്കാൻ വന്ന രാജാ വാര്യർ എന്ന കേരള യൂണിവേഴ്‌സിറ്റിയിലെ അധ്യാപകൻ ക്ലാസിൽ വെച്ച് ശാരീകാതിക്രമം നടത്തിയതിനെക്കുറിച്ച് നവംബറിൽ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതും അവർ ചോദ്യംചെയ്തു.

ക്യാമ്പസിൽ സമരം തുടരുന്ന സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ

രാജാ വാര്യരെക്കുറിച്ച് പരാതി പറഞ്ഞതിനുശേഷം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അധ്യാപകൻ ഡോ. എസ്. സുനിൽ കുമാർ താനുമായി സൗഹൃദം വളർത്തുകയും പിന്നീട് സൗഹൃദത്തെ ദുരുപയോഗം ചെയ്യാൻ തുടങ്ങുകയുമായിരുന്നെന്ന് വിദ്യാർഥിനി പറയുന്നു. മദ്യപിച്ചും അല്ലാതെയും ഫോൺ ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ ആരോടെങ്കിലും പറഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സുനിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അധ്യാപകർ ചിരിച്ചുതള്ളുകയാണ് ആദ്യം ചെയ്തതെന്നും വിദ്യാർഥിനി പറയുന്നു. മാത്രമല്ല, എന്തുകൊണ്ടാണ് ഇത്രകാലം തുറന്നുപറയാതിരുന്നത് ചോദിച്ച് അധ്യാപികയും ഹോസ്റ്റൽ വാർഡനുമായ നജ്മുൽ ഷാഹി തന്നെ കുറ്റപ്പെടുത്തിയതായും വിദ്യാർഥിനി പറഞ്ഞു.

ലൈംഗികാക്രമണം, ഭീഷണി

ശാരീകമായി ആക്രമിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തശേഷം, "എനിയ്ക്ക് നിന്നോടുള്ള പ്രണയത്തിന്റെ പുറത്ത് ചെയ്താണെന്ന്' പറഞ്ഞ് തന്റെ പ്രവൃത്തികളെ ന്യായീകരിക്കുകയാണ് സുനിൽ കുമാർ ചെയ്തത്. എന്നാൽ യാതൊരു തരത്തിലുള്ള ബന്ധത്തിനും തയ്യാറല്ലെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടും സുനിൽ കുമാർ തുടർച്ചയായി ഫോൺ വിളിക്കുകയും ആരോടെങ്കിലും പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ അധ്യാപകന്റെ തുടർച്ചയായുള്ള ഫോൺകോളുകളും മെസേജുകളും കോളേജിലെ ഇയാളുടെ സാമീപ്യവും വിദ്യാർഥിനിയെ മാനസികസമ്മർദത്തിലാക്കി. ഈ സാഹചര്യത്തിലാണ് വിദ്യാർഥിനി ഫെബ്രുവരി 13-ന് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനിയെ ഈ അധ്യാപകൻ അവിടെ ചെന്നും മാനസികമായി സമ്മർദത്തിലാക്കി. വിദ്യാർഥിനിയുടെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്തുക്കളോട് "അവൾക്ക് മാനസികപ്രശ്‌നമാണെന്നും അതിനാൽ പലതും പറയാൻ സാധ്യതയുണ്ടെന്നും' പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയുമാണ് അയാൾ ചെയ്തത്.

ഏകപക്ഷീമായ രീതിയിലാണ് രാജാ വാര്യരുടെ ക്ലാസ് പൊതുവെ പൊയ്‌ക്കൊണ്ടിരുന്നതെന്നും തുടക്കത്തിൽ ചിലരൊക്കെ ചില പ്രതികരണങ്ങൾ നടത്തിയിരുന്നെന്നും അക്കൂട്ടത്തിൽപെട്ടയാളായിരുന്നു താനെന്നും പരാതിക്കാരിയായ വിദ്യാർഥിനി പറഞ്ഞു. ""ഒരു പെൺകുട്ടി ക്ലാസിൽ സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ "ടച്ചിങ് സെൻസേഷനെ'പ്പറ്റി സംസാരിക്കുന്നതിനിടെ അദ്ദേഹം എന്റെ കൈയിൽ അടിച്ചുകൊണ്ട് "വേദനയെടുത്തോ' എന്ന് ചോദിച്ചു. എന്തിനാണ് നിങ്ങൾ എന്നെ അടിച്ചതെന്ന് ചോദിച്ചപ്പോൾ ടച്ചിങ് സെൻസേഷനെപ്പറ്റി സംസാരിക്കുകയാണല്ലോ അപ്പോൾ ടച്ചിങ്ങിനെപ്പറി പറയാനാണ് അടിച്ചതെന്നായിരുന്നു മറുപടി.

ഈ സംഭവത്തെക്കുറിച്ച് ഞാൻ എച്ച്.ഒ.ഡി.യോടും വാർഡനോടും ഇവിടത്തെ മറ്റ് അധ്യാപകരോടും പറഞ്ഞതാണ്. ആരും ഒരു നടപടിയുമെടുത്തില്ലെന്ന് മാത്രമല്ല, എന്നെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്.''- വിദ്യാർഥിനി പറയുന്നു. എച്ച്.ഒ.ഡി. വിനോദ് വി. നാരായണനും ഡീൻ ഡോ. എസ്. സുനിൽ കുമാറും രാജാ വാര്യരും വളരെയടുത്ത സുഹൃത്തുക്കളാണെന്നും അവരുടെ കള്ളുകുടി ചർച്ചയിലെ വിഷയമായിരുന്നു തന്നെ അടിച്ച കാര്യമെന്നും ഡോ. എസ്. സുനിൽ പിന്നീട് സൗഹൃദസംഭാഷണത്തിനിടയിൽ തന്നോട് പറഞ്ഞതായും വിദ്യാർഥിനി പറയുന്നു.

സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ സമരത്തിനായി പോസ്റ്ററുകൾ തയ്യാറാക്കുന്നു

ഡോ. എസ്. സുനിലിനെതിരെയും രാജാ വാര്യർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്നതാണ് വിദ്യാർഥികളുടെ ആവശ്യം. മാപ്പുപറച്ചിലിലോ കോളേജിനകത്ത് മാത്രമൊതുങ്ങുന്ന പ്രശ്‌നമായോ ഇത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കുന്നു.

12 വർഷമായി സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായ സുനിൽ കുമാറിനെതിരെ ഇപ്പോൾ നേരത്തെ ഇവിടെ പഠിച്ചുപോയ ഒട്ടേറെ വിദ്യാർഥിനികൾ പരാതികൾ ഉന്നയിക്കുന്നുണ്ട്. ഈ അധ്യാപകൻ പൊതുവെ പെൺകുട്ടികളോട് മോശമായി പെരുമാറുകയും ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ചെയ്യുന്നയാളാണെന്നും മാർക്ക് കുറയ്ക്കുമെന്നും കോഴ്‌സ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടാകുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി എല്ലാവരെയും നിശബ്ദരാക്കുകയാണെന്നുമാണ് പറയുന്നത്. ഇപ്പോൾ ഈയൊരു പെൺകുട്ടി ധൈര്യപൂർവം തുറന്നുപറയാനും നിയമത്തിന്റെ വഴി തേടാനും തീരുമാനിച്ചതാണ് ഇതെല്ലാം പുറത്തുവരാൻ കാരണം. മദ്യപിച്ച് വരുന്നയാളൊക്കെ ആണെങ്കിലും വിദ്യാർഥികളെ ലൈംഗികമായി ആക്രമിക്കുന്നയാളാണെന്ന് കരുതിയിരുന്നില്ലെന്നാണ് മറ്റ് അധ്യാപകർ പറയുന്നത്. പെൺകുട്ടിയുടെ പരാതി കിട്ടിയതിനുശേഷം വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്‌സിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയും അധ്യാപകനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഡോ. സുനിലിന്റെ ഭാഗത്തുനിന്ന് മുമ്പും എത്രയോ പെൺകുട്ടികൾക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. ലൈംഗികച്ചുവയോടെ സംസാരിക്കുകയും മദ്യപിച്ച് ഫോൺ വിളിക്കുകയും ചെയ്യുന്നത് പതിവാണെന്ന് ഒട്ടേറെപ്പേർ പറയുന്നുണ്ട്. വിദ്യാർഥിനികളുമായുള്ള ലൈംഗികബന്ധം ഇയാളുടെ ഫാന്റസിയാണെന്ന് പറഞ്ഞതിന്റെ ഫോൺ കോൾ റെക്കോർഡ് ഉണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

സമരത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ

സമരത്തിലേയ്ക്ക് നീങ്ങാനുണ്ടായ സാഹചര്യങ്ങൾ വിദ്യാർഥിനികൾ വിശദമായി ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു. കുറച്ചു ദിവസം മുമ്പ് ഡ്രാമ ഡിപ്പാർട്ട്‌മെന്റിലെ പെൺകുട്ടികളെ മാത്രമായി അധ്യാപകർ ഒരു മീറ്റിങ് ഉണ്ടെന്ന് പറഞ്ഞു വിളിപ്പിച്ചു. വകുപ്പ് അധ്യക്ഷൻ വിനോദ് വി. നാരായണൻ, ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപിക നജ്മുൽ ഷാഹി, അധ്യാപകരായ സുരഭി, വിപിൻ എന്നിവരുമാണുണ്ടായിരുന്നത്. വിദ്യാർഥിനികൾ മീറ്റിങ്ങിനായി മുറിയിലേയ്ക്ക് കയാറാൻ തുടങ്ങിയപ്പോൾ അവരെ തടഞ്ഞുകൊണ്ട് അധ്യാപകർ പറഞ്ഞത്, ഓരോരുത്തരെയായി വിളിക്കാമെന്നാണ്. മീറ്റിങ് എന്തിനാണെന്നും ഒറ്റയ്‌ക്കൊറ്റയ്ക്ക് വരാൻ പറയുന്നതെന്തിനാണെന്നും കുട്ടികൾക്ക് മനസ്സിലായില്ല. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ അവർക്ക് ലഭിച്ച മറുപടി, ഇതൊരു അന്വേഷണമാണെന്നും പെൺകുട്ടികൾക്കെതിരെ കുറച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നുമാണ്. കുറ്റക്കാർക്ക് മെമ്മോ കൊടുക്കുമെന്നും അധ്യാപകർ പറഞ്ഞു. എന്നാൽ എന്ത് പ്രശ്‌നമാണ് ഉണ്ടായതെന്നോ എന്തിന്റെ അന്വേഷണമാണ് നടക്കുന്നതെന്നോ തങ്ങൾക്ക് മനസ്സിലായില്ലെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഇത് അനൗദ്യോഗിക അന്വേഷണമാണെന്നാണ് അധ്യാപകർ പറഞ്ഞത്.

അധ്യാപകർ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടോ മൂന്നോ വിദ്യാർഥിനികൾക്ക് അകത്ത് കയറേണ്ടിവരികയും അവർ അതിഭീകരമായ സാദാചാര പൊലീസിങ് അനുഭവിക്കേണ്ടിവരികയും ചെയ്തു. 15 മിനിറ്റോളമാണ് ഓരോ കുട്ടിയ്ക്കും അധ്യാപകരുടെ ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും സഹിക്കേണ്ടിവന്നത്.
ഇത് വിദ്യാർഥികൾ വളരെ ഗുരുതരമായ പ്രശ്‌നമായെടുക്കുകയും സമരം ആരംഭിക്കുകയുമായിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള സദാചാര പൊലീസിങ് ഇതാദ്യമായല്ല നേരിടുന്നതെന്നും ക്യാമ്പസിൽ അത് പതിവാണെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. പഠനത്തിന്റെ ഭാഗമായി തിയേറ്ററിൽ കുറച്ചധികം സമയം ചെലവഴിക്കാൻ അനുമതി ചോദിക്കുന്നതിനെയടക്കം തെറ്റായ രീതിയിലാണ് അധ്യാപകർ വ്യാഖ്യാനിക്കുന്നത്. ഇവിടത്തെ പെൺകുട്ടികൾ മോശപ്പെട്ട കാര്യങ്ങൾക്കായാണ് പോകുന്നത് എന്ന തരത്തിലൊക്കെയുള്ള കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും നിരന്തരം കേൾക്കുന്നതാണ്.

ലിംഗവിവേചനം, സദാചാര പൊലീസിങ്

ഒരേ കോഴ്‌സ് പഠിക്കാൻ വന്നവരിൽ പെൺകുട്ടികളെ മാത്രം എപ്പോഴും അടിച്ചമർത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണ് എപ്പോഴും ഉണ്ടാകുന്നത്. പരാതികളൊക്കെ അവഗണിക്കുന്ന രീതിയാണ് എച്ച്.ഒ.ഡി. വിനോദ് വി. നാരായണന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകുന്നതെന്നും വിദ്യാർഥിനികൾ പറയുന്നു. കടുത്ത ലിംഗവിവേചനമാണ് ഇവിടെ പെൺകുട്ടികൾ നേരിടുന്നത്.

വിദ്യാർഥികൾ ക്യാമ്പസിൽ പതിച്ച പോസ്റ്ററുകളിലൊന്ന്‌

രണ്ടാംവർഷ വിദ്യാർഥിനികൾ ഹോസ്റ്റൽ വാർഡനോട് മോശമായി പെരുമാറിയെന്നതായിരുന്നു വിദ്യാർഥിനികൾക്കെതിരായ ഒരു പരാതി. വിദ്യാർഥിനികൾ വാർഡനോട് ശബ്ദമുയർത്തി സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. എന്നാൽ പഠനത്തിന്റെ ഭാഗമായി മോണോലോഗിന് വേണ്ടി പ്രാക്ടീസിനായി പുറത്തുപോകാൻ അനുമതി ചോദിച്ചപ്പോൾ, എന്തുകൊണ്ട് ഹോസ്റ്റലിൽ കയറിയില്ല എന്ന രീതിയിൽ ചോദിക്കുകയാണുണ്ടായതെന്നും മറുത്തൊന്നും പറയാൻ പറ്റാത്ത രീതിയിലുള്ള ഏകാധിപത്യമാണോ ഇവിടെയെന്ന് ചോദിക്കുകയാണ് ചെയ്തതെന്നുമാണ് വിദ്യാർഥിനികൾ പറയുന്നത്. കുട്ടികളുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതുകൊണ്ടാണ് ഇത്തരത്തിൽ ചോദ്യംചെയ്യേണ്ടിവരുന്നതെന്നാണ് അധ്യാപകർ വ്യക്തമാക്കിയത്.

അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള മോശം പെരുമാറ്റങ്ങൾക്ക് ആദ്യം പരിഹാരമുണ്ടാക്കൂ അതിനുശേഷം മതി കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യംചെയ്യൽ എന്ന് വിദ്യാർഥിനികൾ പറഞ്ഞു. വിദ്യാർഥിനികൾ പഠനത്തിന്റെ ഭാഗമായുള്ള നാടക പരിശീലനത്തിനും മറ്റും പുറത്തിറങ്ങുന്നതുപോലും മറ്റെന്തോ കാര്യത്തിനാണെന്നും കണ്ടാലറയ്ക്കുന്ന കര്യങ്ങളാണ് ചെയ്യുന്നതെന്നുമാണ് അധ്യാപകരുടെ കുറ്റപ്പെടുത്തൽ. കണ്ടാലറയ്ക്കുന്ന കാര്യങ്ങൾ എന്താണെന്ന വിദ്യാർഥിനികളുടെ ചോദ്യത്തിന് പക്ഷെ അധ്യാപകർക്കാർക്കും വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
ഡ്രാമയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യുന്ന കുട്ടികൾക്ക് മറ്റു പല കോഴ്‌സുകളെയും പോലെ ക്ലാസ് മുറിയ്ക്കകത്തിരുന്ന് മാത്രമുള്ള പഠനം സാധ്യമല്ല. നാടക പരിശീലനവും പ്രൊജക്റ്റ് വർക്കുകളുമൊക്കെയായി പലപ്പോഴും പുറത്തിറങ്ങേണ്ടിവരും. ഹോസ്റ്റലിലെ സമയപരിധിയിലെ കടുംപിടിത്തം അവർക്ക് ചിലപ്പോൾ പാലിക്കാൻ പറ്റിയെന്ന് വരില്ല.

പ്രൊജക്റ്റുകൾ ചെയ്യാൻ എല്ലാവർക്കും ഒരേ സമയമാണ് അനുവദിക്കുന്നത്. ആൺകുട്ടികൾക്ക് ഏത് സമയത്ത് ക്യാമ്പസിലിറങ്ങാനും വർക്ക് ചെയ്യാനും സാധിക്കുമ്പോൾ പെൺകുട്ടികൾക്ക് അതിനുള്ള അവസരമില്ല. അനുമതി ചോദിക്കുമ്പോൾ സദാചാരപ്രസംഗമാണ് കേൾക്കേണ്ടിവരുന്നത്. ഈ ചർച്ചകൾക്കിടെയാണ് ബിരുദ വിഭാഗത്തിലെ വിദ്യാർഥിനി, അധ്യാപകനിൽ നിന്ന് താൻ നേരിട്ട ദുരനുഭവത്തിനെതിരെ മൂന്നുമാസം മുമ്പ് കൊടുത്ത പരാതിയിൽ നടപടിയെടുക്കാത്തത് ചോദ്യംചെയ്തത്.

ആരോപണവിധേയനായ അധ്യാപകനെ അവധിയിൽ പ്രവേശിപ്പിച്ച് മാറ്റിനിർത്തിയാൽ പോരേ എന്നാണ് ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയോട് വകുപ്പ് അധ്യക്ഷൻ ചോദിച്ചതെന്ന് ബിരുദാനന്തര ബിരുദ വിദ്യാർഥി സുബിൻ പറയുന്നു. ""ഒരു അധ്യാപകൻ ക്ലാസിൽ വെച്ച് ശാരീരികാതിക്രമം നടത്തിയെന്ന് വിദ്യാർഥിനി പരാതി പറഞ്ഞിട്ട് മൂന്നുമാസമായിട്ടും ഒന്നും ചെയ്യാതിരുന്ന ഈ അധ്യാപകരൊന്നും ഇവിടെ തുടരാൻ യോഗ്യരല്ല. ഹോസ്റ്റൽ വാർഡൻ നജ്മുൽ ഷാഹി ഉൾപ്പെടെ എല്ലാ അധ്യാപകരും ഇപ്പോൾ പറയുന്നത് ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല, ഇപ്പോഴാണ് അറിയുന്നത്, നിങ്ങൾക്കൊപ്പമാണ് എന്നൊക്കെയാണ്.

വിദ്യാർഥികൾ ഏറെപേരും ഇപ്പോൾ മാത്രമാണ് ലൈംഗികാതിക്രമം നടന്നതായി അറിയുന്നത്. ഉടനെ സമരത്തിലേയ്ക്ക് നീങ്ങിയപ്പോൾ മാത്രമാണ് ഡിപ്പാർട്ട്‌മെന്റ് നടപടിക്കൊരുങ്ങിയത്. പെൺകുട്ടികൾ കടുത്ത സദാചാര പൊലീസിങ്ങിനാണ് ഇവിടെ ഇരകളാകുന്നത്. ചിലപ്പോൾ വസ്ത്രധാരണത്തിന്റെ പേരിലൊക്കെ ആൺകുട്ടികൾക്കും അധ്യാപകരുടെ ഭാഗത്തുനിന്ന് സദാചാര പൊലീസിങ് നേരിടാറുണ്ട്. നാടകം പഠിപ്പിക്കിന്നതിനേക്കാൾ സദാചാരം പഠിപ്പിക്കാനാണ് ഇവിടത്തെ അധ്യാപകർക്ക് താത്പര്യം. കഴിഞ്ഞ ആറുമാസത്തിനിടെ ഈ അധ്യാപകർ എത്ര ക്ലാസെടുത്തിട്ടുണ്ടെന്ന് പരിശോധിച്ചാൽ അത് വ്യക്തമാകും.''-സുബിൻ പറയുന്നു.

പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും ഇപ്പോൾ എല്ലാ വിദ്യാർഥികളും അറിയുകയും സമരം ശക്തമാക്കുകയും ചെയ്തതോടെ അത്തരം ശ്രമങ്ങൾ നടക്കാതായെന്നുമാണ് സുബിൻ പറയുന്നത്.

"പെൺകുട്ടിയ്‌ക്കൊപ്പം, നടപടി ഉടൻ'

പെൺകുട്ടിയുടെ പരാതി കിട്ടിയ ഉടനെ തന്നെ ഗ്രീവൻസ് സെൽ യോഗം ചേർന്ന് എല്ലാവരുടെയും മൊഴിയെടുത്തിരുന്നുവെന്നും പരാതി ന്യായമാണെന്ന് വ്യക്തമായതായും സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനും ഗ്രീവൻസ് സെൽ കോ-ഓർഡിനേറ്ററുമായ ഷിബു എസ്. കൊട്ടാരം പറഞ്ഞു. ഡോ. രാജാ വാര്യർക്കെതിരായ കേസ് കേരള യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് ചെയ്യാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും രാജാ വാര്യരെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് മാറ്റിനിർത്താനും സുനിൽ കുമാറിനെ സസ്‌പെൻഷനിൽ നിർത്തിക്കൊണ്ട് അന്വേഷണം നടത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ""കുട്ടികൾക്ക് സാമ്പത്തികപ്രശ്‌നങ്ങളുണ്ടാക്കിയെന്ന തരത്തിലുള്ള മറ്റ് ആരോപണങ്ങളും സുനിൽ കുമാറിനെതിരെയുണ്ട്. അതിനാൽ സർവീസിൽ പ്രവേശിച്ച അന്നുമുതലുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഓഡിറ്റിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.'' -ഷിബു എസ്. കൊട്ടാരം വ്യക്തമാക്കി.

രാജാ വാര്യരുടെ പ്രശ്‌നത്തിൽ പെൺകുട്ടി രേഖാമൂലം പരാതി നൽകിയിരുന്നില്ലെന്നും മൂന്ന് അധ്യാപകരോട് പറയുകയാണ് ഉണ്ടായതെന്നും ഷിബു ചൂണ്ടിക്കാട്ടി. കുട്ടി പറഞ്ഞ കാര്യങ്ങൾ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നത് അധ്യാപകരുടെ ഭാഗത്തുനിന്നു വന്ന തെറ്റുതന്നെയാണെന്നും അദ്ദേഹം സമ്മതിക്കുന്നു. ""വർഷത്തിൽ ഒരു ദിവസം മൂന്ന് മണിക്കൂർ മാത്രം ക്ലാസെടുക്കാൻ വേണ്ടിയാണ് രാജാ വാര്യരെ വിളിക്കുന്നത്. അപ്പോൾ ഇനി അടുത്തവർഷം വിളിക്കണോ വേണ്ടേ എന്നുള്ള ആലോചനയേ വരുന്നുള്ളൂ. മാത്രമല്ല, ക്ലാസിലുണ്ടായ ചെറിയ തർക്കമെന്ന രീതിയിലാണ് അധ്യാപകർ അത് മനസ്സിലാക്കിയത്.'' -ഷിബു പറയുന്നു.

ഗ്രീവൻസ് സെൽ റിപ്പോർട്ട് യൂണിവേഴ്‌സിറ്റിയ്ക്കയച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് സുബിൻ പറഞ്ഞു. ശനിയാഴ്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിനെ കണ്ട് വിദ്യാർഥികൾ പരാതി നൽകിയിരുന്നു. അതിന്റെ ഫലമായിട്ടാകാം ഞായറാഴ്ച വി.സി.യും സംഘവും സ്‌കൂൾ ഓഫ് ഡ്രാമയിലെത്താനുള്ള തീരുമാനമുണ്ടായതെന്നും സുബിൻ പറഞ്ഞു.

സുനിൽ കുമാറിനെതിരെ മറ്റു പലരും പരാതികൾ ഉന്നയിക്കുന്നുണ്ടെങ്കിലും രേഖാമൂലമുള്ള പരാതിയായി ഇതുവരെ ഒന്നും വന്നിട്ടില്ലെന്ന് ഷിബു എസ്. കൊട്ടാരം പറഞ്ഞു. മദ്യപിച്ച് ക്യാമ്പസിൽ വരുന്നതിന്റെ പേരിലൊക്കെ മറ്റ് അധ്യാപകർ സുനിലിനെ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച അധ്യാപകരെ വിദ്യാർഥികൾ തടഞ്ഞുവെച്ചതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് ക്യാമ്പസിലെത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം പിന്നീട് പെൺകുട്ടി അയ്യന്തോൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയും ചെയ്തു. നേരത്തെ നൽകിയ പരാതിയിൽ രാജാ വാര്യർ ഒന്നാം പ്രതിയും സുനിൽ കുമാർ രണ്ടാം പ്രതിയുമായാണ് കേസെടുത്തിരുന്നത്. എന്നാൽ സുനിൽ കുമാർ ഒന്നാം പ്രതിയാകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

ഇപ്പോൾ രണ്ട് കേസായി തന്നെയാണ് നൽകിയിരിക്കുന്നത്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയ പെൺകുട്ടിക്ക് അവിടെയും മോശം അനുഭവമുണ്ടായതായും കരഞ്ഞുകൊണ്ടാണ് പുറത്തേയ്ക്ക് വന്നതെന്നും സഹപാഠികൾ പറയുന്നു. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. മന്ത്രി ആർ. ബിന്ദു കമ്മീഷണറെ വിളിച്ച് നിർദേശിച്ചിട്ടും അയ്യന്തോൾ വെസ്റ്റ് എസ്.ഐ. കേസെടുക്കാൻ തയ്യാറായില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഒടുവിൽ പൊലീസ് ഞായറാഴ്ച വൈകീട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. ആരോപണവിധേയനായ അധ്യാപകന് പൊലീസിൽ സ്വാധീനമുണ്ടെന്നും അതാണ് കേസെടുക്കുന്നത് വൈകാൻ കാരണമെന്നും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ഞായറാഴ്ച സ്‌കൂൾ ഓഫ് ഡ്രാമയിലെത്തുകയും അധ്യാപകരുമായും വിദ്യാർഥികളുമായും ചർച്ച നടത്തുകയും ചെയ്തു. പരാതിക്കാരിയായ പെൺകുട്ടിയും ചർച്ചയ്‌ക്കെത്തിയിരുന്നു. സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വി.സി. ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ സസ്‌പെൻഷൻ ഓർഡർ വരുന്നതുവരെ സമരം തുടരുമെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുള്ളത്.

കലയുടേതുമാത്രമായി നിലനിൽക്കേണ്ട ഇടങ്ങൾ പൂർണമായും സ്വതന്ത്രവുമായിരിക്കണം. അങ്ങനെയൊരു ഇടമാണ് സ്‌കൂൾ ഓഫ് ഡ്രാമ. അരങ്ങിനെ പ്രണയിക്കുന്നവർ, രാവും പകലുമില്ലാതെ നാടകത്തിനായി പ്രവർത്തിക്കുന്നവർ, സ്വന്തം ശരീരത്തിന്റെ പരിമിതികളെല്ലാം മറികടന്ന് ശരീരത്തെ തന്നെ മാധ്യമമാക്കി മാറ്റുന്നവർ... അങ്ങനയുള്ളവരാണ് നാടകം പഠിക്കാൻ, നാടകക്കാരാകാൻ വരുന്നവർ. അവർക്ക് പൂർണ അർഥത്തിൽ കലാകാരി/ കലാകാരൻ ആയി മാറണമെങ്കിൽ പഠനക്കളരിയിൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തിനും ആ പൂർണതയുണ്ടാകണം. ആ സ്വാതന്ത്ര്യത്തിൽ നിന്ന് കിട്ടുന്ന ഊർജത്തിലാണ് അവർ അരങ്ങിൽ നിറയുന്നത്. സദാചാര പൊലീസിങ്ങും നിയന്ത്രണങ്ങളുമല്ല അവിടെ വേണ്ടത്. നിരന്തര സമരങ്ങളിലൂടെ നാടകങ്ങളെ നിലനിർത്തിക്കൊണ്ടുവന്ന അനേകം മനുഷ്യരുടെ ചരിത്രമുണ്ട് സ്‌കൂൾ ഓഫ് ഡ്രാമയ്ക്ക്. അത് നിലനിർത്തേണ്ടത് ഇപ്പോഴത്തെ അധ്യാപകരുടെ ഉത്തരവാദിത്തമാണ്.

Comments