ഷീ സ്റ്റേ മറ്റൊരു സദാചാര സ്​ഥാപനമോ?

സ്വകാര്യ ഹോസ്​റ്റലുകളിലെ സ്​ത്രീവിരുദ്ധമായ കടുത്ത നിയന്ത്രണങ്ങളും സെൻസറിങ്ങും സ്വകാര്യതയിലേക്കുള്ള ​ആക്രമണങ്ങളുമെല്ലാം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ സംസ്ഥാന വനിതാ വികസന കോർപറേഷൻ ഷീ സ്റ്റേ വർക്കിങ്ങ് വിമൻസ് ഹോസ്റ്റൽ എന്ന ആശയം കൊണ്ടുവരുന്നത്​. എന്നാൽ, ഷീ സ്​റ്റേയും സ്വകാര്യ ഹോസ്​റ്റലുകൾക്കുതുല്യമായ മറ്റൊരു സദാചാര സ്ഥാപനം മാത്രമാണ് എന്ന്​ തെളിയിക്കുകയാണ്​, കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ഷീ സ്റ്റേ വർക്കിങ്ങ് വിമൻസ് ഹോസ്റ്റൽ.

ഗരങ്ങളിലും മറ്റും ജോലി ചെയ്​ത്​ ജീവിക്കുന്ന സ്​ത്രീകളുടെ ​താമസം, കേരളത്തിൽ ഇന്നും ഒരു വലിയ പ്രശ്​നമാണ്​. കടുത്ത നിയന്ത്രണങ്ങളും സെൻസറിങ്ങും സ്വകാര്യതയിലേക്കുള്ള ​ആക്രമണങ്ങളുമെല്ലാം നേരിട്ടാണ്​ സ്ത്രീകൾ ഹോസ്​റ്റലുകളിൽ കഴിഞ്ഞുകൂടുന്നത്​. ഇതിന്​ പരിഹാരമെന്ന നിലയ്ക്കാണ്​ സംസ്ഥാന വനിതാ വികസന കോർപറേഷൻ ഷീ സ്റ്റേ വർക്കിങ്ങ് വിമൻസ് ഹോസ്റ്റൽ എന്ന ആശയം കൊണ്ടുവരുന്നത്​. എന്നാൽ, ഷീ സ്​റ്റേയും സ്വകാര്യ ഹോസ്​റ്റലുകൾക്കുതുല്യമായ മറ്റൊരു സദാചാര സ്ഥാപനം മാത്രമാണ് എന്ന്​ തെളിയിക്കുകയാണ്​, കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ഷീ സ്റ്റേ വർക്കിങ്ങ് വിമൻസ് ഹോസ്റ്റൽ.

ഇവിടെ, മെസ്സ് സൗകര്യം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഹോസ്റ്റൽ വാർഡനുമായി വാക്കുതർക്കത്തിലേർപ്പെട്ട നാലു പേരെയാണ് കഴിഞ്ഞ മാസം അധികൃതർ പുറത്താക്കിയത്. ഇവർ പരസ്യമായി തന്നോടു മാപ്പു പറയണമെന്നും, മാതാപിതാക്കളെ വിളിപ്പിക്കണമെന്നുമായിരുന്നു വാർഡന്റെ ആവശ്യം. എന്നാൽ തൊഴിലെടുത്ത് ജീവിക്കുന്ന, പ്രായപൂർത്തിയായ സ്ത്രീകൾ ഈ ആവശ്യം നിരാകരിച്ചതാണ് പുറത്താക്കലിന് കാരണമായത്.

കോവിഡ് വ്യാപനം മൂലം ഹോസ്റ്റലിൽ ആളില്ലാതായതോടെ നിലവിലുള്ള കുക്കിനെ പറഞ്ഞു വിട്ടിരുന്നു. എന്നാൽ ബദൽ സംവിധാനം കണ്ടെത്തുന്നതിൽ ഹോസ്റ്റൽ അധികൃതർ പരാജയപ്പെട്ടെന്നും, മാസങ്ങളോളം ഭക്ഷണകാര്യത്തിൽ തങ്ങൾ കടുത്ത അരക്ഷിതാവസ്ഥ നേരിട്ടെന്നും, പുറത്താക്കപ്പെട്ട സുഹാസിനി* തിങ്കിനോട് പറഞ്ഞു.

""എട്ടു മാസത്തോളം അവിടെ ഭക്ഷണ സൗകര്യമുണ്ടായിരുന്നില്ല. പുറത്തു നിന്നുള്ള ഭക്ഷണവും അനുവദിക്കില്ല. അത് സംസാരിക്കാനാണ് ഞങ്ങൾ ചെന്നത്. മെസ് തങ്ങളുടെ ഉത്തരവാദിത്തമല്ല, താമസക്കാർ തന്നെ നടത്തേണ്ടതാണെന്നായിരുന്നു അവരുടെ പക്ഷം. ഞങ്ങളെ സംബന്ധിച്ച്​ അത് അപ്രായോഗികമായിരുന്നു. കോവിഡ് സമയത്ത് എട്ടോളം താമസക്കാർ മാത്രമായിരുന്നു ഹോസ്റ്റലിലുണ്ടായിരുന്നത്. ഹോസ്റ്റലിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതിനും അനുവാദമില്ല. കോവിഡ് കാരണം പുറത്തു ഹോട്ടലുകളിൽ ഡൈൻ ഇൻ സൗകര്യം ഇല്ലാതിരുപ്പോൾ പോലും ഹോസറ്റലിൽ പുറത്തു നിന്നുള്ള ഭക്ഷണത്തിന് വിലക്കായിരുന്നു. ജോലി കഴിഞ്ഞെത്തിയ ശേഷം ഭക്ഷണം കഴിക്കാൻ പുറത്തു പോയി താമസിച്ചെത്തിയാൽ സ്ഥാപനത്തിൽ പരാതിപ്പെടും എന്നുവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.''

""ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിരവധി തവണ വാർഡനു മുന്നിൽ താമസക്കാർ ഉന്നയിച്ചിരുന്നു. അതേകുറിച്ച് സംസാരിച്ചതിനാണ് ഞങ്ങളോട് ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് പുറത്തു പോകാൻ ആവശ്യപ്പെട്ടത്. നവംബർ പത്തിനായിരുന്നു ഇത്. ഒരാഴ്ചക്കകം ഹോസ്റ്റൽ ഒഴിയണം എന്നാണ് ഞങ്ങൾക്ക് ലഭിച്ച കത്തിൽ പറഞ്ഞത്. രസകരമായ കാര്യം, ഈ പ്രശ്‌നത്തിനു ശേഷം ഹോസ്റ്റൽ അധികൃതർ മെസ്സ് പുനരാരംഭിച്ചു. എന്നാൽ അതിനു വേണ്ടി സംസാരിച്ച ഞങ്ങൾക്ക് പുറത്തുപോകേണ്ടി വന്നു.

കോഴിക്കോട്​ മേയർ ബീന ഫിലിപ്പിനെ കണ്ട് വിഷയം അവതരിപ്പിച്ചപ്പോൾ അപ്പോളജി ലെറ്റർ നൽകി പ്രശ്‌നം അവസാനിപ്പിക്കാൻ ഞങ്ങളെ ഉപദേശിച്ചു. അതു പ്രകാരം ഞങ്ങൾ വാർഡനെ കാണാൻ ചെപ്പോൾ എല്ലാവരുടേയും മുന്നിൽ വെച്ച് മാപ്പു പറയണമെന്നും മാതാപിതാക്കളെ കൊണ്ടു വരണമെന്നും അവർ ആവശ്യപ്പെട്ടു. 25-ന് മുകളിൽ പ്രായമുള്ള, തൊഴിലെടുക്കുന്ന ഞങ്ങളെല്ലാവരും സ്വതന്ത്രമായി ജീവിക്കുന്ന ആളുകളാണ്, ഇതിൽ വീട്ടുകാർ ഇടപെടേണ്ട കാര്യമില്ലെന്നു പറഞ്ഞപ്പോൾ "അതെന്താ നിങ്ങൾക്ക് അച്ഛനും അമ്മയുമൊന്നുമില്ലെ' എന്നായിരുന്നു ഞങ്ങളോടവർ ചോദിച്ചത്. രണ്ടു തവണ പൊലീസിലും പരാതിപ്പെട്ടിരുന്നു. കോർപറേഷനു കീഴിലുള്ള ഹോസ്റ്റലാണെന്നറിഞ്ഞപ്പോൾ തുടക്കത്തിലുണ്ടായ താൽപര്യം അവർ കാണിച്ചില്ല. പൊലീസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും അതിന് വാർഡൻ തയ്യാറായില്ല. മാപ്പു പറയത്തക്ക തെറ്റ് ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഗതികേടു കാരണം പ്രശ്നം അവസാനിപ്പിക്കാൻ അവരോട് വ്യക്തിപരമായി മാപ്പു പറയാൻ പോലും ഞങ്ങൾ തയ്യാറായിരുന്നു. എന്നാൽ എല്ലാവരുടേയും മുന്നിൽ വെച്ച് മാപ്പു പറയണമെന്ന വാർഡന്റെ ആവശ്യം വകവെച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല. അനീതി നേരിട്ടത് ഞങ്ങളാണ്.''

യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ചുരുങ്ങിയ ദിവസ വാടകയ്ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വാസസ്ഥലം, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സ്വതന്ത്രമായി മറ്റു കെട്ടുപാടുകളില്ലാതെ തൊഴിലെടുക്കാനുള്ള അന്തരീക്ഷം- തുടങ്ങിയ ബൗദ്ധിക സാഹചര്യങ്ങളൊരുക്കി സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന അനീതികൾക്ക് പരിഹാരം കണ്ടെത്തലായിരുന്നു ഷീ സ്റ്റേയുടെ ഉദ്ദേശ്യലക്ഷ്യം

സാധാരണ ഹോസ്റ്റലുകളിലേതിനു സമാനമായി സ്ത്രീകളുടെ സ്വതന്ത്രമായ നിലനിൽപ്പിനെ അംഗീകരിക്കാൻ ഷീ സ്റ്റേയ്ക്കും സാധിക്കുന്നില്ല. ""ഹോസ്റ്റലിലെ സ്ത്രീകൾ താമസിച്ചെത്തിയാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുക, വീട്ടിൽ വിളിക്കുക തുടങ്ങി സാധാരണ ഹോസ്റ്റലുകളിലെ പിന്തിരിപ്പൻ ചട്ടങ്ങളെല്ലാം ഇവിടെയുമുണ്ട്. ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പോയതിന്റെ പേരിലായിരിക്കും ചിലപ്പോൾ അവർ നമ്മളെ ഹരാസ് ചെയ്യുന്നത്. സ്വസ്ഥമായ താമസ സൗകര്യം ഒരുക്കി ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പകരം താമസക്കാരെ മാനസികമായി പീഡിപ്പിക്കുകയാണവിടെ.'' തങ്ങളുടെ ജോലിയേയും ജീവിതത്തെയും ബാധിക്കുന്ന തരത്തിലുള്ള ഇടപെടൽ ഹോസ്റ്റൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഭയക്കുന്നതിനാലാണ് പേരു വെളിപ്പെടുത്താതെന്നും ഇവർ പറയുന്നു.

താമസക്കാരോട് ഔദാര്യമനോഭാവം വെച്ചു പുലർത്തുന്ന, ഉദാസീനമായ നിലപാടാണ് ഹോസ്റ്റൽ നടത്തിപ്പുകാരുടേതെന്നും സുഹാസിനി. ""അവിടെ വാടക കുറവാണെന്നത് തങ്ങളുടെ ഔദാര്യമായിട്ടാണ് ഹോസ്റ്റൽ നടത്തിപ്പുകാർ കാണുത്. മേയർ പോലും അത്തരത്തിൽ ഞങ്ങളോട് സംസാരിച്ചത് നിരാശപ്പെടുത്തി. 2750 രൂപയാണ് ഡോർമെട്രി റൂമിന് നൽകു വാടക. വനിതാ വികസന കോർപറേഷൻ നടത്തുന്ന സ്ഥാപനത്തെ അതിനുള്ളിൽ നിന്നു തന്നെ ഇത്തരത്തിൽ നോക്കിക്കാണുന്നത് തെറ്റാണ്. സ്ത്രീകളുടെ അവകാശബോധത്തെ ചോദ്യം ചെയ്യുകയാണിവർ. സത്യം പറഞ്ഞാൽ നഗരത്തിൽ മറ്റൊരു താമസസ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ഞാൻ. എനിക്ക് അവിടെ തുടരണമെന്നും ആഗ്രഹമുണ്ടായിരുന്നു. പല രീതിയിൽ പരിഹരിക്കാമായിരുന്നിട്ടും നടത്തിപ്പുകാരുടെ അഹംഭാവമാണ് ഈ ഒരവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.''

താമസക്കാരുടെ കാര്യത്തിൽ ഹോസ്റ്റൽ അധികൃതർ വെച്ചു പുലർത്തു ഉദാസീനത പുതിയ കാര്യമല്ലെന്ന് സ്ഥാപനത്തിൽ മുൻപ് താമസിച്ചിരുന്ന മാധ്യപ്രവർത്തക ഫസീല മൊയ്തു പറയുന്നു. ""ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ ഒഴിവാക്കാൻ ഹോസ്റ്റലിൽ മതിയായ സൗകര്യമില്ലാത്തതിനാൽ താമസക്കാർക്ക് അവ സഞ്ചിയിൽ കെട്ടി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ കളയേണ്ട സാഹചര്യം പോലും അവിടെ ഉണ്ടായിരുന്നു. ഉപയോഗ ശേഷം സാനിറ്ററി നാപ്കിനുകൾ നശിപ്പിക്കാൻ സ്ഥാപിച്ച ഇൻസിനറേറ്റർ കേടു വന്നിട്ടും അത് ശരിയാക്കാതിരുന്നതിനാലായിരുന്നത്. 100-ഓളം പേരാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. പമ്പുകളിൽ നിന്ന് പെട്രോൾ ശേഖരിച്ച് നാപ്കിനുകൾ കൂട്ടിയിട്ട് കത്തിക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

മറ്റൊരു സംഭവം, ഞാനുണ്ടായിരുന്ന സമയത്ത് അവിടെ താമസിച്ചിരുന്ന ഒരാൾക്ക് സെക്ഷ്വൽ അസാൾട്ട് നേരിടേണ്ടി വന്നു. ഹോസ്റ്റലിനു പുറത്തുള്ള റോഡിൽ വെച്ചായിരുന്നു അത്. പൊലീസിൽ പരാതിപ്പെടുന്നതിന് പകരം അക്രമിക്കപ്പെട്ട വ്യക്തിയെ കുറ്റപ്പെടുത്താനായിരുന്നു അന്ന് അധികൃതർ താൽപര്യപ്പെട്ടത്. പിറ്റേ ദിവസം താമസക്കാർ ചേർന്നാണ് പൊലീസിൽ പരാതി നൽകിയത്.'' ഫസീല പറയുന്നു. വൈ-ഫൈ, നാപ്കിൻ വെൻഡിങ്ങ് മെഷീൻ, ഇൻസിനറേറ്റർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെയായിരുന്നു ഷീ സ്റ്റേ ആരംഭിച്ചത്.

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സമയം നിയന്ത്രണം ഇല്ല എന്നതായിരുന്നു ഷീ സ്‌റ്റേ ആരംഭിക്കുമ്പോഴത്തെ ആകർഷകമായ പ്രഖ്യാപനം. എന്നാൽ ഒരിക്കലും അതങ്ങനെയായിരുന്നില്ലെന്ന് ഫസീല പറയുന്നു. ""താമസക്കാരായ വിദ്യാർത്ഥികൾ 6.30-ന് ഹോസ്റ്റലിൽ പ്രവേശിക്കണം. ജോലി ചെയ്യുന്നവരാണെങ്കിൽ സ്ഥാപനത്തിന്റെ കത്തുണ്ടെങ്കിൽ ഏഴു മണി വരെ സമയം അനുവദിക്കും. നൈറ്റ് ഷിഫ്റ്റ് എടുത്ത് ജോലി ചെയ്യാനുള്ള സൗകര്യം ഇവർ ഒരുക്കുന്നില്ല. ഹോസ്റ്റലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിപ്പെട്ടാൽ, അവർ നമ്മളെ പ്രശ്‌നക്കാരാക്കി ചിത്രീകരിക്കും. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി ഇരിക്കണം എന്ന സന്ദേശം തന്നെയാണ് ഇവർ നൽകുന്നത്.''

താമസക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യാഥാസ്ഥിതിക മൂല്യബോധത്തിൽ നിന്നുകൊണ്ടുള്ള പ്രതികരണമാണ് ഹോസ്റ്റൽ വാർഡൻ സുഹറ തിങ്കിന് നൽകിയത്. തന്നെയും കോർപ്പറേഷനെയും ചീത്ത വിളിച്ചതിനാണ് നാലു പേരെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് സുഹറ പറഞ്ഞു. ""കോവിഡിനെ തുടർന്ന് ഹോസ്റ്റലിലെ താമസക്കാർ കുറഞ്ഞതിനാലാണ് മെസ്സ് നിർത്തിയത്. നവംബറിൽ 25-ഓളം പേരായപ്പോൾ വീണ്ടും മെസ്സ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മാസങ്ങളോളം അടച്ചിട്ടതു കാരണം ഉടൻ പ്രവർത്തിപ്പിക്കാൻ പാകത്തിലായിരുന്നില്ല അടുക്കള. നവംബർ ആദ്യവാരം കുക്ക് അടുക്കളയുടെയും മറ്റും കാര്യങ്ങളൊക്കെ വന്ന് നോക്കിയിരുന്നു. നവംബർ പകുതിയോടെ മെസ്സ് തുടങ്ങാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇവർ വന്ന് പ്രശ്‌നമുണ്ടാക്കിയത്. മാലിന്യ പ്രശ്‌നം മുൻനിർത്തിയാണ് ഭക്ഷണം പുറത്തു നിന്ന് കൊണ്ടു വരരുതെന്ന് പറഞ്ഞത്. പ്രശ്നം കോമ്പ്രമെെസ് ചെയ്യാൻ പൊലീസ് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാനതിന് തയ്യാറല്ല. എനിക്ക് ചീത്ത വിളി സഹിച്ച് ജോലി ചെയ്യേണ്ട ആവശ്യമില്ല. ഇത്തരം ആളുകളെ വെച്ച് സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ എനിക്കു ബുദ്ധിമുട്ടുണ്ട്.'' അവർ പറയുന്നു.

എം.കെ. മുനീർ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരിക്കെ 2015 മെയ് 11-നാണ് സംസ്ഥാന വനിതാ വികസന കോർപറേഷൻ കോഴിക്കോട് ആദ്യത്തെ ഷീ സ്റ്റേ ആരംഭിച്ചത്. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ചുരുങ്ങിയ ദിവസ വാടകയ്ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വാസസ്ഥലം, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സ്വതന്ത്രമായി മറ്റു കെട്ടുപാടുകളില്ലാതെ തൊഴിലെടുക്കാനുള്ള അന്തരീക്ഷം- തുടങ്ങിയ ബൗദ്ധിക സാഹചര്യങ്ങളൊരുക്കി സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന അനീതികൾക്ക് പരിഹാരം കണ്ടെത്തലായിരുന്നു ഷീ സ്റ്റേയുടെ ഉദ്ദേശ്യലക്ഷ്യം. വനിതാ വികസന കോർപറേഷനു കീഴിലെ അനേകം ഹോസ്റ്റലുകളെ ഇത്തരത്തിൽ ഷീ സ്റ്റേകളാക്കി മാറ്റി, എല്ലാ നഗരത്തിലും സ്ത്രീകൾക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും സൗകര്യം ഒരുക്കുക എന്നതായിരുന്നു പദ്ധതി.

*പേര് യഥാർത്ഥമല്ല.

Comments