ആൺകുട്ടിയുടെ മുടി​ വെട്ടിക്കുന്ന അധ്യാപകനും പെൺകുട്ടിയുടെ ജീൻസിനെ കളിയാക്കുന്ന സ്​കൂളും

കേരളത്തിലെ സ്‌കൂൾ അന്തരീക്ഷവും ക്ലാസ്​ മുറികളും ലിംഗഭേദങ്ങളെ എത്ര മാത്രം ഉൾക്കൊള്ളുന്നു എന്ന പരിശോധനയാണിത്​. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന സ്‌കൂൾ, ലിംഗഭേദവുമായി ബന്ധപ്പെട്ട യാഥാസ്​ഥിതിക പൊതുബോധത്തിൽ നിന്ന്​ പുറത്തുവരാൻ മടിക്കുന്നതെന്തുകൊണ്ടാണ്​? ലൈംഗിക വിദ്യാഭ്യാസം ചർച്ചയാകുന്ന സന്ദർഭത്തിൽ ഒരാലോചന

കേരളത്തിലെ സ്‌കൂൾ അന്തരീക്ഷവും ക്ലാസ്​ മുറികളും ലിംഗഭേദങ്ങളെ എത്ര മാത്രം ഉൾക്കൊള്ളുന്നു ( gender inclusive ) എന്ന ചിന്തയാണ് ഈ ലേഖനത്തിലൂടെ പരിശോധിക്കാൻ ശ്രമിക്കുന്നത്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന സ്‌കൂൾ, സമൂഹത്തിന്റെ തന്നെ പരിച്ഛേദമാണെന്ന് നമുക്കെല്ലാം അറിയാം. വിഷയത്തിലേക്ക് കടക്കുന്നതിനു ആമുഖമായി രണ്ടു സന്ദർഭങ്ങൾ പരിശോധിക്കാം:
ആദ്യത്തേത് ഒരു പ്ലസ് വണിനു ചേരാൻ വരുന്ന ഒരു കുട്ടിയെ പരിചയപ്പെടാം. ജീൻസും ഷർട്ടും ആണ് വേഷം. മുടി ചെറുതായി വെട്ടി ഒതുക്കി വെച്ചിരിക്കുന്നു. കയ്യിലോ കാതിലോ ആഭരണങ്ങൾ ഒന്നുമില്ല. കണ്ണെഴുതിയിട്ടില്ല, പൊട്ടു തൊട്ടിട്ടില്ല. പൗഡർ പോലും ഇട്ടോ എന്ന് സംശയമാണ്.

രണ്ടാമത്തേത് ഏഴു പേരടങ്ങുന്ന ഒരു സംഘം ആണ്.
പാൻറ്സ്​, ടീ ഷർട്ട്, ഷർട്ട് തുടങ്ങിയ വേഷം. നല്ല വർണാഭമായ നിറങ്ങളോട് കൂടുതൽ പ്രിയം. നന്നായി മേക്കപ്പ് ഇടും, പ്രത്യേകിച്ച് നല്ല കടും ചുവപ്പ് നിറത്തിലുള്ള ലിപ്​സ്​റ്റിക്ക്​ ഒക്കെ ധരിച്ചാണ് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കാതിൽ പല വലിപ്പങ്ങളിലുള്ള കമ്മലുകൾ.
ഈ രണ്ടു സന്ദർഭങ്ങളിൽ നിന്ന് ഇവരുടെ ജെൻഡർ ഊഹിക്കാൻ പറഞ്ഞാൽ പൊതുവെയുള്ള മറുപടി എന്തായിരിക്കും? ഇവരുടെ വേഷത്തിൽ നിന്നോ ഇവർ ധരിക്കുന്ന ആഭരണങ്ങളിൽ നിന്നോ ഊഹിക്കാൻ സാധിക്കുന്ന ഒന്നല്ല ഒരാളുടെ ലിംഗസ്വത്വം (gender identity) എന്നാണ് ഉത്തരമെങ്കിൽ ലിംഗ സ്വത്വത്തെ (gender identity) കുറിച്ചും ജൻഡർ എക്​സ്​പ്രഷനെ (gender expression) കുറിച്ചും പൊതുസമൂഹത്തിന് നല്ല ധാരണയുണ്ടെന്നു മനസിലാക്കാം.

ഒരു ഗവൺമെൻറ്​ സ്​കൂളിൽനിന്ന്​ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം

അതല്ല, ആദ്യത്തെ സന്ദർഭത്തിലുള്ള കുട്ടി ഒരാൺകുട്ടി ആണെന്നും രണ്ടാമത്തേത് പെൺകുട്ടികളുടെ ഒരു സംഘമാണെന്നും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റു പറ്റി. ആദ്യത്തെ സന്ദർഭത്തിലെ കുട്ടി പ്ലസ് ടുവിൽ പഠിക്കുന്ന എന്റെ മോളും രണ്ടാമത്തേത് ലോകം മുഴുവൻ ആരാധകരുള്ള ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡ് ആയ BTS എന്ന boys ബാൻഡ് അംഗങ്ങളുമാണ്. മോളുടെ പ്ലസ് വൺ അഡ്മിഷൻ സമയത്ത് പാലക്കാടുള്ള ഒരു ഗവൺമെൻറ്​സ്‌കൂളിൽ നിന്ന് നേരിട്ട ചില ചോദ്യങ്ങൾ അവളിലും എന്നിലും ഏറെ നിരാശയും സങ്കടവുമുണ്ടാക്കിയിരുന്നു. അവൾ എന്താ പെൺകുട്ടി തന്നെ ആണോ എന്നും അവളുടെ പ്രായത്തിനേക്കാൾ ചെറിയ ശരീരപ്രകൃതം കണ്ട് ഇവൾക്ക് തിന്നാനൊന്നും കൊടുക്കാറില്ലേ, കാറ്റടിച്ചാൽ പറന്നു പോവുമല്ലോ എന്നുമുള്ള കമന്റുകൾ ഒരു ഗവൺമെൻറ്​ സ്‌കൂളിൽ നിന്ന് തീരെ പ്രതീക്ഷിച്ചതല്ല. അവൾ അവൾക്ക് ഏറെ സൗകര്യമുള്ള, ധരിക്കാൻ സുഖപ്രദമായ ജീൻസും ഷർട്ടും ആണ് എന്നതുകൊണ്ട് അവൾ ഒരു പെണ്ണാണോ എന്ന് അടിമുടി നോക്കുന്ന കാഴ്ച പുരോഗമന സമൂഹത്തിനു ഒട്ടും യോജിച്ചതല്ല.

കൊറിയൻ മ്യൂസിക് ബാൻഡ് ആയ BTS എന്ന boys ബാൻഡ് അംഗങ്ങൾ

BTS പോലുള്ള ബാൻഡിന് ആരാധകർ ഏറെയുണ്ടെങ്കിലും വെറുക്കുന്നവരും (haters) ഉണ്ട് എന്ന് സമൂഹമാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാക്കാം. അവരുടെ വസ്ത്രധാരണത്തിലെ പ്രത്യേകതകൾ കൊണ്ട് അവർ ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരും ഒട്ടും കുറവല്ല. ഈ രണ്ടു സന്ദർഭങ്ങൾ പരിശോധിക്കുമ്പോൾ വസ്ത്രധാരണത്തിൽ നമ്മൾ നമ്മുടെ gender expression എങ്ങനെ ചെയ്യുന്നു എന്നും അതിന് gender ഐഡന്റിറ്റിയുമായി യാതൊരു ബന്ധവുമില്ല എന്നും നമുക്ക് തീർപ്പു കൽപ്പിക്കാം.

പൊതുസമൂഹത്തിനുള്ളിലെ ലിംഗം

ഇവിടെയാണ് ശരാശരി മലയാളിയെ സംബന്ധിച്ച്​ sex, gender, sexual orientation, gender expression എന്ന വളരെ സങ്കീർണങ്ങളായ ആശയങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമായി തീരുന്നത്. ഞാൻ ഒരു സ്ത്രീയായി ജനിക്കുകയും, ഒരു സ്ത്രീയായി ഞാൻ എന്നെ തന്നെ കാണുകയും ചെയ്യുന്നതിനെയാണ് cis- female എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. Sex എന്നാൽ ജീവശാസ്ത്രപരമായി തീരുമാനിക്കുന്നതാണെന്നും gender എന്നാൽ സാമൂഹിക നിർമ്മിതിയാണെന്നും നമ്മൾ നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ആശയങ്ങളാണ്. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക അവയവങ്ങളോടെ ജനിക്കുന്നവരും, പുറമേക്ക് സ്ത്രീയുടെയോ പുരുഷന്റേതോ ശരീരത്തിനകത്തു മറിച്ചുമായി ജനിക്കുന്നവരും (intersex) നമുക്കിടയിലുണ്ട്. അത് കൊണ്ട് തന്നെയാണ് sex എന്നത് ഒരു വർണരാജി (spectrum) ആയി വിശേഷിപ്പിക്കപ്പെടുന്നത്. Gender എന്ന ആശയത്തിലും ഇതേ spectrum നമുക്ക് കാണുവാൻ സാധിക്കും. നമ്മൾ നമ്മളെ എങ്ങനെ കാണുന്നു എന്നതും അത് പോലെ സമൂഹം ചിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ചില വാർപ്പുമാതൃകകളിലേക്ക് നമ്മൾ സ്വയം നമ്മളെ ഒതുക്കി വെച്ചിരിക്കുന്നതും ജൻഡർ എന്ന ആശയത്തിന്റെ സങ്കീർണത വെളിപ്പെടുത്തുന്നു. ഇവിടെയും പൊതുസമൂഹം രണ്ടു ബിന്ദുക്കളിൽ, masculine & feminine, അല്ലെങ്കിൽ ഒരു ദ്വന്ദ്വത്തിലാണ് ജൻഡറിനെ തളച്ചിടാൻ പരിശ്രമിക്കുന്നത്. ഇവിടെയാണ് transgender നെ നമ്മൾ പരിചയപ്പെടുന്നത്. അപ്പോഴും വർണരാജി തന്നെയാണ് നമുക്ക് മുന്നിൽ തെളിയുന്നത് അല്ലാതെ ഒരു ബിന്ദുവല്ല, അല്ലെങ്കിൽ masculine ന്റെയും feminine ന്റെയും ഇടയിലുള്ള ഒരു അവസ്ഥയല്ല; മറിച്ച്​ വൈവിധ്യമാർന്ന അനന്തസാധ്യതകളാണ്.

Masculine എന്നും feminine എന്നുമുള്ള സങ്കൽപ്പങ്ങൾ തന്നെ രണ്ടു കൃത്യതയാർന്ന ബിന്ദുക്കളായി കാണുന്നതിലെ അപാകതകൾ ആണ് toxic masculinity ആയും കലിപ്പനായും നമ്മുടെ മുന്നിൽ കൊട്ടിഘോഷിക്കപ്പെടുന്നത്. സമൂഹം പ്രതീക്ഷിക്കുന്ന രീതിയിലുള്ള വാർപ്പുമാതൃകകളായ ഉത്തമസ്ത്രീയും കുലസ്ത്രീയും സൂപ്പർ വുമണും ആവാനുള്ള സ്ത്രീകളുടെ നിരന്തരമായ ശ്രമങ്ങളും ഇതിന്റെ വകഭേദമാണ്.

Sexual orientationനെ കുറിച്ചു പറയുമ്പോൾ LGBTQA+ എന്നത് എല്ലാവർക്കും ചിരപരിചിതമാണെങ്കിലും, അക്കാദമിക ചർച്ചയുടെ തലം വിട്ടു ദൈനംദിന ജീവിതത്തിൽ നമ്മൾ സംസാരിച്ചു തുടങ്ങിയോ എന്നത് സംശയമാണ്. ഇവിടെയും spectrum കുറേ കൂടി പ്രകടമായി കാണുവാൻ സാധിക്കുന്നു. Lesbian, Gay, Bisexual, Transgender, Queer, Asexual അങ്ങനെ പോകുന്നു പട്ടിക. ഇതിനെല്ലാമപ്പുറം gender expression എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നമ്മൾ നമ്മളെ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതാണ്. ഒരു പുരുഷ ശരീരത്തിൽ നിന്നു കൊണ്ട്, നമ്മൾ സ്ത്രീവേഷം എന്ന് ശീലിച്ചു മനസ്സിലാക്കി വച്ചിരിക്കുന്ന സാരിയോ മറ്റു വേഷങ്ങളോ ഒരാൾ ധരിക്കുന്നതിലൂടെ പ്രകടമാവുന്നത് ആ ആളുടെ gender expression ആണ്. ഇവിടെ sex, gender അല്ല ഒരാളുടെ gender expression തീരുമാനിക്കുന്നത്. അതൊരാളുടെ വ്യക്തിപരമായ താല്പര്യവും തീരുമാനവുമാണ് (perosnal choice).

ക്ലാസ്​ മുറിയിൽ സംഭവിക്കുന്നത്​

ഇത്രയും ആമുഖമായി പറഞ്ഞ്,​ നമ്മുടെ സ്‌കൂൾ സാഹചര്യങ്ങളെയും ക്ലാസ്​ മുറികളെയും പരിശോധിക്കുമ്പോൾ നമുക്കിടയിൽ നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥയുടെ നേർകാഴ്ച കാണുവാൻ സാധിക്കും എന്നത്​ സൂചിപ്പിക്കാനാണ്​. നമ്മുടെ സ്‌കൂളുകളിലെ അന്തരീക്ഷം ആഴത്തിൽ മനസ്സിലാക്കുവാൻ ചില ചോദ്യങ്ങൾ അനിവാര്യമാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ ശ്രമിക്കുന്നതിലൂടെ സ്‌കൂളുകളെ കുറിച്ച് മാത്രമല്ല, അവിടെയുള്ള അധ്യാപകരെ കുറിച്ചും, പാഠ്യപദ്ധതിയെ കുറിച്ചും കുറേ കൂടി അടുത്തറിയുവാൻ നമുക്ക് സാധിക്കുന്നു.

എല്ലാ സ്‌കൂളുകൾക്കും അവരവരുടെ പരിസരത്തിനനുയോജ്യമായ vision & mission statement ഉണ്ടാവും അല്ലെങ്കിൽ ഉണ്ടാവേണ്ടതാണ്. ഇത്തരം പ്രസ്താവനയിൽ gender വൈവിധ്യങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന എന്തെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കാവുന്നതാണ്. അതുപോലെ സ്‌കൂളിന്റെ നയങ്ങളിൽ അരികുവൽക്കരിക്കപ്പെടുന്ന ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങൾ ശാരീരികമായോ മാനസികമായോ നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാറുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്. ഇരട്ടപ്പേർ വിളിക്കുന്നത് ആദ്യം തമാശയായിട്ടാണെങ്കിലും അത് പിന്നീട് മാനസികമായി ആഴത്തിലുള്ള മുറിവുകൾ ആണ് നൽകുന്നത്. ഇങ്ങനെ ക്ലാസിലെ വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നും എങ്ങനെയാണു അവ പരിഹരിക്കാൻ ശ്രമിച്ചത് എന്നും ഒരു ആത്മപരിശോധന എല്ലാ അധ്യാപകരും നടത്തേണ്ടാണ്.

സ്‌കൂളുകളിൽ പല ദിനങ്ങളും വളരെ വിപുലമായി തന്നെ ആഘോഷിക്കാറുണ്ടല്ലോ. കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ അധ്യാപകർക്കായി ലിംഗനീതിയെ കുറിച്ചും, gender stereotypes നെ കുറിച്ചും, gender roles നെ കുറിച്ചും അല്ലെങ്കിൽ സമാനമായ ഏതെങ്കിലും വിഷയത്തിൽ ക്ലാസുകളോ വർക്ക്ഷോപ്പുകളോ നടത്തിയിട്ടുണ്ടോ എന്ന് ആലോചിച്ചാൽ മനസിലാവും നമ്മൾ എത്ര മാത്രം ഇത്തരം വിഷയങ്ങൾ അറിയുന്നതിനും മനസ്സിലാക്കുന്നതിനും പകർന്ന് കൊടുക്കുന്നതിനും താല്പര്യം കാണിക്കുന്നുണ്ട് എന്ന്.

അതുപോലെ തന്നെ പ്രധാനപെട്ടതാണ് സ്‌കൂൾ/ക്ലാസ്​ ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ വാങ്ങുന്നതിനായി തിരഞ്ഞെടുക്കുമ്പോൾ ഇത്തരം വൈവിധ്യങ്ങൾ ഉൾകൊള്ളുന്നതും അവരുടെ ജീവിതാനുഭവങ്ങൾ പ്രതിപാദിക്കുന്നതുമായ പുസ്തകങ്ങൾ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കാറുണ്ടോ എന്നത്. ലൈബ്രറി, വിജ്ഞാനത്തിന്റെ ഉറവിടം എന്നതിനപ്പുറം ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. വിഭിന്നങ്ങളായ ജീവിതാനുഭവങ്ങൾ ചിന്താധാരയെ തന്നെ മാറ്റിമറിക്കുവാനും അഴിച്ചുപണിയുവാനും കെല്പുള്ളതാണെന്ന് നിസ്സംശയം പറയുവാൻ കഴിയും.

ആണും​ പെണ്ണും അല്ലാത്ത ജൻഡർ ഐഡൻറിറ്റിയെ ക്ഷണിക്കാത്തതെന്ത്​?

അടുത്തതായി നമ്മൾ അന്വേഷിക്കേണ്ടത് ആൺ/പെൺ ദ്വന്ദ്വത്തിൽ അല്ലാത്ത ജൻഡർ ഐഡൻറിറ്റിയിൽ നിൽക്കുന്ന ആരെങ്കിലും സ്‌കൂളിലെ ഏതെങ്കിലും പരിപാടിക്ക് മുഖ്യ അതിഥിയായി ക്ഷണിച്ചിട്ടുണ്ടോ എന്നതാണ്. പ്രശസ്തരായവരും അല്ലാത്തവരും ആയ, സമൂഹത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ള സിനിമ/സാഹിത്യം/കല എന്നീ മേഖലകളിൽ തിളങ്ങിയവരും, നിരന്തരമായി സമൂഹത്തിൽ ഇടപെട്ടു സംസാരിക്കുന്നവരുമായ സാമൂഹ്യ പ്രവർത്തകരും നമുക്കിടയിലുണ്ട്. അവരെ പൊതുവേദിയിൽ ക്ഷണിച്ചിരുത്തുക വഴി പ്രകടിപ്പിക്കുന്ന ആദരവ് ഇത്തരത്തിൽ അരികുവൽക്കരിക്കപ്പെടുന്നവർക്ക് കിട്ടുന്ന അംഗീകാരം മാത്രമല്ല, മറിച്ചു നമ്മുടെ കുട്ടിക്കൾക്ക് നൽകാൻ സാധിക്കുന്ന വലിയൊരു ലിംഗഭേദങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുന്ന വിദ്യാഭ്യാസ രീതി കൂടിയാണ്.

കുടുംബത്തെ ഊട്ടിയുറപ്പിക്കുന്ന പാഠങ്ങൾ

പാഠ്യപദ്ധതി കുട്ടികളുടെ വളർച്ചയിലും ജീവിതവീക്ഷണത്തിലും ഏറെ പ്രഭാവം ചെലുത്തുന്ന ഒന്നാണെന്ന്​ നമുക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ വളരെയധികം കൂടിയാലോചനകൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഓരോ ക്ലാസുകളിലെയും കുട്ടികളുടെ പ്രായത്തിനനുയോജ്യമായി കരുതലോടെ പഠനക്രമം തയ്യാറാക്കുന്നത്. നമ്മുടെ പ്ലസ് ടു വരെയുള്ള പാഠ്യപദ്ധതി പരിശോധിച്ചാൽ അവയിൽ എല്ലാം നിരന്തരമായി സംവദിച്ചു കൊണ്ടിരിക്കുന്നത് ആൺ - പെൺ ബന്ധത്തെ കുറിച്ചും അവയിൽ ഊന്നി നിൽക്കുന്ന കുടുംബത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകളാണ്. അത് മാത്രമല്ല ഇത്തരം കുടുംബ ബന്ധങ്ങൾ തന്നെയാണ് സമൂഹത്തിനു അനുയോജ്യമെന്നു ആവർത്തിച്ചുറപ്പിക്കുന്നുമുണ്ട്. ഇത്തരം സാധാരണീകരണം (normalization) നിഷേധിക്കുന്നത് പരമ്പരാഗത ‘കുടുബം' എന്ന വ്യവസ്ഥിതിയിൽ നിന്ന്​ പുറത്തു നിൽക്കുന്ന അനേകം ജീവിതങ്ങളാണ്, അവരുടെ അനുഭവങ്ങളാണ്. അതുകൊണ്ട് തന്നെ പാഠ്യപദ്ധതിയിൽ ലിംഗവൈവിധ്യം പ്രതിഫലിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

ഫോട്ടോ:മുഹമ്മദ് ഹനാൻ

ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളിൽ പെടുന്ന എഴുത്തുകാരുടെ രചനകൾ സർവകലാശാല/കോളേജ് തലത്തിലുള്ള പാഠ്യപദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത് അങ്ങേയറ്റം പ്രശംസനീയം തന്നെ. പക്ഷെ UG/PG പോലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ഈ മാറ്റം കതിരിൽ വളം വെക്കുന്നത് പോലെയാണ്. സമൂഹത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചും, ബന്ധങ്ങളെ കുറിച്ചും, അവനവനെ കുറിച്ചുമുള്ള പാഠങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ കിട്ടേണ്ടവയാണ്. അതിലൂടെ ആർജിക്കുന്നത് ആത്മാഭിമാനവും പരസ്പരബഹുമാനവുമുള്ള ഒരു ജനതയെയാണ്. അത് നിഷേധിക്കലാണ് പാഠ്യപദ്ധതിയിൽ നിന്നും ഇത്തരം ജീവിതങ്ങളെ പുറത്തു നിർത്തുന്നത് വഴി.

ആൺകുട്ടികളുടെ മുടി​ വെട്ടിക്കുന്ന അധ്യാപകർ

സ്‌കൂളുകൾ പലപ്പോഴും വിദ്യാർത്ഥികളുടെ വസ്ത്രധാരണത്തിലും മുടിവളർത്തുന്നതിലും അച്ചടക്കത്തിന്റെ പേര് പറഞ്ഞു ഇടപെടാറുള്ളത് നിത്യസംഭവമാണ്. ആൺകുട്ടികൾ മുടി വളർത്തുന്നതും മാലയോ കമ്മലോ ധരിക്കുന്നതും ഒട്ടുമിക്ക അധ്യാപകർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പെൺകുട്ടികളുടെ മുടിയും ആഭരണങ്ങളും ഉണ്ടാക്കാത്ത എന്ത് അച്ചടക്കലംഘനമാണ് ആൺകുട്ടികൾ ഉണ്ടാക്കുന്നത് എന്നത് എത്ര ആലോചിച്ചിട്ടും മനസിലാവാത്ത കാര്യമാണ്. ആൺകുട്ടികളെ നിർബന്ധിച്ചു ബാർബർഷോപ്പിൽ കൊണ്ട് പോയി മുടിവെട്ടിക്കൽ ചില അധ്യാപകരുടെയെങ്കിലും വിനോദമാണ്. അവരോടു ചോദിക്കാനുള്ളത് ഇത്ര മാത്രം: എന്നെങ്കിലും നമ്മുടെ മുന്നിലിരിക്കുന്ന വിദ്യാർഥികളോട് അവർ സ്വയം എങ്ങനെ അഭിസംബോധന ചെയ്യപ്പെടാനാണ് ഇഷ്ടപ്പെടുന്നത് എന്ന് ചോദിക്കാൻ മുതിർന്നിട്ടുണ്ടോ? അതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മുന്നിലിരിക്കുന്നവരെ ആൺ/ പെൺ എന്നും, അവരെ അവൻ/അവൾ എന്നും അഭിസംബോധന ചെയ്യുന്നത് അവരുടെ അനുവാദത്തോടെയാണോ? അത്രയും സങ്കീർണമായ ജീവിതങ്ങളിലൂടെ കടന്നു പോകുന്നവരുടെ ഇടയിൽ നിന്നു കൊണ്ടാണ് അധ്യാപക സമൂഹവും സ്‌കൂളുകളും വിദ്യാർത്ഥികളുടെ തികച്ചും സ്വകാര്യമായ ചില തീരുമാനങ്ങളിലേക്ക് കൈകടത്തുന്നത്.

Photo : Shahid Manakkappady

മുടി വളർത്തുന്നതും വെട്ടി ഒതുക്കി വെക്കുന്നതും, ആഭരണങ്ങൾ ധരിക്കുന്നതും ധരിക്കാത്തതും, അവർ ക്ലാസ്​ മുറികളിൽ എവിടെയിരിക്കണമെന്നും എവിടെയിരിക്കേണ്ട എന്നും തീരുമാനിക്കുന്നത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി നമുക്ക് എന്തുകൊണ്ട് കാണുവാൻ സാധിക്കുന്നില്ല. ഇതിലും ഏറെ വിചിത്രമാണ് സ്‌കൂളിലെ കുട്ടികളെ ആണെന്നും പെണ്ണെന്നും മാത്രം തരംതിരിച്ചു കൊണ്ട് യൂണിഫോമുകൾ അടിച്ചേൽപ്പിക്കുന്നത്. പെൺകുട്ടികൾ ആണെങ്കിൽ ആദ്യം പാവാടയും പിന്നീട് ചുരിദാറും അതിനു മുകളിൽ കോട്ടും, ആൺ കുട്ടികൾ ആണെങ്കിൽ ട്രൗസറൊ പാന്റ്‌സോ. ഇങ്ങനെയുള്ള തരംത്തിരിവിന് പുറത്തു നിൽക്കുന്നവർക്ക്,തന്റെ gender identity യിൽ ആശയക്കുഴപ്പമുള്ളവർക്ക് നമ്മുടെ സ്‌കൂളുകൾ എന്ത് ആത്മവിശ്വാസവും ഉറപ്പും കരുതലുമാണ് മുന്നോട്ടു വെക്കുന്നത്. അതിനും പുറമെ ഒരു പെൺകുട്ടി തനിക്ക് സ്‌കൂൾ കൽപ്പിച്ചു തന്ന ചുരിദാറിനെക്കാൾ ഇഷ്ടവും കൂടുതൽ സുഖകരമായതും (comfortable) ആയി തോന്നുന്നത് പാൻറ്സും​ ഷർട്ടും ആണെന്ന് തീരുമാനിച്ചാൽ എന്ത് ന്യായമാണ് സ്‌കൂളുകൾ അധികാരികൾക്ക് പറയുവാൻ സാധിക്കുക.

അധ്യാപകരുടെ മനോഭാവങ്ങൾ

അവസാനമായി, ഇത്തരം വിഷയങ്ങൾ അഭിസംബോധന ചെയ്യുന്നതിലും ക്ലാസ്​ മുറികളിൽ ചർച്ച ചെയ്യുന്നതിലും എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ അല്ലെങ്കിൽ comfortable ആണോ എന്നതാണ്. അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ നമ്മുടെ ഉള്ളിൽ ജീർണിച്ചു കിടക്കുന്ന ചില വികലമായ കാഴ്ചപ്പാടുകളാണ് പ്രശ്‌നം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടവരാണ് ലൈംഗിക വിഭ്യാഭ്യാസം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വനിതാ ശിശുക്ഷേമ വകുപ്പ് അധ്യക്ഷ നൽകിയ വാർത്തയുടെ ചുവട്ടിൽ ലൈംഗികചുവയുള്ള ഭാഷയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. എന്റെ ഒരു വിദ്യാർത്ഥി തന്റെ സുഹൃത്തുക്കളുമായി നിൽക്കുന്ന ഫോട്ടോ കണ്ടിട്ട് പ്ലസ് ടുവിന് അവനെ പഠിപ്പിച്ച മുൻ അധ്യാപിക വാട്​സ്​ആപ്പ്​ ഗ്രൂപ്പിൽ അഭിപ്രായം രേഖപ്പെടുത്തിയത് ഇങ്ങനെ: ‘നല്ലൊരു ചാൻസ് കിട്ടി അല്ലേ?'.

ഈ അധ്യാപിക ഫോട്ടോയിൽ കണ്ടത് ഒരാണിനെയും പെണ്ണിനേയും, അവൻ ഒരു പെൺകുട്ടിയുടെ തോളിൽ കയ്യിട്ടു കൂടെ ചേർത്ത് നിൽക്കുന്നതുമാണ്. അതിനപ്പുറം അവർ തമ്മിലുള്ള സൗഹൃദമോ അവരുടെ കൂടെ നിൽക്കുന്ന മറ്റു സുഹൃത്തുക്കളെയോ അല്ല എന്നത് അധ്യാപക സമൂഹത്തിനു തന്നെ നാണക്കേടാണ്. ഇത്തരം അഭിപ്രായം സമൂഹമാധ്യമത്തിൽ വിളിച്ചു പറയുന്ന അധ്യാപികയും മേല്പറഞ്ഞ വാർത്തക്ക് കീഴെ അഭിപ്രായം രേഖപെടുത്തിയവരും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല എന്നതാണ് യാഥാർഥ്യം.

അധ്യാപകർ മിക്കപ്പോഴും പറയുന്നത് സ്‌കൂളിൽ ഇത്തരത്തിൽ അരികുവൽക്കരിക്കപ്പെട്ടവർ ഇല്ല എന്നതാണ്. അതിലെ അപകടം നമ്മൾ കാണേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു trans student വന്നതിനു ശേഷം സ്‌കൂളിൽ മാറ്റങ്ങൾ കൊണ്ട് വരാം എന്ന് പറയുന്നതിലൂടെ നമ്മൾ നിഷേധിക്കുന്നത് നമുക്കിടയിൽ ലൈംഗികന്യൂനപക്ഷങ്ങളിൽ പെടുന്നവർ ഉണ്ട് എന്ന തിരിച്ചറിവാണ്. ഒരു trans student ന് പുറത്തുവരുവാൻ, അവരുടെ ഐഡൻറിറ്റി വെളിപ്പെടുത്തുവാൻ സഹായിക്കുന്ന അന്തരീക്ഷമാണോ നിലവിലെ സ്‌കൂളുകളിൽ ഉള്ളത് എന്ന് മേല്പറഞ്ഞ ആത്മപരിശോധനയിൽ നിന്നു നമ്മൾ മനസിലാക്കി കാണുമല്ലോ.

വിദ്യാഭ്യാസം കൊണ്ട് എക്കാലവും നമ്മൾ ആർജിക്കുവാൻ ശ്രമിക്കുന്ന ലക്ഷ്യം ശാക്തീകരണമാണ്, അല്ലാതെ തന്റെ കഴിവുകളെ അവനവനെ കുറിച്ചുള്ള ബോധത്തെ പരിമിതപ്പെടുത്തലല്ല. ഓരോ വിദ്യാർത്ഥിക്കും പ്രാപ്യമാവുന്ന ഒന്നാക്കി വിദ്യാഭ്യാസം മാറ്റുമ്പോൾ മാത്രമേ പൂർണ അർത്ഥത്തിലുള്ള gender inclusive സ്‌കൂളുകൾ നമുക്കുണ്ടാവുകയുള്ളു. വാർപ്പുമാതൃകകളുടെ അപകടത്തെ കുറിച്ച് മനസിലാക്കുവാനും വൈവിധ്യത്തെ ആഘോഷമാക്കാനും നമ്മുടെ സ്‌കൂളുകൾക്ക് സാധിക്കണം. പാഠ്യപദ്ധതിയിൽ ഓരോ വിദ്യാർത്ഥിക്കും തങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ അനുഭവിക്കുവാനും തിരിച്ചറിയുവാനും താദാത്മ്യം പ്രാപിക്കുവാനും ഉതകുന്നതാവണം.

(ആശയങ്ങൾക്ക് Pride Education Network നോട് കടപ്പാട് )

Comments