ഏതാനും മാസങ്ങൾക്ക് മുൻപ് ട്രൂ കോപ്പിയിൽ വന്ന അഭിമുഖത്തിൽ ഹിജാബ് ഇനി Political Weapon ആയിരിക്കും എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്നത് കർണാടകയിൽ പ്രത്യക്ഷ സത്യമാവുന്നു.
ഹിജാബ് ഇസ്ലാമിൽ നിർബന്ധമാണോ എന്നതിന് രണ്ടുതരം അഭിപ്രായങ്ങളുണ്ട്. ഖുർആനിൽ നബിപത്നിമാരെ അഭിസംബോധന ചെയ്തു കൊണ്ടാണ് ഹിജാബിനെക്കുറിച്ചു വിവരിക്കുന്നത്. നബിയെയും പത്നിമാരെയും അനുകരിക്കുന്നത് മുസ്ലിംകൾ ഐച്ഛികമായി കരുതുന്നതിന്റെ ഭാഗമായാവണം ഹിജാബ് ഇസ്‌ലാമികവത്കരിക്കപ്പെട്ടത്. ജൂത- ക്രിസ്ത്യൻ- ഹിന്ദു പാരമ്പര്യങ്ങളിലും തല മറയ്ക്കുന്ന സ്ത്രീ modestyയുടെ അടയാളമാണ്. മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഹിജാബ് മതപരമെന്നതിലുപരി സംസ്കാരത്തിന്റെ കൂടി ബഹിസ്ഫുരണമാണ്. പക്ഷെ, തട്ടമിട്ട സ്ത്രീയെ അടിച്ചമർത്തലിന്റെ ചിഹ്നമായി ചിത്രീകരിക്കുന്നതിൽ 1960 കളിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ട്. പാശ്ചാത്യ ആശയമനുസരിച്ച്
"മോഡേൺ' എന്നാൽ ജൂത ക്രിസ്ത്യൻ പാരമ്പര്യമുള്ള, പാശ്ചാത്യ വേഷധാരിയായ മുതലാളിത്ത-ജനാധിപത്യ സ്ത്രീ ചിഹ്നമാണ്. ആധുനിക സ്ത്രീയെന്ന "ബഹുമതി' നേടിയെടുക്കാൻ പൊതുവെ നമ്മുടെ സ്ത്രീകൾ കൈക്കൊള്ളുന്ന വസ്ത്രധാരണരീതി 19 - 20ാം നൂറ്റാണ്ടിലെ കോളനിവൽക്കരണം ഇറക്കുമതി ചെയ്തതാണ്.
11/9 ആക്രമണത്തിനുശേഷം ബുഷിന്റെ ഭരണകാലത്ത് ലോകമെമ്പാടും എത്തിപ്പെട്ട ‘വാർ ഓൺ ടെററിസം’ എന്ന ആസൂത്രിത പ്രചാരണത്തിൻ കീഴിൽ ഇസ്ലാമോഫോബിയയെ മറ്റെന്തിനേക്കാളും മുകളിൽ സ്ഥാപിച്ച് അമേരിക്ക കച്ചകെട്ടിയിറങ്ങിയത് ഇത്തരം വാദങ്ങളെക്കൂടി ന്യായീകരിക്കാനും പാശ്ചാത്യ കോളനിവൽക്കരണങ്ങളെ വെള്ള പൂശാനുമാണ്. അതുവഴി "ദി മോസ്റ്റ് സിവിലൈസ്ഡ് സൊസൈറ്റി' എന്ന ഇമേജ് പാശ്ചാത്യ രാജ്യങ്ങൾ സ്വയം നിർമിച്ചെടുത്തു. അതാവട്ടെ, തനത് ന്യൂനപക്ഷസാംസ്‌കാരിക ആവിഷ്കാരങ്ങളെ വിലകുറച്ചു കാണുന്നതിലേക്കും റേസിസത്തിലേക്കും പാശ്ചാത്യരെ വഴിനടത്തുന്നതായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തെ അടിമത്തത്തിന്റെയും വർഗീയ ആക്രമണങ്ങളുടെയും ഭീകരസത്വം നവമുതലാളിത്തത്തിന്റെ കീഴിൽ വീണ്ടും തലപൊക്കുന്നത് നമ്മൾ കണ്ടു.
ഗാന്ധിജി വസ്ത്രമഴിച്ചു മാറ്റിയും അംബേദ്‌കർ ദലിതർക്ക് നിഷിദ്ധമാക്കിയ വസ്ത്രം ധരിച്ചുമാണ് വേഷത്തെ സമരായുധമാക്കുന്നത്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം വിദേശവസ്ത്രങ്ങളെ കത്തിച്ചു കളഞ്ഞതുപോലെ വിദേശ സൗന്ദര്യസങ്കല്പങ്ങളോടുള്ള വിപ്രതിപത്തി സൂചിപ്പിക്കാൻ മിഡിലീസ്റ്റിൽ ഇസ്‌ലാമിക മൂല്യങ്ങൾ അംഗീകരിക്കാത്തവർ പോലും പരമ്പരാഗത വസ്ത്രങ്ങൾ ഇന്നും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
നബിയുടെ വരവിനുമുമ്പ് പൗരസ്ത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക അസമത്വങ്ങളെയും ലിംഗഅനീതിയെയും നിരീക്ഷിച്ചാൽ ഇസ്‌ലാം ഒരു പരിധിവരെ അവ മറികടക്കാൻ അവരെ സഹായിക്കുന്ന തരം ആശയസംഹിതയാണ് എന്നാണ് മനസ്സിലാവുന്നത്. ലൈല അഹമ്മദിന്റെ women and gender in Islam എന്ന പുസ്തകത്തിൽ ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ എത്രത്തോളം ഈ ആശയങ്ങളെ അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് അവർ assimilate ചെയ്തു എന്നത് സംശയാസ്പദമാണ്. ഇന്ന് ഇസ്‌ലാമിക രാജ്യങ്ങൾ എന്ന് സ്വയം identify ചെയ്യുന്ന രാജ്യങ്ങൾ അത്ര തന്നെ ഇസ്ലാമികമല്ല. patriarchyയുടെ ശബ്ദമാണ് അതിൽ കൂടുതലായി മുഴങ്ങിക്കേൾക്കുന്നത്. അതിനവർ ഇസ്ലാമിനെ കൂട്ടുപിടിക്കുന്നു, ക്രിസ്തു മതമോ ഹിന്ദു മതമോ മറ്റേതെങ്കിലും മതങ്ങളോ ഇതിൽ നിന്ന് വിഭിന്നമല്ല താനും.
തന്റെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചു ബോധ്യമുള്ള, എന്നാൽ ഒരു പ്രത്യേക മതമനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ അതിന്റെ ഭാഗമായി സ്വയം തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്ന "സ്ത്രീ’യ്ക്ക് ഇസ്‌ലാമിക രാജ്യങ്ങൾ അനുകൂലമല്ല.
അവർ അഭയാർത്ഥികളായോ വിദ്യാഭാസ-തൊഴിലവസരങ്ങൾക്കായോ പാശ്ചാത്യരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. അൾജീരിയ, മൊറോക്കോ, ടുണീഷ്യ എന്നീ നോർത്ത് ആഫ്രിക്കൻ പ്രവിശ്യകളിൽ നിന്ന് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുടെ ഒഴുക്ക് പ്രത്യക്ഷസത്യമാണ്. standford university press പ്രസിദ്ധീകരിച്ച Caitlin Killian ന്റെ North African woman in France- Gender, culture, identities എന്ന തന്റെ പുസ്തകത്തിൽ പൊതുവിടങ്ങളിൽ നിഖാബും (മുഖമറ) വിദ്യാഭാസ-തൊഴിൽ സ്ഥാപനങ്ങളിൽ ഹിജാബും (തട്ടം) നിരോധിച്ചു കൊണ്ടുള്ള , യൂറോപ്യൻ യൂണിയന്റെ അനുവാദത്തോടെ ഫ്രാൻസിൽ പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമം മുസ്ലിം സ്ത്രീകളെ ബാധിച്ചതെങ്ങനെയെന്നുള്ള അന്വേഷണത്തിന്റെ ഏറെനാളത്തെ ഗവേഷണഫലങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ആത്മാഭിനത്തിനേറ്റ മുറിവെന്നോണമാണ് ആ സ്ത്രീകൾ അതിനെ ഉൾക്കൊണ്ടത്.
വസ്ത്രധാരണത്തിൽ ലിബറലായ രാജ്യത്ത് എന്നാൽ, ബാഹ്യമായ ബലപ്രയാഗങ്ങളിലൂടെയല്ലാതെ ഹിജാബ് ധരിക്കുക (മുഖം മറച്ചോ അല്ലാതെയോ) എന്നത് സ്വയം തെരെഞ്ഞെടുപ്പാകുമ്പോൾ (ഇപ്പോൾ നമ്മൾ മാസ്ക് ധരിക്കുന്നു) അത് പാടില്ല എന്ന് പറയുന്നിടത്തു ശരികേടുണ്ട്. ഏതു വസ്ത്രവും ഇടാനും ഇടാതിരിക്കാനുമുള്ള വ്യക്തിപരമായ അവകാശത്തെ അതു നിരാകരിക്കുന്നുണ്ട്; തിരിച്ചറിയൽ, സുരക്ഷാപ്രതിസന്ധി എന്നിവ ഒരു പരിധി വരെ എതിർവാദമാകുമെങ്കിലും. ഒരു പരിധി വരെ എന്ന് പറഞ്ഞത് സൗദി പോലുള്ള, നിഖാബ് ധരിക്കുന്ന സ്ത്രീകൾ ഭൂരിപക്ഷമുള്ളിടത്ത് finger print, iris scan എന്നിവ കൊണ്ട് തിരിച്ചറിയൽ സാധ്യമാകുന്നുണ്ട് എന്ന് പറയാനാണ്.
‘How does it feels to be a problem in US?’ എന്ന മുസ്തഫ ബയൗമിയുടെ ലേഖനം ഇസ്ലമോഫോബിയ ഉണ്ടാക്കിയ അപരവത്കരണജീവിതം വിവരിക്കുന്നുണ്ട്. വാർത്താമാധ്യമങ്ങളിൽ കാണുന്ന വിചിത്ര ഭീകരവാദികളോട് തങ്ങളെ ചേർത്ത് കാണുന്നതിൽ സമൂഹം കാണിക്കുന്ന വ്യഗ്രത അങ്ങേയറ്റം അറപ്പുളവെക്കുന്നതാണ് എന്നാണ് Toqa Badran എന്ന കൊളംബിയ സർവകലാശാലാ വിദ്യാർത്ഥി ന്യൂയോർക് ടൈംസിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. ‘ശരീരഭാഗങ്ങൾ സമൂഹനിർബന്ധത്തിൽ ദൃശ്യമാകുന്നത് എന്നെ ആധുനീകരിക്കുകയോ ശാക്തീകരിക്കുകയോ ലിംഗസമത്വ ബോധമുണ്ടാക്കുകയോ ചെയ്യുന്നില്ല, മറിച്ച് ഞങ്ങളെ ഞങ്ങളായി അംഗീകരിക്കാൻ ലോകത്തൊരു സമൂഹവും പ്രാപ്തമല്ല എന്ന തിരിച്ചറിവാണ് തരുന്നത്’ എന്ന് യു.എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇൽഹാൻ ഉമർ പറയുമ്പോൾ അതിനെ ശരിവെക്കുകയാണ് ഹിജാബണിഞ്ഞ് ഒളിമ്പ്യൻ ഫെൻസെറായി പ്രത്യക്ഷപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ യുവതിയായ ഇബ്തിഹാജ് മുഹമ്മദ്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ തെരെഞ്ഞെടുത്ത ഇവരെ ആദരിച്ചുകൊണ്ട് ബാർബി കമ്പനി തട്ടമിട്ട പാവക്കുട്ടികളെ വിപണിയിലെത്തിക്കുകയുണ്ടായി. മെലിഞ്ഞു വെളുത്ത സ്വർണമുടിയുള്ള പാവക്കുട്ടികളെ മാത്രം നിർമ്മിച്ചു വിപണി കൊയ്ത കമ്പനിയായാണ് ബാർബി അറിയപ്പെടുന്നത്.
മുഖം കാണുമ്പോഴേ ഒരു മനുഷ്യനെ വിശ്വസിക്കാനാവൂ എന്നാണ് നമ്മുടെ പൊതുബോധ്യം. പൊതുവെ introvert ആയ മനുഷ്യർ അങ്ങനെ പബ്ലിക് സ്പേയ്സിൽ തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല.
ഇപ്പോഴത്തെ ഹിജാബ് വിഷയത്തിൽ പ്രതികരണമെന്നോണം കവി സൽമയുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത് അന്നത്തെക്കാലത്ത് ആരാലും തിരിച്ചറിയപ്പെടാതെ ബുർഖ ധരിച്ചു കോളേജുകളിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ തനിക്ക് ഉയർന്ന വിദ്യാഭാസം നേടാനായേനെ എന്നാണ്.
ആദ്യമായി ഹിജാബ് ധരിക്കാൻ പാടില്ലെന്ന് എന്നോട് ഒപ്പിട്ടു വാങ്ങുന്നത് നഴ്സിംഗ് കോളേജാണ്. പൊട്ടു തൊട്ടു വരാനോ, കുരിശിടാനോ അവിടെ വിലക്കുണ്ടായിരുന്നില്ല. അതിനും മുൻപേ ഹിജാബ് ഉപേക്ഷിച്ച വ്യക്തിയായതിനാലും അതൊരു പ്രകോപനമാകേണ്ട രാഷ്ട്രീയ അവസ്ഥ അന്നില്ലാതിരുന്നതിനാലും (2005) അതിൽ ഒപ്പിടാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പിന്നീട് ജോലിയിൽ പ്രവേശിക്കുമ്പോഴും അത്തരം നിബന്ധനകൾ ഉണ്ടായിരുന്നതു കൊണ്ട് മാത്രം ജോലിക്കു വരാത്ത സുഹൃത്തുക്കളെ ഞാനും വിമർശിച്ചിട്ടുണ്ട്. പിന്നീട് 2017ൽ ഹിജാബ് ഇട്ട് അറ്റൻഡ് ചെയ്ത ഇന്റർവ്യൂവിന്റെ അവസാനം ജോലിയിൽ ഇതനുവദിക്കില്ല എന്ന ആ പഴയ പ്രസ്താവനയിൽ ഒപ്പിടാൻ നിർബന്ധമുണ്ടായി. ആദ്യമായി "എന്തുകൊണ്ട്' എന്നെനിക്ക് തിരിച്ചു ചോദിയ്ക്കേണ്ടി വന്നു. കാരണം അന്നത്തെ രാഷ്ട്രീയ സാഹചര്യം അതായിരുന്നു, ആ പോസ്റ്റിനു വേണ്ടതിനേക്കാൾ കൂടുതൽ വിദ്യാഭാസയോഗ്യതയും അനുഭവപരിചയവും ഉണ്ടെന്ന ആത്മവിശ്വാസം കൂടി അന്നുണ്ടായിരുന്നു.
പിന്നീട് നടന്ന സംവാദത്തിനവസാനം ഹിജാബ് ഇടാനുള്ള അനുവാദവും അപ്പോയ്മെൻറ് ലെറ്ററും വാങ്ങിക്കൊണ്ടാണ് തിരിച്ചു പോയത്. അന്ധമായ അപരവൽക്കരണം മാത്രമാണ് അതിനു പിന്നിലുള്ളതെന്ന തിരിച്ചറിവ് കൂടിയായിരുന്നു എനിക്ക് ആ ഇന്റർവ്യൂ.
veiling, unveiling, reveiling എന്നീ അവസ്ഥകളിലൂടെ comfortable ആയി കടന്നുപോയ വ്യക്തിയെന്ന നിലയിൽ പറയട്ടെ, നിങ്ങൾ മുഖം കാണിക്കൂ എന്ന് മുഖം മറയ്ക്കാൻ ഇഷ്ടപ്പെടുന്ന സ്ത്രീയോട് നിർബന്ധബുദ്ധ്യാ ആവശ്യപ്പെടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാവും. ഉദാഹരണത്തിന് ആസിഡ് attack survivor നോട് നമുക്ക് ഇങ്ങനെ പറയാൻ കഴിയില്ല.
ഇന്റർസെക്ഷനാലിറ്റി എന്ന പദം - ലിംഗഭേദം, വംശം, വർഗം എന്നീ കാരണങ്ങളാൽ സ്ത്രീകൾ അനുഭവിക്കുന്ന "അടിച്ചമർത്തലുകൾ" ആദ്യം വിവരിച്ചത് 1989 ൽ കിംബർലെ വില്യംസ് ക്രെൻഷോ ആണ്. Westernism ഒരു മതമോ ആദർശമോ അല്ല, അതൊരു ചിന്താധാര മാത്രമാണ്. എല്ലാമതങ്ങളിൽ നിന്നുമുള്ള ആളുകൾ പലതോതിൽ അതിൽ നിന്ന് വേർപെട്ടു കൊണ്ട് നിർമ്മിച്ചെടുത്ത ആശയങ്ങൾ എന്ന് പറയാം. അതിനാൽ തന്നെ ഇസ്ലാമും പാശ്ചാത്യ സംസ്കാരവും രണ്ടുതട്ടിൽ വെച്ചു ചർച്ച ചെയ്യേണ്ട കാര്യമല്ല, അത് മുസ്ലിംകളുടെ അപരവൽക്കരണത്തിനു മാത്രമേ ഉതകൂ.1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലുമായി ഫെമിനിസം മൂന്നാം തരംഗത്തിലേക്ക് കടക്കുന്നത് ഈ ആശയങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ്. വംശീയവും സാംസ്കാരികവുമായ വ്യത്യസ്ത സ്വത്വമുള്ള സ്ത്രീകളെ ഉൾക്കൊണ്ടു കൊണ്ടുള്ള ഫെമിനിസം രൂപപ്പെടുത്താനുള്ള ശ്രമമാണ് അത് നടത്തുന്നത്.
ഇന്ന് സംഘപരിവാർ നടത്തുന്ന ആന്റി മുസ്ലിം കാമ്പയിനുകളുടെ ഭാഗം മാത്രമാണ് ഹിജാബ് വിരുദ്ധത. അത് യൂണിഫോമിനോടുള്ള കൂറല്ല എന്നത് പകൽവെളിച്ചമാണ്. അവിടെ ഹിജാബ് മതാന്ധതയുടെ ചിഹ്നമായല്ല, സമരായുധമായാണ് വായിക്കപ്പെടേണ്ടത്.
Reference:
1. Leila Ahmed, 1993, women and gender in Islam, Yale university press.
2. Susan M. Hartmann, 2013, The Other Feminists, Yale university press
3. Caitlin Killian, 2006,North African Women in France, Gender culture identities, Stanford university press.
4. Anderson Beckmann Alwazni, 2015, Muslim Women in America and Hijab-a study of empowerment, feminist identity and body image.
5. Arlene. E. Marleod, 1993, Accommodating Protest- working women, the new veiling and change in Cairo, Columbia University Press
6. The Great Divide: How Westerners and Muslims View Each Other, 2006, Pew Research Centre Report.