പ്രതിഫലത്തിലുള്ള അന്തരം കുറയ്ക്കണം,
നായകൻ തിരക്കഥയിൽ ഇടപെടരുതെന്ന് കരാർ വേണം- ഹേമ കമ്മിറ്റി ശുപാർശകൾ

സിനിമാമേഖലയിലെ ചൂഷണം തടയാൻ സമഗ്ര മാറ്റം ലക്ഷ്യമിട്ടുള്ള ശുപാർശകളാണ് ഹേമ കമ്മറ്റി സമർപ്പിച്ചത്.

News Desk

ലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ:

  • ലിംഗ സമത്വം ഉറപ്പാക്കി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുക. അതിന് ദി കേരള സിനിമ എംപ്ലോയേഴ്‌സ് ആൻഡ് എംപ്ലോയിസ് റെഗുലേഷൻ ആക്ടെന്ന് പേര് നൽകാം.

  • സിനിമാ മേഖലയിലെ പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ രൂപീകരിക്കുക. ട്രൈബ്യൂണലിന്റെ അധ്യക്ഷയായി റിട്ട. ഡിസ്ട്രിക്ട് ജഡ്ജിനെ നിയമിക്കുക. കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

  • സിനിമയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഉൾപ്പെടെ നിർമാതവുമായി കരാറിൽ ഒപ്പുവെക്കണം.

  • നായകൻ തിരക്കഥയിലും മറ്റും ഇടപെടരുതെന്ന് കരാറിൽ ഒപ്പ് വെക്കണം.

  • പ്രതിഫലം നൽകുന്ന കാര്യത്തിൽ നിലനിൽക്കുന്ന ലിംഗാടിസ്ഥാനത്തിലുള്ള അന്തരം കുറക്കുക. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പുവരുത്തുക. വേതനം ബാങ്ക് വഴി നൽകുക.

  • ഒരേ അധ്വാനം, കഴിവ്, ഊർജം, സമയം എന്നിവ ചെലവിടുന്ന നടീനടന്മാർ ഒരേ അനുഭവ പരിചയമുള്ളവരാണെങ്കിൽ തുല്യ പ്രതിഫലം നൽകുക.

  • അസി. ഡയറക്ടറുമാർക്ക് കഴിവും അനുഭവ പരിചയവും കണക്കാക്കി പ്രതിഫലം നൽകുക.

2019-ല്‍ ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുന്നു.
2019-ല്‍ ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുന്നു.

  • പ്രീ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും തൊഴിലായി അംഗീകരിക്കണം.

  • മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സെറ്റിൽ അനുവദിക്കില്ലെന്ന നിർമാതാക്കൾ തീരുമാനിക്കണം.

  • ക്രിമിനൽ കുറ്റം നടന്നിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

  • സിനിമയിലെ തീരുമാനമെടക്കുന്ന സമിതികളിൽ 50 ശതമാനം സ്ത്രീകളുണ്ടായിരിക്കണം.

  • സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച വനിതാ നിർമാതാവ്, സംവിധായിക, ക്യാമറ വുമൺ, വനിതാ തിരക്കഥാകൃത്ത് പുരസ്കാരങ്ങൾ ഏർപ്പെടുത്തണം.

  • കുടുംബശ്രീ മാതൃകയിലുള്ള കൂട്ടായ്മകൾ രൂപീകരിക്കണം.

  • എല്ലാ ജില്ലകളിലെയും സർക്കാർ കോളേജുകളിൽ ചലച്ചിത്രപഠനം ഐച്ഛിക കോഴ്സായി അവതരിപ്പിക്കുകയും അത്തരം കോഴ്സുകൾ പഠിക്കുന്ന സ്ത്രീകൾക്ക് ഫീസിളവുകളും സ്കോളർഷിപ്പുകളും നൽകുകയും ചെയ്യാം.

  • എല്ലാ കോളേജുകളിലും പെൺകുട്ടികൾക്കായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കണം, അവിടെ അവർക്ക് ആശയങ്ങൾ പങ്കിടാനും പരസ്പരം പിന്തുണയ്ക്കാനും കഴിയും.

  • സേവനങ്ങളുടെയും വേതനത്തിന്റെയും നിബന്ധനങ്ങളും വ്യവസ്ഥകളും വ്യസ്ഥ ചെയ്യുന്ന രേഖാമൂലമുള്ള കരാർ ഉണ്ടാക്കുക. അതുവഴി പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സാധിക്കും.

  • സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിനും എല്ലാവർക്കും ബഹുമാനവും അന്തസ്സും ഉറപ്പാക്കുന്നതിനും ലിംഗ ബോധവൽക്കരണത്തിൽ നിർബന്ധിത, അടിസ്ഥാന ഓൺലൈൻ പരിശീലനം

  • പ്രസവം അല്ലെങ്കിൽ ശാരീരിക അവശതകൾ കാരണം ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുന്ന സ്ത്രീകൾക്കായി ഒരു ക്ഷേമനിധി രൂപീകരിക്കുക. കൂടാതെ, സിനിമാ രംഗങ്ങൾ ലിംഗപരമായ അനീതിയെയോ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയോ മഹത്വവത്കരിക്കരുത്.

  • സ്ത്രീകൾക്ക് ശരിയായ താമസസൗകര്യം ഉറപ്പാക്കുക.


ദി കേരള സിനിമ എംപ്ലോയേഴ്‌സ് ആൻഡ് എംപ്ലോയീസ് (റെഗുലേഷൻ) ആക്ടിൽ ഉൾപ്പെടുത്തേണ്ട മറ്റ് പ്രധാന വ്യവസ്ഥകൾ :

സിനിമയിൽ സ്ത്രീകൾക്കെതിരെ ഏതെങ്കിലും വ്യക്തി നടത്തുന്ന നിയമവിരുദ്ധവും ആക്ഷേപകരവുമായ വിവിധ പ്രവൃത്തികൾ നിരോധിക്കുന്ന വ്യവസ്ഥകൾ നിയമത്തിൽ അടങ്ങിയിരിക്കണം, കൂടാതെ പിഴയോ നഷ്ടപരിഹാരമോ നൽകി കുറ്റവാളിയെ ശിക്ഷിക്കുകയും വേണം.

  • ട്രൈബ്യൂണലിന്റെ വിധി അന്തിമമായിരിക്കും, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയുള്ള പുനരവലോകനത്തിന് വിധേയമായിരിക്കും.

  • ട്രൈബ്യൂണലിനകത്ത് പരാതി നൽകുന്നയാളുടെ താൽപര്യപ്രകാരം ഒരു കൗൺസിലർ, മെഡിറ്റേറ്റർ, ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്കാർട്ടിസ്റ്റ്, നിയമവിദഗ്ദൻ എന്നിവരെ ഉൾപ്പെടുത്തിയിരിക്കണം.

  • പ്രസക്തമായ എന്തെങ്കിലും വിവരങ്ങൾ പരിശോധിക്കാനും വിവേകപൂർവം അന്വേഷിക്കാനും അന്വേഷണത്തിന് പ്രസക്തമെന്ന് ട്രിബ്യൂണൽ കണ്ടെത്തുന്ന ഏതൊരു വസ്തുതയും റിപ്പോർട്ട് ചെയ്യാനും ഏതൊരു വ്യക്തിയെയും നിയമിക്കാനും ട്രൈബ്യൂണലിന് അധികാരമുണ്ടായിരിക്കും.

  • ഒരു തർക്കം ഉടലെടുക്കുകയും ട്രൈബ്യൂണലിന് മുമ്പാകെ ഒരു പരാതിയോ ഹർജിയോ സമർപ്പിക്കുകയും ചെയ്യുമ്പോൾ, ട്രൈബ്യൂണൽ ആദ്യപടിയായി ഒത്തുതീർപ്പ്, കൗൺസിലിംഗ്, അനുരഞ്ജനം അല്ലെങ്കിൽ മധ്യസ്ഥത എന്നിവയിലൂടെ തർക്കം പരിഹരിക്കാൻ കഴിയുമോ എന്ന് നോക്കും. കക്ഷികൾ തമ്മിലുള്ള യഥാർത്ഥ തർക്കത്തിലേക്ക്, അതായത് ആരോപണങ്ങൾ ഒരു കുറ്റകൃത്യമാണോ അല്ലയോ അല്ലെങ്കിൽ അത് പോഷ് ആക്ടിന്റെയോ മറ്റേതെങ്കിലും പ്രത്യേക നിയമങ്ങളുടെയോ കീഴിൽ വരുമോ എന്ന് പരിഗണിക്കാതെ, ട്രൈബ്യൂണലിന് തന്നെ ഒരു പ്രശ്നം പരിഹരിക്കാനോ മധ്യസ്ഥത വഹിക്കാനോ അനുരഞ്ജനം നടത്താനോ ശ്രമിക്കാം.

  • പ്രായപൂർത്തിയാകാത്തവർക്കെതിരെ നടക്കുന്ന ഏതെങ്കിലും ലൈംഗിക കുറ്റകൃത്യം കൈകാര്യം ചെയ്യാൻ ട്രിബ്യൂണലിന് അധികാരമുണ്ടാകില്ല

  • ട്രൈബ്യൂണലിന് മുമ്പാകെ ഒരു ഹർജിയോ പരാതിയോ ഫയൽ ചെയ്താലും, പ്രശ്നങ്ങൾക്ക് പതിവ് പരിഹാരം തേടാൻ ഒരു വ്യക്തിക്കും മറ്റേതെങ്കിലും ഫോറത്തിനും തടസ്സമുണ്ടാകില്ല. പരിഹാര ട്രൈബ്യൂണലിന് മുമ്പാകെ ഈ വിഷയം പരിഗണിക്കുന്നത് കോടതിയുടെ പരിഗണനയ്ക്ക് തുല്യമാകില്ല.

  • ട്രൈബ്യൂണലിൽ പരാതി നൽകുന്നവരുടെ പേര് വിവരങ്ങൾ മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കാൻ പാടില്ല.

  • ഏതെങ്കിലും വ്യക്തി, പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വ്യക്തിവിവരങ്ങൾ പുറത്തുവിടുകയാണെങ്കിൽ അത് ചെയ്യുന്ന വ്യക്തിക്കെതിരെ ട്രിബ്യൂണലിന് പിഴ ചുമത്താം. അത് ഒരു ലക്ഷം രൂപ വരെയാകാം. മിനിമം തുക 10000 രൂപയായി നിജപ്പെടുത്താം.

Comments