നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ, യൂണിവേഴ്സിറ്റിക്ക് എന്തിനാണ് ഈ ട്രാൻസ് ജെൻഡർ പോളിസി ?

ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കപ്പെട്ട കേരളത്തില്‍ ഒമ്പത് വര്‍ഷത്തിനിപ്പുറവും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യേണ്ടിവരികയാണ്. തങ്ങള്‍ക്കനുഭവിക്കാന്‍ സാധിക്കാതെ രേഖകളില്‍ മാത്രം ഒതുങ്ങാനാണെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരു പോളിസിയെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ട്രാന്‍സ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് കോളേജിലെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ നിര്‍ബന്ധ അറ്റന്‍ഡന്‍സില്‍ രണ്ടു ശതമാനം ഇളവ് നല്‍കാനുള്ള യൂണിവേഴ്‌സിറ്റി തീരുമാനം വലിയ സ്വീകാര്യത നേടിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കും മറ്റുമായി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളെയും മറ്റും പരിഗണിച്ചുകൊണ്ട് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായത് പ്രശംസനീയമാണ്. പക്ഷേ അറ്റന്‍ഡന്‍സില്‍ ഇളവ് നല്‍കിയതുകൊണ്ട് മാത്രം അവസാനിക്കുന്നതാണോ യൂണിവേഴ്‌സിറ്റിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍? അല്ല എന്നു തന്നെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും അഫിലിയേറ്റഡ് കേളേജുകളിലും പഠിച്ചുകൊണ്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പറയുന്നത്. 2019 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നിലവില്‍ വന്നെങ്കിലും നാലുവര്‍ഷത്തിനിപ്പുറവും പോളിസിയില്‍ പറയുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ഥികള്‍ നേരിട്ട് നിവേദനം നല്‍കിയിട്ടും പരിഹാരങ്ങളുണ്ടായിട്ടില്ല.

രേഖകളില്‍ മാത്രം ഒതുങ്ങുന്ന ട്രാന്‍സ് പോളിസി

2015ല്‍ രാജ്യത്ത് തന്നെ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ സര്‍വ്വേയില്‍ ഏകദേശം അന്‍പത്തെട്ട് ശതമാനത്തിലധികം ട്രാന്‍സ്ജെന്‍ഡര്‍/ഇന്റര്‍സെക്സ്/ജെന്‍ഡര്‍ അനുരൂപമല്ലാത്ത സമൂഹവിഭാഗങ്ങളെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കളിയാക്കലുകളും അവഗണനകളും സഹിക്കാനാകാതെ പഠനം ഉപേക്ഷിച്ച് പോകുന്നതായി കണ്ടെത്തിയിരുന്നു. ഈ സ്ഥിതിയെ മറിടകടക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടി.ജി. പോളിസി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 29.04.2019 ന് ഒരു കമ്മിറ്റി രൂപീകരിക്കുകയും പോളിസി നടപ്പിലാക്കുകയും ചെയ്തിരുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും പ്രാതിനിധ്യം വിപുലീകരണത്തിനാവശ്യമായ സാഹചര്യങ്ങളൊരുക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ട്രാന്‍സ്‌ജെന്‍ഡര്‍/ ഇന്റര്‍സെക്‌സ്/ മറ്റു ലിംഗഭേദത്തിലുളള വിദ്യാര്‍ഥികള്‍ക്ക് വിവേചനരഹിതമായ പഠനത്തിന് ആവശ്യമായ പിന്തുണയും അനുകൂലമായ അന്തരീക്ഷവും സൃഷ്ടിക്കാന്‍ യൂണിവേഴ്‌സിറ്റി ബാധ്യസ്ഥരാണെന്നും പോളിസിയില്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് വിവേചനരഹിതമായ അക്കാദമിക് സൗകര്യമുറപ്പിക്കുക, വിദ്യാര്‍ഥി യൂണിയനിലും എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റിയിലും തുല്യ അവസരം നല്‍കുക, ലബോറട്ടറികള്‍, ഹോസ്റ്റലുകള്‍ കളിസ്ഥലങ്ങള്‍, ലൈബ്രറികള്‍, ടോയ്ലറ്റുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ കാമ്പസിലെ എല്ലാ സൗകര്യങ്ങളിലും തുല്യ പ്രവേശനം അനുവദിക്കുക, പഠനത്തില്‍ പ്രത്യേക പിന്തുണ നല്‍കാന്‍ ഫെലോഷിപ്പുകള്‍ നല്‍ക്കുക, കോളേജ് പ്രവേശനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ക്വാട്ട ഉള്‍പ്പെടുത്തുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പോളിസിയില്‍ പരാമര്‍ശിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും ട്രാന്‍സെജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ എം.കോം ഇന്റര്‍നാഷണല്‍ കോഴ്സ് വിദ്യാര്‍ഥിയും ട്രാൻസ് വുമണുമായ അനാമിക പറയുന്നത്:

അനാമിക

'''2022 -2023 അധ്യയന വര്‍ഷത്തിലാണ് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പി.ജിക്ക് ചേരുന്നത്. ഡിഗ്രി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് ചെയ്തിരുന്നത്. ഡിഗ്രി പഠന കാലയളവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെന്ന നിലയില്‍ ഞാന്‍ നേരിടുന്ന പ്രശ്‌നങ്ങളെ സൂചിപ്പിച്ചാല്‍ അത് എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ തക്ക നടപടികള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അധികൃതര്‍ സ്വീകരിച്ചിരുന്നു. പക്ഷേ യൂണിവേഴ്സിറ്റിയില്‍ നിന്ന് അത്തരം ഇടപെടലുകളുണ്ടായിട്ടില്ല. സ്‌കോളര്‍ഷിപ്പ് തുക സംബന്ധിച്ച വുഷയത്തിലും ടോയ്‌ലറ്റ് സൗകര്യമില്ലാത്തതു പോലുള്ള ഗൗരവതരമായ പ്രശ്‌നങ്ങളില്‍ പോലും പരിഹാരം കാണാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അറ്റന്‍ഡന്സി‍ല്‍ ഇളവു നല്‍കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. അതിനു പിറകെയും ഒരുപാട് നടക്കേണ്ടി വന്നിട്ടുണ്ട്. അറ്റന്‍ഡന്‍സില്‍‍ ഇളവു നല്‍കിയതുപോലെ തന്നെ ഞങ്ങള്‍ സൂചിപ്പിച്ചുള്ള മറ്റു പ്രശ്‌നങ്ങളിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ശ്രമിക്കേണ്ടതുണ്ട്.'' പ്രധാനമായും ഏഴ് അടിസ്ഥാന പ്രശ്‌നങ്ങളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രാന്‍സ് വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്നത്

1. ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റിയില്‍ അഡ്മിഷനെടുക്കാനാവുന്നില്ല

കാലിക്കറ്റ് സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ട്രാന്‍സ്ജെന്‍ഡര്‍ ക്വാട്ടയിലാണ് വിദ്യാര്‍ഥികള്‍ പ്രവേശിക്കുന്നതെങ്കിലും ടി.ജി കാര്‍ഡിലെ ഐഡന്റിറ്റി ഉപയോഗിച്ച് ഇവര്‍ക്ക് അഡ്മിഷനെടുക്കാനാകില്ല. നിലവില്‍ പഴയ പേരിലും ഐഡന്റിറ്റിയിലും തന്നെയാണ് ഇവര്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഡിഗ്രി- പി.ജി കാലഘട്ടത്തിലുടനീളം ഈ പഴയ പേരില്‍ തന്നെയാണ് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തപ്പെടുന്നത്. അറ്റന്‍ഡന്‍സ് രജിസ്റ്ററിൽ മുതല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഈ പഴയ പേരു തന്നെയാണുള്ളത്. പുതിയ ജെന്‍ഡര്‍ ഐഡന്റിറ്റിയില്‍ വോട്ടേഴ്സ് ഐ.ഡിയും ആധാര്‍ കാര്‍ഡുമെല്ലാം സ്വന്തമായി ഉണ്ടായിട്ടും വീണ്ടും പഴയ ഐഡന്റിറ്റിയല്‍ തന്നെ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ വ്യക്തമായ ലംഘനമാണ് കാണിക്കുന്നത്.

നിഹാന നസീം

''നമ്മുടെ ജെന്‍ഡര്‍ സ്വത്വം തിരിച്ചറിഞ്ഞ് പുതിയ മനുഷ്യരായി നാം ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അനേകം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. അവയോടൊക്കെ ചെറുത്തുനില്‍ക്കണമെങ്കില്‍ വിദ്യാഭ്യാസവും ജോലിയും അത്യാവശ്യമാണ്. അതിന് വേണ്ടിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ചേതന കോളേജില്‍ ഞാന്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നത്. പക്ഷേ ഇവിടുത്തെ അഡ്മിഷന്‍ പ്രക്രിയകള്‍ മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയെന്ന വിവേചനത്തെ ഞാന്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു. കോളേജുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും എന്റെ പഴയ പേര് തന്നെയാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ട്രാന്‍സ്ജെന്‍ഡര്‍ കാര്‍ഡിലുളള എന്റെ പുതിയ പേര് യൂണിവേഴ്‌സിറ്റി രജിസ്റ്ററില്‍ ചേര്‍ക്കാനുള്ള ഓട്ടത്തിലായിരുന്നു. എല്ലാ പ്രൂഫുകളും സബ്മിറ്റ് ചെയ്തിട്ടും ഫലമുണ്ടായില്ല. ഇന്നും കോളേജില്‍ പലരും എന്നെ പഴയ പേര് വിളിച്ച് കളിയാക്കാറുണ്ട്. എനിക്കിതൊന്നും വെറും പേരിന്റെ പ്രശ്‌നം മാത്രമല്ലല്ലോ, എന്റെ ജീവിതത്തിന്റെ പ്രശ്‌നമാണ്. ഇതിന് പുറമെ ഹോസ്റ്റലില്‍ റൂം അനുവദിക്കാത്തതും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തതുമെല്ലാം എന്നെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. ആരുടെയും പിന്തുണയില്ലാതെയാണ് പഠിക്കാന്‍ ചേര്‍ന്നത്. ഇനിയും ഈ കുത്തുവാക്കുകളും കളിയാക്കലുമെല്ലാം കേട്ട് തുടര്‍ന്നുപോകാനാകുമെന്ന് തോന്നുന്നില്ല, പഠനം നിര്‍ത്തിയാലോയെന്ന ചിന്തയിലാണ് ഞാന്‍''

തൃശൂരിലെ ചേതന കോളേജിലെ മൂന്നാം വര്‍ഷ ബി.എ. ജേണലിസം വിദ്യാര്‍ഥിയും ട്രാന്‍സ് വുമണുമായ നിഹാന നസീം പഠനവുമായി മുന്നോട്ടുപോകാന്‍ വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കുകയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് തുല്യ പ്രവേശനം നല്‍ക്കുകയും ചെയ്ത ഒരു സംസ്ഥാനത്താണ് നിഹാനയക്ക് ഈ ആശങ്ക പങ്കുവെക്കേണ്ടി വരുന്നത്. അഡ്മിഷനിലെ പ്രതിസന്ധിയെക്കുറിച്ച് ചേതന കോളേജ് പ്രിന്‍സിപ്പിള്‍ ഡോ.ബെന്നി ബെനഡിക്റ്റിനോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അഡ്മിഷന്‍ പ്രൊസിജറിന്റെ സമയത്ത് ടി.ജി കാര്‍ഡ് സബമിറ്റ് ചെയ്യാത്തതാണ് പഴയ ഐഡന്റിറ്റിയില്‍ തന്നെ അഡ്മിഷന്‍ നല്‍കാനുള്ള കാരണമായി പറയുന്നത്. പിന്നീടാണ് നിഹാന ടി.ജി കാര്‍ഡ് സബ്മിറ്റ് ചെയ്തെന്നും പുതിയ ഐഡന്റ്റ്റിയില്‍ പ്രകാരം രജിസ്റ്ററില്‍ പേരു മാറ്റാനുള്ള നടപടികള്‍ പുർത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.

2. ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലും കോണ്‍ടാക്ട് പേഴ്‌സണിനെയും നിയമിച്ചിട്ടില്ല

പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഒരു ടി.ജി സെല്‍ സ്ഥാപിക്കണമെന്ന് പോളിസിയില്‍ എടുത്തുപറയുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡറെന്ന നിലയില്‍ ക്യാമ്പസില്‍ അനുഭവിക്കുന്ന വിവേചനം, റാംഗിങ്ങ്, അതിക്രമങ്ങള്‍, വാക്കാലുള്ള അധിക്ഷേപങ്ങള്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഒരു മാസത്തിനകം അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ടി.ജി സെല്ലിന് ഉത്തരവാദിത്തമുണ്ട്. കോളേജുകളില്‍ സ്ഥാപന മേധാവിക്കാണ് സെല്‍ രൂപീകരിച്ച് നയം നടപ്പാക്കാനുള്ള ചുമതലയുള്ളത്. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ഇത്തരത്തിലൊരു ടി.ജി. സെല്‍ രൂപീകരിക്കപ്പെട്ടിട്ടില്ല. യൂണിവേഴ്സിറ്റി സൈറ്റില്‍ പോലും രണ്ട് ജെന്‍ഡര്‍ സെല്ലുകളെക്കുറിച്ച് മാത്രമേ പരാമര്‍ശിക്കുന്നുള്ളു. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എവിടെയാണ് പരാതിപ്പെടേണ്ടതെന്ന് ഇന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് അറിയില്ല. ഇതിനെക്കുറിച്ച് സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രശ്നങ്ങളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ ഒരു കേണ്‍ടാക്ട് പേഴ്സണെ നിയമിച്ചിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഈ കോണ്‍ടാക്ട് പേഴ്‌സണ്‍ ആരാണെന്നോ അവരുമായി എങ്ങനെ ബന്ധപ്പെടണമെന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ വിദ്യാര്‍ഥികളെ ഇതുവരെ അറിയിച്ചിട്ടില്ല. കോണ്‍ടാക്ട് പേഴ്‌സണ്‍ ഇതുവരെ ഇവരുമായി സംവദിക്കുകയോ നേരിടുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയോ ചെയ്തിട്ടില്ല.

3. കലാമത്സരങ്ങളില്‍ ഉള്‍പ്പടെയുള്ള യൂണിവേഴ്‌സിറ്റി അപേക്ഷകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോളങ്ങളില്ല

2019 ലെ പോളിസി പ്രകാരം ആണ്‍, പെണ്‍ എന്നീ ജെന്‍ഡറുകളോടൊപ്പം തന്നെ ട്രാന്‍സ്ജെന്‍ഡറുകളെയും പ്രത്യേകം കാറ്റഗറിയായി യൂണിവേഴ്‌സിറ്റി രേഖകളില്‍ ഉള്‍പ്പെടുത്തണമെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. മറ്റ് ജെന്‍ഡറിലുള്ള വിദ്യാര്‍ഥികളെ പോലെ തന്നെ എല്ലാ മേഖലയിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരവും വാദ്ഗാനം ചെയ്തിട്ടുണ്ട്. പക്ഷേ യൂണിവേഴ്സിറ്റിയിലെ പല അപേക്ഷകളിലും ഇപ്പോഴും ആണ്‍-പെണ്‍ കോളങ്ങള്‍ മാത്രമേയുള്ളുവെന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പറയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി കായികമത്സരങ്ങളും അത്‌ലറ്റിക് മീറ്റുകളും നടത്തുന്നുണ്ടെങ്കിലും കലാമത്സരങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സാധിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ആണ്‍-പെണ്‍ കാറ്റഗറിയില്‍ ഏതെങ്കിലും ഒന്നില്‍ ചേരാനാണ് ആവശ്യപ്പെടാറുള്ളത്. കലോത്സവങ്ങളില്‍ എല്ലാ ഇനങ്ങളിലും ആണ്‍-പെണ്‍ വിഭാഗങ്ങളെ മാത്രമേ കാണാനാകൂവെന്നും ട്രാന്‍സെന്ന ക്യാറ്റഗറി മിക്ക ഇനങ്ങളിലും കാണാനാകില്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നു. ട്രാന്‍സ് വുമണായ റിയ ഇഷ ഫോക്ക്‌ലോര്‍ വിഭാഗത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയില്‍ നേരത്തെ മത്സരിച്ചിരുന്നെങ്കിലും തുടര്‍ന്നും കലാമത്സരങ്ങളില്‍ ഈ പ്രാതിനിധ്യം തുടര്‍ന്നുപോകാന്‍ സാധിച്ചിട്ടില്ല. എം.ജി. യൂണിവേഴ്സ്റ്റിയിലെ കലോല്‍സവങ്ങളില്‍ കലാതിലകം, കലാപ്രതിഭ, എന്നിവയോടൊപ്പം തന്നെ ട്രാന്‍സ്ജെന്‍ഡേഴ്സില്‍ നിന്ന് പ്രതിഭാതിലകം അവാര്‍ഡിനായി പ്രത്യേകം കാറ്റഗറികളുണ്ട്. പക്ഷേ അത് ഇതുവരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മത്സരങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല

4. സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നില്ല

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ പിന്തുണ നല്‍കുന്നതിന് സ്‌കോളര്‍ഷിപ്പ് തുക കൃത്യമായി നല്‍കണമെന്ന് പോളിസിയില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ മൂന്ന് വിദ്യാര്‍ഥികളാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്, അവര്‍ക്ക് പോലും വേണ്ടത്ര സാമ്പത്തിക പിന്തുണ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. പോളിസിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കേണ്ട സ്റ്റൈപെന്റിനെയും സ്‌കോളര്‍ഷിപ്പിനെയും കുറിച്ചെല്ലാം പരാമര്‍ശിക്കുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ക്വാട്ടയില്‍ അഡ്മിഷനെടുത്തിട്ടും സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് സെല്‍ഫ് ഡിക്ലേര്‍ ചെയ്യണമെന്ന തരത്തിലുള്ള വിചിത്രമായ പെരുമാറ്റങ്ങളാണ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് നേരിടാറുള്ളതെന്നാണ് അനാമിക പറയുന്നത്.

5. ട്രാന്‍സ്ജെന്‍ഡേഴ്‌സിന് പ്രത്യേക ടോയ്ലറ്റ് സൗകര്യമില്ല

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയിലും യു.ജി.സി ഗൈഡ് ലൈനിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റ് നിര്‍മ്മിച്ച് നല്‍കണമെന്ന് പരാമര്‍ശിക്കുന്നുണ്ട്. എല്ലാ ക്യാമ്പസുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാഷ്‌റൂമും വിശ്രമമുറിയും നല്‍കണമെന്നും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കാലിക്കറ്റിന് കീഴിലുള്ള മിക്ക കോളേജുകളിലും ഇതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തിയിട്ടില്ല.

6 ഹോസ്റ്റലുകളില്‍ റൂം അനുവദിച്ച് കിട്ടുന്നില്ല

വ്യവസ്ഥാപിതമായ കുടുംബ സമ്പ്രദായങ്ങളില്‍ ട്രാന്‍സ് സ്വത്വം വെളിപ്പെടുത്തി ജീവിക്കുകയെന്നത് പ്രയാസകരമാണ്. ട്രാന്‍സ് സ്വത്വം വെളിപ്പെടുത്തുന്നതോടെ മിക്കവരും വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയോ വീടുവിട്ടിറങ്ങുകയോ ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സാഹചര്യം ഉറപ്പുവരുത്തുന്ന രീതിയില്‍ കോളേജ് ഹോസ്റ്റല്‍ സൗകര്യമൊരുക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കോളേജുകളില്‍ പൊതുവെ ആണ്‍-പെണ്‍ ഹോസ്റ്റലുകള്‍മാത്രമുള്ളത് കൊണ്ട് ഇവരെ ഏത് ഹോസ്റ്റലില്‍ താമസിപ്പിക്കുമെന്നതിനെ സംബന്ധിച്ച് ധാരണകളുണ്ടായിട്ടില്ല.

ചേതന കോളേജില്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ പ്രവൈറ്റ് ഹോസ്റ്റലാണിലാണ് വിദ്യാര്‍ഥികളെ താമസിപ്പിക്കുന്നത്. നിഹാനയെപോലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് റൂം നല്‍കാന്‍ ഈ ഹോസ്റ്റലിന്റെ അധികൃതര്‍ തയ്യാറാകുന്നില്ല. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവടക്കം വിളിച്ച് റെക്കമന്‍ഡ് ചെയ്തിട്ടും നിഹാനക്ക് റൂം അനുവദിക്കാന്‍ വാര്‍ഡന്‍ തയ്യാറായിട്ടില്ല.

7. ജെന്‍ഡര്‍ സെന്‍സിറ്റിവ് ക്ലാസ്സുകള്‍ നല്‍കുന്നില്ല

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതോടൊപ്പം തന്നെ അവരുമായി ഇടപെടുന്ന വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്റ്റാഫിനും പ്രത്യേകം ജെന്‍ഡര്‍ സെന്‍സിറ്റീവ് ക്ലാസ്സുകള്‍ നല്‍കണമെന്നും പോളിസിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രകിയുടെ ഭാഗമായും ഹോര്‍മോണ്‍ വേരിയേഷന്റെ ഭാഗമായും കടുത്ത വിഷാദത്തിലൂടെയും മൂഡ് സ്വിംഗ്സിലൂടെയുമെല്ലാം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ കടന്നുപോകുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കൂടെയുള്ളവരുടെ പിന്തുണ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സംബന്ധിച്ച് ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ബോധവത്ക്കരണം നല്‍കേണ്ടത് സര്‍വകലാശാലയുടെ ഉത്തരവാദിത്തമാണെന്നും പോളിസിയില്‍ പറയുന്നുണ്ട്. അധ്യാപക പരിശീലന പരിപാടിയില്‍ പോലും ഇതുള്‍പ്പെടത്തമെന്നും പറയുന്നുണ്ട്. എന്നാല്‍ ഇത്തരം ജെന്‍ഡര്‍ സെന്‍സിറ്റീവ് ക്ലാസ്സുകള്‍ നല്‍കാന്‍ സര്‍വകലാശാല മുന്‍കൈയ്യെടുക്കാറില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ജെന്‍ഡര്‍ സെന്‍സിറ്റീവ് ക്ലാസ്സുകള്‍ നല്‍കിയതെന്നും വേണ്ടത്ര പ്രാധാന്യം നല്‍കാത്തതുകൊണ്ട് വളരെ ചരുങ്ങിയ വിദ്യാര്‍ഥികളും ഒരു അധ്യാപകനും മാത്രമേ ക്ലാസ്സില്‍ പങ്കെടുത്തിരുന്നുള്ളുവെന്നുമാണ് അനാമികയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലൊന്നും ട്രാന്‍സ്ജെന്‍ഡര്‍ പോളിസി പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുതയെന്നും പോളിസി നടപ്പിലാക്കാന്‍ ഇവര്‍ ഇടപെടലുകളൊന്നും നടത്തുന്നില്ലെന്നുമാണ് തൃശൂരിലെ കേരള വര്‍മ്മ കോളേജിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയും ട്രാന്‍സ് വുമണുമായ വേദ വാസുദേവന്‍ പറയുന്നത്

വേദ വാസുദേവന്‍

'' കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ പഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങള്‍ മൂന്നുപേരും പരാതികളും നിവേദനങ്ങളുമെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഉള്‍ക്കൊള്ളാനോ പരിഹാരിക്കാനോ ഇവര്‍ ശ്രമിച്ചിട്ടില്ല. വൈസ് ചാന്‍സലറുമായി നേരിട്ട് തന്നെ ഇതിനെ സംബന്ധിച്ച് സംസാരിച്ചിരുന്നു. പക്ഷേ അറ്റന്‍ഡന്‍സ് പ്രശ്നത്തിനൊഴികെ മറ്റുള്ള കാര്യങ്ങളിലൊന്നും നടപടികളുണ്ടായില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് വിവേചനരഹിതമായി പഠിക്കാന്‍കഴിയുന്ന രീതിയില്‍ ക്യാമ്പസുകള്‍ മാറ്റിയെടുക്കുകയെന്നത് വലിയ കാര്യമാണ്. ഞങ്ങളെല്ലാം പലവിധത്തിലുള്ള ചൂഷണങ്ങളും കളിയാക്കലുകളുമെല്ലാം അതിജീവിച്ചാണ് കോളേജുകളില്‍ പഠിക്കാന്‍ വരുന്നത്. ആ സമയത്ത് പഠിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം പോലും കോളേജുകളില്‍ ഇല്ലാതാകുന്നത് വേദനാജനകമാണ്'

- കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയ സമയത്ത് പോലും ട്രാന്‍സ്‌ജെന്‍ഡറാണെന്ന പേരില്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നതായും വേദ വാസുദേവന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

അറ്റന്‍ഡന്‍സിൽ രണ്ട് ശതമാനം ഇളവ്

ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് തുടര്‍ച്ചയായി ഹോര്‍മോണും മെഡിസിനും ട്രീറ്റ്മെന്റുമെല്ലാം എടുക്കേണ്ടി വരാറുണ്ട്. മിക്ക ട്രാന്‍സ്ജെന്‍ഡേഴ്സും എറണാകുളത്ത് പോയിട്ടാണ് ഹോര്‍മോണ്‍ ട്രീറ്റ്മെന്റുകളെടുക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാറുണ്ട്. അറ്റന്‍ഡന്‍സില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിയില്‍വിദ്യാർഥി യൂണിയന്റെ നേതൃത്വത്തില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനം ഇളവ് നല്‍കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠിച്ച ചില വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ ഡ്രോപ് ഔട്ട് ആയി പോയതിനെക്കുറിച്ച് വിദ്യാർഥിയായ അനാമികയില്‍നിന്നാണ് യൂണിയൻ അറിയുന്നത്. ആ സാഹചര്യം ഇനിയും ആവര്‍ത്തിക്കരുത് എന്നുള്ളതുകൊണ്ടുതന്നെ അനാമിക ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തി തന്നെ മുന്നോട്ടുപോകാന്‍ സര്‍വകലാശാലാ യൂണിയന് നേതൃത്വം നല്‍കുന്ന എസ്.എഫ്.ഐ ശ്രമിച്ചിട്ടുണ്ടെന്നാണ് സർവകലാശാല വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനായിരുന്ന സ്‌നേഹില്‍ എം.ബി. പറയുന്നത്

സ്‌നേഹില്‍ എം.ബി

''കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കൃത്യമായ ഒരു ട്രാന്‍സ് ജെന്‍ഡര്‍ പോളിസി ഉണ്ടെങ്കിലും അത് അംഗീകരിക്കാന്‍ ഇപ്പോഴും ഇവിടുത്തെ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കുന്നതു മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നേരിടുന്ന പ്രശ്‌നങ്ങള്‍ സൂചിപ്പിച്ച് വി.സിയെയും രജിസ്റ്റാറെയുമെല്ലാം പലതവണ പോയികണ്ടിട്ടുള്ളതാണ്. അതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനം അറ്റന്‍ഡന്‍സില്‍ ഇളവു നല്‍കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയില്‍ ഇന്‍ഫ്രാ സട്രക്ചറില്‍ വരേണ്ട മാറ്റങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ നമ്മള്‍ ഉന്നയിച്ച പല ആവശ്യങ്ങളും ഡിപാര്‍ട്ട്‌മെന്റില്‍ നടപടിയാകാതെ കെട്ടികിടക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ നയമുണ്ടങ്കിലും അതിനെ അംഗീകരിക്കുന്ന തരത്തിലുള്ള മനോനില യൂണിവേഴ്‌സിറ്റിയിലെ പല അദ്ധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകായിട്ടുണ്ടെന്ന് തോന്നുന്നില്ല. അതകൊണ്ടാണ് ഈ ആവശ്യങ്ങളെല്ലാം നടപടിയുണ്ടാകാതെ നീണ്ടുപോകുന്നത്. '

അറ്റന്‍ഡന്‍സില്‍ ഇളവുകള്‍ നല്‍കിയതുപോലെ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളിലെല്ലാം പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ക്യാമ്പസുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ സൗഹാര്‍ദ്ദമാക്കുന്ന പോളിസികള്‍ വിശ്വസിച്ചുകൊണ്ട് നിരവധി ട്രാന്‍സ്ജെന്‍ഡേഴ്സ് വിദ്യാര്‍ത്ഥികള്‍ ഡിഗ്രിക്കും പി.ജിക്കുമെല്ലാം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ ചേരുന്നുണ്ട്. പക്ഷേ തുടര്‍ന്ന് ക്യാമ്പസുകളില്‍ അവര്‍ നേരിടേണ്ടി വരുന്ന അവഗണനകളും തിരസ്‌കാരങ്ങളുമെല്ലാം പഠനം ഉപേക്ഷിച്ച് പോകാന്‍ അവരെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇനിയും ഇത്തരം കൊഴിഞ്ഞുപോക്കുകള്‍ തുടരാതിരിക്കാന്‍ എത്രയും പെട്ടെന്ന് തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ട്രാന്‍സ്‌വുമണും സംരഭകയുമായ റിയ ഇഷ പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കാന്‍ എത്തിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയായിരുന്നു റിയ ഇഷ

റിയ ഇഷ

“ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ബി.എ ഇക്കണോമിക്‌സിനാണ് ഞാന്‍ ചേര്‍ന്നത്. എനിക്ക് ശേഷവും പഠിക്കാന്‍ വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പ്രയാസമനുഭവിക്കാതിരിക്കാന്‍ അന്ന് ഞാന്‍ പല ആവശ്യങ്ങളുന്നയിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയിരുന്നു. അതിന്റെ ഫലമായിട്ടാണ് ഇന്റര്‍ സോണിലും അത്ലറ്റിക് മീറ്റിലുമെല്ലാം ട്രാന്‍സ് വിദ്യാര്‍ഥികളെകൂടി പങ്കെടുപ്പിക്കാനുള്ള തീരുമാനമായത്. കലാമത്സരങ്ങളില്‍ മത്സരിക്കമെന്ന് പറഞ്ഞപ്പോള്‍ ലേഡീസ് ക്യാറ്റഗറിയില്‍ നില്‍ക്കാനാണ് പലരും പറഞ്ഞത്. പക്ഷേ അതിനൊന്നും വഴങ്ങാതെ ട്രാന്‍സ്ജെന്‍ഡറിന് പ്രത്യേക കാറ്റഗറി വേണമെന്ന് പറഞ്ഞാണ് ഞാന്‍ ഇന്റര്‍ സോണില്‍ ഫോക്ക്ലോര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. പഠന സമയത്തൊന്നും സ്‌കോളര്‍ഷിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി ഉണ്ടെന്നും അതില്‍ എന്താണ് എഴുതിയിട്ടുള്ളതെന്നും ആര്‍ക്കും ഇന്നും അറിയില്ല. ''

കോഴ്സ് കഴിഞ്ഞിറങ്ങുന്ന ട്രാന്‍സ് വിദ്യാര്‍ഥികള്‍ പലരും പഠനത്തിന് ശേഷം സെക്സ് വര്‍ക്കിലേക്കും മറ്റുമായി തെരുവിലിറങ്ങേണ്ട സാഹചര്യം വരെയുണ്ട്. വിദ്യാഭ്യാസം നല്‍കുന്നതിനൊടൊപ്പം തന്നെ അവര്‍ക്കൊരു തൊഴില്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ സപ്പോര്‍ട്ടിങ്ങ് സിസ്റ്റമായും പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും റിയ ഉഷ പറയുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ അടിയന്തിരമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്

  • കാലിക്കറ്റ് യുണിവേഴ്സിറ്റിയുടെ ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയില്‍ പറയുന്ന ഓരോ കാര്യങ്ങളും കൃത്യമായി യൂണിവേഴ്‌സിറ്റിയിലും അഫിലിയേറ്റഡ് കോളേജുകളിലും പ്രാവര്‍ത്തികമാകുന്നുണ്ടോയെന്ന് വിലയിരുത്തണം

  • ട്രാന്‍സ്‌ജെന്‍ഡര്‍ കാര്‍ഡിലുള്ള ഐഡന്റിറ്റിയില്‍ തന്നെ അഡ്മിഷനെടക്കാവുന്ന രീതിയില്‍ നടപടികളില്‍ മാറ്റം വരണം

  • ട്രാന്‍സ്ജെന്‍ഡര്‍ പ്രശ്‌നങ്ങളില്‍ സംവദിക്കാന്‍ ചുമതലപ്പെടുത്തിയ കേണ്‍ടാക്ട് പേഴ്‌സണ്‍ ആരാണെന്ന് വിദ്യാര്‍ഥികളെ അറിയിക്കുകയും ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം

  • ആണ്‍- പെണ്‍ കോളങ്ങള്‍ കൂടാതെ യൂണിവേഴ്‌സിറ്റയുടെ എല്ലാ രേഖകളിലും അപേക്ഷകളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രാതിനിധ്യമുണ്ടെന്ന് ഉറപ്പുവരുത്തണം

  • ട്രാന്‍സ്ജെന്‍ഡേഴ്സിന് ആവശ്യമായ കൗണ്‍സിലിങ്ങ് നല്‍കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണം

  • ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ കൂടെ ഇടപെഴുകുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കാര്യക്ഷമമായ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ക്ലാസ്സുകള്‍ നല്‍കണം

  • ട്രാന്‍സ്ജെന്‍ഡേഴ്സ് ചികിത്സാസൗകര്യങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ തക്ക രീതിയില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്ററുകള്‍ കാര്യക്ഷമമാകണം

  • പഠനത്തില്‍ നിന്ന് ഡ്രോപ് ഔട്ട് ആയി പോകുന്ന വിദ്യാര്‍ഥികളുടെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ പിന്തുണക്കാന്‍ അദ്ധ്യാപകര്‍ മുന്‍കൈയ്യെടുക്കണം

എന്നാൽ ട്രാന്‍സ്ജെന്‍ഡറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നില്‍ വരുമ്പോള്‍ വളരെ അനുഭാവപൂര്‍വ്വം കേള്‍ക്കാനും പരിഹരിക്കാനും ശ്രമിക്കാറുണ്ടെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാറായ ഡോ.സതീഷ് ഇ.കെ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണോ അതൊക്കെ യൂണിവേഴ്‌സിറ്റി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോ.സതീഷ് ഇ.കെ

‘‘ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളില്‍ നിന്നും വളരെ കുറഞ്ഞ കുട്ടികളാണ് ക്യാംപസിലെത്തിയിട്ടുളളത്. വ്യാപകമായി കുട്ടികള്‍ വരികയാണെങ്കില്‍ മാത്രമേ ട്രാന്‍സവിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും ആലോചിക്കാന്‍ പറ്റുകയുള്ളു. എന്നാല്‍ ഇപ്പോള്‍ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ തയ്യാറാണ്. യൂണിവേഴ്സിറ്റിയില്‍ അഡ്മിഷനെടുക്കുന്ന വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനും അനുബന്ധകാര്യങ്ങളും ചെയ്യാനുള്ള ചുമതല പരീക്ഷ ഭവനാണ്. ട്രാന്‍സ്ജെന്‍ഡര്‍ സെല്ലുകളുടെ രൂപീകരണം പോളിസിയില്‍ പറയുന്ന അര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. അത് പരിശോധിച്ചതിന് ശേഷമേ പറയാന്‍ പറ്റുകയുള്ളു. ആ രീതിയില്‍ അത് ചെയ്തിട്ടുണ്ടാവാന്‍ സാധ്യത കുറവാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ ഹോര്‍മോണ്‍ ട്രീറ്റ്മെന്റിന്റെയും മറ്റും ബുദ്ധിമുട്ടുകള്‍ അറിയിച്ചിട്ടുണ്ട്. അത് ഉള്‍ക്കൊണ്ടുതന്നെ പരിഹരിക്കാനുള്ള നടപടികളാണ് എടുത്തിട്ടുള്ളത്. കലാമത്സരങ്ങളിലെല്ലാം ട്രാന്‍സ്ജെന്‍ഡര്‍ ക്യാറ്റഗറിയില്‍ വിദ്യാര്‍ഥികള്‍ മത്സരിച്ചിട്ടുണ്ട്.ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ സമീപകാലത്തായാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പഠിക്കാനായെത്തുന്നത്. അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവര്‍ സൂചിപ്പിക്കുമ്പോഴും അറിയിക്കുമ്പോഴുമാണ് നമ്മളത് മനസ്സിലാക്കുന്നത്. ട്രാന്‍സ്‌കുട്ടികളുടെ പ്രവേശനത്തെയെല്ലാം വളരെ പോസീറ്റിവായിട്ടാണ് യൂണിവേഴ്സിറ്റി എടുത്തിട്ടുള്ളത്.”

ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ കടന്നുവരണമെന്ന ഉദ്ദേശത്തോടെയാണ് ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയിരിക്കുന്നത്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ അതു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിംഗദ്വന്ദ്വങ്ങള്‍ക്കപ്പുറത്ത് എല്ലാവരെയം ഉള്‍ക്കൊള്ളാന്‍ സാധിച്ചതുകൊണ്ടാണ് നമ്മുടെ കലാലയങ്ങളിലേക്ക് ട്രാന്‍സ് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വരുന്നത്. ഇത്തരം ന്യൂനോര്‍മല്‍ മനുഷ്യരെ കൂടുതല്‍കാണാന്‍ കഴിയുന്നതും ക്യാമ്പസുകളിലാണ്. ഈ മാറ്റത്തിന്റെ ഭാഗമാകാന്‍ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്നാണ് ട്രാന്‍സ് വുമണും എഴുത്തുകാരിയുമായ വൈഗ സുബ്രഹ്‌മണ്യം പറയുന്നത്.

വൈഗ സുബ്രഹ്‌മണ്യം

'' പെണ്‍കുട്ടികള്‍ പിരിയഡ്സ് പോലെ തന്നെ ട്രാന്‍സ് വുമണിനും സര്‍ജറിക്ക് ശേഷം ഡിസ്ചാര്‍ജ്സ് വരാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് ക്യാമ്പസില്‍ വേണ്ട ടോയ്‌ലറ്റ് സൗകര്യങ്ങളില്ലാത്തത് പ്രശ്നമാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണാനും കൗണ്‍സിലിങ്ങ് ഉള്‍പ്പടെയുള്ളവ നല്‍കാനുമുളള ശ്രമങ്ങള്‍ നടത്തണം. ഇതൊന്നും സര്‍ക്കാറിനോ യൂണിവേഴ്‌സിറ്റിക്കോ മനസ്സിലാകാത്ത കാര്യങ്ങളല്ല, പകരം നടപടികളുടെ മെല്ലെപോക്കും വേണ്ടത്ര പ്രാധാന്യം നല്‍കാത്തതുമാണ് നീണ്ടുപോകാന്‍ കാരണമാകുന്നത്.''

ട്രാന്‍സ്ജെന്‍ഡേഴ്സ് എല്ലാ വിധത്തിലും ദൃശ്യത കൈവരിക്കുന്ന സമയത്ത് അവരുടെ കൂടെ നിന്ന് പിന്തുണക്കാനാണ് വിദ്യാഭ്യാസ സഥാപനങ്ങളും ശ്രമിക്കേണ്ടത്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്ന രീതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായൊരു നയമുണ്ടായിട്ടും അതൊന്നും പാലിക്കപ്പെടാതെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ അവഗണിക്കപ്പെടുന്നതാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ രീതിയില്‍ യൂണിവേഴ്‌സിറ്റി നിയമങ്ങളില്‍ മാറ്റം വരണമെന്ന് പോളിസി അനുശാസിക്കുന്നുണ്ടെങ്കിലും പഴയ ലിംഗദ്വന്ദ്വങ്ങളിലേക്ക് തന്നെ ഇവരെ തള്ളിയിനിടാണ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും ശ്രമിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ അപേക്ഷിച്ച് എം.ജി യൂണിവേഴ്‌സിറ്റിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണനയും സ്‌കോളര്‍ഷിപ്പുള്‍പ്പടെയുള്ള പിന്തുണയും ലഭിക്കുകയും ചെയ്യുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇനിയും രേഖകളില്‍ പറയുന്ന കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങാതെ ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദ്ദമാകുന്ന രീതിയില്‍ നമ്മുടെ കാമ്പസുകളെ മാറ്റിയെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും സാമൂഹിക നീതി വകുപ്പും നിരവധി പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഈ ഉദ്ദ്യമത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വലിയ പങ്കുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും അഫിലിയേറ്റഡ് കോളേജുകളും ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദ്ദമാകാന്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണേണ്ടതുണ്ട്.

Comments