'ഞങ്ങളെ എവിടെ കണ്ടാലും തല്ലുമെന്നാണ് പൊലീസുകാരുടെ മുന്നിൽവെച്ച് അയാൾ പറഞ്ഞത്,' പാലാരിവട്ടത്ത് ആക്രമിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ യുവതി പറയുന്നു

“മുടി നീട്ടി വളർത്തിയ ഒരാളെ കണ്ടോ എന്നാണ് അയാൾ എന്നോട് ആദ്യം ചോദിച്ചത്. എനിക്കറിയില്ലായെന്ന് ഞാൻ മറുപടി പറയുകയും ചെയ്തു. അത് പറഞ്ഞ് തീർന്നപ്പോൾ അയാളുടെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് എന്നെ അടിച്ചു. പിന്നീട് തുടരെ തുടരെ അയാൾ എന്നെ തല്ലി. ആദ്യത്തെ അടിക്ക് എന്റെ വിരൽ ഒടിഞ്ഞു. ബാക്കി അടിയെല്ലാം ശരീരത്തിലാണ് കൊണ്ടത്,” പാലാരിവട്ടത്ത് അതിക്രൂരമായ മർദ്ദനത്തിന് ഇരയായ ട്രാൻസ്‌ജെൻഡർ യുവതി എയ്ഞ്ചൽ സംസാരിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനമെന്നാണ് കേരളം ഊറ്റം കൊള്ളുന്നത്. ട്രാൻസ് വ്യക്തികൾക്ക് സമൂഹത്തിൽ തുല്യനീതിയും അവകാശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ൽ ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയത്. ഈ തീരുമാനത്തിന് ശേഷവും നിരവധി ട്രാൻസ് മനുഷ്യർ തെരുവുകളിൽ ആക്രമിക്കപ്പെടുകയും തൊഴിൽ നിഷേധത്തിന് ഇരയാകുകയും വീടുകളിൽ നിന്നുപോലും പുറത്താക്കപ്പെടുകയും ചെയ്യുന്നു. പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപം എയ്ഞ്ചൽ എന്ന ട്രാൻസ് യുവതി ആക്രമിക്കപ്പെട്ട സംഭവം ഈ പട്ടികയിൽ ഏറെ ഗൗരവമുള്ളതാണ്.

എയ്ഞ്ചലും മറ്റ് രണ്ട് ട്രാൻസ് മനുഷ്യരുമാണ് കൊച്ചി നഗരത്തിൽ ഒരേ രാത്രിയിൽ ആക്രമിക്കപ്പെട്ടത്. സുഹൃത്തിനെ കാത്ത് പാലാരിവട്ടം മെട്രോക്ക് സമീപം കാത്തിരുന്ന എയ്ഞ്ചലിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമി ഉപദ്രവിച്ചതെന്ന് അവർ പറയുന്നു. ആക്രമണത്തിൽ തന്റെ ഒരു വിരലിന്റെ എല്ല് ഒടിഞ്ഞുവെന്നും കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും എയ്ഞ്ചൽ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപം എയ്ഞ്ചൽ എന്ന ട്രാൻസ് യുവതി ആക്രമിക്കപ്പെട്ട സംഭവം ഈ പട്ടികയിൽ ഏറെ ഗൗരവമുള്ളതാണ്.
പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപം എയ്ഞ്ചൽ എന്ന ട്രാൻസ് യുവതി ആക്രമിക്കപ്പെട്ട സംഭവം ഈ പട്ടികയിൽ ഏറെ ഗൗരവമുള്ളതാണ്.

“പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ തൊട്ടടുത്താണ് എന്റെ മമ്മി താമസിക്കുന്നത്. മമ്മിയെ കണ്ടിട്ട് ഞാൻ തിരിച്ച് വരുകയായിരുന്നു. എപ്പോഴും ഞങ്ങൾ സുഹൃത്തുക്കളെല്ലാം പാലാരിവട്ടത്തെ 24 കഫേയിൽ ഉണ്ടാകുന്നതാണ്. ഈ സംഭവം നടക്കുന്ന ദിവസം ഞാൻ ഒറ്റക്കായിരുന്നു. എനിക്ക് നല്ല പനിയുണ്ടായിരുന്നു. മമ്മിയെ കണ്ടിട്ട് രാത്രി ഒരു ഒന്നര മണി സമയത്താണ് ഞാൻ പാലാരിവട്ടം മെട്രോസ്റ്റേഷന്റെ താഴെ വന്നിരുന്നത്. എന്നെ പിക്ക് ചെയ്യാൻ വരാമെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയാണ് അവിടെ ഇരുന്നത്. ഞാൻ സുഹൃത്തിനെ കാത്തിരിക്കുമ്പോഴാണ് ഒരാൾ അങ്ങോട്ട് വരുന്നത്. മുടി നീട്ടി വളർത്തിയ ഒരാളെ കണ്ടോ എന്നാണ് അയാൾ എന്നോട് ആദ്യം ചോദിച്ചത്. എനിക്കറിയില്ലായെന്ന് ഞാൻ മറുപടി പറയുകയും ചെയ്തു. അത് പറഞ്ഞ് തീർന്നപ്പോൾ അയാളുടെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് എന്നെ അടിച്ചു. പിന്നീട് തുടരെ തുടരെ അയാൾ എന്നെ തല്ലി. ആദ്യത്തെ അടിക്ക് എന്റെ വിരൽ ഒടിഞ്ഞു. ബാക്കി അടിയെല്ലാം ശരീരത്തിലാണ് കൊണ്ടത്. ഒരടികൊണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി. കയ്യിൽ നിന്നും മൊബൈൽ വരെ തെറിച്ചുപോയിരുന്നു. അത് പൊട്ടി പോവുകയും ചെയ്തു. എങ്ങനെയോ അവിടെ നിന്നും എണീറ്റ് ഞാനോടി. രണ്ട് ഊബർ ഡ്രൈവർമാർ അവിടെ കിടക്കുന്നുണ്ടായിരുന്നു. അവരുടെ വണ്ടിയുടെ ഡാഷ് ബോർഡ് ക്യാമറ ഓണായിരുന്നു. അതുകൊണ്ട് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ എല്ലാം അതിൽ റെക്കോർഡായിട്ടുണ്ടായിരുന്നു. ഞാൻ ഊബർ കാറിൻെറ അടുത്തേക്ക് പോയപ്പോഴും അയാൾ എന്നെ തല്ലാനായി പിന്തുടർന്നു.

എന്നാൽ, ആളുകൾ ശ്രദ്ധിക്കുമെന്ന് മനസിലായപ്പോൾ അയാൾ തിരിച്ച് പോവുകയായിരുന്നു. അല്ലെങ്കിൽ അയാൾ എന്നെ വീണ്ടും അടിക്കുമായിരുന്നു. എന്നെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അയാൾ വന്നതെന്ന് തോന്നി. എനിക്ക് അയാളെ മുൻപരിചയം പോലുമുണ്ടായിരുന്നില്ല. അവിടെ നിന്ന കുട്ടികളൊക്കെ പറഞ്ഞത്, അയാൾ മലിനജലം അടിക്കുന്ന ടാങ്കർ വണ്ടിയോടിക്കുന്ന ആളാണെന്നാണ്. ഞാൻ മാത്രമല്ല, അന്നേദിവസം മറ്റ് രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സ് കൂടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മാമംഗലത്ത് വെച്ചാണ് മറ്റ് രണ്ട് കുട്ടികളുമായി എന്നെ ആക്രമിച്ച അതേ ആൾ പ്രശ്‌നമുണ്ടാക്കിയത്. അതിന്റെ പ്രതികാരം തീർക്കാനാണ് എന്നെ ഉപദ്രവിച്ചത്. ആദ്യം പറഞ്ഞ കുട്ടികളിൽ ഒരാളുടെ കാൽ അയാൾ തല്ലിയൊടിച്ചിരുന്നു. അവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സംഭവത്തിനുശേഷം അയാൾ ഉപദ്രവിച്ച അതേ കാലും വെച്ചാണ് ഞാൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. അവിടെ ചെന്ന് പരാതിപ്പെട്ടതിനുശേഷം ഞാൻ പറഞ്ഞു അയാൾ അവിടെ തന്നെയുണ്ട്, ഇപ്പോൾ ചെന്നാൽ പിടിക്കാമെന്ന്. പക്ഷെ ആ സമയത്ത് പൊലീസ് സ്റ്റേഷനിൽ അധികമാളുകൾ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ പോയി അഡ്മിറ്റാകാൻ പൊലീസുകാർ പറഞ്ഞു. അങ്ങനെ ആശുപത്രിയിൽ പോയി. അവിടെ എത്തിയപ്പോൾ അയാൾ ആദ്യം ഉപദ്രവിച്ച കുട്ടി അവിടെയുണ്ടായിരുന്നു. എക്സ്റേ എടുത്ത് നോക്കിയപ്പോൾ എന്റെ ചെറുവിരലിന് പൊട്ടലുണ്ടെന്ന് മനസ്സിലായി. അവൾക്കും നല്ല ക്ഷതമുണ്ടായിരുന്നു. വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി മൊഴിയെടുക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌റ്റേഷനിൽ വെച്ച് ഞാൻ അയാളെ കണ്ടപ്പോൾ, താൻ തന്നെയാണിതൊക്കെ ചെയ്തതെന്ന് അയാൾ സമ്മതിച്ചു. ഇനിയും ഇങ്ങനെ ചെയ്യുമെന്നും ഞങ്ങളുടെ കൂട്ടത്തിലുള്ളവരെ തല്ലുമെന്നുമാണ് പൊലീസുകാരുടെ മുന്നിൽവെച്ച് അയാൾ പറഞ്ഞത്. അവിടെ നിന്ന് ഇറങ്ങിയിട്ട് ബാക്കി തരാമെന്നും അയാൾ പറഞ്ഞു. ഇപ്പോൾ അയാളെ റിമാന്റ് ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ ഏയ്ഞ്ചൽ
ആക്രമണത്തിന് ഇരയായ ഏയ്ഞ്ചൽ

പൊലീസുകാരൊക്കെ വളരെ മാന്യമായിട്ടാണ് പെരുമാറിയത്. രണ്ട് ദിവസമെടുത്തു അയാളെ അറസ്റ്റ് ചെയ്യാൻ. ഞങ്ങളും ഞങ്ങളുടെ കമ്മ്യൂണിറ്റിയുമായതുകൊണ്ടാണ് ഇത്രയും വൈകിയത്. ഞങ്ങളുടെ സ്ഥാനത്ത് സ്ഥാനത്ത് സ്ത്രീകളോ മറ്റോ ആയിരുന്നുവെങ്കിൽ വേഗത്തിൽ പ്രതിയെ പിടിക്കുമായിരുന്നുവെന്നാണ് ഞാൻ വിശ്വിസിക്കുന്നത്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ അയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കണമായിരുന്നു. പക്ഷേ, വൈകി അറസ്റ്റ് ചെയ്തതുകൊണ്ട് അതൊന്നും സാധ്യമല്ലാതായി.”

ജീവിതനിലവാരത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നുവെന്ന് നാം അവകാശപ്പെടുമ്പോഴാണ് സംസ്ഥാനത്ത് ഈ കൊടുംക്രൂരത നടക്കുന്നത്. കേരളത്തിൽ ട്രാൻസ് മനുഷ്യർ ആക്രമിക്കപ്പെടുന്നത് ഒരു പുതിയ കാര്യമേയല്ല. 2022 ആഗസ്റ്റ് 29-നാണ് ട്രാൻസ്ജെൻഡറായ നീതു ആക്രമിക്കപ്പെടുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള അങ്ങാടിപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം തട്ടുകട നടത്തിയാണ്, നീതു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. മദ്യപിച്ചെത്തിയ നാല് അക്രമികൾ അവിടേക്കെത്തി തട്ടുകട ആക്രമിക്കുകയായിരുന്നു. അഭയം തേടി പൊലീസിനെ സമീപിച്ച നീതുവിന് നേരിടേണ്ടി വന്നത് അതിലും ക്രൂരമായ അനുഭവങ്ങളായിരുന്നു.

രാജ്യത്തെ രണ്ട് ശതമാനത്തിൽ താഴെയുള്ള ട്രാൻസ് വ്യക്തികൾക്കുമാത്രമേ സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയുന്നുള്ളൂവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യയിലെ ട്രാൻസ്‌ജെൻഡറുകളെക്കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സാമൂഹിക തിരസ്‌കാരവും വിവേചനവും ഭയന്ന് സ്വത്വം വെളിപ്പെടുത്താനാകാത്ത നിലയിലുള്ള ജീവിതമാണ് അവർ നയിക്കുന്നതെന്ന് നീതുനായിക്കിന്റെ Transgenderism in India: Insights from current census എന്ന ഗവേഷണത്തിലും വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിലോമകരമായ സാമൂഹ്യ സാഹചര്യത്തെ അതിജീവിച്ച് കഴിയുമ്പോഴാണ് എയ്ഞ്ചലിനെയും നീതുവിനെയും പോലുള്ളവർ തെരുവിൽ അതിക്രൂരമായ ആക്രമണങ്ങൾക്കും ഇരയാവുന്നത്. അതിൻെറ ഉത്തരവാദിത്വത്തിൽ നിന്ന് കേരളത്തിലെ സർക്കാരിനും പൊതുസമൂഹത്തിനും ഒഴിഞ്ഞുനിൽക്കാൻ സാധിക്കില്ല.

Comments