ഡബ്ല്യൂ.സി.സി മുതൽ ഹേമകമ്മിറ്റി വരെ; എ.എം.എം.എ തകർന്നുവീഴുമ്പോൾ

മലയാള ചലച്ചിത്ര മേഖലയിൽ ഇപ്പോഴുണ്ടായ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടത് W.C.C എന്ന സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ A.M.M.Aയ്ക്ക് കമ്മിറ്റിയും പിരിച്ചുവിട്ട് ഒളിച്ചോടേണ്ടി വന്നു. ഒരു തിരുത്തലിനും തയ്യാറാവാതെ, അന്വേഷണം നടത്തണം എന്നെങ്കിലും പറയാതെ ഇങ്ങനെ ഒളിച്ചോടാൻ ലജ്ജയില്ലേ കലാകാരന്മാരേ നിങ്ങൾക്ക്? ഡോ. ശിവപ്രസാദ് പി എഴുതുന്നു…

സിനിമയിൽ മീശ പിരിക്കുന്നതുപോലെ, നീതിയ്ക്കുവേണ്ടി ഡയലോഗ് അടിക്കുന്നതുപോലെ എളുപ്പമല്ല ജീവിതത്തിൽ എന്ന് മോഹൻലാലും കൂട്ടുകാരും തിരിച്ചറിഞ്ഞു എന്നിടത്തോളം ജസ്റ്റിസ് ഹേമ കമ്മിറ്റി (Hema Committee Report) തുറന്നുവിട്ട ഭൂതം വിജയിച്ചു എന്ന് പറയാം. എങ്കിലും ചില ചോദ്യങ്ങൾ സ്വാഭാവികമായും ഉയരുന്നു. കാതലായ ഒരു നിർദ്ദേശവും പറയാതെ, ഒരു തിരുത്തലിനും തയ്യാറാവാതെ, അന്വേഷണം നടത്തണം എന്നെങ്കിലും പറയാതെ ഇങ്ങനെ ഒളിച്ചോടാൻ ലജ്ജയില്ലേ കലാകാരന്മാരേ നിങ്ങൾക്ക്? ഇത്രയേ ഉള്ളൂ പഴയ ബ്ലോഗ് സിംഹം? ഇത്രയേ ഉള്ളൂ ഈ മനുഷ്യർ? പെണ്ണൊരുമ്പെട്ടാൽ എന്നത് നാട്ടുമൊഴിയിലെ ഒരു പ്രയോഗമാണ്. ഇപ്പോഴാണതിന് വിശാലമായ അർഥങ്ങളുണ്ടായത്. പെണ്ണിൻ്റെ മൗനത്തിലും സഹനത്തിലുമാണ് ആണുങ്ങളും അധികാരങ്ങളുമെല്ലാം നിലനിന്നുപോരുന്നത്. ബ്രഹ്മന് തടുക്കാനാവാത്തത് രഞ്ജിത് തള്ളിയുണ്ടാക്കിയ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ മകനുണ്ടോ തടുക്കാനാവുന്നു?

ജസ്റ്റിസ് ഹേമ നേതൃത്വം നൽകിയ കമ്മിറ്റിറിപ്പോർട്ട് (വളരെ വളരെ വൈകിയാണെങ്കിലും) പുറത്തുവന്ന സാഹചര്യത്തിൽ, അതിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ സൂചിപ്പിക്കപ്പെട്ട സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയാണ് ഭരണകൂടം ചെയ്യേണ്ടിയിരുന്നത്. പകരം വിക്ടിംസിനെ പരമാവധി പ്രകോപിപ്പിക്കുകയും വെല്ലുവിളിക്കുകയും അപഹസിക്കുകയുമാണ് അധികാരികൾ ചെയ്തത്. അതുപക്ഷേ നന്നായെന്ന് ഇപ്പോൾ തോന്നുന്നു. അതുകൊണ്ടാണല്ലോ ഇത്രയേറെപ്പേർ പരാതികളുമായി രംഗത്തുവന്നത്. അതുകൊണ്ടാണല്ലോ വിഗ്രഹങ്ങൾ ഇത്രയെണ്ണം ഉടഞ്ഞുവീണത്. രാജി വെയ്ക്കലും ഒളിച്ചോട്ടങ്ങളും പരമ്പരയായത്. കടിച്ചുതൂങ്ങലിൻ്റെ പല്ലുബലം പലരും പരീക്ഷിച്ചറിഞ്ഞത്. ‘അമ്മ’യും തറവാടും പട്ടിക്കൂടും അടിക്കല്ലിളകി നിലത്തുവീണത്. തീർച്ചയായും അധികാരികൾ സ്വീകരിച്ച ആ നിലപാട് ഗുണകരമായി എന്ന് ഇന്നിപ്പോൾ നിസ്സംശയം പറയാം.

ജസ്റ്റിസ് ഹേമ നേതൃത്വം നൽകിയ കമ്മിറ്റിറിപ്പോർട്ട് (വളരെ വളരെ വൈകിയാണെങ്കിലും) പുറത്തുവന്ന സാഹചര്യത്തിൽ, അതിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ സൂചിപ്പിക്കപ്പെട്ട സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയാണ് ഭരണകൂടം ചെയ്യേണ്ടിയിരുന്നത്.
ജസ്റ്റിസ് ഹേമ നേതൃത്വം നൽകിയ കമ്മിറ്റിറിപ്പോർട്ട് (വളരെ വളരെ വൈകിയാണെങ്കിലും) പുറത്തുവന്ന സാഹചര്യത്തിൽ, അതിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ സൂചിപ്പിക്കപ്പെട്ട സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയാണ് ഭരണകൂടം ചെയ്യേണ്ടിയിരുന്നത്.

സ്ഥാനമൊഴിഞ്ഞവർക്ക് പകരക്കാരെ നിശ്ചയിക്കാനുള്ള ധൈര്യമോ ആത്മബലമോ സംഘടനയ്ക്ക് ഇല്ലാതായിരിക്കുന്നു. കളങ്കിതരല്ലാത്ത ഒരു പുതുനിരയെ കണ്ടെത്താനും അടിമുടി മാറാനും സംഘടനയ്ക്ക് സമയമെടുക്കും എന്നതുതന്നെ കാര്യം.

എ.എം.എം.എയിലെ (A.M.M.A) കൂട്ടരാജി സമൂഹത്തോട് വിളിച്ചുപറയുന്ന ചില സത്യങ്ങളുണ്ട്. അതിലേക്ക് നയിച്ച ചില മനുഷ്യരുടെ പ്രതികരണങ്ങൾ പ്രധാനമായിരുന്നു എന്നതും കാണാതിരുന്നുകൂടാ. ആസിഫ് അലിയും അൻസിബയും ജഗദീഷും ഉർവശിയും ടൊവിനോയും പൃഥ്വിരാജുമൊക്കെ സമൂഹത്തിന് പ്രതീക്ഷയ്ക്കുള്ള വകതന്നപ്പോൾ സംഘടനയുടെ ശവപ്പെട്ടിയിലെ ആണികളായി മാറുകയാണ് ഉണ്ടായത്. ഇത്ര വേഗത്തിലൊരു കീഴടങ്ങലിലേക്ക്/ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിയത് അങ്ങനെയാണ്. എങ്കിലും പിടിച്ചു നില്ക്കാനാവാതെ മോഹൻലാലും കൂട്ടരും വീണത് മറ്റുചിലതുകൂടി വെളിവാക്കുന്നുണ്ട്. കമ്മിറ്റിറിപ്പോർട്ടും അനുബന്ധങ്ങളും മഞ്ഞുമലയുടെ പുറമേ കാണുന്നത് മാത്രമാകാം എന്നതാണത്. തീർച്ചയായും സ്ഥാനമൊഴിഞ്ഞവർക്ക് പകരക്കാരെ നിശ്ചയിക്കാനുള്ള ധൈര്യമോ ആത്മബലമോ സംഘടനയ്ക്ക് ഇല്ലാതായിരിക്കുന്നു. കളങ്കിതരല്ലാത്ത ഒരു പുതുനിരയെ കണ്ടെത്താനും അടിമുടി മാറാനും സംഘടനയ്ക്ക് സമയമെടുക്കും എന്നതുതന്നെ കാര്യം. സ്ത്രീകളെയോ ആസിഫ്, പൃഥ്വി, ടൊവിനോ തുടങ്ങിയവരെയോ നേതൃത്വത്തിലേക്ക് ഒറ്റയടിക്ക് കൊണ്ടുവരാൻ എ.എം.എം.എയിലെ അച്ഛൻമാർക്ക് ഇപ്പോഴുമില്ല മനസ്സ്. അത് തങ്ങളുടെ വിഹാരപഥങ്ങൾക്ക് തടസ്സമാകുമെന്ന് പ്രബലർ ഭയക്കുന്നു. പഴയതും പുതിയതുമെന്ന ഒരു സമ്മിശ്രനേതൃത്വമാകട്ടെ നിലവിൽ പരീക്ഷണപ്രായത്തിലായിരുന്നല്ലോ. അതിലെ പഴയമുഖങ്ങളും ചൊല്പടിക്കാരും ചാനലിൽ സ്വന്തം പേര് തിരയുന്ന തിരക്കിലുമാണ്. എന്തൊരു ഗതികേടാണ്. താരങ്ങളെല്ലാം ഒന്നിച്ച് മണ്ണിലിറങ്ങിയ പതർച്ച!

സ്ഥാനമൊഴിഞ്ഞവർക്ക് പകരക്കാരെ നിശ്ചയിക്കാനുള്ള ധൈര്യമോ ആത്മബലമോ സംഘടനയ്ക്ക് ഇല്ലാതായിരിക്കുന്നു. കളങ്കിതരല്ലാത്ത ഒരു പുതുനിരയെ കണ്ടെത്താനും അടിമുടി മാറാനും സംഘടനയ്ക്ക് സമയമെടുക്കും എന്നതുതന്നെ കാര്യം.
സ്ഥാനമൊഴിഞ്ഞവർക്ക് പകരക്കാരെ നിശ്ചയിക്കാനുള്ള ധൈര്യമോ ആത്മബലമോ സംഘടനയ്ക്ക് ഇല്ലാതായിരിക്കുന്നു. കളങ്കിതരല്ലാത്ത ഒരു പുതുനിരയെ കണ്ടെത്താനും അടിമുടി മാറാനും സംഘടനയ്ക്ക് സമയമെടുക്കും എന്നതുതന്നെ കാര്യം.

നാളിതുവരെ ഒരക്ഷരം മിണ്ടാതെ, ഇപ്പോൾ കൂട്ടരാജിയുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചു എന്ന് കരുതപ്പെടുന്നവിധം മമ്മൂട്ടിയും വ്യക്തിയെന്ന നിലയിൽ സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നത്.

മറ്റൊരു കാര്യം സിനിമ നിർമ്മിച്ചെടുക്കുന്ന പരിവേഷങ്ങളെല്ലാം വളരെവേഗം കെട്ടും കൊഴിഞ്ഞും വീഴുന്നു എന്നതാണ്. മീശ പിരിച്ചും മുണ്ടു മടക്കിക്കുത്തിയും അഴിച്ചും ചേരിയൊഴിപ്പിച്ചും ക്യാമറക്കുമുന്നിൽ അവതാരപ്പിറവിയെടുത്തവർക്ക് യഥാർഥലോകത്ത് നീതിയും ജനായത്തവുമൊക്കെ നേർക്കുനേർ വരുമ്പോൾ അടി പതറുന്നു. സമഗ്രമായ അന്വേഷണം വേണമെന്നും ആയതിന് ഒരു പരാതിയാണ് വേണ്ടതെങ്കിൽ അത് എ.എം.എം.എ നൽകുമെന്നും പറയാനുള്ള ആർജ്ജവം സിംഹത്തിൻ്റെ മടയിൽ സംഗീതമഭ്യസിച്ച നടനും കൂട്ടർക്കുമില്ല എന്ന് വ്യക്തം. മമ്മൂട്ടിയും ഇക്കാര്യത്തിൽ വ്യത്യസ്തനല്ല എന്നും പറയാതെ വയ്യ. നാളിതുവരെ ഒരക്ഷരം മിണ്ടാതെ, ഇപ്പോൾ കൂട്ടരാജിയുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചു എന്ന് കരുതപ്പെടുന്നവിധം മമ്മൂട്ടിയും വ്യക്തിയെന്ന നിലയിൽ സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നത്.

സംഘടനയുടെ പ്രത്യേകത പരസ്പരമുള്ള വിശ്വാസക്കുറവും തൊഴുത്തിൽക്കുത്തുമായിരുന്നു എന്ന് ഇന്ന് കൂടുതൽ വ്യക്തമാവുന്നു. ആർക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ. മോഹൻലാലിൻ്റെ രാജിക്കത്തിൽതന്നെ എ.എം.എം.എ ചെയ്യുന്ന "സത്കൃത്യ"ങ്ങൾ സൂചിതമാകുന്നത് നോക്കുക. പിടിച്ചുനിൽക്കാനുള്ള അവസാനത്തെ ശ്രമം അതിൽ കാണാം. എ.എം.എം.എയുടെ പ്രതിനിധികളെല്ലാം എപ്പോഴും പുട്ടിന് പീരയിടുന്നതുപോലെ പറയാറുള്ളതാണ് ഇക്കാര്യങ്ങൾ എന്നും ഓർക്കണം. അതായത് മറ്റൊന്നുമില്ല സംഘടനക്ക് മുന്നോട്ടുവെക്കാൻ. ഒതുക്കിയതും വിലക്കിയതും വിലക്കുവാങ്ങിയതും അല്ലാതെ.

തട്ടുപൊളിപ്പൻ ഡയലോഗുകൾ എഴുതിയിട്ടുള്ള രഞ്ജി പണിക്കർ മാധ്യമങ്ങൾക്കുമുമ്പിൽ തൻ്റെ പഴയ ഏതോ കഥാപാത്രമായി നിറഞ്ഞാടുന്നത് കഴിഞ്ഞദിവസം കണ്ടിരുന്നത് ഓർക്കുമല്ലോ. എന്താണ് അദ്ദേഹം പറഞ്ഞത്? കലയിൽനിന്ന് ആരെയും നിരോധിക്കാനാവില്ല എന്ന്. ഇതെന്തേ തിലകൻ്റെയും വിനയൻ്റെയും പാർവതിയുടെയും റിമയുടെയും കാര്യത്തിൽ അദ്ദേഹം പറഞ്ഞില്ല എന്നത് ആരും ചോദിച്ചതു കേട്ടില്ല. ഈ ആദർശം ഇപ്പോൾമാത്രം മനസ്സിലായതാണോ? ഇപ്പോഴും തങ്ങളുടെ കഥാപാത്രങ്ങളായി വിണ്ണിലാണ് ഇവരുടെ നില്പ് എന്ന് കാണുമ്പോൾ കഷ്ടം എന്നല്ലാതെ എന്തു പറയാൻ? "മേലിലൊരാണിൻ്റെയും നേരെ ഉയരില്ല നിൻ്റെയീ കയ്യ്. അതെനിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ നീയൊരു പെണ്ണായിപ്പോയി. വെറും പെണ്ണ് " എന്ന് ഡയലോഗെഴുതിയ ഇടത്തുനിന്ന് ഒരിഞ്ച് മുന്നോടു വന്നിട്ടില്ല രഞ്ജി പണിക്കരെന്ന് പറയാതെ വയ്യ. നിങ്ങളെയൊക്കെ സഹിക്കാൻ ഇനിയുള്ള തലമുറ തയ്യാറാവുമെന്ന് കരുതുന്നുവെങ്കിൽ ആ ആഗ്രഹത്തിനോട് നടുവിരൽ നമസ്കാരം മാത്രം! നിങ്ങൾക്ക് ഇനിയങ്ങോട്ട് നേരം വെളുത്തോളും. സ്വയമൊന്ന് പാകപ്പെട്ടാൽ അത്രയും നല്ലത്.

രഞ്ജി പണിക്കർ
രഞ്ജി പണിക്കർ

സർക്കാറിനെയും സിനിമ മിനിസ്റ്ററേയും പഴിക്കുന്നതിൽ കാര്യമില്ല എന്നാണ് എൻ്റെ തോന്നൽ. സാംസ്കാരികമന്ത്രിയുടെ പ്രസ്താവനകളിൽ വാസ്തവത്തിൽ പ്രത്യേക ധ്വനിയാണ് പ്രവർത്തിക്കുന്നത്. പരാതിയുള്ളവർ മുന്നോട്ട് വരട്ടെ എന്നുപറഞ്ഞത് വാസ്തവത്തിൽ സ്ത്രീകൾക്ക് ധൈര്യം കൊടുക്കാനായിരുന്നു എന്ന് എത്രപേർക്കറിയാം? മറ്റൊരു തമാശ നോക്കൂ. മന്ത്രി രഞ്ജിത്തിനെ സപ്പോർട്ട് ചെയ്യുന്നു എന്നല്ലേ പരാതി? പക്ഷെ, വസ്തുതയെന്താണ്? 20 വർഷമായി സിനിമ കണ്ടിട്ടില്ലാത്ത മന്ത്രിയാണ് രഞ്ജിത് മഹത്തായ സംവിധായകനാണ് എന്ന് പറയുന്നത്. രഞ്ജിത്തിനെ ഇതിലും നന്നായി പരിഹസിക്കാൻ ആർക്കു കഴിയും? സത്യത്തിൽ ഇതിൽ മനംനൊന്താവില്ലേ അയാൾ രാജി വെച്ചിരിക്കുക! ഇതൊന്നും അറിയാതെ മന്ത്രിയെ വിമർശിക്കുന്നവരെക്കുറിച്ച് എന്തു പറയാനാണ്. എല്ലാം തന്ത്രപരമായി കൈകാര്യം ചെയ്യാൻ രാഷ്ട്രീയക്കാർക്ക് പ്രത്യേകമൊരു കഴിവുണ്ട് എന്ന് ഇനിയെങ്കിലും സമ്മതിക്കാതെ പറ്റില്ല.

നടൻ മുകേഷ് ഇനിയും പൊതുസമൂഹത്തെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നത് കഷ്ടമാണ്. കമ്മിറ്റിറിപ്പോർട്ട് സർക്കാറിൻെറ കയ്യിലിരിക്കുമ്പോൾ എം.എൽ.എ ആയ മുകേഷ് പിന്നീട് എം.പി.യായി മത്സരിച്ച് തോൽക്കുകയും ആ നിലയിൽതന്നെ ധാർമ്മികമായി പരാജയപ്പെടുകയും ചെയ്ത ആളാണ്. ഇപ്പോഴിതാ ആരോപിതനായി അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ആവറേജ് മാത്രം നടനായിട്ടും ഇക്കാലമത്രയും ഫീൽഡിൽ നിന്നത് ഭാഗ്യവും പൂർവികരുടെ കലാ/രാഷ്ട്രീയ പാരമ്പര്യങ്ങളാലുമാണ് എന്നതും ഓർക്കണം. ഇനിയും അവരെക്കൂടി കഷ്ടത്തിലാക്കാതെ അധികാരസ്ഥാനങ്ങൾ ഒഴിഞ്ഞ് അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. അതൊരു വ്യക്തിപരമായ ചോയ്സാണ്. അത് തെരഞ്ഞെടുക്കാൻ അല്പമെങ്കിലും വ്യക്തിത്വം അനിവാര്യവുമാണ്. അദ്ദേഹം ഇപ്പോഴും ബഡായി ബംഗ്ലാവിലാണ് എന്ന് തോന്നുന്നു. ആരെങ്കിലും ഒന്ന് പുറത്തിറക്കി ലോകം മാറിയത് കാണിച്ചുകൊടുത്താൽ നന്നായി.

ഒരു വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻപിടിച്ചവർ എന്ന നിലയിൽ WCC-യും അതിലെ സ്ത്രീകളും ചരിത്രത്തിൽ ചിലത് കുറിച്ചിടുകയാണ്.

മന്ത്രി ഗണേഷും ഈ നിരയിലാണ് വരിക. സരിതയടക്കമുള്ളവർ ഉന്നയിച്ച ധാരാളം ആരോപണങ്ങൾ സിനിമയ്ക്കു പുറത്തുതന്നെ ഗണേഷിനെതിരെ ഉണ്ടായിട്ടുണ്ട്. കമ്മിറ്റിറിപ്പോർട്ടിൽ പേരുണ്ടാവാൻ സാധ്യതയുള്ള വ്യക്തിയുമാണ് അദ്ദേഹം. എ.എം.എം.എയെ തകർത്തതാണ്, നശിച്ചു കാണാൻ കൊതിച്ചവർക്ക് തൃപ്തിയായിക്കാണും എന്നൊക്കെ അദ്ദേഹം വിലപിക്കുന്നത് കാണുമ്പോൾ ചിത്രം വളരെയധികം വ്യക്തമായി വരുന്നുണ്ട്. ബാക്കിയൊക്കെ കാത്തിരുന്ന് കാണേണ്ടതാണ് എന്ന് ചുരുക്കട്ടെ.

ഗണേഷ് കുമാർ
ഗണേഷ് കുമാർ

രാജിവച്ചവരിലും സ്വയം പിരിഞ്ഞു പോയവരിലും തെറ്റ് ചെയ്യാത്തവരുണ്ടെങ്കിൽ മറുത്തൊന്നും വിചാരിക്കാതെ WCC-യിൽ അംഗത്വം എടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. (Men ആണിനെമാത്രം പ്രതിനിധീകരിക്കുമ്പോൾ Women സ്ത്രീയെയും പുരുഷനേയും ഉൾകൊള്ളാൻ സജ്ജമാണ്. Women എന്നതിൽ Men ഉണ്ടല്ലോ) അവിടെ ശരീരം പങ്കിടേണ്ടിവരില്ല (കിടക്ക പങ്കിടുക എന്ന പ്രയോഗം ഉചിതമല്ല.) ലക്ഷങ്ങൾ ഡൊണേഷനും വേണ്ടിവരില്ല. വിലക്കും വിലയ്ക്കുവാങ്ങലും ഉണ്ടാവില്ല. മലയാളസിനിമയ്ക്ക് അമ്മയും അച്ഛനും തറവാടും അല്ല വേണ്ടത്. തീർച്ചയായും മാടമ്പികളും നായന്മാരും അല്ല വേണ്ടത്. കലയും തുല്യതയും എല്ലാത്തിനുമുപരി ജനായത്തവുമാണ്. അതുള്ളവർമാത്രം ഇനിയവിടെ പ്രവർത്തിച്ചാൽ മതി. അങ്ങനെയുള്ളവരുടെ സിനിമകളേ കാണൂ എന്ന് പ്രേക്ഷകർ തീരുമാനിച്ചാൽ തീരുന്നതേയുള്ളൂ മറ്റ് അഹങ്കാരങ്ങളെല്ലാം. നൂറും ഇരുനൂറും കോടികളുടെ കണക്ക് പറയുമ്പോൾ അത് ഞങ്ങൾ പ്രേക്ഷകരുടെ പണമാണെന്ന് മറക്കരുത്. ഈവിധം ഒരു വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻപിടിച്ചവർ എന്ന നിലയിൽ WCC-യും അതിലെ സ്ത്രീകളും ചരിത്രത്തിൽ ചിലത് കുറിച്ചിടുകയാണ്. മലയാളത്തിൽ ഫെമിനിസത്തിൻെറ മറ്റൊരു സവിശേഷ തരംഗത്തിന് ഇതാ ഇവിടെ തുടക്കുമായിരിക്കുന്നു.


Summary: A.M.M.A president Mohanlal resigns and executive committee dismisses. WCC started the revolutionary change in Malayalam film industry, writes Dr. P Sivaprasad.


ഡോ. ശിവപ്രസാദ് പി.

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അസി. പ്രൊഫസർ- സാഹിത്യപഠനം. ഓർമ്മച്ചാവ്, ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം, തലക്കെട്ടില്ലാത്ത കവിതകൾ, പദപ്രശ്നങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments