ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുമോ ? പുറത്തുവന്നാൽ ആരൊക്കെ വെട്ടിലാകും ? ഏതൊക്കെ വിഗ്രഹങ്ങൾ ഉടയും ? സിനിമ രാഷ്ട്രീയ വ്യവസായ രംഗത്ത് അതുണ്ടാക്കുന്ന ചലനങ്ങൾ എന്തൊക്കെ ? കഴിഞ്ഞ അഞ്ചു വർഷത്തോളം നിരന്തരം വാർത്താ തലക്കെട്ടുകളായ ആ ചോദ്യങ്ങൾക്ക് ഒടുവിലിതാ ഉത്തരമാകാൻ പോകുന്നു.
അഞ്ചുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും തടസങ്ങൾക്കും ശേഷം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ റിപ്പോർട്ടിന്മേലുള്ള അവസാന തടസവും നീങ്ങിയിരിക്കുന്നു. അങ്ങനെയെങ്കിൽ റിപ്പോർട്ട് ഒരാഴ്ചയ്ക്ക് അകം പുറത്തുവിടും.
2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ ഉയർന്നു വന്നത്. അത് കൂടുതൽ വെളിപ്പെടുത്തലുകൾക്ക് ധൈര്യം പകർന്നു. പുരുഷകേന്ദ്രീകൃതമായ സിനിമ വ്യവസായത്തിനകത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗീകവും തൊഴിൽപരവുമായ ചൂഷണങ്ങൾ പൊതുമധ്യത്തിൽ ചർച്ചചെയ്യപ്പെട്ടു. അങ്ങനെയാണ് വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സ്ത്രീപക്ഷ സംഘടന രൂപീകരിക്കപ്പെടുന്നത്. അങ്ങനെയാണ് സിനിമാ വ്യവസായത്തിനകത്തെ സ്ത്രീ സൗഹാർദ്ദപരമല്ലാത്ത സാഹചര്യത്തെക്കുറിച്ചും നിയമപരമായ യാതൊരുവിധ സംരക്ഷണവും ഉറപ്പുവരുത്താത്ത സംവിധാനത്തെക്കുറിച്ചും പഠനം നടത്താൻ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്ന് വന്നത്. സ്ത്രീയ്ക്ക് നീതി ഉറപ്പു വരുത്തുന്ന സംവിധാനത്തിന് മാത്രമേ സ്ത്രീപക്ഷ കേരളം വാർത്തെടുക്കാനാവൂ എന്ന് സ്ത്രീകൾ ഉറക്കെ വിളിച്ചു പറഞ്ഞു. ഡബ്ല്യൂസിസി അതിന് നേതൃത്വം കൊടുത്തു.
അങ്ങനെ, 2017 ജൂലൈ ഒന്നിന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി പിണറായി വിജയൻ സർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. ജസ്റ്റിസ് ഹേമക്ക് പുറമെ റിട്ട. ഐ.എ.എസ് ഓഫീസർ വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്. രാജ്യത്ത് തന്നെ ആദ്യാമായിട്ടാണ് ഒരു സർക്കാർ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്.
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന കടമ്പ. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ, ശമ്പള പാക്കേജ് വ്യവസ്ഥകൾ, അനുയോജ്യമായ തൊഴിൽ അന്തരീക്ഷം അടക്കം ഏഴ് നിബന്ധനകളായിരുന്നു ഹേമ കമ്മിറ്റിക്ക് മുമ്പാകെ സർക്കാർ വെച്ചത്.
30 ശതമാനം വനിതാ അണിയറപ്രവർത്തകരുള്ള സിനിമകൾ പ്രോത്സാഹിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകാനും സർക്കാർ പാനലിനോട് ആവശ്യപ്പെട്ടിരുന്നു. പൊതു ഹിയറിങ്ങുകൾ നടത്താനും, ഷൂട്ടിംഗ് ലൊക്കേഷനുകൾ സന്ദർശിക്കാനും കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഫെസിലിറ്റേറ്ററായി പ്രവർത്തിക്കാൻ ചലച്ചിത്ര അക്കാദമിയെ നിയോഗിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റി വിശദായ പഠനങ്ങൾ നടത്തി. തുടർന്ന് അഭിനേതാക്കൾ, നിർമാതാക്കൾ, മറ്റ് സാങ്കേതിക പ്രവർത്തകർ അടക്കം സിനിമയിലെ സർവ്വ മേഖലയിൽ നിന്നുമുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തി.
ലിംഗ വിവേചനം, തൊഴിൽ ചൂഷണം, അടിസ്ഥാന സൗകര്യത്തിന്റെ പോരായ്മ, പരാതി പരിഹാര സെല്ലിന്റെ അഭാവം തുടങ്ങി നിരവധി പ്രശ്നങ്ങൾ കമ്മിറ്റിയുടെ മുന്നിലെത്തി. അതോടൊപ്പം തന്നെ കാസ്റ്റിംഗ് കൗച്ചടക്കം ഗുരുതരമായ ആരോപണങ്ങളും കമ്മിറ്റി പരിശോധിച്ചു. സിനിമയിൽ അവസരം ലഭിക്കുന്നതിന് വേണ്ടി, കടുത്ത ലൈംഗീക ചൂഷണം നേരിടേണ്ടി വന്നവരും മോശം അനുഭവം നേരിടേണ്ടി വന്നവരുമായ ഒട്ടേറെ സ്ത്രീകൾ കമ്മിറ്റിക്ക് മുന്നിൽ പരാതിയുമായെത്തി. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് പ്രമുഖ താരങ്ങൾ തുറന്നടിച്ചു. ഒട്ടേറെ അഭിനേതാക്കൾ ദുരനുഭവങ്ങൾ കമ്മിറ്റിക്ക് മുന്നിൽ വിവരിച്ചു.
ആറ് മാസംകൊണ്ട് സമർപ്പിക്കേണ്ടിയിരുന്ന റിപ്പോർട്ട് രണ്ട് വർഷമെടുത്ത് 2019 ഡിസംബറിലാണ് സമർപ്പിക്കുന്നത്.
അതായത് ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ടു വർഷമെടുത്തു പഠിച്ച റിപ്പോർട്ട്. ഒരു നൂറ്റാണ്ടിനോടടുക്കുന്ന മലയാള സിനിമയിലെ ചരിത്രപരമായ തിരുത്തൽ.
പക്ഷെ ആ റിപ്പോർട്ടിന്മേൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. പകരം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളും നിർദേശങ്ങളും പഠിക്കുന്നതിനായി മറ്റൊരു സമിതിക്ക് രൂപം നൽകുകയാണ് ഒന്നാം പിണറായി സർക്കാർ ചെയ്തത്. പിന്നീട് തുടർച്ചയായി പലതവണകളിൽ റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യങ്ങൾ ഉയർന്നിട്ടും, വിവാരാകാശം ഫയൽ ചെയ്തിട്ടും അത്തരം അപേക്ഷകളെ സർക്കാർ കണ്ണുംപൂട്ടി തള്ളി. കമ്മിറ്റി രൂപീകരണത്തിന് കാരണക്കാരായ ഡബ്ല്യു.സി.സി തന്നെ പല തവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായതേയില്ല.
എന്നാൽ,
2020-ൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് അന്നത്തെ സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ നൽകിയ മറുപടിയിൽ റിപ്പോർട്ടിലെ ചില വിശദാംശങ്ങൾ മാത്രം വെളിപ്പെടുത്തി. അതൊരു ഒഴിഞ്ഞുമാറലയാരുന്നു.
ഒന്നാം പിണറായി സർക്കാറിനെ വിശ്വസിച്ച് ഒപ്പം നിന്ന ഡബ്ല്യു.സി.സി എന്ന സംഘടനയോടും, തൊഴിൽ ചൂഷണവും പീഡനവും നിർഭയം ചോദ്യം ചെയ്ത് കരിയർ പോലും അപകടത്തിലാക്കിയ വനിതാ സിനിമാ പ്രവർത്തകരോടും ഇടത് സർക്കാർ കാണിച്ച അനീതിയായി അത് വിലയിരുത്തപ്പെട്ടു. വിമർശിക്കപ്പെട്ടു.
അപ്പോഴൊക്കെ സ്വകാര്യത പ്രശ്നം ഉയർത്തിക്കാട്ടി സർക്കാർ അതിനെ പ്രതിരോധിച്ചു. ഇരകൾക്കൊപ്പമെന്ന വ്യാജത്തിൽ വേട്ടക്കാരോടൊപ്പം നിന്നു. സ്ത്രീപക്ഷ കേരളമെന്ന ഇടതുനയത്തിൽ വെള്ളം ചേർത്തു.
കാരണം കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ടിന് കീഴിലായിരുന്നില്ല ഈ കമ്മീഷൻ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ കമ്മീഷന് അർധ ജുഡീഷ്യൽ അധികാരങ്ങളുമുണ്ടായിരുന്നില്ല. റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനുള്ള നിയമപരമായ ബാധ്യത ഒഴിയുകയായിരുന്നു സർക്കാർ. വ്യക്തിവിവരങ്ങൾ പ്രസിദ്ധീകരിക്കാത്ത ഭാഗങ്ങൾ പുറത്തുവിടാമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. മാത്രമല്ല, വ്യക്തിപരമായി തിരിച്ചറിയാൻ സാധിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറയുകയും ചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് അത്ര നിസാരമായ ഒന്നല്ല. മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങളുടെയും ചൂഷണങ്ങളുടെയും ലിംഗവിവേചനങ്ങളുടെയും ലൈംഗീകാതിക്രമങ്ങളുടെയും ചരിത്രരേഖയാണത്. കുറച്ചാളുകളിൽ മാത്രം കേന്ദ്രീകരിച്ചാണ് മലയാള സിനിമ നിലവിൽ പ്രവർത്തിക്കുന്നതെന്നും നിയമനിർമാണത്തിലൂടെ മാത്രമെ അതിന് അറുതി വരുത്താൻ സാധിക്കുകയുള്ളു എന്നും റിപ്പോർട്ട് സമർപ്പിച്ച് ജസ്റ്റിസ് ഹേമ വെളിപ്പെടുത്തിയിരുന്നു.
തൊഴിലിടത്ത് സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ശുചിമുറിയും വസ്ത്രം മാറുന്നതിനുള്ള സ്ഥലത്തിന്റെ അഭാവത്തെയും സംബന്ധിച്ചുള്ള കണ്ടെത്തലുകൾ, സിനിമയിൽ അവസരം ചോദിച്ചെത്തുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ലൈംഗീകാതിക്രമങ്ങളുടെ തെളിവ് സഹിതമുള്ള വെളിപ്പെടുത്തലുകൾ, സിനിമക്കുള്ളിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ച് സമ്പ്രദായം തുടങ്ങി അതീവ ഗുരുതരമായ വിഷയങ്ങളായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.
അതുകൊണ്ട് തന്നെ തങ്ങൾ നേരിട്ട കൊടിയ ചൂഷണങ്ങളും വിവേചനങ്ങളും തുറന്നുപറഞ്ഞ സ്ത്രീകൾക്ക് നീതി ഉറപ്പാക്കുക എന്നത് സർക്കാറിന്റെ ഔദാര്യമല്ല, ഇരകളാക്കപ്പെട്ട സ്ത്രീകളുടെ അവകാശമാണ്.
നിയമം ഉറപ്പുനൽകുന്ന നീതി നടപ്പിലാക്കുകയാണ് സർക്കാരിന്റെ ചുമതല. അല്ലാതെ മലയാള സിനിമയിലെ താര പ്രഭുക്കന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനും തുറന്നുപറച്ചിലുകൾ നടത്തിയ സ്ത്രീകൾക്കുമില്ല.
ഈ വിവാദങ്ങൾക്കിടയിലും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് താര സംഘടനയായ അമ്മ നിശബ്ദരായിരുന്നു. സംഘടനയുമായി റിപ്പോർട്ടിന് യാതൊരു ബന്ധവുമില്ലെന്നും അതിനാൽ തന്നെ റിപ്പോർട്ടിനെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്നത് അമ്മയെ സംബന്ധിക്കുന്ന കാര്യമല്ലെന്നുമായിരുന്നു ജനറൽ സെക്രട്ടറി കൂടിയായ നടൻ സിദ്ധിക്കിന്റെ പക്ഷം
മലയാള സിനിമ ഒരുപാടു വളർന്നു പന്തലിച്ചൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ചലചിത്ര വ്യവസായം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണയാക പങ്കുവഹിക്കുന്നുണ്ട്. നിരവധി തൊഴിൽ സാധ്യതകളാണ് ഇതിലൂടെ രൂപപ്പെടുന്നത്. എന്നാൽ ഈ തൊഴിലിടം എല്ലാകാലത്തും സ്ത്രീകൾക്ക് സങ്കീർണമായിരുന്നു. അത് വേദനത്തിന്റെ കാര്യത്തിലായാലും സുരക്ഷയുടെ കാര്യത്തിലായാലും. അതുകൊണ്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഇനിയൊരു തടസ്സമുണ്ടാകരുത്.
What impact would the release of the Hema Commission report have on the film, political sectors? - Think Explainer