2015 നവംബർ 6-നാണ് തമിഴ്‌നാട് യുണിഫോംഡ് റിക്രൂട്ട്‌മെന്റ് ബോർഡ് കെ. പ്രിതിക യാഷ്‌നി എന്ന ട്രാൻസ് വുമണിനെ സബ് ഇൻസ്‌പെക്ടറായി നിയമിച്ചത്. അതൊരു ചരിത്ര തീരുമാനമായിരുന്നു. എന്നാൽ, 2015-ൽ ഇന്ത്യയിലാദ്യമായി ട്രാൻസ് ജെൻഡർ പോളിസി നടപ്പിലാക്കിയ കേരളത്തിന്റെ അവസ്ഥ എന്താണ്?.
2022 ജനുവരിയിൽ കേരള പൊലീസ് ഫോഴ്‌സിലേക്ക് ട്രാൻസ്‌ജെൻഡർ വ്യക്തികളെ അപ്പോയിന്റ് ചെയ്യാനുള്ള നിർദേശം സർക്കാർ മുന്നോട്ടുവെച്ചിരുന്നു. എ.ഡി.ജി.പി (ക്രമസമാധാനം), എ.ഡി.ജി.പി (ബറ്റാലിയൻ) എന്നിവരോട് തുടർനടപടിക്കും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ പരിഗണിച്ചശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നായിരുന്നു അന്നത്തെ സർക്കാറിന്റെ നിലപാട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ എ.ഡി.ജി.പി (ഇന്റലിജൻസ്) കേട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പഠിച്ച ശേഷം, പൊലീസ് സേനയിൽ ട്രാൻസ്ജെൻഡർമാരെ നിയമിക്കണമോ എന്നും ഏതൊക്കെ വിഭാഗങ്ങളിലാണ് അവരെ നിയമിക്കേണ്ടതെന്നും ഡി.ജി.പി തീരുമാനിക്കും എന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ വർഷം മൂന്ന് കഴിയുമ്പോഴും കേരളാ പൊലീസിൽ ട്രാൻസ് വ്യക്തികളില്ല.

തമിഴ്‌നാടിന് പുറമെ ഛത്തീസ്ഗഢ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പൊലീസ് സേനയിൽ ട്രാൻസ് വ്യക്തികളുണ്ട്. ഛത്തീസ്ഗഢിൽ ട്രാൻസ് വിഭാഗത്തിൽ നിന്ന് 13 പേരാണ് സേനയിലുള്ളത്. കർണാടക പൊലീസിലാകട്ടെ ട്രാൻസ് വ്യക്തികൾക്ക് ഒരു ശതമാനം സംവരണവുമുണ്ട്. തമിഴ്നാട്ടിൽ ട്രാൻസ് വ്യക്തികൾക്കായി ഒരു ബെറ്റാലിയൻ തന്നെയുണ്ട്.
എന്നിട്ടും, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല തലങ്ങളിലും മുന്നാക്കം നിൽക്കുന്ന കേരളത്തിൽ ഇതുവരെയും പൊലീസ് സേനയിൽ ട്രാൻസ് വ്യക്തികളെ നിയമിച്ചിട്ടില്ല. നിയമപരമായ തടസങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നിയമപരമായ തടസങ്ങൾ വെറും മുട്ടാപ്പോക്ക് മാത്രമാണെന്നാണ് ട്രാൻസ് വ്യക്തികൾ ഉന്നയിക്കുന്ന പ്രധാന വാദം.
ട്രാൻസ് വ്യക്തികൾക്ക് സേനയിൽ പ്രവേശനം കിട്ടേണ്ടതിന്റെ സാമൂഹ്യമായ ആവശ്യകതയെ കുറിച്ചും അതിനുവേണ്ടി നടത്തുന്ന നിയമപരമായ പോരാട്ടങ്ങളെ കുറിച്ചും ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ അഭിഭാഷകയായ അഡ്വ. പദ്മ ലക്ഷ്മി. 2015-ൽ ട്രാൻജൻഡർ പൊളിസി നടപ്പിലാക്കപ്പെട്ട കേരളത്തിൽ ഇതുവരെയും പൊലീസ് സേനയിൽ ട്രാൻസ് വ്യക്തികൾക്ക് പ്രവേശനം നൽകാൻ സാധിക്കാത്തത് കേരള സർക്കാറിന്റെ പോരായ്മയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

“ട്രാൻസ് വ്യക്തികളുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേകം ഒരു കാറ്റഗറിയില്ല. സ്ത്രീ, പുരുഷൻ എന്നീ ജൻഡറുകൾക്ക് മാത്രമെ അപേക്ഷ നൽകുവാൻ കഴിയുള്ളൂ. മുഹമ്മദ് സാബിൻ നവാസ് എന്ന ട്രാൻസ് മെൻ പുരുഷൻ എന്ന കാറ്റഗറിയിൽ അപേക്ഷിച്ച് പരീക്ഷ എഴുതി പാസായി. പരീക്ഷ പാസായശേഷം അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് ഒരു പുരുഷന്റെ ഫിസിക്കൽ ടെസ്റ്റാണ്. ഒരു പുരുഷന് ചെസ്റ്റ് എക്‌സ്പാൻഷൻ ചെയ്യാനാകും. എന്നാൽ എന്നാൽ ഒരു ട്രാൻസ്‌മെന്നിനെ സംബന്ധിച്ച് അത് നടക്കുന്ന കാര്യമല്ല. 72 മറ്റോ ആണ് നെഞ്ചളവ് ആവശ്യമായി വരുന്നത്. ബ്രസ്റ്റ് റിമൂവ് ചെയ്ത ഒരു ട്രാൻസ്‌മെന്നിനെ സംബന്ധിച്ച് ചെസ്റ്റ് എക്‌സ്പാന്റ് ചെയ്യുക ഭഗീരഥ പ്രയത്നം തന്നെയായിരിക്കും. അതുപോലെ, ഹെട്രോസെക്ഷ്വൽ പുരുഷനെ ട്രാൻസ് പുരുഷനുമായി താരതമ്യം ചെയ്യുന്നതിൽ ചില പ്രശ്‌നങ്ങളുണ്ട്. രണ്ടും രണ്ട് ശരീരഘടനയുള്ള വ്യക്തികളാണ്. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 മായി ബന്ധപ്പെട്ട കാര്യമാണ്. intelligible differentia എന്നുപറയും. തുല്യമായ വ്യക്തികൾ തമ്മിലാണ് താരതമ്യം ചെയ്യാൻ സാധിക്കുകയുള്ളൂ. ഹെട്രോ സെക്ഷ്വൽ സ്ത്രീയും പുരുഷനും ട്രാൻസ് സ്ത്രീയും പുരുഷനും എല്ലാവരും വ്യത്യസ്തരമാണ്. ഇതാണ് ട്രാൻസ് വ്യക്തികളുടെ പൊലീസ് സേനയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഒന്നാമത്തെ പ്രശ്‌നം. ട്രാൻസ് വ്യക്തികൾക്കുവേണ്ടി പ്രത്യേകം കോളമില്ലെന്നതാണ് പ്രശ്‌നം. തമിഴ്‌നാട്ടിൽ പ്രിതികയെ സേനയിലേക്കെടുക്കുമ്പോൾ അവർക്ക് റിലാക്‌സേഷൻ കൊടുത്തിരുന്നു. അവിടെ തന്നെയുണ്ടായിരുന്ന ശാരദക്കും റിലാക്‌സേഷൻ നൽകിയിരുന്നു. കർണാടകയിലാകട്ടെ ഒരു കോടതിയുടെയും നിർദേശമില്ലാതെ സ്‌മൈൽ എന്ന പദ്ധതിയിലൂടെയാണ് സംവരണം നടപ്പിലായത്. തമിഴ്‌നാട്ടിൽ രക്ഷികരാജ് VS സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് എന്ന കേസിലൂടെയാണ് ഹൊറിസോണ്ടൽ റിസർവേഷൻ നടപ്പിലാക്കിയത്. കേരളത്തിൽ അമീറ കബീർ VS സ്റ്റേറ്റ് ഓഫ് ഗവൺമെന്റ് എന്ന കേസ് നടത്തിയതിനുശേഷം നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെയും ഒന്നുമായിട്ടില്ല. ഇവിടെ ഇത് നടപ്പിലാക്കുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. മുഹമ്മദ് സാബിൻ നവാസിന്റെ കേസ് വന്നപ്പോൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ചോദിച്ചപ്പോൾ അവിടുത്തെ സ്റ്റാൻഡിങ് കൗൺസിൽ പറഞ്ഞത് ഞങ്ങൾക്ക് ഭേദഗതികൾ വരുത്താൻ സാധിക്കില്ലെന്നാണ്. എക്‌സിസ്റ്റിങ് കമ്മ്യൂണിറ്റിക്കുവേണ്ടി ഒരു ഭേദഗതി വരുത്താൻ സാധിക്കില്ലായെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനമല്ലേ കേരളം. വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി കോടതി കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്. അത് കേരള സർക്കാറിന്റെ പൂർണപരാജയമാണ്. ഞങ്ങൾ വളരെ ചെറിയൊരു കമ്മ്യൂണിറ്റിയാണ്. പൊലീസിൽ പോകാൻ പരീക്ഷ എഴുതിയ രണ്ട് പേരെ എനിക്കറിയാം. എനിക്ക് നേരിട്ട് പരിചയമില്ലാത്ത എത്രയോപേർ പരീക്ഷ എഴുതാൻ ശ്രമിക്കുന്നുണ്ടാകാം. പുരുഷൻ എന്ന കാറ്റഗറിയിൽ പരീക്ഷ എഴുതേണ്ടിവരുന്നതുകൊണ്ട് എത്രപേർ അതിന് ശ്രമിക്കാതിരിക്കുന്നുണ്ടാകാം. അപേക്ഷിക്കുന്നത് മുതൽ പ്രശ്‌നങ്ങൾ ആരംഭിക്കുകയാണ്. നമ്മൾക്ക് സത്രീ\ പുരുഷൻ വിഭാഗത്തിൽ മാത്രമെ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ’’.
മുഹമ്മദ് സാബിൻ നവാസിന്റെ പ്രശ്നം സാമൂഹ്യനീതി വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും നിയമവകുപ്പിന്റെയും ശ്രദ്ധയിൽപെടുത്തുമെന്നും പദ്മ ലക്ഷ്മി പറഞ്ഞു. നൽകുന്നുണ്ട്. തുടർന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. നവാസിനെ തോൽപ്പിക്കരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് പോസിറ്റീവായി തന്നെയാണ് കാണുന്നതെന്നും അഡ്വ. പദ്മ ലക്ഷ്മി പറഞ്ഞു.

തങ്ങളുടെ വിഭാഗത്തിൽനിന്നൊരാൾ പൊലീസിലെത്തുക എന്നത്, ഈ കമ്യൂണിറ്റിയുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകം കൂടിയാണെന്ന് അഡ്വ. പദ്മ ലക്ഷ്മി പറയുന്നു:
എല്ലാ വിഭാഗം മനുഷ്യർക്കിടയിലുമെന്നപോലെ ട്രാൻസിലും കുറ്റവാളികളായവരുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങളെ ഡീൽ ചെയ്യാൻ ഞങ്ങളിൽ നിന്നും ഒരു പൊലീസുണ്ടെങ്കിൽ, അത് എത്രത്തോളം നന്നായിരിക്കും. അത് ഞങ്ങളുടെ വിഭാഗത്തിന് ഒരു അഡ്വാന്റേജ് തന്നെയാണ്. നിങ്ങളെ പോലെയുള്ളൊരാൾ വന്നാൽ ഞങ്ങൾ എങ്ങനെ ദേഹപരിശോധന നടത്തുമെന്നാണ് പൊലീസ് സ്റ്റേഷനുകളിൽ പോകുമ്പോൾ ഉദ്യോഗസ്ഥർ പറയുന്നത്. ഞങ്ങളിൽ നിന്നുള്ളവരും സ്റ്റേഷനുകളിലേക്ക് വരുമ്പോൾ ഇത്തരം പ്രശ്‌നങ്ങളൊക്കെ മാറും. ഒരു തൊഴിൽ കിട്ടുകയാണെങ്കിൽ ഞങ്ങളുടെ പ്രശ്‌നങ്ങൾ ഒരുപരിധി വരെ അവസാനിക്കുമെന്നാണ് കരുതുന്നത്. ജോലിയില്ലാത്തതാണ് ഞങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നം. ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കിയ കേരളത്തിൽ പൊലീസിൽ ഒരു ട്രാൻസ്ജൻഡർ പോലുമില്ല എന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല”.
മുഹമ്മദ് സാബിൻ നവാസ് എന്ന ട്രാൻസമെൻ ഉദ്യോഗാർഥി പൊലീസ് ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്തതിന്റെ അനുഭവം ട്രൂകോപ്പി തിങ്കിനോട് പങ്കുവെച്ചു. ഹെട്രോ സെക്ഷ്വൽ പുരുഷന്റെ കാറ്റഗറിയിൽ മത്സരിക്കുമ്പോൾ തന്റെ ശാരീരിക സവിശേഷതകൾ പരിഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഫയൽ ചെയ്ത കേസ് ഹൈക്കോടതിയിലാണെന്നും എന്നാൽ ഇതുമായി മുന്നോട്ടുപോകണോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു:
“നിലവിൽ ഒരു നിയമം രൂപീകരിക്കാത്തതുകൊണ്ടു തന്നെ എനിക്ക് പുരുഷൻ എന്ന കാറ്റഗറിയിൽ മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. എന്റെ എല്ലാ ഔദ്യോഗിക രേഖകളും പുരുഷനെന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഹെട്രോ സെക്ഷ്വൽ പുരുഷന്മാരോടൊപ്പം ഫിസിക്കൽ ടെസ്റ്റിലും പങ്കെടുക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ ടെസ്റ്റ് പാസാകുക വലിയ ബുദ്ധിമുട്ടാകും. എനിക്ക് ശാരികമായി ഇപ്പോഴും ചില പരിമിതികളുണ്ട്. അതുകൊണ്ടാണ് കേസ് ഫയൽ ചെയ്തത്. 1.50 ആണ് പുരുഷന്മാർക്ക് നിർദേശിക്കുന്ന ഉയരം. എന്നാൽ എനിക്ക് അത്രയും പൊക്കമില്ല. അതൊക്കെ വെല്ലുവിളിയാണ്. ആദ്യ തവണ ടെസ്റ്റിൽ പങ്കെടുത്തശേഷം ട്രൈബ്യൂണലിലാണ് കേസ് ഫയൽ ചെയ്തത്. അവരല്ല കേസ് പരിഗണിക്കേണ്ടത് എന്നുപറഞ്ഞ് ഹൈക്കോടതിയിലേക്ക് മാറ്റി. ഇതുപോലുള്ള രണ്ട് മൂന്ന് കേസുകൾ നിലവിലുണ്ട്. അടുത്ത ഘട്ടത്തിലേക്ക് പോകണോ പോയാൽ എന്തെങ്കിലും കാര്യമുണ്ടോ എന്നൊക്കെയുള്ള ആശങ്കയിലാണ് ഞാൻ.”

ആംഡ് പൊലീസ് സബ്-ഇൻസ്‌പെക്ടർ (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷിച്ചതിന് പി.എസ്.സി അയോഗ്യനാണെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊച്ചി സ്വദേശിയായ ട്രാൻസ്മാൻ അർജുൻ ഗീത നടത്തിയ നിയമപോരാട്ടമാണ് പ്രധാനപ്പെട്ട മറ്റൊരു കേസ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുമതിയോടെയാണ് അർജുൻ അപേക്ഷ നൽകിയത്. എന്നാൽ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപ്പീൽ നൽകുകയും ചെയ്തു. എന്നാൽ ട്രാൻസ്ജൻഡർ വ്യക്തികളുടെ അവസരങ്ങൾ നിഷേധിക്കുന്നത് അവർക്ക് നൽകുന്ന നിയമപരമായ സംരക്ഷണത്തിന് വിരുദ്ധമാണെന്ന് പി.എസ്.സിയുടെ അപ്പീൽ തള്ളി ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് പ്രസ്താവിച്ചു. സായുധ പോലീസിലെ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡം പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നായിരുന്നു പി.എസ്.സിയുടെ വാദം. കമ്മീഷന് അതിനെ നിയന്ത്രിക്കുന്ന പ്രത്യേക നിയമങ്ങളിൽ നിന്നും പൊതു നിയമങ്ങളിൽ നിന്നും വ്യതിചലിക്കാൻ കഴിയില്ലെന്നും കേരള പി.എസ്.സി. പറയുന്നു.
