വീടുപേക്ഷിച്ച് ചിലര്‍, വീടു ചുമന്ന് ചിലര്‍; പെണ്ണുങ്ങളുടെ ബസ് യാത്രകള്‍

ബസ്സുകൾ പലപ്പോഴും സ്ത്രീകൾക്ക് പകൽവീടുകളാണ്. വീട്ടിലുള്ളത്രയും സമ്മർദ്ദങ്ങളില്ലെന്ന വ്യത്യാസമുണ്ട്. അതിലിരുന്നാണവർ കാഴ്ചകൾ കാണുന്നതും അനുഭവങ്ങളിൽ അന്യോന്യം കലരുന്നതും. പതിവു യാത്രക്കാരികൾ സ്വന്തം ബസ്സിൽ കാണിക്കുന്ന ഒരധികാരഭാവമുണ്ട്. വണ്ടിയിൽ ഏതു പാട്ടാണ് രാവിലെ കേൾക്കേണ്ടതെന്നവർ ആവശ്യപ്പെടും.

ർത്താവിനൊപ്പം, അയാളുടെ ഇഷ്ടങ്ങൾക്കും അഭിരുചികൾക്കും ഭക്ഷണരുചികൾക്കും അനുസരിച്ചു മാത്രം യാത്ര പോകേണ്ടി വരുന്ന സ്ത്രീകളുണ്ട്. അയാൾക്ക് ഡ്രൈവ് ചെയ്യാനുള്ള ഹരം തീർക്കാനായി മാത്രം കൂടെ പോകേണ്ടി വരുന്നവരുണ്ട്. കുടുംബത്തെ മുഴുവൻ കൂട്ടി തീർഥാടനം പോലെ ദാക്ഷായണി ട്രാവൽസിൽ യാത്ര പോകേണ്ടി വരുന്ന സ്ത്രീകളുണ്ട്. പിന്നെ വിരസമായ കണ്ടക്ടഡ് ടൂറുകളുണ്ട്. പതിവു ബസ് യാത്രകളുണ്ട്. പെൺയാത്രകളുടെ രാഷ്ട്രീയപരിസരം ആലോചനകൾക്ക് വിധേയമാകേണ്ടതുണ്ട്. ജീവിതത്തിന്റെ സംഘർഷവും തുടിപ്പും വേദനകളും ഞാനേറ്റവുമറിഞ്ഞിട്ടുള്ളത് പതിവ് ബസ് യാത്രകളിലാണ്. ജീവിതമേൽപ്പിച്ച അനിവാര്യവും വിശാലവുമായ വിരസതാ ബോധങ്ങളെ മറികടക്കുവാൻ എന്റെ ബസ് യാത്രകളും സഹയാത്രികരും എത്ര മാത്രമാണ് സഹായിച്ചിട്ടുള്ളത് !

കോട്ടയത്ത് നഗരമദ്ധ്യത്തിലുള്ള വീട്ടിൽ ജനിച്ചു വളർന്ന എനിക്ക് കുട്ടിക്കാലത്ത് അധികം ബസ് യാത്രകൾ ചെയ്യേണ്ടി വന്നിട്ടില്ല. സ്കൂളുകൾ, കോളേജുകൾ,സിനിമാ തീയേറ്ററുകൾ, ആശുപത്രികൾ,സംഗീതസഭകളും നൃത്തസഭകളും , വായനശാലകൾ അങ്ങനെ താത്പര്യവും ആവശ്യവും ഉള്ള എല്ലാ സംവിധാനങ്ങളും  നടന്നെത്താവുന്ന ദൂരത്തായിരുന്നു. ഓണക്കാലത്ത് അച്ഛന്റെ വീടായ പുന്നത്തുറ എന്ന ഗ്രാമത്തിലേക്കുള്ള യാത്രയാണ് ആദ്യകാലത്തെ ബസ് ഓർമ്മ. പത്തിന്റെ  സുഭാഷ്, രണ്ടിന്റെ ശ്രീദേവി ഇങ്ങനെ രണ്ടു ബസ്സുകൾ ഏറ്റുമാനൂർ വഴി പാലാ റോഡിൽ കയറി പുന്നത്തുറ എത്തും. ഓട്ടുകമ്പനിക്കടവിലിറങ്ങി വള്ളത്തിൽ കയറി അക്കരെ എത്തണം. തിരിച്ച് 4 ന്റെ ശ്രീദേവി കമ്പനിക്കടവിലെത്തുമ്പോഴാണ് മടക്കം. Motion sickness ഉണ്ടായിരുന്ന ഞാൻ ബസ്സിൽ കയറുമ്പോൾ മുതൽ ശർദ്ദിക്കാൻ തുടങ്ങും. ശർദ്ദിച്ച് ശർദ്ദിച്ച് കുടലും പണ്ടവുമെല്ലാം പുറത്തു വരുന്ന മട്ടിൽ ശർദ്ദിക്കും. യാത്ര പകുതി എത്തുന്നതിനു മുന്നേ ഞാൻ അമ്മയുടെ മടിയിൽ തളർന്നു കമിഴ്ന്നു കിടക്കും. ഒരു വഴിക്കാഴ്ചയും ഭൂഭാഗ ഭംഗികളും കാണാനോ ആസ്വദിക്കാനോ ആ യാത്രകളിൽ കഴിഞ്ഞിട്ടില്ല. തലമുടി മണത്താൽ മതി എന്നു ചിലർ പറയും. 

Photo: elroydamien.wordpress.com
Photo: elroydamien.wordpress.com

എന്നാൽ തലമുടി മുഖത്തേക്കടുപ്പിക്കുന്നതോർത്താൽ ഞാൻ വീണ്ടും ശർദ്ദിക്കാൻ തുടങ്ങും. ചെറുനാരങ്ങ മണക്കാനും പിൻ കൊണ്ടു കുത്തിത്തുളച്ച് നീര് നുണഞ്ഞതിറക്കാനും മറ്റു ചിലർ പറയും. നാരങ്ങ മണം പോലും ഞാൻ വെറുത്തതങ്ങനെയാണ്. എല്ലാത്തിനും പത്തിന്റെ സുഭാഷിന്റെയും രണ്ടിന്റെ ശ്രീദേവിയുടെയും മണം . ഇപ്പോഴും മനം പിരട്ടിക്കൊണ്ട് വരുന്നുണ്ട് ആ വൃത്തികെട്ട മണം .

ഇവളെ എങ്ങനെ കല്യാണം കഴിപ്പിച്ചയക്കും ? ബസ്സിലും കാറിലും കയറിയാൽ ശർദ്ദിക്കുന്ന പെണ്ണിനെ മറ്റൊരു വീട്ടിലേക്ക് എങ്ങനെ അയക്കും? യാത്രപ്പേടിയും ശർദ്ദിയും മാറ്റാനുള്ള കാരണവത്തികളുടെ ഒടുക്കത്തെ അടവ്. ആദ്യത്തെ ദിവസം തന്നെ ശർദ്ദിച്ചു ചെല്ലുന്ന പെണ്ണിനെ കുറിച്ചവർ തമാശകൾ പറഞ്ഞു ചിരിച്ചു. എല്ലാം തോന്നലാണെന്നല്ലേ അവരുടെ ശാസ്ത്രം. 'വേറാരും വന്നെന്നെ വേൾക്കേണ്ട എന്നെയെന്നമ്മ താൻ വേട്ടാൽ മതി' എന്നൊരു തീരുമാനത്തിലെത്തി ഞാൻ. പഠിക്കുന്ന കാലത്ത് സ്കൂളിൽ നിന്നും കോളേജിൽ നിന്നും പോയ വിനോദയാത്രകൾ  അവോമിൻ എന്ന ടാബ് ലറ്റ് കഴിച്ചു കൊണ്ടായിരുന്നു. ഗുളിക കഴിച്ച് അരമണിക്കൂറിനകം ഉറങ്ങാൻ തുടങ്ങും. അക്കാലത്തൊന്നും ഒരു യാത്രയും പൂർണ്ണമായി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല.

Photo: Peakpx
Photo: Peakpx

വീട്ടിൽ നിന്ന് വളരെ അകലെയുള്ള കോളേജിൽ ആണ് ആദ്യം ജോലി കിട്ടുന്നത്. അപ്പോഴേക്ക് കല്യാണവും കഴിഞ്ഞു. പിന്നീടാണെന്റെ പരക്കംപാച്ചിലുകൾ. നെട്ടോട്ടങ്ങൾ. നിരന്തരം യാത്രകളായതോടെ കുട്ടിക്കാലം മുതലുള്ള motion sickness മാറിക്കിട്ടി. പക്ഷേ ഉദ്യോഗസ്ഥയും വിവാഹിതയും വീട്ടമ്മയും കൂടിയായ സ്ത്രീയുടെ പതിവ് യാത്രകൾക്ക് വല്ലാത്ത കിതപ്പാണ്. ആ ഭാരംവലിക്കലുകൾ വളരെ സ്വാഭാവികമെന്ന മട്ടിലാണ് സമൂഹവും നമ്മൾ തന്നെയും സ്വീകരിക്കുന്നത്. ജീവിതത്തിൽ തീരെ തിരിച്ചു വരരുതെന്ന് ഞാനാഗ്രഹിക്കുന്ന ഒരു കാലമുണ്ടെങ്കിൽ അത് ഉദ്യോഗസ്ഥയും വിവാഹിതയുമായി ജീവിതമാരംഭിച്ച ആ ആദ്യകാലങ്ങളാണ്. വിവാഹിതയാകുന്നതോടെ കുടുംബവും സമൂഹവും പെൺകുട്ടിക്കു മേൽ ഏൽപിക്കുന്ന അമിതമായ ഉത്തരവാദിത്തങ്ങളും അവളുടെ ചിരകാല സ്വപ്നങ്ങളും തമ്മിൽ ഉരസിയുരസി ചോരപൊടിയുന്ന കാലമതാണല്ലോ. ശരീരം ഏറ്റവും ആകർഷകമാകുമെന്നു കേട്ടിട്ടുള്ള മധുവിധു കാലങ്ങളിൽ എനിക്കതിനെ സ്നേഹിക്കാനോ പരിചരിക്കാനോ കഴിഞ്ഞില്ല. മുറുക്കവും ഭംഗിയുമുണ്ടായിരുന്ന ശരീരഭാഗങ്ങൾ അയഞ്ഞുതൂങ്ങുന്നുവോ എന്നു ഞാൻ ഭയന്നു. അക്കാലത്തെടുത്ത എന്റെ ഫോട്ടോകൾ എല്ലാം ഞാൻ നശിപ്പിച്ചു കളഞ്ഞു. കണ്ണു കുഴിഞ്ഞ് കവിളുന്തി വൃദ്ധയാകാൻ ഒരുവൾക്ക് പ്രായമാകണമെന്നില്ല. ഒരമ്മിക്കല്ലും അലക്കുകല്ലും അടുപ്പുകല്ലും കുറെ കടമകളും കൂടി ഒരുമിച്ചെടുത്ത് തലയിൽ വെച്ചു കൊടുത്താൽ മതി.

ഇന്നും തലയോലപ്പറമ്പ് കോളേജിനു മുന്നിലൂടെ പോകുമ്പോൾ ഞാൻ കണ്ണടച്ചിരിക്കും. എന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി മായ്ച്ചു കളയാൻ ഞാനാഗ്രഹിക്കുന്ന നാളുകളാണത്. 7.30 ന്റെ സാൻജോസ് ബസിൽ കയറണമെങ്കിൽ ഞാൻ 4.30 ന് എഴുന്നേൽക്കണം. ബസ്സും ട്രെയിനും ജീപ്പും മാറിമാറിക്കയറി വേണം 9.30 നു മുൻപ് കോളേജിലെത്തുവാൻ . അന്നു വരെ കണ്ടിട്ടില്ലാത്ത ഏതോ ഒരടുക്കള എന്റെ സ്വന്തം അടുക്കളയായി കണ്ടു തുടങ്ങിയ കാലം. അതിന്റെ മുക്കിലും മൂലയിലും എന്റെ തന്നെ കയ്യെത്തണം. എനിക്കതൊന്നും ശീലമായിരുന്നില്ല.  അങ്ങനെയൊക്കെയാണ് പെൺജീവിതം എന്നാരോ പഠിപ്പിച്ചു വിട്ടതുപോലെ ഞാൻ പാഞ്ഞു നടന്നു. മികച്ച ഭാര്യയും മികച്ച മരുമകളുമാകാനുള്ള പരാക്രമമായിരുന്നു. ചക്രമില്ലാത്ത ഒരു ബസ് പോലെ ഞാനോടിക്കൊണ്ടിരുന്നു. ചന്ദ്രമതിയുടെ അഞ്ചാമന്റെ വരവ് എന്ന കഥയിലെ സാവിത്രി ഞാൻ ആയിരുന്നു എന്നെപ്പോഴും തോന്നിയിട്ടുണ്ട്. ട്രെയിനിനെയും ബസ്സിനെയും എല്ലാം തെറിപ്പിച്ച് മറിച്ചിടാനുള്ള ശക്തി അവളുടെ  ഒറ്റ നെടുവീർപ്പിനുണ്ടായിരുന്നുവല്ലോ.

Photo: Bus Premi's Clicks
Photo: Bus Premi's Clicks

എല്ലാ പണിയും തീർത്ത് വൃത്തിയായിട്ട് ഒന്ന് ഒരുങ്ങാൻ കൂടി സമയമില്ലാതെ വേണം 7.30ന്റെ ബസ്സ് പിടിക്കാൻ . പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ക്ലാസിൽ പഠിപ്പിക്കാനുള്ളത് തയ്യാറെടുത്തിട്ടുണ്ടാവില്ല. രാവിലെ 7.30 ന് ആ ബസ്സിൽ കയറിയാലാണ് 8.10 ന് കോട്ടയം കളക്ട്രേറ്റിനടുത്തുള്ള stop ൽ ഇറങ്ങാനാവുക. അവിടെ നിന്ന് താഴോട്ടുള്ള ഇറക്കം ഒറ്റയോട്ടം ഓടിയാൽ 8.20 ന്റെ വേണാട് എക്‌സ്പ്രസ് കിട്ടും. അതിൽ കയറി പിറവം റോഡിൽ ചെന്നാൽ കോളേജിലേക്ക് ഒരു ജീപ്പ് കിട്ടും . അത് കിട്ടിയാൽ മാത്രം9.40 ന് first bell നു മുൻപ് collegeൽ എത്താം. ഇല്ലെങ്കിൽ പെട്ട പാടെല്ലാം വെറുതെ അര ലീവാകും.

ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം പോലും കഴിക്കാതെ,അതികാലത്ത്,വല്യ മുട്ടൻ വയറും താങ്ങി ബസ്സുകളിൽ, ട്രെയിനുകളിൽ ഒക്കെ റോങ് സൈഡിൽ നിന്ന് വരെ ചാടിക്കയറി  ഉള്ള യാത്രകൾ . തിരിയെ കിട്ടുന്ന പല വണ്ടികൾ പിടിച്ചു രാത്രിയാകുമ്പോൾ വീടെത്തിയിരുന്ന കാലത്തൊന്നും സൂക്ഷിക്കണെ എന്ന് പറയാൻ പോലും ആരുമുണ്ടായില്ല. പിടിച്ചു കെട്ടി നിർത്തിയിരുന്ന മൂത്രം വൈകി ഒഴുക്കി വിടുമ്പോൾ മരണ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചിട്ടുണ്ട്. കുറ്റബോധവും അപമാനഭാരവും കൊണ്ട് ഞാൻ തളർന്നു. വായിച്ച കഥകളും കവിതകളും  നോവലുകളും   കണ്ട സിനിമകളും ഒന്നും പറഞ്ഞു തന്ന ജീവിതമല്ല ഒരു പെണ്ണിന്റെ ജീവിതം. ഓടുന്ന ഓട്ടം കണ്ട് എൻജിൻ ഡ്രൈവറും ബസ് ഡ്രൈവറും ' ഓടണ്ട, പതിയെ വരൂ ' എന്ന്  കരുണ കാണിച്ചിട്ടുണ്ട്.. ട്രെയിനിൽ പരിപ്പുവടയോ മിക്സ്ച്ചറോ ഒക്കെ കൊടുത്ത് എഞ്ചിൻ ഡ്രൈവറോട്  ആ സ്നേഹം നിലനിർത്തിയിട്ടുണ്ട്.

Photo: fottam.com
Photo: fottam.com

അന്നൊക്കെ ബസ്സിലിരുന്നായിരുന്നു എന്റെ വായനകൾ ഏറെയും. ക്ലാസിലേക്കുള്ള തയ്യാറെടുപ്പുകൾ, അന്നന്നിറങ്ങുന്ന ആനുകാലികങ്ങൾ അങ്ങനെ യാത്രക്കിടയിൽ വായിച്ചു തീർത്തവയെത്ര . ഒരിക്കൽ വൈകിട്ട് 5 മണി കഴിഞ്ഞ് കോട്ടയം റെയിൽവേ സ്‌റ്റേഷനടുത്തുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് വാകത്താനത്തേക്കുള്ള ബസിൽ സൈഡ് സീറ്റ് തരമാക്കി ഞാൻ കയറിയിരിക്കുകയാണ്. മുൻപേ പോകുന്ന വണ്ടി അവിടെ കിടപ്പുണ്ടെങ്കിലും അരമണിക്കൂർ കഴിഞ്ഞു മാത്രം സ്റ്റാർട്ട് ചെയ്യുന്ന ബസിലാണ് ഞാൻ കയറിയത്. രണ്ടു കാരണങ്ങളാണ്. പുതിയതായി ഇറങ്ങിയ വാരിക വായിച്ചു തീർക്കണം. കഴിയുന്നതും വൈകി മാത്രം വീട്ടിൽ ചെല്ലണം. ബസ്സിൽ ആളുകൾ കയറിത്തുടങ്ങുന്നതേയുള്ളു. ഞാൻ വായനയിൽ പൂർണ്ണമായും മുഴുകി. അയമോദകസത്തു ഗുളിക വിൽക്കുന്ന ഒരു പയ്യൻ ഈണത്തിൽ ഗുളികയുടെ ഗുണഗണങ്ങൾ വർണ്ണിച്ച് ബസ്സിലേക്ക് കയറി വന്നു. ആളില്ലാത്ത ബസ്സിലും അയാൾ നിർത്താതെ ഗുളിക വർണ്ണിക്കുന്നുണ്ട്.  പെട്ടെന്നാണ്  ഒരു കൈ എന്റെ നെഞ്ചിൽ പതിഞ്ഞത്. റിഫ്ലക്സ് ആക്ഷൻ പോലെ കയ്യിലിരുന്ന മാസിക വീശി ഞാൻ മുഖത്തൊന്നു കൊടുത്തു. സത്യത്തിൽ അവൻ അടുത്തേക്കെത്തുന്നത് അറിയുവാനും ജാഗ്രതയോടെ ശരീരത്തെ ശ്രദ്ധിച്ചിരിക്കുവാനും കഴിയാതെ പോയത് എന്റെ കുറ്റമല്ലേ ? പെണ്ണുങ്ങൾ അങ്ങനെ പരിസരം മറന്ന്  വായനയിൽ മുഴുകിയിരിക്കാമോ? അപമാനിക്കുന്നവരെ ആണെങ്കിൽ പോലും ആരെയും തല്ലാനുള്ള ധൈര്യമൊന്നും എനിക്ക് അന്നുമില്ല, ഇന്നുമുണ്ടെന്നു തോന്നുന്നില്ല. എങ്ങനെയോ അങ്ങനെയങ്ങു സംഭവിച്ചു പോയതാണ്. അവൻ ബസ്സിൽ നിന്നിറങ്ങി , ഞാനിന്നു വരെ കേട്ടിട്ടില്ലാത്ത പച്ചത്തെറികൾ വിളിച്ചു തുടങ്ങി. എനിക്കു ഭയമായി. ഞാൻ പുസ്തകത്തിൽ നോക്കി വായിക്കുന്ന മട്ടിലിരുന്നു. തെറി വിളിച്ചതും ആഭാസം കാണിച്ചതും അവനായിരുന്നെങ്കിലും മാനം പോകുന്നത് എന്റേതാണെന്ന ഒരു വേവലാതി എന്നെ വന്നു മൂടി. അതെന്താന്നു ചോദിച്ചാൽ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങൾ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നേ ഉത്തരമുള്ളു. എന്റെ ശരീരത്തിലെ ഞാനേറ്റവും ആരാധിക്കുന്ന, ഞാനേറ്റവുമധികം ഭംഗി ആസ്വദിക്കുന്ന, ഞാനേറ്റവും വിലപിടിപ്പുള്ള ധനമായി കരുതുന്ന എന്റെ മാറിടം അയാൾ അശ്ലീലപ്പെടുത്തിയതു പോലെ എനിക്കു തോന്നി . ഗ്രേസിയുടെ അർബ്ബുദമെന്ന കഥയിലെ പെൺകുട്ടിയെ ഓർത്ത് ഞാൻ ഭയന്നു. ആരോ കയറിപ്പിടിച്ച മുലയെ അർബ്ബുദം ബാധിച്ച മുലയെന്ന പോലെ അവൾ ഭയന്നു. അതു മുറിച്ചു മാറ്റുന്നതു വരെ അവളതിനെ ഭയന്നിരുന്നുവല്ലോ. ശരീരത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ ഭയങ്ങൾ ജീവിതാവസാനം വരെ പിന്തുടരും .

ജൂണിലെ മഴകൾ ആസ്വദിച്ചിരുന്ന എന്നെ ഞാൻ മറന്നുതുടങ്ങിയിരുന്നു. കോളേജിൽ നിന്നുള്ള വൈകുന്നേരത്തെ മടങ്ങിവരവിൽ നല്ല മഴയുണ്ടാകും. മഴ പെയ്യുമ്പോൾ നനഞ്ഞ അടിപ്പാവാട തട്ടി തോലു പോയ കാൽപ്പാദങ്ങളും കെ എസ് ആർ ടി സി ബസ്സിലെ നനഞ്ഞു വിറച്ച നിൽപ്പും മാത്രമാണ് ഇന്ന് മനസ്സിൽ . നനഞ്ഞ അടിപ്പാവാടയും സാരിയും തെറുത്തു പിടിച്ച് KSRTC ബസ്സിൽ കയ്യിലെ കുട തുക്കിപ്പിടിച്ചുള്ള തൂങ്ങിനിൽപ്പും ബസ്സിലെ ഇരുട്ടും . നമ്മൾ നമ്മളെത്തന്നെ വെറുത്തു നിൽക്കുന്ന ആ ഇരുട്ടിൽ ദേഹത്തു  മുട്ടിയുരുമ്മാൻ ശ്രമിക്കുന്ന അശ്ലീലങ്ങളെ ഓർത്താൽ ജൂൺമഴ ഒരു ഓക്കാനമായി പുറത്തേക്കു വരും.  നനഞ്ഞ മുടി മുന്നോട്ടിട്ട് സാരി ഒതുക്കിപ്പിടിച്ചു നിൽക്കുന്ന നിൽപ്പിൽ ഒരുത്തന്റെ മുഖം എന്റെ പിൻകഴുത്തിലമർന്നതിന്റെ വെറുപ്പിക്കുന്ന ഓർമ്മയെ ഏതു വഴുക്കുന്ന ഭാഷയിലാണവതരിപ്പിക്കേണ്ടതെന്നെനിക്കറിയില്ല. മഴയും ഇരുട്ടും ഓടുന്ന വണ്ടിയിലെ തിരക്കും ആണിന് ചില സൗകര്യങ്ങൾ ഒരുക്കും. വണ്ടിയിൽ നിന്നിറങ്ങുമ്പോഴേക്ക് അവരത് മറക്കും പക്ഷേ പെണ്ണിന് ജീവിതാവസാനം വരെ അത് ചലവും ദുർഗ്ഗന്ധവും വമിക്കുന്ന പഴുപ്പു പേറുന്ന ഓർമ്മകളാണ്. ആ വിഷയത്തിലെ വൈകൃതങ്ങളെ എഴുത്തുശൈലിയുടെ  കപടശോഭ കൊണ്ട് മറയ്ക്കാനോ മറി കടക്കാനോ ഞാൻ ശ്രമിക്കുന്നില്ല. ഒരു കാലത്ത്  ബസ്സിൽ ശർദ്ദിച്ചിരുന്ന ഓർമ്മയിൽ അതേ അറപ്പോടും വെറുപ്പോടും കൂടിയാണ് ഈ ഖണ്ഡിക ഇവിടെ ഞാൻ ശർദ്ദിച്ചത്. മുഖമായാലും നഖമായാലും ലിംഗമായാലും ചില നേരങ്ങളിൽ ഒരേ പോലെ മനംപുരട്ടുന്ന അനുഭവം തന്നെ.

എനിക്കതൊക്കെ ഓർത്താൽ ഇപ്പോഴും കരച്ചിൽ വരും.  ബസ്സുകളിൽ എപ്പോഴും അറപ്പിക്കുന്ന ഒരു തണുപ്പുണ്ടായിരുന്നു . മഴയുടെ വരവും കാറ്റിന്റെ ശബ്ദവും ബസ്സിലെ യാത്രയും ആനന്ദിപ്പിക്കണമെങ്കിൽ നല്ല ജീവിത സൗകര്യങ്ങളും സന്ദർഭങ്ങളും ധാരാളമുണ്ടായിരിക്കണം. ഇല്ലെങ്കിൽ ഉണങ്ങാത്ത തുണികൾ അയപൊട്ടി തലയിൽ വന്നു വീഴുന്ന ഭാരമാണ് മഴയോർമ്മകൾക്ക് . ജോലി തന്ന മറ്റു പ്രിവിലേജുകളില്ലായിരുന്നെങ്കിൽ അന്ന് അതിജീവനം പോലും സാധ്യമാകില്ലായിരുന്നു എന്ന് മറക്കുന്നില്ല.. തിരികെപ്പോകാനാഗ്രഹിക്കുന്ന കുളിരൊന്നും മുട്ടോളം പോയിട്ട് മുട്ടത്തോടോളം പോലുമില്ല.

ആകെ ആശ്വസിപ്പിക്കുന്നത് അൽപം തോർന്ന മഴയിൽ ഷട്ടർ ഉയർത്തിയിരിക്കുമ്പോൾ കാണുന്ന ഒരു കാഴ്ചയാണ്. ചെറിയ വീട്ടിന്റെ തിണ്ണയിലിരുന്ന് ചൂട് കട്ടൻ കാപ്പി ഊതിയൂതിക്കുടിക്കുന്ന വൃദ്ധ ദമ്പതികളുടെ കയ്യിലെ  സ്റ്റീൽ ഗ്ലാസിൽ നിന്ന് പൊങ്ങുന്ന ആവിയിൽ നിന്ന് ഞാൻ ആ കാപ്പിമണം വലിച്ചെടുക്കുമായിരുന്നു. വറുത്തു പൊടിച്ച കാപ്പിക്കുരു മണം സങ്കൽപത്തിൽ ഒരു സുഖം പകരും.  കൊതിച്ചപ്പോഴൊന്നും കിട്ടാതെ പോയ ഒരു ഗ്ലാസ് ചൂടുകാപ്പിക്ക് ആഗ്രഹിച്ചപ്പോഴൊന്നും കിട്ടാതെ വഴുതിപ്പോയ ചുംബനങ്ങളുടെ ഒടുങ്ങാത്ത സുഗന്ധമാണ്.  

യാത്രയിലെ ചില സുഖാനുഭവങ്ങളെ കുറിച്ചുകൂടി പറയാതെ വയ്യ. പരിചയമില്ലാത്തവരാണെങ്കിൽ പോലും നേരെ മുഖത്തേക്കു നോക്കിയാൽ ചിരിക്കുന്ന ശീലമാണെന്റേത്. ചിലർ തിരിച്ചും ചിരിക്കും. മറ്റു ചിലർ ഇവളാര് എന്ന മട്ടിൽ നോക്കും. സദാ ചിരിച്ചു നടക്കുന്നത് പെണ്ണുങ്ങൾക്ക് നല്ല ശീലമല്ലെന്നും ആണുങ്ങൾക്കത് തെറ്റായ സന്ദേശം കൊടുക്കുമെന്നും കൂട്ടുകാരും വീട്ടുകാരും സഹാധ്യാപകരും പറയുമായിരുന്നു. പക്ഷേ, ആ ശീലം എന്നിൽ നിന്നു പോകാൻ ഞാനനുവദിച്ചില്ല. മനുഷ്യരെ കണ്ടാൽ ചിരിക്കുന്ന പെണ്ണിന് ബസ്സിലും ട്രെയിനിലും നല്ല ചിരികൾ പകരം കിട്ടി. സ്‌റ്റോപ്പല്ലാത്തിടത്തും വണ്ടി നിർത്തിക്കിട്ടി. 'ആരോടും ചിരിക്കുന്ന കുസൃതിക്ക് ദേവൻ ജീരകക്കസവിന്റെ പുടവ നൽകീ ' എന്ന പാട്ട് ബസ്സിൽ കേൾക്കുമ്പോൾ ഞാനെന്നെത്തന്നെ ഓർത്തിരുന്നു മന്ദഹസിച്ചു. ആരോടും ചിരിക്കുന്ന പെണ്ണിനെ സ്നേഹിച്ച ദേവൻ നിസ്സാരക്കാരനല്ല. അതിനു വലിയ മനസ്സു വേണം.

Representative image
Representative image

വയലാറിന്റെ 'ഉമ്മർ' എന്നൊരു കവിതയുണ്ട്. ഉമ്മറിന് സർക്കസ് കമ്പനിയിൽ  മല്ലിക എന്നൊരു കാമുകി. കത്തിയേറാണ് ഉമ്മറിന്റെ ഐറ്റം. ഇടയ്ക്ക് ഉമ്മറിനു അപകടം പറ്റിയ കാലത്ത് പകരം മറ്റൊരാളാണ് കത്തിയേറു ചെയ്യാൻ വന്നത്. 

ചുവരിലെ കറങ്ങുന്ന ചിത്രപ്പലകയിൽ  'പൂത്ത വെള്ളില പതുക്കനെപ്പടരാൻ നിൽക്കും പോലെ ' ചിരിച്ചു കൊണ്ടു സദാ നിൽക്കുന്നു മല്ലിക.

ഓരോ കത്തിയേറിനെയും മല്ലിക ചിരിച്ചു കൊണ്ടു വരവേൽക്കും. തനിക്കു പകരം അന്തോണി വന്നാലും മല്ലിക ചിരിക്കുന്നത് പക്ഷേ  ഉമ്മറിന് സഹിച്ചില്ല.. തന്നോടു ചിരിച്ച അതേ ചിരി അന്തോണിയോടും? 

ഉമ്മറിന് അസൂയ പെരുത്തു. മല്ലിക കള്ളിയാണെന്ന് അവൻ തീരുമാനിച്ചു. അവളെക്കൊല്ലാനായി തീരുമാനിച്ചാണ് അടുത്ത കത്തിയേറിന് അവൻ വന്നത്.

അവന്റെ വാശിയും പകയുമുള്ള മുഖഭാവം കണ്ടിട്ട് മല്ലികയൊന്നു പകച്ചു. എങ്കിലും ചിരിച്ചു കൊണ്ടവൾ കത്തിയേറുകളെ നേരിട്ടു. കാണികളും ഭയന്നു. പക്ഷേ ഒരേറും മല്ലികയുടെ ദേഹത്തു കൊണ്ടില്ല. കൊള്ളാതെ എറിയാൻ മാത്രം ശീലിച്ചു യന്ത്രമായി മാറിപ്പോയ കൈകളെ ശപിച്ച് ഉമ്മർ തളർന്ന്  നിലത്തിരുന്നു. മല്ലിക ഓടിയടുത്തുവന്നു. അവന്റെ തല മടിയിലെടുത്തു വെച്ചു പറഞ്ഞു

'കഠാരകളിരമ്പിക്കുതിക്കുമ്പോൾ

ചിരിക്കാൻ ശീലിച്ചൂ ഞാൻ

ചിരിക്കാതിരിക്കുവാൻ പരിശീലിച്ചിട്ടില്ല

കത്തിയേറിനു മുന്നിൽ ' 

തന്റെ ചിരിക്ക് അവൾ കുറ്റസമ്മതം നടത്തി. കരഞ്ഞു. 'ചിരിക്കാൻ ശീലിച്ചുപോയി ക്ഷമിക്കണം..'

ഈ കവിത പത്തു വയസ്സിൽ അച്ഛൻ ചൊല്ലിപ്പഠിപ്പിച്ചതാണ്. എന്തിനായിരുന്നിരിക്കും പെൺകുട്ടികളെ ഇത്തരം കവിതകൾ പഠിപ്പിക്കുന്നത്? കുറ്റബോധമുണ്ടാക്കാൻ വേണ്ടിയാണോ? ബസ്സിലും ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും ബാങ്കിലും പോസ്റ്റോഫീസിലും എവിടെ  കയറിച്ചെന്നാലും ചിരിക്കുന്ന മകളോട് എന്താണഛൻ പറയാനാഗ്രഹിച്ചത് ? . ഫോണിലൂടെ ഉറക്കെ ചിരിച്ചപ്പോൾ. 'വൃത്തികെട്ട' പെണ്ണുങ്ങളാണിങ്ങനെ ചിരിക്കുന്നതെന്ന് എന്നോടൊരാളേ പറഞ്ഞിട്ടുള്ളു. ആ ആളുടെയടുത്താണ് ഞാനേറ്റവും കുറവ് ചിരിച്ചിട്ടുള്ളത്. ജീവിതവണ്ടിയിൽ കൂടെ സഞ്ചരിക്കുന്ന ഒരാളുടെ ക്ഷമയെ പരീക്ഷിക്കാനെനിക്ക് ധൈര്യമുണ്ടായി തുടങ്ങിയിരുന്നില്ല അന്ന് .

Representative image
Representative image

പിന്നീട് ജീവിതമാകെ മാറി. കരഞ്ഞും അപമാനിതയായും തകർന്നു നിന്ന ശാരദക്കുട്ടി ഒരോർമ്മ മാത്രമായി. ആരോടും ചിരിക്കുന്ന ചിരികൾ അവൾ വീണ്ടെടുത്തു. അയഞ്ഞുതൂങ്ങാൻ തുടങ്ങിയിരുന്ന ഉടലിനെ അവൾ സ്വന്തം ഇച്ഛാശക്തിയുടെ കരുത്തിൽ ധൈര്യപൂർവ്വം പുനരുജ്ജീവിപ്പിച്ചുണർത്തി. വരുമാനമൊക്കെ വർധിച്ചു. ആരെയും ഭയമില്ലാതായി.   പ്രിയ എ. എസിന്റെ മൃൺമയം എന്ന കഥ 2020 ലെ ഒരു സന്ധ്യക്കാണ് ഞാൻ വായിച്ചത്. ബസ് യാത്രയാണ് കഥയുടെ പശ്ചാത്തലം. അപ്പോഴേക്ക് ഞാൻ ധീരതയുടെ പുനർജന്മമെടുത്തിട്ട് 20 വർഷത്തോളം കഴിഞ്ഞിരുന്നു. പഴയ അനുഭവങ്ങളുടെ ഓർമ്മകൾ കത്തിച്ച ചാമ്പലിൽ നിന്ന് പുതിയ ശാരദക്കുട്ടി ചിറകടിച്ചു പറന്നുയർന്നു പോയിരുന്നു. എന്നിട്ടും ആ  കഥ  എന്നെ കുറച്ചു പിന്നോട്ടു കൊണ്ടുപോയി. കഥ വായിച്ചിട്ട് ഞാൻ പ്രിയക്ക് അപ്പോൾത്തന്നെ വൈകാരികമായി ചില മെസേജുകൾ അയച്ചു. ഞാനും പ്രിയയും തമ്മിൽ ജീവിതത്തെ സംബന്ധിച്ച ഒരു രഹസ്യക്കരാറിൽ ഒപ്പിടുകയും ചെയ്തു.

അന്നത്തെ ആ  അസ്വസ്ഥ സായാഹ്നത്തിന് പ്രിയയോട് കടപ്പെട്ടിരിക്കുന്നു. കുറെ നേരത്തേക്ക്  ഞാൻ എന്റെ പതിവു ബസ്സിൽ കയറി യാത്ര ചെയ്തു. ചുറ്റുമിരിക്കുന്ന എല്ലാവരോടും ചോദിക്കാതെ തന്നെ ജീവിതം പറയുന്ന, കഥയിലെ ആ പെണ്ണിനെ എനിക്കല്ലാതെ ആർക്കു മനസ്സിലാകും ! അവളെ എനിക്കു പിടിച്ച് അടുത്തിരുത്തണമെന്നു തോന്നി.. ചുക്കിച്ചുളിഞ്ഞ കൈകൾക്ക് ഇണങ്ങില്ലെന്നറിഞ്ഞും ഞാൻ വാങ്ങിക്കൂട്ടുന്ന മൺവളകൾ അവളുടെ കയ്യിലണിയിച്ചു കൊടുക്കണമെന്നും തോന്നി. അത്രക്ക് മോഹങ്ങളുള്ള അവളെ എനിക്കല്ലാതെ ആർക്ക് സമാധാനിപ്പിക്കാനാകും!  കണ്ടിടത്തെല്ലാം ജീവിതം തേടി നടന്നിട്ടുള്ള  പെണ്ണുങ്ങൾക്കേ ആ  കഥ മനസ്സിലാകൂ. 

പ്രിയ എ.എസ്
പ്രിയ എ.എസ്

പ്രിയയുടെ കഥയിൽ ഓരോ അടുത്ത സംഭാഷണത്തിലും ഞാൻ നർമ്മം പ്രതീക്ഷിച്ചു . താമരക്കനി എഴുതുന്ന കാലത്ത് പ്രിയയുടെ കഥയിലുള്ള നർമ്മം ഈ കഥയിലില്ലായിരുന്നു. ദുഃഖിതകൾ ചിരിച്ചു മറിയുന്നിടമാണ് പ്രൈവറ്റ് ബസ്സുകൾ. രണ്ടു കാലത്തെ പെണ്ണുങ്ങൾ ഒത്തുകൂടിയാൽ കണ്ണുനീരിലവർ ഒരു തോണിയിറക്കിക്കളിക്കേണ്ടതാണല്ലോ.

ജീവിതം വല്ലാതെ  ബാധിച്ചാൽ  നർമ്മം നഷ്ടപ്പെട്ടു പോകും എന്ന് ഞാൻ പ്രിയയോട് പറഞ്ഞു. അതു തിരികെപ്പിടിച്ചു നിലനിർത്തുക എന്നത് പ്രധാനമാണ്. ആ ശ്വാസംമുട്ടൽ ഞാനനുഭവിച്ചിട്ടുള്ളതാണല്ലോ. എത്ര ബസ്സുകളുടെ സൈഡിലെ കമ്പികളിൽ അവയൊക്കെ പറ്റിപ്പിടിച്ചുണങ്ങിയ പാടുകളുണ്ടാകും!! പ്രിയയുടെ കഥ വായിച്ച 

അന്നു മുഴുവൻ ഞാൻ ആ ബസ്സിലുണ്ടായിരുന്നു. എന്റെ പതിവ്  'ലവ്  ഡേൽ' ബസ്സിൽ . പൂർണ്ണ ശ്രീയിൽ . സാൻജോസിൽ .. ഓരോ പെണ്ണിനെയും അടുത്തു പിടിച്ചു ചേർത്തിരുത്തി മുപ്പതു കൊല്ലം ജീവിതം തേടി, ആർത്തി പിടിച്ച് ഞാൻ യാത്ര ചെയ്ത വഴികളിൽ . 

വർഷങ്ങൾക്കു ശേഷമാണ് 2022 ൽ ഒരു ദിവസം ഒരു  Private bus ൽ ഞാൻ വീണ്ടും യാത്ര ചെയ്തത്. അതും 1987 മുതൽ 1994 വരെ ഞാൻ തുടർച്ചയായി വാകത്താനം - കോട്ടയം റൂട്ടിൽ യാത്ര ചെയ്തിരുന്ന Sanjos എന്ന ബസ്സിൽ, ചങ്ങനാശേരിയിൽ നിന്ന് വാകത്താനം വരെ പോയി.  എന്റെ പഴയ Sanjos ബസ് മുന്നോട്ടോടുമ്പോൾ എന്റെ ചിന്തകൾ പിന്നോട്ടുരുളുവാൻ തുടങ്ങി.

വൈകാരികമായി ആ ബസ്സിനോട് ഞാനെത്രമാത്രം ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് ഞാനോർത്തു..  

88 ലും 93ലും എന്റെ രണ്ടു ഗർഭകാലത്തിനും ക്ഷീണങ്ങൾക്കും ശർദ്ദികൾക്കും ദുരിതങ്ങൾക്കും സാക്ഷി ഈ ബസ്സാണ്. വലിയ വയറുമായി ബസ്‌സ്റ്റോപ്പിലേക്ക് ഓടിക്കയറുമ്പോൾ വണ്ടി നിർത്തി,

'പതിയെപ്പതിയെ വരു  ടീച്ചറേ' എന്നോർമ്മിപ്പിച്ച് വാതിൽക്കൽ നിന്നിരുന്ന ആ പയ്യൻ ഇന്ന് രൂപം കുറച്ചു മാറിയിട്ടുണ്ട്. എന്നെ കണ്ടതും ഓടി അടുത്തു വന്ന് കുശലം ചോദിച്ചു. മാസ്കുണ്ടായിട്ടും രണ്ടു പേരും പരസ്പരം മനസ്സിലാക്കി. മാസ്കിനു മുകളിലൂടെ കണ്ണിൽ നിറഞ്ഞ സ്നേഹം ഞാൻ കണ്ടു.  എന്റെ കണ്ണിലും അത് പ്രതിഫലിച്ചിരിക്കും .

Photo: Biji John
Photo: Biji John

അന്ന് സ്ഥിരമായി ബസ്സിന്റെ പിൻസീറ്റിലുണ്ടായിരുന്ന ബസ്സുടമ ഇന്നില്ല. അദ്ദേഹത്തിന്റെ  ചിത്രം മാലയിട്ട് ബസ്സിന്റെ മുൻഭാഗത്തു വെച്ചിട്ടുണ്ട്. അന്നത്തെ അതേ ചിരിയും പ്രസരിപ്പും ചിത്രത്തിലുമുണ്ട്. സുന്ദരനായിരുന്നു അയാൾ. അയാളെന്നെ കാണുന്നു എന്നത് യാത്രയിൽ എനിക്കൊരാഹ്ലാദമായിരുന്നു.

ഒരിക്കൽ കോളേജിൽ നിന്നുള്ള  മടങ്ങിവരവിൽ എന്റെ ട്രെയിൻ വല്ലാതെ വൈകി. സന്ധ്യ കഴിഞ്ഞുള്ള സർവ്വീസിൽ ഞാൻ വീട്ടിലേക്കു പോവുകയാണ്. അന്ന് ഞാൻ മോളെ 8 മാസം ഗർഭിണിയാണ് . പെരുമഴയുള്ള ആ സന്ധ്യയിൽ അയാൾ പിന്നിൽ നിന്നെഴുന്നേറ്റ് വന്ന് കരുതലോടെ പറഞ്ഞു "ലീവെടുക്കാറായില്ലേ, ടീച്ചറേ.. വരുന്നില്ലെന്നു കോളേജിൽ പറയ്. സൂക്ഷിച്ചിറങ്ങണം" . 'ബസ്സിൽ കിട്ടുന്ന പരിഗണനയൊന്നും ഉദ്യോഗസ്ഥലത്തു കിട്ടില്ല' എന്ന്  പറയണമെന്ന് ഞാനോർത്തു. സൂക്ഷിച്ച് സൂക്ഷിച്ച്  എന്ന് പറഞ്ഞ് അയാൾ ഡോർ തുറന്നവിടെ നിന്നു . അദ്ദേഹത്തിന്റെ അനുജനാണ് ഇന്ന് ബസ്സിൽ കണ്ടയാൾ.  ചേട്ടൻ മരിച്ചിട്ട് കുറച്ചു വർഷമായെന്നു പറഞ്ഞു.

ആരുമല്ലാത്ത എത്ര നല്ല മനുഷ്യരുടെ പരിഗണനയിലായിരുന്നു എന്റെ ആ യാത്രകൾ . തളർന്നുറങ്ങിപ്പോയാൽ stop ആകുമ്പോൾ വിളിച്ചുണർത്തിയിരുന്ന കണ്ടക്ടർമാർ. . ആരോഗ്യത്തോടെ ഞാനും മക്കളും അതുപോലെത്രയോ സ്ത്രീകളും പുലർന്നതിന് പിന്നിൽ എത്ര അപരിചിതരുടെ കരുതൽ കൂടി ഉണ്ടായിരുന്നു !! ആരുമല്ലാത്തവർ തരുന്ന നാരങ്ങാമിഠായിയുടെ മധുരമാണ് ജീവിതമെന്ന് കഥാകാരി  അഷിത പറഞ്ഞതെത്ര ശരിയാണ് !!

അഷിത
അഷിത

ആ ബസ്സിലിരിക്കുമ്പോൾ ഞാനന്നത്തെ ഒരു സഹയാത്രികയെ ഓർത്തു. ഞങ്ങൾ തമ്മിൽ നർമ്മം കലർത്തി പറഞ്ഞൊഴിഞ്ഞിരുന്ന എത്ര സമാനവേദനകൾ ! ഇന്നവൾ മിടുക്കിയായ പഞ്ചായത്ത് പ്രസിഡന്റാണ്. കൊച്ചുകുഞ്ഞിനെ അമ്മയെ ഏൽപിച്ചിട്ട് ഗൾഫിലേക്ക് വീട്ടുജോലിക്ക് പോകാൻ തയ്യാറെടുത്തിരുന്ന മറ്റൊരു ചെറുപ്പക്കാരിയെ ഞാനോർത്തു.   പോളിഷ് മാഞ്ഞു തുടങ്ങിയ അവരുടെ ഞാത്തു കമ്മലിന്റെ ക്ലാവു നിറവും കാതിലെ താഴേക്ക് നീണ്ടു തുടങ്ങിയിരുന്ന തുളയിൽ അതു കിടന്നാടുന്നതും മാത്രം ഇന്നും കാണാം എനിക്ക്. വൈകിക്കയറുന്നതിനാൽ ഞങ്ങൾക്ക് രണ്ടാൾക്കും എന്നും  പെട്ടിപ്പുറമായിരുന്നു സീറ്റ്. പിൻസീറ്റു മുതൽ ഡ്രൈവർ വരെയുള്ള സകലരെയും കാണാം അവിടിരുന്നാൽ . കോളേജധ്യാപികയായിരുന്ന ഞാനും വീട്ടുവേലക്കു പോകുന്ന ആ സ്ത്രീയും ഒരേ കലത്തിൽ വേകുന്ന വറ്റുകൾ തന്നെ. ഒന്നു വെന്താൽ മറ്റേതും വെന്തു . കണ്ണു നിറഞ്ഞ് എന്നോട് അവസാനമായി അവർ യാത്ര പറഞ്ഞിറങ്ങിയ ദിവസം ഞാനിന്നും ഓർക്കുന്നു.. അന്ന് എന്റെ മോൾ ജനിച്ചിട്ടും 60 ദിവസമേ ആയിരുന്നുള്ളു. എന്റെ നെഞ്ചും അന്ന് കനം കൊണ്ട് വിങ്ങി.  വർഷങ്ങൾക്കു ശേഷം 2022 ൽ ഓർമ്മകളുടെ ആ ബസ്സിറങ്ങിയപ്പോൾ മുന്നോട്ടു പോകാനാകാതെ ചില നനുത്ത വേദനകളെ  ഞാൻ  തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു.

90 കളിൽ  ഇതേ  14 കി.മീ എനിക്ക് വലിയ കടുപ്പമേറിയ ദൂരമായിരുന്നു. പക്ഷേ,  2022 ൽ കാറ്റിൽ പഞ്ഞിയെന്നതു പോലെ ഞാനത് ഓടിത്തീർത്തുവല്ലോ. വെപ്രാളങ്ങളുടെയും പരവശതയുടെയും ഭാരം കൊണ്ട് അന്ന് ഉപരിതലത്തിൽ കാൽ ചവിട്ടി താണ്ടിത്തീർത്ത അതേ ദൂരമാണ് ഇന്ന് കാറ്റും മിന്നലും പോലെ പറന്നെത്തിയത്. ഇന്നത്തെ  പ്രിവിലേജസിൽ എത്തുന്നതിനൊക്കെ മുൻപ് മറ്റൊരു ജീവിതമുണ്ടായിരുന്നു. അത് കഠിനമായിരുന്നു.

അടുക്കളയിലെ മുറുമുറുപ്പുകളും പരാതികളും ബസ്സിൽ തലയെടുപ്പുള്ള തമാശകളാകുന്നു. ഉപയോഗ ശൂന്യമാകുന്ന സ്വന്തം കഴിവുകളെക്കുറിച്ചവർ ഉറക്കെ വാചാലരാകുന്നു. ഗീതാ ഹിരണ്യന്റെ കഥകളിൽ  ബസ് യാത്രകളിലെ ആ കൗതുകക്കാഴ്ചകളുണ്ട്. തോളത്തു നിന്ന് ഇഴുകി വീഴുന്ന സാരി അലസമായി കയറ്റിയിട്ട് ' ടപ്പ്' എന്ന് കുട മടക്കി ഓടി വന്ന് ബസ്സിൽ കയറുന്ന സ്ത്രീ, കണ്ടക്ടർ അടുത്തു വരുമ്പോൾ ബീഡി പോലെ തെറുത്ത ഒരു നോട്ടെടുത്തു നീട്ടുന്നു.' ഇതൊന്നൂടെ മടക്കാർന്നില്ല്യേ ചേച്ച്യേ' എന്നയാൾ ചിരിക്കുന്നു.  ഗീതാ ഹിരണ്യന്റെ കുസൃതിക്കണ്ണുകൾ ബസ്സിലെ ജീവിതചൈതന്യം തുടിക്കുന്ന കാഴ്ചകളെ കണ്ടെടുക്കുന്നുണ്ട്. ആ കുസൃതിക്കണ്ണുകളില്ലായിരുന്നുവെങ്കിൽ ഗീതക്ക് 'ഇതാലോ കാൽവിനോ തൃശ്ശൂർ എക്സ്പ്രസ്സിൽ' എന്ന കഥ എഴുതുവാനാകുമായിരുന്നില്ല. ഒരിടത്ത് കേട്ട കഥകളെ മറ്റൊരിടത്ത് കൊണ്ടുചെന്ന് അവിടുത്തെ ഇഡിയത്തിൽ മാറ്റിപ്പറയുക എന്നത് കഥ പറച്ചിലിന്റെ രീതിയാണ്. അത് വിവർത്തനമല്ല, മനോഹരമായ മാറ്റിയെഴുത്താണ് .The adventures of a soldier എന്ന കഥയെടുത്ത് തികച്ചും തന്റേതാക്കി കേരളത്തിലെ പശ്ചാത്തലത്തിലേക്ക് ഗീത  മാറ്റിപ്പണിതു. അതിനൊരു പോസ്റ്റ്മോഡേൺ ഭംഗിയുണ്ടായിരുന്നു. കേരളത്തിലെ ഒരു ബസ് യാത്രക്കിടയിൽ പി.ഇ. ഉഷക്കു നേരിടേണ്ടി വന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗീതാ ഹിരണ്യൻ ഈ കഥ എഴുതുന്നത്.

ഗീതാ ഹിരണ്യൻ
ഗീതാ ഹിരണ്യൻ

ബസ്സുകൾ പലപ്പോഴും സ്ത്രീകൾക്ക് പകൽവീടുകളാണ്. വീട്ടിലുള്ളത്രയും സമ്മർദ്ദങ്ങളില്ലെന്ന വ്യത്യാസമുണ്ട്. അതിലിരുന്നാണവർ കാഴ്ചകൾ കാണുന്നതും അനുഭവങ്ങളിൽ അന്യോന്യം കലരുന്നതും. പതിവു യാത്രക്കാരികൾ സ്വന്തം ബസ്സിൽ കാണിക്കുന്ന ഒരധികാരഭാവമുണ്ട്. വണ്ടിയിൽ ഏതു പാട്ടാണ് രാവിലെ കേൾക്കേണ്ടതെന്നവർ ആവശ്യപ്പെടും. എന്റെ പതിവു ബസ് യാത്രയിൽ ജി വേണുഗോപാലിന്റെ പാട്ടുകേട്ട് പോകാനിഷ്ടപ്പെട്ടിരുന്ന കുറെ സ്ത്രീകളുണ്ടായിരുന്നു. എല്ലാവരും ഉദ്യോഗസ്ഥകളാണ്. വീട്ടു തിരക്കുകൾ കഴിഞ്ഞ് ഓടിയും ചാടിയും വിയർത്തും ബസ്സിൽ കയറി ഇടം പിടിക്കുന്നവരാണ്. അവർക്ക് വേണുഗോപാലിന്റെ ശബ്ദം ഒരു സാന്ത്വനമാണ്. ഈ ആണുങ്ങളൊക്കെ വേണുഗോപാലിനെ പോലെ മൃദുവായി ശബ്ദിച്ചിരുന്നെങ്കിൽ ഭൂമി എത്ര സുന്ദരമായിരുന്നേനെ എന്ന് ഗിരിജ എന്റെ ചെവിയിൽ പറഞ്ഞിട്ടുണ്ട്. പല പാട്ടുകളും കേൾക്കുമ്പോൾ അത് കേട്ട് നല്ല ഒരു ലാസ്യനടനത്തിന്റെ ഭാവത്തിലവർ പതുക്കെ തലയാട്ടും. സ്വയമറിയാതെ ഇളകിയാടും. ബസ്സിലാണെന്നു മറന്ന് ഒരു നർത്തകീ ഭാവത്തിലങ്ങനെ സ്വയം മറക്കും. ജീവിതത്തിരക്കുകൾക്കിടയിൽ പിടിച്ചെടുക്കുന്ന ആ അല്പനിമിഷങ്ങൾക്ക് എന്തഴകാണ് ! 

രാവിലെ ഇറങ്ങുമ്പോൾ തന്നെ വീടുപൂട്ടി അതിനെ അവിടെത്തന്നെ ഉപേക്ഷിച്ചു പോരുന്ന മിടുക്കികളും പൂട്ടിയിട്ട വീടിനെ തോളിൽ ചുമന്നു നടക്കുന്ന പാവങ്ങളും അതിലുണ്ട്. അടുക്കള അടച്ചോ , കുട്ടികൾ lunch box എടുത്തോ എന്നൊക്കെ തോളിലിരിക്കുന്ന വീട് രണ്ടാമത്തെ കൂട്ടരെ കടിച്ചു പറിച്ചു കൊണ്ടേയിരിക്കും. 'നാളെ രാവിലെ പോരുമ്പോൾ ആ മാന്യ കാരാഗൃഹത്തെ അവിടെത്തന്നെ വെച്ചിട്ടേ പോരാവൂ ' എന്ന് ലില്ലിക്കുട്ടി ടീച്ചർ ചിരിച്ചു കൊണ്ട് ശോഭയെ വിരൽ ചൂണ്ടി ശാസിക്കും. നിലക്കാത്ത സംസാരത്തിലൂടെയാണ് ജീവിതത്തിലെ ഒറ്റപ്പെടലിനെ ആനി ഭേദിക്കുന്നത്. 'ഇട്ടിട്ടു പോകു'മെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്ന ഭർത്താവിനോട്,  'ഇങ്ങനെ ആശിപ്പിക്കാതെ പോകുന്നെങ്കിൽ പോ. എന്നിട്ടു വേണം എനിക്ക് ബ്യൂട്ടി പാർലറിലൊക്കെ പോയി ഒന്ന് സുന്ദരിയാകാൻ. നിങ്ങളുടെ വേലക്കാരിയാകുന്നതിന് മുൻപ് ഞാനൊരു സുന്ദരിയായിരുന്നു' എന്നു പറയുമ്പോൾ ചിത്രശലഭങ്ങളെ കുറിച്ച് ആമകളോട് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നൊരു ആമോസ് ഓസ് ഭാവമാണ് ആനിയുടെ മുഖത്ത് . 'വീട്ടുജോലി ചെയ്യാം. പക്ഷേ കുത്തു വർത്തമാനം പറയാനുള്ള അവകാശം വേണ' മെന്ന് ലില്ലിക്കുട്ടി ആനിയെ പിന്താങ്ങും. ഭർത്താവിന്റെ വീട്ടിലെ പട്ടി കടിച്ചതിനെ കുറിച്ച് 'ഡോഗ് ഇൻ ലോ കടിച്ചു' എന്നു പറഞ്ഞ പത്മ ടീച്ചറെ കുറിച്ച് ഞാൻ മുൻപും എഴുതിയിട്ടുണ്ട്. വി.കെ എന്നും അക്ബർ കക്കട്ടിലും തോൽക്കും പത്മ ടീച്ചറുടെ നർമ്മബോധത്തിനു മുന്നിൽ. വഴിയിൽ കണ്ടുമുട്ടി പിരിയുന്നവരോട് ഇന്നലെ പറഞ്ഞു നിർത്തിയതിന്റെ ബാക്കിയെന്ന നിലയിലാണ് സ്ത്രീകൾ സംസാരിച്ചു തുടങ്ങുന്നത്. ഈ ശീലമാകാം വീട്ടമ്മ - ഉദ്യോഗസ്ഥ എന്ന ഇരട്ട ഭാരങ്ങളിൽ നിന്ന് അവരെ രക്ഷിക്കുന്നത്. 

Representative image
Representative image

തികച്ചും സാധാരണക്കാരായ മനുഷ്യരെയാണ് നമ്മൾ ബസ് യാത്രകളിൽ കണ്ടുമുട്ടുക. എന്നാൽ അവരിൽ നിന്ന് അനിവാര്യമായി ഉയർന്നു വന്നേക്കാവുന്ന ചില സാഹചര്യങ്ങളും സംഭവങ്ങളും അസ്വാഭാവികതകളുമുണ്ട്. വിരസമായ ജീവിതാവസ്ഥകളിൽ ഇവരെല്ലാം വീണ്ടും വീണ്ടും എന്റെയുള്ളിലേക്ക് കയറി വരികയാണ്. പാചകം ചെയ്യുമ്പോൾ ചില പൊടിക്കൈകളായി. പാട്ടു പാടുമ്പോൾ ചില നൊമ്പരങ്ങളായി. ദേഷ്യം വരുമ്പോൾ ചില ഓർമ്മപ്പെടുത്തലുകളായി. സങ്കടങ്ങളിൽ സാന്ത്വനമായി. ചിലപ്പോൾ നോവലുകളിലും സിനിമകളിലും ഞാനവരെ കണ്ടെത്തുന്നു. എപ്പോഴും സ്വന്തം അവസ്ഥ പാലിക്കുന്ന വ്യക്തിത്വങ്ങളായി അവർ എനിക്കൊപ്പം യാത്ര തുടരുന്നു. 'മദാം ബോവറി ഞാനാണ് ' എന്ന് ഫ്ലോബേർ പറഞ്ഞതു പോലെ അവരെല്ലാം ഞാനാണ്. തീവ്രമായ യാഥാർഥ്യ ബോധത്തിലേക്ക് , ശ്രേഷ്ഠമായ ജീവിതഛായകളിലേക്ക് സവിശേഷമായ നിരീക്ഷണ കൂർമ്മതയാൽ എന്നെ നയിച്ച ആ സാധാരണ സ്ത്രീകൾക്കൊപ്പമുള്ള ഈ യാത്രകൾ ഏറ്റവും വലിയ ജീവിതപാഠങ്ങളായി എനിക്ക്. ഏതു കുണ്ടിലും കുഴിയിലും ചാടിയാലും  ഈ അനുഭവയാത്രകളെ ഞാനിഷ്ടപ്പെടുന്നു. 'വിടില്ല ഞാനീ രശ്മികളെ ' എന്ന് അവരൊക്കെ എനിക്കൊപ്പം ഏറ്റു പാടുന്നുണ്ട്.


Summary: women bus journey saradakutty bharathikutty writes


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments