എന്നും ഈ വീടോർമിക്കാൻ ചില കാര്യങ്ങൾ കൂടി ബാക്കിയുണ്ട്.‘പതിനാലാം രാവ്' എന്ന സിനിമ ആ വീടിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ആ സിനിമ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ അതിന്റെ കഥയിൽ തുടങ്ങി ഷൂട്ടിങ് നടന്ന കാര്യങ്ങൾ, വീട്ടിലുള്ള പലരെയും അതിൽ പകർത്തിയത് മുതൽക്കുള്ള കാര്യങ്ങൾ പലപാട് കഥകളായി കേട്ടിട്ടുണ്ട്. എപ്പോഴും അടുക്കളയിൽ കഴിയുന്ന ആമിന്താത്തയാണ് അന്ന് ക്യാമറയിൽ പതിഞ്ഞവരിൽ ഒരാൾ. അതുതന്നെ അവരറിയാതെയത്രേ പകർത്തിയത്. അതിലെ ഗാനങ്ങൾ ഏറെ പ്രശസ്തമായിരുന്നു. വീട്ടിൽ ഉപ്പാന്റെ കളക്ഷനിൽ എനിക്കിഷ്ടപ്പെട്ട പാട്ടുകളിൽ ചിലതായിരുന്നു അത്.
ആ പൂവിയിന്റൊരു കോണില് കിനാവെന്തെന്നറിയാതെ പതിനാലാം രാവിനൊത്ത് വളർന്തേ ബീവി അവളുടെ ഹൃദയത്തില് മണം തൂവി അണയ്‌ന്തേ മാരൻ
ദൈവനാമത്തിൽ തുടങ്ങുന്ന ഈ പാട്ടിലെ വരികളിൽ സ്ത്രീസങ്കൽപം, ഒരു വരിക്കിടയിലൂടെ തിളങ്ങുന്ന സുറുമക്കണ്ണുകളുമെല്ലാം അന്ന് എന്നെയും സമപ്രായക്കാരായ പലരെയും ഏറെ സ്വാധീനിച്ചവയായിരുന്നു. എന്നാൽ ഇതിനൊടുവിൽ
ഉലകിൽ കൊതിയെല്ലാം പടയ്ത്തവൻ
എടുത്തുകൊണ്ടാർ
എന്ന വരികളിലെത്തുമ്പോൾ പ്രണയം നഷ്ടപ്പെടുന്നവരുടെ വേദന ശരിക്കും അനുഭവപ്പെടുന്ന തരത്തിലുള്ള അതിന്റെ ഈണം കൂടിയാണ് നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കുക. പൂവച്ചൽ ഖാദറിന്റേതാണ് ഈ വരികൾ. ഇതിലുപയോഗിച്ച ഓരോ വാക്കും എത്ര മൂർച്ചയോടെയാണ് ഈ അനുഭവം ആവിഷ്‌കരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. പരസ്പരം അകലാനാണെങ്കിൽ എന്തിനാണ് ഇങ്ങനെ കൊതി തന്നത് എന്നത്, എല്ലാ കുറ്റപ്പെടുത്തലുകളും തനിക്ക് ആഗ്രഹങ്ങൾ തന്ന പടച്ചവനിൽ മാത്രം ചാർത്തുന്നു. ഇതിനേക്കാൾ ആകർഷകമായിരുന്നു ഇതിലെ ‘പനിനീരു പെയ്യുന്നു’ എന്ന പാട്ട്. ഇതിന്റെ പ്രത്യേകത, ഒരേ ഈണത്തിൽ തന്നെ ഇത് പ്രണയഗാനമായും പ്രണയഭംഗത്തിന്റെ ദുഃഖഗാനമായും അവതരിപ്പിക്കുന്നു എന്നതായിരുന്നു.
കിന്നാരം ചൊല്ലാലോ കണ്ണിൽ നോക്കി ഇരിക്കാലോ അന്യോന്യം കണ്ടുകണ്ടെല്ലാമെല്ലാം മറക്കാലോ
എന്ന വരികളെല്ലാം ചെറുപ്പത്തിൽ തന്നെ കൗമാരത്തെക്കുറിച്ചുള്ള ആകാംക്ഷകൾ നിറച്ചവയായിരുന്നു. മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ തീർത്ത ഇതിലെ വരികളിൽ ഏറ്റവും കഠിനമായി തോന്നിയതും വേർപാടിന്റെ വരികളായിരുന്നു.
ഏതോ സുബർക്കത്തിൽ സ്വർണത്താമര മഞ്ചത്തിൽ ചിരിയുടെ ചീര്ണി വെച്ചു നീ സുൽത്താനേകുമ്പോൾ റൂഹിലെരിയിച്ച ചന്ദനത്തിരി ഗന്ധത്തിൽ ഹൂറി ഞാൻ മൗത്തായ മോഹത്തിൽ ജാറം മൂടുന്നു
ഇതിലെ ചീര്ണി എന്ന പദവും ‘റൂഹിലെരിയിച്ച ചന്ദനത്തിരിഗന്ധവും’ ജാറം മൂടലുമെല്ലാം ഞങ്ങളുടെ നേർച്ചയുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ സംവേദനക്ഷമമാക്കി. ചീര്ണി എന്നത് ഒരു പേർഷ്യൻ പദമത്രേ. കൊണ്ടോട്ടി തങ്ങൾമാരുടെ പേർഷ്യൻ ബന്ധവും ഉത്തരേന്ത്യൻ സംസ്‌കാരത്തെയുമൊക്കെ പ്രകടമാക്കുന്നതാണീ വാക്ക്. മധുര പലഹാരം എന്നേ ഇതിനർഥമുള്ളൂ. പക്ഷെ നേർച്ചയ്ക്ക് വരുമ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് നേർച്ചയുടെ ചീര്ണിയായിരുന്നു. ചന്ദനത്തിരിയും ജാറവുമെല്ലാം മരണത്തിന്റെ സാന്നിധ്യം കൂടി തരുന്നതിനാൽ പ്രണയഭംഗം അയാളിലുണ്ടാക്കുന്ന ആഘാതത്തെ ശരിക്കും ഈ വരികളിൽ അനുഭവിക്കാൻ കഴിഞ്ഞിരുന്നു. ഈ സിനിമ കണ്ടില്ലെങ്കിലും അതിലെ പാട്ടും കഥയുമെല്ലാം അക്കാലത്തെ ഹരങ്ങളിലൊന്നായിരുന്നു.
സാഹിത്യത്തിന്റെ ചരിത്രത്തിലും ഈ വീടുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യർ അറബിമലയാള സാഹിത്യത്തെ തന്നെ ജനകീയമാക്കിയ കവിയാണെന്ന് പറയാം. പ്രണയ കവിതകളെഴുതിയതിന് ആദ്യമായി വിചാരണ ചെയ്യപ്പെട്ട കവി കൂടിയാണ് അദ്ദേഹം. അതിനെ സംബന്ധിച്ച ഐതിഹ്യത്തിൽ കൊണ്ടോട്ടി തക്കിയക്കൽ വീടാണുള്ളത്. അവിടുത്തെ ഒരു പെൺകുട്ടിയോട് മോയിൻകുട്ടി വൈദ്യർക്ക്തോന്നിയ പ്രണയത്തിന്റെ ഫലമാണ് അനശ്വര പ്രണയകാവ്യമായ ‘ഹുസ്‌നുൽ ജമാൽ ബദറുൽ മുനീർ'. ഈ പെൺകുട്ടിക്കുവേണ്ടി എഴുതി വീടിന്റെ മേൽപ്പടിയിൽ വെച്ച കവിത മറ്റാരോ കണ്ടുപിടിക്കുകയും പള്ളിയിൽ വെച്ച് വിചാരണ ചെയ്യപ്പെടുകയും ചെയ്തുവെന്നാണ് കഥ. പക്ഷെ പിൽക്കാലത്ത് ഏറെ ആസ്വദിക്കുകയും പഠിക്കപ്പെടുകയും ചെയ്ത കവിതയും ഇതുതന്നെ. ഈ കവിത ഏറ്റവും പ്രകീർത്തിക്കപ്പെട്ടത് ഇതിലെ ശക്തയായ സ്ത്രീകഥാപാത്രത്തിന്റെ പേരിലാണ്.
പ്രണയത്തിനുവേണ്ടി വീടുവിട്ടിറങ്ങിയവളാണ് എന്നതുമാത്രമല്ല, കാമുകനുമായി വേർപെട്ടുപോയ ഹുസ്‌നുൽ ജമാൽ തന്നെ സംരക്ഷിച്ചു നിർത്തുന്നതും അക്രമികളെ നേരിടുന്നതും രത്‌നക്കച്ചവടം നടത്തുന്നതുമെല്ലാം ഇതിൽ വിവരിക്കുന്നു. അനേകം പ്രതിബന്ധങ്ങളെ മറികടന്നാണ്, ജിന്നുരാജകുമാരൻമാരെ പോലും അതിജീവിച്ചാണ് അവർ കാമുകനെ കണ്ടെത്തുന്നത്. ഇങ്ങനെ ശക്തമായ കഥാപാത്രത്തെ സൃഷ്ടിച്ച മോയിൻകുട്ടി വൈദ്യരുമായി ഞങ്ങളുടെ വീട് ബന്ധപ്പെടുന്നു എന്നത് എനിക്ക് ഏറെ താൽപര്യമുള്ള കാര്യമായിരുന്നു. പക്ഷെ അതിനെയും ഉപ്പ പലപ്പോഴും തകർത്തിട്ടുണ്ട്. ഉപ്പാന്റെ അഭിപ്രായത്തിൽ വൈദ്യരുടെ കാലഘട്ടവുമായി ബന്ധപ്പെടുത്തി നോക്കിയാൽ ആ കാലയളവിൽ തക്കിയാവിൽ പെൺകുട്ടികളില്ല. എന്നാലും ആ കഥകൾ വിശ്വസിക്കാൻ തന്നെയായിരുന്നു എനിക്കിഷ്ടം. എന്തായാലും ഖുബ്ബയ്ക്കും തക്കിയാവിനും ഇടയ്ക്കാണ് മോയിൻകുട്ടി വൈദ്യരുടെ ഖബർസ്ഥാൻ ഉള്ളത്. കൊണ്ടോട്ടി തങ്ങൻമാരുടെ സൂഫി പാരമ്പര്യത്തോടൊപ്പെ നമ്മുടെ കാവ്യ പാരമ്പര്യവും ആരാധ്യമായി മാറുന്ന കാഴ്ച നമുക്കവിടെ കാണാം.
മറ്റൊരനുഭവം എനിക്കീ വീടുമായുള്ളത്, ആദ്യമായി ഞാൻ പോർണോ മാസികകൾ വായിക്കുന്നതും ഇവിടെ നിന്നാണ്. ആദ്യം മൂന്നാം നിലയിലെ ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ സൂക്ഷിക്കുന്നിടത്താണ് ഇത് കണ്ടെത്തിയത്. ഞാനും കുറച്ച് കസിൻസും അവിടെയിരുന്ന് സ്വകാര്യമായി ഇത് വായിച്ചിരുന്നു. ചീത്ത പുസ്തകങ്ങൾ വായിക്കാൻ പാടുണ്ടോ എന്ന പേടി തുടക്കത്തിലുണ്ടായെങ്കിലും ഞങ്ങൾ ഒരുമിച്ചായപ്പോൾ ആഘോഷമായി വായിക്കാൻ തുടങ്ങി. പക്ഷെ ഒറ്റയ്ക്കായപ്പോൾ അവിടെപ്പോയി വായിക്കാൻ പറ്റില്ലായിരുന്നു. പിന്നീടാണ് ഇടനാഴിയിലെ ഒരു മേശയ്ക്കകത്ത് ഇത് കണ്ടുപിടിച്ചത്. അന്നുമുതൽ ഇത് സ്വകാര്യമായിരുന്ന് വായിക്കാൻ തുടങ്ങി. ഒരു ദിവസം പെട്ടെന്ന് അമ്മായി അങ്ങോട്ട് കയറിവന്നു. ഞാൻ പുസ്തകം മേശയ്ക്കകത്ത് വെച്ച് അടച്ചെങ്കിലും എന്റെ മുഖഭാവവും പെട്ടെന്നുള്ള മേശയടയ്ക്കലും കണ്ട് അവർ ആദ്യം അമ്പരന്ന് നോക്കി. പിന്നെ ഒന്നു ചിരിച്ച് അവർ അകത്ത് കയറിപ്പോയി. മുതിർന്ന ഒരാൾ ഇത് കണ്ടാൽ ചീത്ത വിളി ഉറപ്പിച്ചിരുന്നിടത്താണ് ഇത് സംഭവിച്ചത്. അതിനുശേഷം തീരെ വായിച്ചില്ല എന്നൊന്നും പറയാൻ വയ്യെങ്കിലും ആ ചിരി ഓർമ വരുമ്പോൾ വായിക്കാൻ നാണക്കേട് തോന്നുന്ന അവസ്ഥയുണ്ടായിരുന്നു. അടുത്തിടയ്‌ക്കെപ്പോഴോ പച്ചക്കുതിര കമ്പി പുസ്തകത്തെക്കുറിച്ച് ഒരു സ്‌പെഷ്യൽ പതിപ്പ് ഇറക്കിയപ്പോൾ ഞാനും അതിലൊരു ലേഖനമെഴുതിയിരുന്നു. ഈ അനുഭവം വെച്ചാണ് ആ ലേഖനം തുടങ്ങിയത്. താൻ വായിച്ചാൽ കുഴപ്പമില്ലെന്നും മറ്റുള്ളവർ വായിച്ചാൽ അവർ ചീത്തയായിപ്പോകും എന്നുമുള്ള ഭയം ഇതിനെക്കുറിച്ച് എങ്ങനെയാണ് ഉണ്ടാവുന്നതെന്നാണ് ഞാൻ അത്ഭുതപ്പെട്ടത്. ഈ ലേഖനത്തിന്റെ പേരിൽ വിമർശനങ്ങളും പരിഹാസങ്ങളും എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.
കലാമണ്ഡലം കൽപിത സർവകലാശാലയാക്കി മാറ്റുന്നതിനുള്ള വിദഗ്ധസമിതിയംഗമായി ഞാൻ നിയോഗിക്കപ്പെട്ടപ്പോൾ ഞാൻ എഴുതിയ ലേഖനങ്ങളിൽ ഇതുമാത്രം തേടിപ്പിടിച്ചെടുത്ത് വായിച്ച് ‘വിദുഷി' എന്ന് പരിഹസിച്ച വീരൻമാരും ഉണ്ടായിരുന്നു. ‘അശ്ലീല' സാഹിത്യം വായിക്കാം, അതിനെക്കുറിച്ച് എഴുതാൻ പാടില്ലെന്നാണോ ആവോ അവർ ഉദ്ദേശിച്ചത്. ഇപ്പോൾ ഇത്തരം പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ച് രാഷ്ട്രാന്തരീയ തലത്തിൽ തന്നെ പഠനങ്ങൾ നടക്കുന്നുണ്ട്. പക്ഷെ എന്നെപ്പോലൊരുവൾക്ക് മാത്രം അതിനെക്കുറിച്ച് മിണ്ടാൻ പാടില്ലെന്നാവും ഉദ്ദേശം. വിമർശനങ്ങളെഴുതിയവർ പക്ഷെ കൃത്യമായ ചില നിലപാടിന്റെ ഭാഗമായി തന്നെയാണ് വിമർശനങ്ങളുന്നയിച്ചത്. പരിഹാസികൾക്കുള്ള ഗുണം അതാണ്. അവർക്ക് ചിന്തിക്കാനോ വിലയിരുത്താനോ ഉള്ള ശേഷി വേണമെന്നില്ല. തോന്നിയപോലെ കളിയാക്കിയാൽ മതി.
ജീവിതത്തിലെ പല സന്ദർഭങ്ങളിലും മറ്റുള്ളവരെ പരിഹസിക്കുന്നവരെ കുറിച്ചോർക്കുമ്പോൾ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്, അവർക്ക് ജയിക്കാനോ നേരിടാൻ പോലുമോ കഴിയാത്തിടത്ത് ഉപയോഗിക്കുന്ന എളുപ്പവഴി ആണ് പരിഹാസമെന്നാണ്. പച്ചക്കുതിരയുടെ വാർഷിക അവലോകനത്തിൽ ഉണ്ണി. ആർ. ഈ ലേഖനത്തെക്കുറിച്ച് വളരെ പോസിറ്റീവായ കമന്റാണ് നൽകിയത്. ചില സുഹൃത്തുക്കുൾ ആ തട്ടിൻപുറത്ത് ഇപ്പോഴും ആ പുസ്തകങ്ങൾ കാണുമോ എന്നും രഹസ്യമായി അന്വേഷിച്ചിരുന്നു. ഇതിൽ എനിക്ക് മറക്കാൻ പറ്റാത്ത അനുഭവമായത് അമ്മായിയുടെ ആ ചിരി തന്നെയായിരുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.