ആദ്യത്തെ സ്‌കൂളിങ്ങ് ആരെങ്കിലും മറന്നുപോകാറുണ്ടോ?
അധികമാരും മറക്കാനിടയില്ല. നഷ്ടപ്പെട്ടുപോയ ഒരു സ്‌കൂളിന്റെ ഓർമ കഴുകി വെടിപ്പാക്കിയപോലെ, പുതിയ പെയിന്റടിച്ചപോലെ ഞാൻ വീണ്ടെടുത്ത ഒരു അനുഭവമാണിവിടെ പറയുന്നത്. സ്‌കൂൾ മാത്രമല്ല, ഇപ്പോഴത്തെ ജീവിതപരിതസ്ഥിതികളിൽ നിന്ന് തീർത്തും വ്യത്യസ്തമായ വീടും പരിസരവുമെല്ലാം അതോടെ എനിക്ക് വീണ്ടുകിട്ടി. അന്നു കണ്ട കൗതുകക്കാഴ്ചകളുടെ തിളക്കം പോലും ഇന്ന് എനിക്കനുഭവിക്കാൻ കഴിയുന്നുണ്ട്.
ഞങ്ങളുടെ യൂണിവേഴ്‌സിറ്റി കാമ്പസിൽ "തമാശ' സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയം. കാമ്പസിലാകെ ഉത്സവപ്രതീതിയായിരുന്നു. അതിലഭിനയിക്കുന്ന താരങ്ങൾ മാത്രമല്ല, പലരും ഷൂട്ടിങ് സെറ്റ് വിസിറ്റ് ചെയ്തിരുന്നു. ‘തമാശ’യുടെ സംവിധായകൻ അഷ്‌റഫ് ഹംസ വഴിയാണ് അവർ കാമ്പസ് കാണാനെത്തിയത്. ഒരു കുന്നിൻപുറത്ത് ഒറ്റപ്പെട്ടുനിൽക്കുന്ന, കാമ്പസിന്റെ ആരവങ്ങളില്ലാത്ത, അധികവും പി.ജി. കോഴ്‌സുകൾ മാത്രമുള്ള കാമ്പസ് അവർക്കിഷ്ടമാകുമെന്ന് കരുതിയതേയില്ലായിരുന്നു. സമീർ താഹിറിന്റെയാണ് ക്യാമറ. അദ്ദേഹമാണാദ്യം കാമ്പസിലെത്തിയത്. വെറും കണ്ണുകൊണ്ട് കണ്ട് സമീർ കാമ്പസ് തെരഞ്ഞെടുത്തു. പിന്നീട് കാമ്പസിലെ കുട്ടികളെപ്പോലെ തന്നെ തോന്നിച്ച കുറെ അസിസ്റ്റൻറ് ഡയറക്ടർമാർ കാമ്പസ് പല ആംഗിളുകളിൽ ക്യാമറയിൽ പകർത്തി. കാമ്പസ് ഇത് മതിയെന്ന് തീരുമാനിക്കപ്പെട്ടു. വിനയ് ഫോർട്ടാണ് നായകൻ. ദിവ്യപ്രഭ, ഇപ്പോൾ ഭീമന്റെ വഴി'യിൽ ജിനു ജോസഫിനെ അക്ഷരാർഥത്തിൽ മലർത്തിയടിച്ച ചിന്നു ചാന്ദ്‌നി, ഗ്രേസ് ആന്റണി തുടങ്ങിയ നായികമാരും സ്ഥിരമായി കാമ്പസിൽ ഹാജറുണ്ടായിരുന്നു. സമീർ താഹിറിനോടൊപ്പം ഷൈജു ഖാലിദും കാമ്പസിനെ ക്യാമറ കാഴ്ചകളിലൂടെ പുതുക്കി അവതരിപ്പിച്ചുകൊണ്ടിരുന്നു. പ്രൊഡ്യൂസർമാരായ ചെമ്പൻ വിനോദ് ജോസും ലിജോ ജോസ് പല്ലിശ്ശേരിയും ഇടയ്ക്ക് കാമ്പസിൽ വന്നുപോയി. കൂടാതെ "ID' യുടെ സംവിധായകൻ കമൽ. അദ്ദേഹം പല വിദ്യാർഥികളുടെയും ഇൻഫോർമൽ അധ്യാപകൻ കൂടിയായിരുന്നു. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസുകൾ അന്നുതന്നെ ഓൺലൈനിൽ ലഭ്യമായിരുന്നു. കൂടാതെ റഹ്‌മാൻ ഖാലിദ്, മുഹ്‌സിൻ പരാരി, സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ ഇവരൊക്കെയും വന്നും പോയുമിരുന്നു.
പുതിയ തലമുറയിലെ വിദ്യാർഥികൾക്ക് അഭിനേതാക്കൾ മാത്രമായിരുന്നില്ല താരങ്ങൾ. സിനിമയുടെ പല മേഖലകളിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും അവരുടെ വർക്കിന്റെ സ്വഭാവത്തെക്കുറിച്ചുമെല്ലാം വിദ്യാർഥികളിൽ പലർക്കും നല്ല ധാരണയുണ്ടായിരുന്നു. തൊട്ടടുത്ത എൽ.പി. സ്‌കൂളിലെ കുട്ടികൾ ഗേറ്റിൽ വന്നുനിന്ന് താരങ്ങളെ അങ്ങോട്ടു വരുത്തിച്ച് കണ്ടുപോവാറുണ്ട്. അക്കൂട്ടത്തിൽ കുട്ടികൾ കാണണമെന്ന് ആവശ്യപ്പെട്ട ഒരാൾ സംവിധായകൻ സക്കറിയ ആയിരുന്നു. ഇങ്ങനെ കാമ്പസ് മാത്രമല്ല, ആ പ്രദേശത്തുകാർക്കാകെ തന്നെ ആഘോഷമായിരുന്നു ആ കാലം. അവരിൽ പലരും സിനിമയിൽ അഭിനയിച്ചു. കാമ്പസിലെ വിദ്യാർഥികൾ തന്നെയാണ് കാമ്പസ് സീനുകളിൽ പലതിലും വന്നത്. കാമ്പസ് ഡേയും അവർ സിനിമയുടെ ഭാഗമാക്കാൻ തീരുമാനിച്ചതോടെ ആർട്ട് ഡയറക്ടർമാരും വിദ്യാർഥികളോടൊപ്പം കാമ്പസിനെ പൊലിപ്പിച്ചെടുത്തു. ഒരിക്കലും ഒരു അഭിമുഖത്തിലൂടെ പോലും നമുക്ക് മുഖം തന്നിട്ടില്ലാത്ത സമീർ താഹിറും ഷൈജു ഖാലിദും വിദ്യാർഥികളോട് സംസാരിച്ചു എന്നതായിരുന്നു പരിപാടിയുടെ വിജയമായി ഞങ്ങൾ കണ്ടത്. സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസ ഈ പരിപാടികളുടെയും സംവിധായകനായി. ഒരിക്കലും അരങ്ങത്ത് വന്നില്ല. എല്ലാറ്റിനും ഞങ്ങളോടൊപ്പം നിന്നു. 2021 ഡിസംബർ മൂന്നിന് റിലീസായ ‘ഭീമന്റെ വഴി’യാണ് അദ്ദേഹത്തിന്റെ പുതിയ സിനിമ. കാഴ്ചക്കാരുടെ അത്ര തന്നെ നിരൂപകരെയും ഉണ്ടാക്കിയവയാണ് അഷ്‌റഫ് ഹംസയുടെ രണ്ട് സിനിമകളും. ‘ഭീമന്റെ വഴി’ ആമസോണിൽ ഇറങ്ങിയതിനുശേഷവും തുടർച്ചയായ നിരൂപണങ്ങൾ അതിനെക്കുറിച്ച് ഉണ്ടാകുന്നത് സിനിമ തുറന്ന പുതിയ വഴിയുടെ ഭാഗം തന്നെയാണ്. ‘തമാശ’ ഇറങ്ങിയ സമയത്തും പലതരത്തിൽ വിശകലനസാധ്യതയുള്ള ഒന്നായി പലരുടെയും എഴുത്തുകൾ വെളിപ്പെടുത്തിയതായി കാണാം. IMdbയുടെ റേറ്റിങ്ങിൽ 7.8/10 വരെ എത്തിയ മലയാള സിനിമ കൂടിയാണിത്.
അദ്ദേഹത്തിന്റെ നഴ്‌സറി ക്ലാസിലുണ്ടായിരുന്ന, പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ഷംഷാദ് എന്ന പെൺകുട്ടിയെ മാത്രമാണ് അദ്ദേഹത്തിനോർമയുള്ളത്. ഞാൻ പലതരം പേരുകളിലൂടെ കടന്നുവന്നിട്ടുള്ളതിനാൽ അന്നത്തെ എന്റെ പേരുതന്നെ അതാണെന്ന് എനിക്ക് ഉറപ്പില്ല.
ഇത്രയും ആഘോഷമായി ‘തമാശ’യുടെ ഷീട്ടിങ് നടക്കുന്നതിനിടയ്ക്കാണ് സമീർ താഹിർ ഒരു ദിവസം എന്നോട് ചോദിച്ചത്, കൊച്ചിയിൽ പഠിച്ചിട്ടുണ്ടോ എന്ന്. മുഴുവൻ കോളേജ് കാലവും ക്രിസ്ത്യൻ കോളേജിൽ തീർത്ത എനിക്ക് സംശയമൊന്നുമുണ്ടായില്ല. പക്ഷെ പെട്ടെന്നാണ് ഞാനോർത്തത് എന്റെ ആദ്യത്തെ സ്‌കൂൾ കൊച്ചിയിലാണല്ലോ എന്ന്. വളരെ അത്ഭുതകരമായ കാര്യം, സമീറും അതുതന്നെയാണന്വേഷിച്ചത് എന്നതായിരുന്നു. അദ്ദേഹത്തിന്റെ നഴ്‌സറി ക്ലാസിലുണ്ടായിരുന്ന, പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ഷംഷാദ് എന്ന പെൺകുട്ടിയെ മാത്രമാണ് അദ്ദേഹത്തിനോർമയുള്ളത്. ഞാൻ പലതരം പേരുകളിലൂടെ കടന്നുവന്നിട്ടുള്ളതിനാൽ അന്നത്തെ എന്റെ പേരുതന്നെ അതാണെന്ന് എനിക്ക് ഉറപ്പില്ല. ആദ്യത്തെ പേര് ജഹനാര എന്നും പിന്നീട് നസീം ഹുസൈൻ എന്നും ആയിരുന്നു എന്ന് പറഞ്ഞുകേട്ട ഓർമയുണ്ട്. ഒടുവിൽ പേര് മാറ്റുന്നു എന്ന് ഞാനറിഞ്ഞപ്പോൾ ഞാൻ അജിത എന്ന് പേരിടണമെന്ന് വാശിപിടിച്ച് കുറെ കരഞ്ഞുനോക്കിയത് ഓർമയിലുണ്ട്. അത് ചെറിയ ക്ലാസുകളിലേതിലോ എന്നോടൊപ്പം പഠിച്ച ഞങ്ങളുടെ ധൈര്യശാലിയായ ക്ലാസ് ലീഡറുടെ പേരായിരുന്നു. പക്ഷെ സ്വന്തം പേര് നിശ്ചയിക്കാൻ ഒരിക്കലും നമുക്ക് അവകാശം/ അവസരം കിട്ടാറില്ലല്ലോ. എങ്ങനെയോ ഞാൻ ഷംഷാദ് ഹുസൈനായി. ഇങ്ങനെ പേരുകൊണ്ടും പ്രായംകൊണ്ടും ആ കാലവുമായി ചേർന്നുപോകുന്നതല്ലെങ്കിലും ഇത് സ്‌കൂൾ കാലത്തെയും അക്കാലത്തെ കൊച്ചിയിൽ ഞങ്ങൾ താമസിച്ച കായൽതീരത്തുള്ള ഞങ്ങളുടെ വീടിനെയുമെല്ലാം ചില ചെറിയ ചെറിയ ഷോട്ടുകളിൽ എനിക്ക് തിരിച്ചുതന്നു.
സ്‌കൂളിന്റെ പേരോർമയില്ലെങ്കിലും മുട്ടുവരെ എത്തുന്ന ഒരു ഫ്രോക്ക് ധരിച്ച "നാന'യായിരുന്നു എന്റെ ആദ്യത്തെ ടീച്ചർ. അവർ ആംഗ്ലോ ഇന്ത്യൻ ആയിരുന്നിരിക്കണം. ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. കരയുന്ന എന്നെ എടുത്ത് Don't cry എന്ന് അവരുടെ അപരിചിത ഈണത്തിൽ പറയുമ്പോൾ ഞാൻ കൂടുതൽ ഉച്ചത്തിൽ കരയുമായിരുന്നു. പിന്നീട് സ്‌നേഹപൂർവം അവരുടെ വിരൽതുമ്പിൽ തൂങ്ങിനടന്ന ഒരു ചിത്രവും കടന്നുവരുന്നുണ്ട്. നീല പെയിന്റടിച്ച ജനൽകട്ടിലകൾ വെച്ച പഴയ ഒരു കെട്ടിടമായിരുന്നു സ്‌കൂൾ. വലിയ ഓർമയൊന്നുമില്ലെങ്കിലും അതിന്റെ പിറകുവശത്ത് ധാരാളം കാട്ടുചെടികളുമുണ്ടായിരുന്നു. അതിൽ പറ്റിപ്പിടിച്ചുനിൽക്കുന്ന വെളുത്ത പത ചെകുത്താന്റെ തുപ്പലാണെന്നും അത് തൊട്ടാൽ ഭ്രാന്താകുമെന്നും കുട്ടികളാരോ ഞങ്ങളെ പേടിപ്പിച്ചിരുന്നു. ഒരു ദിവസം ഞാനത് ചെന്നുതൊട്ട് ആ കുട്ടിയുടെ ശത്രുതയും സമ്പാദിച്ചതോർമയുണ്ട്. ഇതിന്റെ പേരിൽ ആ കുട്ടി പിണങ്ങിയപ്പോൾ അവളുടെ സൗഹൃദം പോലെ തന്നെ ഭൂമിയിൽ ഞങ്ങളെ കാണാനെത്തുന്ന ചെകുത്താൻമാരുടെ സങ്കല്പലോകം കൂടി നഷ്ടമായതോർത്ത് പിന്നീട് എനിക്ക് ദുഃഖം തോന്നിയിട്ടുണ്ട്. ഇപ്പോൾ ഈ രംഗങ്ങളോർക്കുമ്പോൾ ചെറിയ നിക്കറിട്ട് ഞങ്ങളോടൊപ്പം പുറത്തേക്കോടിയിറങ്ങുന്ന ദൂരെയുള്ള ബെഞ്ചിൽ ഒറ്റയ്ക്കിരിക്കുന്ന ഒരു പയ്യനെക്കൂടി ഞാൻ സങ്കൽപിക്കാറുണ്ട്.
കായൽക്കരയിലുള്ള ഒരു കൊച്ചുവീടായിരുന്നു എന്റേത്. ഒരു പേരക്കാമരം നിൽക്കുന്ന പരന്ന മുറ്റവും ഇടതുഭാഗത്തായി നീണ്ട കായൽപരപ്പുമായിരുന്നു. മുറ്റത്തിറങ്ങിയാൽ കല്ലുകൊണ്ട് പാകിയ ചെറിയ വരമ്പിനപ്പുറം കായലായിരുന്നു. നാട്ടിൽ നിന്ന് അമ്മാവൻമാർ വരുമ്പോൾ അവിടെ ചൂണ്ടയിട്ടിരിക്കലായിരുന്നു പ്രധാന വിനോദം. മുൻഭാഗത്തെ മുറ്റത്തിന്റെ അതിർത്തിയിൽ അസാധാരണമായ ഉയരമുള്ള വലിയ മതിലുണ്ടായിരുന്നു. അതിനടുത്തുനിന്നാണ് പലപ്പോഴും ചൂണ്ടയിട്ടിരുന്നത്. അവിടെ നിന്ന് താഴെ കായലിലേയ്ക്ക് നോക്കിനിൽക്കുന്നത് എനിക്കേറെ ഇഷ്ടമുള്ള കാഴ്ചയായിരുന്നു. ഒരിക്കലങ്ങനെ നോക്കിനിൽക്കുന്നതിനിടയ്ക്കാണ് ഞാൻ വിചിത്രരൂപമുള്ള ഒരു ജലജീവിയെ കണ്ടത്. കയറുപോലെ നീണ്ട അവയവങ്ങളും പൂവന്റെ ഇതളുകൾ മടക്കിവെച്ച പോലുള്ള അവയവങ്ങളുമായി വൃത്താകൃതിയിലാണത് കാണപ്പെട്ടത്. കായലിന്റെ കല്പടവിൽ മുട്ടി അത് അവയവങ്ങൾ ഇളക്കി കളിച്ചുനിന്നു. ഇളം നീല നിറത്തിലുള്ള അതിന്റെ ഇതളുകൾക്ക് ഫ്‌ളൂറസെൻറ് നിറങ്ങളുടെ വെളിച്ചമുണ്ടായിരുന്നു. ബാക്കി ഭാഗങ്ങൾ നേർത്ത റോസ് നിറം കലർന്ന തൊലിയടർന്ന മാംസഭാഗം പോലെയായിരുന്നു. കുറച്ചുനേരം നോക്കിനിന്ന് ചെറിയ പേടി തോന്നി ചുറ്റും നോക്കിയപ്പോൾ ആ പരിസരത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ഒരില പോലും അനങ്ങുന്നില്ല. ഞാൻ പേടിച്ച് അകത്തേയ്ക്ക് ഓടിപ്പോയി. മനുഷ്യരെ ചെളിയിൽ പിടിച്ചുതാഴ്ത്തുന്ന നീരാളിയെക്കുറിച്ച് കേട്ട കഥകളാകാം അന്നെന്നെ അത്രയ്ക്കധികം പേടിപ്പിച്ചത്.
മനോഹരമായ ഓറഞ്ചും കറുപ്പും ഇടകലർന്ന നിറത്തിലുള്ള ചിത്രങ്ങളുള്ള, അതോടൊപ്പം തിളങ്ങുന്ന ശൽക്കങ്ങളുള്ള പാമ്പായിരുന്നു അത്. അന്നും ഇത് പങ്കുവെക്കാൻ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല. അതേ ഇടത്തുതന്നെ തലവലിച്ചുകളഞ്ഞ അതിനെക്കുറിച്ച് പറഞ്ഞിട്ട് ആരും വിശ്വസിച്ചുമില്ല.
മനുഷ്യർക്കെപ്പോഴും കാഴ്ചപ്പെടാത്ത അനേകം അത്ഭുതങ്ങൾ വെള്ളത്തിനടിയിലും പ്രകൃതിയിലുമെല്ലാം ഉണ്ടെന്ന് ഞാനെപ്പോഴും വിശ്വസിച്ചിരുന്നു. പരപ്പനങ്ങാടിയിലെ കുറെ കുളങ്ങളും ചെറിയ വെള്ളക്കെട്ടുകളുമുള്ള ഞങ്ങളുടെ പറമ്പിലും എനിക്കിങ്ങനെയൊരു കാഴ്ചയുണ്ടായിട്ടുണ്ട്. അതൊരു പാമ്പായിരുന്നു. വെള്ളക്കെട്ടിൽ നിന്ന് തലയുയർത്തി അത് കുറച്ചുനേരം മാത്രം പൊങ്ങിനിന്നു. മനോഹരമായ ഓറഞ്ചും കറുപ്പും ഇടകലർന്ന നിറത്തിലുള്ള ചിത്രങ്ങളുള്ള, അതോടൊപ്പം തിളങ്ങുന്ന ശൽക്കങ്ങളുള്ള പാമ്പായിരുന്നു അത്. അന്നും ഇത് പങ്കുവെക്കാൻ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല. അതേ ഇടത്തുതന്നെ തലവലിച്ചുകളഞ്ഞ അതിനെക്കുറിച്ച് പറഞ്ഞിട്ട് ആരും വിശ്വസിച്ചുമില്ല. പിന്നീടതിനെ കാണാൻ പല പ്രാവശ്യം ഞാനവിടെ ഒറ്റയ്ക്കും പോയിരുന്നിട്ടുണ്ട്, ഒറ്റയ്ക്കാണെങ്കിൽ പ്രത്യക്ഷപ്പെട്ടാലോ എന്ന് പ്രതീക്ഷിച്ച്. പക്ഷെ പിന്നീടൊരിക്കലും അത് മുകളിലേയ്ക്ക് തല ഉയർത്തിയിട്ടില്ല.
കായൽപരപ്പിൽ ഞാനന്നു കണ്ടത് ഏതെങ്കിലും മീനാണോ ജലജന്തുക്കളെന്തെങ്കിലുമാണോ എന്നറിയില്ല. പല അക്വേറിയങ്ങളിൽ നിന്ന് പലതരം ജലജീവികളെ ഇതിനകം കണ്ടിട്ടും അത്രയും സങ്കീർണമായ അതോടൊപ്പം മനോഹരമായ ഘടനയുള്ള ഒന്നിനെ എനിക്കിതുവരെ കാണാനായില്ല. ആരാണ് നമുക്കെത്താത്ത ആഴത്തിലും വേഗത്തിലും ഇത്തരം അത്ഭുതങ്ങളെ ഒളിപ്പിക്കുന്നത്? ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.