truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
professor-gn-saibaba-

UAPA

സായിബാബയെ കുറ്റമുക്തനാക്കിയ വിധി
മരവിപ്പിച്ചാലും, ബാക്കിയാവുന്നു
ഹൈകോടതി പറഞ്ഞ വസ്​തുതകൾ

സായിബാബയെ കുറ്റമുക്തനാക്കിയ വിധി മരവിപ്പിച്ചാലും, ബാക്കിയാവുന്നു ഹൈകോടതി പറഞ്ഞ വസ്​തുതകൾ

പ്രൊഫ. ജി.എന്‍. സായിബാബയെ കുറ്റമുക്തനാക്കിയ ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു. ഹൈകോടതി കേസിന്റെ മെരിറ്റിലേക്ക് കടന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് വിധി മരവിപ്പിച്ചത്. യാന്ത്രികമായി നടത്തിപ്പോകേണ്ട ഒരു സാങ്കേതികപരിപാടിയല്ല യു.എ.പി.എ കുറ്റവിചാരണക്കായി അന്വേഷണ ഏജന്‍സി നല്‍കുന്ന തെളിവുകളുടെയും യു.എ.പി.എ ചുമത്തുന്നതിനുള്ള ന്യായങ്ങളുടെയും പരിശോധന എന്ന്​ ബോംബെ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

15 Oct 2022, 06:00 PM

പ്രമോദ് പുഴങ്കര

രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച (2017 മാര്‍ച്ച്) പ്രൊഫസര്‍ ജി.എന്‍. സായിബാബ അടക്കം, കേസില്‍ ശിക്ഷിക്കപ്പെട്ട ആറു പേരേയും കുറ്റവിമുക്തരാക്കുകയും ഉടൻ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്​ത ബോംബെ ഹൈകോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. 

മഹേഷ് ടിര്‍ക്കി, പാണ്ഡു പോറ നരോട്ടെ, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിര്‍ക്കി (10 വര്‍ഷം തടവ്), ജി.എന്‍. സായിബാബ എന്നിവരായിരുന്നു ശിക്ഷിക്കപ്പെട്ടവര്‍. രണ്ടാം പ്രതി നരോട്ടെ ഈ വര്‍ഷം ആഗസ്റ്റില്‍ രോഗബാധിതനായി ജയിലില്‍ മരിച്ചു.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ജനാധിപത്യവിരുദ്ധ നിയമമായ യു.എ.പി.എക്കു (Unlawful Activities -Prevention- Act) കീഴില്‍ ശിക്ഷിക്കപ്പെട്ട മനുഷ്യര്‍ കുറ്റവിമുക്തരാക്കപ്പെട്ടു പുറത്തുവരുമെന്ന പ്രതീക്ഷ, ബോംബെ ഹൈകോടതി വിധി നൽകിയിരുന്നു. 

നീണ്ട എട്ടു വര്‍ഷമാണ് (2014-മെയ് മാസത്തിലാണ് സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് ) 90% ത്തിലേറെ അംഗപരിമിതി നേരിടുന്ന സായിബാബ കള്ളക്കേസില്‍ വിചാരണ തടവുകാരനായാണ് ശിക്ഷിക്കപ്പെടും വരെ തടവില്‍ കിടന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ജോലിയും അദ്ദേഹത്തിന് നഷ്ടമായി. 

uapa

പ്രതികളിലൊരാളായ നരോട്ടെ വൈദ്യസഹായം പോലും ലഭിക്കാതെ തടവറയിലെ നരകതുല്യമായ അവസ്ഥകളില്‍ക്കിടന്ന് രോഗബാധിതനായി മരിച്ചു. തന്റെ ചക്രകസേരക്കുപുറത്തേക്ക് ചലിക്കാന്‍ പോലും കഴിയാത്ത സായിബാബയ്ക്ക് വൈദ്യസഹായമോ ആവശ്യ സൗകര്യങ്ങളോ നല്‍കാന്‍ പോലും ഭരണകൂടം വിസമ്മതിച്ചു. ഒടുവിലിപ്പോള്‍, നിയമപ്രക്രിയയെ ദേശീയ സുരക്ഷയുടെ വിശുദ്ധ ബലിത്തറകളില്‍ ബലികഴിക്കാനാകില്ലെന്ന് നിരീക്ഷിച്ച്​ബോംബെ ഹൈക്കോടതി (നാഗ്പൂര്‍ ബഞ്ച്) മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. 

കെട്ടിച്ചമച്ച കേസ്​

യാതൊരടിസ്ഥാനവുമില്ലാതെ കെട്ടിച്ചമച്ച കേസാണ് സായിബാബക്കും മറ്റു പ്രതികള്‍ക്കുമെതിരെയെന്ന് അക്ഷരാഭ്യാസമുള്ള ആര്‍ക്കും മനസിലാകുന്ന തരത്തിലുള്ള ഒരു കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് (UAPA Section 13, 18, 20, 38, 39 IPC 120 B), ഇവര്‍ക്ക് ജീവപര്യന്തം തടവ് പോലും കുറഞ്ഞ ശിക്ഷയാണ് എന്ന വേട്ടക്കാരന്റെ ഭാഷയോടെ, സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഈ പരാമര്‍ശത്തെ ഹൈക്കോടതി വിധിയില്‍ കര്‍ക്കശമായി വിമര്‍ശിക്കുന്നുണ്ട്.

കേസിലെ സാക്ഷികളില്‍ 23 പേരില്‍ ഒരാളൊഴികെ എല്ലാവരും പൊലീസ് സാക്ഷികളായിരുന്നു. സായിബാബയുടെ വീട്ടില്‍ നിന്ന്​ കണ്ടെടുത്ത "ഇലക്​ട്രോണിക്​ തെളിവുകള്‍' പിടിച്ചെടുക്കുന്ന വേളയില്‍ സാക്ഷി നിന്ന രണ്ടുപേര്‍ അക്ഷരാഭ്യാസമില്ലാത്ത ഒരാളും സ്ഥലം പൊലീസ് സ്റ്റേഷനിലെ സ്ഥിരം മഹസര്‍ സാക്ഷിയുമായിരുന്നു. എന്നാല്‍, "കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വളര്‍ത്താനും പ്രചരിപ്പിക്കാനും ശ്രമിച്ചു' എന്ന കുറ്റം ചുമത്തി ജീവപര്യന്തം തടവിലിടാന്‍ കോടതിക്കതൊന്നും തടസമായില്ല. മാവോവാദി രാഷ്ട്രീയ എഴുത്തുകള്‍ വായിച്ചു എന്നത് എങ്ങനെയാണ് ഒരു രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനമാവുക എന്നത് പ്രവര്‍ത്തിക്കുന്നതിന് മാത്രമല്ല ചിന്തിക്കുന്നതിനും ശിക്ഷിക്കും എന്നതിന്റെ ഉദാഹരണമാണ്.

communist
Photo : Abul Kalam Azad Pattanam

ഹൈക്കോടതി വിധിയിലെ വളരെ പ്രസക്തമായ ഒരു ഭാഗം UAPA 45(2) വകുപ്പ് സംബന്ധിച്ചുള്ളതാണ്: (Section 45 in The Unlawful Activities -Prevention- Act, 1967): 42 (45 Cognizance of offences - 43).

(1). No court shall take cognizance of any offence (i) under Chapter III without the previous sanction of the Central Government or any officer authorised by the Central Government in this behalf.
(ii) under Chapters IV and VI without the previous sanction of the Central Government or, as the case may be, the State Government, and where such offence is committed against the Government of a foreign country without the previous sanction of the Central Government.
44 (2) Sanction for prosecution under sub-section (1) shall be given within such time as may be prescribed only after considering the report of such authority appointed by the Central Government or, as the case may be, the State Government which shall make an independent review of the evidence gathered in the course of investigation and make a recommendation within such time as may be prescribed to the Central Government or, as the case may be, the State Government. 

ALSO READ

സ്റ്റാന്‍ സ്വാമി: ജനാധിപത്യത്തി അഭ്രപാളികളിൽ എഴുതിയ ഒരു കസ്​റ്റഡി കൊലയെന്ന് അരുന്ധതി റോയ്​

വിചാരണ അനുമതിയിലെ പിഴവുകൾ

ഇതില്‍, യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യം ചുമത്തി വിചാരണ നടത്താമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതി സ്വതന്ത്രമായ രീതിയില്‍ വിശദമായി പരിശോധിച്ചശേഷം അതിന്റെ സമയക്രമത്തിനുള്ളിലായിരിക്കണം. ഇത്തരം അനുമതി നടപടിക്രമങ്ങളുടെ ലംഘനം ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമാനരീതിയില്‍ മാവോവാദി തടവുകാരനെതിരായ രൂപേഷിന്റെ കേസില്‍ കേരള ഹൈക്കോടതി മൂന്നു കേസുകളില്‍ കുറ്റവിചാരണ റദ്ദാക്കിയത് ഇതിനോട് ചേര്‍ത്തു വായിക്കാം. സായിബാബയുടെ വിധിയില്‍ അനുമതി നല്‍കുന്ന സമയക്രമം പാലിക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ ബോംബേ ഹൈക്കോടതി  രൂപേഷ് കേസിലെ കേരള ഹൈക്കോടതി വിധി (2022 മാര്‍ച്ച് 17 ) പരാമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ കേരള ഹൈക്കോടതി വിധി അനുമതി സമയക്രമം സംബന്ധിച്ചു നല്‍കിയ വിധിയില്‍ സമയക്രമം ഒരു പരിപൂര്‍ണ നിര്‍ബന്ധിത വ്യവസ്ഥയായി പാലിക്കണം എന്ന തീര്‍പ്പിനോട് ബോംബെ ഹൈക്കോടതി യോജിച്ചിട്ടില്ല. അനുമതി നല്‍കാനുള്ള സമയക്രമം പാലിക്കാത്തത് കേവലം സാങ്കേതികപ്പിഴവായി കണ്ടാല്‍ മതിയെന്നും അത് കുറ്റവിചാരണയെ ബാധിക്കേണ്ടതില്ലെന്നും പറഞ്ഞ്​ കേരള സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

ALSO READ

ചോദിച്ചത്​ പത്തുവർഷത്തെ എന്റെ മുഴുവൻ ചരിത്രം, ഇപ്പോള്‍ ഇ.ഡിയാണ് വെട്ടില്‍

യു.എ.പി.എ കേസില്‍ വിചാരണ അനുമതി നല്കിയതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടിട്ടുള്ളത്. അതായത്, വിചാരണ തന്നെ റദ്ദാക്കുകയാണ് ചെയ്തത് എന്നുപറയാം. വിചാരണാനടപടികള്‍ക്ക് അനുമതി നല്‍കേണ്ട നിബന്ധന നിസാരമായി സാങ്കേതികപ്പിഴവുകള്‍ മാത്രമായികണ്ടു പരിഹരിക്കാവുന്ന ഒന്നല്ലെന്നും അത് കുറ്റവിചാരണയ്ക്ക് നിര്‍ദിഷ്ട കോടതിയെ അധികാരപ്പെടുത്തുന്നതിനുള്ള പ്രാഥമികമായ നിയമക്രമങ്ങളിലൊന്നാണെന്നും ഹൈക്കോടതി, നിരവധി സുപ്രീംകോടതി വിധികള്‍ എടുത്തുപറഞ്ഞ്​സാധൂകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, വിചാരണ അനുമതി സംബന്ധിച്ച പിഴവുകള്‍ തീര്‍ത്ത്​ പുതിയ വിചാരണ നടത്താന്‍ അനുവദിക്കണം എന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാലിത് double jeopardy -യില്‍ (ഒരു കുറ്റത്തിന് /കുറ്റാരോപണത്തിന് രണ്ടുതവണ വിചാരണയും ശിക്ഷയും) നിന്നുള്ള ഭരണഘടനാ പരിരക്ഷയുടെ ലംഘനമാകും എന്ന വാദമുണ്ട്. അതേസമയം, വിചാരണ അനുമതിയുടെ പിഴവുകളിലോ അനുമതി ഇല്ലാത്തതിനാലോ വിചാരണ നടപടികള്‍ത്തന്നെ റദ്ദാക്കിയാല്‍ പുതിയ അനുമതിയും കുറ്റപത്രവുമായി വിചാരണ നടത്തുന്നതിന് തടസ്സമില്ല എന്ന് 2018-ല്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട് (State of Mizoram vs DR. C. Sanghinghina). അതുകൊണ്ടുതന്നെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീം കോടതിക്കുമുമ്പേ സര്‍ക്കാർ വാദം ഇത്തരത്തില്‍ക്കൂടിയായിരിക്കും. ഇത് തുടര്‍നടപടികളിലൂടെ നടക്കാന്‍ പോകുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ സൂചനകൂടി നല്‍കുന്നുണ്ട് എന്നത് കാണാതെ പോകരുത്. 

Dr. G N Saibaba

സായിബാബ കേസിലെ ബോംബേ ഹൈക്കോടതി വിധിയില്‍ ഇന്ത്യയിലെ മുന്‍കാല ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമങ്ങളായ ടാഡ ( TERRORIST AND DISRUPTIVE ACTIVITIES (PREVENTION) ACT, 1987- TADA), പോട്ട (Prevention of Terrorism Act , 2002- POTA) എന്നിവ പൈശാചിക നിയമങ്ങളെന്നു വിളിക്കാവുന്ന തരത്തിലുള്ളതായിരുന്നു എന്നുപറയുന്നു. അതുകൊണ്ടുതന്നെ അവ റദ്ദാക്കപ്പെടുകയും ശേഷം വന്ന യു.എ.പി.എയില്‍ കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയപ്പോഴും അത്രയേറെ കഠിനമായൊരു നിയമമായതുകൊണ്ടുതന്നെ അതില്‍ കുറ്റവിചാരണ നടത്താന്‍ വിശദമായ പരിശോധനയും അനുമതിയും നിര്‍ബന്ധിമാക്കുന്ന 2008-ലെ ഭേദഗതി (Act 35, 2008) നിര്‍ണായകമായെന്ന് കോടതി നിരീക്ഷിക്കുന്നു. അനുമതി കേവലം യാന്ത്രികമായ ഒന്നല്ല എന്ന് ഹൈക്കോടതി വിധിയില്‍ എടുത്തു പറയുന്നുണ്ട്, "There is no gainsaying, and the principle is too well recognized and deeply entrenched, that sanction is not a ritualistic formality nor is an acrimonious exercise. Sanction is a solemn and sacrosanct act which lifts the bar and empowers the Court to take cognizance of offence. Sanction serves the salutary object of providing safeguard to the accused from unwarranted prosecution and the agony and trauma of trial, and in the context of the stringent provisions of the UAPA, is an integral facet of due process of law.'

ഇത്തരത്തിലൊരു സ്വതന്ത്ര പരിശോധന കൊണ്ടുവരുന്നതിനെക്കുറിച്ച്​ ഭേദഗതി ബില്‍ അവതരിപ്പിച്ച്​ അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം രാജ്യസഭയില്‍ നടത്തിയ പ്രസംഗം ഹൈക്കോടതി വിധി ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട്. ഭേദഗതി സംബന്ധിച്ചുള്ള നിയമനിര്‍മാണസഭയുടെ ഉദ്ദേശം (Legislative intention ) എന്താണെന്ന് വ്യാഖ്യാനിക്കുന്നതിനാണിത്. നിയമത്തിലെ ചില വകുപ്പുകളില്‍ അവ്യക്തതയോ അതിന്റെ വ്യാഖ്യാനം സംബന്ധിച്ച തര്‍ക്കമോ ഉടലെടുക്കുമ്പോള്‍ കോടതികള്‍ തങ്ങളുടെ വ്യാഖ്യാനത്തിനു സഹായകമായി ആധാരമാക്കുന്ന ഒന്നാണ് പ്രസ്തുത നിയമനിര്‍മ്മാണത്തില്‍ നിയമനിര്‍മാണ സഭയുടെ വിശാലമായ ഉദ്ദേശ്യം എന്തായിരുന്നുവെന്ന പരിശോധന.

രാജ്യസഭയിലെ പ്രസംഗത്തില്‍ ചിദംബരം പറയുന്നതായി കോടതി ഇങ്ങനെ ഉദ്ധരിക്കുന്നു, "The other interest is that human rights are fundamental and basic. A fair procedure, and to be tried fairly, is part of personal liberty'; and no man's personal liberty can be taken away except according to the procedure established by law. It is, simply, not a mechanical procedure, but substantive due process.'....' ....'But, before sanction is granted under 45(1) we are interposing an independent authority which will review the entire evidence, gathered in the investigation, and then make a recommendation whether this is a fit case of prosecution. So, here, we are bringing a filter, a buffer, an independent authority who has to review the entire evidence that is gathered and, then, make a recommendation to the State Government or the Central Government, as the case may be, a fit case for sanction. I think, this is a very salutary safeguard.'

അതായത് യാന്ത്രികമായി നടത്തിപ്പോകേണ്ട ഒരു സാങ്കേതികപരിപാടിയല്ല യു.എ.പി.എ കുറ്റവിചാരണക്കായി അന്വേഷണ ഏജന്‍സി നല്‍കുന്ന തെളിവുകളുടെയും യു.എ.പി.എ ചുമത്തുന്നതിനുള്ള ന്യായങ്ങളുടെയും പരിശോധന എന്നാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്നും നടപടിക്രമങ്ങളിലെ പിഴവുകള്‍ എങ്ങനെയൊക്കെ നടന്നാലും കുറ്റാരോപിതര്‍ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്‌തേ മതിയാകൂ എന്ന തരത്തിലുള്ള അപായ മുറവിളി നിയമവാഴ്ച ഉപയോഗിച്ച് നിയന്ത്രിക്കണം എന്ന് കോടതി എടുത്തുപറയുന്നുണ്ട്.

നിരപരാധികൾ, നീണ്ടവർഷം ജയിലിൽ

സായിബാബയെ ശിക്ഷിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിംഗിനെയും എല്‍ഗാര്‍ പരിഷദ് കേസിലുള്‍പ്പെടുത്തി തടവിലാക്കി. രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിച്ചിരുന്ന റോണാ വിത്സനും ദല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ ഹാനി ബാബുവും പ്രൊഫ. ഷോമ സെന്‍, ഗൗതം നവ്ലാഖേ, ആനന്ദ് തെല്‍തുംബ്ഡെ തുടങ്ങി നിരവധി പേരെ സായിബാബയുടെ അറസ്റ്റിനും ശിക്ഷയ്ക്കും ശേഷം സര്‍ക്കാര്‍ യു.എ.പി.എ  ചുമത്തി തടവിലിട്ടിരിക്കുകയാണ്. സമാനമായ കള്ളക്കേസുകളാണ് എല്ലാം. എന്നാല്‍ പ്രതിഷേധങ്ങളേയും മനുഷ്യാവകാശ രാഷ്ട്രീയ പ്രവര്‍ത്തനത്തേയും പറ്റാവുന്നിടത്തോളം അടിച്ചമര്‍ത്തുകയും നിശബ്ദമാക്കുകയും ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് നിരപരാധികളായ മനുഷ്യര്‍ നീണ്ട വര്‍ഷങ്ങള്‍ തടവില്‍ കിടന്നതിനുശേഷം കോടതി വെറുതെ വിടുന്നതൊന്നും പ്രശ്‌നമല്ല. അടുത്ത സംഘം രാഷ്ട്രീയഎതിരാളികളെ അവര്‍ തടവിലിട്ടുകഴിഞ്ഞിരിക്കും. അതുകൊണ്ടാണ് ആത്യന്തികമായി യു.എ.പി.എ പോലുള്ള മനുഷ്യാവകാശ ലംഘന, ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ എടുത്തുകളയുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍ മുന്നോട്ടുപോകണ്ടത്.  

uapa

നൂറു കണക്കിന് പൗരന്മാരാണ് ഇന്ത്യയിലെ തടവറകളില്‍ യു.എ.പി.എ ചുമത്തപ്പെട്ട്​, നിയമവാഴ്ച ഉറപ്പുനല്‍കുന്ന നടപടിക്രമങ്ങള്‍പ്പോലും നിഷേധിക്കപ്പെട്ട്​ നരകിക്കുന്നത്. സാധാരണക്കാരും ദരിദ്രരും രാഷ്ട്രീയപ്രവര്‍ത്തകരും അധ്യാപകരും എഴുത്തുകാരുമൊക്കെയടങ്ങുന്ന നിരവധിപേര്‍ തടവറയില്‍ കിടക്കുമ്പോള്‍ രാജ്യത്ത് ഇത്തരത്തിലൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം കാലം ആവശ്യപ്പടുന്നതിനേക്കാള്‍ ദുര്‍ബ്ബലമാണെന്നത് പറയാതെ വയ്യ. ദേശീയതലത്തില്‍, യു.എ.പി.എ പോലൊരു ജനാധിപത്യവിരുദ്ധ നിയമത്തിനു എതിരായ നിലപാടെടുക്കുമ്പോള്‍പ്പോലും തങ്ങള്‍ക്ക് അധികാരം കിട്ടിയ കേരളം പോലൊരു സംസ്ഥാനത്ത് യു.എ.പി.എ ഉപയോഗിക്കാനും കുറ്റാരോപിതര്‍ക്ക് ആ നിയമത്തിലുള്ള പരിമിതമായ പരിരക്ഷ പോലും നിഷേധിക്കാനും ഇടതുപക്ഷ മുന്നണി പോലും ശ്രമിച്ചു എന്നത് സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ സൂക്ഷ്മാധികാര പ്രവണതകള്‍ ഇന്ത്യന്‍ ഭരണകൂടത്തന്റെ ജനിതക സ്വഭാവമാണെന്ന് തെളിയിക്കുന്നതാണ്.

  • Tags
  • #G. N. Saibaba
  • #UAPA
  • #Pramod Puzhankara
  • #Human rights activist
  • #Human Rights
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

muslim-women

Human Rights

എം.സുല്‍ഫത്ത്

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം: ഭരണകൂടം കാണേണ്ടത്​ മതത്തെയല്ല,  മതത്തിനുള്ളിലെ സ്ത്രീയെ

Jan 12, 2023

10 Minutes Read

lakshadweep

Lakshadweep Crisis

സല്‍വ ഷെറിന്‍

17 ദ്വീപുകളിൽ പ്രവേശന​ നിയന്ത്രണം; കോർപറേറ്റുകൾക്കായി​ ആട്ടിയോടിക്കപ്പെടുന്ന ലക്ഷദ്വീപ്​ ജനത

Jan 03, 2023

6 Minutes Read

smruthy

OPENER 2023

സ്മൃതി പരുത്തിക്കാട്

ന്യൂസ്​ റൂമിലിരുന്നു കണ്ടു, നിരാശപ്പെടുത്തുന്ന ഒരു ലോകം

Jan 01, 2023

3 Minutes Read

Muslim Women

Opinion

പ്രമോദ് പുഴങ്കര

മുസ്​ലിം സ്​ത്രീകൾക്ക്​ തുല്യ സ്വത്ത്​: മതനേതൃത്വത്തെ മ​തേതര സമൂഹം എ​ങ്ങനെ നേരിടണം?

Dec 13, 2022

10 Minutes Read

adani

Vizhinjam Port Protest

പ്രമോദ് പുഴങ്കര

ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​  മോഡലിനേക്കാള്‍ മികച്ചതാണ് കേരള മോഡൽ

Dec 09, 2022

10 Minutes Read

Keral Police

STATE AND POLICING

പ്രമോദ് പുഴങ്കര

ഓരോ മനുഷ്യരേയും ഒറ്റുകാരാകാന്‍ ക്ഷണിക്കുന്ന ഭരണകൂടം

Nov 06, 2022

5 Minutes Read

lula

International Politics

പ്രമോദ് പുഴങ്കര

കേരളത്തിലെ ഇടതുപക്ഷമേ, ബ്രസീലിലേക്കുനോക്കി ആവേശം കൊള്ളാം, പക്ഷേ...

Nov 01, 2022

6 Minute Read

Next Article

മലയാളത്തിലെ ഏറ്റവും മികച്ച സൈക്കൊ ത്രില്ലർ നരസിംഹമാണ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster