എട്ട് വര്‍ഷത്തെ അണ്ഡാസെല്‍ തടവ് സമ്മാനിച്ച ഗുരുതരമായ രോഗാവസ്ഥകളെ തുടര്‍ന്ന് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന ആ മനുഷ്യന്റെ ഇനിയും തളരാത്ത മസ്തിഷ്‌കം തടവറയ്ക്ക് പുറത്ത് കഴിയുന്നത് അപകടമാണെന്നാണ് ഈ രാജ്യത്തെ പരമോന്നത കോടതി പറയുന്നത്.
16 Oct 2022, 11:49 AM
പോളിയോ രോഗം ബാധിച്ച് ശരീരത്തിന്റെ ഭൂരിഭാഗവും തളര്‍ന്ന, വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന ഒരു അധ്യാപകന്‍. ദല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള രാംലാല്‍ ആനന്ദ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുമ്പോഴും രാജ്യത്തെ ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി നിരന്തരം ശബ്ദിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍. അങ്ങനെയൊരാള്‍ക്ക് ഈ രാജ്യം നല്‍കിയ 'ബഹുമതി', പൂനെയിലെ അതീവ സുരക്ഷാ ജയിലില്‍ വായുസഞ്ചാരം പോലുമില്ലാത്ത, കോഴിമുട്ടയുടെ ആകൃതിയിലുള്ള അണ്ഡാസെല്ലില്‍ ആജീവനാന്ത തടവുശിക്ഷയാണ്.
ഒരു മനുഷ്യജീവന് ഏറ്റുവാങ്ങാന്‍ സാധിക്കുന്ന എല്ലാതരം പീഡനങ്ങളുടെയും പാരമ്യത ഇതിനകം അനുഭവിച്ച, നിലവില്‍ ചലനശേഷി പോലുമില്ലാത്ത, 52 വയസ്സ് പിന്നിട്ട പ്രൊഫസര്‍ ജി.എന്‍. സായിബാബ എന്ന മനുഷ്യസ്‌നേഹിയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി എന്ന വാര്‍ത്തയില്‍ സന്തോഷിക്കാനുണ്ടായിരുന്ന ഏക കാര്യം അദ്ദേഹം തടവറയില്‍ നിന്ന് ജീവനോടെ പുറത്തുവരാന്‍ പോകുന്നു എന്നത് മാത്രായിരുന്നു. എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ വിധിക്ക് 24 മണിക്കൂര്‍ പോലും ആയുസ്സുണ്ടായില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സുപ്രീംകോടതി ആ വിധി സ്‌റ്റേ ചെയ്തു.
എട്ട് വര്‍ഷത്തെ അണ്ഡാസെല്‍ തടവ് സമ്മാനിച്ച ഗുരുതരമായ രോഗാവസ്ഥകളെ തുടര്‍ന്ന് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന ആ മനുഷ്യന്റെ ഇനിയും തളരാത്ത മസ്തിഷ്‌കം തടവറയ്ക്ക് പുറത്ത് കഴിയുന്നത് അപകടമാണെന്നാണ് ഈ രാജ്യത്തെ പരമോന്നത കോടതി പറയുന്നത്. മാലേഗാവ് അടക്കമുള്ള ബോംബ് സ്‌ഫോടനങ്ങളിലും നിരവധി കൂട്ടക്കുരുതികളിലും പ്രതികളായിരുന്നവര്‍ പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ട് രാജ്യത്തെ പാര്‍ലമെന്റിലടക്കം ജനപ്രതിനിധികളായെത്തിയത് നാം കണ്ടതാണ്. നിരവധി, ആള്‍ക്കൂട്ടകൊലപാതകങ്ങളിലെ പ്രതികള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തുവരുന്നതും അവരെ മാലയിട്ട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നാം കാണുന്നുണ്ട്. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ അവരുടെ പ്രായവും നല്ലനടപ്പും പരിഗണിച്ച് കോടതി വെറുതെ വിട്ട കാഴ്ചക്ക് നാം സാക്ഷികളായത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. അതേ രാജ്യത്താണ് മാവോയിസ്റ്റുകളെ സഹായിച്ചു എന്ന കുറ്റമാരോപിച്ച് രാജ്യം അറിയുന്ന ഒരു സര്‍വകലാശാലാ അധ്യാപകനെ മരണം വരെ തടവിലിടുന്നത്.
മാവോവാദികളുമായി ബന്ധം പുലര്‍ത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസില്‍ 2014 ലാണ് ജി.എന്‍. സായിബാബയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സായിബാബ അടക്കം ആറ് പേരെ ഈ കേസില്‍ 2017 ല്‍ ഗഡ്ചിറോളിയിലെ പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തു.
കേസിലെ സാക്ഷികളില്‍ 23 പേരില്‍ ഒരാളൊഴികെ എല്ലാവരും പൊലീസ് സാക്ഷികളായിരുന്നു എന്നതും സായിബാബയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 'ഇലക്‌ട്രോണിക് തെളിവുകള്‍' പിടിച്ചെടുക്കുന്ന വേളയില്‍, സാക്ഷി നിന്ന രണ്ടുപേരില്‍ ഒരാള്‍, അക്ഷരാഭ്യാസമില്ലാത്ത ആളും രണ്ടാമത്തെയാള്‍ സ്ഥലം പൊലീസ് സ്റ്റേഷനിലെ സ്ഥിരം മഹസര്‍ സാക്ഷിയായിരുന്നു എന്നതുമൊക്കെ കേസിലെ ഭരണകൂട ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രശ്‌നവത്കരിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ സായിബാബയെയും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരെയും തടവിലിടാന്‍ കോടതിക്ക് അതൊന്നും തടസ്സമായില്ല.
തടവറയില്‍ നിന്ന് സായിബാബ എഴുതിയ കത്തുകളുടെയും കവിതകളുടെയും മറ്റ് എഴുത്തുകളുടെയുമെല്ലാം സമാഹാരം "Why Do You Fear My Way So Much'? എന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു. അഞ്ചാം വയസില്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴോട്ട് തളര്‍ന്നു പോയ, വീല്‍ ചെയറില്‍ മാത്രം ജീവിച്ച, എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പോരാടി ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളിലൊന്നില്‍ അധ്യാപകനായി മാറിയ ജി.എന്‍. സായിബാബ തന്റെ 50ാമത്തെ വയസ്സില്‍ തടവറയിലിരുന്ന്, എന്റെ മാര്‍ഗത്തെ നിങ്ങള്‍ എന്തിന് ഇത്രമാത്രം ഭയപ്പെടുന്നു എന്ന് ചോദിക്കുമ്പോള്‍ ആ ചോദ്യത്തിന് മറുപടി പറയാനുള്ള ത്രാണി ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടാവില്ല.
അറസ്റ്റ് ചെയ്യ്‌പെട്ടപ്പോള്‍ അംഗപരിമിതനായ അദ്ദേഹത്തെ, ഒരു മണല്‍ ചാക്ക് എടുത്തെറിയുന്നതുപോലെ പൊലീസുകാര്‍, വീല്‍ ചെയറില്‍ നിന്നും എടുത്ത് അവരുടെ വലിയ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും, എഴുപത്തിരണ്ടു മണിക്കൂറിലേറെ മൂത്രമൊഴിക്കാന്‍ പോലും അനുവദിച്ചില്ലെന്നും രക്ത സമ്മര്‍ദ്ദത്തിനുള്ള അത്യാവശ്യ മരുന്ന് വരെ നിഷേധിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. അണ്ഡാസെല്ലിലെ തറയില്‍ ഒരു കമ്പിളിപ്പുതപ്പ്‌പോലും കിട്ടാതെ തണുത്ത് വിറച്ചുകൊണ്ട് അടുത്ത ശൈത്യകാലത്തെക്കുറിച്ചോര്‍ത്തെന്റെ ഉള്ള് പിടയുകയാണ്, ഈ വരുന്ന ഡിസംബറിനെ ഞാന്‍ അതിജീവിക്കുമോയെന്നറിയില്ല എന്ന സായിബാബയുടെ വരികള്‍ കണ്ണുനിറഞ്ഞുകൊണ്ടല്ലാതെ നമുക്ക് വായിച്ചുതീര്‍ക്കാനാവില്ല. ജയിലില്‍ താന്‍ കഴിയുന്ന സെല്ലിലെ ടോയ്‌ലറ്റില്‍ പോലും സി.സി.ടി.വി ക്യാമറയാണെന്നതും സായിബാബ അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കണമെന്ന യു.എന്‍. മനുഷ്യാവകാശ ഹൈകമ്മീഷണര്‍ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ നിര്‍ദേശം പോലും പാലിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല.
സായിബാബക്കൊപ്പം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പാണ്ഡു നരോദെ ഏതാനും ആഴ്ചകള്‍ക്ക്മുമ്പാണ് ജയിലില്‍ വെച്ച് രോഗം ബാധിച്ച് മരിച്ചത്. നീതിയിലേക്കുള്ള എല്ലാ വഴികളുമടച്ച് സായിബാബ എന്ന മനുഷ്യസ്‌നേഹിയെ മരണത്തിലേക്ക് തള്ളിവിടാതിരിക്കട്ടെ ഈ രാജ്യത്തെ ഭരണകൂടം.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Mar 31, 2023
12 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch