ഇന്നലെ വരെ ആചാരം അനുഷ്ഠാനത്തിന്റെ ഗുണ്ടയായിട്ടിരുന്ന വിനീതനൊരുത്തന്‍ ഇന്നിതാ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു എന്നാരോപിക്കപ്പെടുന്ന നടന്റെ വക്താവായി പ്രത്യക്ഷപ്പെടുന്നു. ഇതൊരു മ്യൂട്ടേഷന്‍ തന്നെയാണ്. ഇവര്‍ തങ്ങളുടെ സ്‌പേസ് വിശാലമാക്കുകയാണോ, സ്‌പേസ് ഇവരെ വിഴുങ്ങുകയാണോ എന്നേ ഇനി കണ്ടുപിടിക്കേണ്ടതുള്ളു. ഇന്നലെ വരെ രാഷ്ട്രീയ രംഗത്തെ വിഷയങ്ങള്‍ മാത്രം ടെലിവിഷനില്‍ വന്ന് ഉച്ചയിടുകയും മറ്റൊരാള്‍ പെട്ടെന്ന് ഒരു സ്ത്രീപീഡന ബിഷപ്പിനുവേണ്ടി ഗുണ്ടാ പണിക്കിറങ്ങിയിരിക്കുമ്പോഴും മ്യൂട്ടേഷന്റെ ലക്ഷണം തന്നെയാണ് കാണിക്കുന്നത്.
29 Jan 2022, 11:03 AM
ലോകത്ത് പല മേഖലകളിലും ഗുണ്ടകളുണ്ട്. പക്ഷേ, നാം ജീവിച്ച ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ മലയാളിക്ക് അത്ര പരിചയമില്ലാത്ത പ്രത്യേകതരം ഗുണ്ടകള്‍ ടെലിവിഷന്‍ ചാനലില്‍ ഇന്ന് സജീവമാണ്. നമ്മുടെ സകല മനഃസാക്ഷി ബോധത്തെയും വെല്ലുവിളിച്ച് ദിനേന ടെലിവിഷന്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഈ ഗുണ്ടകളെപ്പറ്റിത്തന്നെയാണ് ഉദ്ദേശിക്കുന്നത്.
അന്തിച്ചര്‍ച്ചകളില്‍ വാദപ്രതിവാദ പ്രച്ഛന്ന വേഷത്തില്‍ വന്നിരിക്കുന്ന ഇവരെ വേറെ പേരിട്ട് വിളിക്കാനാവില്ല. അതു കൊണ്ട് തൽക്കാലം നമുക്ക് ടെലിവിഷന്‍ ചാനല്‍ ഗുണ്ടകളെന്ന് തന്നെ ഇവരെ വിളിക്കാം. അതിരൂക്ഷമായ നാറ്റമുള്ള മാലിന്യങ്ങളെ കൈ കൊണ്ട് വാരി ഇവര്‍ നമ്മുടെ മൂക്കിനു മുന്നില്‍ കൊണ്ടു വെക്കുന്നു. പ്രേക്ഷകര്‍ക്ക് ഗന്ധം കൂടി അനുഭവിക്കാന്‍ കഴിയുന്ന ടെലിവിഷന്‍ ഭാഗ്യവശാല്‍ ഇതുവരെ ഇറങ്ങിയിട്ടില്ല.
ഏതായാലും ടെലിവിഷന്‍ ചാനലുടമകള്‍ തന്നെ വിചാരിച്ചാലും ഈ ഗുണ്ടകളെ ഇനി ഒഴിവാക്കാനോ നിലയ്ക്ക് നിര്‍ത്താനോ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെടുമ്പോള്‍ ശ്മശാനം സൂക്ഷിപ്പുകാര്‍ അതിനെ വിജയിപ്പിച്ചെടുക്കാന്‍ കാത്തുനില്ക്കുന്നുണ്ട്. നമ്മുടെ ഭാഷയിലെ ചില വാക്യങ്ങള്‍ പോലും ഇവരുടെതായി മാറിക്കഴിഞ്ഞു. രണ്ട് ഉദാഹരണങ്ങള്‍ കൊണ്ട് ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം.
ഉദാ: 1) ‘അങ്ങയോട് ഞാന്‍ വിനീതമായി ചോദിക്കട്ടെ ' എന്ന് തെരുവിലൂടെ നമ്മള്‍ നടന്നു പോകുമ്പോള്‍ ആരോ പറയുന്നു. നമ്മള്‍ ഉടന്‍ ഓര്‍ക്കും: ഈശ്വരാ, ആ സൗമ്യാഭിനയ ചാനല്‍ ഗുണ്ടയും ഇവിടെയും എത്തിയോ?
ഉദാ. 2) ‘ഒരു മാതിരി വൃത്തികേട് പറയുന്നോ? ' എന്ന് കേട്ടാല്‍ നമ്മള്‍ ഉടനെ ആ ടെലിവിഷന്‍ ഗുണ്ടയെ ഓര്‍ക്കും.

ഉദാഹരണങ്ങള്‍ ഇങ്ങനെ എത്ര വേണമെങ്കിലും നീട്ടാം. ഏറ്റവും ചുരുങ്ങിയത് പത്ത് പന്ത്രണ്ട് ഗുണ്ടകളും ഒന്ന് രണ്ട് ഗുണ്ടികളും നമ്മുടെ ടെലിവിഷന്‍ സാംസ്‌കാരികതയിലെ നിത്യസാന്നിദ്ധ്യമാണ്. ഓരോ സൂര്യാസ്തമയം കഴിഞ്ഞുള്ള ഇരുട്ടിലും പ്രേക്ഷകര്‍ ഈ ഗുണ്ടകളെ കാത്തിരിക്കുന്നുണ്ട്. പാര്‍ട്ടി / ഭരണസ്ഥാനമാനങ്ങള്‍ ലക്ഷ്യം വെച്ചുള്ള ‘പോയൻറ്സ് ഗുണ്ടകള്‍ ' എന്ന വേറെ ഒരിനമുണ്ട്. ഗ്രൂപ്പിസത്തിന് വേണ്ടി മാത്രം ഒട്ടേറെ ധൈഷണികാധ്വാനത്തിലേര്‍പ്പെടേണ്ടി വരുന്നതിനാല്‍ ദിനപത്രവിവരം പോലും ആര്‍ജിക്കാന്‍ സമയം കിട്ടാതെ ചര്‍ച്ചയില്‍ മറുഭാഗത്തെത്തുന്ന ദുരാഗ്രഹികളായ പാവം രാഷ്ട്രീയ നേതാക്കളാണ് ഇവരുടെ സ്ഥിരം വേട്ടമൃഗം. രണ്ടാംനിര ഗുണ്ടകളിലെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ വേറെയുമുണ്ട്.
ചര്‍ച്ചയിലുടനീളം ദുര്‍ഗന്ധം വാരി വിതറുന്ന ഈ ടെലിവിഷന്‍ ഗുണ്ടകളെ എന്തിനാണ് ചാനലുകള്‍ കൊണ്ടുപോയി ഇരുത്തുന്നത് എന്ന് നമ്മള്‍ ധാര്‍മിക രോഷം കൊള്ളുമ്പോഴും, അടുത്ത ചര്‍ച്ച വരുമ്പോള്‍ ഈ ഗുണ്ടകളില്‍ ഒരുത്തനെയെങ്കിലും പ്രേക്ഷകര്‍ കണ്ണ് കൊണ്ട് പരതി നടക്കുന്നുണ്ടാവും. ഇത് ഒരു പോസ്റ്റ് ട്രൂത്തോ പോസ്റ്റ് സോഷ്യല്‍ കണ്ടീഷനിങ്ങോ രണ്ടും കലര്‍ന്നതോ അതൊന്നുമല്ലാത്ത മറ്റെന്തോ സാധനമോ ആണ്.
ഒന്നോര്‍ത്താല്‍ ദയനീയമാണ് മേല്‍പ്പറഞ്ഞ ചാനല്‍ഗുണ്ടകളുടെ ജന്മം. ഒന്നാമത്, പണവും സ്ഥാനമാനങ്ങളുമൊക്കെ കിട്ടുമെങ്കിലും പൊതുജനങ്ങള്‍ക്കിടയിലെ തങ്ങളുടെ വില തേഞ്ഞു തേഞ്ഞുപോകുന്നത് ഇവര്‍ പലപ്പോഴും അറിഞ്ഞെന്ന് വരില്ല. എന്തിനേറെ നിയമ സാമാജികന്റെ ജോലി പോലും ചിലപ്പോള്‍ തെറിച്ചുപോയേക്കാം. തെറി എന്ന പദത്തില്‍ നിന്നാവാം തെറിച്ച് പോകല്‍ എന്ന വാക്കുണ്ടായിട്ടുണ്ടാവുക എന്നിപ്പോള്‍ തോന്നുന്നു!.

രസകരമായ മറ്റൊരു സത്യവും ഉണ്ട്. ഒരു നിലയ്ക്ക് ഇവരും ഇര തന്നെ. നമ്മുടെ ഉള്ളിലുള്ള സാംസ്‌ക്കാരിക മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പ്രതീകാത്മക ബലിക്ക് ഇവര്‍ വിധേയരാക്കപ്പെടുകയാണ്, മിക്കപ്പോഴും. ബലി നടത്തുന്നവര്‍ തന്നെ ബലിമൃഗമാവുന്നത് മനുഷ്യ ജീവിതത്തിനുമാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്. വര്‍ഗീയ പ്രചാരണം ഇളക്കി വിട്ട് ഭരണം പിടിച്ചെടുക്കാന്‍ രഥയാത്ര നടത്തി ഇeപ്പാള്‍ വീട്ടിലിരുന്ന് സ്വയം ബലിമൃഗങ്ങളായിപ്പോയ സീനിയര്‍ ദേശീയ നേതാക്കളുടെ വയസ്സന്‍ ജീവചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഇത് മനസ്സിലാവും. ഒരു കാലത്ത് ആരായിരുന്നു ഇവരൊക്കെ എന്നോര്‍ക്കുമ്പോള്‍ ബലികര്‍ത്താവും ബലിമൃഗവും ഒന്നായിത്തീരുന്നതിന്റെ മനുഷ്യ പ്രവണത എന്തെന്ന് മനസ്സിലാവും. 32 വര്‍ഷം മുമ്പ് അറവുമൃഗം എന്ന പേരില്‍ ഇതേപ്പറ്റി ഞാനൊരു കഥ തന്നെ എഴുതിയിട്ടുണ്ട്. അതെ, മനുഷ്യപ്രകൃതത്തിന് അങ്ങനെയുമൊരു വശമുണ്ട്. ഈ യാഥാര്‍ത്ഥ്യവും നാം കാണാതിരുന്നു കൂടാ.
കൂട്ടത്തില്‍ പറയട്ടെ, ടെലിവിഷന്‍ ഗുണ്ടകളെക്കൊണ്ടുള്ള വേറൊരു പ്രയോജനം കൂടി ഈയിടെയായി ഉണ്ടായി വരുന്നുണ്ട്. അത് ഇതാണ്: ഇവര്‍ ആര്‍ക്ക് വേണ്ടിയാണോ വക്കാലത്ത് പറയുന്നത് അവര്‍ തന്നെയാണ് യഥാര്‍ത്ഥ വില്ലന്മാര്‍ എന്ന തിരിച്ചറിവിലേക്ക് പോകാന്‍ കേരളത്തിലെ ടി.വി.പ്രേക്ഷകരെ ഈ ഗുണ്ടകളുടെ സാന്നിധ്യത്താല്‍ നമുക്ക് കഴിയുന്നുണ്ട്! സൂക്ഷിച്ചു നോക്കിയാല്‍ ഇതൊരു ‘സാമൂഹ്യ പ്രവര്‍ത്തനം' തന്നെയാണ്. അതിനാല്‍ ഈ ടെലിവിഷന്‍ഗുണ്ടകള്‍ നടത്തുന്ന സാമൂഹിക ദൗത്യങ്ങള്‍ക്ക് പൊതുസമൂഹം അവരോട് കടപ്പെട്ടിരിക്കുന്നു.
കോവിഡ് കാലത്ത് ഈ കൊച്ചു കേരളത്തില്‍ മാത്രം എത്ര ലക്ഷം ഗ്യാലന്‍ സാനിറ്റൈസർ നമ്മള്‍ ഒഴുക്കിയിട്ടുണ്ട് എന്നുചിന്തിക്കുന്നത് രസകരമാണ്. എന്നിട്ട് എന്തുണ്ടായി? വൈറസിന് വല്ലതും പറ്റിയോ? നമ്മളെ നോക്കി കളിയാക്കി ചിരിച്ചു മലക്കം മറിയുന്നു വൈറസ്. എന്നു കരുതി നമുക്കിത് ഉപയോഗിക്കാതിരിക്കാന്‍ പറ്റുമോ? ഇല്ല. ഇതുപോലെയാണ് ഈ ടെലിവിഷന്‍ ചാനല്‍ ഗുണ്ടകളും. ഇവര്‍ക്ക് വന്ന മ്യൂട്ടേഷനും ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ നമ്മള്‍ നില്ക്കുന്നത് ദിലീപ്- ഫ്രാങ്കോ മ്യൂട്ടേഷന്‍ വഴി സംജാതമായ ഒമിക്രോണ്‍ ഗുണ്ടകളുടെ മുന്നിലാണ്. നാളെയും മറ്റന്നാളും അത് പലതാവും. ഗുണ്ടകള്‍ ആര്‍ക്കുവേണ്ടിയും മ്യൂട്ടേഷന്‍ ചെയ്ത് പ്രവര്‍ത്തിക്കും. ഒരു ഉദാഹരണം പറയാം: ഇന്നലെ വരെ ആചാരം അനുഷ്ഠാനത്തിന്റെ ഗുണ്ടയായിട്ടിരുന്ന വിനീതനൊരുത്തന്‍ ഇന്നിതാ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു എന്നാരോപിക്കപ്പെടുന്ന നടന്റെ വക്താവായി പ്രത്യക്ഷപ്പെടുന്നു. ഇതൊരു മ്യൂട്ടേഷന്‍ തന്നെയാണ്. ഇവര്‍ തങ്ങളുടെ സ്‌പേസ് വിശാലമാക്കുകയാണോ, സ്‌പേസ് ഇവരെ വിഴുങ്ങുകയാണോ എന്നേ ഇനി
കണ്ടുപിടിക്കേണ്ടതുള്ളു.

ഇന്നലെ വരെ രാഷ്ട്രീയ രംഗത്തെ വിഷയങ്ങള്‍ മാത്രം ടെലിവിഷനില്‍ വന്ന് ഉച്ചയിടുകയും മറ്റൊരാള്‍ പെട്ടെന്ന് ഒരു സ്ത്രീപീഡന ബിഷപ്പിനുവേണ്ടി ഗുണ്ടാ പണിക്കിറങ്ങിയിരിക്കുമ്പോഴും മ്യൂട്ടേഷന്റെ ലക്ഷണം തന്നെയാണ് കാണിക്കുന്നത്. ചാനല്‍ചര്‍ച്ചയില്‍ പങ്കെടുത്ത, കന്യാസ്ത്രീ ജീവിതം നയിച്ച രണ്ട് പേരോടും പരമാവധി ഗുണ്ടാവിളയത്തിലേര്‍പ്പെടുന്നു, അയാള്‍. പാവങ്ങളായ ഈ രണ്ട് സ്ത്രീകളും അത്രയും അപ്രതീക്ഷതിമായ അശ്ലീലവാക്കുകളെ നേരിടാനാവാതെ ചാനല്‍ ‘ചര്‍ച്ച' യില്‍നിസ്സഹായരായി വിതുമ്പുന്നു, പരസ്യമായി കണ്ണീരൊപ്പുന്നു. സത്യത്തില്‍ ഹൃദയഭേദകമായ ഈ രംഗം നമ്മോട് ധാര്‍മിക രോഷം കൊള്ളൂ കൊള്ളൂ എന്നുതന്നെയാണ് ആവശ്യപ്പെടുന്നത്. നമ്മളത് മുറയ്ക്ക് ചെയ്യുന്നുമുണ്ട്. ഈ വില കെട്ടവന്‍ വന്ന് നമ്മള്‍ വിലയേറെ കൊടുത്തു വാങ്ങിയ ടെലിവിഷനില്‍ ക്ലോസപ്പില്‍ വീണ്ടും വീണ്ടും വന്നു വിലസുന്നു. സഹികെട്ട് നമ്മളവന്റെ മുഖത്ത് കാറിത്തുപ്പുന്നു. പിന്നെ സമനില വീണ്ടെടുത്ത് നമ്മുടെ സ്വന്തം ടെലിവിഷന്‍ സ്‌ക്രീനില്‍ നമ്മള്‍ തന്നെയാണല്ലോ തുപ്പിയതെന്നോര്‍ക്കുന്നു. നമ്മള്‍ വില കൊടുത്ത് വാങ്ങിയ ടവ്വല്‍ കൊണ്ട് വൈകിയെത്തിയ യാഥാര്‍ത്ഥ്യബോധത്താല്‍ നാം തന്നെ അത് തുടച്ചു കളയുന്നു. നമ്മള്‍ ക്രമേണ ഏത് യാഥാര്‍ത്ഥ്യവുമായും പതിയെ പതിയെ പൊരുത്തപ്പെടുന്നു. നമ്മുടെ സ്വന്തം ടെലിവിഷന്റെ സ്‌ക്രീനില്‍ രോഷം സഹിക്കാതെ തുപ്പുന്നതിന്റെ നിര്‍ത്ഥകതയുമായി താമസിയാതെ പൊരുത്തപ്പെടുന്നു. അവിടെ നിന്നും പുരോഗമിച്ച്, വഴിവക്കിലെങ്ങാനും ഇവനെയൊക്കെ കണ്ടാല്‍ സന്തോഷസൂചകമായോ ബഹുമാന സൂചകമായോ ഇതേ നമ്മള്‍ തന്നെ ഒരു ഓട്ടോഗ്രാഫില്‍ ഒപ്പിട്ട് വാങ്ങുകയോ ഒത്താല്‍ ഒരു സെല്‍ഫിയെടുത്ത് സൂക്ഷിക്കുകയോ തന്നെ ചെയ്‌തേക്കാം.
പുതിയ കാലത്തെ അറിവ് വ്യവസായം ഒരുതരം സാനിറ്റൈസറാണ്. അത് സാംസ്‌ക്കാരിക ജീവിതത്തെ അണുവിമുക്തമാക്കുമെന്ന് നിരന്തരം നമ്മള്‍ സ്വപ്നം കാണുന്നു. എന്നാല്‍,വികാരോദ്ദീപനത്താല്‍ ആവിയാക്കിക്കളയുന്ന ആ ‘ക്ഷണിക കാലം' നാം ഉച്ചരിക്കേണ്ട യഥാര്‍ത്ഥ വാക്കുകളെ തട്ടിക്കൊണ്ട് പോയ്‌ക്കൊണ്ടേയിരിക്കുന്നു. ഇല്ലാതാക്കിക്കൊണ്ടേയിരിക്കുന്നു. പോകൂ എന്ന അര്‍ത്ഥത്തില്‍ വരൂ എന്ന് പറയാന്‍ ശീലിച്ചു കൊണ്ടിരിക്കുന്നു.
ഇത് ടെലിവിഷന്‍ പ്രേക്ഷകരല്ലാത്തവരുടെയും ജീവചരിത്രമാണ്. പ്രത്യേകിച്ച് സാധാരണക്കാരന്റെ ജീവിതത്തിലാണിത് കാണുന്നത്. ദൈവം അവിടെ കടിക്കുന്ന പുരോഹിതമൃഗവും രാഷ്ട്രീയം അസഹിഷ്ണുതയുടെ കത്തിയുമായിട്ടാണ് സാധാരണക്കാരന്റെ ജീവിതത്തെ മേയ്ച്ചു നടക്കുന്നത്. പിന്നില്‍ നിന്നും തങ്ങളെ നയിക്കുന്ന യജമാന്മാരെ തിരിഞ്ഞു നോക്കാന്‍ പോലും നമ്മള്‍ മറന്നു പോയിരിക്കുന്നു. എങ്കിലും, നിര്‍ഭാഗ്യകരമെന്നു തന്നെ പറയട്ടെ, സ്വപ്നാത്മകമായ അന്തരീക്ഷത്തില്‍ നാം നടത്തുന്ന പ്രതീകാത്മക ബലി നമ്മെ ആശ്വസിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
Think
Mar 11, 2023
3 Minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
കെ.കെ. കൊച്ച്
Mar 09, 2023
3 Minutes Read
കെ.ജെ. ജേക്കബ്
Mar 04, 2023
3 Minutes Read
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Feb 17, 2023
8 minutes read
Think
Feb 13, 2023
3 Minutes Read