മതിയാക്കാം മിനുക്കുപണി,
ഗുരുതരാവസ്ഥയിലാണ്
കുട്ടനാട്
മതിയാക്കാം മിനുക്കുപണി, ഗുരുതരാവസ്ഥയിലാണ് കുട്ടനാട്
കുട്ടനാടിന്റെ പാരിസ്ഥിതികമായ സുസ്ഥിരതക്കും ഭൂരിപക്ഷ ജനതയുടെ ദീര്‍ഘകാല ജീവിതഗുണതക്കും ഉതകുന്ന ഒരു ജനകീയവികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിലും പൊതുബോധത്തില്‍ ഉറപ്പിക്കുന്നതിലും ഇടതുപക്ഷത്തിനും വേണ്ടത്ര മുന്‍പോട്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്താം
20 Sep 2021, 12:00 PM
കുട്ടനാടിന്റെ ജീവിതവും പരിസ്ഥിതിയും വികസനവുമായും ബന്ധപ്പെട്ട് പലതലങ്ങളില്‍ ചര്‍ച്ച സജീവമാണ്. എന്നാല്‍, കുട്ടനാടിനുവേണ്ട ഒരു വികസന കാഴ്ചപ്പാട് ഇപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കുട്ടനാടിന്റെ മനുഷ്യരെയും മണ്ണിനെയും പ്രകൃതിയെയും ബന്ധപ്പെടുത്തി സമഗ്രമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയാണ് ട്രൂ കോപ്പി വെബ്‌സീനിലൂടെ ഗവേഷകരും ജനകീയ ശാസ്ത്രപ്രവര്‍ത്തകരുമായ വി. എന്‍. ജയചന്ദ്രനും ദീപക് ദയാനന്ദനും.
പ്രതിസന്ധി പരിഹരിക്കാനായുള്ള ധാരാളം വികസന പദ്ധതികള്‍ക്കും കാര്‍ഷിക പദ്ധതികള്‍ക്കും കുട്ടനാട് ഇതിനോടകം പല കാലങ്ങളിലായി വിധേയമായിട്ടുണ്ട്. ഒരു പൊതുവികസന പരിപ്രേക്ഷ്യത്തിന്റെ അഭാവവും കഴിവതും പരസ്പരം വെള്ളം കയറാത്ത അറകളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍വ്വഹണ ഏജന്‍സികള്‍ / സര്‍ക്കാര്‍ വകുപ്പുകളുമാണ് മിക്കപ്പോഴും ഫലപ്രാപ്തിക്ക് തടസ്സം. ഒരു പ്രദേശത്തെ അല്ലെങ്കില്‍ ഒരു പഞ്ചായത്തിലെ ജലചക്രത്തിലോ, ഭൂരൂപങ്ങളിലോ, ഒരു തൊഴിലിലോ നടത്തുന്ന ഇടപെടലുകള്‍ മറ്റ് പ്രദേശങ്ങളിലും ഇതര തൊഴിലുകളിലും പ്രത്യക്ഷവും പരോക്ഷവുമായ പല പ്രഭാവങ്ങളും പ്രത്യാഘാതങ്ങളും ഉളവാക്കും. കൃഷി, മല്‍സ്യബന്ധനം, തണ്ണീര്‍മുക്കം ബണ്ടിന്റെ പരിപാലനം എന്നിവയിലെല്ലാം ഈ ദൗര്‍ബല്യം പ്രകടമാണ്. ഇപ്പോള്‍ വിവാദമായിരിക്കുന്ന തോട്ടപ്പള്ളിപൊഴിയിലെ ഇടപെടലും വെളിവാക്കുന്നത് മറ്റൊന്നുമല്ല.
കേരളത്തിന്റെ പൊതുബോധ നിര്‍മിതിയിലും വികസനതന്ത്രത്തിലും ഉയര്‍ന്ന മധ്യവര്‍ഗ താല്പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കുമുള്ള സ്വാധീനം നാള്‍ക്കുനാള്‍ ഏറിവരികയാണ്. കുട്ടനാടും ഇതിന് അപവാദമല്ല. അതിന്റെ പ്രത്യാഘാതമാകട്ടെ, പാരിസ്ഥിതികവും ജീവസന്ധാരണപരവുമായ സവിശേഷതകളാല്‍, ഒട്ടുമിക്ക ഇടങ്ങളെക്കാള്‍ ഇവിടെ ഗുരുതരമാണ് താനും. പഠനങ്ങള്‍ കുറെ നടന്നില്ലേ, എന്ത് പ്രയോജനം, ഇനി പഠനമൊന്നും വേണ്ട തുടങ്ങിയ ചിന്തകള്‍ക്കും കുട്ടനാട്ടില്‍ വേരോട്ടം ആയിട്ടുണ്ട്. അത്യന്തം സങ്കീര്‍ണമായ ആവാസവ്യവസ്ഥയിലും സാമൂഹ്യജീവിതത്തിലും കാലാവസ്ഥവ്യതിയാനവും മനുഷ്യഇടപെടലും ഉളവാക്കുന്ന ഗുണദോഷങ്ങള്‍ നിരന്തര പരിശോധനക്കും ശാസ്ത്രീയ പഠനത്തിനും വിധേയമാക്കണം.
കാലാവസ്ഥാമാറ്റം, വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കിയ റിസ്‌ക്ക് മാപ്പിംഗ് എന്നിവയൊക്കെ കുട്ടനാടിന്റെ അടിസ്ഥാന വികസനതന്ത്രത്തില്‍ പ്രഥമപരിഗണനകളാകണം. പ്രാദേശിക ആസൂത്രണവും ഭരണസംവിധാനവും അതനുസരിച്ച് പരുവപ്പെടണം. ശാസ്ത്രീയ വിവരങ്ങള്‍ നല്കാന്‍ സ്ഥാപനങ്ങളും വൈദഗ്ധ്യവും പ്രാദേശികമായി ഉണ്ടാവണം. പശ്ചിമഘട്ടത്തില്‍ നടക്കുന്ന അധികരിച്ച മനുഷ്യഇടപെടല്‍, അതുവഴി കായലിലെത്തുന്ന വെള്ളത്തിലും എക്കലിലും ഉണ്ടാകുന്ന വ്യത്യാസം, പശ്ചിമഘട്ടത്തില്‍ തുടങ്ങി വേമ്പനാട്ടിലെത്തുന്ന നദികളുടെ ബലക്ഷയം, നദികളിലും കായലിലും കടല്‍ത്തീരത്തും നടക്കുന്ന കൈയേറ്റവും അനധികൃത നിര്‍മ്മിതികളും, തണ്ണീര്‍മുക്കംബണ്ട് എന്നിവയാണ് കായലിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്ന മുഖ്യ ഘടകങ്ങള്‍.
നില്‍ക്കുന്നിടത്തെ ലാഭം പൂര്‍ണമായി ഊറ്റിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ കൂടിയ ലാഭം ലക്ഷ്യമായി മാറിയാല്‍, മൂലധനം മനസ്സാക്ഷിക്കുത്തില്ലാതെ പുതിയ മേച്ചില്‍പ്പുറത്തേക്ക് പായും. അതിനായി ട്വന്റി- ട്വന്റി കമ്പനിയെപ്പോലെ ന്യായവാദങ്ങള്‍ നിരത്തും. അങ്ങനെയാണ് കുട്ടനാടന്‍ പ്രദേശത്തെ നൂറുകണക്കിന് ഏക്കര്‍ വരുന്ന പാടശേഖരങ്ങളടങ്ങിയ മെത്രാന്‍ കായല്‍ പാടശേഖരം ഏറ്റെടുക്കാന്‍ ഊഹക്കച്ചവടക്കാര്‍ എത്തിയത്. കൃഷിക്ക് പകരമായി പരിചയപ്പെടുത്താന്‍ ശ്രമിച്ച ഗോള്‍ഫ് ടൂറിസം പദ്ധതിയും കായല്‍തീരത്തെയും കടല്‍തീരത്തെയും മൂലധനതേരോട്ടവും കൈയേറ്റങ്ങളും ഈ ഗണത്തില്‍ പെടുന്നവ തന്നെ.
പുതിയ ഭാവത്തിലും രൂപത്തിലും സമാനമായ പദ്ധതികള്‍ നവലിബറല്‍കാലത്ത് വീണ്ടും വരും. പ്രത്യാഘാതങ്ങളുടെ തോത് ജനങ്ങളിലും പ്രകൃതിയിലും ദേശ, കാല, പരിസ്ഥിതിയനുസരിച്ച് വ്യത്യസ്തമാകും. ആവാസ വ്യവസ്ഥ ജനവിഭാഗങ്ങളും സാമൂഹ്യമായി പ്രതികൂലാവസ്ഥയിലുള്ളവരും ആദ്യം പുറന്തള്ളപ്പെടും. ‘എങ്ങനെയും വികസനം വരട്ടെ' എന്ന് ഇപ്പോള്‍ അമിതമായി മോഹിക്കുന്ന മധ്യവര്‍ഗവും അചിരേണ ബലഹീനരാകും. അതുകൊണ്ട്, ഈ കാലത്ത് ജനകീയജാഗ്രതക്കും പ്രതിരോധത്തിനും ഇടവേളകള്‍ ഒട്ടു അഭികാമ്യമല്ല.
കരിമണല്‍ അസംസ്‌കൃത വസ്തുവായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് രംഗത്ത് വരികയും പൊഴിമുഖത്തെ മണല്‍ മാറ്റുന്നതിനുള്ള അനുമതി സമ്പാദിക്കുകയും ചെയ്യുന്നു. ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ കെ.എം.എം.എല്ലിന് ഈ കരാര്‍ നല്‍കിയത് അത്രത്തോളം സ്വാഗതാര്‍ഹമാണ്. എന്നാല്‍, പ്രതീക്ഷിച്ചപോലെ, കൊണ്ടുപോകുന്ന മണലില്‍നിന്ന് കരിമണല്‍ വേര്‍തിരിച്ചതിനുശേഷം ബാക്കി വരുന്ന മണല്‍ നിലവില്‍ തീരശോഷണം നേരിടുന്ന സമീപപ്രദേശങ്ങളായ പുറക്കാട്, അമ്പലപ്പുഴ, പൂന്തല എന്നിവിടങ്ങളില്‍ നിക്ഷേപിക്കുന്നില്ല. പൊഴിമുഖത്ത്നിന്ന് ഇങ്ങനെ കൊണ്ടുപോകുന്നതും തീരത്തിന് പൂര്‍ണമായി നഷ്ടപ്പെടുന്നതുമായ മണല്‍ നിലവിലുള്ള തീരശോഷണത്തെ ഗുരുതരമാക്കുമെന്ന വിലയിരുത്തലും ആശങ്കയും പ്രദേശവാസികള്‍ക്ക് മാത്രമല്ല, വിദഗ്ധര്‍ക്കും ഉണ്ട്.
തോട്ടപ്പള്ളി പൊഴിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ രൂപപ്പെടുത്തുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്ന ജലവിഭവം, വ്യവസായം, കൃഷി, മല്‍സ്യബന്ധനം, റവന്യൂ, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുതല ഓഫീസുകളുടെ ഏകോപനത്തിലെ കുറവ് സമയ ബന്ധിതമായ പ്രശ്നപരിഹാരത്തിനു തടസ്സമാകുന്നത് പ്രകടമാണ്. മണല്‍ മാറ്റുന്നതിനായി കെ.എം.എം.എലുമായി ഉണ്ടാക്കിയ ധാരണയുടെ നിബന്ധനകള്‍, കെ.എം.എം.എല്‍ കൊണ്ടുപോകുന്ന മണലിന്റെ അളവ്, കരിമണല്‍ വേര്‍തിരിച്ചതിന് ശേഷമുള്ള മണലിന്റെ വിനിയോഗം, തിരികെ മണല്‍ തീരത്തുതന്നെ നിക്ഷേപിക്കുന്നതിലെ തടസ്സം, കൊണ്ടുപോകുന്ന മണല്‍ പൂര്‍ണ്ണമായി കെ.എം.എം.എല്‍ പ്ലാന്റില്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളിലെല്ലാം സുതാര്യതക്കുറവും ഉത്തരവാദിത്വക്കുറവും പ്രകടമാണ്. ഇക്കാര്യത്തില്‍ പ്രദേശവാസികള്‍ക്ക് മാത്രമല്ല, ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ട്. നിയമപരമായി അനുവദനീയമായ നടപടികള്‍ എടുക്കുവാന്‍ പോലും പഞ്ചായത്തുകള്‍ക്കോ ജനപ്രതിനിധികള്‍ക്കോ കഴിയുന്നുമില്ല.
വിശാല കുട്ടനാടിന്റെ കിഴക്കന്‍ മേഖലയെ വിലങ്ങനെ മുറിച്ചാണ് കെ-റെയില്‍ കടന്നുപോകുന്നത്. പുഴകള്‍ക്ക് മുകളില്‍ പാലങ്ങള്‍ ഉണ്ടാകും. പാടശേഖരങ്ങളില്‍ പ്രത്യേകം തൂണുകളിലായിരിക്കാം. എന്നാല്‍, ബാക്കിയിടങ്ങളില്‍ ഒട്ടേറെ ചെറു ജലമാര്‍ഗ്ഗങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും പകുത്ത് മീറ്റര്‍ കണക്കിന് ഉയരത്തില്‍ ചിറ പണിയും. സങ്കീര്‍ണമായ കുട്ടനാടിന്റെ ആവാസവ്യവസ്ഥയിലും ജീവസന്ധാരണത്തിലും ഇതിന്റെ ആഘാതം എന്തായിരിക്കും? ജാഗ്രത വേണ്ടതുണ്ടോ? കുട്ടനാട് ചര്‍ച്ചയിലെങ്ങും ഈ ആശങ്ക പങ്കുവെച്ച് കാണുന്നില്ല. ഇതും തങ്ങളുടെ വ്യവഹാരമേഖലയല്ലെന്ന മട്ടില്‍ പൊതുബോധം മെരുക്കപ്പെടുന്നുണ്ട്.
രാഷ്ട്രീയപ്രബുദ്ധതയില്‍ കുട്ടനാട്ടില്‍ അന്നും ഇന്നും ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉണ്ട്. എന്നാല്‍, ഈ ആനുകൂല്യത്തിന്റെ ബലത്തില്‍ പാരിസ്ഥിതികമായ സുസ്ഥിരതക്കും ഭൂരിപക്ഷ ജനതയുടെ ദീര്‍ഘകാല ജീവിതഗുണതക്കും ഉതകുന്ന ഒരു ജനകീയവികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിലും പൊതുബോധത്തില്‍ ഉറപ്പിക്കുന്നതിലും ഇടതുപക്ഷത്തിനും വേണ്ടത്ര മുന്‍പോട്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്താവുന്നതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ അനിവാര്യമായി വേണ്ടിവന്ന നീക്കുപോക്കുകളും ഉയര്‍ന്ന മധ്യവര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളും സമരസപ്പെടലും പിന്നോട്ട് വലിക്കുന്ന ഘടകങ്ങളായി.
Truecopy Webzine
May 17, 2022
8 minutes read
Truecopy Webzine
May 10, 2022
4 minutes read
Truecopy Webzine
May 07, 2022
3 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read
മുഹമ്മദ് ഫാസില്‍
Apr 28, 2022
9 Minutes Watch
Truecopy Webzine
Apr 26, 2022
4 Minutes Read
Truecopy Webzine
Apr 25, 2022
4 Minutes Read
A. Markose
24 Sep 2021, 12:25 PM
ഒരു ശരിയായ വിലയിരുത്തൽ. വകുപ്പുകളെ തമ്മിൽ ഏകോപിപ്പിക്കുന്നതിലുള്ള പരാജയം. സോഷ്യൽ ഫോറെസ്റ്ററിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നിഷേധാൻമകമായ ഇടപെടൽ. കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളെ സമന്വയിപ്പിച്ചുള്ള രൂപകൽപ്പനയാണ് ഇന്ന് അനിവാര്യമായിരിക്കുന്നത്.