ഗുജറാത്ത്, ഹിമാചൽ:
പ്രധാന കളിക്കാർ ആര്?
ഗുജറാത്ത്, ഹിമാചൽ: പ്രധാന കളിക്കാർ ആര്?
ബി.ജെ.പി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പുതീയതിയും ഉടൻ പ്രഖ്യാപിക്കും. ദേശീയ ശ്രദ്ധയാകർഷിക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളും ബി.ജെ.പിയെയും നരേന്ദ്രമോദിയെയും സംബന്ധിച്ചുമാത്രമല്ല, ഭാവിയിലെ ശക്തമായ പ്രതിപക്ഷകക്ഷിയായി വരുന്ന ആം ആദ്മി പാർട്ടിയെയും സംബന്ധിച്ച് നിർണായകമാണ്. രണ്ട് സംസ്ഥാനങ്ങളിലെയും ഇലക്ഷൻ ഭൂപടത്തിൽ, കോൺഗ്രസ് എവിടെയാണ്?
14 Oct 2022, 06:29 PM
2022 - ല്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങിക്കഴിഞ്ഞു. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12നും വോട്ടെണ്ണൽ ഡിസംബർ എട്ടിനുമാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കാനിരിക്കുകയാണ്.
ഗുജറാത്ത്: പരീക്ഷിക്കപ്പെടുന്ന മോദി വിജയകഥ
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത് വിവിധ കാരണങ്ങളാലാണ്. ഒന്ന്, നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിലേക്കുള്ള ‘2024 പ്ലാനി'നെ സംബന്ധിച്ച് നിര്‍ണായകമാണ് ഗുജറാത്തിലെ ജയം. അതുകൊണ്ടാണ്, അമിത് ഷായുടെ നേതൃത്വത്തില്‍ ഗുജറാത്ത് കാമ്പയിന്‍ ഒരു മോദി കാമ്പയിനാക്കി മാറ്റാന്‍ ശ്രമം നടക്കുന്നത്. ബി.ജെ.പിയേക്കാളുപരി, ഗുജറാത്തിനെ ഒരു ‘മോദി വിജയകഥ'യാക്കി മാറ്റുകയാണ് അമിത്ഷായുടെ ലക്ഷ്യം. 2014ല്‍ മോദി പ്രധാനമന്ത്രിയായശേഷം, പുതിയൊരു മുഖ്യമന്ത്രിയെ വച്ചുകൊണ്ടുള്ള ഗുജറാത്തിലെ രണ്ടാമത്തെ ഇലക്ഷനാണിത്.
2017ല്‍ കഷ്ടിച്ചാണ് ബി.ജെ.പി ജയിച്ചുകയറിയത്. മൂന്നു പതിറ്റാണ്ടിന്റെ വിജയക്കുതിപ്പിനിടെ ആദ്യമായി പാര്‍ട്ടി ഇരട്ട അക്കത്തിലൊതുങ്ങി, 182 ല്‍ 99 സീറ്റ്. അഞ്ചുവര്‍ഷത്തിനിടെ, ഗുജറാത്ത് ഏറെ മാറിപ്പോയി. മോദി പ്രധാനമന്ത്രിയായശേഷം മൂന്ന് മുഖ്യമന്ത്രിമാരാണ്- ആനന്ദിബെന്‍ പട്ടേല്‍, വിജയ് രുപാനി, ഭൂപേന്ദ്ര പട്ടേല്‍- ഗുജറാത്ത് ഭരിച്ചത്. മൂന്നുപേരും വന്‍ പരാജയങ്ങളായിരുന്നു.

വിജയ് രുപാനി സര്‍ക്കാറിനെതിരെ ഭരണവിരുദ്ധവികാരം കൊടുമ്പിരി കൊണ്ടിരിക്കേയാണ്, ഒരു വര്‍ഷം മുമ്പ് ഭൂപേന്ദ്ര പട്ടേല്‍ സ്ഥാനമേറ്റത്. എന്നാല്‍, അടിസ്ഥാനവിഭാഗങ്ങളെയെല്ലാം പ്രക്ഷോഭരംഗത്തിറക്കി എന്ന ‘ഭരണനേട്ട'മാണ്, പട്ടേല്‍ ബാക്കിവച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, കന്നുകാലി കര്‍ഷകര്‍, ആദിവാസികള്‍, അധ്യാപകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലകളിലും ജീവനക്കാരും തൊഴിലാളികളും സമരരംഗത്താണ്. ശമ്പള പാക്കേജിനെച്ചൊല്ലിയുള്ള പൊലീസ് വിഭാഗത്തിന്റെ സമരം സര്‍ക്കാറിനെ യഥാര്‍ഥത്തില്‍ ഞെട്ടിച്ചു. സ്ത്രീകളും കുട്ടികളുമായി പൊലീസ് കുടുംബങ്ങള്‍ ഒന്നാകെ തെരുവിലിറങ്ങിയാണ് പ്രതിഷേധിച്ചത്. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പരിപാലനകേന്ദ്രങ്ങളില്‍നിന്ന് പശുക്കളെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് തുറന്നുവിട്ട് ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ നടത്തിയ പ്രക്ഷോഭവും ബി.ജെ.പിയെ പിടിച്ചുകുലുക്കി. ബജറ്റില്‍ പശു പരിപാലന കേന്ദ്രങ്ങള്‍ക്കും ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കുംവേണ്ടി 500 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ഇത് വിതരണം ചെയ്യുന്നില്ല എന്നാരോപിച്ചായിരുന്നു ഗുജറാത്ത് ഗോ സേവാ സംഘം സമരം നടത്തിയത്. സംസ്ഥാനത്ത് 1500 പശുപരിപാലന കേന്ദ്രത്തില്‍ നാലര ലക്ഷത്തോളം പശുക്കളുണ്ട്. സര്‍ക്കാര്‍ സഹായമില്ലാതെ ഇവയെ പരിപാലിക്കാനാകില്ല.

കോവിഡ് ഏറ്റവും മോശം രീതിയില്‍ കൈകാര്യം ചെയ്തുവെന്ന ‘ഭരണനേട്ട'ത്തെതുടര്‍ന്നാണ് വിജയ് രുപാനിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടും ആരോഗ്യ മേഖലയില്‍ ഒരു മാറ്റവും സംഭവിച്ചില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും ആശാ വര്‍ക്കര്‍മാരുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരാണ് സര്‍ക്കാറിനെതിരെ രംഗത്തുള്ള മറ്റൊരു വിഭാഗം.
ഊതിവീര്‍പ്പിക്കപ്പെട്ട ഒരു മോഡലാണ് ഗുജറാത്ത് എന്ന് ഇതിനകം തെളിഞ്ഞതാണ്. സപ്തംബറിലെ കണക്കനുസരിച്ച്, ദേശീയ ശരാശരിയേക്കാള്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്. വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 7.95 ശതമാനമാണ്. (ദേശീയ ശരാശരി 7.41 ശതമാനം). ഗുജറാത്തിലെ ഗ്രാമീണമേഖലയില്‍ റീട്ടയ്ല്‍ പണപ്പെരുപ്പനിരക്ക് 8.31 ശതമാനമാണ്. അതായത്, രാജ്യത്തുതന്നെ വന്‍തോതില്‍ വിലക്കയറ്റം അനുഭവപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
അമിത് ഷാക്കുമുന്നിലെ വെല്ലുവിളികൾ
അടിസ്ഥാന ജനതയുടെ അസംതൃപ്തിയെ എങ്ങനെ മറികടക്കാമെന്ന വെല്ലുവിളിയാണ് അമിത് ഷായുടെ മുന്നിലുള്ളത്. 182 നിയമസഭാ മണ്ഡലങ്ങളില്‍ 144 മണ്ഡലങ്ങളെയും കവര്‍ ചെയ്ത് 5700 കിലോമീറ്റര്‍ ദൂരത്തില്‍, ബി.ജെ.പി അഞ്ച് ‘അഭിമാന' യാത്രകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അമിത് ഷായാണ് കാമ്പയിന്‍ ആസൂത്രകന്‍. 2001 - ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായശേഷമുള്ള രണ്ട് പതിറ്റാണ്ടില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളാണ് യാത്രയില്‍ അവതരിപ്പിക്കുക. ഗുജറാത്ത് മുഖ്യമന്ത്രിയായിക്കുമ്പോള്‍ മോദിയാണ് 2002 - ലെ തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് ആദ്യ ‘അഭിമാന'യാത്ര നടത്തിയത്. ആ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 127 സീറ്റ് നേടി. 2017 ലും ബി.ജെ.പി യാത്ര നടത്തി, അന്ന് 99 സീറ്റിലേക്ക് ചുരുങ്ങി. ഇത്തവണ, മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് പാര്‍ട്ടി, അണികള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്.

ബി.ജെ.പിയുടെ ‘എ’ ടീം തന്നെയായി ആം ആദ്മി
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ രണ്ടാമത്തെ ഫാക്ടര്‍, ഒരുപക്ഷെ, ഒന്നാമത്തെയും, ആം ആദ്മി പാര്‍ട്ടിയാണ്. ബി.ജെ.പി- ആപ്പ് മത്സരമായിരിക്കും ഇത്തവണ എന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. അത് ശരിയുമാണ്. ആപ്പിന്റെ ഗുജറാത്ത് കാമ്പയിന്‍ ഭൂപടത്തില്‍ കോണ്‍ഗ്രസേയില്ല. മത്സരം ബി.ജെ.പിയോടായതുകൊണ്ട്, വളരെ കരുതലോടെയാണ് അരവിന്ദ് കെജ്‌രിവാള്‍ കാമ്പയിന് തുടക്കമിട്ടത്. ‘ഹിന്ദു വിരുദ്ധന്‍' എന്ന മുദ്രാവാക്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കെജ്‌രിവാളിനെ ഗുജറാത്തിലേക്ക് വരവേറ്റത്. ഉടന്‍ അതിന് മറുപടിയായി, ‘അടുത്തവര്‍ഷം പൂര്‍ത്തിയാകാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീര്‍ഥാടനം' പ്രഖ്യാപിച്ച് ബി.ജെ.പിയെ ഞെട്ടിച്ചുകളഞ്ഞു, കെജ്‌രിവാള്‍. തീര്‍ന്നില്ല; ‘ഞാനൊരു മതവിശ്വാസിയാണ്, ഭഗവാന്‍ ഹനുമാന്റെ തീവ്ര ഭക്തനാണ്, ഞാന്‍ ജനിച്ചത് കൃഷ്ണ ജന്മാഷ്ടമിയിലാണ്, കംസന്റെ പിന്‍ഗാമികളെ നിഗ്രഹിക്കാനാണ് ദൈവം എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നത്' എന്നും പ്രഖ്യാപിച്ച്, തങ്ങള്‍ ബി.ജെ.പിയുടെ ‘ബി' ടീമല്ല, അസ്സല്‍ ‘എ' ടീം തന്നെയാണെന്ന് നിസ്സന്ദേഹം വെളിവാക്കുകയും ചെയ്തു. പശുക്കളുടെ സംരക്ഷണത്തിനടക്കം പ്രത്യേക പാക്കേജ് ഉറപ്പുനല്‍കുന്ന ആപ്പിന് മനുഷ്യരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന് പറയാനാകില്ല. പൊലീസ് സമരം ശക്തമായപ്പോള്‍, ഇന്ത്യയില്‍ മറ്റു പൊലീസ് സേനകള്‍ക്ക് ലഭിക്കുന്ന ശമ്പളം കെജ്‌രിവാള്‍ ഉറപ്പുനല്‍കി. ഇതേതുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ തങ്ങളുടെ വാട്‌സ്ആപ് പ്രൊഫൈലുകള്‍ കെജ്‌രിവാളിന്റേതാക്കി. വിറച്ചുപോയ സംസ്ഥാന സര്‍ക്കാര്‍, ഉടന്‍ 550 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

വളരെ നേരത്തെ, ഏപ്രില്‍ ഒന്നിന്, ആപ്പ് കാമ്പയിന്‍ തുടങ്ങി. അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയായിരുന്നു തുടക്കം. പതിവുപോലെ സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉന്നം വച്ചാണ് ആപ്പ് വാഗ്ദാനങ്ങള്‍ വാരിവിതറുന്നത്. 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി, പത്തുലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ തുടങ്ങി, മധ്യവര്‍ഗ വിഭാഗങ്ങളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള അതേ ഉറപ്പുകള്‍. അതായത്, വര്‍ഗീയതയും വെല്‍ഫെയറിസവും തമ്മിലാണ് ഇത്തവണ മത്സരം എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഈയൊരു ബൈനറി തിരിച്ചടിച്ചേക്കാമെന്ന ‘ഭീഷണി' മുന്നില്‍ കണ്ടാകാം, വര്‍ഗീയത പയറ്റുന്നതില്‍ വിട്ടുവീഴ്ച വേണ്ട എന്ന് ആപ്പ് തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ആപ്പ് ബി.ജെ.പിയെ സംബന്ധിച്ച് ഒരു യഥാര്‍ഥ വെല്ലുവിളിയാകുകയാണ്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ, ശക്തമായ ഒരു പ്രതിപക്ഷ പാർട്ടി സ്‌പേസിലേക്ക് ആപ്പ് കടന്നുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ ശക്തമാക്കിയും മറ്റും ബി.ജെ.പിയുടെ എല്ലാ ഗ്യാപുകളിലേക്കും ആപ്പിന് കടന്നുകയറാന്‍ കഴിയുന്നു. കോൺഗ്രസിനെ നിഷ്പ്രഭമാക്കി ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരത്തിന് ആപ്പിനെ പ്രാപ്തമാക്കുന്ന ചില ഘടകങ്ങള്‍ കൂടിയുണ്ട്. ഗുജറാത്തില്‍ ഇപ്പോള്‍ വോട്ട് ചെയ്യാന്‍ പോകുന്ന ഓരോ നാലാമത്തെ വോട്ടറും ഒരു കോണ്‍ഗ്രസ് ഭരണകൂടത്തെ കാണാത്തവരാണ് എന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകനായ യശ്‌വന്ത് ദേശ്മുഖ് പറയുന്നു. അതായത്, രണ്ടു തലമുറ വോട്ടര്‍മാര്‍ ബി.ജെ.പി സര്‍ക്കാറുകളെ മാത്രം കണ്ടവരാണ്. ശക്തമായ ഒരു മൂന്നാം പാര്‍ട്ടി വരുന്നത്, ഈ തലമുറകളെ, ഇത്തവണ വേറിട്ടൊരു സെലക്ഷനിലേക്ക് നയിച്ചേക്കാം. ആപ്പ് പ്രത്യേകിച്ച്, ഈ തലമുറകളെ ആകര്‍ഷിക്കുന്ന പാര്‍ട്ടിയെന്ന നിലയ്ക്ക് പ്രത്യേകിച്ചും.
ദുരന്തമായിക്കഴിഞ്ഞ കോൺഗ്രസ്
2017ല്‍ ബി.ജെ.പിയെ രണ്ടക്കത്തിലേക്ക് മുട്ടുകുത്തിച്ച കോണ്‍ഗ്രസ്, അഞ്ചുവര്‍ഷം കൊണ്ട് ഒരു സമ്പൂര്‍ണ ദുരന്തമായി മാറിക്കഴിഞ്ഞു. 77 സീറ്റും 41.4 ശതമാനം വോട്ടുമാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് നേടിയത്. എന്നാല്‍, കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 17 പേരും പാര്‍ട്ടി വിട്ടുകഴിഞ്ഞു. ഏറെ പേരും ബി.ജെ.പിയിലാണ് ചേര്‍ന്നത്. പാര്‍ട്ടിക്ക് ഗുജറാത്തില്‍ ശക്തമായ നേതൃത്വമില്ലെന്നുമാത്രമല്ല, ജനങ്ങളെ ആകര്‍ഷിക്കാന്‍ പോന്ന ഒരു മുദ്രാവാക്യം പോലും ഇതുവരെ മുന്നോട്ടുവക്കാനായിട്ടില്ല. കഴിഞ്ഞതവണ, കോണ്‍ഗ്രസിനെ വിജയത്തിനരികിലെത്തിച്ചത്, വിവിധ വിഭാഗങ്ങളുടെ യോജിച്ച പിന്തുണയായിരുന്നു. ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരന്നു. തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലെ പ്രാതിനിധ്യം, ആരോഗ്യ- കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, ആദിവാസി ഭൂമിപ്രശ്‌നം, ക്രോണി കാപ്പിറ്റലിസത്തിന്റെ ആക്രമണങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ ഈ പ്ലാറ്റ്‌ഫോം ജനങ്ങള്‍ക്കുമുന്നില്‍ വിശ്വസനീയമായി അവതരിപ്പിച്ചു. മേവാനി വഡ്ഗാമില്‍നിന്ന് 19,696 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അല്‍പേഷ് 15,000ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനും. ദലിത്- മുസ്‌ലിം വോട്ടുകള്‍ ഏകീകരിച്ചതും, പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം സൗരാഷ്ട്ര മേഖലയിലുണ്ടാക്കിയ ധ്രുവീകരണവും ബി.ജെ.പിക്ക് തിരിച്ചടിയായി. ഇതോടൊപ്പം, രാഹുലിന്റെയും പ്രിയങ്കയുടെയും സോണിയയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുണ്ടായിരുന്നു. ചെറുകിട വ്യവസായികള്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവരുമായെല്ലാം കോണ്‍ഗ്രസിന് നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞു.

എന്നാല്‍, അഞ്ചുവര്‍ഷം കൊണ്ട് എന്താണ് സംഭവിച്ചത്? 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ആകെയുള്ള 26 സീറ്റും ബി.ജെ.പി നേടി. കോണ്‍ഗ്രസ് നേതൃത്വം ഗുജറാത്തിനെ പൂര്‍ണമായും കൈവിട്ടു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ, രണ്ടു തവണ മാത്രമാണ് രാഹുല്‍ ഗുജറാത്തിലെത്തിയത്. മെയില്‍, തെരഞ്ഞെടുപ്പ് കാമ്പയിന്‍ ഉദ്ഘടനം ചെയ്യാനും സപ്തംബര്‍ അഞ്ചിന് അഹമ്മദാബാദില്‍ പരിവര്‍ത്തന്‍ സങ്കല്‍പ് റാലിക്കും. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടുപോകുമ്പോഴും പാര്‍ട്ടി നേതൃത്വം കാഴ്ച്ചക്കാരായി. എം.എല്‍.എമാര്‍ കൂടാതെ, നിരവധി പ്രമുഖര്‍ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നു. മാധവിസിങ് സോളങ്കി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രബോധ് റാവലിന്റെ മകന്‍ ചേതന്‍ റാവലും മുന്‍ മുഖ്യമന്ത്രി ഛബില്‍ദാസ് മേത്തയുടെ മകള്‍ നിത മേത്തയും ആപ്പില്‍ ചേര്‍ന്നു. അശോക് ഗെഹ്‌ലോട്ട് ആണ് ഗുജറാത്തിലെ കാമ്പയിന്‍ നിരീക്ഷകന്‍. സ്വന്തം സംസ്ഥാനത്തെ പ്രശ്‌നം തീര്‍ക്കാന്‍ സമയമില്ലാത്ത നേതാവാണ് അദ്ദേഹം. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ആദ്യ ലിസ്റ്റ് സപ്തംബര്‍ മധ്യത്തോടെ പുറത്തുവിടും എന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ ഒക്‌ടോബര്‍ അവസാനത്തോടെയും അത് വരാന്‍ സാധ്യത കാണുന്നില്ല. ഇപ്പോള്‍ എന്താണ് സ്ഥിതി? കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മണ്ഡലങ്ങളില്‍ സ്വന്തം നിലയ്ക്ക്, സ്വന്തം മുദ്രാവാക്യങ്ങളുണ്ടാക്കി പ്രചാരണം നടത്തുകയാണ്, ഇത്തവണയും മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന വ്യാമോഹത്താല്‍. "തെക്ക്- വടക്ക്' എന്നൊരു നേര്‍രേഖ വരച്ച് നടന്നുപോകുന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ദിശാബോധമില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണമാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ഒഴിഞ്ഞുപോയ മത്സരയിടം ‘സമര്‍ഥമായി' വിനിയോഗിച്ച്, ഭരണവിരുദ്ധവികാരം പ്രയോജനപ്പെടുത്തിയാല്‍ ആപ്പിന് ഗുജറാത്തിലും ഒരു ‘പഞ്ചാബ് മോഡല്‍' സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാം.
ഹിമാചലിൽ ആദ്യമായി ത്രികോണ മത്സരം
ഹിമാചല്‍ പ്രദേശിലും ആം ആദ്മി പാര്‍ട്ടി സാന്നിധ്യമറിച്ചതോടെ, ഇതുവരെ ബി.ജെ.പി- കോണ്‍ഗ്രസ് പോരാട്ടം നടന്നിരുന്നിടത്ത്, ഇത്തവണ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പി പേടിക്കുന്നത് ആപ്പിനെയാണ് എന്ന് അവരുടെ കാമ്പയിന്‍ തെളിയിക്കുന്നു. ആപ്പിന്റെ വരവ് മുന്നില്‍ കണ്ട് ബി.ജെ.പി യുവാക്കളിലൂന്നിയാണ് പ്രചാരണം. തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കുകള്‍ക്കുപുറത്തേക്ക് ബി.ജെ.പി കാമ്പയിന്‍ വിപുലീകരിക്കുകയാണ്. മോദിയുടേതടക്കമുള്ള റാലികള്‍ പാര്‍ട്ടിയുടെ യുവമോര്‍ച്ചയാണ് ആസൂത്രണം ചെയ്ത് അവതരിപ്പിക്കുന്നത്.

മോദി റാലിക്കെത്തുന്നതിനുമുമ്പുതന്നെ പ്രിയങ്ക ഗാന്ധി, റാലികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞെങ്കിലും കോണ്‍ഗ്രസിന് ഇതുവരെ വലിയ ചലനമുണ്ടാക്കാനായിട്ടില്ല. ബി.ജെ.പിയാകട്ടെ, മാസങ്ങള്‍ക്കുമുമ്പേ, മോദി അടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കി കാടിളക്കിക്കൊണ്ടിരിക്കുകയാണ്. 2017ല്‍ ബി.ജെ.പി 44 സീറ്റും 48.8 ശതമാനം വോട്ടുമാണ് നേടിയത്. കോണ്‍ഗ്രസ് 21 സീറ്റും 41.7 ശതമാനം വോട്ടും നേടി. ആപ്പിന്റെ സാന്നിധ്യം, ബി.ജെ.പിക്കുള്ള വോട്ടുവിഹിതത്തില്‍ എത്ര കുറവു വരുത്തുമെന്നതാണ് കാമ്പയിന്റെ ഈ ഘട്ടത്തിലെ ചോദ്യം. വിജയസാധ്യത ആര്‍ക്ക് എന്നത് ആ കണക്കില്‍ കുരുങ്ങിക്കിടക്കുകയാണ്.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read