എം.ബി. രാജേഷിന്റെ റൂളിങ്​: വാക്കുകൾ വിലക്കപ്പെടുന്ന കാലത്തെ വാക്കുകളുടെ രാഷ്​ട്രീയം

സ്ത്രീകൾ , ഭിന്നശേഷിയുള്ളവർ, ട്രാൻസ്ജന്ററുകൾ, പ്രാന്തവത്കൃത വിഭാഗങ്ങൾ , ആദിവാസി വിഭാഗങ്ങൾ, മത-ഭാഷാ ന്യൂനപക്ഷങ്ങൾ, പിന്നാക്കപ്രദേശങ്ങൾ എന്നിങ്ങനെ വൈവിധ്യ പൂർണമായ ജനവിഭാഗങ്ങളേയും പ്രദേശങ്ങളെയും സംബന്ധിക്കുന്ന ചർച്ചകളിൽ നിയമസഭ പ്രകടിപ്പിക്കുന്ന സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും പൊതുസമൂഹം സാകൂതം നിരീക്ഷിക്കുന്നുണ്ട്. ഒരോ നോക്കും, വാക്കും, പ്രയാഗവും, പ്രകടനവും, ശരീരഭാഷയും സൂക്ഷ്മവിശകലനങ്ങൾക്കു വിധേയമാകുന്നുണ്ട്. അനുനിമിഷം ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവ്യവഹാര പ്രക്രിയയിൽ നിന്ന് നിയമ നിർമ്മാണസഭയെങ്കിലും വ്യത്യസ്തമായ ഒരു മാതൃക അവതരിപ്പിക്കേണ്ടതുണ്ട്. അതിലേക്ക് ദിശാസൂചിയാവുന്ന പൊളിറ്റിക്കൽ കറക്​ട്നസിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകൾ മുന്നോട്ടുവെച്ചതിന്, ‘ഹാറ്റ്‌സ് ഓഫ് ഓണറബിൾ സ്പീക്കർ.’

ഴിഞ്ഞ നിയമസഭാ സെഷനിലെ ശ്രദ്ധേയവും പുരോഗമനപരവുമായ ഇടപെടലുകളിൽ ഒന്ന്, സഭയിൽ ഏറെയൊന്നും സംസാരിക്കാൻ സാഹചര്യമില്ലാത്ത സ്പീക്കറുടേതായിരുന്നു. സ്പീക്കർ എം.ബി. രാജേഷ് നടത്തിയ റൂളിംഗ് സഭയുടെ ചരിത്രത്തിലെ അന്തസുറ്റ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. അത് സ്വയം നവീകരണത്തിനും സഭാ നവീകരണത്തിനും വഴി തുറക്കുന്നതും സംവാദങ്ങളിലുണ്ടാവേണ്ട പൊളിറ്റിക്കൽ കറക്​റ്റ്​നസിനെ ഓർമിപ്പിക്കുന്നതുമായിരുന്നു. നിയമനിർമ്മാണ സഭകൾ ഉയർത്തിപ്പിടിക്കേണ്ട നീതിബോധത്തിന്റെയും മൂല്യവ്യവസ്ഥയുടേയും ശബ്ദമായി പൊതുസമൂഹം സ്പീക്കറുടെ റൂളിംഗിനെ വിലയിരുത്തുന്നു. നിയമസഭയുടെ സ്വതന്ത്ര- നിഷ്​പക്ഷ പ്രതിനിധി എന്ന നിലയിൽ സ്പീക്കറുടെ പദവിയെയും നിയമസഭയുടെ ജനാധിപത്യസംവാദ പാരമ്പര്യത്തെയും റൂളിംഗ് പ്രതീകവൽക്കരിക്കുന്നു. ഒപ്പം, സമീപകാലത്ത് ഏറെ വിമർശനങ്ങൾക്ക് വിധേയമായ കേരള നിയമസഭയ്ക്ക് തിരുത്തലുകൾക്കുള്ള അവസരം കൂടിയായി മാറുകയും ചെയ്യുന്നു.

അംഗങ്ങൾക്കും​ വേണം, സ്വയം തിരുത്തലും നവീകരണവും

സ്​പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗിൽനിന്ന്​: സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്തതെന്ന് പൊതുവിൽ അംഗീകരിച്ച ചില വാക്കുകളുണ്ട്. "അൺപാർലമെന്ററി' ആയ അത്തരം വാക്കുകൾ ഉപയോഗിച്ചില്ലെങ്കിൽ പോലും ചില വാക്കുകൾ അനുചിതവും അസ്വീകാര്യവും ആകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അർത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അർത്ഥമാകണമെന്നില്ല. വാക്കുകൾ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാർവത്രികമായി പ്രയോഗിച്ചിരുന്ന പഴഞ്ചൊല്ലുകൾ, തമാശകൾ, പ്രാദേശിക വായ്‌മൊഴികൾ എന്നിവ ഇന്ന് ഉപയോഗിച്ചു കൂടാത്തതുമാകുന്നത്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകൾ, ചെയ്യുന്ന തൊഴിൽ, പരിമിതികൾ, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിതാവസ്ഥകൾ എന്നിവയെ മുൻനിർത്തിയുള്ള പരിഹാസ പരാമർശങ്ങൾ, ആണത്തഘോഷണങ്ങൾ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കുന്നത്. അവയെല്ലാം സാമൂഹിക വളർച്ചയ്ക്കും ജനാധിപത്യബോധത്തിന്റെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പേടേണ്ടതാണെന്ന അവബോധം സമൂഹത്തിലാകെ വളർന്നുവരുന്നുണ്ട്. സ്ത്രീകൾ, ട്രാൻസ്‌ജെന്ററുകൾ, അംഗപരിമിതർ, പാർശ്വവത്കൃത ജനവിഭാഗങ്ങൾ എന്നിവരെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്. എന്നാൽ ജനപ്രതിനിധികളിൽ പലർക്കും ഈ മാറ്റം വേണ്ടത്ര മനസിലാക്കാനായിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ടെന്നും എല്ലാവരും ഓർക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തിൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവണം. വാക്കുകൾ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേൽപ്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്.

സഭയുടെ ഇൻക്ലൂസീവ്‌നെസ്

പാർലമെന്റായാലും, നിയമസഭയായാലും പ്രതിനിധീകരിക്കുന്നത് സമൂഹത്തെത്തന്നെയാണ്. അതായത്, നിയമനിർമ്മാണസഭ സമൂഹത്തിന്റെ ‘റിഫ്ലക്റ്റിങ്ങ് മിറർ’ ആവുന്നുവെന്നർത്ഥം. ചട്ടങ്ങളുടേയും വ്യവസ്ഥകളുടേയും, യാന്ത്രിക നിർവഹണ സ്ഥലമെന്ന നിലയിൽ നിന്നു മാറി സഭയെ ജൈവികമായ ഒന്നാക്കി മാറ്റുന്നത് കാലാനുസൃതമായ വ്യാഖ്യാനങ്ങളും തിരുത്തലുകളുമാണ്. സഭയുടെ ഡിഗ്‌നിറ്റിയും ഡെക്കോറവും രൂപപ്പെടുന്നത് വ്യത്യസ്ത കാലങ്ങളിലെ വ്യത്യസ്ത വിശകലനങ്ങളിലൂടെയാണ്. കാര്യക്ഷമവും, സുതാര്യവും, പ്രതിബദ്ധവുമായ നിയമനിർമ്മാണസഭയെന്നത് പ്രാതിനിധ്യ ജനാധിപത്യക്രമത്തിന്റെ അടിത്തറയാണ്. അപരിമിതവും ഏകപക്ഷീയവുമായ അധികാര പ്രമത്തതയിലൂടെ എക്‌സിക്യൂട്ടീവ് സഞ്ചരിക്കുന്നുവെന്നു വന്നാൽ അതിന് തടയിടേണ്ടത് നിയമനിർമാണസഭയാണ്. ചോദ്യങ്ങളിലൂടെ, ചർച്ചകളിലൂടെ, നിയമങ്ങൾക്ക് അനുമതി നൽകുകയോ നിരാകരിക്കുകയോ ചെയ്യുന്നതിലൂടെ, ധനപരമായ നിയന്ത്രണങ്ങളിലൂടെ നിയമ നിർമ്മാണ സഭ എക്‌സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നുണ്ട്. അതിന് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് നിർഭയമായും, സ്വതന്ത്രമായും, കാര്യക്ഷമമായും സഭയിൽ ഇടപെടാൻ കഴിയേണ്ടതുണ്ട്. സഭ്യതയുടെ അതിർ വരമ്പ് ലംഘിക്കാതെ അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമെന്ന പാർലമെന്ററി പ്രിവിലേജ് അങ്ങനെയല്ലാതായി മാറുന്നുണ്ടോയെന്ന ചോദ്യമാണ് സ്പീക്കർ എം.ബി. രാജേഷ് ഉന്നയിച്ചത്. നിയമ നിർമാണ സഭകൾ നിരന്തരമായ സോഷ്യൽ ഓഡിറ്റിംഗിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ ചോദ്യങ്ങളുടെ പ്രസക്തി വർധിക്കുന്നുണ്ട്.

അപ്രസക്തവും അനാരോഗ്യകരവും അൺപാർലമെന്ററിയുമായ വാക്കുകളും പ്രയോഗങ്ങളും സഭാരേഖയിൽ നിന്ന്​ നീക്കം ചെയ്‌തോ, ശാസിച്ചോ, അനുചിതമായി പെരുമാറുന്ന അംഗത്തെ പുറത്താക്കിയോ അല്ല സഭയുടെ അച്ചടക്കമുറപ്പു വരുത്തേണ്ടതെന്നും ആത്മവിമർശനപരമായി സ്വാഭാവികമായി ഉണ്ടായിവരേണ്ട ഒന്നാണെന്നും പറയുമ്പോൾ ജനാധിപത്യവ്യവസ്ഥയുടെ ആന്തരിക പ്രത്യേകതയായ നവീകരണത്തിലേക്കാണ് അത് ഊന്നുന്നത്. നിയമനിർമ്മാണസഭ ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ്‌നെസിനെ പ്രതീകവൽക്കരിക്കുന്ന ഭാഷയും പ്രയോഗങ്ങളും ആശയങ്ങളും സംരക്ഷിക്കാൻ ജാഗരൂകനായിരിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കുമ്പോൾ അത് ജനാധിപത്യ പ്രക്രിയയെ സംബന്ധിക്കുന്ന ചില പുതുപ്രതീക്ഷകൾ പങ്കുവയ്ക്കുന്നുണ്ട്.

സ്പീക്കറുടെ റോൾ

പ്രതിപക്ഷമില്ലാതെ ജനാധിപത്യമില്ലഎന്ന ഐവർ ജന്നിംഗ്‌സിന്റെ വാക്കുകൾ വിയോജിപ്പിന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യമെന്ന പ്രഖ്യാപനമായി മാറുന്നുണ്ട്: "In a parliamentary democracy the majority party , while claiming that it has a mandate from the people to govern the country for a stipulated period , recognizes the fact that the opposition also represents a section of public opinion . As such the opposition is not suppressed or disregarded , but is given every opportunity to point out where the government is in wrong'.

പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തിൽ സ്പീക്കറുടെ ഓഫീസിന് പ്രത്യേക പ്രാധാന്യമുണ്ട്. ലോക്‌സഭയിലായാലും നിയമസഭകളിലായാലും സഭയ്ക്കുവേണ്ടി സംസാരിക്കുന്നതും സഭയുടെ നടപടിക്രമങ്ങളിൽ ജനാധിപത്യവും സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതും സ്പീക്കറാണ്.ഭരണീയർക്കും പ്രതിപക്ഷത്തിനുമിടയിലെ ഇന്റർഫേസായി വർത്തിക്കുന്ന ഓഫീസ് എന്ന നിലയിൽ സ്പീക്കർ കക്ഷിരാഷ്ട്രീയത്തിനതീതനായിരിക്കണമെന്ന ചിന്ത രാഷ്ട്രീയചിന്തകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. മറ്റിടങ്ങളിലെപ്പോലെ പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുന്ന സ്പീക്കർമാരുടെ കീഴ്​വഴക്കം ഇന്ത്യയിൽ വികസിച്ചിട്ടില്ല. പാർട്ടി അംഗത്വം നിലനിർത്തിക്കൊണ്ടു തന്നെ സക്രിയമായ നിഷ്പക്ഷത നിലനിർത്തുകയെന്നതാണ് ഇന്ത്യയിൽ കണ്ടുവരുന്ന രീതി. ലോക്‌സഭാ സ്പീക്കറായശേഷം തന്റെ പാർട്ടി അംഗത്വം രാജിവെച്ച നീലം സഞ്ജീവ റെഡ്ഢിയാണ് ഇക്കാര്യത്തിൽ വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചത്. പാർട്ടി അംഗത്വം ഉണ്ടെങ്കിലും ഇല്ലെങ്കിലും, പ്രിസൈഡിംഗ് ഓഫീസർ എന്ന നിലയിൽ സ്പീക്കർ സഭയുടെ മുഖമാണ്. വിപുലമായ അർത്ഥത്തിൽ സഭാംഗങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും സംരക്ഷിക്കുന്നതിലൂടെ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും തന്നെയാണ് അദ്ദേഹം പ്രതീകവൽക്കുന്നത്. പ്രതിപക്ഷത്തെ ഒറ്റപ്പെട്ട ഒരംഗത്തിന്റെ അഭിപ്രായ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും പരിരക്ഷയും സഭാംഗമെന്ന പ്രിവിലേജുമുൾപ്പെടെ മാനിക്കേണ്ടതുണ്ടെന്ന നിലപാടാണത്. കേവലമൊരു മോഡറേറ്ററോ, ഫെസിലിറ്റേറ്ററോ എന്നതിനപ്പുറം ഇത്തരം സൂക്ഷ്മമായ രാഷ്ട്രീയബോധ്യം മുന്നോട്ടുവയ്ക്കുമ്പോഴാണ് സ്പീക്കർ പ്രതിപക്ഷത്തിനുൾപ്പെടെ, ആദരിക്കപ്പെടുന്ന പദവിയായി മാറുന്നത്. ഇന്ത്യൻ പാർലമെന്റിലുണ്ടായതുപോലെ ചില പ്രത്യേക വാക്കുകളുടെയും പ്രയോഗങ്ങളുടെയും നിരോധനത്തിലൂടെയല്ല സഭയുടെ അച്ചടക്കം ഉറപ്പുവരുത്തേണ്ടത് എന്ന തിരിച്ചറിവ് ജനാധിപത്യത്തിൽ പ്രധാനമാണ്. സ്പീക്കർ എം.ബി രാജേഷ് നടത്തിയ റൂളിംഗ് നൈതികതയുടേയും, സുതാര്യതയുടേയും, പ്രതിബദ്ധതയുടേയും സാക്ഷ്യപത്രമാവുന്നത് ഈയൊരു സാഹചര്യത്തിലാണ്.

നിയമനിർമ്മാണ പ്രക്രിയ ദുർബലമാക്കപ്പെടരുത്

എം.ബി. രാജേഷ്

ചോദ്യാത്തര വേളകളിലും ശൂന്യവേളയിലെ ചർച്ചയിലും പങ്കെടുക്കുന്ന താല്പര്യം അംഗങ്ങൾ നിയമ നിർമ്മാണവേളയിൽ പ്രകടിപ്പിക്കുന്നില്ല എന്നൊരു നിരീക്ഷണം പാർലമെന്റിനേയും നിയമനിർമ്മാണ സഭകളെയും സംബന്ധിച്ച് പൊതുവേയുണ്ട്. നിയമ നിർമ്മാണമാണ് നിയമസഭയുടെ പ്രധാന ചുമതലയെന്ന് സഭാംഗങ്ങൾ മിക്കപ്പോഴും മറന്നു പോകുമ്പാഴാണ് ജുഡീഷ്യൽ ആക്ടിവിസമെന്ന സംജ്ഞ രാഷ്ട്രവ്യവഹാര പ്രക്രിയയിലേക്കു കടന്നുവരുന്നത്. മോണ്ടസ്‌ക്യൂ ഉൾപ്പെടെയുള്ള രാഷ്ട്രീയചിന്തകർ മുന്നോട്ടു വെച്ച, ജനാധിപത്യത്തിന്റെ സുഗമസഞ്ചാരത്തിന് അനുപേക്ഷണീയമായ അധികാര വിഭജന സിദ്ധാന്തത്തിന്റെ വിപരീതമാണത്. നിയമ നിർമ്മാണമെന്ന കടമ പാർലമെന്റും, നിയമനിർവഹണമെന്ന ഉത്തരവാദിത്തം എക്‌സിക്യൂട്ടീവും, നിയമ വ്യാഖ്യാനമെന്ന ജോലി ജുഡീഷ്യറിയും ഏറ്റെടുക്കുന്നതിനു പകരം എക്‌സിക്യൂട്ടീവോ, ജുഡീഷ്യറിയോ നിയമ നിർമ്മാണാധികാരത്തിലേക്ക് കടന്നുകയറുന്നത് ജനാധിപത്യ വിരുദ്ധമാണ്. നിയമനിർമ്മാണ സഭകളുടെ ശക്തി ചോരുന്നത് ഭരണവ്യവസ്ഥകളെ വ്യക്തി കേന്ദ്രീകൃത വ്യവസ്ഥകളിലേക്കും ആധിപത്യ സമീപനങ്ങളിലേക്കുമാണ് നയിക്കുക.

ഇന്ത്യയിൽ സമീപകാലത്ത് പാസാക്കപ്പെട്ട നിയമങ്ങളിലേറെയും പാർലമെന്റിൽ ചർച്ച ചെയ്യാത്തവയാണ്. ഇനി പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബില്ലുകൾക്ക് പര്യാപ്തമായ ചർച്ചാസമയം ഉണ്ടായിട്ടുമില്ല. ഓർഡിനൻസുകളിലൂടെ നിയമനിർമ്മാണ പ്രകിയ ദുർബലമാക്കപ്പെടുന്ന സാഹചര്യവും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലനിൽക്കുന്നു. കൂറുമാറ്റത്തിന്റെയും, കുതിരക്കച്ചവടത്തിന്റെയും , നിലപാടു രാഹിത്യത്തിന്റെയും അസംബന്ധ നാടകങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ അപഹാസ്യമാക്കി മാറ്റുന്ന സാഹചര്യത്തിൽ നിയമനിർമ്മാണ സഭകളുടെ വ്യക്തിത്വം കാത്തുപുലർത്തേണ്ടതുണ്ട്. സ്ത്രീകൾ , ഭിന്നശേഷിയുള്ളവർ, ട്രാൻസ്ജന്ററുകൾ, പ്രാന്തവത്കൃത വിഭാഗങ്ങൾ , ആദിവാസി വിഭാഗങ്ങൾ, മത-ഭാഷാ ന്യൂനപക്ഷങ്ങൾ, പിന്നാക്കപ്രദേശങ്ങൾ എന്നിങ്ങനെ വൈവിധ്യ പൂർണമായ ജനവിഭാഗങ്ങളേയും പ്രദേശങ്ങളെയും സംബന്ധിക്കുന്ന ചർച്ചകളിൽ നിയമസഭ പ്രകടിപ്പിക്കുന്ന സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും പൊതുസമൂഹം സാകൂതം നിരീക്ഷിക്കുന്നുണ്ട്. ഒരോ നോക്കും, വാക്കും, പ്രയാഗവും, പ്രകടനവും, ശരീരഭാഷയും സൂക്ഷ്മവിശകലനങ്ങൾക്കു വിധേയമാകുന്നുണ്ട്. അനുനിമിഷം ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവ്യവഹാര പ്രക്രിയയിൽ നിന്ന് നിയമ നിർമ്മാണസഭയെങ്കിലും വ്യത്യസ്തമായ ഒരു മാതൃക അവതരിപ്പിക്കേണ്ടതുണ്ട്. ഒരുപക്ഷേ സഹിഷ്ണുതയുടേയും, പരസ്പര ബഹുമാനത്തിന്റെയും , സഹഭാവത്തിന്റേയും ജനാധിപത്യപരവും തുറന്നതുമായ സംവാദങ്ങളുടേയും ഒരു പ്രതലം. നമ്മുടെ വിദ്യാർഥികൾക്കും , യുവജനങ്ങൾക്കും , രാഷ്ട്രീയപ്രക്രിയയെ പ്രതീക്ഷയോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്ന ഒന്ന്. അതിലേക്ക് ദിശാസൂചിയാവുന്ന പൊളിറ്റിക്കൽ കറക്​ട്നസിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകൾ മുന്നോട്ടുവെച്ചതിന്, ‘ഹാറ്റ്‌സ് ഓഫ് ഓണറബിൾ സ്പീക്കർ.’

Comments