തോണിക്കടവിൽ
ഒരു പ്രസവം

‘‘എന്റെ മുഖത്തും ഷർട്ടിലും മുണ്ടിലുമെല്ലാം രക്തത്തുള്ളി കൾ തെറിച്ചുവീണു. ഞാൻ രക്തത്തിൽ കുളിച്ചതുപോലെയായി. ഡോക്ടർ വിഷമിക്കേണ്ട, പ്രസവം കഴിഞ്ഞുവല്ലോ, ബാക്കി കാര്യങ്ങളെല്ലാം ഞങ്ങൾ നോക്കിക്കോളാം, വയറ്റാട്ടിയുടെ സമാധാനിപ്പിക്കൽ’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പി. ഭാസ്കരൻ നായർ എഴുതിയ ലേഖനം.

ഴയ കഥയാണ്.
ഞാൻ നെട്ടൂർ പി.എച്ച്.സിയിൽ ജോലിനോക്കുന്ന കാലം. യാത്രാസൗകര്യങ്ങൾ ഒന്നുമില്ലാത്ത, വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമം. ഇലക്ട്രിസിറ്റിയോ ഫോൺ സൗകര്യമോ എത്തി നോക്കാത്ത ഓണംകേറാമൂല. യാത്രകളെല്ലാം ചെറുവഞ്ചികളിലോ വള്ളത്തിലോ മാത്രം. നാലു ചക്രവാഹനങ്ങൾ ഒന്നുമില്ല. ഇടവഴികളിലൂടെ വല്ലപ്പോഴും പോകുന്ന ചില സൈക്കിളുകൾ മാത്രമാണ് പ്രധാന വാഹനം.

രാവിലെ ഹെൽത്ത് സെൻ്ററിലേക്ക് പോകാൻ ഞാൻ തയ്യാറായിക്കൊിരിക്കുന്നു. പെട്ടെന്നാണ് പ്രമാണി എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന ഒരു വൃദ്ധൻ പരിഭ്രമത്തോടെ അവിടേക്ക് വിയർത്തുകുളിച്ചെ ത്തിയത്.
‘ഡോക്ടറെ എന്റെ വീട്ടിലേക്ക് അത്യാവശ്യമായി ഉടനെ വരണം’, അതു മാത്രമായിരുന്നു കഷ്ടിച്ച് അദ്ദേഹത്തിന് പറഞ്ഞൊപ്പിക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ഒറ്റ മോൾക്ക് പ്രസവവേദന തുടങ്ങി, കുറേ നേരമായിരിക്കുന്നു. അവിടെ അടുത്തൊന്നും വേറൊരു ഡോക്ടറോ ആശുപത്രിയോ ഇല്ല.
ഞാൻ ഉള്ളിൽ ഒന്നു ഞെട്ടി.
ഞാനോ, പ്രസവമെടുക്കാനോ, വീട്ടിലേയ്ക്കോ? എസ്​.എ.ടി ആശുപത്രിയിൽ പഠനകാലത്ത് പ്രസവങ്ങൾ കണ്ടുമാത്രം പരിചയമുള്ള ഞാൻ എങ്ങനെ ആ സാഹചര്യം നേരിടും? അക്കാലത്ത് നല്ലൊരു ശതമാനം പ്രസവങ്ങളും വീടുകളിലാണ് നടന്നിരുന്നത്. എനിക്ക് വരാൻ പറ്റില്ല, സൗകര്യമില്ല എന്നൊക്കെ പറഞ്ഞാൽ ആ നിമിഷം ഞാനൊരു ഡോക്ടർ അല്ലാതായിത്തീരും.

കാരണവർ ധൃതി കൂട്ടിത്തുടങ്ങി, സാറേ, പോകാം. ഒന്നു വേഗം., എന്റെ മോൾ..... ഡോക്ടറുടെ പെട്ടി എവിടെ? എടാ ശങ്കരാ, ആ പെട്ടി എടുത്തോ....

അക്കാലത്ത് ഗ്രാമങ്ങളിൽ ജോലിയെടുക്കുന്ന ഡോക്ടർമാരുടെ സന്തത സഹചാരിയായി റെഡ്ക്രോസ് ചിഹ്നമുള്ള ഒരു തോൽപ്പെട്ടിയുണ്ടാകും. അതിൽ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള മരുന്നുകളും ഡ്രസ്സിംഗുകളും മറ്റും കരുതിവെക്കാറുണ്ട്. ഏതായാലും പോവുക തന്നെ. മിക്ക പ്രസവങ്ങളും കുഴപ്പമില്ലാത്തതാണല്ലോ. ഇതും അങ്ങനെയായാൽ ഞാൻ രക്ഷപ്പെട്ടു.

കാരണവർ എന്നെ നെട്ടൂർ തോട്ടിൽ ‘പാർക്ക്’ ചെയ്ത വള്ളത്തിലേക്ക് ആനയിച്ചു. വള്ളത്തിലേക്ക് എന്നെ പിടിച്ചുകയറ്റി. ഡോക്ടർക്ക് ഇരിക്കുന്നതിനായി വള്ളത്തിൽ ഒരു കസേര കെട്ടി ഉറപ്പിച്ചിട്ടുണ്ട്. ഞാൻ അതിൽ ഇരുന്നു. പിന്നിൽ കുട പിടിച്ച് എനിക്ക് വെയിൽ കൊള്ളാതിരിക്കാൻ ശങ്കരനും നിലയുറപ്പിച്ചു.

ഒരുനിമിഷം; പെട്ടെന്ന് അഞ്ചാറു തുഴക്കാർ വള്ളത്തി ലേക്ക് ചാടിക്കയറുന്നു, ഓരോ സൈഡിലും 3 പേർ വീതം പങ്കായം പിടിച്ച് തുഴയാൻ റെഡിയാകുന്നു. വള്ളം തോടിന്റെ നടുവിലേക്ക് നീങ്ങി വളരെ പെട്ടെന്ന് വേഗം കൂട്ടുന്നു.

നെട്ടൂർ തോടിന്റെ ഇരുകരകളിലും കാഴ്ചക്കാരായി കുറേ ആളുകൾ കൂട്ടംകൂടി നിൽപ്പുണ്ട്. എന്തോ അത്യാവശ്യത്തിനാണ് ഡോക്ടറെ കൂട്ടി കൊണ്ടുപോകുന്നത്, ഇത്രയും പേർ കൂടി ഡോക്ടറെ ആനയിച്ചുകൊണ്ടുപോകുന്നത് അതാവും എന്ന് അവർ കരുതിക്കാണും.

തുഴക്കാർ അവരുടെ ശക്തിയെല്ലാം പുറത്തെടുത്ത് തുഴയുന്നുണ്ട്. അത്രമാത്രം സീരിയസ്സായ കേസായതു കൊണ്ടായിരിക്കാം മിടുക്കരായ തുഴക്കാരെ കാരണവർ ഒപ്പം കൊണ്ടുവന്നിരിക്കുന്നത്. ഒരു സിനിമ എടുക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. വള്ളത്തിന്റെ വേഗത കൂട്ടി. നെട്ടൂർ തോട്ടിൽനിന്ന് ഇപ്പോൾ ലേക് ഷോർ ആശുപത്രി നിൽക്കുന്ന സ്​ഥലത്തിന്റെ പരിസരത്തുകൂടി വിശാലമായ വേമ്പനാട്ടുകായലിലേക്ക് വള്ളം പറന്നു. ചെപ്പനം, ചാത്തമ്മ എന്നീ ദ്വീപുകളുടേയും പനങ്ങാട് കരയുടെ ഇടയിലുള്ള വിശാലമായ കായൽപരപ്പിലൂടെ വള്ളം അതിവേഗം മുന്നോട്ട്. പനങ്ങാട് തെക്കെ അറ്റത്തേക്കൊരു മുക്കാൽ മണിക്കൂറെങ്കിലും എടുക്കും. തോണി വെള്ളത്തിലൂടെ അക്ഷരാർത്ഥത്തിൽ കുതിച്ചുപാഞ്ഞു.

അധികം താമസിയാതെ ഞങ്ങൾ വീടിന്റെ കടവിൽ എത്തി. നാലഞ്ചു കാറുകൾ വീട്ടുമുറ്റത്ത് പാർക്കു ചെയ്തിരിക്കുന്നതുപോലെ പലതരത്തി ലുള്ള വള്ളങ്ങൾ ആ വീടിന്റെ കടവിൽ കണ്ടു. സ്​ഥലത്തെ ഒരു പ്രധാന ദിവ്യന്റെ വീട്ടിലാണ് ഞാൻ എത്തിയിട്ടുള്ളതെന്ന് ഉറപ്പായി. ഡോക്ടറുടെ വരവും കാത്ത് ഒരു വലിയ ജനക്കൂട്ടം തന്നെ കരയിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ വള്ളത്തിൽ നിന്നിറങ്ങി ആ വീട്ടിലേക്ക് നടന്നു. കാരണവരും ആനയിച്ച് ഒപ്പമുണ്ട്.

വിശാലമായ ഉമ്മറത്ത് കേറുന്ന സ്​ഥലത്ത് ഒരു കിണ്ടിയിൽ വെള്ളവും തോർത്തും വെച്ചിട്ടുണ്ട്. കാൽ കഴുകി കേറിക്കോളൂ, കാരണവരുടെ ഉപദേശം. ഞാൻ പെട്ടി വാങ്ങി അകത്തോട്ട് കയറി. ഒരു മാടമ്പി നായർ തറവാടാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും.

അതാ, വടക്കിനിയിലാണ് ഗർഭിണി കിടക്കുന്നത്, അങ്ങോട്ടു പൊയ്ക്കോളൂ, കാരണവരുടെ നിർദ്ദേശം.

മറ്റുള്ള ആണുങ്ങൾക്ക് അങ്ങോട്ട് പ്രവേശനമില്ല. ചെറിയ നെഞ്ചിടിപ്പോടെ ഞാൻ ആ മുറിയിലേക്ക് കടന്നു. അവിടെ ഒരു വയറ്റാട്ടിയും വേറെ രണ്ടുമൂന്ന് സ്​ത്രീകളുമുണ്ട്. ഗർഭിണിയെ നിലത്ത് ഒരു പായവിരിച്ച് അതിൽ കിടത്തിയിരിക്കുന്നു. ഡോക്ടർക്ക് സൗകര്യപ്രദമായി ഇരിക്കുവാൻ ഒരു വലിയ മുട്ടിപ്പലകയും.

ഡോക്ടർ വന്നിട്ടുണ്ട്. ഇനി നന്നായി മുക്കിക്കോ, വയറ്റാട്ടിയുടെ കർശന നിർദ്ദേശം. കുട്ടിക്ക് ശ്വാസം മുട്ടുന്നുണ്ട് മോളേ, ഇനിയും താമസിച്ചാൽ ഡോക്ടർക്ക് വയറുകീറി കുട്ടിയെ എടുക്കേണ്ടിവരും, ഗർഭിണിയോട് മറ്റു സ്​ത്രീകളുടെ അന്ത്യശാസനയും ഭീഷണിയും.

ആ സമയത്തും എന്റെ മനസ്സിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ചില കഥാപാത്രങ്ങൾ മിന്നിമറിഞ്ഞു. ബഷീറിന്റെ കഥാപാത്രം ആയിഷ, ഡോക്ടർ വന്നതിനുശേഷമാണ് പ്രസവിച്ചത്. . അതുകൊണ്ട്, ഇങ്ങേ വീട്ടിലെ പാത്തു പ്രസവസമയമായപ്പോൾ, ഡോക്ടറെ കൊണ്ടുവാ, ഡോക്ടറെ കൊണ്ടുവാ എന്ന് അലറിവിളിക്കുന്നുണ്ട്. ഡോക്ടർ വരാതെ ഞാൻ പ്രസവിക്കൂല എന്ന് വാശിപിടിക്കുന്നുണ്ട്. അത് തന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്.

ഭാഗ്യം, അധികം താമസിയാതെ നമ്മുടെ കഥാനായി കയും പ്രസവിച്ചു. കുട്ടിയുടെ കരച്ചിൽകേട്ട് മറ്റുള്ള സ്​ത്രീകൾ വാതിലിൽ തട്ടിയും മുട്ടിയും ആ പ്രസവത്തിന്റെ വിവരം പുറത്തുനിൽക്കുന്നവരെ അറിയിക്കുന്നു. ഇനി മറുപിള്ള കൂടി പുറ ത്തുവന്നാൽ സമാധാനമായി. ഇനി വല്ല Adherent placenta ആയാൽ ഞാൻ കുടുങ്ങിയതുതന്നെ. അനാവശ്യചിന്തകൾ മനസ്സിൽ മിന്നിമറഞ്ഞു.

പെട്ടെന്ന് വെള്ളത്തിൽ കല്ലു വീഴുന്ന ഒരു ശബ്ദം. ബ്ലൂം..., പെട്ടെന്ന് പ്ലാസൻ്റ പുറത്തു തെറിച്ചുവീണതാണ്. എന്റെ മുഖത്തും ഷർട്ടിലും മുണ്ടിലുമെല്ലാം രക്തത്തുള്ളി കൾ തെറിച്ചുവീണു. ഞാൻ രക്തത്തിൽ കുളിച്ചതുപോലെയായി. ഡോക്ടർ വിഷമിക്കേണ്ട, പ്രസവം കഴിഞ്ഞുവല്ലോ, ബാക്കി കാര്യങ്ങളെല്ലാം ഞങ്ങൾ നോക്കിക്കോളാം, വയറ്റാട്ടിയുടെ സമാധാനിപ്പിക്കൽ. അടുത്തുതന്നെ കുളിമുറിയുണ്ട്. ഡോക്ടർ വസ്​ത്രം മാറി കുളിച്ച് റെഡിയായിക്കോളൂ.

പുതിയ മുണ്ടും തോർത്തുമെല്ലാം തരാം. കെട്ടിലമ്മയുടെ ആശ്വാസവാക്കുകൾ. ഞാൻ പെട്ടെന്നുതന്നെ കുളിമുറിയിൽ കയറി ഒരു കാക്കക്കുളി പാസാക്കി, അവർ തന്ന പുതിയ മുണ്ടും ഷർട്ടും ധരിച്ച് പുറത്തേക്ക് എത്തി. വൃദ്ധൻ കൈ കൂപ്പിക്കൊണ്ട് അപ്പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു.

ഡോക്ടർ വന്ന് 5 മിനിട്ടിൽ തന്നെ പ്രസവം നടന്നല്ലോ. ഡോക്ടറുടെ കഴിവ് അപാരം തന്നെ. ചിലർ ഉറക്കെ തന്നെ പിറുപിറുക്കുന്നുണ്ടായിരുന്നു.

‘ഏതായാലും ഡോക്ടർ കാപ്പിയും പലഹാരവും കഴിച്ച് പോയാൽ മതി’, കാരണവരുടെ അഭ്യർത്ഥന. അത് നിഷേധിക്കുന്നത് അഭികാമ്യമല്ലല്ലോ.
‘ശങ്കരാ, ഇതു രണ്ടും അവിടെ എത്തി ഡോക്ടറെ ഏൽപ്പിച്ച് മടങ്ങിയാൽ മതി’, ഒരു കടലാസുപൊതിയും പെട്ടിയും ശങ്കരന് കൈമാറി വൃദ്ധൻ ആജ്ഞാപിച്ചു.

കാത്തുകിടക്കുന്ന വള്ളത്തിൽ കയറി തുഴക്കാരുടെ അകമ്പടിയോടുകൂടി തിരികെ വീട്ടിലേക്ക്. വലിയൊരു ദൗത്യം വിജയകരമായി നിർവ്വഹിച്ച ചാരിതാർത്ഥ്യത്തോടെ കായലിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഞാൻ വള്ളത്തിൽ ഇരുന്നു. രണ്ടു ദിവസത്തിനുശേഷം എന്റെ മുണ്ടും ഷർട്ടുമെല്ലാം അലക്കിത്തേച്ച് ശങ്കരൻ വീട്ടിലെത്തിച്ചു തന്നു. ഒപ്പം പഴങ്ങളുടേയും പലഹാരങ്ങളുടേയും ഒരു വലിയ കുട്ടയും.

Comments