കലാകാരി എന്ന നിലയിൽ ഡോക്ടറുടെ ജീവിതം

‘‘നന്നായി ഒരുങ്ങി നടന്നും, അല്പസ്വല്പം മോഡലിങു മായി ബന്ധപ്പെട്ടും കഴിയുന്നത്ര പരിപാടികളിൽ പങ്കെടുത്തും പാടിയും നൃത്തം ചെയ്തും ചെറിയ സ്​കിറ്റുകൾ എഴുതിയും അഭിനയിച്ചും അരങ്ങിലെത്തു മ്പോൾ എന്നിലെ കലാകാരി നിർവൃതിയടയും. പക്ഷെ പലപ്പോഴും അതൊക്കെ ഒരു ഡോക്ടർ പരിവേഷത്തിനു യോജിച്ചതാണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ദിവ്യാ നായർ എഴുതിയ ലേഖനം.

മെഡിക്കൽ കോളേജിൽ കയറി, ഒരു മാസമായതേ യുള്ളൂ. SPICMACAY (Socitey for Promotion of Indian Classical Music and Culture Among Young) യിൽ ചേരാൻ ഒരു ഫോം പൂരിപ്പിക്കണം. നൃത്തത്തിലും പാട്ടിലും ചിത്രംവരയിലും അഭിരുചിയുണ്ടെന്ന് എഴുതി. അപ്പോൾ ചിലർക്ക് സംശയം, ‘കലാതിലകം’ ക്വാട്ടയിൽ മെഡിസിന് കയറിയതാണോ? ‘അല്ല, ജനറൽ മെറിറ്റിലാണ്. ഇതൊക്കെ ഇഷ്ടമാണെന്നേയുള്ളൂ’.

‘ചിത്രഹാർ’ അഭിനയിച്ചും ‘ഡാൻസ്​’ കളിച്ചും ഡംപ് ഷരാഡിലുമൊക്കെയായി ആ ഇഷ്ടം പിന്നെ അരങ്ങേറിക്കൊണ്ടിരുന്നു. പി.ജി പഠനകാലത്ത് കോളേജ് മാഗസിനു വേണ്ടി ഒരു ലേഖനം എഴുതാൻ ഖദീജാ മുംതാസ്​ മാഡമാണ് പറഞ്ഞത്. ഇടതടവില്ലാത്ത ഡ്യൂട്ടികൾക്കിടയിൽ എഴുതിക്കൊടു ക്കേ അവസാന ദിവസം ഇങ്ങടുത്തു. പിറ്റേദിവസം കൊടുത്തേ പറ്റൂ. അന്നുരാത്രി അത്താഴം കഴിഞ്ഞ്, പഠനമൊക്കെ മാറ്റിവെച്ച് ഒറ്റ എഴുത്തായിരുന്നു. കഴിഞ്ഞപ്പോൾ 2 മണി. ഒന്നുകൂടി വായിച്ച് തെറ്റുതിരുത്താൻ പോലും തീരെ വയ്യായിരുന്നു. പിറ്റേന്ന് എഴുന്നേറ്റ് വൃത്തിയായി പകർത്തിയെഴുതി. എന്തെഴുതിയാലും അച്ഛനാണ് ആദ്യം വായിക്കാൻ കൊടുക്കാറ്. അച്ഛന്റെ സമ്മതമില്ലാതെ ലേഖനം മാഡത്തിനെ ഏൽപ്പിക്കാൻ എനിക്ക് ഒരു ധൈര്യക്കുറവ്. ഫോൺ ചെയ്ത്, എഴുതിയതു മുഴുവൻ വായിച്ചു കേൾപ്പിച്ചു അച്ഛനെ. ‘‘നന്നായിട്ടുണ്ട്, പക്ഷേ കുറച്ചുകൂടി നല്ല വാക്കുകളുപയോഗിച്ച് ഒരു മിനുക്കുപണി ആവാം.’’ അച്ഛന്റെ വക.
‘‘അച്ഛാ, അത്രയൊക്കെ മതി, സമയമില്ല, ഇന്നു കൊടുക്കണം’’ എന്നുപറഞ്ഞ് പേപ്പർ മടക്കി പോക്കറ്റിൽ ഇട്ടു. റൗണ്ട്സ് ​കഴിഞ്ഞ് മാഡത്തിനു കൈമാറി. ഖദീജ മാഡം ആയിരുന്നു സ്റ്റാഫ് എഡിറ്റർ. മാഗസിനിൽ നല്ല നിലവാരമുള്ള ലേഖനങ്ങളായിരിക്കും, അതിനിടയിൽ എന്റേത് വളരെ മോശമാകുമോ? മാഡം എന്നെക്കൊണ്ട് എഴുതിച്ചതിൽ പശ്ചാത്തപിക്കുമോ? എനിക്ക് ടെൻഷനായി.

പിറ്റേന്ന് റൗണ്ട്സിനു മുമ്പുതന്നെ മാഡം എന്റെ അടുത്തേക്കുവന്നു. രണ്ടു കൈകൊണ്ടും എന്റെ കൈകൾ പിടിച്ചു. ‘‘താൻ എഴുതിയതു വായിച്ചു, കേട്ടോ. വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്കൊക്കെ വളരെ ഇഷ്ടപ്പെട്ടു. താൻ ഇനിയും എഴുതണം.’’

പാസ്സ് മാർക്ക് കിട്ടുമോ എന്ന് സംശയിച്ച് നിൽക്കുമ്പോൾ റാങ്ക് കിട്ടിയ പ്രതീക്ഷയായിരുന്നു എന്റെ. ആകെ ഒരു ഷോക്ക്. എന്താണ് പറയേ തെന്നറിയാതെ വാക്കുകൾക്കായി ഞാൻ ഉഴറി.

എം ബി ബി എസ്സ് കഴിഞ്ഞയുടൻ എന്റെ നാട്ടിലെ ഒരു ചെറിയ ഗ്രാമമായ മണ്ണൂരിലെ പി.എച്ച്.സിയിൽ ഞാൻ ജോലി ചെയ്തിരുന്നു. അവിടത്തെ ജോലിയും നാടും നാട്ടുകാരും എന്റെ മനസ്സിലെ വളപ്പൊട്ടുകളാണ്. അതിനേക്കുറിച്ചാണ് ഞാനെഴുതിയത്. സ്വാനുഭവത്തിൽ നിന്നല്ലാതെ എനിക്ക് ഒന്നും എഴുതാനാവില്ല. സ്വന്തം ചിന്തകൾ മാത്രമായിരുന്നു എന്റെ എഴുത്ത്.

ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുമ്പോഴും മനസ്സിലെ ആർദ്രത കെടാതെ ഞാൻ സൂക്ഷിക്കാൻ ശ്രമിച്ചു. അതു പലപ്പോഴും എന്റെ മുന്നിലുള്ള രോഗിയെ വെറും പച്ചമനുഷ്യനായി കാണാൻ സഹായിച്ചു. അവരുടെ വേദനകളും പരിമിതികളും തൊട്ടറിയാൻ പറ്റി. പലപ്പോഴും അതൊരു ന്യൂനതയാണോ എന്നും ഞാൻ ഭയപ്പെട്ടു.

READ RELATED CONTENTS

പണ്ടേതോ പ്രൊഫസർ ഞങ്ങളോടു പറഞ്ഞിരുന്നു. ‘You can sympathise with patients, but not empathise’. മുഴുവൻ അർത്ഥം പിടികിട്ടാത്ത ഞങ്ങൾക്ക് അദ്ദേഹം വിശദീകരിച്ചുതന്നു. രോഗിയുടെ വേദനയിൽ സഹതാപം ആവാം. പക്ഷേ ആ വേദന സ്വന്തമാക്കി അത് അനുഭവിക്കരുത്. പക്ഷെ, ആർദ്രത കൂടി പലപ്പോഴും empathise ചെയ്ത് സ്വയം ദുഃഖം അനുഭവിച്ചിരുന്നു, ഞാൻ. പ്രൊഫഷണൽ ആയി പെരുമാറേണ്ടയിടത്ത് പലപ്പോഴും വൈകാരികമായി പ്രതികരിച്ചുപോയിട്ടുണ്ട്. പക്ഷേ ആ ആർദ്രത അത് ഗുണമോ അല്ലയോ എന്നൊന്നുമറിയില്ല, അതെന്നും എന്നിൽ കെട്ടുപോകാതെയുണ്ട്; അതെന്നെ ഞാനാക്കി നിലനിർത്തുന്നു.

നന്നായി ഒരുങ്ങി നടന്നും, അല്പസ്വല്പം മോഡലിങു മായി ബന്ധപ്പെട്ടും കഴിയുന്നത്ര പരിപാടികളിൽ പങ്കെടുത്തും പാടിയും നൃത്തം ചെയ്തും ചെറിയ സ്​കിറ്റുകൾ എഴുതിയും അഭിനയിച്ചും അരങ്ങിലെത്തു മ്പോൾ എന്നിലെ കലാകാരി നിർവൃതിയടയും. പക്ഷെ പലപ്പോഴും അതൊക്കെ ഒരു ഡോക്ടർ പരിവേഷത്തിനു യോജിച്ചതാണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

ഒരിക്കൽ ടി.വിയിൽ വന്ന ഒരു ഷോയിൽ ഒരു മത്സരാർത്ഥിയായി ഞാൻ പോവുകയുണ്ടായി. ‘Sell me the Answer’- സിനിമാനടൻ മുകേഷ് അവതരിപ്പിച്ച ഏഷ്യാനെറ്റ് പരിപാടി. ഒരാഴ്ച ലീവെടുത്ത് ഷൂട്ടിങ്ങ് ഒക്കെ കഴിഞ്ഞത് തിരിച്ചെത്തി. പ്രോഗ്രാം ടി.വി യിൽ വന്നപ്പോൾ എന്റെ പേഷ്യൻ്റ്സിനൊക്കെ വലിയ സന്തോഷം. പലരും വിളിച്ചു. ‘‘എന്നെ നോക്കുന്ന ഡോക്ടറാണ്; ഞാനെന്റെ ബന്ധുക്കളെ വിളിച്ച് ടി.വി കാണാൻ പറഞ്ഞു. ഡോക്ടറുടെ ഡാൻസ്​ നന്നായിരുന്നു കേട്ടോ...’’ സ്​ഥിരമായി പോകുന്ന അമ്പലത്തിൽ ദീപാരാധന തൊഴുതു മടങ്ങുമ്പോൾ പൂജാരി, ‘‘മാഡം, പരിപാടി ടി.വിയിൽ കണ്ടു. നന്നായിട്ടുണ്ട്’’. ഞാനാകെ ചൂളിപ്പോയി. ശ്ശൊ! ഇവരൊക്കെ അതു കണ്ടുവല്ലോ...! ഷൂട്ടിൽ ഓരോന്നുപറയുമ്പോഴും ചെയ്യുമ്പോഴും ഇതൊന്നും ഓർക്കാതെ ഞാൻ എനിക്കു തോന്നിയപോലെയാണല്ലോ സംസാരിച്ചത് എന്നിരിക്കിലും എല്ലാവർക്കും ഇഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ഡോക്ടറുടെ etxra curriculur activity അവർ അംഗീകരിച്ചുതന്നിരിക്കുന്നു. വളരെ സന്തോഷം തോന്നിയ സമയമായിരുന്നു അത്.

പിന്നെ, കല- സാംസ്​ക്കാരിക രംഗത്ത് സജീവമായാൽ ‘‘ഓ... കാര്യമായി ജോലിയൊന്നുമുണ്ടാവില്ല...subject-ൽ വലിയ വിവരമുണ്ടാകില്ല...’’ എന്നിങ്ങനെ പല പിന്നാമ്പുറ സംസാരങ്ങളെയും ഭേദ്യം ചെയ്ത് തെളിയിക്കേതുമുണ്ട്. അങ്ങനെയങ്ങനെ എന്നെപ്പോലെയുള്ളവർക്ക് നേരിടാൻ ചെറിയ ചെറിയ വെല്ലുവിളികൾ ഇഷ്ടം പോലെ...

പക്ഷെ ഇന്നത്തെ ഞാൻ ഇതിനൊക്കെ അതീതയാണ്. ആരുടെയും വിലയിരുത്തലുകൾ എന്നെ ബാധിക്കുന്നേയില്ല. എനിക്കു സന്തോഷം തരുന്നതൊക്കെ ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. ഡോക്ടറായുള്ള എന്റെ ജോലി ഞാൻ ആസ്വദിച്ചുചെയ്യുന്നു. പിന്നെ അവസരം കിട്ടുമ്പോഴൊക്കെ അരങ്ങത്തും പുസ്​തകത്താളു കളിലും എന്റെ സാന്നിധ്യം അറിയിക്കുന്നു. ഇഷ്ടപ്പെട്ട പാട്ടായും, നൃത്തച്ചുവടുകളായും, മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളായും, നാടകങ്ങളിലെ സംഭാഷണങ്ങളായും എന്റെ സ്വപ്നങ്ങൾ വേനലിലെ കാറ്റിൽ ശലഭങ്ങളെപ്പോലെ പറന്നുനടക്കുന്നു...

നിഷ്ചിന്തം... നിർഭയം... സാമോദം.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:


Summary: Dr Divya Nair writes about a doctor's life and managing artistic qualities, article written for Indian Medical Association Nammude Arogyam magazine.


ഡോ. ദിവ്യാ നായർ

ഗൈനക്കോളജിസ്റ്റ്, ​ഫെർട്ടിലിറ്റി കൺസൾട്ടന്റ്. പാലക്കാട് കണ്ണാടി ദിവ്യാ സ്പെഷ്യാലിറ്റി സെന്റർ ഡയറക്ടർ.

Comments