ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം

‘‘മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ അടുത്തകാലങ്ങളായി സ്ത്രീകൾ കൂടുതലായി വരുന്നുണ്ടെങ്കിലും ഓരോ വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകളിലും മീറ്റിങ്ങുകളിലും ഇന്നും സ്ത്രീകൾ വളരെ കുറവായിട്ടാണ് കണ്ടുവരുന്നത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ വയനാട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ചാന്ദ്നി ആർ. എഴുതിയ ലേഖനം.

‘പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, വയനാട്’ എന്ന ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ, ഒരു വനിത ആയതിനാൽ എന്തെങ്കിലും വെല്ലുവിളികളുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോൾ, തീർച്ചയായും നേതൃത്വമേഖലകളിൽ പ്രവർത്തിക്കുന്ന ഒരുപാട് വനിതകളെ ഓർത്തുപോകുന്നു. ഒരു വനിത എന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃപാടവം കുട്ടിക്കാലത്തു മറ്റു പല പെൺകുട്ടികളെയും പോലെ തന്നെ എന്നെയും വളരെയധികം ആകർഷിച്ചിരുന്നു. ഞാൻ വളർന്ന ചുറ്റുപാടിൽ വളരെ ലളിതമായി പറഞ്ഞാൽ പെൺകുഞ്ഞുങ്ങളെ സംബന്ധിച്ച് രക്ഷിതാക്കളുടെ ഉത്തരവാദിത്തം നല്ല നിലയിൽ കല്യാണം കഴിപ്പിച്ചയക്കുന്നതിൽ ഒതുങ്ങിയിരുന്നു. അതുകൊണ്ടുതന്നെ എത്ര വിദ്യാഭ്യാസം നേടിയാലും വിവാഹത്തിന് അതിനനുസരിച്ച് ചെലവ് കൂടുതലാകില്ലേ എന്ന ചോദ്യം രക്ഷിതാക്കൾ സ്ഥിരമായി കേൾക്കുമായിരുന്നു. "വിദ്യാധനം സർവ്വധനാൽ പ്രധാനം" എന്ന് പഠിപ്പിച്ചിരുന്നെങ്കിലും കൂടുതൽ പ്രാധാന്യം ആൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് തന്നെയായിരുന്നു. ഞങ്ങളുടെ വീട്ടിൽ നാലു പെൺകുട്ടികൾ മാത്രം ആയതുകൊണ്ട് ആ ഒരു സാഹചര്യമുണ്ടായിരുന്നില്ല എന്നു മാത്രം.

ഒരു പെൺകുട്ടി എങ്ങനെയായിരിക്കണം എന്നതിന് സമൂഹത്തിന്റേതായ ചില സങ്കല്പങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ "പാന്റിടുന്ന പെൺകുട്ടി’’, ‘‘പീപ്പി വിളിക്കുന്ന പെൺകുട്ടി’’, ‘‘ചൂളമടിക്കുന്ന പെൺകുട്ടി’’, ‘‘മരത്തിൽ കയറുന്ന പെൺകുട്ടി’’, ‘‘കാർ ഓടിക്കുന്ന പെൺകുട്ടി" എന്നെല്ലാം പലരും പലരെയും വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരു പെൺകുട്ടിയാണ് വാഹനം ഓടിക്കുന്നതെങ്കിൽ തീർച്ചയായും ഏത് സാഹചര്യത്തിലും വാഹനമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നാൽ അത് പെൺകുട്ടി ഓടിച്ചതുകൊണ്ടാണ് എന്ന് വിലയിരുത്തുന്നതും കാണാനിടയായിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രശ്നത്തിൽ ശക്തമായ നിലപാടെടുത്താൽ ആൺകുട്ടികളെപോലെ തീരുമാനം എടുത്തു എന്നും കേൾക്കാറുണ്ട്.

ഞാൻ മെഡിസിൻ ഉപരിപഠനത്തിനു പഠിച്ചിരുന്ന കാലത്ത് മെഡിസിൻ പിജി വിഭാഗത്തിൽ ഒരു ബാച്ചിൽ ഒരു പെൺകുട്ടിയിൽ കൂടുതൽ ഉണ്ടായിരുന്നില്ല. അന്ന് എനിക്ക് കിട്ടിയ വിലപ്പെട്ട ഉപദേശം എത്ര ബുദ്ധിമുട്ടിയാണെങ്കിലും രാത്രിയാണെങ്കിലും ഒരു ക്ലാസും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം, ഒരിക്കലും പിന്നോട്ട് മാറിനിൽക്കരുത് എന്നതായിരുന്നു. ഇത് എന്റെ തന്നെ സീനിയർ ആയ പെൺകുട്ടി എനിക്ക് തന്ന ഉപദേശമായിരുന്നു. ആരും നമ്മളെ വിളിച്ചു മുന്നോട്ടു എത്തിക്കില്ല എന്നു ഓർമ്മവേണം എന്നും പറഞ്ഞിരുന്നു. ജീവിതത്തിലെ പല നാൾവഴികളിലും ഞാനിത് ഓർക്കാറുണ്ട്.

സ്ത്രീകൾ നേതൃത്വനിലയിലേക്ക് വരുമ്പോൾ പലപ്പോഴും പല ഗുണങ്ങളും, അതോടൊപ്പം അത്രതന്നെ ഗുണകരമല്ലാത്ത അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ഒരേ ജോലി ചെയ്യുമ്പോഴും അംഗീകാരം ലഭിക്കാനും ശ്രദ്ധയിൽപ്പെടുത്താനും സ്ത്രീകൾ കൂടുതൽ ബുദ്ധിമുട്ടാറുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നിരുന്നാലും കൃത്യമായ നിലപാടുകൾ അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. "മാഡം ഒരു പാവമാണ്" എന്ന തോന്നലിലൂടെ എന്തും എളുപ്പത്തിൽ സാധിക്കാം എന്ന് വിചാരിച്ചു വരുന്നവരും ഉണ്ട്. മാത്രമല്ല ഏതെങ്കിലും നിലയിൽ പ്രകടമായ രീതിയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ അത് അത്ര ശരിയായില്ല എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന പുരുഷ സുഹൃത്തുക്കളേയും ധാരാളം കണ്ടിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും ജീവിതത്തിന്റെ ഓരോ മേഖലയിലും മുന്നോട്ടേക്ക് പോകാൻ എല്ലാ അർത്ഥത്തിലും എന്നെ സഹായിക്കാൻ വളരെ നല്ല ശ്രമങ്ങൾ പുരുഷ സുഹൃത്തുക്കളുടെ ഇടയിൽ നിന്നും ധാരാളം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ചില സാഹചര്യങ്ങളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാനും ഇടപെടാനും ഒരു സ്ത്രീ എന്ന നിലയിൽ സാധിക്കുന്നുണ്ട് എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ അടുത്തകാലങ്ങളായി സ്ത്രീകൾ കൂടുതലായി വരുന്നുണ്ടെങ്കിലും ഓരോ വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകളിലും മീറ്റിങ്ങുകളിലും ഇന്നും സ്ത്രീകൾ വളരെ കുറവായിട്ടാണ് കണ്ടുവരുന്നത്. സ്ത്രീകൾക്ക് അസോസിയേഷൻ നേതൃത്വനിരയിലോ, പ്രസംഗകരുടെ നിലയിലോ ഉള്ള പ്രാതിനിധ്യം പല യോഗങ്ങളിലും വളരെ വിരളമാണ്.

ദേശീയതലത്തിലും അന്തർദേശീയതലത്തിലും ശ്രദ്ധ നേടിയ നേതൃത്വനിരയിൽവന്ന വനിതാ ഡോക്ടർമാരെ വളരെയേറെ ആരാധനയോടെയും ബഹുമാനത്തോടെയും ആണ് ഞാൻ അന്നും എന്നും നോക്കിക്കണ്ടിരുന്നത്. സേവന കാലാവധിക്കനുസരിച്ചു നൽകുന്ന സ്ഥാനക്കയറ്റം വഴി ലഭ്യമാകുന്ന ഉയർന്ന തസ്തികളിലേക്കു സ്ത്രീകൾ വരുന്നുണ്ട്. എനിക്ക് വ്യക്തിപരമായി എല്ലാവരിൽ നിന്നും, പുരുഷസഹപ്രവർത്തകരിൽ നിന്നും, കുടുംബത്തിലും സുഹൃദ്ബന്ധത്തിലും ഉള്ള പുരുഷന്മാരിൽനിന്നും പലപ്പോഴും വളരെ പ്രോത്സാഹനം നൽകുന്ന സമീപനവും സഹകരണവും ആണ് കിട്ടിയിട്ടുള്ളത്. തീർച്ചയായും സ്ത്രീ എന്ന നിലയിൽ നേതൃത്വപരമായ നല്ല പ്രവർത്തനം കാഴ്ചവെക്കുന്നതിന് ഇത്തരത്തിലുള്ള സഹകരണം വളരെ പ്രധാനമാണ്.

വിദ്യാഭ്യാസകാലത്തും തുടർന്നും പലപ്പോഴും കോൺഫറൻസുകളിലും മറ്റു യാത്രകളിലും പങ്കെടുക്കേണ്ടിവരുമ്പോൾ ഈ തരത്തിലുള്ള യാത്രകൾ ഒറ്റയ്ക്ക് പോകേണ്ടതാണോ വീട്ടിൽ നിന്നും ആ തരത്തിലുള്ള ഒരു സഹകരണം ലഭിക്കുമോ എന്നെല്ലാം പലരും എന്നോട് ചോദിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും ആ തരത്തിലുള്ള ശക്തമായ സപ്പോർട്ട് എനിക്ക് ലഭിച്ചിട്ടുണ്ട് എന്നത് ഒരു ഭാഗ്യമാണ്. അത് സ്ത്രീകളുടെ വിജയത്തിനു ആവശ്യം തന്നെയാണ്.

സ്ത്രീ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ എന്നിൽ ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്, സാധിക്കുന്നുണ്ട് എന്നത് ചാരിതാർത്ഥ്യം നൽകുന്നു സഹപ്രവർത്തകരായ എല്ലാവരിൽ നിന്നും പുരുഷന്മാരും ഉൾപ്പെടെ ഈ സഹകരണം കൂടുതൽ കൃത്യമായി കാര്യങ്ങൾ ചെയ്യാൻ സഹായിച്ചിട്ടുണ്ട്. സ്ത്രീകളും തുല്യ പ്രാതിനിധ്യത്തോടെ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിന്‌ സമതുലിതമായ ഒരു സാഹചര്യം സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് വളർന്നുവരാൻ ആവശ്യമാണ്.

ശൈശവാവസ്ഥയിലുള്ള ഒരു വിഭാഗത്തിന്റെ മേധാവി എന്ന നിലയിൽ (HOD എമർജൻസി മെഡിസിൻ) ആയി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചസമയത്ത്, സാങ്കേതിക തലത്തിലുള്ള പല തടസ്സങ്ങളും നേരിട്ട് ആ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനം നൽകുന്ന ഒരു കാര്യം തന്നെയാണ്.

പുതിയ മെഡിക്കൽ കോളേജിന്റെ പ്രശ്നങ്ങൾ വളരെ വ്യത്യസ്തമായതിനാൽ, ഒരു പ്രിൻസിപ്പൽ എന്ന നിലയിൽ ആവശ്യമായ ഇടപെടൽ നടത്താനും സാധിച്ചിട്ടുണ്ട്. ഒരു മെഡിക്കൽ കോളേജിന്റെ വനിതാ പ്രിൻസിപ്പൽ എന്ന നിലയിൽ ഉള്ള വെല്ലുവിളികൾ എന്ന് പറയാവുന്ന പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല.

സാമൂഹികമായ സാഹചര്യങ്ങൾക്കനുസരിച്ച് ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ചിലപ്പോഴെല്ലാം പെരുമാറേണ്ടിവരാറുണ്ട് എന്നത് സ്ത്രീകളുടെ ഒരു പരിമിതിയായി തോന്നുന്നു എന്നു കൂടി കുറിക്കട്ടെ.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments