ഗ്ലോബൽ നോർത്തിലും ഗ്ലോബൽ സൗത്തിലുമുള്ള രാജ്യങ്ങളെ സംബന്ധിച്ച്ഒരു മുൻഗണനാ വിഷയമാണ് വാർദ്ധക്യവും ആരോഗ്യവും. ‘ഒരാൾ പോലും മാറ്റിനിർത്തപ്പെടില്ല' എന്നു പ്രഖ്യാപിച്ച് പ്രായമായ ജനസമൂഹങ്ങളുടെ പ്രാധാന്യം അടിവരയിടുന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി). എല്ലാ പ്രായത്തിലുള്ളവർക്കും ആരോഗ്യകരമായ ജീവിതവും ക്ഷേമവും ഉറപ്പുവരുത്താൻ എസ്.ഡി.ജി ആവശ്യപ്പെടുന്നു. സുസ്ഥിരവികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ‘എല്ലാ സൂചകങ്ങളും പ്രായത്തിനനുസരിച്ച് തരംതിരിക്കേണ്ടതാണ്' എന്ന് ഐക്യരാഷ്ട്ര സംഘടന നിർദേശിച്ചിട്ടുണ്ട്.
വരുമാനം കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ പ്രായമായവരുടെ എണ്ണം വർധിക്കുകയാണ്. നവലിബറൽ കാലഘട്ടത്തിൽ (സാമൂഹ്യ സുരക്ഷയെയും ക്ഷേമത്തെയും സംബന്ധിച്ച വാഗ്ദാനങ്ങളൊന്നുമില്ലാതെ) ഇത്തരം പ്രഖ്യാപനങ്ങളെല്ലാം വിദൂര ലക്ഷ്യങ്ങളായി നിലനിൽക്കുമ്പോഴും, ഭരണകൂട- ഭരണകൂടേതര സംവിധാനങ്ങൾക്ക്, പ്രായംകൂടിയവരെ സംരക്ഷിക്കുന്ന കാര്യത്തിൽ വ്യക്തമായ പ്രതിബദ്ധത കാട്ടുകയെന്നതല്ലാതെ മറ്റുവഴിയില്ല. നീതിന്യായ ഏജൻസികളുടെയും മനുഷ്യാവകാശ, പൗരാവകാശ സംഘടനകളുടെയുമൊക്കെ പ്രവർത്തനങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണിത്. ദേശീയ, അന്തർദേശീയ അടിയന്തരാവസ്ഥകളുടെ പരിതസ്ഥിതിയിൽ (ദുരന്തങ്ങൾ, മഹാമാരി പോലെയുള്ള സമയത്ത്) ഈ ഏജൻസികളുടെ പങ്ക് നിർണായകവും സമാശ്വാസപരവുമാണ്.
അത് ഭരണകൂട ബാധ്യതയാണ്
ആഗോള മഹാമാരി ഇന്ത്യയിലും ലോകമെമ്പാടും കുതിച്ചുയർന്നപ്പോൾ, ഇതിനെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി എല്ലാ സംസ്ഥാനങ്ങളോടും വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ ഇന്ത്യൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. (രാജ്യത്തെ പ്രായമായവർക്ക് മതിയായ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയുമായി ബന്ധപ്പെട്ട്) ഇതുവരെ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതി ഒരുമാസം കൂടി സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മഹാമാരിയുടെ ഗുരുതര സാഹചര്യത്തിൽ പ്രായമായവർക്ക് കൂടുതൽ കരുതലും സംരക്ഷണവും ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാദംകേൾക്കുകയായിരുന്നു കോടതി. ഇതിനുമുമ്പ് ആഗസ്റ്റ് നാലിന് ഈ വിഷയം കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. പ്രായമായവരിൽ അർഹർക്ക് തടസമില്ലാതെ എത്രയും പെട്ടെന്ന് പെൻഷൻ നൽകണമെന്നും മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ അവർക്ക് ആവശ്യമായ മരുന്നും മാസ്‌കും സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അപകടസാധ്യത കൂടുതലായതിനാൽ സർക്കാർ ആശുപത്രികളിലെ പ്രവേശനത്തിൽ പ്രായമായവർക്ക് മുൻഗണന നൽകണമെന്നും ആഗസ്റ്റ് നാലിലെ ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവരിൽ നിന്ന് പരാതികളുണ്ടാവുകയാണെങ്കിൽ പ്രശ്നം പരിഹരിക്കാൻ ആശുപത്രി അധികൃതർ സത്വര നടപടികളെടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ അശ്വനി കുമാറായിരുന്നു കോടതിയെ സമീപിച്ചത്. പ്രായമായവരിൽ തനിച്ചു ജീവിക്കുന്നവരാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെന്നും അവർക്ക് മരുന്നുകളും മാസ്‌കുകളും സാനിറ്റൈസറുകളും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാൻ സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്.
പത്തുകോടിയിലേറെ വരുന്ന ഇന്ത്യയിലെ പ്രായമായ വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന്, ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും മാസങ്ങൾക്ക് മുമ്പ്, 2018 ഡിസംബറിലെ വിധിയിൽ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും വൃദ്ധസദനങ്ങളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും വിവരം ശേഖരിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകുകയും ചെയ്തിരുന്നു. സാമൂഹ്യനീതിക്ക് ഊന്നൽ നൽകിക്കൊണ്ട് കോടതി പറഞ്ഞു- ‘പ്രായമായവർ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും അഭയസ്ഥാനവും ആരോഗ്യവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം അത് നടപ്പിലാക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്’.
ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ സംബന്ധിച്ച് പ്രായമായവർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്, 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ (Maintenance and Welfare of Parents and Senior Citizens Act, 2007) ചട്ടങ്ങൾക്ക് പ്രചരണം നൽകുന്നതിനായുള്ള പദ്ധതി തയ്യാറാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ നിയമത്തിലെ ചട്ടങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കേന്ദ്രം അതിന്റെ അധികാരം ഉപയോഗിക്കുകയും ആവശ്യമായ നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകുകയും അതിന്റെ പുരോഗതി വിലയിരുത്താനായി പുനരവലോകനം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
‘ആരോഗ്യകരമായ വാർദ്ധക്യം'
2020 മുതൽ 2030 വരെയുള്ള കാലഘട്ടത്തെ ‘ആരോഗ്യകരമായ വാർദ്ധക്യ'
( ‘Healthy Ageing') ത്തിന്റെ ദശാബ്ദം ആയി പ്രഖ്യാപിക്കാനുള്ള നിർദേശം 73ാമത് ലോക ആരോഗ്യ സഭ (World Health Assembly- WHA) അംഗീകരിച്ചതിന്റെ പിറ്റേന്നാണ് ആഗസ്റ്റ് നാലിലെ ഉത്തരവ് വന്നത് എന്നത് യാദൃശ്ചികതയല്ല. വാർദ്ധക്യത്തിൽ ക്ഷേമം സാധ്യമാക്കുന്നതിന് പ്രവർത്തനക്ഷമത വികസിപ്പിക്കാനും നിലർത്താനുമുള്ള പ്രക്രിയയാണ് ‘ആരോഗ്യകരമായ വാർദ്ധക്യം' എന്നത്. എല്ലാവർക്കും തങ്ങൾ വിലമതിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുണ്ടാക്കുകയെന്നതാണ് പ്രവർത്തനക്ഷമത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘പ്രായമായവരുടെ, അവരുടെ കുടുംബത്തിന്റെ, അവർ ജീവിക്കുന്ന സമൂഹങ്ങളുടെ അഭിവൃദ്ധിക്കായുള്ള പത്തുവർഷത്തെ ഐക്യത്തോടെയും സഹകരണത്തോടെയുമുള്ള പ്രവർത്തനങ്ങൾക്കായി സർക്കാറുകൾ, പൗരസമൂഹം, അന്താരാഷ്ട്ര ഏജൻസികൾ, പ്രഫഷണലുകൾ, അക്കാദമിക് സമൂഹം, മാധ്യമങ്ങൾ, സ്വകാര്യ മേഖല എന്നിവയെ ഒരുകുടക്കീഴിൽ കൊണ്ടുവരാനുള്ള' അവസരമായാണ് ‘ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ' ഒരു ദശാബ്ദം വിഭാവനം ചെയ്തിട്ടുള്ളത്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ‘മുമ്പത്തേക്കാൾ വേഗം പ്രായമായിക്കൊണ്ടിരിക്കുകയാണെന്നും ജനസംഖ്യാപരമായ ഈ രൂപാന്തരത്തിന്റെ സ്വാധീനം സമൂഹത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലുമുണ്ടാവും' എന്നും ആഗസ്റ്റ് എട്ടിലെ പ്രമേയത്തിൽ ലോകാരോഗ്യസഭ നിരീക്ഷിക്കുന്നുണ്ട്. ‘ആരോഗ്യകരമായ വാർദ്ധക്യം' എന്നതിൽ ഒരുദശാബ്ദം നീണ്ട ദൃഢനിശ്ചയത്തോടെയുള്ള പ്രവർത്തനം ആഗോളതലത്തിൽ അടിയന്തിരമായി അനിവാര്യമാണെന്നും പ്രമേയം നിരീക്ഷിക്കുന്നു.
ഇതിന് വളരെ പ്രധാന്യമുണ്ട്. കാരണം 60 വയസിനും മുകളിലും പ്രായമുള്ള നൂറുകോടിയിലേറെ ആളുകൾ ഇപ്പോൾ തന്നെയുണ്ട്. അതിൽ ഭൂരിപക്ഷവും കുറഞ്ഞ, ഇടത്തരം വരുമാനമുളള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ഏറ്റവും ചുരുങ്ങിയ നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ അടിസ്ഥാന വസ്തുക്കൾക്കുപോലും ബുദ്ധിമുട്ടുന്നവരാണ് പലരും. മറ്റുള്ളവരാകട്ടെ, സമൂഹത്തിൽ അവരുടെ സമ്പൂർണ പ്രയാണത്തെയും പങ്കാളിത്തത്തെയും വിലക്കുന്ന അസംഖ്യം പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നവരും. വരുന്ന മൂന്ന് ദശാബ്ദങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ ഇപ്പോഴുള്ളതിന്റെ പകുതിയിലേറെ ഉയർന്ന് 150 കോടിക്കു മുകളിലെത്തുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. 2050 ഓടെ പ്രായമായവരുടെ എണ്ണം ആഗോള ജനസംഖ്യയുടെ 21.5% ആയി ഉയരും. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിലാവും ജനസംഖ്യാപരമായ വ്യതിയാനം കൂടുതൽ പ്രകടമാകുക. 2050 ആകുമ്പോഴേക്കും അവിടെ പത്തിൽ എട്ടുപേരും 60 വയസിനു മുകളിൽ പ്രായമുള്ളവരായിരിക്കും. ‘സമ്പന്നരാകുംമുമ്പേ ഇവർ വൃദ്ധരായിപ്പോകുമെന്ന്' കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ നിലവിലെ അവസ്ഥകൊണ്ടുതന്നെ പലരും പറയാൻ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ ആവശ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാതെ യൂണിവേഴ്സൽ ഹെൽത്ത് കവറേജ് നേടാനാവില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്
കോവിഡിനുമുന്നിൽ ഒടുങ്ങുന്ന വാർധക്യം
പ്രായമായവർക്കുവേണ്ടിയുള്ള അന്താരാഷ്ട്ര പ്രഖ്യാപനങ്ങൾ ഒരുവഴിക്ക് തുടരുന്നുണ്ടെങ്കിലും കോവിഡ് മൂലം ഇതിനകം മരിച്ചവരിൽ വലിയൊരു വിഭാഗം പ്രായമായവരാണ്. ഈ മഹാമാരി ചരിത്രത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ളതാണെന്ന് ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്നു. അതുപോലെ ചരിത്രത്തിൽ ഒരുകാലത്തുമില്ലാത്ത തരത്തിൽ ആദ്യമായാണ് 65 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഗുരുതരാവസ്ഥയും മരണസാധ്യതയും കൂടുന്നത്. മഹാമാരിയുടെ ഒഴുക്ക് എങ്ങനെയാണ്, എത്രയാളുകൾ മരണത്തിന് കീഴടങ്ങും, എന്തായിരിക്കും സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നതിന്റെയെല്ലാം ഭീതിജനകമായ സൂചനകൾ ഇതിലുണ്ട്. ലോകമെമ്പാടും 500 ദശലക്ഷം (ലോകജനസംഖ്യയുടെ മൂന്നിലൊന്ന്) പേരെ ബാധിക്കുകയും 50 ദശലക്ഷത്തിലേറെ പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത 1918-19 കളിലെ ഇൻഫ്ളുവെൻസ മഹാമാരി പ്രായമായവർക്ക് അത്ര ദോഷമായിരുന്നില്ല. മുതിർന്നവരായിരുന്നു അതിന്റെ വലിയ ഇരകൾ. എന്നാൽ കോവിഡ് പ്രായമായവർക്ക് മുമ്പിൽ അത്ര സുഖകരമായ സാഹചര്യമല്ല സൃഷ്ടിച്ചിരിക്കുന്നത്. 65നുമുകളിൽ പ്രായമുള്ളവർ, പ്രത്യേകിച്ച് മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നത് ക്രമാതീതമായി തുടരുകയാണ്. ഇതാണ് ആഗോളതലത്തിലുള്ള ട്രന്റ്. 85 ഓ അതിനു മുകളിലോ പ്രായമുള്ളവരിൽ കൊറോണ വൈറസ് കാരണമുള്ള ഗുരുതരമായ രോഗങ്ങൾക്ക് സാധ്യത വളരെയധികമാണ്.
പ്രായം അനുസരിച്ചുള്ള കോവിഡ് മരണങ്ങളുടെ പാറ്റേൺ മഹാമാരിയുടെ തുടക്കത്തിൽ തന്നെ പ്രകടമമായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്പെയിൻ, ഇംഗ്ലണ്ട്, ഇറ്റലി, ചൈന, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും നടന്ന പഠനത്തിൽ ഇതിനകത്തെ അപകടസാധ്യത നിർണ്ണയിച്ചിരുന്നു. രോഗബാധിതനായ ഒരാളിൽ മരണസാധ്യത എത്രത്തോളമുണ്ടെന്ന് നിശ്ചയിക്കുന്നതിൽ പ്രായം നിർണായക ഘടകമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഈ പഠനങ്ങൾ വെളിപ്പെടുത്തുന്നു. മഹാമാരിയുടെ ഉത്ഭവകേന്ദ്രമായ ചൈനയിൽ രോഗബാധകാരണം മരിച്ചവരിൽ 80% വും 60 വയസോ മുകളിലോ പ്രായമുള്ളവരാണ്. രണ്ടുലക്ഷത്തിലേറെപ്പേർ മരിച്ച യു.എസിൽ (ഇതുവരെ 74.47 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്) പ്രായമായവരിലാണ് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതൽ. യു.എസ് ജനസംഖ്യയുടെ 16% വും 65ഉം മുകളിലും പ്രായമുള്ളവരാണ്. യു.എസിലെ കോവിഡ് മരണങ്ങളിൽ 80%വും ഈ പ്രായപരിധിയിലുള്ളവരിലാണ്. ഇതേകാലഘട്ടത്തിൽ മറ്റെല്ലാ കാരണങ്ങൾകൊണ്ടും ഈ ഗ്രൂപ്പിലുണ്ടായ മരണങ്ങളേക്കാൾ (75%) കൂടുതൽ. അതിനർത്ഥം, അമേരിക്കയിൽ റിപ്പോർട്ടു ചെയ്യപ്പെട്ട കോവിഡ് മരണങ്ങൾ പത്തിൽ എട്ടും 65ഉം അതിനു മുകളിലും പ്രായമുള്ളവരിലാണ്. കോവിഡ് മരണങ്ങളിൽ 40% ത്തിലേറെയും നഴ്സിങ് ഹോമുകളുമായി ബന്ധപ്പെട്ടാണ് നടന്നതെന്ന് ആഗസ്റ്റ് 13ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. ബി.ബി.സി റിപ്പോർട്ടു പ്രകാരം, അമേരിക്കയിലെ 45% കോവിഡ് മരണങ്ങളും ഇത്തരം കെയർഹോമുകളിലാണ് നടന്നതെന്ന് ഒരു നോൺ പാർട്ടീഷൻ ഫൗണ്ടേഷൻ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മഹാമാരിയുടെ ആദ്യഘട്ടത്തിൽ അസ്വസ്ഥപ്പെടുത്തുന്ന ചില റിപ്പോർട്ടുകളും നമ്മൾ കേട്ടിരുന്നു. അതായത്, രോഗലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്ന പ്രായമായവരെ യു.എസിലെയും യൂറോപ്പിലെയും ഒരുവിഭാഗം ആശുപത്രികൾ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി മടക്കി അയക്കുന്നതായുള്ള റിപ്പോർട്ടുകൾ. യൂറോപ്പിൽ കോവിഡ് മരണങ്ങളിൽ 95%ത്തിലേറെയും 60 വയസിനുമുകളിൽ പ്രായമുള്ളവരാണ്. ആസ്ത്രേലിയയിൽ മരിക്കുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തവരിൽ ഏറെയും 65 വയസിനു മുകളിൽ പ്രായമുള്ളവരും മറ്റു രോഗങ്ങളുള്ളവരുമാണ്. ദീർഘകാലമായുള്ള സാമൂഹ്യ അകലം പാലിക്കൽ നടപടികളും ചികിത്സാക്രമത്തിലുണ്ടായ മാറ്റവും കാരണം അവരിൽ മാനസിക പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടിവരുന്നതായും റിപ്പോർട്ടുണ്ട്.
ഇറ്റലിയിൽ കോവിഡ് വ്യാപനം ഏറ്റവും ബാധിച്ചത് 50 വയസിനു മുകളിൽ പ്രായമുള്ളവരെയാണ്. ഇറ്റലിയിൽ കോവിഡ് റിപ്പോർട്ടു ചെയ്യപ്പെട്ടശേഷം 35,000 പേരാണ് വൈറസ് ബാധ കാരണം മരിച്ചത്. പ്രായമായവരിലാണ് മരണനിരക്ക് വളരെയധികം കൂടുതൽ. 80 വയസിനുമുകളിൽ പ്രായമുള്ളവരിൽ മരണനിരക്ക് 34 ശതമാനത്തിനും മുകളിലാണ്. ചില ഘട്ടത്തിൽ മരണനിരക്ക് 13.8% വരെ ഉയർന്നിരുന്നു. മറ്റുരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിനേക്കാൾ കൂടുതൽ.
ഇന്ത്യയിലും പ്രായമായവരിൽ മരണനിരക്ക് കൂടുന്ന നില തുടരുകയാണ്. മരിക്കുന്നവരിൽ 50 ശതമാനത്തോളം വരും 60നു മുകളിൽ പ്രായമുള്ളവർ. കുറച്ചുകൂടി പ്രായം കുറഞ്ഞ ഗ്രൂപ്പിൽ വരുന്ന 45-60നും ഇടയിൽ പ്രായമായവരിലും രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്, മരിച്ചവരിൽ 37% വരും ഈ വിഭാഗത്തിൽ നിന്ന്.
ഇന്ത്യയിലെ പ്രായമായവരിൽ 68%വും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. 58% നിരക്ഷരരാണ്, 70% (55% പുരുഷന്മാരം 88% സ്ത്രീകളും) മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനിടെ, ഇന്ത്യയിലെ കുടുംബബന്ധങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. മക്കൾ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ ഗ്രാമ നഗര ഭേദമന്യേ ഇന്ത്യയിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത്, മഹാമാരി കൂടുതൽ വ്യാപിക്കുന്ന സാഹചര്യം ഇന്ത്യയിലെ പ്രായമായവരെ സംബന്ധിച്ച് അവർ അതിന് വിധേയരാകപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.
ഭയം, ആകുലത
‘ഈ മഹാമാരി ലോകമെമ്പാടും പ്രായമായവർക്കുനേരെയുള്ള അതിക്രവും പീഡനവും അവഗണനയും വർധിപ്പിച്ചിട്ടുണ്ട്' എന്നാണ് അന്താരാഷ്ട്രതലത്തിൽ പ്രായമായവരുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയായ എയ്ജ് ഇന്റർനാഷണൽ റിപ്പോർട്ടു ചെയ്യുന്നത്. ‘കോവിഡ് പിടിമുറുക്കുന്നതിനു മുമ്പ്, പ്രായമായവരിൽ ആറിൽ ഒരാൾ പീഡനം സഹിക്കുന്നുവെന്നായിരുന്നു കണക്ക്. എന്നാൽ മഹാമാരിയുടെ ഫലമായി പല രാജ്യങ്ങളിലും പീഡനം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.' പ്രായമായവർക്കുനേരെയുള്ള അതിക്രമങ്ങൾ പലതരത്തിലുണ്ട്, അവഗണനയ്ക്കു പുറമേ അത് ശാരീരിക ആക്രമണങ്ങളാകാം, മാനസികമാകാം, വാക്കുകൾ കൊണ്ടാവാം, സാമ്പത്തികമായാവാം, ലൈംഗികപീഡനമാകാം. ഇത്തരം പ്രശ്നങ്ങൾക്കുള്ള സാധ്യത ഏറെ പ്രായമായ സ്ത്രീകളിലാണ്. കൂടാതെ വൈകല്യങ്ങളുള്ളവരും സഹായം ആവശ്യമുള്ളവരും ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. മഹാമാരിയുടെ ഫലമായുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രായമായവർ നേരിടുന്ന സാമ്പത്തിക പീഡനങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഈ മഹാമാരി ലോകമെമ്പാടുമുള്ള പ്രായമായവർക്കിടയിൽ ഭയത്തിനും വലിയ ആകുലതകൾക്കും പ്രയാസങ്ങൾക്കും കാരണമായിട്ടുണ്ടെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഗ്ലോബൽ സൗത്തിലെ രാഷ്ട്രങ്ങളിലെമ്പാടുമായി ഈ വൈറസ് വലിയ തോതിൽ വ്യാപിച്ചപ്പോൾ പ്രായമായവർക്കിടയിലെ മരണനിരക്കും വലിയ തോതിൽ ഉയർന്നു. നമ്മൾ അത്ര ശ്രദ്ധിക്കാത്ത, എന്നാൽ ഏറെ പരിതാപകരമാണ് ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ; യഥാർത്ഥത്തിൽ കൊറോണ വൈറസുമായി ബന്ധമില്ലാത്ത രോഗാവസ്ഥകൾക്കുപോലും ചികിത്സ നിഷേധിക്കുന്ന തരത്തിൽ പ്രായമായവർ അവഗണിക്കപ്പെടാം; ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് മോശം പെരുമാറ്റവും അധിക്ഷേപങ്ങളും നേരിട്ടേക്കാം; തൊഴിലില്ലായ്മയും ദാരിദ്ര്യവും കുതിച്ചുയരും; അസാധാരണമാംവിധം മാനസിക ആരോഗ്യത്തെ ബാധിക്കും; അവഹേളനവും വിവേചനവും നേരിട്ടേക്കാം. കോവിഡ് പടർന്നു പിടിക്കുന്നതിനു മുമ്പുതന്നെ, ലോകമെമ്പാടും പ്രായമായവരിൽ വലിയൊരു വിഭാഗം സാമൂഹ്യമായ അകറ്റിനിർത്തലുകളോട് എതിരിട്ട് ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന നിരീക്ഷിച്ചിട്ടുണ്ട്. യു.എൻ പറയുന്നു: ‘പ്രായം കൂടിയവരിൽ ദാരിദ്ര്യത്തിന് സാധ്യതയും കൂടുതലാണ്, ചില വികസ്വര രാജ്യങ്ങളിൽ ദാരിദ്ര്യത്തിൽ കഴിയുന്ന പ്രായമായവർ 80%ത്തോളം വരും'. ഇന്നത്തെ സാഹചര്യത്തിൽ ‘പ്രായമായവരുടെ വരുമാനവും ജീവിതനിലവാരവും വലിയ തോതിൽ ഇടിഞ്ഞേക്കാം' എന്ന് മഹാമാരിയുടെ പശ്ചാത്തലത്തിൽ യു.എൻ മുന്നറിയിപ്പു നൽകിയിരുന്നു. ‘ഈ ഇടിവ് ഏറ്റവുമധികം ബാധിക്കുന്നത് വരുമാനമുണ്ടാക്കാനുള്ള വഴികൾ പരിമിതമായ പ്രായമായ സ്ത്രീകളെയായിരിക്കും' എന്നും യു.എൻ നിരീക്ഷിക്കുന്നു. വൃദ്ധസദനങ്ങളിലും സമാന സ്ഥാപനങ്ങളിലും കോവിഡ് പടർന്നുപിടിച്ചത് ‘അവഗണയും മോശം പെരുമാറ്റവും വർധിപ്പിച്ചെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾക്കിടെ, പ്രായമായവരിൽ വലിയൊരു വിഭാഗത്തിന്റെ ജീവനെടുക്കുകയും' ചെയ്തതായി, യൂറോപ്പിലെയും അമേരിക്കയിലെയും അനുഭവങ്ങളിൽ നിന്നും യു.എൻ രേഖപ്പെടുത്തുന്നു. അഭയാർത്ഥി ക്യാമ്പുകളിലും അനൗദ്യോഗിക സ്ഥാപനങ്ങളിലും തടവറകളിലും ജീവിക്കുന്ന പ്രായമായവർക്ക്, അവിടുത്തെ തിങ്ങിനിറഞ്ഞ അവസ്ഥകാരണം അപകടസാധ്യത കൂടുതലാണ്. അവർക്ക് ആരോഗ്യസേവനങ്ങൾ കുടിവെള്ളം ശുചിത്വ സൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം മാനുഷിക പിന്തുണയും സഹായവും ലഭിക്കാനും സാധ്യത കുറവാണ്.
പ്രായമായവരുടെ മനുഷ്യാവകാശം
ഇപ്രകാരം, ആരോഗ്യപരിരക്ഷ തെരഞ്ഞെടുക്കുന്നതിലും വൈദ്യശ്രദ്ധയും ജീവൻരക്ഷാ മരുന്നുകളും ലഭിക്കുന്നതിന്റെ പ്രാമുഖ്യവും അടിയന്തിരസ്ഥിതിയും നിർണയിക്കുന്നതിലും പല രാജ്യങ്ങളിലെയും പ്രായമായവർ വിവേചനം നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിലവിലെ അസമത്വങ്ങൾ കാരണം കോവിഡിനും മുമ്പുതന്നെ പല രാജ്യങ്ങളിലെയും പ്രായമായ വ്യക്തികൾക്ക് അത്യാവശ്യമായ ആരോഗ്യ സേവനങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയുമായിരുന്നില്ല. മറ്റു രോഗങ്ങൾക്കുള്ള അടിയന്തിര സേവനങ്ങളിൽ അയവുവരത്തേണ്ട സ്ഥിതി കോവിഡ് കാരണമുണ്ടായിട്ടുണ്ട്. ഇത് പ്രായമായവരുടെ ജീവനുനേരെ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ ദിവസവും കുതിച്ചുയരുന്ന സാഹചര്യത്തിൽ തിങ്ങിനിറയുന്ന ആശുപത്രികളും ആരോഗ്യ സേവനങ്ങളും പരിമിതമായ സൗകര്യങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതിൽ തീരുമാനമെടുക്കാനാവാതെ ബുദ്ധിമുട്ടുകയാണെന്നത് വാസ്തവമാണ്.
മനുഷ്യാവകാശത്തിൽ അടിയുറച്ച, ഒരാളെപ്പോലും മാറ്റിനിർത്തില്ലെന്ന സുസ്ഥിരവികസന അജണ്ടയാൽ നയിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന, പക്ഷപാതരഹിതമായ, എല്ലാപ്രായത്തിലുള്ളവരെ സംബന്ധിച്ചും സൗഹാർദ്ദപരമായ അന്തരീം നിലനിൽക്കുന്ന സമൂഹം, പടുത്തുയർത്താനുള്ള ഒരു അവസരമാണ് കോവിഡിനാനന്തരകാലമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സാമൂഹ്യ സുരക്ഷയും മറ്റ് സംരക്ഷണ നടപടികളും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പ്രായമായവരെ സഹായിക്കേണ്ട ആവശ്യകതയുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ശ്രദ്ധയും സഹായത്തിന്റെ വിഷയത്തിലും, സാമൂഹ്യമായി ഇണക്കപ്പെടാനുള്ള സാധ്യതകളിലുമടക്കം കോവിഡ് അവരുടെ ജീവിതക്രമത്തെ മുമ്പെങ്ങുമില്ലാത്ത തരത്തിൽ മാറ്റിമറിച്ചിട്ടുണ്ടെന്നതും വ്യക്തമാണ്. വരുംമാസങ്ങളിലും വ്യത്യസ്തമായ രീതികളിൽ, പ്രവചിക്കാൻ കഴിയാത്ത ആക്രമണശേഷിയിൽ ഈ ആഗോളമഹാമാരി നിലനിന്നേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുകയാണ്. ഇപ്പോൾ കുറഞ്ഞ, ഇടത്തര വരുമാനമുള്ള രാജ്യങ്ങളിൽ രോഗവ്യാപനം ക്രമാതീതമായി ഉയരുകയാണ്. അതുകൊണ്ടുതന്നെ പ്രായമായവരുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഭരണകൂടവും പൗരസമൂഹവും കൂടുതൽ സൃഷ്ടിപരവും ക്രിയാത്മകവുമായ പങ്കുവഹിക്കണമെന്നത് അനിവാര്യതയായി മാറിയിരിക്കുകയാണ്.
(Policy Circle എന്ന വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ)