യൂറോപ്പിൽ ആകമാനം മയപ്പെടുത്തിത്തുടങ്ങിയ ക്വാറന്റൈൻ അവസാനം ഉക്രൈനിലും എത്തിയിരിക്കുന്നു. മറ്റന്നാൾ മുതൽ കോഫി ഷോപ്പുകളിൽ പോയിരിക്കാനും, അങ്ങാടിയിൽ പോവാനും എന്തിന് മുടി വെട്ടാൻ പോലും കഴിയും. പാർക്കുകൾ തുറക്കും, പക്ഷേ പൊതുഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല. സബ്‌വേകൾ തുറന്നിട്ടില്ല, ട്രെയിനുകളും ഇന്റർസിറ്റി ബസുകളും ഓടുന്നില്ല. ഇങ്ങനെയൊക്കെ ആയിരുന്നാലും മറ്റന്നാൾ മുതൽ ജനങ്ങൾ വലിയ മാനസിക ആശ്വാസത്തിൽ ആയിരിക്കും, വൈറസ് വ്യാപനം ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറിയില്ലെങ്കിൽ. സത്യമാണ്, റഷ്യയിൽ വളരെ മോശമാണ് സ്ഥിതി, ഓരോ ദിവസവും പതിനായിരത്തോളമാണ് പുതിയ വൈറസ് ബാധിതർ.
ആശ്വാസം നൽകുന്ന യൂറോപ്യൻ അവസ്ഥക്കും ആശങ്കാകുലമായ റഷ്യൻ അവസ്ഥയ്ക്കും നടുവിലാണ് ഉക്രൈൻ. ജനങ്ങൾ സ്വയം നടപ്പിലാക്കുന്ന അച്ചടക്കവുമായി ബന്ധപ്പെട്ടാണ് ഇനിയെല്ലാം കിടക്കുന്നത്. ഉത്തരവാദിത്തവും അച്ചടക്കവും സൂക്ഷിക്കുകയാണെങ്കിൽ യൂറോപ്പിനൊപ്പം മെല്ലെ മെല്ലെ ക്വാറന്റൈനിൽ നിന്നു പുറത്തു കടക്കാൻ നമുക്കു സാധിക്കും. ഉക്രൈൻ ഭാഗമായ ഈസ്റ്റ് യൂറോപ്പ് നല്ല രീതിയിലാണ് രോഗനിയന്ത്രണത്തിൽ മുന്നോട്ടു പോയത്. ഉക്രൈൻ അലസത കാണിക്കുകയാണെങ്കിൽ കടുത്ത ക്വാറന്റൈൻ അനിവാര്യമായി വരും.
തലസ്ഥാനമായ കീവിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ ഭാര്യയോടൊപ്പം കഴിയുകയാണ് കഴിഞ്ഞ രണ്ടു മാസമായി ഞാൻ. അനങ്ങാൻ പറ്റാത്ത, ശാന്തമായ ഈ ജീവിതരീതിയോട് ഞാൻ എത്ര വേഗമാണ് പൊരുത്തപ്പെട്ടതെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. കടുത്ത നിയന്ത്രണങ്ങൾ ഉണ്ടെന്നു പറഞ്ഞുകൂടാ. മാസ്ക് ധരിച്ച് പുറത്തു നടക്കാം, അടുത്തുള്ള കടകളിൽ പോകാം, മാസ്കില്ലാതെ പൂന്തോട്ടത്തിൽ ഉലാത്താം.
സത്യം പറഞ്ഞാൽ, കൊറോണ വൈറസ് കാരണം എന്റെ ഗ്രാമത്തിലെ വസന്തകാലം ഞാൻ ആദ്യമായി കണ്ടു, തണുത്തുറഞ്ഞ ശിശിരത്തിൽ നിന്നും പ്രകൃതിയുടെ ഉയിർപ്പ് ഞാൻ കണ്ടു. ഇപ്പോഴെനിക്ക് പണ്ടെത്തേക്കാളും കൂടുതൽ പക്ഷികളെ തിരിച്ചറിയാൻ കഴിയുന്നുണ്ട്, പേരുകൊണ്ടും പാട്ടു കൊണ്ടും. ഈ രണ്ടു മാസവും പ്രകൃതിയിൽ തന്നെ ചെലവഴിക്കാൻ കിട്ടിയ അവസരം ഞാൻ പരമാവധി ഉപയോഗിച്ചു. ഒരു പക്ഷേ, ഇതുപോലെ ഒരു മാസം കൂടി മുന്നിലുണ്ടാവും, ചിലപ്പോൾ ഒന്നിലധികം. മഹാമാരി കൊണ്ട് വിറങ്ങലിച്ച ലോകം ഉയർന്നെഴുന്നേൽക്കുന്നതായാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. പെട്ടെന്നില്ലെങ്കിലും, എല്ലായിടത്തുമില്ലെങ്കിലും നമ്മൾ സ്നേഹിക്കുന്ന സ്വാതന്ത്ര്യം ഇനി മുതൽ വീണ്ടും കൂടുതൽ കൂടുതൽ അനുഭവപ്പെടാൻ തുടങ്ങും.
എനിക്കിപ്പോൾ പല പക്ഷികളെ അറിയാം, പാട്ടു കൊണ്ടും പേരുകൊണ്ടും
ഡത്ത് ആൻഡ് ദ പെൻഗ്വിൻ എന്ന നോവലിലൂടെ വിശ്വ പ്രശസ്തനായ ഉക്രേനിയൻ നോവലിസ്റ്റ് ആന്ദ്രേ യൂറ്യേവിച്ച് കുർക്കോവ് കൊറോണ കാരണം രണ്ടു മാസം യാത്രകളൊന്നുമില്ലാതെ സ്വന്തം ഗ്രാമത്തിൽ കഴിയുകയാണിപ്പോൾ. മറ്റന്നാൾ മെയ് 11ന് ഉക്രൈനിൽ അയവുകൾ വരികയാണ്. ട്രൂ കോപ്പി തിങ്കിന് കുർക്കോവ് നൽകിയ കുറിപ്പ്.