ആരോഗ്യസേതു: കോടതിയിൽ ജയിച്ച അനിവർ അരവിന്ദ് സംസാരിക്കുന്നു

രോഗ്യസേതു ആപ്പിലെ വിവരങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും കേന്ദ്രസർക്കാറിനെയും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനെയും വിലക്കിക്കൊണ്ട് ജനുവരി 25ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. ഉപഭോക്താവിന്റെ പൂർണ അറിവോടെയുളള സമ്മതമില്ലാതെയാണ് ആരോഗ്യ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവെക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. പാൻഡമിക് സാഹചര്യം മുതലെടുത്ത് പൗരാവകാശങ്ങളിൽ കൈകടത്താൻ ശ്രമിക്കുന്ന ഭരണകൂട ഇടപെടലുകൾക്കെതിരെ ബംഗ്ലൂരിൽ താമസിക്കുന്ന ഐ.ടി വിദഗ്ധനും മലയാളിയുമായ അനിവർ അരവിന്ദ് നടത്തിയ നിയമപോരാട്ടമാണ് ഈ കോടതിവിധിയ്ക്കു വഴിവെച്ചത്. ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനോ കൈമാറാനോ പങ്കുവെയ്ക്കാനോ അധികാരമില്ലയെന്ന വിഷയമാണ് അനിവർ പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്. പൗരന്മാർ നിർബന്ധമായും ആരോഗ്യസേതു ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിർദേശവും, സർക്കാർ സേവനങ്ങൾക്കും സംവിധാനങ്ങൾക്കും ഈ ആപ്പ് നിർബന്ധമാക്കിയതും, ബാംഗ്ലൂർ മെട്രോയിൽ യാത്ര ചെയ്യാൻ ആരോഗ്യസേതു ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനകൊണ്ടുവന്നതുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുവേണ്ടിയുള്ള അവകാശം ഉയർത്തിപ്പിടിക്കാനായി അനിവർ നടത്തിയ ഇടപെടലുകൾ അഭിനന്ദനാർഹമാണ്. ഇത്തരമൊരു നിയമപോരാട്ടത്തിലേക്ക് പോകേണ്ടിവന്ന സാഹചര്യവും സ്വകാര്യതയ്ക്കുള്ള അവകാശത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തിങ്കുമായി പങ്കുവെയ്ക്കുകയാണ് അനിവർ.

Comments