കമ്പി മാറിയിട്ടു ; കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപിഴവ് ആരോപണം

അടുത്തടുത്ത ദിവസങ്ങളിലായി രണ്ടാമത്തെ ചികിത്സാപ്പിഴവാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്തത്.

Think

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സപിഴവ് ആരോപണം. കോതിപ്പാലം സ്വദേശി അജിത്താണ് ആരോപണം ഉന്നയിച്ചത്. കൈക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിയ അജിത്തിന്റെ കയ്യിൽ മറ്റൊരു രോഗിക്ക് ഇടേണ്ട കമ്പിയിട്ടെന്നാണ് പരാതി. ഒരാഴ്ചമുമ്പാണ് വാഹനപകടത്തെ തുടർന്ന് ഇയാൾ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. തുടർന്ന് കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു.

ഇന്നലെയാണ് അജിത്തിന്റെ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രക്രിയക്കുശേഷം എടുത്ത എക്സറെയിലാണ് ചികിത്സാപ്പിഴവ് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ ഒരിക്കൽകൂടി നടത്തണമെന്ന് കുടുംബത്തോട് ഡോക്ടർ പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ കമ്പി മാറിയിട്ടതായി ഡോക്ടർ പറഞ്ഞുവെന്ന് കുടുംബം പറയുന്നു. അതോടെ അജിത്തിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.

അജിത്തിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തി ചികിത്സാപ്പിഴവ് തെളിയിക്കപ്പെട്ടാൽ ഡോക്ടറിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി രാമചന്ദ്രൻ അറിയിച്ചു. ഡി എം ഒയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ പൊലീസിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഐ പി സി സെക്ഷൻ പ്രകാരം കേസെടുക്കുമെന്നും കൂട്ടിച്ചേർത്തു.

'കയ്യിൽ ഒപ്പറേഷന്റെ ഭാഗമായി ഇട്ട കമ്പി മാറിപ്പോയെന്നാണ് അവർ പറയുന്നത്. ബാക്കി കാര്യങ്ങളൊക്കെ മെഡിക്കൽ ആംഗിളിൽ നിന്ന് നോക്കിയെ പറയാൻ സാധിക്കൂ. എന്തായാലും അവരുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ അന്വേഷണം നടത്തി മെഡിക്കൽ ശ്രദ്ധക്കുറവ് (Medical negligence) നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. കമ്പി മാറിപോയെന്ന സംശയം ഡോക്ടർ പറഞ്ഞതോടെയാണ് പരാതി നൽകിയതെന്നാണ് രോഗി പറഞ്ഞത്. പരാതിയടെ അടിസ്ഥാനത്തിൽ മൊത്തം ഡോക്ടർമാരുടെ സംഘം രോഗിയെ പരിശോധിച്ചു. എന്നാൽ ചികിത്സാപിഴവിന് സാധ്യതയില്ലെന്നാണ് പ്രാഥമികമായി അവർ പറയുന്നത്. അതെന്തായാലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കി നടപടികളുമായി മുന്നോട്ടുപോകും.'

അടുത്തടുത്ത ദിവസങ്ങളിലായി രണ്ടാമത്തെ ചികിത്സാപ്പിഴവാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്തത്. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നും കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയെന്ന ഗുരുതര പിഴവ് കഴിഞ്ഞ ദിവസമായിരുന്നു റിപ്പോർട്ട് ചെയ്തത്. ചെറുവണ്ണൂർ മധുര സ്വദേശിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.

കുട്ടിയുടെ ഇടതുകയ്യിലെ ആറാം വിരൽ നീക്കാൻ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കി വാർഡിൽ കൊണ്ടുവന്ന കുഞ്ഞിന്റെ വായിൽ പഞ്ഞി വെച്ചിരിക്കുന്നത് കണ്ട കുടുംബം ഇതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് പിഴവ് മനസിലായത്.

കെ.കെ. ഹർഷിന
കെ.കെ. ഹർഷിന

ശസ്ത്രക്രിയയിലെ പിഴവുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ശസ്ത്രക്രിയ നത്തിയ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസനെ സസ്‌പെൻഡ് ചെയ്തിരുന്നു. കുട്ടിയുടെ കുടുംബത്തോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

പ്രസവശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക മറന്നുവെച്ചതുമായി ബന്ധപ്പെട്ട് ദുരിതജീവിതം നയിക്കുന്ന കെ.കെ. ഹർഷിന അടക്കമുള്ളവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിച്ചിട്ടുള്ള ഇത്തരം ചികിത്സാപ്പിഴവുകളുടെ ഇരകളാണ്.

Comments