ഡോ. പ്രഭുദാസ്

ഡോ. പ്രഭുദാസിനെ പോലുള്ള മൺതരികൾ നമുക്കാവശ്യമാണ്​

അട്ടപ്പാടിയിൽ ഒട്ടുമിക്ക ആളുകളോട് സംസാരിച്ചാലും ഡോക്ടറുമായി നേരിട്ട് ബന്ധമുള്ള ഒരു കഥയെങ്കിലുമുണ്ടാവും.

അട്ടപ്പാടി കോട്ടാത്തറ ട്രൈബൽ സ്‌പെഷൽ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസ് വാർത്തകളിൽ നിറഞ്ഞത്, അട്ടപ്പാടിയിൽ ഈയിടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടാണ്. നവജാതശിശുക്കളുടെയും ഒരു ആദിവാസി അമ്മയുടെയും മരണത്തെതുടർന്നാണ് മന്ത്രി സന്ദർശനത്തിനെത്തിയത്. എന്നാൽ, മന്ത്രിയുടെ സന്ദർശന സമയത്ത്, നോഡൽ ഓഫീസറായിരുന്ന തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്ന് ഡോ. പ്രഭുദാസ് ആരോപിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട നിരവധി അഴിമതികൾ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. ഇതിനുപുറകേയാണ്, 'ഭരണസൗകര്യത്തിന്' എന്ന പേരിൽ അദ്ദേഹത്തെ തിരൂരങ്ങാടി ആശുപത്രി സൂപ്രണ്ടായി സ്ഥലം മാറ്റിയത്. അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിലും ചികിത്സാസംവിധാനം നവീകരിക്കുന്നതിലും വലിയ പങ്കുവഹിച്ച, ആദിവാസി സമൂഹത്തിന്റെ വിശ്വാസം ആർജിച്ച ഒരു ആരോഗ്യപ്രവർത്തകൻ കൂടിയായ ഡോ. പ്രഭുദാസിനെക്കുറിച്ചുള്ള അനുഭവക്കുറിപ്പാണിത്‌.

ഡോ. പ്രഭുദാസിനെ കുറിച്ച് എന്തെങ്കിലും എഴുതാൻ തുടങ്ങുന്നതിനു മുൻപ് വളരെ ചുരുക്കത്തിൽ മറ്റു ചിലതും കൂടി പറയേണ്ടതുണ്ട്. ബദൽ ജീവിതപ്രചാരകർക്ക് ആധുനികവൈദ്യത്തെ കുറിച്ചും ഒരു അലോപ്പതി ഡോക്ടറെ കുറിച്ചും എഴുതാനും സംസാരിക്കാനും എന്താണ് യോഗ്യത എന്ന ചോദ്യത്തെക്കുറിച്ച് നന്നായി ചിന്തിക്കണം എന്നു തോന്നി. സാരംഗ് മുന്നോട്ട് വയ്ക്കുന്ന ‘ബദൽ' വളരെ ലളിതമായി പറഞ്ഞാൽ ഇത്രയേ ഉള്ളൂ: ജീവിയ്ക്കുക, ജീവിയ്ക്കാൻ അനുവദിയ്ക്കുക. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും എന്റെ തീരുമാനങ്ങളെ /നിശ്ചയങ്ങളെ ഉരച്ചു നോക്കാൻ ഞാനുപയോഗിക്കുന്ന സൂത്രവാക്യങ്ങളിൽ ഒന്ന്, ഇനിയൊന്ന്​ ഗാന്ധിജിയുടെ താലിസ്മാനിനിലെ വാചകങ്ങൾ.

ബാംഗ്ലൂരിലെ എണ്ണമറ്റ ‘സൂപ്പർ' സ്‌പെഷ്യാലിറ്റി ആശുപത്രികൾക്കും മേലെ ഞങ്ങൾക്ക് കോട്ടത്തറ ട്രൈബൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തോന്നിയ വിശ്വാസം, അത് ഡോ. പ്രഭുദാസ് എന്ന സാന്നിദ്ധ്യം തന്ന വിശ്വാസം തന്നെയായിരുന്നു.

ഇതു ശരി, ഇതു തെറ്റ് എന്ന് കറുപ്പിലും വെളുപ്പിലും കാണാനല്ല ഈ വാചകങ്ങൾ എന്നെ പഠിപ്പിച്ചത്. ഏതൊരു പ്രതിസന്ധിയിലും ഏറ്റവും ലളിതവും ഉചിതവുമായ, എല്ലാവർക്കും പ്രാപ്യമായ, ആർക്കും ദ്രോഹമില്ലാത്ത, പരിഹാരമെന്താണെന്ന് തേടാനാണ്. ഒന്നിനെയും അടച്ചാക്ഷേപിക്കാതെ തുറന്ന മനസ്സോടെ അറിയാനും ഉൾക്കൊള്ളാനും ശ്രമിയ്ക്കാനാണ്. സാമൂഹ്യജീവിയായ മനുഷ്യന് നിരന്തരമായ മാറ്റം അത്യാവശ്യമാണെന്ന് മനസ്സിലാക്കാനാണ്.

ഞാൻ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്. മൂന്നാളെയും പ്രസവിച്ചത് വീടുകളിലാണ്. ഇത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പായിരുന്നു, കാര്യവിവരത്തോടെയുള്ള തിരഞ്ഞെടുപ്പ്. ഒരു ജനാധിപത്യസമൂഹത്തിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഏറെ പ്രധാനമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പക്ഷെ വീടുകളിൽ പ്രസവിക്കുന്നതിനെ മഹത്വവത്കരിക്കുകയോ മറ്റൊരു സ്ത്രീയോട് നിങ്ങൾ ആശുപത്രിയിൽ പ്രസവിക്കരുതെന്ന് ഉപദേശിക്കുകയോ ചെയ്തിട്ടില്ല. കാര്യങ്ങൾ നന്നായി മനസ്സിലാക്കി നിങ്ങളുടെ വഴി തിരഞ്ഞെടുക്കൂ എന്നു മാത്രമെ എന്നോട് ചോദിച്ചാൽ ആരോടും പറയാനാവൂ.

കോട്ടത്തറ ട്രൈബൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ
കോട്ടത്തറ ട്രൈബൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ

ഇതിനുള്ള പ്രധാന കാരണം സ്വശരീരത്തെ കുറിച്ച് പഠിക്കാനുള്ള അവസരം, വൃത്തിയുള്ള വീടുകൾ, ആരോഗ്യത്തെ കുറിച്ചും പ്രസവത്തെ കുറിച്ചും പ്രായോഗികമായ അറിവുള്ള ഒരു പങ്കാളി, അത്യാവശ്യമെങ്കിൽ ആശുപത്രികളിലേക്കുള്ള പ്രവേശനം, ഗതാഗതം, ആരോഗ്യമുള്ള ശരീരം, ഇങ്ങനെ പ്രിവിലേജുകളുടെ ഒരു കൊടുമുടിയുടെ മുകളിൽ നിന്നാണ് ഞാൻ അങ്ങനെയൊരു തീരുമാനമെടുത്തത് എന്നതാണ്. മറ്റൊരു കാരണം, ഇന്നും 60 ശതമാനത്തിനു മുകളിൽ ഗ്രാമീണ ജനസംഖ്യയുള്ള, വൃത്തിയുള്ള സാഹചര്യങ്ങൾ, അറിവ്, സൗകര്യങ്ങൾ എന്നിവ അപ്രാപ്യമായ, പലപ്പോഴും നമുക്ക് സങ്കൽപ്പിക്കാവുന്നതിലും ദുരിതപൂർണമായ സാഹചര്യങ്ങളിൽ കഴിയുന്ന ഒരു വലിയ ജനതയാണ് സത്യത്തിൽ ഇന്നും നമ്മുടെ ഇന്ത്യ എന്നതാണ്. ഇവിടെയാണ് ഡോ. പ്രഭുദാസിനെ പോലെ സമൂഹത്തിനകത്ത്, ജനങ്ങളുടെയിടയിലേക്ക് ഇറങ്ങി, അവരിലൊരാളായി ഓരോ പൗരനും സ്റ്റേറ്റ് നൽകേണ്ട സുരക്ഷിതത്വം ഉറപ്പ് വരുത്താൻ പ്രവർത്തിക്കുന്നവരുടെ പ്രസക്തി. ‘സാരംഗി’ൽ, അട്ടപ്പാടിയിൽ വന്ന കാലം തൊട്ട് ഡോക്ടർ പ്രഭുദാസിനെ കുറിച്ച് ധാരാളം കേട്ടിരുന്നു. ഞങ്ങളുടേ അയൽവാസിയുടെ പ്രസവസമയത്ത് അച്ഛനുമമ്മയും ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടിയ കഥയൊക്കെ എന്റെ മനസ്സിൽ ഒരു മിത്തിക്കൽ മനുഷ്യനെ വരച്ചിട്ടിരുന്നു.

മണ്ണാർക്കാട് നിന്നും അതിലും ദൂരെ നിന്നുമൊക്കെ ആളുകൾ അവിടേക്ക് ചികിത്സ തേടിയെത്തുന്നതിൽ ഒരു അട്ടപ്പാടിക്കാരിയെന്ന നിലയ്ക്ക് അഭിമാനിച്ചിരുന്നു. ഏറ്റവും സന്തോഷം തോന്നിയിരുന്നത് മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന രോഗികൾക്കു വേണ്ടി ഡോ. പ്രഭുദാസും സംഘവും നടപ്പിലാക്കിയിരുന്ന ഇടപെടലുകളാണ്.

2013ൽ ഹിരണ്യ ഒന്നു വീഴുകയോ മറ്റോ ചെയ്തിട്ടാണ് ആദ്യമായി കോട്ടത്തറ ട്രൈബൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചെന്നത്. ഞങ്ങളുടെ രീതികൾ അറിയാവുന്ന ഡോക്ടറെ നേരിട്ട് കാണാൻ കഴിഞ്ഞാൽ നല്ലതായിരിക്കും എന്ന് കരുതി അദ്ദേഹത്തെ അന്വേഷിച്ചു. തേടിത്തേടി ചെന്നപ്പോൾ എക്‌സ്-റേ മുറിയുടെ വരാന്തയിൽ ഒരു ബെഞ്ചിനു മുകളിൽ ഇരിക്കുന്നു, കൂടെയാരോ ഉണ്ടായിരുന്നു. കുഞ്ഞിനെ കണ്ടു, പരിശോധിച്ചു, ഒടിവൊന്നും ഉള്ളതായി തോന്നുന്നില്ല, ഒന്നും ചെയ്യണ്ട എന്നു പറഞ്ഞു, അല്ലെങ്കിലും നിങ്ങൾക്ക് എന്തെങ്കിലും വഴിയുണ്ടാവുമല്ലോ എന്നൊരു ചിരിയോടെ കൂട്ടി ചേർത്തു. മിത്തിക്കൽ വലിപ്പത്തിൽ ഞാൻ സങ്കൽപ്പിച്ചിരുന്ന ഡോക്ടർ, ആ ചിരിയിൽ വ്യത്യാസങ്ങൾ ഉൾക്കൊള്ളുന്ന ഒരു മനുഷ്യനായി മാറി. അന്ന് അദ്ദേഹം അവിടെ ചുമതലയേറ്റ കാലമായിരുന്നുവെന്ന് തോന്നുന്നു. ആരും പ്രത്യേകം ഉത്തരവാദിത്വമെടുക്കാതെ വൃത്തിഹീനമായ പരിസരങ്ങളും, രോഗികളോട് ജീവനക്കാരുടെ പരുഷമായ പെരുമാറ്റവുമൊക്കെ കണ്ടിരുന്നു. തൊട്ടടുത്ത വർഷം ഡവലപ്പമെൻറ്​ എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഒരു സംഘം വിദ്യാർത്ഥികളെ ആശുപത്രി സന്ദർശിക്കാൻ നിർദേശിച്ചു വിട്ടു. ഡോക്ടറോടും മറ്റ് ജീവനക്കാരോടും സംസാരിക്കുകയും ആശുപത്രിയും പരിസരവും കാണുകയും ചെയ്ത് അവർ തിരിച്ചെത്തി ചർച്ച ചെയ്തത് മുഴുവൻ ഇത്രയും ഉൾപ്രദേശത്ത് ഇത്ര വൃത്തിയും സൗകര്യങ്ങളുമുള്ള ആശുപത്രിയും വരുന്ന രോഗികളോട് അതീവ ശ്രദ്ധയോടെ ഇടപെടുന്ന ജീവനക്കാരെ കുറിച്ചുമാണ്. അവർ പറഞ്ഞ ഒരു വാചകം ഞാനോർക്കുന്നു, ‘ആരോട് സംസാരിച്ചാലും, ഏതൊരു കാര്യത്തിലും പ്രഭുദാസ് ഡോക്ടറുടെ സാന്നിദ്ധ്യം കാണാം.'

ശരിയാണ്, അട്ടപ്പാടിയിൽ ഒട്ടുമിക്ക ആളുകളോട് സംസാരിച്ചാലും ഡോക്ടറുമായി നേരിട്ട് ബന്ധമുള്ള ഒരു കഥയെങ്കിലുമുണ്ടാവും. എപ്പോഴും എല്ലാവർക്കും നേരിട്ടോ ഫോണിലോ സമീപിക്കാവുന്ന ഒരാൾ. മിക്കവരെയും പേരേടുത്തോർക്കുന്ന നമ്മുടെ സ്വന്തം എന്ന് തോന്നിക്കുന്ന ഒരാൾ. വൃത്തിയാക്കാനും വണ്ടിയോടിക്കാനും മതിയായ ജീവനക്കാരില്ലാതിരുന്ന സമയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ആളുകളെയെടുത്തു പണികൾ നടത്തിയിരുന്നു. ഡോക്ടറും എല്ലാ പണികൾക്കും കൂടിയിരുന്നു, ആ ആത്മാർത്ഥത ഒന്നു കൊണ്ടുമാത്രം മാസങ്ങളോളം ശമ്പളം കിട്ടാത്ത അവസ്ഥയിൽ പോലും താത്കാലിക ജീവനക്കാർ കൂടെ നിന്നിരുന്നു. ആത്മാർത്ഥതയുള്ള ഒരു നേതാവെന്ന ചരടിൽ കോർത്ത ഒരു നല്ല ടീം ആശുപത്രിയിൽ ഉണ്ടായി വന്നു. ആ വർഷങ്ങളിൽ ആശുപത്രിയുടെ വളർച്ച വളരെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. മണ്ണാർക്കാട് നിന്നും അതിലും ദൂരെ നിന്നുമൊക്കെ ആളുകൾ അവിടേക്ക് ചികിത്സ തേടിയെത്തുന്നതിൽ ഒരു അട്ടപ്പാടിക്കാരിയെന്ന നിലയ്ക്ക് അഭിമാനിച്ചിരുന്നു. ഏറ്റവും സന്തോഷം തോന്നിയിരുന്നത് മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന രോഗികൾക്കുവേണ്ടി ഡോ. പ്രഭുദാസും സംഘവും നടപ്പിലാക്കിയിരുന്ന ഇടപെടലുകളാണ്, കൃഷി, സംഗീതം, ചെറിയ ജോലികൾ അങ്ങനെയങ്ങനെ. സാരംഗിൽ നിന്ന് ഞങ്ങൾക്കും ഒരിക്കൽ അവരോടൊപ്പം ഒരു സംഗീതസദസ്സിൽ പാട്ടും വാദ്യവുമായി കൂടാൻ ഡോക്ടർ അവസരം തന്നിരുന്നു. പലപ്പോഴും സംശയങ്ങൾക്കും സഹായങ്ങൾക്കും ഏതു തിരക്കിലും ഒരു ഫോൺ കോളിനപ്പുറം ഡോക്ടർ ഉണ്ടായിരുന്നു.

അട്ടപ്പാടി സന്ദർശനവേളയിൽ ആരോഗ്യമന്ത്രി വീണ ജോർജ്/ Photo : Veena George, Facebook Page.
അട്ടപ്പാടി സന്ദർശനവേളയിൽ ആരോഗ്യമന്ത്രി വീണ ജോർജ്/ Photo : Veena George, Facebook Page.

പിന്നീടൊരുപാട് വർഷങ്ങൾക്കുശേഷമാണ് ഗൗതമിന്റെ അപ്പെൻഡിക്‌സ് ഓപ്പറേഷനു വേണ്ടി കോട്ടത്തറ ആശുപത്രിയിൽ എത്തുന്നത്. വളരെ വൃത്തിയുള്ള പരിസരങ്ങൾ, സ്‌നേഹത്തോടെയും മര്യാദയോടെയും പെരുമാറുന്ന ജീവനക്കാർ, സഹായസന്നദ്ധർ, സുതാര്യമായ പ്രോസസ്സുകൾ. വൃത്തിയുള്ള ചായക്കട, കാന്റീൻ. ചായക്കടയിലെ ചേച്ചി കുറേയേറെ കഥകൾ പറഞ്ഞ കൂട്ടത്തിൽ ഒന്ന് പറഞ്ഞത്, അതിരാവിലെ പരിസരം വൃത്തിയാക്കാൻ കൂടുന്ന ഡോ. പ്രഭുദാസിനെ കുറിച്ചാണ്. സത്യം പറഞ്ഞാൽ ഡോ. പ്രഭുദാസില്ലാത്ത അട്ടപ്പാടി സങ്കൽപ്പിക്കാൻ എനിക്ക് വളരെയേറെ ബുദ്ധുമുട്ടുണ്ട്. അത്രമേൽ ധൈര്യം തരുന്ന ഒരു സാന്നിദ്ധ്യമാണ് അദ്ദേഹത്തിന്റേത്. 2020ൽ കോവിഡ് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണ് ഞാനും ഗൗതമും കുഞ്ഞുങ്ങളും ജോലിയാവശ്യത്തിന് ബാംഗ്ലൂർ എത്തിപ്പെടുന്നത്. സത്യം പറഞ്ഞാൽ ചുറ്റും കേസുകൾ കൂടി വന്നപ്പോൾ ഞങ്ങൾ നന്നായി ഭയന്നു, ബാംഗ്ലൂരിലെ ആരോഗ്യസംവിധാനങ്ങൾ ഞങ്ങൾക്ക് പ്രാപ്യമായി തോന്നിയില്ല. എന്തു വേണമെന്ന ചിന്തയ്‌ക്കൊടുവിൽ ഞങ്ങൾ ഡോ. പ്രഭുദാസിനെ വിളിയ്ക്കുകയായിരുന്നു. എന്തെങ്കിലും എമെർജൻസിയുണ്ടായാൽ കോട്ടത്തറയ്‌ക്കെത്തിക്കോളൂ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ തന്ന ഊർജ്ജം ചെറുതല്ല. പിന്നീട് ഞങ്ങൾക്കു തന്നെ ഏറെ കൗതുകം തോന്നി, ബാംഗ്ലൂരിലെ എണ്ണമറ്റ ‘സൂപ്പർ' സ്‌പെഷ്യാലിറ്റി ആശുപത്രികൾക്കും മേലെ ഞങ്ങൾക്ക് കോട്ടത്തറ ട്രൈബൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തോന്നിയ വിശ്വാസം, അത് ഡോ. പ്രഭുദാസ് എന്ന സാന്നിദ്ധ്യം തന്ന വിശ്വാസം തന്നെയായിരുന്നു.

പല തവണ പല കാരണങ്ങളാൽ അട്ടപ്പാടി വിടനൊരുങ്ങിയ അദ്ദേഹത്തെ ജനങ്ങൾ സമരം ചെയ്താണ് പിടിച്ചു നിർത്തിയത്. ചിലയാളുകൾ ചിപ്പിയ്ക്കുള്ളിൽ നുഴഞ്ഞുകയറിയ മൺതരി പോലെയാണ്, ചിപ്പിയെ അസ്വസ്ഥതപ്പെടുത്തി മുത്തുണ്ടാവുന്ന പ്രക്രിയയ്ക്ക് ചാലകമാവുന്ന മൺതരികൾ. നമ്മുടെ സമൂഹത്തിൽ ഡോ. പ്രഭുദാസിനെ പോലുള്ള മൺതരികൾ കൂടിയേ തീരൂ. അദ്ദേഹത്തെ കണ്ട് വളരുന്ന യുവ ആരോഗ്യപ്രവർത്തകർക്കും അങ്ങനെയാവാൻ കഴിയട്ടെ. രാഷ്ട്രീയമായ തീരുമാനങ്ങൾക്ക് മുകളിൽ സാമൂഹ്യമായ ശരി വാഴട്ടെ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments