ആർദ്ര അക്ഷരി

മൂർദ്ധാവിൽ തറച്ച ആണി

ഈ സമയം ഞാനൊരു യാത്രക്കിടയിലാണെന്ന് സങ്കൽപ്പിച്ച് ഒരു മാസത്തോളം വീട്ടിലേക്ക് എനിക്ക് തന്നെ നിരന്തരം ചെറിയ കത്തുകൾ എഴുതിക്കൊണ്ടിരുന്നു. കണ്ട സിനിമകളെപ്പറ്റിയും വായിച്ച പുസ്തകങ്ങളെപ്പറ്റിയും കുട്ടിക്കാലത്തെപ്പറ്റിയും കാണാൻ കഴിയാതെ വീർപ്പുമുട്ടികിടക്കുന്ന കാഴ്ചകളെപ്പറ്റിയുമെല്ലാം കത്തിലെഴുതി.

മാർച്ച് മാസത്തിന്റെ തുടക്കങ്ങളിലാണ് കവിതാവായനയും കഴിഞ്ഞ് തിരുവനന്തപുരം ആകാശവാണിയിൽ നിന്ന്​ പി.ജി അവസാന വർഷ തിസീസ് വർക്കുകളുടെ തിരക്കുകളിലേക്ക് മടങ്ങുന്നത്. ട്രെയിനിൽ വെച്ച് കോവിഡ് എന്ന വാക്ക് അടക്കംപറച്ചിലുകളും സംശയങ്ങളുമായി മാത്രം ചെവിയിലെത്തിക്കൊണ്ടിരുന്ന സമയം.
അധികം നീണ്ടില്ല, രണ്ടാഴ്ചക്കുള്ളിൽ രാജ്യം ഒന്നടങ്കം ലോക്ക്ഡൗണിലായി. അവധിയെണ്ണുന്ന കണക്കെ ഇന്നു തീരും നാളെത്തീരും എന്നു തുടങ്ങിയ അടച്ചിരിപ്പ് ഒരു വർഷത്തിലധികം നീണ്ടു നിൽക്കുമെന്ന് സങ്കൽപ്പിച്ചതേയല്ല. എത്ര പെട്ടെന്നാണ് മനുഷ്യരെല്ലാം ഒരു വൈറസിന് മുന്നിൽ കുഞ്ഞുങ്ങളായി തീർന്നത്!
കോവിഡിന് മുൻപും ശേഷവുമായി ജീവിച്ച സമയത്തെയിപ്പോൾ രേഖപ്പെടുത്താമെന്നിരിക്കെ, അതിജീവനത്തോടൊപ്പം, പോയ നേരങ്ങളിലെ യാത്രകൾക്കും കൂടിച്ചേരലുകൾക്കും ബഹളങ്ങൾക്കുമെല്ലാം മൂർദ്ധാവിൽ തറഞ്ഞ ആണി കൂടിയാണ് എനിക്ക് ഈ രണ്ട് വർഷക്കാലം.

ഓരോ പറങ്കിക്കഥകളും അടുത്തതിലേക്ക് പറന്നുകൊണ്ടിരുന്നു. ഓരോ കഥാപാത്രങ്ങളും മാഞ്ഞും മറഞ്ഞും പോയി. എത്രയെത്ര പറങ്കിക്കാലങ്ങളാണ് എണ്ണിയെടുക്കാനാകാതെ ഇപ്പോഴും ഓർമ്മകളിൽ കിടന്നു പൊട്ടുന്നത്!

സ്‌കൂൾ പഠനകാലം കഴിഞ്ഞതോടെ ഉപരിപഠനവും മറ്റുമായി വീട് വിട്ട് നിന്ന ഒരാളെന്ന നിലയിൽ ലോക്ക്ഡൗൺ ആരംഭങ്ങളിൽ വീടൊരു പ്രലോഭനമായിരുന്നു. മുറിക്കുള്ളിൽ അടുക്കലും ഒരുക്കലുമാണ് നടന്നുകൊണ്ടിരുന്നതെങ്കിൽ മുറ്റത്ത് ചെടിച്ചട്ടികളും ഗ്രോബാഗുകളും നിരന്നിരുന്നു. പത്തുമണിച്ചെടികൾ പൂക്കൂടകളിലും തക്കാളിയും വഴുതിനയുമെല്ലാം ഗ്രോബാഗിലുമായി ഒരു പച്ചതുരുത്ത് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെല്ലാം മുറക്ക് നടന്നുകൊണ്ടിരുന്നു.

ആസ്വദിച്ചും ആഘോഷിച്ചുമുള്ള ഓരോ ഓട്ടങ്ങളിലും ഓരോ കശുവണ്ടിക്കാലങ്ങൾ കടന്നു പോയി. ഓരോ പറങ്കിക്കഥകളും അടുത്തതിലേക്ക് പറന്നുകൊണ്ടിരുന്നു. / Photo: Manjadi facebook page

വൈകുന്നേരങ്ങളില്ലെല്ലാം കശുമാങ്ങാ തോപ്പുകളിലേക്കുള്ള ചെറിയ നടത്തങ്ങളുണ്ടായി. കുട്ടിയായിരുന്ന കാലത്തിലേക്കാണ് ഈ ദിവസങ്ങളിലെല്ലാം കൂടുതലും ഓർമ്മ പോയത്. പ്രതേകിച്ചും അപ്പൂപ്പനുമൊന്നിച്ചുള്ള ദിവസങ്ങൾ. ചെറിയ ക്ലാസുകളിലേതിലോ പഠിക്കുമ്പൊഴാണ്, നെല്ല് മെതിക്കുന്ന മുറ്റത്തിന്റെ നടുത്തളത്തിൽ സന്ധ്യയ്ക്ക് മത്സരിച്ച് പെറുക്കിക്കൂട്ടിയ കശുവണ്ടികൾ മുഴുവൻ നിരത്തി വെയ്ക്കും. അപ്പൂപ്പൻ ചകിരിത്തൊണ്ടുകളും ഉണക്കയിലകളും ചുള്ളിക്കമ്പുകളുമൊക്കെയെടുത്ത് തീ കൂട്ടാൻ തുടങ്ങും. തീ ചകിരിയിൽ നിന്ന്​ഇലകളിലേക്കും കമ്പുകളിലേക്കും പടർന്ന് പുക വരാൻ തുടങ്ങുമ്പോൾ പറങ്കിയണ്ടികളെടുത്ത് അതിനുള്ളിലിട്ട് മൂടും. പിന്നെ ക്ഷമയോടെയുള്ള കാത്തിരിപ്പാണ്. പൊട്ടലും ചീറ്റലും ഏകദേശം അവസാനിക്കുന്ന വരെ ഒരേയിരിപ്പ്.

പുസ്തകങ്ങൾ ഒരു സുഹൃത്തിന്റെ ഗുണം ചെയ്യും ചിലസമയങ്ങളിൽ. ഒറ്റക്കിരിക്കുന്ന സമയത്ത് മിണ്ടാനും പറയാനും കേൾക്കാനുമൊക്കെയായി അരികിലൊരാളോ ഒരു കൂട്ടം ആളുകളോ ഇരിക്കുന്നത് പോലെ.

അതിനിടക്ക് പറങ്കികളുടെ കഥയും പറങ്കിമാങ്ങകളുടെ പ്രേതബാധയുമൊക്കെ അപ്പൂപ്പൻ പറഞ്ഞു തീർത്തിട്ടുണ്ടാകും. പറങ്കിക്കഥയുടെ അവസാനം, കേട്ടു കേട്ടില്ല എന്ന സ്ഥിതി വരും. കണ്ണും കാതും വീണ്ടും തീയ്ക്ക് ചുറ്റും ഏകാഗ്രപ്പെടും. അന്നേരം മെല്ലെ ഓരോ കമ്പുകളായി പുറത്തെടുത്ത് ചകിരിപ്പൊളിയെ തട്ടി നീക്കി കശുവണ്ടിക്കരിക്കട്ടകളോരോന്നായി പുറത്തേക്കിടും. ചിലതൊക്കെ വെറും കരിയായി മാറിയിട്ടുണ്ടാകും. ഓരോന്ന് വീതം കുഞ്ഞു കല്ലുകളും ചിരട്ടയുമെടുത്ത് തല്ലിപ്പൊട്ടിച്ചു പരിപ്പ് പുറത്തെടുക്കും. രുചിയുടെ ഇളം ചൂടോടെ ഓരോന്നും വായിലേക്കിട്ട് കയ്യിലെ കരി മുഖത്തും ബാക്കി അപ്പൂപ്പന്റെ മുണ്ടിലുമായിത്തുടച്ച് ഓടാൻ തുടങ്ങും. ആസ്വദിച്ചും ആഘോഷിച്ചുമുള്ള ഓരോ ഓട്ടങ്ങളിലും ഓരോ കശുവണ്ടിക്കാലങ്ങൾ കടന്നു പോയി. ഓരോ പറങ്കിക്കഥകളും അടുത്തതിലേക്ക് പറന്നുകൊണ്ടിരുന്നു. ഓരോ കഥാപാത്രങ്ങളും മാഞ്ഞും മറഞ്ഞും പോയി. എത്രയെത്ര പറങ്കിക്കാലങ്ങളാണ് എണ്ണിയെടുക്കാനാകാതെ ഇപ്പോഴും ഓർമ്മകളിൽ കിടന്നു പൊട്ടുന്നത്!

ഗതാഗതവും സഞ്ചാരവും പൂർണമായും നിലച്ചതോടെ തിരിച്ചു കൊടുക്കാൻ വെച്ചിരുന്ന ലൈബ്രറി പുസ്തകങ്ങളായിരുന്നു പിന്നീട്, കൃത്യമായി പറഞ്ഞാൽ, ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ കൂടെയുണ്ടായിരുന്നത്. ബുൾബുളുകളുടെ കൂടൊരുക്കങ്ങളും മഞ്ഞുമൂടി വരുന്ന മരത്തലപ്പുകളും ഒരു ജനലിനപ്പുറം കാണാൻ കഴിഞ്ഞിരുന്ന ഹോസ്റ്റലിലെ ഏറ്റവും ഭംഗിയുള്ളതും സമാധാനപൂർണവുമായ മൺസൂൺ സമയങ്ങൾ കൂടിയായിരുന്നു അത്.

എ കെ രാമാനുജൻ / Photo: Wikimedia Commons

പുസ്തകങ്ങൾ ഒരു സുഹൃത്തിന്റെ ഗുണം ചെയ്യും ചിലസമയങ്ങളിൽ. ഒറ്റക്കിരിക്കുന്ന സമയത്ത് മിണ്ടാനും പറയാനും കേൾക്കാനുമൊക്കെയായി അരികിലൊരാളോ ഒരു കൂട്ടം ആളുകളോ ഇരിക്കുന്നത് പോലെ. തീർത്തും ഒറ്റയായ സമയങ്ങളിലാണെങ്കിൽ മരുന്നിന്റെ ഗുണം ചെയ്യും. അത്തരത്തിൽ ഗുണം ചെയ്‌തൊരു വായനയാണ് എ. കെ. രാമാനുജന്റെ കവിതകൾ. എത്ര ലളിതവും സുന്ദരവുമായ അഖ്യാനങ്ങളാണ് അദ്ദേഹത്തിന്റേത്. ഒരേ സമയം ചിന്തയെ പിടിച്ചു നിർത്താനും അതേ സമയം ചിന്തിക്കാനും പ്രേരിപ്പിക്കുന്ന തരം അനുഭവമാണ് എനിക്കുണ്ടായത്. ചില സാന്നിധ്യങ്ങളെ, സങ്കൽപ്പങ്ങളെ ഒക്കെ ചുറ്റിലേക്കും തുറന്നു വിടുന്ന എഴുത്തുകൾ. ജീവിതവും, മരണവും, സ്‌നേഹവും, വേദനയുമെല്ലാം മുന്നിലേക്ക് നീട്ടുന്ന ചിത്രങ്ങൾ, ശബ്ദങ്ങൾ, ബിംബങ്ങൾ.

ഏകാന്തതയുടെ നൂറു വർഷങ്ങളും, 12 ഇയേർസ് എ സ്ലേവുമെല്ലാം ലോക്ക്ഡൗൺ സമയത്തെ വായനയിൽ പെട്ടതും യാദൃച്ഛികമായാണ്.

ഈ കവിതകളിലൂടെ കടന്നുപോകുന്ന ഒരാൾ ചിലപ്പോൾ ഭംഗിയുള്ളൊരു ചിത്രത്തിനകത്തോ മറ്റ് ചിലപ്പോൾ സ്വന്തം സ്വപ്നചക്രങ്ങളുടെ അനിശ്ചിതത്വത്തിലോ ചെന്നുപെട്ടെന്നും വരാം. ഏകാന്തതയുടെ നൂറു വർഷങ്ങളും, 12 ഇയേർസ് എ സ്ലേവുമെല്ലാം ലോക്ക്ഡൗൺ സമയത്തെ വായനയിൽ പെട്ടതും യാദൃച്ഛികമായാണ്. രാത്രിയും പകലുമറിയാത്ത ചില ദിവസങ്ങളിൽ കൂട്ടിരുന്ന സിനിമകളുടെ ഒരു നിര തന്നെയുണ്ട്. The Danish Girl, The Peanut Butter Falcon, Amelie, Gadjo Dilo, What's Eating Gilbert Grape, എന്നിങ്ങനെ നീളും പട്ടിക.

ഇതിനിടയിൽ തിസീസ് വർക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞത് കുറേ നാളത്തെ അധ്വാനത്തിന് അവധി തന്നെങ്കിലും കോളേജിലേക്ക് ഒരു തിരിച്ചുപോക്ക് അടുത്തൊന്നും ഉണ്ടാവുകയില്ലെന്നത് നിരാശപ്പെടുത്താതെയില്ല. ഒരു പരിധി വരെ കോളേജിലെയും ഹോസ്റ്റലിലെയും അവസാന ദിവസങ്ങൾ ഒറ്റയടിക്ക് നഷ്ടപ്പെട്ടതിന്റെ ആ നിരാശയകറ്റിയത് ഫോണിലൂടെയുള്ള ദീർഘനേര വീഡിയോ/ഓഡിയോ സംഭാഷണങ്ങളും ചർച്ചകളുമാണ്. ലോക്ക്ഡൗൺ എന്ന മതിലിനപ്പുറവും ഇപ്പുറവും നിന്ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയും അതിനു പുറത്തും നടക്കുന്ന പലതും ദിവസവും ശബ്ദങ്ങളിലൂടെ അറിഞ്ഞു. ചുറ്റിലും നിറയെ ആളുകളുണ്ടാവുമ്പോഴും ആരുമില്ലാത്ത അവസ്ഥ ലോക്ക്ഡൗൺ ചെയ്ത മോശം കാര്യങ്ങളിലൊന്നാണ്.

രാത്രിയും പകലുമറിയാത്ത ചില ദിവസങ്ങളിൽ കൂട്ടിരുന്ന സിനിമകളുടെ ഒരു നിര തന്നെയുണ്ട്.

പലർക്കുമെന്ന പോലെ, സമപ്രായക്കാരുമായും സമാന ചിന്തകൾ പങ്കിടുന്നവരുമായുമുള്ള കുഞ്ഞു കമ്മ്യൂണുകളാണ് കോവിഡ് കാരണം ഇല്ലാതായിപ്പോയ സന്തോഷങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്ന്. അവനവനെ അടയാളപ്പെടുത്തി വെച്ചിരിക്കുന്ന ഒരു കൂട്ടത്തിൽ ചേരൽ. അക്കാരണം കൊണ്ട് തന്നെ കോവിഡ് വ്യാപനത്തിന്റെ സാധ്യതകളിൽ ഗൗരവത്തോടെ കാണാവുന്ന ഒന്നും.

ചലച്ചിത്രമേളകളും സാഹിത്യോത്സവങ്ങളും പോലെ അവനവനെ സന്തോഷമുള്ളവരാക്കി നിർത്താൻ കഴിവുള്ള സകല ഇടങ്ങളിൽ നിന്നും താൽക്കാലികമായെങ്കിലും മാറ്റിനിർത്തപ്പെട്ടു. ഇവയെല്ലാം സാരമില്ലെന്നു വെക്കാവുന്നവയാണെങ്കിലും ഒരു സ്ഥലത്ത് സ്ഥിരമായി മനസ്സു നിറഞ്ഞ് ഒന്നും ചെയ്യാനില്ലാതെ ഇരിക്കേണ്ടി വരുന്ന അവസ്ഥ മാനസികമായി കൊണ്ടെത്തിച്ച അനിശ്ചിതത്വങ്ങൾ ചെറുതല്ല.

വീടുകളിലിരിക്കേണ്ടി വന്ന ഒട്ടുമുക്കാൽ പെൺകുട്ടികൾക്കുമെന്ന പോലെ സുരക്ഷിതത്വം ചിലപ്പോഴൊക്കെ ഒരു ലക്ഷ്മണരേഖയും ബാധ്യതയുമായ കാലം കൂടിയാണിത്. വേണ്ടപ്പെട്ടവരെ പോലും കൈ നീട്ടി തൊടാനോ കൂടിയിരിക്കാനോ സാധിക്കാത്ത വിധം അകലം ഇടയിൽ വന്നു നിറഞ്ഞ സമയം.
ഇത്തരം സാഹചര്യങ്ങളിൽ ഒരു സാമൂഹ്യജീവി എന്ന നിലയിൽ പുറം ലോകവുമായി ആകെയുള്ള ബന്ധം ഇന്റർനെറ്റും മാധ്യമങ്ങളും വാർത്താസമ്മേളനങ്ങളും തന്നെയായിരുന്നു. ഇപ്പോഴും കുറെയൊക്കെ ആണ് താനും.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയും അതിനു പുറത്തും നടക്കുന്ന പലതും ദിവസവും ശബ്ദങ്ങളിലൂടെ അറിഞ്ഞു. ചുറ്റിലും നിറയെ ആളുകളുണ്ടാവുമ്പോഴും ആരുമില്ലാത്ത അവസ്ഥ ലോക്ക്ഡൗൺ ചെയ്ത മോശം കാര്യങ്ങളിലൊന്നാണ്.

ആവർത്തനവിരസതയുടെ അവസാന മണിയടിക്കുമ്പോഴേക്കും ഒന്ന് കഴിയുമ്പോൾ അടുത്തത് എന്ന കണക്കെ, ചെയ്യുന്ന കാര്യങ്ങളെയെല്ലാം ഞാൻ മാസം തോറും മാറ്റിക്കൊണ്ടിരുന്നു. ഒരു മാസത്തിന്റെ അല്ലെങ്കിൽ രണ്ടോ മൂന്നോ മാസങ്ങളുടെ ഇടവേളകളിലാണ് ഈ കൂടു വിട്ട് കൂട് തേടൽ.

മാസങ്ങൾ കഴിയുന്തോറും പുതിയ പുസ്തകങ്ങൾ തുറക്കാതെയും കണ്ടു തുടങ്ങിയ സിനിമകൾ മുഴുമിപ്പിക്കാതെയും ആരോടും അധികം സംസാരിക്കാതെയും ഒരു വാക്ക് പോലും എഴുതാതെയും കാറ്റാടി കണക്കായി കാര്യങ്ങൾ.
ചുറ്റിനും പ്രതീക്ഷക്ക് വക തരുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ആളുകൾക്ക് രോഗം ബാധിക്കുമ്പോഴും മരിക്കുമ്പോഴും എന്നതുൾപ്പെടെ കോവിഡ്‌ ലോകത്ത് നടക്കുന്ന സർവ്വതിനോടും പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി എനിക്കനുഭവപ്പെടുന്ന ഒരുതരം നിർവ്വികാരത എന്നെത്തന്നെ പേടിപ്പെടുത്താനും തുടങ്ങി.

ചലച്ചിത്രമേളകളും സാഹിത്യോത്സവങ്ങളും പോലെ അവനവനെ സന്തോഷമുള്ളവരാക്കി നിർത്താൻ കഴിവുള്ള സകല ഇടങ്ങളിൽ നിന്നും താൽക്കാലികമായെങ്കിലും മാറ്റിനിർത്തപ്പെട്ടു. / Photo: AJ Joji

ഈ സമയം ഞാനൊരു യാത്രക്കിടയിലാണെന്ന് സങ്കൽപ്പിച്ച് ഒരു മാസത്തോളം വീട്ടിലേക്ക് എനിക്ക് തന്നെ നിരന്തരം ചെറിയ കത്തുകൾ എഴുതിക്കൊണ്ടിരുന്നു. കണ്ട സിനിമകളെപ്പറ്റിയും വായിച്ച പുസ്തകങ്ങളെപ്പറ്റിയും കുട്ടിക്കാലത്തെപ്പറ്റിയും കാണാൻ കഴിയാതെ വീർപ്പുമുട്ടികിടക്കുന്ന കാഴ്ചകളെപ്പറ്റിയുമെല്ലാം കത്തിലെഴുതി. പതിയെ ഇതിൽ നിന്നെല്ലാം അവനവനെ അടർത്തിയെടുക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും തളരാതെ ഒപ്പം ചേർന്ന് പോവുകയാണ് ഏറ്റവും വലിയ അതിജീവനം എന്നും ഈ സമയവും കടന്നുപോകുമെന്നും സമയമെടുത്താണെങ്കിലും ഇതിനിടയിൽ സ്വയം പഠിപ്പിച്ചെടുത്തു. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിൽ കത്തെഴുത്ത് വലിയ രീതിയിൽത്തന്നെ ഉപകരിച്ചിട്ടുണ്ടെന്ന് പറയട്ടെ.

എനിക്കൊരു കാട്ടുപൂവായാൽ മതി. മഴയെത്തുന്നതിനു മുൻപേ ഒരു പുഴയുടെ തണുപ്പിൽ, ഇത് വരെ ചെയ്ത് കൂട്ടിയതെല്ലാം ഉരിഞ്ഞിട്ടുകൊണ്ട് ഉറക്കമുണരാൻ കഴിയുന്ന ഒരു കാട്ടുപൂവ്.

അത്തരത്തിലൊരു കത്ത് ഇങ്ങനെയാണ്:10 ഏപ്രിൽ 2020. നല്ല ഛായഗ്രഹകർക്ക് നല്ല സംവിധായകരാവാനുള്ള സാധ്യതകളെപ്പറ്റിയാണ് ഞാനോർക്കുന്നത്. ഒരു പൂവിനെ, ഒരു കാടിനെ അത്രമേൽ ഭംഗിയോടെ പകർത്താൻ കഴിയുമെങ്കിൽ അവ ചേർത്തെടുക്കാനാണാനോ പ്രയാസം! കണ്ണും കാതും ആകർഷിക്കുന്ന എത്രയെത്ര ചലച്ചിത്രങ്ങളാണ്. ഛായാഗ്രഹരെ ഞാനിഷ്ടപ്പെടുന്നു. നല്ല കാഴ്ചകൾ കഥകളേക്കാൾ ശ്രദ്ധയകർഷിക്കുന്നവയാണ്. അഥവാ, നല്ല കാഴ്ചകളുള്ള കഥകളിലേ കണ്ണു തറഞ്ഞിട്ടുള്ളൂ. ചില സിനിമകളുടെ രാഷ്ട്രീയത്തെയോ കഥയെയോ തൊടാതെയും അതിലേക്ക് കടന്നുചെല്ലാൻ ആഗ്രഹിക്കാതെയും അതിന്റെ ഫ്രെയിമുകളെയും നിറങ്ങളെയും വെറുതേ അനുഭവങ്ങളായിക്കണ്ട് ഞാനെടുക്കുന്നു. ഓരോ കഥാപാത്രങ്ങളുടെയും നിസ്സഹായതകൾ തഴഞ്ഞു വെച്ചാണ് ഞാൻ നടക്കുന്നത്. എനിക്കിപ്പോൾ ആ കാഴ്ചകളും അതിനെ കുതിർത്തി നിർത്തുന്ന സംഗീതവും മതി. എനിക്കൊരു കാട്ടുപൂവായാൽ മതി. മഴയെത്തുന്നതിനു മുൻപേ ഒരു പുഴയുടെ തണുപ്പിൽ, ഇത് വരെ ചെയ്ത് കൂട്ടിയതെല്ലാം ഉരിഞ്ഞിട്ടുകൊണ്ട് ഉറക്കമുണരാൻ കഴിയുന്ന ഒരു കാട്ടുപൂവ്.

ലഭ്യമാകുന്ന മുറക്ക് വാക്സിനേഷനെടുത്തും സാമൂഹ്യ അകലവും മറ്റ് നിർദ്ദേശങ്ങളും പാലിച്ചു പുറത്തിറങ്ങാനും വളരെ ചെറിയ യാത്രകൾ നടത്താനും ഈയടുത്ത കാലത്തായി നമ്മൾ തുടങ്ങി എങ്കിലും പഴയ ലോകത്തിലേക്ക് ഇനിയും എത്തിയിട്ടില്ല എന്ന ബോധം തീർത്തും വിട്ടുകളഞ്ഞിട്ടില്ല.
​നിരന്തരം ചുറ്റിലും നടക്കുന്ന മാറ്റങ്ങൾക്കും മാറ്റമില്ലായ്മകൾക്കും അനുസരിച്ച് ജീവിതരീതികളേയും ചിന്തകളേയും വിശ്വാസങ്ങളേയും അടുക്കിയും വിലയിരുത്തിയും തിരുത്തിയും വ്യവഹരിക്കാനുള്ള തരത്തിലേക്ക് നമ്മൾ കുറെയൊക്കെ വികാസവും പക്വതയും പ്രാപിച്ചിട്ടുണ്ട്. ഈ അടച്ചിരിപ്പ് കാലം അതുകൊണ്ട് തന്നെ കോവിഡ് അതിജീവനത്തിന്റെയും ജനാധിപത്യ സംവിധാനത്തിന്റെയും മുകളിലുള്ള പ്രതീക്ഷയുടേതുകൂടിയാണ്. ▮

Comments